Prabodhanm Weekly

Pages

Search

2020 ജൂലൈ 31

3162

1441 ദുല്‍ഹജ്ജ് 10

വി.പി അബ്ദുശ്ശുക്കൂര്‍ മാസ്റ്റര്‍

കബീര്‍ മുഹ്‌സിന്‍, കാളികാവ്‌

പരിചയപ്പെടുന്നവരുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്ന വശ്യമായ ആ പുഞ്ചിരി ഇനി ഓര്‍മകളില്‍ മാത്രം. ജമാഅത്തെ ഇസ്‌ലാമി അംഗവും മലപ്പുറം ജില്ലാ സമിതിയംഗവും ടീന്‍ ഇന്ത്യാ കോര്‍ഡിനേറ്ററും കരുവാരകുണ്ട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായിരുന്ന കാളികാവ് - പുറ്റമണ്ണ സ്വദേശി വി.പി അബ്ദുശ്ശുക്കൂര്‍ മാസ്റ്ററുടെ മരണം വേദനയോടെയാണ് നാട് ഏറ്റുവാങ്ങിയത്. നാട്ടുകാര്‍ക്ക് എന്നും എന്തിനും ആശ്രയിക്കാമായിരുന്ന തണല്‍മരം, വിദ്യാര്‍ഥികള്‍ക്ക് പ്രിയപ്പെട്ട ഗുരുനാഥന്‍, സഹപ്രവര്‍ത്തകര്‍ക്ക് കര്‍മ നൈരന്തര്യത്തിന്റെ പ്രതീകം, ഇസ്‌ലാമികപ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയും ഗുണകാംക്ഷിയുമായിരുന്ന നേതാവ് എന്നിങ്ങനെ ഒട്ടനവധി വിശേഷണങ്ങള്‍ ബാക്കിവെച്ചാണ് അദ്ദേഹം തന്റെ രക്ഷിതാവിലേക്ക് യാത്രയായത്. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം താന്‍ വ്യാപരിച്ച മേഖലകളിലെല്ലാം കൈയൊപ്പ് ചാര്‍ത്തിയിരുന്നു. അധ്യാപകന്‍, സംഘാടകന്‍, ജനസേവകന്‍, പ്രഭാഷകന്‍, നേതാവ് എന്നീ മേഖലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
കാളികാവില്‍ നിരാലംബര്‍ക്കും അഗതികള്‍ക്കും ആശാകേന്ദ്രമായിരുന്ന പരേതനായ വള്ളിപ്പാടന്‍ അബു ഹാജിയുടെയും ഫാത്വിമയുടെയും മകനാണ് ഷുക്കൂര്‍ മാസ്റ്റര്‍. കാളികാവ് പുറ്റംകുന്നില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം, കാളികാവ് ബസാര്‍ യു.പി സ്‌കൂള്‍, ഞങഒട മേലാറ്റൂര്‍, ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, മലപ്പുറം ഗവ. ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചോക്കാട് ഗവ. യു.പി സ്‌കൂളിലെ ഒരു വര്‍ഷത്തെ താല്‍ക്കാലിക സേവനമടക്കം ഇരുപത്തഞ്ചു വര്‍ഷത്തോളം  അധ്യാപന രംഗത്തുണ്ടായിരുന്നു. എറിയാട് എ.യു.പി സ്‌കൂള്‍, പാലക്കാട് വില്ലേപ്പിള്ളി ഗവ. യു.പി സ്‌കൂള്‍, പാലക്കാട് ചവള ഗവ. യു.പി സ്‌കൂള്‍, അഞ്ചച്ചവിടി ഗവ. യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്ത ശേഷം കഴിഞ്ഞ പത്തു വര്‍ഷമായി കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു അധ്യാപനം.
അധ്യാപകനായിരിക്കെ തന്റെ വിദ്യാര്‍ഥികള്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഒന്നാമതെത്തണമെന്ന് അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. അതിനുവേണ്ടി കഠിനാധ്വാനം ചെയ്തു. സ്‌കൂള്‍ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും ഇതിന്റെ പ്രതിഫലനം കാണുമായിരുന്നു. ഒപ്പന മത്സരത്തില്‍ അദ്ദേഹത്തിന്റെ സ്‌കൂളായിരുന്നു പലപ്പോഴും ഒന്നാം സ്ഥാനത്ത്. ഓരോ കുട്ടിയുടെയും പ്രതിഭ  കണ്ടെത്താനും അവരെ ചേര്‍ത്തുപിടിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ജനസേവനരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നിറഞ്ഞുനിന്നു. സോളിഡാരിറ്റി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ആയിരിക്കെ ചിങ്കക്കല്ല് ആദിവാസി കോളനിയിലേക്ക് കിലോമീറ്ററുകളോളം കല്ലും മറ്റും ചുമന്നത് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. പുറ്റമണ്ണ പള്ളിയുമായി ബന്ധപ്പെട്ടു സകാത്ത് സെല്ലിന്റെ പ്രവര്‍ത്തനങ്ങളിലും ഉദ്ഹിയ്യത്തിന്റെ വിതരണത്തിലും മുന്നില്‍ നിന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും വിജയിപ്പിക്കുന്നതിനും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. കൃത്യമായ നിലപാടുകളും വിനയപൂര്‍വമായ പെരുമാറ്റവും ഇടപാടുകളിലെ സൂക്ഷ്മതയും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു.
സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം, ടീന്‍ ഇന്ത്യാ മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതിയംഗം, സോളിഡാരിറ്റി സംസ്ഥാന അസി. സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി കാളികാവ്, വണ്ടൂര്‍ ഏരിയാ കമ്മിറ്റികളുടെ പ്രസിഡന്റ്, കാളികാവ് ഹിറാ മസ്ജിദ് കമ്മിറ്റി ഭാരവാഹി എന്നിങ്ങനെ വിവിധ ഉത്തരവാദിത്തങ്ങള്‍ വഹിച്ച ശുക്കൂര്‍ മാസ്റ്റര്‍ കരുവാരകുണ്ട്, തരിശ് എന്നിവിടങ്ങളിലെ മസ്ജിദുകളില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഖുത്വ്ബകളും നടത്തിയിരുന്നു.
സ്‌ട്രോക്ക് വന്ന് രണ്ടു മാസത്തോളം കിടപ്പിലായിരുന്നു. ഉച്ചാരക്കടവിലെ പരേതനായ തെച്ചിക്കോടന്‍ അബ്ദുല്‍ ഹമീദിന്റെ മകള്‍ നസീറയാണ് ഭാര്യ. എടപ്പറ്റ സ്വദേശി കെ.ടി അബ്ദുല്‍ വാഹിദിന്റെ (ജിദ്ദ) ഭാര്യ ഹിബ, മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജ് പി.ജി വിദ്യാര്‍ഥി ജസീല്‍ എന്നിവര്‍ മക്കളാണ്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (18-24)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി സലീം കരിങ്ങനാട്