Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 21

3164

1442 മുഹര്‍റം 02

കശ്മീരും ഹിന്ദുത്വരാഷ്ട്രത്തിന്റെ തറക്കല്ലിടല്‍ കര്‍മവും

എ. റശീദുദ്ദീന്‍

യുദ്ധവും സാമൂഹിക ദുരന്തങ്ങളുമൊക്കെ ഒരു രാജ്യത്തെ വരിഞ്ഞുമുറുക്കുമ്പോള്‍ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് അതൊരു ഉത്സവ കാലമായി മാറുകയാണ് പതിവ്. കുടിലമായ അജണ്ടകള്‍ നടപ്പാക്കാനുള്ള ഒന്നാന്തരം അവസരമാണ് അവര്‍ക്കത്. ക്രിമിനല്‍ മനഃസ്ഥിതിയുള്ള അധികാരികളാണെങ്കില്‍ പ്രത്യേകിച്ചും. പ്രത്യയശാസ്ത്രപരമായോ അല്ലാതെയോ മാനവികമായ അര്‍ഥത്തിലുള്ള കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവരൊന്നുമല്ല നിലവില്‍ ഇന്ത്യ ഭരിക്കുന്നത്. ഒരുകാലത്ത് തെരുവു ഗുണ്ടകള്‍ ആയിരുന്നവര്‍ വരെ ഭരണഘടനാ പദവികള്‍ വഹിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഭരണം എന്നത് കഴിഞ്ഞ മെയ് മുതല്‍ വംശീയമായ അജണ്ടകള്‍ നടപ്പാക്കുന്നതില്‍ മാത്രമായി ഒതുങ്ങിയിട്ടും ഈ ഗവണ്‍മെന്റിനെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്താനോ വിമര്‍ശിക്കാനോ ഉള്ള ഒരു സാധ്യതയും സാധാരണക്കാരനു മുമ്പിലില്ല. പ്രതിഷേധം എന്ന വാക്കു പോലും കേള്‍ക്കാനുള്ള മനക്കരുത്തില്ലാത്തതുകൊണ്ട് അധികാരത്തെ കുത്സിതമായ മാര്‍ഗങ്ങളിലൂടെ മാത്രമാണ് ഈ ഭരണകൂടം പ്രയോഗിക്കുന്നതും. മോഹനിദ്രയിലകപ്പെട്ടുകഴിഞ്ഞ രാജ്യവാസികളെ തെരഞ്ഞെടുപ്പു കാലത്ത് ഹിമാലയത്തിലെ ആര്‍ഭാട ഗുഹകളിലൊന്നില്‍ ധ്യാനമിരുന്നും കോവിഡ് കാലത്ത് അര്‍ധ സന്യാസിയെ പോലെ താടി വളര്‍ത്തിയും അയോധ്യയില്‍ ക്ഷേത്ര നിര്‍മാണ ചടങ്ങിലേക്ക് മഹന്തുമാരുടെ വേഷം ധരിച്ചും പ്രത്യക്ഷപ്പെടുന്ന പ്രധാനമന്ത്രിക്ക് വളരെയെളുപ്പത്തില്‍ വഞ്ചിക്കാന്‍ കഴിയുന്നുണ്ട് എന്നതില്‍ ഒരു തര്‍ക്കവുമില്ല.  
ഏക സിവില്‍ കോഡ്, അയോധ്യയിലെ ക്ഷേത്ര നിര്‍മാണം, കശ്മീരില്‍ ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളയല്‍ എന്നീ മൂന്ന് അജണ്ടകളിലൊതുങ്ങുന്നതാണ് ആര്‍.എസ്.എസ് നയിക്കുന്ന മോദി സര്‍ക്കാറിന്റെ ആശയലോകം. അധികാരമെന്നത് ഒരു വിഭാഗം മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കലാണെങ്കില്‍ പോലും ബി.ജെ.പി ലക്ഷ്യം വെക്കുന്ന രാഷ്ട്ര സങ്കല്‍പ്പം ആധുനിക കാലത്ത് സമാനതകളില്ലാത്തതാണ്. പാര്‍ട്ടിയുടെ പരമപ്രധാനമായ ലക്ഷ്യങ്ങളില്‍ ആദ്യത്തെ രണ്ടെണ്ണവും രാജ്യത്തിനകത്ത് നേര്‍ക്കുനേരെ വര്‍ഗീയതയും വിഭാഗീയതയും ശക്തിപ്പെടുത്തി ഒരു പ്രത്യേക മതവിഭാഗത്തിന്റെ മേല്‍ക്കോയ്മ സ്ഥാപിക്കലാണെങ്കില്‍ മൂന്നാമത്തേത് ഈ ലക്ഷ്യങ്ങളെ സഹായിക്കുന്നതോടൊപ്പം ചില അന്താരാഷ്ട്ര താല്‍പര്യങ്ങളെ ഏറ്റുപിടിക്കുന്നതും കൂടിയാണ്. ആര്‍.എസ്.എസിന്റെ വംശീയ ശുദ്ധീകരണമെന്ന ആശയലോകത്ത് പൊട്ടിമുളച്ച വിഷവിത്തുകളായിരുന്നു സി.എ.എ, എന്‍.ആര്‍.സി എന്നു തുടങ്ങി കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യം കണ്ടുവന്ന നീക്കങ്ങളത്രയും. ബി.ജെ.പി മുന്നോട്ടുവെക്കുന്ന ഭരണമാതൃക ഇന്ത്യ എന്ന രാജ്യത്തെ ഏതെങ്കിലും പ്രകാരത്തില്‍ സാമ്പത്തികമായോ രാഷ്ട്രീയമായോ സാമൂഹികമായോ ശക്തിപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യമുന്നയിച്ചവരൊക്കെ വേട്ടയാടപ്പെട്ടു. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഏറ്റവും കഴിവുകെട്ട സര്‍ക്കാറായിട്ടും, സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായിട്ടുണ്ടെങ്കിലും, ദശലക്ഷക്കണക്കിനാളുകളുടെ കുടുംബങ്ങളില്‍ ഇതാദ്യമായി പട്ടിണി കടന്നു വന്നിട്ടും ഇന്ത്യ എന്ന പുണ്യപുരാതന ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പിന്റെ അടിസ്ഥാനം മുസ്ലിം വിരുദ്ധതയാണെന്നും നിലവില്‍ രാജ്യം നേരിടുന്ന സകല പ്രശ്നങ്ങള്‍ക്കും മുസ്ലിംകളാണ് ഉത്തരവാദികളെന്നും അവരെ നേരിടുന്ന വിഷയത്തില്‍ മോദിയാണ് ഏറ്റവും മികച്ച ഭരണാധികാരിയെന്നും രാജ്യവാസികളില്‍ നല്ലൊരു പങ്ക് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്നതാണ് നിലവിലുള്ള ചിത്രം.
പൗരന്മാരെ ഇവ്വിധം വഞ്ചിച്ച മറ്റൊരു സര്‍ക്കാര്‍ ലോകത്തൊരിടത്തുമുണ്ടാവില്ല. പൊതുമേഖലയിലെ ഏതാണ്ടെല്ലാ സമ്പാദ്യങ്ങളും നിസ്സാര വിലയ്ക്ക് ബി.ജെ.പിയുടെ ഇഷ്ടക്കാര്‍ക്കു വിറ്റുതുലക്കാനാണ് കോവിഡ് കാലം പ്രധാനമായും ഉപയോഗിക്കപ്പെട്ടത്. ഏഴു പതിറ്റാണ്ടായി രാജ്യം പൊതുമേഖലയില്‍ നിലനിര്‍ത്തിയ ഖനനം മുതല്‍ ആണവ പരീക്ഷണം വരെ ഇതിലുള്‍പ്പെട്ടു. കാര്‍ഷിക മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതുറക്കുംവിധം സ്വകാര്യ മേഖലയെ കയറൂരിവിട്ടു. മുന്‍കാല സര്‍ക്കാറുകള്‍ക്ക് ചിന്തിക്കാന്‍ പോലുമാവാത്ത വികസന മാതൃകകളായാണ് ഈ വിറ്റുതുലക്കലിനെ മാധ്യമങ്ങള്‍ പരിചയപ്പെടുത്തിയത്. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ ഒരു ഭാഗത്ത് നടത്തുമ്പോഴും  യുദ്ധവെറി വളര്‍ത്താനാവുമെങ്കില്‍ ഏതു തെരഞ്ഞെടുപ്പിലും ജയിച്ചുകയറാനാവുമെന്ന് മോദി തെളിയിക്കുകയും ചെയ്തു. സ്വാഭാവികമായും സൈന്യം വലിയ ദീപസ്തംഭങ്ങളിലൊന്നാവുകയും മോദി സര്‍ക്കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട  കറവപ്പശുവായി മാറുകയും ചെയ്തു. 2020-ല്‍ ഇന്ത്യ അവതരിപ്പിച്ച പൊതു ബജറ്റില്‍ വരുമാനം 22.46 ലക്ഷം കോടി ആയിരുന്നുവെങ്കില്‍ അതില്‍ 4.71 ലക്ഷം കോടിയും സൈന്യത്തിനു വേണ്ടിയായിരുന്നു നീക്കിവെച്ചത്. കാര്‍ഷിക മേഖലയില്‍ അനുവദിച്ച 2.83 ലക്ഷം കോടിയും വിദ്യാഭ്യാസത്തിന്റെ 99,300 കോടിയും ആരോഗ്യ സംരക്ഷണത്തിന് വകയിരുത്തിയ 62,659 കോടിയും ഒന്നിച്ചു കണക്കിലെടുത്താല്‍ പോലും സൈന്യം തന്നെയാണ് ഉയര്‍ന്നുനിന്നത്. കോവിഡ് ലോകത്തുടനീളം പിടിമുറുക്കിയ  ഫെബ്രുവരിയില്‍ പോലും ആരോഗ്യ മേഖലയില്‍ കാര്യമായ ഒരു വര്‍ധനയും ഉണ്ടായിരുന്നില്ല എന്നോര്‍ക്കുക. അതേസമയം ആറ് ശതമാനത്തിലധികമാണ് സൈനിക ബജറ്റിലുണ്ടായ വര്‍ധനവ്. എന്നാല്‍ 'പൊതുജന സേവനാര്‍ഥം' പിന്നീട് കോവിഡാനന്തര പാക്കേജുകളായി പ്രഖ്യാപിച്ചതത്രയും വായ്പകള്‍ മാത്രമായിരുന്നു.
റാഫേല്‍ ഇടപാടിലൂടെ 30,000 കോടി അംബാനിക്ക് പൊതുഖജനാവില്‍നിന്നും 'സഹായധനം' നല്‍കിയത് ജനം മറക്കുകയും അഴിമതിയുടെ എക്കാലത്തെയും വലിയ ഈ പ്രതീകത്തെ ദേശസുരക്ഷയുടെ പ്രതിരൂപമായി ജനം കൊണ്ടാടുകയും ചെയ്തത് കോവിഡിന്റെ ദുരിതങ്ങള്‍ക്കിടയിലാണ്. റഷ്യയില്‍ നിന്നുള്ള എസ്- 400 മിസൈല്‍വേധ സംവിധാനം, ആസ്ത്രേലിയയില്‍നിന്നുള്ള ഫ്ളീറ്റ് വെസല്‍, അമേരിക്കന്‍ നിര്‍മിത റോമിയോ, അപ്പാച്ചെ ഹെലികോപ്റ്റര്‍ ഇടപാടുകള്‍, ഇസ്രയേലുമായി ഒപ്പിട്ട നെഗേവ് എല്‍.എം.ജി കരാര്‍, അമേരിക്കയില്‍നിന്ന് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വേണ്ടി വാങ്ങുന്ന പ്രത്യേക വിമാനങ്ങളും ഗാര്‍ഡിയന്‍ ഡ്രോണുകളും തുടങ്ങിയവയിലൊക്കെ മറ്റു രാജ്യങ്ങള്‍ വാങ്ങിയ വിലകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയുടെ ഇടപാടുകളത്രയും ഒറ്റനോട്ടത്തില്‍ ചീഞ്ഞു മണക്കുന്നുണ്ട്. ഗുജറാത്തില്‍ സര്‍വീസിലിരുന്ന കാലത്ത് മോദിയുടെ അടിമയെ പോലെ പണിയെടുത്ത ഒരുദ്യോഗസ്ഥനെ കശ്മീരിന്റെ ലെഫ്. ഗവര്‍ണര്‍ പദവിയില്‍നിന്ന് തിരികെ വിളിച്ച് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചത് ഇത്തരം അഴിമതികളുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളെയും വെള്ളപൂശി 2021-ലേക്കുള്ള സി.എ.ജി റിപ്പോര്‍ട്ടില്‍ എതിരാളികളുടെ സംശയങ്ങള്‍ തൂത്തുവാരുന്നതിനു വേണ്ടിയാണെന്ന് ഇതിനകം ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളില്‍ വിധേയന്മാരല്ലാത്ത ഒരാളെയും പൊറുപ്പിച്ച ചരിത്രവും മോദിക്കുണ്ടായിട്ടില്ല.    

കശ്മീരില്‍ സംഭവിച്ചത്

സ്വാതന്ത്ര്യാനന്തരം ഇന്ത്യയോടൊപ്പം നില്‍ക്കുന്നതിനു പകരം പാകിസ്താനില്‍ ലയിക്കുകയാണ് വേണ്ടിയിരുന്നതെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ കാലക്രമത്തില്‍ തീവ്രവാദത്തിന്റെ പാതയില്‍ എത്തിപ്പെട്ട പ്രദേശമാണ് കശ്മീര്‍ എന്നാണ് പൊതുവെയുള്ള സങ്കല്‍പ്പം. കശ്മീരികള്‍ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാത്തവരാണെന്നും മനസ്സിലാക്കപ്പെടുന്നുണ്ട്. ഇത് പ്രശ്നത്തിന്റെ ഒരു വശം മാത്രമായിരുന്നു. കുറ്റിയുറപ്പുള്ള നേതാക്കള്‍ രംഗത്തിറങ്ങുകയാണെങ്കില്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് തീര്‍ക്കാനാവുന്ന പ്രശ്നമായിരുന്നു കശ്മീരിലേത്. മതേതരത്വ സങ്കല്‍പ്പങ്ങളില്‍ വിശ്വസിച്ചവരായിട്ടും നെഹ്റു മുതല്‍ ഡോ. മന്‍മോഹന്‍ സിംഗ് വരെയുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ക്കു പോലും പാകിസ്താനിലെ നേതാക്കളുമായി ചേര്‍ന്നോ അല്ലാതെയോ കശ്മീര്‍ പ്രശ്നം പരിഹരിക്കാനോ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സൗഹൃദം ഉണ്ടാക്കിയെടുക്കാനോ കഴിയാതെ പോയി. ഒരു ചെറിയ കാലഘട്ടത്തില്‍ വാജ്പേയി സര്‍ക്കാര്‍ നടത്തിയ നീക്കമൊഴിച്ചാല്‍ കോണ്‍ഗ്രസും ബി.ജെ.പിയുമൊക്കെ കശ്മീര്‍ പ്രശ്നത്തെ വഷളാക്കുക മാത്രം ചെയ്തവരാണ്. അക്കൂട്ടത്തിലെ ഏറ്റവും മോശപ്പെട്ട രണ്ട് പേരുകളാണ് നരേന്ദ്ര മോദിയുടേതും ആഭ്യന്തര മന്ത്രി അമിത് ഷായുടേതും. 370-ാം വകുപ്പ് എടുത്തുകളഞ്ഞതോടെ കശ്മീര്‍ പ്രശ്നം അവസാനിച്ചുവെന്ന സുന്ദര വിഡ്ഡിത്തമാണ് 2019 ആഗസ്റ്റ് 5-നു ശേഷം ഇന്ത്യയില്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഈ വകുപ്പ് ഉണ്ടായിരുന്നപ്പോഴും ഒടുവില്‍ എടുത്തുകളഞ്ഞതിനു ശേഷവും എന്താണ് ഇന്ത്യ സംരക്ഷിക്കുന്നതെന്ന് ബുദ്ധിയുടെ ഭാഷയില്‍ ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ല.  70 ലക്ഷം ജനങ്ങളുള്ള ഈ സംസ്ഥാനത്ത് 3.43 ലക്ഷം പട്ടാളക്കാരെ വിന്യസിച്ചിട്ടും ഭീകരത അവസാനിക്കും, നുഴഞ്ഞുകയറ്റം ഇല്ലാതാവും, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടും തുടങ്ങിയ പൊള്ളയായ വാഗ്ദാനങ്ങള്‍ ഒരു വര്‍ഷം കൊണ്ട് പഴയതിനേക്കാള്‍ മോശപ്പെട്ട അവസ്ഥയില്‍ എത്തിപ്പെട്ടതാണ് 2020-ല്‍ കശ്മീരിന്റെ ചിത്രം.
ഭരണഘടനയുടെ 370, 35 (എ) വകുപ്പുകള്‍ എടുത്തുകളഞ്ഞതിനു ശേഷമുളള കാലത്ത് വെറും മൂന്നു മാസം കൊണ്ടുതന്നെ 50,000 തൊഴിലവസരങ്ങള്‍ കശ്മീരില്‍ ഉണ്ടാക്കാനാവുമെന്നാണ് അന്നത്തെ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക് നടത്തിയ അവകാശവാദം. കേന്ദ്ര സര്‍ക്കാറിന്റെ 860 നിയമങ്ങള്‍ കൂടി ജമ്മു-കശ്മീരിന് ബാധകമാകുന്നതോടെ വിവിധ മേഖലകളില്‍ ഈ പ്രദേശം വികസനത്തിലേക്ക് കുതിച്ചുപായുമെന്നും പ്രചരിപ്പിക്കപ്പെട്ടു. കോവിഡ് ഇന്ത്യയിലുടനീളം സൃഷ്ടിച്ച സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 4 ലക്ഷം പേരുടെ കൂടി തൊഴില്‍ നഷ്ടമായ ചിത്രമാണ് ഇന്നത്തെ കശ്മീരിന്റേത്. വാര്‍ഷിക പ്രതിശീര്‍ഷ വരുമാനം 93000 രൂപയില്‍ അധികമുണ്ടായിരുന്ന കശ്മീരില്‍ ഇന്ന് മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം കടബാധിതരുടെ എണ്ണം പെരുകിയിരിക്കുന്നു. 4 ലക്ഷം കോടിയാണ് കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്തുണ്ടായ കാര്‍ഷിക, വാണിജ്യ മേഖലകളിലെ സാമ്പത്തിക തകര്‍ച്ച. 2020 ഏപ്രിലില്‍ 12 ദിവസം തുറന്ന ശ്രീനഗറിലെ ഏതാനും വിദ്യാലയങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ കശ്മീരിലെ ശേഷിച്ച പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ വീട്ടിനകത്ത് അടഞ്ഞിരിക്കാനാരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചത് അടച്ചുപൂട്ടലിന് ഒരു വര്‍ഷം തികയാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ്. അതുതന്നെയും ഭാഗികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്രവാദവും നുഴഞ്ഞുകയറ്റവും അവസാനിച്ചതിനെ കുറിച്ച സര്‍ക്കാര്‍ കണക്കുകള്‍ ഭാഗികവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. നുഴഞ്ഞുകയറ്റങ്ങള്‍ പഴയതുപോലെ റിപ്പോര്‍ട്ട് ചെയ്യാന്‍ ജനങ്ങള്‍ തയാറാവുന്നില്ലെന്നും 90-കളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകൃഷ്ടരാവുന്നുണ്ടെന്നുമൊക്കെ റിപ്പോര്‍ട്ടുകളുണ്ട്.
ജനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാറിനുമിടയില്‍ പാലങ്ങളായി നിന്ന രാഷ്ട്രീയ നേതാക്കള്‍ വിശ്വാസ്യത നഷ്ടപ്പെട്ടും അപമാനിതരായും ജയിലുകളില്‍ കഴിയേണ്ടിവന്നു. ജമ്മു-കശ്മീരിന്റെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരില്‍ ഒരാള്‍ ഇപ്പോഴും വീട്ടു തടങ്കലില്‍ തന്നെയാണ്. ഈ മുഖ്യമന്ത്രിയാണ് ബി.ജെ.പിയെ ചരിത്രത്തിലാദ്യമായി കശ്മീരില്‍ ഭരണത്തിലേറാന്‍ സഹായിച്ചതെങ്കിലും ഇപ്പോഴവര്‍ പൊതുസമൂഹത്തിന് ഭീഷണിയാണെന്നാണ് കേന്ദ്രം പറയുന്നത്. ശേഷിച്ച രണ്ടുപേരും വീട്ടു തടങ്കലില്‍നിന്ന് പുറത്തുവന്നുവെങ്കിലും അവര്‍ക്ക് ജനങ്ങളോട് സംസാരിക്കാന്‍ അനുമതിയില്ല. എണ്ണമറ്റ സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഇപ്പോഴും രാജ്യത്തിന്റെ നിരവധി സംസ്ഥാനങ്ങളിലെ ജയിലുകളിലാണ്. കശ്മീരിനകത്ത് എന്ത് സംഭവിക്കുന്നുവെന്ന് സത്യം പറയാന്‍ ശ്രമിക്കുന്ന ഏതൊരാളെയും ഭരണകൂടം യു.എ.പി.എ ചുമത്തി ജയിലിലിടുകയാണ്. സംസ്ഥാനത്തു നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ പോലും വിലക്ക് നേരിടുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇന്റര്‍നാഷ്‌നല്‍ വിമണ്‍സ് ഫൗണ്ടേഷന്‍ ധീരതക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ച മസര്‍റത്ത് സഹ്റ എന്ന വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് കശ്മീരിനെ കുറിച്ച ചില ദൃശ്യങ്ങള്‍ പുറത്തു വിട്ടതിന് യു.എ.പി.എ നിയമപ്രകാരം വിചാരണ നേരിടേണ്ട അവസ്ഥയിലാണ്. ഇക്കഴിഞ്ഞ ജൂണ്‍ 2-ന് പാസാക്കിയ പുതിയ 'പത്രമാരണ ബില്ലി'നു ശേഷം എല്ലാ വാര്‍ത്തകളും മുന്‍കൂട്ടി അനുമതി വാങ്ങി പ്രസിദ്ധീകരിക്കേണ്ട ഗതികേടിലാണ് മാധ്യമങ്ങള്‍. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശം ലംഘിക്കപ്പെട്ടതിനെ കുറിച്ച പരാതികള്‍ അവിടെയിരിക്കട്ടെ, കാണാതായവരുടെ കാര്യത്തില്‍ ഫയല്‍ ചെയ്ത 600-ലേറെ ഹേബിയസ് കോര്‍പസ് ഹരജികളില്‍ പോലും സുപ്രീം കോടതി ഇപ്പോഴും അന്തിമ തീരുമാനമെടുത്തിട്ടില്ല.
കശ്മീര്‍ മാറിക്കഴിഞ്ഞുവെന്നും വികസനത്തിന്റെ പാതയിലാണെന്നും ബി.ജെ.പി നേതാക്കള്‍ കൊട്ടിഘോഷിക്കുമ്പോഴും ഈ വികസന മാഹാത്മ്യത്തിന്റെ ഒന്നാം പിറന്നാളിന് ജനങ്ങള്‍ 'സന്തോഷ പ്രകടനം' നടത്താതിരിക്കാന്‍ രണ്ടു ദിവസം കര്‍ഫ്യൂ പ്രഖ്യാപിക്കേണ്ടിവന്നു ഈ കേന്ദ്രഭരണ പ്രദേശത്ത്. ഓരോ 20 പൗരന്മാര്‍ക്കും ഒരു പട്ടാളക്കാരനെ വീതം വിന്യസിച്ചതിനു ശേഷമുള്ള സാഹചര്യമാണ് ഇതെന്നു കൂടി ചേര്‍ത്തു വായിക്കുക. കശ്മീരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 'സുഗമമായി' നടത്തി എന്നത് സമാധാനം പുനഃസ്ഥാപിക്കപ്പെട്ടതിന്റെ തെളിവായി കേന്ദ്രം വരവു വെക്കുന്നത് മുന്‍കാലങ്ങളില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെ ചിത്രം എന്തായിരുന്നു എന്ന് മറച്ചുവെച്ചുകൊണ്ടാണ്. ഈ തെരഞ്ഞെടുപ്പില്‍ എത്ര ജനങ്ങള്‍ വോട്ടു ചെയ്യാനെത്തി എന്നും എത്ര രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്തു എന്നതും കശ്മീരിനു പുറത്ത് ചര്‍ച്ചയാകുന്നില്ല. നാഷ്‌നല്‍ കോണ്‍ഫറന്‍സിനെയും പി.ഡി.പിയെയും കോണ്‍ഗ്രസ്സിനെയുമൊക്കെ മാറ്റിനിര്‍ത്തി കശ്മീരില്‍ പുതിയൊരു നേതൃതലമുറയെ മോദിയും അമിത് ഷായും ചേര്‍ന്ന് വളര്‍ത്തിയെടുക്കുകയാണു പോലും! മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച, വിരലിലെണ്ണാവുന്ന വോട്ടര്‍മാര്‍ മാത്രം ബൂത്തിലെത്തിയ, ഏതാനും സീറ്റുകളില്‍ ബി.ജെ.പി നാട്ടി നിര്‍ത്തിയ പൊയ്ക്കോലങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അങ്ങിങ്ങായി ജയിച്ചുകയറിയിട്ടുണ്ട്. എന്നാല്‍ 64 ശതമാനം ജനങ്ങളായിരുന്നു കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിന് കശ്മീരില്‍ അവസരം നല്‍കിയതെന്നോര്‍ക്കുക. ജനങ്ങളുടെ ഭക്ഷ്യശേഖരങ്ങള്‍ക്ക് വീടുകളില്‍ കയറി തീയിട്ടും സ്ത്രീകളെയും കുട്ടികളെയുമൊക്കെ ഉപദ്രവിച്ചും കഴിഞ്ഞ ഒരു വര്‍ഷക്കാലം ഭീഷണിയുടെ എല്ലാ സാധ്യതകളും ഭരണകൂടം ഉപയോഗപ്പെടുത്തിയിട്ടും പൊതുജനം മോദി സര്‍ക്കാറിന് വഴങ്ങിക്കൊടുക്കുന്നില്ല. 370-ാം വകുപ്പ് എടുത്തുകളഞ്ഞതും ജനജീവിതവും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്ന് തെളിയിക്കുക മാത്രമാണ് മോദി സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ചെയ്തത്.
മറുഭാഗത്ത്, 370-ാം വകുപ്പും കശ്മീരിന്റെ വികസനവും തമ്മില്‍ എന്തോ ബന്ധമുണ്ടെന്ന് പൊതുജനം ഇന്ത്യയില്‍ തെറ്റിദ്ധരിക്കാനിടയായ നിരവധി പ്രസ്താവനകളാണ് രാഷ്ട്രീയ നേതാക്കള്‍ നടത്തിക്കൊണ്ടിരുന്നത്. 370-ാം വകുപ്പ് കശ്മീരികള്‍ക്ക് മാത്രമായി നല്‍കിയ പ്രത്യേക അവകാശങ്ങള്‍ ശൈഖ് അബ്ദുല്ല എന്ന കശ്മീരിന്റെ ഒരേയൊരു പ്രധാനമന്ത്രിയുടെ കാലത്തു തന്നെ ഇന്ദിരാഗാന്ധിക്ക് പണയം വെച്ചുകഴിഞ്ഞിരുന്നു. വിദേശകാര്യവും പ്രതിരോധവും സാമ്പത്തിക മേഖലയും ഒഴികെയുള്ളതെല്ലാം കശ്മീരിന് സ്വയം നിശ്ചയിക്കാനാവുമെന്ന ഈ വകുപ്പ് പിന്നീട് വെറുമൊരു കൊടിയില്‍ മാത്രമായി പില്‍ക്കാലത്ത് ഒതുങ്ങി. ഇന്ത്യയുടെ ഭരണഘടനയെ അംഗീകരിച്ച് കശ്മീരിലെ നിരവധി സംഘടനകള്‍, സാക്ഷാല്‍ സയ്യിദ് അലിഷാ ഗീലാനിയുടേത് ഉള്‍പ്പടെ അന്നാട്ടിലെ നിയമനിര്‍മാണ പ്രക്രിയയുടെ ഭാഗമായി മാറിയ കാലമുണ്ടായിരുന്നില്ലേ? സോപോര്‍ എന്ന മണ്ഡലത്തിന്റെ എം.എല്‍.എ ആയിരുന്നില്ലേ അദ്ദേഹം? ഇന്ത്യന്‍ ഭരണഘടനക്ക് അംഗീകാരം നല്‍കി തീവ്രവാദ സംഘടനകള്‍ പോലും 1988-ല്‍ മത്സര രംഗത്തെത്തിയിരുന്നുവെന്നതാണ് സത്യം. ഇന്ന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്ററായി പാകിസ്താനില്‍ കഴിയുന്ന സയ്യിദ് സ്വലാഹുദ്ദീന്‍ എന്ന യൂസുഫ് ഷാ ഒരു കാലത്ത് കശ്മീരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആളായിരുന്നു. ഈ യൂസുഫ് ഷായുടെ തെരഞ്ഞെടുപ്പ് ഏജന്റായിരുന്നു യാസീന്‍ മലിക് എന്ന ഇപ്പോഴത്തെ ജെ.കെ.എല്‍.എഫ് നേതാവ്. ബാലറ്റ് പെട്ടികളില്‍ കൈയിട്ടുവാരി വോട്ടര്‍മാര്‍ ജയിപ്പിച്ച നേതാക്കളെ തോല്‍പ്പിച്ചും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചുമൊക്കെ ദല്‍ഹി ഭരിച്ചവര്‍ തന്നെയാണ് കശ്മീരികളെ ഇന്ത്യയുടെ ശത്രുക്കളാക്കിയത്.
എത്രയൊക്കെ ഒപ്പം നിന്നിട്ടും കശ്മീരികളെ സ്വന്തം ജനങ്ങളായി അംഗീകരിക്കാനാവാത്ത ഒരു മാനസികരോഗത്തിന്റെ പിടിയിലാണ് ദല്‍ഹിയിലെ ഭരണസിരാകേന്ദ്രങ്ങള്‍. ആ രോഗമാണ് യഥാര്‍ഥത്തില്‍ ആര്‍.എസ്.എസിന്റെ രാഷ്ട്രീയമുഖമായ ബി.ജെ.പിയുടെ അടിസ്ഥാന ആശയങ്ങളില്‍ ഒന്നായി ഇക്കഴിഞ്ഞ ആഗസ്റ്റ് 5-ന് നടപ്പിലായത്. കശ്മീരിലെ ജനങ്ങളുടെ മണ്ണ് വിലകൊടുത്തു വാങ്ങാനും അവരെ അവിടെനിന്ന് കൂട്ടത്തോടെ ആട്ടിപ്പുറത്താക്കി പുതിയൊരു കൂട്ടം അഭയാര്‍ഥികളെ സൃഷ്ടിക്കാനുമാണ് നിലവില്‍ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന ഗൂഢാലോചന. ജമ്മുവില്‍ അസംബ്ലി മണ്ഡലങ്ങള്‍ എണ്ണം കൂട്ടിയും താഴ്വരയിലുള്ളവ പുനര്‍നിര്‍ണയിച്ചും കശ്മീരികളുടെ വോട്ടവകാശം റദ്ദാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടുമൊക്കെ കോവിഡ് കാലത്തെ നിശ്ശബ്ദതയെ ഉപയോഗപ്പെടുത്തി മോദിയും അമിത് ഷായും ഇത് നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ജനാധിപത്യമുണ്ടെന്ന് പൊതുവെ കരുതപ്പെടുന്ന ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ സി.എ.എയും എന്‍.ആര്‍.സിയുമൊക്കെ നടപ്പാക്കാനും വലിയൊരു സമൂഹത്തെ അഭയാര്‍ഥികളാക്കി മാറ്റാനും 'ചങ്കൂറ്റ'മുള്ള മോദി സര്‍ക്കാറിന് മുഖ്യമന്ത്രിമാര്‍ പോലും ജയിലിനകത്തായ കശ്മീരില്‍ എന്ത് പൗരത്വം!
ഇക്കഴിഞ്ഞ മെയ് മാസം മുതല്‍ ഇന്ത്യയും ചൈനയും തമ്മില്‍ പാംഗോംഗ് തടാകം കേന്ദ്രീകരിച്ച്  അനവസരത്തിലുള്ള ഒരു ഏറ്റുമുട്ടലുണ്ടായതിന് കശ്മീരിലെ ഈ മാറ്റങ്ങള്‍ കാരണമായിട്ടുണ്ടാവാമെന്ന് ചൂണ്ടിക്കാണിക്കുന്നവര്‍ ധാരാളമുണ്ട്. 'ആര്‍ഷ ഭാരത മേല്‍ക്കോയ്മ' എന്ന പകല്‍ക്കിനാവ് നയതന്ത്ര മേഖലയില്‍ പയറ്റി നോക്കിയതാണ് നിലവില്‍ ഇന്ത്യ നേരിടുന്ന ഒട്ടധികം പ്രശ്നങ്ങളുടെ മൂലകാരണം. നേപ്പാളുള്‍പ്പെടെ ഏതാണ്ടെല്ലാ അയല്‍രാജ്യങ്ങളും ഇന്ത്യക്കെതിരെ ചൈനീസ് പക്ഷത്തേക്ക് കൂറുമാറുന്നതിന്റെ ബഹളത്തിലാണ്. ശ്രീലങ്കയില്‍ വീണ്ടും രാജപക്സെ സര്‍ക്കാര്‍ വന്നതും മാലദ്വീപില്‍ മുഹമ്മദ് നശീദ് തിരിച്ചെത്തിയതും ഇന്ത്യന്‍ താല്‍പര്യങ്ങളെ മറികടന്നാണ്. നേപ്പാളില്‍ അട്ടിമറി നടത്താനുള്ള അജിത് ഡോവലിന്റെ 'ബുദ്ധി'യാണ് അയല്‍പക്കത്ത് ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്തനെ ചൈനീസ് പക്ഷത്തെത്തിച്ചത്. പാക്കധീന കശ്മീരില്‍ ചൈന പിടിമുറക്കിയതും അതുവഴി പുതിയ റോഡ് വെട്ടിയുണ്ടാക്കിയതും കോവിഡിനു ശേഷം പുതിയ സാമ്പത്തിക സമവാക്യങ്ങള്‍ രൂപപ്പെട്ടതുമൊക്കെ അമേരിക്കയെയും ആഗോള സാമ്പത്തിക കുത്തകകളെയും വിറളി പിടിപ്പിക്കുന്നുണ്ട്. 'മേക്ക് ഇന്‍ ഇന്ത്യ' എന്ന മുനപോയ മുദ്രാവാക്യം  കോവിഡ് കാലത്ത് 'ആത്മനിര്‍ഭര്‍ ഭാരത്' ആയും ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണമായും പുനരവതരിച്ചതിനു പിന്നില്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ കൂടിയുണ്ട്. ആഗോള സമൂഹത്തിന്റെ പിന്തുണ മുന്നില്‍ കണ്ടാണ് കശ്മീരിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഇന്ത്യ രംഗത്തിറങ്ങിയത്. മറുഭാഗത്ത് ലഡാക്കില്‍ ചൈന നേര്‍ക്കുനേരെ യുദ്ധത്തിനു വരികയാണുണ്ടായത്. ഇതോടെ കൂനിന്മേല്‍ കുരു വരുമ്പോലെയാകും സാമ്പത്തിക പ്രത്യാഘാതങ്ങളെന്ന് തിരിച്ചറിഞ്ഞ നരേന്ദ്ര മോദി തല്‍ക്കാലം പത്തിമടക്കി പിന്‍വാങ്ങുകയാണ് ചെയ്തത്. പാംഗോംഗ് തടാകത്തില്‍നിന്ന് ലഡാക്കിലേക്ക് പോകാന്‍ കഴിയുംവിധം തന്ത്രപ്രധാനമായ ഗാല്‍വാന്‍ താഴ്വരയില്‍ ആധിപത്യം സ്ഥാപിക്കുകയാണ് നിലവില്‍ ചൈന ചെയ്തതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ലഡാക്കിനു മേല്‍ വര്‍ഷങ്ങളായി കണ്ണുവെച്ച് തക്കം പാര്‍ത്തുകഴിയുന്ന ചൈന ഇതൊരു അവസരമാക്കിമാറ്റി ഇന്ത്യയെ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തതെന്നും പ്രതിരോധരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.  

രാമക്ഷേത്രവും ഭരണ പരാജയവും

അയോധ്യയില്‍ ഇപ്പോള്‍ നടന്ന രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെ കശ്മീര്‍ ഉള്‍പ്പെടെയുള്ള മോദിയുടെ ഭരണ പരാജയങ്ങളുമായാണ് ചേര്‍ത്തു വായിക്കേണ്ടത്. ആഗസ്റ്റ് 5 എന്ന തീയതി പോലും ബോധപൂര്‍വം തെരഞ്ഞെടുത്തതായിരിക്കാനേ വഴിയുള്ളൂ. ദേശീയ മാധ്യമങ്ങളിലെ കൂലിപ്പടയാളികളെ ഉപയോഗിച്ച് ഗാല്‍വാന്‍ താഴ്വരയിലെ മോദിയുടെ 'വിജയം' ആഘോഷിപ്പിക്കുമ്പോഴും ചൈന ഇന്ത്യയുടെ മണ്ണ് കൈയേറിയെന്ന സത്യം പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുള്‍പ്പെടെ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു. 370-ാം വകുപ്പ് എടുത്തു കളഞ്ഞ ദിവസത്തിന്റെ ഓര്‍മ ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്മരണക്കു മുമ്പില്‍ സമര്‍പ്പിക്കേണ്ട ആഘോഷമായിട്ടും അന്ന് കശ്മീരില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ച് രാമക്ഷേത്രത്തിന്റെ തറക്കല്ലിടാനായി ഇന്ത്യന്‍ പ്രധാനമന്ത്രി അയോധ്യയിലേക്കു പോയത് പൊതുജനത്തിന്റെ കണ്ണുവെട്ടിക്കാനും വീണതു വിദ്യയാക്കി മാറ്റാനുമുള്ള തത്രപ്പാടിലാണ്. ബാബര്‍ ഒരു ക്ഷേത്രവും തകര്‍ത്തിട്ടില്ലെന്നും രാമന്റെ പേരില്‍  അയോധ്യയില്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കാനായിട്ടില്ലെന്നും വ്യക്തമാക്കിയതിനു ശേഷമാണ് കൈവശാവകാശ നിയമത്തിന്റെ ആനുകൂല്യം നല്‍കി മസ്ജിദ് നിലനിന്ന സ്ഥലം ഹിന്ദുകക്ഷികള്‍ക്ക് കോടതി വിട്ടുകൊടുത്തത്. അതുതന്നെയും ഏതു ജഡ്ജിയാണ് എഴുതിയതെന്ന് വ്യക്തമാക്കാത്തതും ആരും ഒപ്പിടാത്തതുമായ ഒരു വിധിന്യായമായിരുന്നുവെന്നും ഓര്‍ക്കുക. രാമക്ഷേത്ര നിര്‍മാണ പ്രസ്ഥാനത്തിന്റെ എല്ലാ ശോഭയും കെടുത്തിയ ഈ കോടതിവിധി ഇന്ത്യാ ചരിത്രത്തിന്റെ രേഖകളില്‍ അടയാളപ്പെടുത്തിക്കഴിഞ്ഞതിനു ശേഷം, ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനുള്ള ക്യുറേറ്റീവ്  ഹരജിയെങ്കിലും കൊടുത്തിട്ടാവാമായിരുന്നു കാവിവേഷവുമുടുത്ത് ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഒരാള്‍ പുറപ്പെട്ടുപോകേണ്ടിയിരുന്നത്.
ക്ഷേത്ര നിര്‍മാണ കാര്യത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനെയല്ല നിയോഗിച്ചത്. പകരം ഒരു ട്രസ്റ്റിനെ ആയിരുന്നു. തന്റെ അയോധ്യാ സന്ദര്‍ശനത്തിന് ഭരണഘടനാപരമായ  പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മോദി അയോധ്യയിലെത്തിയത്. അതുകൊണ്ടാണ് മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ ഒഴിവാക്കാന്‍ നീക്കം നടന്നത്. സ്ഥലത്തെ എം.പിയായ വിനയ് കത്യാര്‍ പരിസരത്തൊന്നും ഉണ്ടായിരുന്നില്ലല്ലോ. നരേന്ദ്ര മോദി, ബി.ജെ.പി നേതാവ് എന്നായിരുന്നില്ല രാമക്ഷേത്ര തീര്‍ഥ് ട്രസ്റ്റിന്റെ ക്ഷണക്കത്തില്‍ ഉണ്ടായിരുന്നത്, മറിച്ച് പ്രധാനമന്ത്രി എന്നായിരുന്നു. അദ്ദേഹം യാത്ര ചെയ്തതിന്റെ ചെലവ് രാജ്യമാണ് വഹിക്കാന്‍ പോകുന്നതും. പ്രധാനമന്ത്രിമാര്‍ ഇങ്ങനെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ രാജ്യത്തിന് ഒരു പ്രത്യേക മതമുണ്ടെന്ന അപകടകരമായ സന്ദേശമാണ് പുറത്തു വരുന്നത്, രാജ്യത്തെ ആയിരക്കണക്കിന് പൗരന്മാര്‍ കൊല്ലപ്പെട്ട അയോധ്യയിലേതു പോലുള്ള ഒരു തര്‍ക്ക വിഷയത്തില്‍ ഇടപെടുമ്പോള്‍ വിശേഷിച്ചും. പുനര്‍ നിര്‍മിച്ച സോമനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെ നടപടി ശരിയല്ലെന്ന് വിയോജിക്കുകയാണ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ചെയ്തത്. ഇത് ഒരു സര്‍ക്കാര്‍ പരിപാടിയല്ലെന്ന് നെഹ്റു എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയക്കുകയും ചെയ്തു. ഒരു മതേതര രാഷ്ട്രമായി നിലകൊള്ളുന്നതിന് തടസ്സം നില്‍ക്കുന്നതെല്ലാം അസ്വീകാര്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നെഹ്റുവിന്റെ കത്തിന് മറുപടി എഴുതവെ തന്നെ ഒരു മസ്ജിദോ ചര്‍ച്ചോ ഉദ്ഘാടനം ചെയ്യാന്‍ വിളിച്ചാലും പങ്കെടുക്കുമെന്നാണ് രാജേന്ദ്ര പ്രസാദ് നല്‍കിയ മറുപടി. അതേസമയം അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രത്യേക മതത്തിന്റെ വക്താവായി സംസാരിക്കുകയാണ് ഉണ്ടായത്. കോടതി നിര്‍ദേശിച്ച പ്രകാരമുള്ള അഞ്ചേക്കര്‍ ഭൂമിയിലെ മസ്ജിദ് ഉദ്ഘാടനം ചെയ്യാന്‍ മോദി പോവുകയാണെങ്കില്‍ അയോധ്യയില്‍ അദ്ദേഹം സത്യപ്രതിജ്ഞാ ലംഘനം നടത്തുകയായിരുന്നില്ലെന്നും എല്ലാവരോടും ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യമായ നിലപാട് സ്വീകരിക്കുകയാണെന്നും വരുത്തിത്തീര്‍ക്കാമായിരുന്നു. അതുണ്ടാവുമെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. മസ്ജിദ് ഉദ്ഘാടനം ചെയ്യാന്‍ തന്നെ ക്ഷണിച്ചാല്‍ ഒരിക്കലും പോകില്ലെന്ന് യു.പി മുഖ്യമന്ത്രി ആദിത്യനാഥ് മുന്‍കൂട്ടി വ്യക്തമാക്കുക കൂടി ചെയ്തതോടെ രാഷ്ട്രത്തിന് കൃത്യമായ മതമുണ്ടെന്ന ബി.ജെ.പിയുടെ സന്ദേശം തന്നെയാണ് പുറത്തുവന്നത്. മസ്ജിദ് ഉദ്ഘാടനം ചെയ്യാന്‍ അമുസ്ലിംകളെ ക്ഷണിക്കാനാവുമോ ഇല്ലേ എന്നത് മോദിയെയും ആദിത്യനാഥിനെയുമൊക്കെ രക്ഷിക്കാന്‍ ലഖ്നൗവിലെ ബി.ജെ.പി അനുകൂല വഖ്ഫ് ബോര്‍ഡ് പിന്നീട് ഉണ്ടാക്കിയെടുത്ത തര്‍ക്കം മാത്രമായിരുന്നു.
നെഹ്റുവിന്റെ വഴിയെ കോണ്‍ഗ്രസ് പില്‍ക്കാലത്ത് പോയിട്ടില്ല എന്ന വസ്തുത മറച്ചുപിടിക്കാന്‍ കഴിയില്ല. രാജീവ് ഗാന്ധിയുടെ കാലത്ത് നടന്ന ശിലാന്യാസവും കര്‍സേവയുമൊക്കെ അയോധ്യയുടെ ചരിത്രത്തിലെ നേര്‍ക്കുനേരെയല്ലാതെയുള്ള ഭരണകൂട ഇടപെടലുകളായിരുന്നുവല്ലോ. അദ്ദേഹത്തിന്റെ മകള്‍ പ്രിയങ്കാ ഗാന്ധി രാമക്ഷേത്രത്തിനായി പരസ്യമായി രംഗത്തിറങ്ങിയ ആദ്യത്തെ നെഹ്റു കുടുംബാംഗമായി മാറിയിട്ടുമുണ്ട്. ഇന്ദിരാ ഗാന്ധി ഹരിദ്വാറില്‍ സ്വാമി സത്യമിത്രാനന്ദ ഗിരി എന്ന വി.എച്ച്.പി നേതാവിന്റെ ഭാരത് മാതാ മന്ദിര്‍ ഉദ്ഘാടനം ചെയ്തുകൊടുത്തത് മോദിയെ ന്യായീകരിക്കാനായി സംഘ്പരിവാര്‍ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കിലും അത് അയോധ്യയിലേതുപോലെ നാട് ചുട്ടെരിച്ച ഒരു തര്‍ക്കത്തിന്റെ ഭാഗമായിരുന്നില്ല. വി.എച്ച്.പിയെ ഒപ്പം നിര്‍ത്താനായി ഇന്ദിരാ ഗാന്ധി കാണിച്ച അവിവേകമായിരുന്നു ആ ഉദ്ഘാടനം എന്നു കരുതലാണ് ശരി. എന്നാല്‍ അയോധ്യയിലെ ക്ഷേത്രം രാജ്യത്തിന്റെ പൊതുവികാരമാണെന്നും ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും മുസ്ലിംകള്‍ ശ്രീരാമനെ അംഗീകരിക്കുന്നുണ്ടെന്നും മറ്റും നരേന്ദ്ര മോദി പ്രസംഗത്തില്‍ പറയുമ്പോള്‍ രാഷ്ട്രത്തിന്റെ മേല്‍ ഒരു പൊതുമതബോധം അടിച്ചേല്‍പ്പിക്കുക കൂടിയാണ് ചെയ്യുന്നത്. മറുഭാഗത്ത് അയോധ്യയിലെ ക്ഷേത്രം ഹിന്ദുക്കളുടെ പോലും പൊതുവികാരമല്ല. അയോധ്യയില്‍ 1988-ല്‍ നടത്തിയത് ഹിന്ദുരാജ്യത്തിന്റെ ശിലാന്യാസമാണെന്ന മുന്‍ വി.എച്ച്.പി നേതാവ് സിംഗാളിന്റെ വാക്കുകളെ അംഗീകരിക്കുന്നവരുടെ വികാരം മാത്രമാണത്. പ്രധാനമന്ത്രി പറഞ്ഞ 130 കോടിയില്‍ ഞാനില്ലെന്ന പ്രചാരണം പിന്നീട് ട്വിറ്ററില്‍ തരംഗമായി മാറി. മോദി പോലും രാജ്യത്തെ 138 കോടി ജനസംഖ്യയില്‍ 8 കോടി ജനങ്ങളെ വിട്ടു കളഞ്ഞാണ് പൊതുവികാരത്തിന്റെ കണക്കു പറഞ്ഞതെന്നും ശ്രദ്ധിക്കുക.
അയോധ്യയില്‍ തറക്കല്ലിടുന്ന ചടങ്ങില്‍ പങ്കെടുത്തതിലൂടെ രാമക്ഷേത്രത്തെയോ ശ്രീരാമനെയോ ആദരിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ ഇന്നത്തെ മോദിക്കുമൊക്കെ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പെ ബി.ജെ.പിയെ അധികാരത്തിലെത്തിച്ച, രാമന്റെ പേരില്‍ നാടുനീളെ രഥമുരുട്ടിയ ആ കാരണവന്മാരെ കൂടി ചടങ്ങിന് വിളിക്കാമായിരുന്നല്ലോ. മാത്രവുമല്ല ഇത്രയും കാലം എവിടെയായിരുന്നു മോദിയുടെ രാമഭക്തി? അദ്വാനിയുടെ രഥയാത്രയുടെ മാനേജറായിരുന്നിട്ടും 1992 ഡിസംബര്‍ 6-ലെ കര്‍സേവയില്‍ പങ്കെടുക്കാതെ മുങ്ങിയ ആര്‍.എസ്.എസുകാരനാണ് മോദി. 2014-ലെയും 2019-ലെയും തെരഞ്ഞെടുപ്പുപ്രചാരണങ്ങള്‍ക്കിടെ അയോധ്യയില്‍ ഒരു ദര്‍ശനത്തിനു പോലും മോദി ചെന്നിട്ടില്ല. അദ്വാനിയുടെ അയോധ്യാ മഹിമയില്‍ അല്ല താന്‍ തെരഞ്ഞെടുപ്പ് ജയിക്കുന്നതെന്നും സ്വന്തം അജണ്ടകള്‍ വേറെയുണ്ടെന്നും തെളിയിക്കാനായിരുന്നു ബോധപൂര്‍വമുള്ള ഈ വിട്ടുനില്‍ക്കല്‍. എന്നിട്ടൊടുവില്‍ എന്തുണ്ടായി? പ്രധാനമന്ത്രി പദവിയിലെ രണ്ടാമൂഴത്തില്‍ തകര്‍ന്നു തരിപ്പണമായ സ്വന്തം പ്രതിഛായക്ക് നാഡീചികിത്സ നല്‍കുന്നതിന് അദ്വാനിയുടെ അതേ കുറുക്കുവഴിയിലൂടെ തന്നെ മോദിക്ക് പോകേണ്ടിവന്നു. ഇനിയുള്ള നാലു വര്‍ഷം രാമക്ഷേത്രത്തിന്റെ കട്ടില വെച്ചും തൂണു നാട്ടിയുമൊക്കെ വോട്ടു പിടിക്കാന്‍ കഴിയുമായിരിക്കാം. വിവരദോഷികളുടെയും മതഭ്രാന്തന്മാരുടെയും ഉട്ടോപ്യ ആയി മാറുകയാണ് ഇന്ത്യ എന്ന മഹത്തായ രാജ്യം. ഗോമൂത്രം കുടിച്ചാലും പാത്രം മുട്ടിയാലും കൊറോണ മാറുമെന്ന് വിശ്വസിക്കുന്നവരുള്ള ഒരു രാജ്യത്ത് എന്ത് സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും! ചൈന ഇന്ത്യയുടെ ഭൂമി കൊണ്ടുപോയാലും ഇല്ലെങ്കിലുമെന്ത്!

Comments

Other Post

ഹദീസ്‌

നീതികെട്ട സമൂഹം വരണ്ട പുഴയാണ്
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (29-31)
ടി.കെ ഉബൈദ്‌