Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 21

3164

1442 മുഹര്‍റം 02

ബാബരി മസ്ജിദും മുസ്‌ലിം അജണ്ടയും

കെ.ടി ഹുസൈന്‍

2020 ആഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലയിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രഖ്യാപിച്ചത് 'അയോധ്യാ പ്രക്ഷോഭം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് സമാനമാണ്' എന്നാണ്. ഇതിനോട് തുലനം ചെയ്യാവുന്ന മറ്റൊരു പ്രഖ്യാപനം നാം വായിച്ചുകേട്ടത് 1799-ല്‍ കൊളോണിയലിസത്തിനെതിരെ വീരോചിതം പൊരുതിയ ടിപ്പു സുല്‍ത്താന്‍ വെടിയേറ്റ് പടക്കളത്തില്‍ വീണപ്പോള്‍ ബ്രിട്ടീഷ് പട്ടാള ജനറലില്‍നിന്നാണ്. 'യഥാര്‍ഥത്തില്‍ ഇന്ത്യ ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങിയത് ഇപ്പോള്‍ മാത്രമാണ്' എന്നായിരുന്നു ആ ബ്രിട്ടീഷ് ജനറലിന്റെ  ധാര്‍ഷ്ട്യത്തോടുകൂടിയ  പ്രഖ്യാപനം. ഇന്ത്യയിലെ  കൊളോണിയല്‍ കവര്‍ച്ചക്കാരന്റെ അതേ മുഖഭാവം തന്നെയാണ് ബാബരി മസ്ജിദ് കീഴടക്കിയെന്ന് പറയാതെ പറഞ്ഞ നരേന്ദ്ര മോദിയുടെയും മുഖത്ത് ദൃശ്യമായത്. 'തോല്‍പിക്കപ്പെട്ട' ശത്രു രണ്ട് സ്ഥലത്തും ഒരേ കൂട്ടര്‍ തന്നെ; ഇന്ത്യയെ  കൊളോണിയല്‍ ചൂഷണത്തില്‍നിന്ന് മോചിപ്പിക്കാന്‍ എല്ലാം നഷ്ടപ്പെടുത്തിയ മുസ്‌ലിംകള്‍.
'അയോധ്യാ  പ്രക്ഷോഭം സ്വാതന്ത്ര്യസമരത്തിന് സമാനമാണ്' എന്ന മോദിയുടെ പറച്ചില്‍  പോലും  ഭംഗിവാക്കാണ്. അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ് അയോധ്യാ പ്രക്ഷോഭമാണ് യഥാര്‍ഥ സ്വാതന്ത്ര്യസമരമെന്നും അതിന്റെ  വിജയപ്രഖ്യാപന ദിനമായ ആഗസ്റ്റ് അഞ്ചാണ് ഇനിയങ്ങോട്ട്  സ്വാതന്ത്ര്യദിനമെന്നും തന്നെയാണ്. കാരണം മോദിയെ ശിക്ഷണം നല്‍കി വളര്‍ത്തിയ ആര്‍.എസ്.എസ് ഒരിക്കലും കൊളോണിയല്‍ ഭരണത്തെ എതിര്‍ത്തിട്ടില്ലെന്നു മാത്രമല്ല, സ്വാതന്ത്ര്യസമര കാലത്തും അതിനു ശേഷവും അവരുടെ പോരാട്ടം വിചാരധാര ഏറ്റവും വലിയ ആഭ്യന്തര ശത്രുവായി ചൂണ്ടിക്കാണിച്ച മുസ്ലിംകള്‍ക്കെതിരെ ആയിരുന്നു. ഇന്ത്യക്കാര്‍ ചിലപ്പോര്‍ ഒറ്റക്കെട്ടായും ചിലപ്പോള്‍ വിവിധ പ്ലാറ്റ്‌ഫോമുകളില്‍നിന്നും ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതുമ്പോള്‍ സംഘ് പരിവാറിന്റെ സൈദ്ധാന്തികര്‍ ഇന്ത്യയിലെ 'മുസ്‌ലിം കൊളോണിയലിസ'ത്തിനെതിരെ സമരം ചെയ്യാനുള്ള 'സൈദ്ധാന്തിക' അടിത്തറകള്‍ മെനയുകയായിരുന്നു. അത് മനസ്സിലാക്കാന്‍ ബങ്കിംഗ് ചന്ദ്ര  ചാറ്റര്‍ജിയുടെ 'ആനന്ദ മഠം', വി.ഡി സവര്‍ക്കറുടെ 'ഇന്ത്യാ ചരിത്രത്തിലെ ആറ് സുവര്‍ണ ഘട്ടങ്ങള്‍', 'ഹിന്ദുത്വം' പിന്നെ എം.എസ് ഗോള്‍വാള്‍ക്കറുടെ 'വിചാരധാര' എന്നിവ മാത്രം  വായിച്ചാല്‍ മതിയാവും. ഇതില്‍  ആദ്യത്തെ മൂന്ന് കൃതികളും ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊള്ളുന്ന കാലത്ത് രചിക്കപ്പെട്ടതാണ്. എന്നിട്ടും അതില്‍ ബ്രിട്ടീഷ്  കൊളോണിയല്‍ ഭരണകൂടത്തെ കുറിച്ചോ അതിനെതിരെ പൊരുതേണ്ടതിന്റെ  ആവശ്യകതയെ കുറിച്ചോ ഒരു സൂചന പോലും ഇല്ല. അവയില്‍ നിറയെ ഇന്ത്യയില്‍നിന്ന്  മുസ്‌ലിംകളെ ആട്ടിപ്പായിക്കാനോ അവരെ കൂട്ടക്കൊല ചെയ്യാനോ ഭാവി ഇന്ത്യയില്‍ അവരെ പൗരത്വരഹിതരാക്കാനോ ഹിന്ദുക്കളെ സജ്ജമാക്കാനുള്ള സൈദ്ധാന്തികവും വൈകാരികവുമായ ന്യായങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരത്തിന്റെ നാളുകളിലും സ്വാതന്ത്ര്യാനന്തരം നാളിതു വരെയും സംഘ് പരിവാറിന്റെ  'സ്വാതന്ത്ര്യ സമരം' മുസ്ലിംകള്‍ക്കെതിരെയുള്ള വര്‍ഗീയ കലാപങ്ങളും വംശഹത്യകളും തീവ്രവാദത്തെ മറയാക്കിയുള്ള ഭരണകൂട വേട്ടകളുമായിരുന്നു. 
രണ്ട് നൂറ്റാണ്ട് നീണ്ടുനിന്ന ബ്രിട്ടീഷ്‌വിരുദ്ധ സമരത്തില്‍ മരണപ്പെട്ട ഇന്ത്യക്കാരേക്കാള്‍ എത്രയോ കൂടുതല്‍ ഇന്ത്യക്കാര്‍ സംഘ് പരിവാറിന്റെ ഈ 'സ്വാതന്ത്ര്യസമര'ത്തില്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. കാരണം 1857-നു ശേഷം ഇന്ത്യക്കാര്‍ അധികവും നടത്തിയത് അഹിംസയില്‍ അധിഷ്ഠിതമായ സമരം ആയിരുന്നല്ലോ. മലബാറിലും ജാലിയന്‍വാലാ ബാഗിലും മാത്രമാണ് അത് രക്തരൂഷിതമായത്. എന്നാല്‍ സ്വാതന്ത്ര്യത്തിന് തൊട്ടുടനെ ജമ്മു കൂട്ടക്കൊലയില്‍  തുടങ്ങി 2020 ദല്‍ഹി വംശഹത്യ വരെ  എത്തിനില്‍ക്കുന്ന സംഘ് പരിവാറിന്റെ അത്യന്തം ഹിംസാത്മകമായ 'സ്വാതന്ത്ര്യ സമര'ത്തില്‍ പൊലിഞ്ഞുപോയ മനുഷ്യജീവനോ നശിപ്പിക്കപ്പെട്ട സമ്പത്തിനോ കൈയും കണക്കുമില്ല. ഇന്ത്യയിലെ വ്യവസായ നഗരങ്ങളായ ജംഷഡ്പൂര്‍, റൂര്‍ക്കല, മുറാദാബാദ്, അലീഗഢ്, ഭീവണ്ടി, അഹ്മദാബാദ്, മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍ വിവിധ കാലങ്ങളില്‍ അരങ്ങേറിയ വര്‍ഗീയ ലഹളകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കുണ്ടാക്കിയ ആഘാതം ബോധപൂര്‍വം പഠിക്കാതെ വിട്ട  വിഷയമാണ്. അസ്ഗറലി എഞ്ചിനീയര്‍ എഡിറ്റ്  ചെയ്ത്  പ്രസിദ്ധികരിച്ച  Communal Riots in Post Independent India എന്ന  പുസ്തകത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന എല്ലാ വര്‍ഗീയ കലാപങ്ങളുടെയും ലക്ഷ്യം  മുസ്‌ലിംകളുടെ  സാമ്പത്തിക ശക്തി തകര്‍ക്കുകയായിരുന്നുവെന്ന് ഡാറ്റ സഹിതം  തെളിയിച്ചിട്ടുണ്ട്. അതില്‍ തകര്‍ക്കപ്പെട്ടത് മുസ്‌ലിംകളുടെ  സമ്പത്താണെങ്കിലും അത് ആത്യന്തിക ആഘാതമായി മാറുന്നത് ഇന്ത്യയുടെ ജി.ഡി.പിക്കും തദ്വാരാ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കും തന്നെയല്ലേ? അതുകൊണ്ടുതന്നെ സ്വാതന്ത്ര്യാനന്തരം വര്‍ഗീയ കലാപ പരമ്പരയിലൂടെ ഇന്ത്യന്‍ സമ്പദ്  ഘടനക്ക്  മാരകമായി പരിക്കേല്‍പിച്ച സംഘ് പരിവാറിനേക്കാള്‍  വലിയ രാജ്യദ്രോഹ പ്രവൃത്തി ഇന്ത്യയില്‍ മാറ്റാരും ചെയ്തിട്ടില്ല.
അതെന്തോ ആകട്ടെ സംഘ് പരിവാറിന്റെ രക്തരൂഷിതവും  ഹിംസാത്മകവുമായ ഈ 'സ്വാതന്ത്ര്യസമര'ത്തിന്റെ വിജയ പ്രഖ്യാപനമാണ് രാമക്ഷേത്രത്തിന് ശിലയിട്ടുകൊണ്ട് പ്രധാനമന്ത്രി  നരേന്ദ്ര മോദി നിര്‍വഹിച്ചത്. ദേശാഭിമാനി പത്രം തലക്കെട്ട് നല്‍കിയതു പോലെ ഹിന്ദു രാഷ്ട്രത്തിനാണ് മോദി അതിലൂടെ  തറക്കല്ലിട്ടത് എന്ന് ഈ ലേഖകന്‍ കരുതുന്നില്ല. കാരണം ഹിന്ദു മതം എന്നത് അടിസ്ഥാനപരമായി ഒരു കൊളോണിയല്‍ നിര്‍മിതിയാണെങ്കിലും ഇന്നത്  പല ജാതികളെയും വിശ്വാസാചാരങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു  മതമായി മാറിയിട്ടുണ്ട്. അതൊരിക്കലും ചരിത്രത്തിലോ വര്‍ത്തമാനത്തിലെ ഒരു രാഷ്ട്രത്തിന്റെയും  അടിത്തറയായിട്ടില്ല, ഭാവിയില്‍ അങ്ങനെയാകാനും പോകുന്നില്ല. ഗാന്ധിജിയാക്കെ നിലകൊണ്ട മതമാണല്ലോ അത്. ഇപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള 'സ്വാതന്ത്ര്യസമര'ത്തിന് സംഘ് പരിവാര്‍ ആയുധമാക്കുന്ന രാമന്റെ പേര് ഉച്ചരിച്ചുകൊണ്ടാണ്  മഹാത്മാ ഗാന്ധി സംഘ് വംശീയവാദിയുടെ വെടിയുണ്ടയില്‍ പിടഞ്ഞു മരിച്ചത്. ആ ഒരു ഹിന്ദു മതത്തിന് ഇതര മതക്കാരെ ശത്രുവായി കാണുന്ന ഒരു രാഷ്ട്രത്തിന്റെ അടിത്തറയാകാനാവില്ല. അതിനാല്‍ നരേന്ദ്ര മോദി ശിലയിട്ടത് ജാതി മേല്‍ക്കോയ്മയില്‍ അധിഷ്ഠിതമായ ഒരു സവര്‍ണ വംശീയ രാഷ്ട്രത്തിനാണ്. ഇന്നത്തെ ഹിന്ദുമതം രൂപപ്പെടുന്നതിനു മുമ്പ് എത്രയോ നൂറ്റാണ്ടുകളായി ഇന്ത്യയുടെ യഥാര്‍ഥ  അവകാശികളായിരുന്ന  ഒട്ടേറെ ജാതികളെ അടിമകളാക്കി അധീശത്വം വാണിരുന്ന   ബ്രാഹ്മണ വംശീയതയെ ആധുനിക കാലത്ത്  ജര്‍മനിയില്‍ ശക്തിപ്പെട്ട  ആര്യന്‍ വംശീയ ശുദ്ധിവാദവുമായി കൂട്ടിച്ചേര്‍ത്ത് ബങ്കിംഗ് ചന്ദ്രയും  സവര്‍ക്കറും ഗോള്‍വാള്‍ക്കറും കൂടുതല്‍ മൂര്‍ച്ചകൂട്ടിയ വംശീയ മതമാണ് നരേന്ദ്ര  മോദി ശിലയിട്ട രാഷ്ട്രത്തിന്റെ അടിത്തറ. വേണമെങ്കില്‍ നമുക്കതിനെ ഹിന്ദുത്വ രാഷ്ട്രം എന്നു വിളിക്കാം, ഹിന്ദു രാഷ്ട്രം എന്ന്  വിളിച്ചുകൂടാ. കാരണം സവര്‍ക്കര്‍ക്ക് മുമ്പും ഹിന്ദു മതം ഉണ്ടായിരുന്നുവെങ്കിലും അതിനെ  ഹിന്ദുത്വമായി പുനര്‍ വ്യാഖ്യാനിക്കുകയോ വ്യവഹാരവല്‍ക്കരിക്കുകയോ ചെയ്തത് സവര്‍ക്കറാണ്. അദ്ദേഹത്തിന്റെ നിര്‍വചനപ്രകാരം ഹിന്ദു എന്നത് എന്തെങ്കിലും വിശ്വാസ സങ്കല്‍പമോ മൂല്യവിചാരമോ അല്ല, മറിച്ച് തങ്ങള്‍ വിദേശികളായി കാണുന്ന മുസ്‌ലിംകള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ ഇടമില്ലാത്ത ഭാരതം എന്ന  ഭൂപ്രദേശത്തെ ദൈവമായി കാണുകയും ഇന്ത്യയിലെ അടിസ്ഥാന വര്‍ഗമായി തങ്ങള്‍ കാണുന്ന  ആര്യ ബ്രാഹ്മണരുടെ  ആചാരങ്ങളും സംസ്‌കാരങ്ങളും  പിന്തുടരുകയു ചെയ്യുന്ന വിഭാഗമാണ്. അതിനാല്‍ ഭാരതത്തെ പുണ്യഭൂമിയോ ദൈവമോ ആയി കാണാന്‍ തയാറാവുകയും ബ്രാഹ്മണ സംസ്‌കാരം സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ സവര്‍ക്കറുടെ ഹിന്ദുത്വ രാഷ്ട്രത്തില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടാവുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍  വംശീയതയിലും ഏക സംസ്‌കാരവാദത്തിലും അധിഷ്ഠിതമായ രാഷ്ട്രം തന്നെയാണ് ഹിന്ദുത്വത്തിലെ ദൈവവും മതവും. അത്തരമൊരു രാഷ്ട്രത്തിനാണ് നരേന്ദ്ര മോദി അയോധ്യയില്‍ ശിലയിട്ടത്.
സത്യത്തില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മോദിയുടെയും  ഹിന്ദുത്വത്തിന് മുസ്‌ലിംകളും ക്രിസ്ത്യാനികളും ശത്രുക്കളായത് അവര്‍ 'വിദേശി'കളായതുകൊണ്ടാന്നുമല്ല; മറിച്ച് അവര്‍ ജാതി വ്യവസ്ഥയെ വെല്ലുവിളിച്ചതുകൊണ്ടാണ്. കാരണം ഹിന്ദുത്വം രാഷ്ട്രത്തെ ദൈവമായി കാണുമ്പോഴും അവരുടെ സാക്ഷാല്‍  ദൈവം വിരാട് പുരുഷന്റെ  മുതുകില്‍നിന്ന് ജനിച്ച ബ്രാഹ്മണനാണ്. അതിനെ വെല്ലുവിളിക്കുന്നത്  ആരായാലും അത്  രാഷ്ട്രത്തെ കളങ്കപ്പെടുത്തലാണ് അവര്‍ക്ക്. പുണ്യഭൂമിയായ ഭാരതാംബയെ കളങ്കപ്പെടുത്തുകയാണ് എട്ടു  നൂറ്റാണ്ട് കാലത്തെ മുസ്‌ലിം ഭരണം ചെയ്തതെന്ന് ഭാരത ചരിത്രത്തിലെ ആറ് സുവര്‍ണ ഘട്ടങ്ങള്‍ എന്ന കൃതിയില്‍ സവര്‍ക്കര്‍ വെട്ടിത്തുറന്നു പറയുന്നുണ്ട്. മുസ്‌ലിംകള്‍ വരുത്തിവെച്ച കളങ്കം എന്തെന്നല്ലേ, മനുഷ്യത്വഹീനമായ ജാതിവ്യവസ്ഥയുടെ പ്രഹരശേഷിയെ അവര്‍ ഒരു പരിധിവരെ കുറച്ചുകളഞ്ഞു! അത് മനസ്സിലാകണമെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ട് ഏതാണ്ട് അവസാനം വരെ ദീര്‍ഘകാലം മുസ്‌ലിം ഭരണത്തിലായ ഉത്തരേന്ത്യയിലെയും  മുസ്‌ലിം ഭരണത്തിന്റെ ഭാഗമാകാതിരുന്ന കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജാതിവ്യവസ്ഥയുടെ സ്വഭാവം നോക്കിയാല്‍ മതി. ജാതിവ്യവസ്ഥയുടെ  തീക്ഷ്ണത ഉത്തരേന്ത്യയെ അപേക്ഷിച്ച്  കൂടുതല്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായിരുന്നു. പിന്നെ മുസ്‌ലിം ഭരണത്തില്‍നിന്ന് ശിവജിയുടെ പിന്‍ഗാമികള്‍ 'മോചിപ്പിച്ച' മഹാരാഷ്ട്രയിലും. വടക്കു നിന്നു വന്ന സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് അതുകൊണ്ടാണല്ലോ.
മോദിയുടെ കൊട്ടും കുരവയുമായുള്ള രാമക്ഷേത്ര ശിലാസ്ഥാപനം മുസ്‌ലിംകള്‍ പ്രതീക്ഷിച്ചതു തന്നെയാണ്.  കാരണം പള്ളി തകര്‍ത്തതും സുപ്രീം കോടതിയെക്കൊണ്ട്  അനുകൂലവിധി പുറപ്പെടുവിച്ചതും അതിനു വേണ്ടി തന്നെയാണല്ലോ. പക്ഷേ ഇന്ത്യയിലെ മതേതര കക്ഷികള്‍ എന്ന് അവകാശപ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രാമക്ഷേത്ര ശിലാ സ്ഥാപനത്തോട് സ്വീകരിച്ച നിലപാടാണ് മുസ്‌ലിംകളെ കൂടുതല്‍  വേദനിപ്പിച്ചത്. കോടതിവിധിപ്രകാരം സര്‍ക്കാര്‍ രൂപം നല്‍കുന്ന ഒരു ട്രസ്റ്റാണ് രാമക്ഷേത്രം നിര്‍മിക്കേണ്ടത്. സര്‍ക്കാര്‍ ഇതില്‍ ഒരു മീഡിയേറ്റര്‍ മാത്രമാണ്. എന്നാല്‍ എല്ലാ വിഭാഗം ജനങ്ങളെയും തുല്യമായി കാണുമെന്ന് സത്യപ്രതിജ്ഞ ചെയ്ത  ഒരു സര്‍ക്കാര്‍ ക്ഷേത്ര നിര്‍മാണം ഔദ്യോഗിക പരിപാടിയാക്കിയതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി ചോദ്യം ചെയ്യണമായിരുന്നു. പക്ഷേ അതുണ്ടായില്ല എന്നു മാത്രമല്ല, ചിലര്‍ പരസ്യമായും മറ്റു ചിലര്‍ മൗനത്തിലൂടെയും അതിനെ പിന്തുണക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസാകട്ടെ ഒരു പടി കൂടി കടന്ന് തങ്ങളെ ചടങ്ങിന് വിളിക്കാത്തതില്‍ പരിഭവിക്കുകയും ചെയ്തു. 
മുസ്‌ലിംകളില്‍നിന്ന് കവര്‍ന്നെടുത്ത ഭൂമിയില്‍ പണിയാന്‍ പോകുന്ന രാമക്ഷേത്രത്തെ  ദേശീയ ഐക്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും സ്മാരകമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി  വിശേഷിപ്പിച്ചത് മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം മുറിവില്‍ ഉപ്പ് പുരട്ടിയതിന് തുല്യമായി. കാരണം ഒരു സമുദായമെന്ന നിലയില്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളവും കോണ്‍ഗ്രസ് അവകാശപ്പെടുന്ന മതേതര ഇന്ത്യയെ സംബന്ധിച്ചേടത്തോളവും പള്ളി പൊളിച്ച ഭൂമിയിലെ രാമക്ഷേത്രം ദേശീയ അനീതിയുടെ സ്മാരകമാണ്. ഒരു രാഷ്ട്രം അതിലെ ന്യൂനപക്ഷത്തോട് ചെയ്ത മഹാ അനീതിയുടെ സ്മാരകമായിട്ടായിരിക്കും നീതിബോധമുള്ള ലോകം അതിനെ എക്കാലവും കാണുക. 1992-ല്‍ പള്ളി പൊളിക്കപ്പെട്ടപ്പോള്‍ ഇന്ത്യയിലെ ബി.ജെ.പി ഒഴികെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും  ബുദ്ധിജീവികളുമെല്ലാം അത് അനീതിയാണെന്നും പള്ളി അതേ ഭൂമിയില്‍ പുനഃസ്ഥാപിച്ചാല്‍ മാത്രമേ ഇന്ത്യന്‍ മതേതരത്വത്തിനേറ്റ തിരാക്കളങ്കം മായ്ക്കപ്പെടൂ എന്നും പറഞ്ഞത് എല്ലാവരും ഇപ്പോള്‍ സൗകര്യപൂര്‍വം മറന്നു. ബാബരി മസ്ജിദ് തകര്‍ക്കുന്നത് നിസ്സംഗമായി നോക്കിനിന്ന അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു പോലും പള്ളി പുനര്‍നിര്‍മിക്കും എന്ന് ഇന്ത്യക്ക് ഉറപ്പു നല്‍കിയതാണ്. ബാബരി മസ്ജിദിന്റെ കാര്യത്തില്‍ അനീതിയുണ്ടായി എന്ന് ബോധ്യമായതുകൊണ്ടാണല്ലോ  കോണ്‍ഗ്രസ് പ്രസിഡന്റായ സോണിയാ ഗാന്ധി മുസ്‌ലിംകളോട് മാപ്പു പറഞ്ഞത്. പള്ളി പുനര്‍നിര്‍മിക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് പിന്നീട് ഒന്നും പറഞ്ഞില്ല എന്നതു പോകട്ടെ, എങ്ങനെയാണ് കോണ്‍ഗ്രസിന് പള്ളിയുടെ ഭൂമിയില്‍ നിര്‍മിക്കപ്പെടുന്ന ക്ഷേത്രം ദേശീയ ഐക്യത്തിന്റെ സ്മാരകമാവുക? ശശി തരൂര്‍ അതിന് പറയുന്ന ന്യായം കോണ്‍ഗ്രസ് ഒരിക്കലും രാമക്ഷേത്രത്തെ എതിര്‍ത്തിട്ടില്ല എന്നാണ്. മുസ്‌ലിംകളും രാമക്ഷേത്രത്തെ എതിര്‍ത്തിട്ടില്ലല്ലോ. മുസ്‌ലിം പള്ളി ബലാല്‍ക്കാരം തകര്‍ത്ത് അവിടെ ആരാണോ തകര്‍ത്തത് അവര്‍ ക്ഷേത്രം പണിയുന്നതിനെയാണ് അവര്‍  അനീതിയെന്ന് പറയുന്നത്. അയോധ്യയിലെ വഖ്ഫ് ഭൂമി ഒഴികെ മറ്റെവിടെ രാമക്ഷേത്രം  പണിയുന്നതിന് മുസ്‌ലിംകളാരും എതിരല്ല.
മുസ്‌ലിംകളില്‍നിന്ന് ബലാല്‍ക്കാരം കവര്‍ന്നെടുത്ത വഖ്ഫ് ഭൂമിയില്‍ നിര്‍മിക്കപ്പെടുന്ന രാമക്ഷേത്രത്തെ കോണ്‍ഗ്രസ് അടക്കമുള്ള മതേതരത്വം അവകാശപ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രിയങ്കാ ഗാന്ധി നിരീക്ഷിച്ചതുപോലെ ദേശീയ ഐക്യത്തിന്റെ സ്മാരകമായിട്ടാണ് കാണുന്നതെങ്കില്‍  ഒരു ചോദ്യം ന്യായമായും മുസ്‌ലിംകള്‍ക്ക് അവരോട്  ചോദിക്കാനുണ്ട്; ഇന്ത്യന്‍ ദേശീയതക്ക് മതമില്ലെന്ന നിങ്ങളുടെ അവകാശവാദം അപ്പോള്‍ കപടമായിരുന്നുവോ എന്ന  ചോദ്യം. ബി.ജെ.പിയെ പോലെ ഈ അനീതിയെ ദേശീയ സ്മാരകമായിട്ടാണ് നിങ്ങളും കാണുന്നതെങ്കില്‍ സംശയമില്ല, ഇന്ത്യന്‍  ദേശീയതക്ക് മതമില്ലെന്ന നിങ്ങളുടെ അവകാശവാദം വ്യാജമാണെന്നും തെറ്റാണെന്നും സംഘ് പരിവാറിനെ പോലെ  അനീതിയെ സ്ഥാപനവല്‍ക്കരിച്ച ബ്രാഹ്മണ വംശീയതയെ  ദേശീയതയുടെ മതമായി നിങ്ങളും അംഗീകരിക്കുന്നുവെന്നും കരുതേണ്ടിവരും. ഈ കാപട്യം തന്നെയാണ് ബാബരി മസ്ജിദ് വിഷയത്തിലെ കോടതിവിധിയിലൂടെയും പുറത്തായത്. അതായത്, ക്ഷേത്രം പൊളിച്ചല്ല ബാബരി മസ്ജിദ് നിര്‍മിച്ചതെന്നും പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് നിയമവിരുദ്ധമാണെന്നും പള്ളി പൊളിച്ചത് ക്രിമിനല്‍ കുറ്റകൃത്യമാണെന്നും തുറന്നു പറഞ്ഞു കൊണ്ടു തന്നെയാണല്ലോ സുപ്രീം  കോടതി പള്ളിയുടെ ഭൂമി  കൈയേറ്റക്കാര്‍ക്ക് വിട്ടുകൊടുത്തത്. സത്യാനന്തര കാലത്തെ കോടതി എങ്ങനെയാണ് ഭൂരിപക്ഷ മതാധികാരത്തിന് കീഴടങ്ങുന്നത് എന്നതിനെ കുറിച്ച നല്ലൊരു സ്റ്റഡി മെറ്റീരിയലാണ് ബാബരി മസ്ജിദ് - രാമജന്മഭൂമി തര്‍ക്കത്തിലെ കോടതി വ്യവഹാരങ്ങള്‍. കാരണം ബാബരി മസ്ജിദ് വിഷയത്തില്‍ നീതി തേടി ബാബരി മസ്ജിദില്‍ വിഗ്രഹം ഒളിച്ചുകടത്തിയ 1949  മുതല്‍ മുസ്‌ലിംകള്‍ കോടതി വരാന്തകള്‍ കയറിയിറങ്ങുന്നുണ്ട്. എന്നാല്‍ അന്നൊന്നും യാതൊരു തീരുമാനവും എടുക്കാതെ ഒടുവില്‍ പൊതുബോധത്തെ കൂട്ടുപിടിച്ച് നിരപരാധിയായ അഫ്‌സല്‍ ഗുരുവിനെപ്പോലെ ബാബരി മസ്ജിദിനും തൂക്കുകയര്‍ വിധിക്കുകയായിരുന്നല്ലോ സുപ്രീം കോടതി. ഭരണകൂടത്തിന്റെ ഇംഗിതം വിധിയായി പുറപ്പെടുവിക്കുന്ന കംഗാരു കോടതികളായി ഇന്ത്യയിലെ നീതിന്യായ സംവിധാനം മാറുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇതെല്ലാം. 
ഹിന്ദുത്വ വംശീയവാദികളും മതേതരവാദികളും ഒരുപോലെ പ്രചരിപ്പിച്ചിരുന്ന ഒന്നാണ്, ഏകശിലാത്മകമെന്ന് അവര്‍ കരുതുന്ന സെമിറ്റിക് മതങ്ങളെ അപേക്ഷിച്ച്  ഹിന്ദുമതം സഹിഷ്ണുതയുടെ മതമാണ് എന്നത്.  ഇത് ശരിയായിരുന്നുവെങ്കില്‍ മറ്റൊരു മതത്തിന്റെ ആരാധനാലയം ബലാല്‍ക്കാരം പൊളിച്ചുകളഞ്ഞ സ്ഥലത്ത്  മര്യാദാ പുരുഷോത്തമനായി വിശേഷിപ്പിക്കപ്പെടുന്ന രാമന് ഒരു ക്ഷേത്രം വേണ്ട എന്ന് പറഞ്ഞ് ഹിന്ദുമതത്തിലെ ആചാര്യന്മാരോ സാധാരണക്കാരോ രംഗത്തു വരേണ്ടിയിരുന്നു. അതില്ലാതെ പോകുന്നത് ഹിന്ദുത്വം എന്ന സംഘ് പരിവാര്‍ വംശീയ മതം അവരെ സ്വാധീനിച്ചതുകൊണ്ടോ അല്ലെങ്കില്‍ ഭയം അവരെ വേട്ടയാടുന്നതുകൊണ്ടോ ആണ്. അതേസമയം യാതൊരു താരതമ്യവും ഇല്ലാതിരുന്നിട്ടും തുര്‍ക്കിയിലെ അയാ സോഫിയയില്‍ വീണ്ടും ബാങ്കൊലി ഉയര്‍ന്നപ്പോള്‍ അതിനെ അനുകുലിച്ചു മാത്രമല്ല എതിര്‍ത്തും ഒട്ടേറെ ശബ്ദങ്ങള്‍ മുസ്‌ലിംകളില്‍നിന്ന് ഉയര്‍ന്നുവന്നിരുന്നല്ലോ; മതേതര മുസ്‌ലികളില്‍നിന്നല്ല മതവാദി മുസ്‌ലിംകളില്‍ നിന്നു തന്നെ. അയാ സോഫിയയെ തള്ളിപ്പറയാന്‍ മുസ്‌ലിംകളെ ഉദ്‌ബോധിപ്പിക്കുന്ന ഇന്ത്യയിലെ ഒരു മതേതരവാദിയും ആക്രമിച്ച് കീഴടക്കിയ ഭൂമിയിലെ രാമക്ഷേത്ര നിര്‍മാണത്തെ തള്ളിപ്പറയാന്‍ ഹിന്ദുസമൂഹത്തെ ഉദ്‌ബോധിപ്പിക്കുന്നതും നാം കണ്ടില്ല. മറ്റൊരു കാപട്യമാണ് അതിലൂടെ തുറന്നു കാട്ടപ്പെട്ടത്. 
ഇന്ത്യയിലെ മതേതരത്വവും ദേശീയത പോലെ തന്നെ ഭൂരിപക്ഷ മതാധികാരത്തിന് കീഴ്‌പ്പെട്ടിരിക്കുന്നുവെന്നത്  ബാബരി മസ്ജിദ് പ്രശ്‌നം, ശരീഅത്ത് സംരക്ഷണം, കശ്മീരിന്റെ പ്രത്യേക പദവി, മുസ്‌ലിംകളുടെ രാഷ്ട്രീയ കര്‍തൃത്വം തുടങ്ങിയവയോടെല്ലാമുള്ള മതേതര കക്ഷികളുടെ നിലപാടില്‍നിന്ന് നേരത്തേതന്നെ വ്യക്തമായ കാര്യമാണ്. മുസ്‌ലിം വ്യക്തി നിയമത്തിന്റെ സംരക്ഷണം ഭരണഘടന ഉറപ്പു നല്‍കിയതും ഇന്ത്യയിലെ മറ്റൊരു സമുദായത്തെയും ബാധിക്കാത്തതും മുസ്‌ലിംകളുടെ മാത്രം പ്രശ്‌നവുമായിരുന്നു. എന്നിട്ടും മുസ്‌ലിംകളുടെ ആവശ്യം മാനിച്ച് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഒരു ബില്ലിലൂടെ അത് ഉറപ്പു വരുത്തിയപ്പോള്‍ അതിനെതിരെ  സംഘ് പരിവാര്‍  ഉയര്‍ത്തിയ ആക്ഷേപവും വര്‍ഗീയ പ്രീണനാരോപണവും ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗവും ഏറ്റുപിടിച്ചപ്പോള്‍ അതുണ്ടാക്കിയ സമ്മര്‍ദമാണ് രാജീവ് ഗാന്ധിയെ ബാബരി മസ്ജിദിന്റെ പൂട്ട് തുറന്നുകൊടുക്കുന്നതിലേക്ക് നയിച്ചത്. കോണ്‍ഗ്രസിനെ തന്നെ തകര്‍ത്ത ചൂതാട്ടമായി അത് കലാശിച്ചത് പില്‍ക്കാല ചരിത്രം. 
ബാബരി മസ്ജിദിന് വേണ്ടിയുള്ള മുസ്‌ലിംകളുടെ മുറവിളിയെ നീതിക്കു വേണ്ടിയുള്ള അപേക്ഷയായി ഇന്ത്യയിലെ ഒരു മതേതതര കക്ഷിയും കണ്ടില്ല. ഇതില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ നിലപാടിലെ വൈരുധ്യാത്മകതയാണ് ബഹുരസം. ബാബരി മസ്ജിദ് ഒരു മതേതര പ്രശ്‌നമാണ് എന്നായിരുന്നു എന്നത്തെയും പോലെ അന്നത്തെയും അവരുടെ വായ്ത്താരി. എന്നാല്‍  മുസ്‌ലിംകള്‍ അതിനു വേണ്ടി രംഗത്തിറങ്ങിയാലോ, അത് വര്‍ഗീയതയും! ഇടതുപക്ഷ പാര്‍ട്ടികളുടെയും അവരുടെ മെഗഫോണുകളോ സഹയാത്രികരോ ആയ  അള്‍ട്രാ  സെക്യുലരിസ്റ്റുകളുടെയും ഈ വൈരുധ്യാത്മക നിലപാട് ഇന്ത്യയില്‍ സംഘ് പരിവാറിന് അനുകൂലമായ പൊതുബോധം രൂപപ്പെടുത്തുന്നതില്‍ എത്രമാത്രം പങ്കു വഹിച്ചു എന്നത് പ്രത്യേകം പഠിക്കപ്പെടണ്ട വിഷയമാണ്. ബാബരി മസ്ജിദ് നീതിയുടെ പ്രശ്‌നമല്ല, കേവലം ഒരു പള്ളിയുടെ പ്രശ്‌നമല്ലേ എന്ന ഒരു ക്ഷമാപണ ചിന്ത അനീതിക്കിരയായ സമുദായത്തില്‍ വളര്‍ത്താന്‍ വരെ  മതേതര പാര്‍ട്ടികള്‍ അതിനോട് സ്വീകരിച്ച ഈ  സമീപനം കാരണമായിട്ടുണ്ട്.
മുമ്പ് ബി.ജെ.പിയെ തീണ്ടാപ്പാടകലെ നിര്‍ത്താന്‍ മതേതര പാര്‍ട്ടികളെ പ്രേരിപ്പിച്ചത് പ്രധാനമായും അവരുടെ  മൂന്ന് അജണ്ടകളായിരുന്നു. പള്ളി തകര്‍ത്ത് രാമക്ഷേത്രം പണിയല്‍, കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്നതിന് ഉപാധിയായി ആ പ്രദേശത്തുകാര്‍ക്ക് ഭരണഘടനയിലൂടെ രാഷ്ട്രം ഉറപ്പുനല്‍കിയ 370-ാം വകുപ്പ് എടുത്തുകളയല്‍, ഏക സിവില്‍ കോഡ് - ഇതില്‍ രണ്ടെണ്ണത്തിന്റെ കാര്യം തീരുമാനമായി. മിക്ക മതേതര പാര്‍ട്ടികളെയും അത് രണ്ടും  അലോസരപ്പെടുത്തിയില്ല. ഇനി ബാക്കിയുള്ള ഏക സിവില്‍ കോഡ് കൊണ്ടുവന്നാല്‍ അത് തീരെയും മതേതര പാര്‍ട്ടികളേയോ മതേതരത്വത്തെയോ അലോസരപ്പെടുത്തുകയില്ല. കാരണം മറ്റ് രണ്ടില്‍നിന്ന് ഭിന്നമായി ഏക സിവില്‍ കോഡ് അവരെ സംബന്ധിച്ചേടത്തോളം ഒരു മതേതര ആവശ്യമാണ്.
അതിനാല്‍ മുസ്‌ലിംകള്‍ അവരുടെ അജണ്ട സ്വയം തീരുമാനിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം ഹിന്ദുത്വ ഫാഷിസം നശിപ്പിക്കുന്നത് മുസ്‌ലിംകളെ മാത്രമല്ല രാജ്യത്തെ തന്നെയാണ്. മുസ്‌ലിംകള്‍ മാത്രമല്ല ഇവിടത്തെ പിന്നാക്ക-ദലിത്-ആദിവാസി വിഭാഗങ്ങളും ഹിന്ദുത്വ വംശീയതയുടെ ഇരകളാണ്. താല്‍ക്കാലികമായി സംഘ് പരിവാര്‍ അവരെ മുസ്‌ലിംകള്‍ക്കെതിരെ 'ചേര്‍ത്തു' പിടിക്കുന്നുണ്ടാകും. ഈ വഞ്ചന അവരെ ബോധ്യപ്പെടുത്തലും മുസ്‌ലിംകളുടെ ബാധ്യതയാണ്. അതിന് പ്രസംഗമോ എഴുത്തോ മതിയാവുകയില്ല. മുസ്‌ലിം സമൂഹത്തിന്റെ എല്ലാ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ, സേവന പ്രവര്‍ത്തനങ്ങളിലും അവരെയും പങ്കാളിയാക്കണം. അതിന് നമ്മുടെ സമീപനങ്ങളില്‍ വല്ല മാറ്റവും വേണ്ടതുണ്ടെങ്കില്‍ അതും വരുത്തേണ്ടതാണ്. ഹിന്ദു മതത്തിലെ ജാതിവ്യവസ്ഥയുടെ ഏറ്റവും ചെറിയ സ്വാധീനമെങ്കിലും മുസ്‌ലിംകളില്‍ ഉണ്ടെങ്കില്‍ അതു കുടഞ്ഞെറിഞ്ഞേ തീരൂ. ഇസ്‌ലാമിനെ ആര്‍ക്കാണോ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് അവര്‍ക്ക് ഈ വിമോചന പ്രത്യയശാസ്ത്രം മനസ്സിലാക്കാന്‍ നമ്മുടെ സമീപനം തടസ്സമായിക്കൂടാ. ചരിത്രത്തില്‍  മുസ്‌ലിംകള്‍ സ്വത്വപ്രതിസന്ധി നേരിട്ട ഒരു ഘട്ടത്തിലും അവര്‍ ഒരിക്കലും തങ്ങളിലേക്ക് മാത്രം ചുരുണ്ടുകൂടിയിട്ടില്ല. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം  വരെ കൊളോണിയല്‍ ഇന്ത്യയില്‍ മുസ്‌ലിംകള്‍ മുഖ്യധാരാ രാഷ്ട്രീയം കൈകാരും ചെയ്തത് ശക്തമായ സ്വത്വപ്രതിസന്ധി നേരിട്ടുകൊണ്ടുതന്നെയാണ്. ഇസ്‌ലാമിലേക്ക് വലിയ രീതിയിലുള്ള ആദര്‍ശ പരിവര്‍ത്തനം നടന്നതും ഈ കാലത്താണ്. സംവാദം അടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ട് മുസ്‌ലിം മതപണ്ഡിതന്മാരുടെ മുന്‍കൈയില്‍ ബോധപൂര്‍വമായ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളും അന്ന് നടന്നിരുന്നു. ഇള്ഹാറുല്‍ ഹഖ് എന്ന വിശ്രുത ഗ്രന്ഥത്തിന്റെ കര്‍ത്താവായ റഹ്മത്തുല്ലാ കൈറാനവി, സനാഉല്ലാ അമൃത്‌സരി, കേരളത്തില്‍ സനാഉല്ലാ മഖ്ദി തങ്ങള്‍ തുടങ്ങിയവരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അതില്‍ എടുത്തുപറയേണ്ടവയാണ്. അതേസമയം സ്വന്തമായ രാഷ്ട്രീയ- സാമ്പത്തിക-സാംസ്‌കാരിക ശാക്തീകരണവും അതിനിടയില്‍ ഒട്ടും അവഗണിക്കപ്പെട്ടുപോകാനും പാടില്ല.  
ഒരു ബാബരി മസ്ജിദ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ല. അത് മറന്നുകളയണമെന്ന് പറയുകയല്ല. രാഷ്ട്രം മുസ്‌ലിം സമുദായത്തോടു ചെയ്ത ഈ  കൊടിയ അനീതിയെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടേ അവര്‍ ഏതൊരു അജണ്ടയും രൂപപ്പെടുത്താവൂ. ആ ഓര്‍മ അടുത്ത  തലമുറകളിലേക്ക് കൈമാറുകയും വേണം. കാരണം, ഓര്‍മ ഫാഷിസത്തിനെതിരായ കലാപം കൂടിയാണ്. മറ്റുള്ളവരുടെ അജണ്ടക്കനുസരിച്ച് അനീതിയെ മറക്കണമെന്ന് സമുദായത്തെ ഉപദേശിക്കുന്നവര്‍ സമുദായത്തിന്റെ ആത്മാഭിമാനത്തിലാണ് കൈവെച്ചിരിക്കുന്നത്. സ്വന്തം ആദര്‍ശവും സാമുദായിക വ്യക്തിത്വവും ആരുടെ മുന്നിലും അടിയറ വെക്കാത്ത അതിജീവനമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ തേടുന്നത്. കാരണം ഗംഗാ-യമുന തഹ്ദീബ് അഥവാ ഗംഗാ-യമുന സംസ്‌കാരം എന്ന പേരില്‍ അറിയപ്പെടുന്ന ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരം മുസ്‌ലിംകളുടെ സംഭാവനകള്‍ കൂടി ചേര്‍ന്നതാണ്. അതിന്റെ ചിഹ്നങ്ങളും അടയാളങ്ങളും ഒന്നൊന്നായി കൈവിട്ടാല്‍ അവര്‍ ചരിത്രവും സംസ്‌കാരവും ഇല്ലാത്ത ജനതയായി മാറും. അപ്പോള്‍ വംശീയ ഉന്മൂലനം എളുപ്പമാകും. ഒരു ബാബരിയില്‍ അവസാനിക്കുന്നതല്ല ഈ ചരിത്രധ്വംസനം. അത് മധുര ഈദ്ഗാഹിലേക്കും വാരാണസി ഗ്യാന്‍വാപിയിലേക്കും പിന്നെ താജ്മഹലിലേക്കും ചെങ്കോട്ടയിലേക്കും ജമാ മസ്ജിദിലേക്കുമെല്ലാം നീളാനുള്ളതാണ്. 
അതിനാല്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അധ്യക്ഷന്‍ മൗലാന മുഹമ്മദ് റാബിഅ് ഹസനി  നദ്‌വി ചൂണ്ടിക്കാണിച്ചപോലെ അയോധ്യയിലെ ബാബരി മസ്ജിദിന്റെ ഭൗതിക സാന്നിധ്യമേ ഇല്ലാതായിട്ടുള്ളൂ.  മുസ്‌ലിം ഇന്ത്യയുടെ മനസ്സില്‍നിന്ന് ബാബരിയെ ഒരിക്കലും പറിച്ചുമാറ്റാനാവില്ല.  പല കപട നാട്യങ്ങളും വലിച്ചു ചീന്തപ്പെട്ട ഇന്ത്യയില്‍  വരുംകാല മുസ്‌ലിം രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത് ഇരമ്പുന്ന ആ ഓര്‍മകളായിരിക്കും. നല്ല രാഷ്ട്രീയ ബോധവും വിദ്യാഭ്യാസവും സമരവീര്യവും സേവന സന്നദ്ധതയുമുള്ള  യുവാക്കളുടെ അനുപാതം കൂടിയ സമുദായമാണ് മുസ്‌ലിംകള്‍. ആരെയും കാത്തുനില്‍ക്കാതെ പൗരത്വസമരം തുടങ്ങിവെച്ചത് അവരാണ്. അവര്‍ക്ക് ദിശാബോധം നല്‍കുക എന്ന വലിയ ഉത്തരവാദിത്തമാണ് മുസ്‌ലിം രാഷ്ട്രീയ - മത നേതൃത്വങ്ങള്‍ക്ക് ചെയ്യാനുള്ളത്. നിരാശ ഒന്നിനും പരിഹാരമല്ല. താര്‍ത്താരികളിലൂടെ എല്ലാം അവസാനിച്ചുവെന്ന് തോന്നിയേടത്തുനിന്നാണ് ഇസ്‌ലാം  ഏഷ്യാ മൈനറും യൂറോപ്യന്‍ ഭാഗങ്ങളും അടങ്ങിയ തുര്‍ക്കിയില്‍ ഉസ്മാനികളിലുടെയും, തുര്‍ക്കി-അഫ്ഗാന്‍-മംഗോള്‍ വംശജരിലൂടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും വലിയ ആത്മീയ-രാഷ്ട്രീയ ശക്തിയായി പുനര്‍ജനിച്ചത്. ഇസ്‌ലാമിക ലോകത്തെ തകര്‍ത്തു തരിപ്പണമാക്കിയ, ക്രൂരതക്കു പേരുകേട്ട താര്‍ത്താരികളുടെ പിന്‍ഗാമികളാണ് ഇന്ത്യയില്‍ ഏറ്റവും സുശക്തമായ മുസ്‌ലിം സാമ്രാജ്യം കെട്ടിപ്പടുത്ത മുഗളര്‍ എന്ന് കൂടി ഓര്‍ക്കുക. ചെങ്കിസ് ഖാനില്‍നിന്നും ഹോലാക്കു ഖാനില്‍നിന്നും സഹീറുദ്ദീന്‍ മുഹമ്മദ് ബാബറിലേക്കും മുഹ്‌യിദ്ദീന്‍ ഔറംഗസീബ് ആലംഗീറിലേക്കും അധികം ദൂരമൊന്നുമില്ല.

Comments

Other Post

ഹദീസ്‌

നീതികെട്ട സമൂഹം വരണ്ട പുഴയാണ്
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (29-31)
ടി.കെ ഉബൈദ്‌