Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 14

3163

1441 ദുല്‍ഹജ്ജ് 24

ഈ വീടിന് വേണ്ടാത്തവനാണോ ഞാന്‍?

മെഹദ് മഖ്ബൂല്‍ 

എന്റേതല്ലാത്ത ഒരിടത്താണ് എന്റെ നില്‍പ് എന്ന തോന്നല്‍ നമുക്ക് നല്‍കുന്ന ഭാരം ചെറുതല്ല. ഞാനൊരു വാടകവീട്ടിലാണ് താമസിക്കുന്നതെങ്കില്‍ അത്ര കുറച്ച് സ്വാതന്ത്ര്യമേ ആ വീട്ടില്‍ നമുക്കുള്ളൂ എന്നാണ് അര്‍ഥം. കാരണം ആ വീട് എന്റേതല്ല. അതിന്റെ ഉടമ പറയുന്നതാണ് ആ വീടിനെ സംബന്ധിച്ച് അവസാന വാക്ക്. ആ വീട്ടില്‍ അതിന്റെ ഉടമക്കിഷ്ടമില്ലാത്ത ഒന്നും ചെയ്യാന്‍ അവകാശം കാണില്ല. ഉടമ പറയുമ്പോള്‍ ഇറങ്ങിപ്പോകണമല്ലോ എന്ന തോന്നലിലാകും ജീവിതം. ആ വീടിന്റെ നിറം പോലും ചിലപ്പോള്‍ ഉടമ നിശ്ചയിക്കുന്നതാകും. നമ്മുടെ സ്വാതന്ത്ര്യം ഉടമയെ ചുറ്റിപ്പറ്റിയാണെന്ന് സാരം. അങ്ങനെ ഈ വീടിന് വേണ്ടാത്തവനാണ് താനെന്ന തോന്നലില്‍ ജീവിക്കുക എന്നത് എത്രയേറെ കഷ്ടം നിറഞ്ഞതാകും!
ഒരിടത്ത്, ഒരു പ്രദേശത്ത്, ഒരു രാജ്യത്ത് അത്തരമൊരു തോന്നലില്‍ താമസിക്കുക എന്നാല്‍ അത്രയേറെ അസ്വസ്ഥതകളോടെയുള്ള ഒരു ജീവിതം നാം ശ്വസിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
ഫാത്വിമ ഫര്‍ഹീന്‍ മിര്‍സയുടെ A Place for Us  എന്ന നോവല്‍  അരികുകള്‍ മാത്രം സ്വന്തമായവരുടെ കഥയാണ് പറയുന്നത്.  
ഫാത്വിമ ഫര്‍ഹീന്‍ മിര്‍സ ഇന്ത്യക്കാരിയാണ്. അമേരിക്കയില്‍ താമസമാക്കിയ ഒരു മുസ്‌ലിം കുടുംബമാണ് അവരുടേത്. 
ഒരു കുടുംബം അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളാണ് പുസ്തകത്തില്‍ അക്ഷരമാവുന്നത്. വീടിനകത്തും പുറത്തും വെവ്വേറെ സംസ്‌കാരങ്ങളാണവര്‍ കാണുന്നത്. ഉപ്പയും ഉമ്മയും മൂന്ന് മക്കളുമടങ്ങുന്ന മുസ്‌ലിം കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
മകള്‍ ഹാദിയയോട് അവളുടെ ഉമ്മ പറയുന്നുണ്ട്; 'നിനക്കിപ്പോള്‍ വയസ്സ് ഒമ്പതായി. ഹിജാബ് ധരിക്കേണ്ട പ്രായം. അതു പക്ഷേ ഹിജാബ് ഇടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നീയാണ്' എന്ന്. ഇന്നലെ വരെ ചെയ്യാത്ത ഒരു കാര്യം ഇന്ന് മുതല്‍ ചെയ്യുമ്പോള്‍ കൂട്ടുകാര്‍ എന്തു കരുതും എന്ന ആധിയായിരുന്നു ഹാദിയക്ക്. 
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെടുന്ന കാലവും പുസ്തകത്തിലുണ്ട്. അന്നേരം ഉമ്മ ലൈല ഇന്ത്യയിലായിരുന്നു. ടി.വി ഓണ്‍ ചെയ്യാന്‍ അവരാണ് അമേരിക്കയിലുള്ള ഭര്‍ത്താവ് റഫീഖിനോട് വിളിച്ചു പറയുന്നത്. ഭീകരാക്രമണം നടന്നു എന്ന വാര്‍ത്തയാണ് അവര്‍ കാണുന്നത്. അത് ചെയ്തത് മുസ്‌ലിംകളാകരുതേ എന്നവര്‍ അന്നേരം ഉള്ളുരുകി പ്രാര്‍ഥിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ മുസ്‌ലിംകളുടെ പേരുകളായിരുന്നു ടി.വിയില്‍ എഴുതിക്കാണിച്ചത്. ഇതുകണ്ട് അവരെല്ലാം ഭയന്നു വിറച്ചു. ഇനിയെന്തെല്ലാം സംഭവിക്കുമെന്ന ഭീതിയായിരുന്നു അവര്‍ക്ക്. അന്ന് സ്‌കൂളിലേക്ക് കുട്ടികളെ വിട്ടില്ല, ഉപ്പ റഫീഖ്. രാത്രി മക്കളായ ഹാദിയയോടും ഹുദയോടും ബാബ പറഞ്ഞു; 'നാളെ നിങ്ങള്‍ സ്‌കൂളില്‍ പൊയ്‌ക്കോ, പക്ഷേ ഹിജാബ് ധരിക്കേണ്ട'. 
എന്തൊക്കെയോ സംഭവിക്കുന്നു എന്ന് മനസ്സിലാക്കി ഹുദ കരയാന്‍ തുടങ്ങി. ഹാദിയ അനിയത്തിയെ സമാധാനിപ്പിച്ചു. എന്നിട്ട് ഉപ്പയോട് ചോദിച്ചു; 'ഇങ്ങനെയൊക്കെ ഭയക്കാന്‍ അതിന് നമ്മളെന്ത് തെറ്റ് ചെയ്തിട്ടാണ് ഉപ്പാ'.
മകന്‍ അമര്‍ ഇതെല്ലാം കണ്ട് തരിച്ചുനില്‍ക്കുകയായിരുന്നു. ആക്രമണം നടത്തിയവരോട് അവന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.
പിറ്റേന്ന് ബാബ അവരെ സ്‌കൂളില്‍ കൊണ്ടു ചെന്നാക്കി. തല താഴ്ത്തി അധികമാരുടെയും ശ്രദ്ധയില്‍ പെടാത്ത വിധമാണ് അവര്‍ നടന്നത്.
എന്നിട്ടും അന്ന് അമറിനെ കൂട്ടുകാര്‍ ഒരു റൂമില്‍ പൂട്ടിയിട്ട് തല്ലി, ഭീകരവാദിയെന്ന് വിളിച്ചു.
നീ നിന്റെ രാജ്യത്തേക്കെന്താണ് പോകാത്തതെന്ന് അവനെ തള്ളിയിട്ടുകൊണ്ട് ഗ്രാന്റ് ചോദിച്ചു. ഇതെന്റെ രാജ്യമാണെന്ന് അമര്‍ വിക്കലോടെ പറഞ്ഞു. 
നിന്റെ ഡാഡ് ഒരു ഭീകരവാദിയാണെന്ന് ബ്രാന്‍ഡ് അമറിനോട് വാദിച്ചു. ശരിയല്ലേ എന്ന മട്ടില്‍ മാര്‍ക്കിനെ നോക്കിക്കൊണ്ടാണത് പറഞ്ഞത്. 
മാര്‍ക്ക് അമറിന്റെ സുഹൃത്താണ്. അവര്‍ രണ്ടുപേരും ഉപ്പയുമായി പന്തു തട്ടി കളിക്കാറുണ്ടായിരുന്നു. അമറിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അവന്‍. ബാബയാണ് അമറിനേയും മാര്‍ക്കിനെയും ന്യൂമൂണ്‍ നോക്കാന്‍ പഠിപ്പിച്ചത്.
ഞങ്ങളൊന്നും ഭീകരവാദികളല്ലെന്ന് മാര്‍ക്ക് പറയും എന്നായിരുന്നു അമര്‍ കരുതിയത്.
എന്നാല്‍ അമറിന്റെ ഉപ്പയെ കണ്ടാല്‍ തന്നെ ഭീകരവാദിയാണെന്ന് മനസ്സിലാകും എന്നായിരുന്നു മാര്‍ക്ക് പറഞ്ഞത്. അതുകേട്ടയുടനെ മാര്‍ക്കിനെ തള്ളിയിട്ടു അമര്‍. പിന്നീട് ആകെ വഴക്കാകുകയും ഒടുക്കം അമര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാവുകയും ചെയ്യുന്നു.
തന്റെ ഉപ്പയോട് താടി വടിക്കുമോ എന്ന് സങ്കടത്തോടെ ചോദിക്കുന്നുണ്ട് അമര്‍.
ഇങ്ങോട്ട് വരാന്‍ പാടില്ലാത്ത, വേറേതോ രാജ്യത്തോ കാലത്തോ വളരേണ്ടവനാണോ  താന്‍ എന്ന തോന്നലുണ്ടാക്കുന്ന ആഘാതങ്ങളും വേദനകളും എത്ര ആഴം നിറഞ്ഞതാണ്! ആ ആഴങ്ങളിലൂടെ ചില നേരങ്ങളില്‍ സഞ്ചരിക്കുന്നുണ്ട് ഫാത്വിമ ഫര്‍ഹീന്‍ മിര്‍സ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (25-28)
ടി.കെ ഉബൈദ്‌