Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 14

3163

1441 ദുല്‍ഹജ്ജ് 24

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക്

സി.എച്ച് അബ്ദുര്‍റഹീം

കോവിഡ് കാലത്ത് കേരളത്തിലെ ദൃശ്യ-പത്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്നവരാണ് പ്രവാസികള്‍. പുറംരാജ്യങ്ങളില്‍ കഴിയുന്ന കേരളക്കാര്‍ ഈ മഹാമാരിയുടെ വ്യാകുലതയില്‍ ഏറ്റവും വേഗം നാടണയാന്‍ ആഗ്രഹിക്കുമ്പോള്‍ ഭരണകൂടങ്ങള്‍ തടസ്സവാദങ്ങള്‍ നിരത്തുകയാണ്. കേരളത്തേക്കാള്‍ താരതമ്യേന രോഗപ്രസരണം കൂടുതലുള്ള അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ ഇവിടെ രോഗം പരത്തും എന്ന ഭീതിയാണ് അവരുടെ തിരിച്ചുവരവിന് അനാവശ്യ തടസ്സവാദങ്ങള്‍ ഉന്നയിക്കാനുള്ള പ്രേരണ. ഇങ്ങനെ അയിത്തം അടിച്ചേല്‍പിക്കപ്പെടേണ്ടവരാണോ പ്രവാസികള്‍? 24 ലക്ഷത്തില്‍ കവിയുന്ന കേരള പ്രവാസികള്‍ കഴിഞ്ഞ അഞ്ചു ദശകത്തില്‍ കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ അര്‍പ്പിച്ച സംഭാവനകള്‍ മാത്രം പരിശോധിച്ചാല്‍ മതി, ഒരടിയന്തര ഘട്ടത്തില്‍ തിരിച്ചുവരേണ്ടിവരുന്ന അവരിലെ ഒരു ചെറിയ വിഭാഗത്തെ അവമതിക്കുന്നതിനു പകരം രണ്ട് കൈയും നീട്ടി സ്വീകരിക്കുകയാണ് വേണ്ടത് എന്ന് മനസ്സിലാക്കാന്‍.
പ്രവാസികളുടെ ഈ സംഭാവന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അഞ്ചു ദശാബ്ദങ്ങളിലധികമായി അവര്‍ ഈ കേരളക്കരയെ സേവിച്ചുകൊണ്ടിരിക്കുന്നു. ബാങ്കിംഗ്, കച്ചവടം, വിദ്യാഭ്യാസം, റിയല്‍ എസ്റ്റേറ്റ്, പാര്‍പ്പിടം, ടൂറിസം, ആരോഗ്യം- അങ്ങനെ സാമ്പത്തിക വളര്‍ച്ചയുടെ ഏതു തലം പരിശോധിച്ചാലും അതില്‍  ഓരോന്നിലും പ്രവാസികളുടെ സംഭാവന അനല്‍പമാണ് എന്നു കാണാം.

അല്‍പം കണക്കുകള്‍
അന്യരാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ക്കാന്‍ തീരെ മടിയില്ലാത്തവരാണ് പണ്ടേ മലയാളികള്‍. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ ബര്‍മയിലും (മ്യാന്മര്‍) സിലോണിലും (ശ്രീലങ്ക) മലായ്‌യിലും (മലേഷ്യ) സിംഗപ്പൂരിലും കേരളീയര്‍ എത്തിയിരുന്നു. സ്വാതന്ത്ര്യാനന്തരം അമേരിക്കയും ഇംഗ്ലണ്ടുമായിരുന്നു അവരെ ആകര്‍ഷിച്ചത്; പ്രത്യേകിച്ച് അഭ്യസ്തവിദ്യരെ. 1970-ഓടു കൂടിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ മലയാളികളുടെ പറുദീസയായത്. കഴിഞ്ഞ അമ്പതു വര്‍ഷം കൊണ്ട് കേരളത്തിലെ മൂന്നിലൊന്ന് കുടുംബങ്ങളില്‍ ഒരാളെങ്കിലും വിദേശത്ത് ജോലിചെയ്യുന്നു. 24 ലക്ഷത്തില്‍ അധികം വരുന്ന പുറംരാജ്യ കേരളക്കാരില്‍ 20 ലക്ഷത്തില്‍പരം, അഥവാ 80 ശതമാനത്തില്‍ അധികം സുഊദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലാണ.് ബാക്കി 20 ശതമാനം അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, മലേഷ്യ, ന്യൂസിലാന്റ് മുതലായ രാജ്യങ്ങളിലും. അക്ഷരാര്‍ഥത്തില്‍ മ്യാന്മര്‍ മുതല്‍ മിയാമി വരെ മലയാളി പ്രവാസികള്‍ പരന്നു കിടക്കുന്നു. ഗള്‍ഫ് രാജ്യങ്ങളുടെയും, അമേരിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങളുടെയും സമ്പദ് ഘടനയില്‍ പല മാറ്റങ്ങള്‍ വന്നിട്ടും, അവിടങ്ങളില്‍ യുദ്ധങ്ങള്‍, സാമ്പത്തിക തകര്‍ച്ച പോലെ  പല സന്ദിഗ്ധ ഘട്ടങ്ങള്‍ കടന്നുപോയിട്ടും, കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ പ്രവാസികളുടെ എണ്ണം നേരെ ഇരട്ടിയായിരിക്കുന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തും. 1990-കളില്‍ 12 ലക്ഷമുണ്ടായിരുന്നത് 2014 ആയപ്പോഴേക്കും 24 ലക്ഷമായി വര്‍ധിച്ചു (അതിനു ശേഷമുള്ള ആധികാരിക കണക്കുകള്‍ ലഭ്യമല്ല). അന്നാടുകളില്‍ തന്നെ ജനിച്ച് മാതാപിതാക്കളോടൊപ്പം താമസിക്കുന്ന കുട്ടികള്‍ കൂടാതെയാണ് ഈ കണക്ക്. ഇതിലും കൂടുതല്‍ കൗതുകകരമായത് കേരളത്തില്‍ ഒരിക്കലെങ്കിലും പ്രവാസികളായവരുടെ എണ്ണം 36.5 ലക്ഷം വരും എന്നതാണ്; ഏകദേശം കേരള ജനസംഖ്യയുടെ 10 ശതമാനം. കേരള ഗവണ്‍മെന്റിന്റെ ഒരു കണക്കു പ്രകാരം കേരളത്തിലെ 941 പഞ്ചായത്തുകളില്‍ ഒന്നൊഴികെ - ഇടുക്കി ജില്ലയിലെ ഇടമല്‍കുറ്റി എന്ന പഞ്ചായത്ത്- ബാക്കി 940 പഞ്ചായത്തുകളിലും പ്രവാസി പ്രാതിനിധ്യമുണ്ട്. കേരളത്തിലെ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കും ഗണ്യമായ പ്രവാസി പ്രാതിനിധ്യമുണ്ട്. 2014-ലെ കണക്കനുസരിച്ച് മൊത്തം പ്രവാസികളില്‍ 41 ശതമാനം മുസ്‌ലിംകളാണെങ്കില്‍ തൊട്ടടുത്ത് 37 ശതമാനം ഹിന്ദുക്കളാണ്. ബാക്കി 22 ശതമാനം ക്രിസ്ത്യാനികളും.

പ്രവാസികളുടെ പണം
കേരളത്തിന്റെ ബജറ്റിലും സാമ്പത്തികാസൂത്രണത്തിലും വികസനത്തിലുമൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട് പ്രവാസികളുടെ പണം. ലോക ബാങ്കിന്റെ 2019-ലെ കണക്കു പ്രകാരം, അക്കൊല്ലം ഇന്ത്യയിലേക്ക് മൊത്തം വന്ന പ്രവാസി പണം 80 ബില്യന്‍ ഡോളറാണ്. അതിന്റെ ഏറ്റവും വലിയ വിഹിതം, 15.5 ബില്യന്‍ ഡോളര്‍ അഥവാ അഞ്ചില്‍ ഒരു വിഹിതം വന്നത് കേരളത്തിലേക്കാണ്, ഏകദേശം ഒരു ലക്ഷം കോടി രൂപ. ഇത് തൊട്ടു മുമ്പത്തെ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 12 ശതമാനം കൂടുതലാണ്. ഇതിന് തൊട്ടുമുമ്പുള്ള ഒരു ഇരുപത് വര്‍ഷത്തെ കണക്കെടുത്താല്‍ പ്രവാസികളുടേതായി കേരളത്തിലെത്തിയ പണം പത്തു ലക്ഷം കോടി രൂപ കവിയും. 2000-ല്‍ കേവലം 15000 കോടി രൂപയായിരുന്നത് 20 കൊല്ലം കൊണ്ട് 2019-ല്‍ ഒരു ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 
കേരളത്തിലെ ഇപ്പോഴത്തെ മൊത്തം ബാങ്ക് നിക്ഷേപം 4.9 ലക്ഷം കോടി രൂപയാണ്. അതില്‍ 1.9 ലക്ഷം കോടി രൂപയും പ്രവാസികളുടെ പണമാണ്. ഏകദേശം 39 ശതമാനം. എന്നുവെച്ചാല്‍ കേരളത്തിന്റെ മൊത്തം ബാങ്കിംഗ് വ്യവസായത്തിന്റെ മൂന്നില്‍ ഒന്നില്‍ കൂടുതലും നിലനില്‍ക്കുന്നത് പ്രവാസികളുടെ നിക്ഷേപം കൊണ്ടാണ്. ഒരു പടികൂടി കടന്നു നോക്കിയാല്‍ കേരളത്തിലുള്ള ബാങ്കുകളിലെ നിക്ഷേപത്തില്‍ ഏകദേശം 65 ശതമാനം മാത്രമേ കേരളത്തിലെ ആവശ്യങ്ങള്‍ക്ക് കടമായി നല്‍കിയിട്ടുള്ളൂ (ബാങ്കുകളുടെ ഇ.ഉ ഞമശേീ കണക്കനുസരിച്ച്). ബാക്കി 35 ശതമാനം മറ്റു സംസ്ഥാനങ്ങളിലാണ് ബാങ്കുകള്‍ കടമായി നല്‍കിയിരിക്കുന്നത്. ഇതില്‍നിന്ന് മനസ്സിലാകുന്നത് കേരളത്തിലെ സമ്പദ് വ്യവസ്ഥയില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളുടെ സാമ്പത്തിക വളര്‍ച്ചയിലും കേരളത്തിലെ പ്രവാസികളുടെ പണം കാര്യമായി ഉപയോഗപ്പെടുന്നു എന്നുള്ളതാണ്. 
ഈ പണത്തിന്റെ ബാഹുല്യം കൂടുതല്‍ മനസ്സിലാക്കണമെങ്കില്‍ കേരളത്തിന്റെ മറ്റു സാമ്പത്തിക സൂചികകളുമായി ഇത് തട്ടിച്ചുനോക്കണം. ഉദാഹരണത്തിന് കേരള സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 35 ശതമാനത്തില്‍ അധികം വരും ഈ പ്രവാസി പണം. കേരള സര്‍ക്കാരിന്റെ മറ്റു റവന്യൂ വരുമാനത്തിന്റെ ഒന്നര ഇരട്ടിയോളവും, കേന്ദ്ര വിഹിതത്തിന്റെ അഞ്ചിരട്ടിയോളവും വരും ഇത്. കൂടാതെ കേരളത്തിന്റെ കയറ്റുമതി വ്യാപാരത്തിന്റെ മര്‍മമെന്ന് പറയുന്ന കശുവണ്ടി, സമുദ്രോല്‍പന്ന വാര്‍ഷിക കയറ്റുമതി മൂല്യത്തിന്റെ ഇരട്ടിയിലധികം വരും പ്രവാസികള്‍ കൊല്ലം തോറും കേരളത്തിലേക്ക് അയക്കുന്ന പണം. എന്തിനധികം, ഒരു കമ്മി സംസ്ഥാനമെന്ന നിലയില്‍ എല്ലാ ആവശ്യങ്ങള്‍ക്കും കടത്തെ ആശ്രയിക്കുന്ന കേരളത്തിന് മൊത്തം കടത്തിന്റെ 60 ശതമാനത്തോളം പ്രവാസികളുടെ പണമായി വര്‍ഷം തോറും ലഭിക്കുന്നു എന്നത് അതിന്റെ സാമ്പത്തിക ഭദ്രതക്ക് അത്യധികം ആശ്വാസകരമാണ്. ഈ പ്രവാസി പണത്തിന്റെ വലുപ്പം കൊണ്ടു തന്നെയാവണം കേരള സമ്പദ് ഘടനയെ വിദഗ്ധര്‍ ഒരു 'മണിയോര്‍ഡര്‍ എക്കോണമി' എന്ന് വിശേഷിപ്പിച്ചത്.  

പണത്തിന്റെ വിനിയോഗം
പ്രവാസികളുടെ പണത്തിന്റെ വരവ് പോലെത്തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്, അവരുടെ പണത്തിന്റെ വിനിയോഗവും. ഇക്കാര്യത്തില്‍ ഗള്‍ഫ് മലയാളികള്‍ പൊതുവെ വിമര്‍ശിക്കപ്പെടാറുണ്ട്. പ്രത്യുല്‍പാദനപരമായ കാര്യങ്ങളില്‍ നിക്ഷേപിക്കാതെ, പണം മുഴുവന്‍ ചെലവാക്കിക്കളയുന്നു എന്നതാണ് പ്രധാന പരാതി. പക്ഷേ അത് മുഴുവന്‍ ശരിയല്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് 2014-ല്‍ വന്ന പ്രവാസി പണമായ 71,142 കോടി രൂപയില്‍ 24,374 കോടി മാത്രമേ - ഏകദേശം മൂന്നിലൊന്ന് - ഗാര്‍ഹിക ആവശ്യത്തിനുള്ള പണമായി വന്നിട്ടുള്ളൂ. ബാക്കി മൂന്നില്‍ രണ്ടും വ്യത്യസ്ത നിക്ഷേപങ്ങള്‍ക്കായിരുന്നു. പക്ഷേ 'ചെലവഴിച്ചു' എന്ന് ഒരു വ്യക്തിയെക്കുറിച്ച് പറയുമ്പോള്‍ വിമര്‍ശനം പ്രസക്തമാണെങ്കിലും, നാടിന്റെ സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ മറിച്ചാണ് സംഭവിക്കുന്നത്. ഒരു ഉപഭോഗ സമൂഹത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കും ആഡംബര സാധനങ്ങള്‍ക്കും ഒക്കെ ഉള്ള ആവശ്യം വര്‍ധിക്കുന്നു. മൊത്തം കച്ചവടത്തില്‍ അതനുസരിച്ച് വര്‍ധനവ് ഉണ്ടാകുന്നു. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവാണ് സര്‍ക്കാര്‍. കാരണം വില്‍പന നികുതിയിലും മറ്റും (ഇപ്പോള്‍ ജി.എസ്.ടി) ഭീമമായ സംഖ്യ ഗവര്‍മെന്റിന് പിരിഞ്ഞുകിട്ടുന്നു.   
ഇതേ പോലെ വിമര്‍ശിക്കപ്പെടുന്ന ഒരു ഇനമാണ് പ്രവാസികളുടെ വീടുപണിയും വീട്ടുസാധനങ്ങളും. പക്ഷേ ഇവിടെയും വ്യക്തിയുടെ ചെലവില്‍ സംസ്ഥാനത്തിന്റെ സമ്പദ് ഘടന ഉത്തേജിപ്പിക്കപ്പെടുന്നതായി കാണാം. പാര്‍പ്പിട പ്രശ്‌നം രാജ്യത്തെ അലട്ടുന്ന ഒരു വലിയ പ്രശ്‌നമാണ്. ആവശ്യത്തിന് പാര്‍പ്പിടങ്ങള്‍ ഇല്ലാത്തതുമൂലം രാജ്യത്തിന്റെ സാമ്പത്തിക സൂചികയും ക്ഷേമസൂചികയും നന്നേ പിറകോട്ടുപോകുന്നു. പക്ഷേ കേരളത്തെ സംബന്ധിച്ചേടത്തോളം ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്രയോ മെച്ചപ്പെട്ട അവസ്ഥയാണ് പാര്‍പ്പിടത്തിന്റെ കാര്യത്തില്‍ ഇവിടെ ഉള്ളത്; അതില്‍ ഗണ്യമായ സംഭാവന പ്രവാസികളുടേതാണ്. 2014-ലെ കണക്കനുസരിച്ച് 'ഭേദപ്പെട്ട പാര്‍പ്പിടം' ഉള്ളവരുടെ എണ്ണം, പ്രവാസികള്‍ തീരെ ഇല്ലാത്ത കുടുംബത്തില്‍ 30 ശതമാനമായിരുന്നെങ്കില്‍ ഒരു പ്രവാസിയുള്ള കുടുംബങ്ങളില്‍ അത് 46 ശതമാനവും, രണ്ട് പേരുള്ളേടത്ത് 53 ശതമാനവും, രണ്ടില്‍ കൂടുതല്‍ ഉള്ള കുടുംബങ്ങളില്‍ 62 ശതമാനവുമായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പ്രവാസികള്‍ ഇല്ലെങ്കില്‍ കേരളത്തിലെ പാര്‍പ്പിടങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞേനെ. ഇത് കൂടാതെ ഈ വീടുകള്‍ പണിയാനുള്ള സിമന്റ്, കമ്പി, സാനിറ്ററി ഫിറ്റിംഗ്‌സ് തുടങ്ങി മറ്റു വീടു പണി സാധനങ്ങളുടെ വ്യാപാരത്തില്‍ നൂറുകണക്കിന് കോടികളുടെ വര്‍ധനവുണ്ടാവുകയും അതിനനുസരിച്ചുള്ള നികുതി വരുമാനം സര്‍ക്കാരിന് ലഭിക്കുകയും ചെയ്യുന്നു.    
72 ശതമാനം പ്രവാസി വീടുകളില്‍ റഫ്രിജറേറ്റര്‍ (ഫ്രിഡ്ജ്) ഉപയോഗിക്കുമ്പോള്‍, പ്രവാസികള്‍ ഇല്ലാത്ത വീടുകളില്‍ അത് വെറും 48 ശതമാനം മാത്രമാണ്. ഈ അന്തരം കാര്‍, ഇരുചക്രവാഹനം, മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ തുടങ്ങിയവയുടെ ഉപയോഗത്തിലുമുണ്ട്. അതുകൊണ്ടാണ് അത്തരം വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം കേരളത്തില്‍  മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലുള്ളത്. സര്‍ക്കാറിന് ഇതിന്റെ നികുതിയിനത്തില്‍ വര്‍ഷം തോറും ലഭിക്കുന്നത് അനേകായിരം കോടി രൂപയാണ്. ഇതോടൊപ്പം ചേര്‍ക്കേണ്ടതാണ് വെയര്‍ഹൗസ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി അനേകം അനുബന്ധ വ്യാപാരങ്ങളിലുള്ള നിക്ഷേപവും നികുതി വരുമാനവും.

നിര്‍മാണ മേഖല

പ്രവാസികളുടെ പണം കൊണ്ട് വളരെയധികം സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുണ്ട് നിര്‍മാണ മേഖലയില്‍. കേരളത്തില്‍ ഇന്ന് ഒരു ഡസനോളം വലിയ നിര്‍മാണ കമ്പനികള്‍ (Real Estate Developers) പ്രവര്‍ത്തിക്കുന്നു. ചെറുകിടക്കാര്‍ പിന്നെയും അനേകമുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കോട്ടയം, കണ്ണൂര്‍ എന്നീ പ്രധാന നഗരങ്ങളിലായി ഒന്നര ലക്ഷം വരെ ഫഌറ്റുകള്‍ ഇതുവരെ പണിതിട്ടുണ്ടെന്നാണ് കണക്ക്. അതില്‍ 60 ശതമാനവും വാങ്ങിയിരിക്കുന്നത് പ്രവാസികളാണ്. ഈ പ്രവാസി ഭവനങ്ങളില്‍ പലതിലും അവര്‍ നേരിട്ട് താമസമില്ലെങ്കിലും, നഗരങ്ങളിലുള്ള ദൂരദേശ താമസക്കാര്‍ക്ക് ഇവയെല്ലാം വാടകക്ക് ലഭിക്കുന്നത് വലിയ അനുഗ്രഹവും പട്ടണങ്ങളിലെ പാര്‍പ്പിട പ്രശ്‌നങ്ങള്‍ക്ക് വലിയൊരു പരിഹാരവുമാണ്.
ഫഌറ്റുകള്‍ കൂടാതെ പ്രവാസികളുടേതായി അനേകം കെട്ടിടങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാം. ചെറുകിട ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, കല്യാണ ഹാളുകള്‍, സിനിമാ ശാലകള്‍, വെയര്‍ ഹൗസുകള്‍ തുടങ്ങി കേരളത്തിന്റെ കച്ചവട-വ്യാപാര ശൃംഖലയുടെ അടിസ്ഥാന സൗകര്യത്തില്‍ നല്ലൊരു ഭാഗം പ്രവാസികളുടെ പണം കൊണ്ടുണ്ടായതാണ്. ഇതില്‍ ഭൂരിപക്ഷവും സാധാരണ പ്രവാസികള്‍ മരുഭൂമിയില്‍ കഠിനാധ്വാനം ചെയ്ത് പണം മിച്ചം വെച്ചതില്‍നിന്ന് പണിതെടുത്തതാണ് എന്ന് കാണുമ്പോള്‍ പ്രവാസി പണത്തിന്റെ വില മനസ്സിലാകും. പല ഗ്രാമപ്രദേശങ്ങളുടെയും മുഖഛായ തന്നെ ഇത്തരം സൗകര്യങ്ങള്‍ കൊണ്ട് മാറിപ്പോയിട്ടുണ്ട.് നമ്മുടെ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും വരുമാനം ഇതുവഴി പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്.   

വിദ്യാഭ്യാസ മേഖല

പ്രവാസികള്‍ ഏറ്റവും പ്രാധാന്യം നല്‍കിയ ഒരു വിഷയമായിരുന്നു അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം. ആദ്യകാല പ്രവാസികളില്‍ - പ്രത്യേകിച്ച് ഗള്‍ഫ് പ്രവാസികളില്‍ - ബഹുഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസമില്ലാത്തവരായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ക്ക് ലഭിച്ച ജോലിയും അതിനനുസരിച്ചുള്ളതായിരുന്നു. പക്ഷേ, അടുത്ത തലമുറയെങ്കിലും വിദ്യാസമ്പന്നരായിരിക്കണമെന്ന് ദൃഢനിശ്ചയം ചെയ്ത പ്രവാസികള്‍ അവരുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ചെലവഴിച്ചത്. ഇതിനായി നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുക മാത്രമല്ല, സ്വന്തം നിലക്ക് അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവര്‍ സ്ഥാപിച്ച് നടത്തുകയും ചെയ്തു. 
പ്രവാസികളുടെ സ്വന്തമായോ മറ്റുള്ളവരുമായി സഹകരിച്ചോ ഉള്ള അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലും കാണാം. ഇവയില്‍ പലതും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതും കോടിക്കണക്കിന് രൂപ നിക്ഷേപമുള്ളതുമാണ്. ഉദാഹരണത്തിന് കേരളത്തിലെ 1500-ഓളം വരുന്ന സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ 200-ല്‍ അധികം സ്‌കൂളുകളും പ്രവാസികളുടെ മാത്രം പണം നിക്ഷേപിച്ചു പണിതുയര്‍ത്തിയവയാണ്. അത്രതന്നെ എണ്ണം സ്‌കൂളുകളില്‍ പ്രവാസികളുടെ കാര്യമാത്ര പ്രസക്തമായ ഓഹരി വിഹിതമോ ഭീമമായ സംഭാവനയോ ഉണ്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളുകള്‍, AJ സ്‌കൂള്‍, എറണാകുളത്തെ GEMS സ്‌കൂള്‍, കൊടുങ്ങല്ലൂരിലെ AURA സ്‌കൂള്‍, തൃശൂരിനടുത്തുള്ള IES സ്‌കൂള്‍, ദയാപുരം സ്‌കൂള്‍, കോഴിക്കോട്ടെ സദ്ഭാവന സ്‌കൂള്‍, നിലമ്പൂരിലെ PeeVees സ്‌കൂള്‍, മഞ്ചേരിയിലെ ബ്ലോസം പബ്ലിക് സ്‌കൂള്‍, കണ്ണൂരിലെ റിംസ് ഇന്റര്‍നാഷ്‌നല്‍ സ്‌കൂള്‍, കാസര്‍കോട്ടെ ഗ്രീന്‍വുഡ് സ്‌കൂള്‍ മുതലായവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. ഉന്നത നിലവാരം പുലര്‍ത്തുന്ന ഇത്തരം സ്ഥാപനങ്ങളില്‍  ഓരോന്നിലും ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്നു. ഏറ്റവും മുന്തിയ അടിസ്ഥാന സൗകര്യങ്ങളും പഠന രീതികളുമുള്ള 200-ല്‍പരം ഇത്തരം സ്‌കൂളുകള്‍ക്ക് ഓരോന്നിനും ചുരുങ്ങിയത് 20-നും 50-നും കോടി രൂപയുടെ ഇടയില്‍ മുതല്‍മുടക്ക് ഉണ്ടാകും.
ഇതുപോലെത്തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രവാസികളുടേതായ സ്ഥാപനങ്ങള്‍ അനേകമാണ്. കേരളത്തിലെ 120-ഓളം വരുന്ന സ്വകാര്യ എഞ്ചിനീയറിംഗ് കേളേജുകളില്‍ 15-ല്‍പരം എഞ്ചിനീയറിംഗ് കേളേജുകള്‍ പ്രവാസികളുടെ നേതൃത്വത്തിലാണ്. കേരളത്തിലെ ശരാശരി സ്വകാര്യ എഞ്ചിനീയറിംഗ് കേളേജുകളേക്കാള്‍ മുന്തിയ നിലവാരം പുലര്‍ത്തുന്നവയാണ് ഇവയില്‍ മിക്കതും. All India Technical Education Councilþന്റെ അംഗീകാരമുള്ള ഈ കോളേജുകളിലെല്ലാം ഏക്കര്‍ കണക്കിന് സ്ഥലവും ഒന്നാം തരം അടിസ്ഥാന സൗകര്യങ്ങളും അനേകം കോടി രൂപയുടെ നിക്ഷേപവും ഉണ്ട്. 
മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലും പ്രവാസികള്‍ വിജയപൂര്‍വം കൈവെച്ചിട്ടുണ്ട്. വയനാട്ടിലെയും കണ്ണൂരിലെയും മെഡിക്കല്‍ കോളേജുകളും ഒരു ഡസനോളം ഡന്റല്‍ കോളേജുകളും അതിന്റെ മൂന്നിരട്ടിയുള്ള ഫാര്‍മസി-നഴ്‌സിംഗ് കോളേജുകളും പ്രവാസികളുടെ സംഭാവനകളാണ്.
നൂറില്‍പരം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളും ബി.എഡ് കോളേജുകളും മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളും പ്രവാസികള്‍ക്ക് സ്വന്തമാണ്. പ്രവാസികളുടെ കുട്ടികള്‍ക്കു വേണ്ടി നമ്മുടെ പ്രഫഷണല്‍ കോളേജുകളില്‍ പ്രത്യേകം എന്‍.ആര്‍.ഐ ക്വാട്ടകള്‍ ഉണ്ട്. അതിന് സാധാരണ ഫീസിന്റെ ഇരട്ടിയോ രണ്ടിരട്ടിയോ ഈടാക്കുന്നു. ഇതുമൂലം നല്ലൊരു വരുമാനം പ്രവാസികളില്‍നിന്ന് കേരളത്തിലെ പ്രഫഷണല്‍ കോളേജുകളിലേക്ക് വര്‍ഷംതോറും വന്നുകൊണ്ടിരിക്കുകയാണ്. 

ആതുരശുശ്രൂഷ മേഖല

വിദ്യാഭ്യാസം പോലെ പ്രവാസികള്‍ കാതലായ സംഭാവനയര്‍പ്പിച്ച ഒരു മേഖലയാണ് കേരളത്തിലെ ആതുരശുശ്രൂഷ. ചെറുതും വലുതുമായ അനേകം ആശുപത്രികളും ഡെന്റല്‍ ക്ലിനിക്കുകളും ഫാര്‍മസികളും പ്രവാസി നിക്ഷേപത്തിലൂടെ കേരളത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പ്രവാസികള്‍ മുന്‍കൈയെടുത്ത സംരംഭങ്ങളായ തിരുവനന്തപുരം ആസ്ഥാനമായുള്ള കിംസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള മിംസ്-ആസ്റ്റര്‍ ആശുപത്രി ശൃംഖലയും എറണാകുളത്തെ ലേക്‌ഷോര്‍ ആശുപത്രിയും കേരളത്തിലെ വളരെ പ്രധാന ആതുര ശുശ്രൂഷാ കേന്ദ്രങ്ങളാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍ എന്നീ പട്ടണങ്ങളില്‍ ഈ ഗ്രൂപ്പുകള്‍ മേത്തരം ആശുപത്രികള്‍ നടത്തുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളും പ്രഗത്ഭരായ ഡോക്ടര്‍മാരും സ്വന്തമായുള്ള ഈ ആശുപത്രികള്‍ ഓരോന്നിലും 500-ല്‍പരം കിടക്കകളില്‍ കിടത്തി ചികിത്സിക്കുകയും, ആയിരത്തിലധികം പ്രതിദിന രോഗികളെ ഔട്ട് പേഷ്യന്റായി ചികിത്സിക്കുകയും ചെയ്യുന്നു. കേരളീയര്‍ കൂടാതെ അറബികള്‍ അടക്കം അനേകം വിദേശീയര്‍ ഇവിടങ്ങളില്‍ വിദഗ്ധ ചികിത്സക്കായി എത്തുന്നു. അതിലൂടെ കേരളത്തെ ഒരു ഹെല്‍ത്ത് ടൂറിസം കേന്ദ്രമായി വളര്‍ത്താന്‍ ഉന്നത നിലവാരമുള്ള ഈ ആശുപത്രികള്‍ക്ക് സാധിച്ചിട്ടുണ്ട്. 3000-ല്‍ അധികം കിടക്കകളുടെ സൗകര്യമുള്ള ഈ മേത്തരം ആശുപത്രികള്‍ക്ക് കിടക്ക ഒന്നിന് ഏറ്റവും കുറഞ്ഞത് 75 ലക്ഷം രൂപ നിര്‍മാണ ചെലവ് വരുമെന്നാണ് കണക്ക്. ആശുപത്രികള്‍ നിലകൊള്ളുന്ന ഏക്കര്‍ കണക്കിനുള്ള സ്ഥലത്തിനും മറ്റു അനുബന്ധ സൗകര്യങ്ങള്‍ക്കുമുള്ള നിക്ഷേപം വേറെ. 
ഈ പ്രമുഖ ആശുപത്രികള്‍ കൂടാതെ ഒരു ഡസനിലധികം മധ്യനിരയിലുള്ള, 150-നും 250-നും ഇടയില്‍ കിടക്ക സൗകര്യമുള്ള ആശുപത്രികള്‍ പ്രവാസികളുടെ വകയായി കേരളത്തില്‍ പല സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തെ AJ ആശുപത്രി, തൃശൂരിലെ മദര്‍ ആശുപത്രി, കൊടുങ്ങല്ലൂരിലെ മോഡേണ്‍ ആശുപത്രി, പെരിന്തല്‍മണ്ണയിലെ അല്‍-ശിഫാ ആശുപത്രി, കണ്ണൂരിലെ GIMcare ആശുപത്രി തുടങ്ങിയവയെല്ലാം പ്രവാസികള്‍ തുടങ്ങിവെച്ച സംരംഭങ്ങളാണ്. സാമാന്യം വിജയകരമായി നടത്തുന്ന ഇവയിലെല്ലാം അനേകം രോഗികള്‍ നിത്യേന ചികിത്സക്കായി എത്തുന്നു. ആശുപത്രികളുടെ കാര്യത്തില്‍ എടുത്തുപറയേണ്ട ഒരു പ്രവാസി സംരംഭമാണ് കൊല്ലത്തിനടുത്ത് അഞ്ചലിലെ മദര്‍ & ചൈല്‍ഡ് ഹോസ്പിറ്റല്‍. 100-ളം കിടക്കകളുള്ള ഈ ആശുപത്രിയില്‍ ബി.പി.എല്‍ കാര്‍ഡുള്ള രോഗികള്‍ക്ക് ചികിത്സ തികച്ചും സൗജന്യമായിരുന്നു. ഏകദേശം 10,000 രോഗികള്‍ക്ക് ഇതുവരെ ഫ്രീയായി ചികിത്സ നല്‍കിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ചില തൊഴിലാളി പ്രശ്‌നങ്ങള്‍ മൂലം ഈ സ്ഥാപനം നിര്‍ത്തേണ്ടിവന്നു.   
ഇത്തരം ആശുപത്രികള്‍ കൂടാതെ വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഉന്നത നിലവാരം പുലര്‍ത്തുന്ന അനേകം ഡെന്റല്‍ സെന്ററുകള്‍, മെഡിക്കല്‍ ലബോറട്ടറികള്‍, സ്‌കാനിംഗ് സെന്ററുകള്‍, ഫാര്‍മസി സ്റ്റോറുകള്‍ തുടങ്ങിയ ആരോഗ്യ സേവന സ്ഥാപനങ്ങള്‍ പ്രവാസികളുടേതായി കേരളത്തിന്റെ ചെറുതും വലുതുമായ പട്ടണങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ ആശുപത്രി ശൃംഖലകളുടെയും മറ്റു ആരോഗ്യസേവന സ്ഥാപനങ്ങളുടെയും സ്തുത്യര്‍ഹ്യമായ പ്രവര്‍ത്തനം കേരള ആരോഗ്യ മേഖലയെ ലോകോത്തരമായ തലത്തിലേക്ക് എത്തിക്കാന്‍ വളരെ സഹായിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളിലെല്ലാം അനേകായിരം കേരളീയര്‍ ജോലിചെയ്യുന്നു എന്നത് കേരളത്തിന്റെ തൊഴിലില്ലായ്മ അകറ്റാന്‍ അങ്ങേയറ്റം സഹായിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ നേരിട്ടും, ഇളനീര്‍ കട മുതല്‍ സിറിഞ്ച് ഉല്‍പാദനം വരെയുള്ള ആശുപത്രികളുടെ അനുബന്ധ സ്ഥാപനങ്ങളും കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിലും സര്‍ക്കാറിന്റെ നികുതി വരുമാനത്തിലും ഗണ്യമായ സംഭാവന നല്‍കിക്കൊണ്ടിരിക്കുന്നു.

എയര്‍പോര്‍ട്ടുകള്‍

ആദ്യകാല പ്രവാസികള്‍, പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍നിന്നുള്ളവര്‍ യാത്രക്കായി ബോംബെ, മദ്രാസ് തുടങ്ങിയ വിമാനത്താവളങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അവിടങ്ങളിലുള്ള കസ്റ്റംസ് -എമിഗ്രേഷന്‍ അധികൃതരില്‍നിന്ന് നേരിട്ട തിക്തമായ അനുഭവങ്ങള്‍, ടിക്കറ്റ് ലഭിക്കാനുള്ള പ്രയാസങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ കേരളത്തിലേക്ക് നേരിട്ട് വിമാനം എത്തിക്കാനുള്ള സാധ്യതകളെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അതിന്റെ ഫലമായി പ്രവാസി പ്രമുഖര്‍ മുന്‍കൈയെടുത്തതുകൊണ്ടാണ് കോഴിക്കോട് വിമാനത്താവളം നിലവില്‍ വന്നത്. 1980-കളില്‍ ഒരു എയര്‍പോട്ട് സൊസൈറ്റി രൂപീകരിച്ച് പി.വി അബ്ദുല്‍ വഹാബ്, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങി പ്രവാസി പ്രമുഖരുടെ നേതൃത്വത്തില്‍ പ്രവാസികളില്‍നിന്ന് പണം സ്വരൂപിച്ചാണ് എയര്‍ പോര്‍ട്ടിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് സര്‍ക്കാറില്‍ നിരന്തരം സ്വാധീനം ചെലുത്തിയതിന്റെ ഫലമായാണ് കോഴിക്കോട് വിമാനത്താവളം നിലവില്‍ വന്നത്. ചില പ്രതിസന്ധികളിലൂടെ കടന്നുപോയെങ്കിലും ഇപ്പോള്‍ ആഴ്ചയില്‍ മുന്നൂറോളം ഫ്‌ളൈറ്റുകള്‍ കോഴിക്കോട്ട് നിന്ന് പുറപ്പെടുന്നുണ്ട്. 
ഒരു പടികൂടി കടന്ന് ലോകത്തിനു തന്നെ മാതൃകയായി സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവള നിര്‍മാണവും കേരളത്തില്‍ നടക്കുകയുണ്ടായി. വി.ജെ കുര്യന്‍ എന്ന യുവ ഐ.എസ്.എസ്സുകാരന്റെ ബുദ്ധിയില്‍ ഉദിച്ച ആശയത്തിന് ചിറകുവിരിച്ചത് പ്രവാസികള്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ആദ്യഘട്ടത്തില്‍ 300 കോടിയോളം രൂപ മുതല്‍മുടക്കിയ ഈ സ്വകാര്യ - പൊതു സംയുക്ത സംരംഭത്തില്‍ 60 ശതമാനത്തോളം പണം നിക്ഷേപിച്ചത് പ്രവാസികള്‍ തന്നെയാണ്. എം.എ യൂസുഫലി, ഗള്‍ഫാര്‍ മുഹമ്മദലി തുടങ്ങിയ പ്രവാസി പ്രമുഖര്‍ വിമാനത്താവളത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ, അതിന്റെ വിജയസാധ്യത പൂര്‍ണമായും മനസ്സിലാക്കുന്നതിനു മുമ്പ് പോലും, ഭീമമായ തുക മുതല്‍മുടക്കാന്‍ തയാറായി മുന്നോട്ടു വന്നത് സംരംഭത്തിന് വിശ്വാസ്യത പകരാനും വേഗത കൂട്ടാനും സഹായിച്ചു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയില്‍ വളരെയധികം സംഭാവന ചെയ്ത ഈ വിമാനത്താവളം 20 വര്‍ഷം പിന്നിട്ടപ്പോള്‍ ആഴ്ചയില്‍ 700-ലധികം ഫ്‌ളൈറ്റുകള്‍ നടത്തി (അതില്‍ നേര്‍ പകുതി വിദേശത്തേക്കാണ്) സ്വകാര്യ-പൊതു സംയുക്ത നിക്ഷേപ മാതൃകയുടെ വിജയത്തിന്റെ മകുടോദാഹരണമായി നിലകൊള്ളുന്നു. അടുത്തിടെ പുതിയ റണ്‍വേയും പുതിയ ടെര്‍മിനല്‍ കെട്ടിടവുമൊക്കെ പൂര്‍ത്തിയായപ്പോള്‍ വിമാനത്താവള കമ്പനിയുടെ നിക്ഷേപം ഏകദേശം 3000 കോടി രൂപയിലെത്തിനില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരു കോടി യാത്രക്കാര്‍ക്ക് ഉപയോഗപ്രദമായ കൊച്ചി വിമാനത്താവളം പഴങ്ങളും പച്ചക്കറികളും മാത്രമല്ല, കൊച്ചി കയറ്റുമതി മേഖലയില്‍ ഉല്‍പാദിപ്പിക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അടക്കം അനേകായിരം ടണ്‍ ചരക്കുകള്‍ കയറ്റിയയക്കുകയും കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന്റെ നട്ടെല്ലായി നിലനില്‍ക്കുകയും ചെയ്യുന്നു.
കേരളത്തില്‍ ഏറ്റവും ഒടുവില്‍ നിലവില്‍ വന്ന വിമാനത്താവളമാണ് കണ്ണൂരിലേത്. അതും കൊച്ചി മാതൃകയില്‍ സ്വകാര്യ-പൊതു സംയുക്ത മേഖലയിലാണ്. അതിലും പ്രവാസികളുടെ നിക്ഷേപം മുന്‍പന്തിയില്‍ നില്‍ക്കുന്നു. പ്രാരംഭദശയില്‍ നില്‍ക്കുന്ന ഈ വിമാനത്താവളവും വടക്കന്‍ കേരളത്തിന്റെ, പ്രത്യേകിച്ച് പിന്നാക്ക ജില്ലകളായ കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാരുടെ യാത്രാ സൗകര്യത്തിലും ആ പ്രദേശത്തുകാരുടെ സാമ്പത്തിക പുരോഗതിയിലും കാര്യമായി പങ്കുവഹിക്കുകയും, വടക്കന്‍ കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും എന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. 
തിരുവനന്തപുരം അടക്കം നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമാണ് കേരളം. പക്ഷേ ഈ വിമാനത്താവളങ്ങളുടെയെല്ലാം വിജയത്തിനുള്ള മുഖ്യനിദാനം പ്രവാസി സമൂഹമാണ്. പകുതിയിലധികം യാത്രക്കാരും പ്രവാസികളാണ്. അതുകൊണ്ടുതന്നെ ഈ വിമാനത്താവളങ്ങളുടെ വിജയസാധ്യതകള്‍ പൂര്‍ണമായും പ്രവാസികളെ ആശ്രയിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല. ഈ വിമാനത്താവളങ്ങള്‍ എല്ലാം കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ വിനോദ സഞ്ചാര വ്യവസായത്തിന്റെ ഏറ്റവും മുഖ്യമായ ചാലകശക്തി കൂടിയാണ്.

മെഗാ സംരംഭങ്ങള്‍

മേല്‍പറഞ്ഞ അടിസ്ഥാന സൗകര്യങ്ങളില്‍ കൂടാതെ പ്രവാസികളുടെ നിക്ഷേപങ്ങള്‍ വ്യത്യസ്ത വ്യവസായ, വ്യാപാര സംരംഭങ്ങളില്‍ കേരളത്തില്‍ അങ്ങിങ്ങോളം പരന്നുകിടക്കുന്നു. ഇരുപത്തഞ്ച് കൊല്ലം മുമ്പ് ആരംഭിച്ച എറണാകുളത്തെ ഗള്‍ഫാര്‍ ഇന്റര്‍നാഷ്‌നല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ആണ് അതില്‍ ഒരുപക്ഷേ ആദ്യത്തെ മെഗാ സംരംഭം. പതിനെട്ടോളം ഏക്കര്‍ വരുന്ന സ്ഥലത്ത് കണ്‍വെന്‍ഷന്‍ സെന്ററും പഞ്ചനക്ഷത്ര ഹോട്ടലും, 300 കോടിയോളം രൂപ മുതല്‍മുടക്കില്‍ അന്ന് ആരംഭിച്ചപ്പോള്‍ ഗള്‍ഫാര്‍ മുഹമ്മദലി എന്ന പ്രവാസി വ്യവസായി നാടിന്റെ പുരോഗതിയും കൂടി മുമ്പില്‍ കണ്ടുകൊണ്ടാണ,് ലാഭസാധ്യതക്ക് കൊല്ലങ്ങളോളം എടുക്കുന്ന ഒരു സംരംഭത്തിനു ഒരുങ്ങിപ്പുറപ്പെട്ടത്. പദ്ധതിക്ക് തറക്കല്ലിട്ടുകൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍, മുഹമ്മദലിയുടെ പ്രതിബദ്ധതയെ മുക്തകണ്ഠം അഭിനന്ദിക്കുകയുണ്ടായി. അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളുടെ ഒരു ആകര്‍ഷണ കേന്ദ്രമാക്കി കൊച്ചിയെ മാറ്റാന്‍ ഈ സംരംഭം വലിയ പങ്കുവഹിച്ചു എന്നതിന് കാലം സാക്ഷിയാണ്. 
കൊച്ചിയുടെ പുരോഗതിയുടെ മറ്റൊരു പ്രധാന നാഴികക്കല്ല് ലുലു ഷോപ്പിംഗ് മാളും, അതിനെത്തുടര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ച ബോള്‍ഗാട്ടിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററും ഗ്രാന്റ് ഹയാത്ത് ഹോട്ടലുമാണ്. പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസുഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ഈ സംരംഭങ്ങള്‍ വഴി ആയിരക്കണക്കിന് കേരളീയര്‍ക്ക് ജോലി ലഭ്യമാക്കി. ലോകത്ത് തന്നെ വലുപ്പത്തിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ലുലു മാള്‍ കൊച്ചിയുടെ വ്യാപാര സംസ്‌കാരത്തില്‍തന്നെ മാറ്റം വരുത്തി. 17 ഏക്കര്‍ സ്ഥലത്ത് ആറ് ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ 225-ലധികം ഷോപ്പുകളുമായി ലുലു ഷോപ്പിംഗ് മാളിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി ഏകദേശം 1600 കോടി രൂപ ചെലവായി എന്നാണ് മതിപ്പ്. അത് നിലകൊള്ളുന്ന കളമശ്ശേരി മുനിസിപ്പാലിറ്റി ഇന്ന് കേരളത്തിലെ ഏറ്റവും സമ്പന്നമായ മുനിസിപ്പാലിറ്റിയില്‍ ഒന്നാണ്.
 പ്രവാസി വ്യവസായികള്‍ കേരളത്തില്‍ പലേടത്തും ഭീമമായ തുകമുടക്കി പണിത പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേരള ടൂറിസം വ്യവസായത്തില്‍ ഏറ്റവും വലിയ സാധ്യതകള്‍ക്ക് വഴിവെച്ചു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിലുള്ള, പ്രവാസി പ്രമുഖന്‍ രവി പിള്ളയുടെ ഉടമസ്ഥതയിലെ രാവിസ് ഹോട്ടല്‍ ശൃംഖലയും, എറണാകുളത്ത് തന്നെയുള്ള ലേ മെറിഡിയന്‍, ഗ്രാന്റ് ഹയാത്ത്, മാരിയേറ്റ്, ക്രൗണ്‍ പ്ലാസ തുടങ്ങിയ പ്രവാസി ഹോട്ടലുകളും എടുത്തു പറയേണ്ടതാണ്. 
ഭവന സമുച്ചയ രംഗത്തും പ്രവാസി വ്യവസായികള്‍ വന്‍തുക മുതല്‍മുടക്കിയിട്ടുണ്ട്. തൃശൂര്‍ നഗരത്തിലെ സമഗ്ര സൗകര്യമുള്ള അനേകം ഭവനങ്ങള്‍ അടങ്ങിയ പ്രവാസി വ്യവസായി പി.എന്‍.സി മേനോന്റെ ശോഭാ സിറ്റി കോടിക്കണക്കിന് രൂപ മുതല്‍മുടക്കിയിട്ടുള്ളതും ടൗണ്‍ഷിപ്പ് മാതൃകയില്‍ സമഗ്രമായ ഒരു ഭവന പദ്ധതിക്ക് നല്ല മാതൃകയുമാണ്.
ഭക്ഷ്യ സംസ്‌കരണ രംഗത്തും മലയാളി പ്രവാസികള്‍ മുതല്‍മുടക്കിയിട്ടുണ്ട്. തിരുവനന്തപുരത്തിനടുത്ത് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ 100 ഏക്കറില്‍ അബൂദബി വ്യവസായി മുരളീധരന്‍ സജ്ജമാക്കിയ ഡയറി ഫാം എടുത്തു പറയേണ്ടതാണ്. സംരംഭത്തിന്റെ നല്ലൊരു ഭാഗം തമിഴ്‌നാട്ടിലാണെങ്കിലും പാലിന്റെ ഉപഭോക്താക്കള്‍ കേരളത്തിലാണ്. സാങ്കേതിക ജോലിക്കാര്‍ മുഴുവന്‍ മലയാളികളും. 150 കോടിയോളം രൂപ മുതല്‍മുടക്കുള്ള ഈ ആധുനിക സാങ്കേതിക സൗകര്യമുള്ള ഫാമില്‍ 500-ല്‍ പരം മുന്തിയ ഇനം പശുക്കളുണ്ട്. ഒരു ഷിഫ്റ്റില്‍ 50,000 ലിറ്റര്‍ പാല്‍ സംസ്‌കരിക്കുന്ന ആധുനിക പാല്‍ സംസ്‌കരണ യൂനിറ്റില്‍നിന്ന് 'മുരളീയ' എന്ന ബ്രാന്റില്‍ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ പാല്‍ വിതരണവും നടക്കുന്നു. 
ഇനിയും അനേകം മേഖലകളിലുണ്ട് പ്രവാസി നിക്ഷേപങ്ങള്‍. പട്ടിക നീണ്ടുപോകുമെന്ന് ഭയന്ന് എല്ലാം ചേര്‍ക്കുന്നില്ല. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീണ്ടുനില്‍ക്കുന്ന ഈ സംരംഭങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയും കാര്‍ ഡീലര്‍ഷിപ്പും ഫര്‍ണിച്ചര്‍ നിര്‍മാണവും ഭീമന്‍ വര്‍ക്‌ഷോപ്പുകളും, അനേകം തുണിക്കടകളും, പലചരക്കു കടകളും തുടങ്ങി വയനാട്ടിന്റെ പ്രകൃതിഭംഗിയിലുള്ള ഋ3 അമ്യൂസ്‌മെന്റ് പാര്‍ക്ക് വരെ ഉള്‍പ്പെടും. ഇവയിലെല്ലാം പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപവും ആയിരക്കണക്കിന് കേരളീയര്‍ക്ക് ജോലിയുമുണ്ട്. ഇവയില്‍നിന്നെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കേരള സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും നികുതിയിനത്തില്‍ വര്‍ഷംതോറും അനേക കോടി രൂപ പിരിഞ്ഞുകിട്ടുന്നു. ഏറ്റവും ഒടുവിലായി കേരള സര്‍ക്കാര്‍ രൂപീകരിച്ച ഗകകഎആ-യുടെ 2150 കോടി രൂപയോളം വരുന്ന നിക്ഷേപത്തില്‍ പോലും നല്ലൊരംശം പ്രവാസികളുടേതാണ്. 
പ്രവാസികള്‍ സ്വന്തം ബിസിനസ് സംരംഭങ്ങളില്‍ മാത്രമല്ല നിക്ഷേപിച്ചത്. നാടിന്റെ നാനാഭാഗത്തും നടന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളുടെയും മത- സാമൂഹിക-സാംസ്‌കാരിക സംരംഭങ്ങളുടെയും മുന്‍നിരയില്‍ പ്രവാസി എല്ലാ കാലവും ഉണ്ടായിരുന്നു. കേരളത്തിലെ പള്ളികള്‍, അമ്പലങ്ങള്‍, അനാഥാലയങ്ങള്‍, സ്‌പോര്‍ട്‌സ് ക്ലബുകള്‍ തുടങ്ങി എല്ലാ പൊതു പ്രവര്‍ത്തനങ്ങള്‍ക്കും അകമഴിഞ്ഞ സംഭാവന നല്‍കിയ ശീലമാണ് പ്രവാസിയുടേത്. അതില്‍ പലതും അവരില്‍ ചിലരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലും നടക്കുന്നു.      
പ്രവാസികളുടെ തിരിച്ചുവരവിനെക്കുറിച്ചാണ് നാം പറഞ്ഞ് തുടങ്ങിയത്. കേരളെത്ത സംബന്ധിച്ചേടത്തോളം തിരിച്ച് വരുന്ന ഈ പ്രവാസികളെ ഒരു ബാധ്യതയായി കാണാതെ, അവരുടെ മാനവശേഷി എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ഇപ്പോള്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടത്. പ്രവാസി വിഷയത്തില്‍ കേരളത്തിന് ഒരുപക്ഷേ ഏറ്റവും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിത്തരിക അതായിരിക്കും. തിരിച്ചു വരുന്നവര്‍ ബഹുഭൂരിപക്ഷവും അന്താരാഷ്ട്ര കമ്പനികളില്‍, ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ പരിശീലിച്ച്, പലതരം നൈപുണികള്‍ നേടിയവരായിരിക്കും. കമ്പ്യൂട്ടര്‍ അനലിസ്റ്റ്, ഹാര്‍ഡ്‌വെയര്‍ ടെക്‌നീഷ്യന്‍, അക്കൗണ്ടന്റ്, ഇന്‍ഷുറന്‍സ് സ്‌പെഷ്യലിസ്റ്റ് , ലോജിസ്റ്റിക് സൂപ്പര്‍വൈസര്‍, ഇലക്ട്രീഷ്യന്‍, പ്ലമ്പര്‍, എയര്‍കണ്ടീഷന്‍ മെക്കാനിക്, മെഷീന്‍ ഓപറേറ്റര്‍, മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, സെയില്‍സ്മാന്‍ ഇങ്ങനെ നിരവധി മേഖലകളില്‍ അനേകം വര്‍ഷങ്ങളുടെ പ്രാവീണ്യം നേടിയവരാണ് തിരിച്ചുവരുന്നത്. പത്തോ പതിനഞ്ചോ വര്‍ഷം മുമ്പ് ഇവിടെനിന്ന് പോകുമ്പോള്‍ വെറും ഒരു പന്ത്രണ്ടാം ക്ലാസ്സുകാരനോ ഐ.ടി.ഐക്കാരനോ അല്ലെങ്കില്‍ ഒരു ഡിഗ്രിക്കാരനോ ആയിരുന്ന ഈ ജനസമൂഹത്തെ ഒന്നാന്തരം പരിശീലനം നല്‍കിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇങ്ങോട്ട് തിരിച്ചയച്ചിരിക്കുന്നത്. അപ്പോളോ  ടയറിന്റെ സാരഥി ഓങ്കര്‍ കന്‍വര്‍ അഭിപ്രായപ്പെട്ടതു പോലെ, 'പ്രവാസികള്‍ ഗള്‍ഫിലെ അധ്വാനശീലം നാട്ടില്‍ പ്രാവര്‍ത്തികമാക്കിയാല്‍ കേരളവും അടുത്തു തന്നെ ഒരു ദുബൈ ആയി മാറും.' ഒരര്‍ഥത്തില്‍ ഈ തിരിച്ചു വരുന്നവര്‍ അയച്ച കോടികളെക്കാള്‍ കേരള സമ്പദ് ഘടനയെ ഏറ്റവുമധികം സഹായിക്കുക തിരിച്ചു വന്ന ഈ മാനവശേഷിയാണ്. നാം അതിനെ എങ്ങനെ ഉപയോഗപ്പെടുത്തും എന്നതിനനുസരിച്ചായിരിക്കും നമ്മുടെ വിജയം. 
(ഈ ലേഖനത്തില്‍ ഉപയോഗിച്ച 2014 വരെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ കെ.സി സക്കറിയ, എസ്. ഹൃദയരാജന്‍ എന്നീ രണ്ട് സി.ഡി.എസ് പ്രഫസര്‍മാര്‍ തയാറാക്കിയ 2015 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച  "Dynamics Of Emigration And Remittances in Kerala' എന്ന പഠനത്തില്‍നിന്നാണ്).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (25-28)
ടി.കെ ഉബൈദ്‌