Prabodhanm Weekly

Pages

Search

2020 ജൂലൈ 31

3162

1441 ദുല്‍ഹജ്ജ് 10

കൂടുംബ ചരിത്രം

ഹൈദറലി ശാന്തപുരം

(ഗതകാല സ്മരണകള്‍-4)

ശാന്തപുരം മഹല്ലിലെ ചെറിയ കുടുംബങ്ങളിലൊന്നാണ് എന്റെ കുടുംബമായ ആര്യാട്ടില്‍. എന്റെ മാതാപിതാക്കളുടെ പിതാമഹന്മാര്‍ മറ്റു സ്ഥലങ്ങളില്‍നിന്ന് വന്ന് ശാന്തപുരത്ത് താമസമാക്കിയവരാണ്. പിതാവ് മൊയ്തീന്റെ പിതാമഹനായ ഉണ്ണീന്‍ മൊല്ലയെ മുള്ള്യാകുര്‍ശിയില്‍ ഒരു പുതിയ പള്ളി നിര്‍മിക്കപ്പെട്ടപ്പോള്‍ അവിടെ ബാങ്ക് വിളിക്കാന്‍ ചെര്‍പ്പുളശ്ശേരിയില്‍നിന്ന് കൊണ്ടുവന്നതായിരുന്നു. എന്റെ മാതാവായ ആമിനയുടെ പിതാവ് കളത്തുംപടിയന്‍ അയമുട്ടിയെ പ്രദേശത്തെ ധനാഢ്യനായിരുന്ന ആനമങ്ങാടന്‍ പോക്കര്‍ ഹാജി തന്റെ കുതിരകള്‍ക്ക് പുല്ലരിയാന്‍ വേണ്ടി ഐലക്കര എന്ന സ്ഥലത്തുനിന്ന് കൊണ്ടുവന്നതായിരുന്നു.
എന്റെ മാതാപിതാക്കള്‍ക്ക് ഒമ്പത് മക്കളായിരുന്നു, ആറ് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും. അവരില്‍ ഞാനും എന്റെ ഒരു ജ്യേഷ്ഠനും രണ്ട് അനുജന്മാരുമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. എന്റെ ആറാം വയസ്സില്‍ പിതാവ് മരണപ്പെട്ടു.

ജനനം, വിദ്യാഭ്യാസം

സ്‌കൂള്‍ അഡ്മിഷന്‍ രജിസ്റ്റര്‍ പ്രകാരം 1943 ജൂലൈ 15-നാണ് എന്റെ ജനനത്തീയതി. യഥാര്‍ഥ ജനനത്തീയതിയും അതുമായി ഏതാനും മാസത്തെ വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്. ജനനത്തീയതി എഴുതിവെക്കുന്ന പതിവില്ലാതിരുന്നതിനാല്‍ സ്‌കൂള്‍ അഡ്മിഷന്‍ സമയത്ത് നിശ്ചിത പ്രായമാകാന്‍ ആവശ്യമായ തരത്തില്‍ ഒരു തീയതി എഴുതുകയായിരുന്നു പതിവ്.
പ്രാഥമിക മതവിദ്യാഭ്യാസം മുള്ള്യാകുര്‍ശിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓത്തുപള്ളിയില്‍നിന്നായിരുന്നു. ചെട്ടിയാന്‍ തൊടി കുഞ്ഞീതു മൊല്ലാക്ക, എറമുണ്ണീന്‍ മുഹമ്മദ് മൊല്ലാക്ക എന്നിവരായിരുന്നു ആദ്യകാല ഗുരുനാഥന്മാര്‍. 1953-ല്‍ മുള്ള്യാകുര്‍ശി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ സ്ഥാപിതമായപ്പോള്‍ അതിലായി തുടര്‍പഠനം. അതിലെ ആദ്യ അധ്യാപകര്‍ എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയും പി.കെ അബ്ദുല്ല മൗലവിയുമായിരുന്നു. മദ്‌റസ ആരംഭിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് ശാന്തപുരത്തെത്തിയ എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി ശാന്തപുരം പള്ളിയിലെ മുദര്‍രിസും മഹല്ല് ഖാദിയും ഖത്വീബുമായിരുന്നു. മദ്‌റസ ആരംഭിച്ച ശേഷം പള്ളി ദര്‍സിനെ മദ്‌റസയില്‍ ലയിപ്പിക്കുകയാണുണ്ടായത്. മൂന്ന് ക്ലാസ്സോടു കൂടിയാണ് മദ്‌റസ ആരംഭിച്ചത്. മദ്‌റസയില്‍ ആദ്യമായി ചേര്‍ന്നവരെ ഒന്നാം ക്ലാസ്സിലും പള്ളി ദര്‍സില്‍ പഠിച്ചിരുന്നവരെ രണ്ടും മൂന്നും ക്ലാസ്സുകളിലുമാണ് ഇരുത്തിയത്. ഞാനും കെ.കെ മമ്മുണ്ണി മൗലവിയും പുതുതായി ചേര്‍ന്നവരായിരുന്നതിനാല്‍ ഞങ്ങളെ ഒന്നാം ക്ലാസ്സിലിരുത്തി. എന്റെ ജ്യേഷ്ഠന്‍ ഹുസൈന്‍, ടി. ജമാലുദ്ദീന്‍ മൗലവി, ടി.പി ശംസുദ്ദീന്‍ മൗലവി, വി.കെ അബ്ദുര്‍റശീദ് മുതലായവര്‍ മൂന്നാം ക്ലാസ്സിലും പുറത്തുനിന്ന് ഏതാനും വര്‍ഷത്തെ വിദ്യാഭ്യാസം കരസ്ഥമാക്കി വന്നവരെ രണ്ടാം ക്ലാസ്സിലുമാണ് ഇരുത്തിയത്. കടവത്തൂര്‍ സ്വദേശിയായ പി.കെ അബ്ദുല്ല മൗലവി മുള്ള്യാകുര്‍ശി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയുടെ ഉദ്ഘാടന ദിവസം അതിലെ അധ്യാപകനായിട്ടാണ് ശാന്തപുരത്തെത്തിയത്.
ഈയുള്ളവന്റെ ആദ്യകാല ഭൗതിക വിദ്യാഭ്യാസം മുള്ള്യാകുര്‍ശി എയ്ഡഡ് മാപ്പിള ലോവര്‍ പ്രൈമറി (എ.എം.എല്‍.പി) സ്‌കൂളിലായിരുന്നു. അഞ്ചാം ക്ലാസ്സുവരെയായിരുന്നു അവിടത്തെ പഠനം. ഒന്നാം ക്ലാസ്സില്‍ പി.സി അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, നൊട്ടന്‍ മാസ്റ്റര്‍, അച്യുതന്‍ മാസ്റ്റര്‍ എന്നിവരായിരുന്നു അധ്യാപകര്‍. രണ്ട്, നാല് ക്ലാസ്സുകളില്‍ എം. മുഹമ്മദ് എന്ന മാനു മാസ്റ്ററും മൂന്നാം ക്ലാസ്സില്‍ കെ.വി മുഹമ്മദ് മാസ്റ്ററും അഞ്ചാം ക്ലാസ്സില്‍ വി. മുഹമ്മദ് മാസ്റ്ററും അധ്യാപകരായിരുന്നു. എം. മുഹമ്മദ് എന്ന മാനു മാസ്റ്ററും വി. മുഹമ്മദ് മാസ്റ്ററും ഇന്നും ജീവിച്ചിരിപ്പുണ്ട്.
ശാന്തപുരം അല്‍ ജാമിഅ കാന്റീനില്‍നിന്ന് രണ്ടു വീട് മാത്രം ദൂരമുള്ള ഞങ്ങളുടെ തറവാടു വീട്ടിലാണ് എല്ലാവരും താമസിച്ചിരുന്നത്. മുള്ള്യാകുര്‍ശി എ.എം.എല്‍.പി സ്‌കൂള്‍ സ്ഥിതിചെയ്തിരുന്നത് ഇപ്പോള്‍ മുള്ള്യാകുര്‍ശി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയും മുള്ള്യാകുര്‍ശി ജുമുഅ മസ്ജിദും സ്ഥിതി ചെയ്യുന്ന മുള്ള്യാകുര്‍ശി മേല്‍മുറിയിലായിരുന്നു. കാര്യമായ മാറ്റമൊന്നുമില്ലാതെ ദരിദ്രാവസ്ഥ വിളിച്ചറിയിച്ചുകൊണ്ട് സ്‌കൂള്‍ തല്‍സ്ഥാനത്തു തന്നെ നിലനില്‍ക്കുന്നു. വീട്ടില്‍നിന്ന് സ്‌കൂളിലെത്താന്‍ പരന്നു കിടക്കുന്ന നെല്‍വയലുകളും കുറുകെ ഒഴുകുന്ന തോടുകളും മുറിച്ചു കടക്കണം. വര്‍ഷകാലത്ത് സ്‌കൂളില്‍ പോവുക പ്രയാസകരമായിരുന്നു. മുളയും കൊടപ്പന ഓലയും ഉപയോഗിച്ച് നിര്‍മിക്കുന്ന കാല്‍ക്കുടയായിരുന്നു മഴയത്ത് ചൂടിയിരുന്നത്. പലപ്പോഴും മലവെള്ളപ്പാച്ചിലില്‍ വയല്‍ വരമ്പുകള്‍ മുറിഞ്ഞുപോയിട്ടുണ്ടാവും. അത്തരം സ്ഥലങ്ങള്‍ മുറിച്ചുകടക്കല്‍ ശ്രമകരായിരുന്നു. ചിലപ്പോള്‍ വയലില്‍ ഇറങ്ങി നടക്കുമ്പോള്‍ ശക്തമായ കുത്തിയൊഴുക്കില്‍ പെട്ട് ഒലിച്ചുപോകാനും സാധ്യതയുണ്ട്. അങ്ങനെയുള്ള ഒരു സംഭവം ഓര്‍മവരുന്നു. ഞാന്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് തിരിച്ചുവരികയാണ്. വഴിമധ്യത്തിലെത്തിയപ്പോള്‍ നടക്കാനുള്ള വലിയ വരമ്പിന്റെ നടുഭാഗം വെള്ളത്തിന്റെ കുത്തിയൊഴുക്കില്‍ മുറിഞ്ഞുപോയിരിക്കുന്നു. കൈയില്‍ ചണ നൂല്‍ കൊണ്ട് നിര്‍മിച്ച ഒരു സഞ്ചിയും അതില്‍ ഒരു സ്ലേറ്റുമാണുള്ളത്. വയലില്‍ ഇറങ്ങി വെള്ളത്തിലൂടെ നടന്നുവേണം മുറിഞ്ഞ വരമ്പിന്റെ മറുകരയിലെത്താന്‍. അങ്ങനെ ഞാന്‍ വരമ്പില്‍നിന്ന് വയലിലേക്കിറങ്ങി. കലക്കുവെള്ളമായിരുന്നതിനാല്‍ അടി ഭാഗം കാണാന്‍ സാധിച്ചിരുന്നില്ല. ഞാന്‍ കാല്‍ വെച്ച ഭാഗത്തെ മണ്ണ് കൂടി ഒലിച്ചുപോയിരുന്നു. കാല്‍ നിലത്ത് കുത്താന്‍ കഴിയാതിരുന്നതിനാല്‍ ഞാന്‍ വെള്ളത്തില്‍ ഒലിച്ചുപോയി. എന്റെ എതിര്‍ദിശയിലൂടെ വരികയായിരുന്ന ഒരു ഈഴവ സ്ത്രീ ഞാന്‍ ഒലിച്ചുപോകുന്നതു കണ്ട് ഓടിവന്ന് എന്റെ കൈപിടിച്ച് രക്ഷപ്പെടുത്തുകയാണുണ്ടായത്.
അക്കാലത്ത് ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസ്സുകളായിരുന്നു എല്‍.പി വിഭാഗത്തില്‍ ഉണ്ടായിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം പ്രഭാത വേളകളില്‍ മുള്ള്യാകുര്‍ശി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയിലും പഠനം തുടര്‍ന്നു.

ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍

അഞ്ചാം ക്ലാസ്സിലെ സ്‌കൂള്‍ പഠനം പൂര്‍ത്തിയായ ശേഷം 1955-ല്‍ മുള്ള്യാകുര്‍ശി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ ശാന്തപുരം ഇസ്‌ലാമിയാ കോളേജായി ഉയര്‍ത്തപ്പെട്ട ശേഷം അതിലായി തുടര്‍ പഠനം. കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ കെല്‍പുറ്റ പണ്ഡിതന്മാരെയും പ്രസ്ഥാന പ്രവര്‍ത്തകരെയും വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ അധ്യാപകന്മാരും വിദ്യാര്‍ഥികളും പൂര്‍ണമായും ആ ലക്ഷ്യബോധമുള്ളവരായിരുന്നു. എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, പി.കെ അബ്ദുല്ല മൗലവി എന്നിവരെ കൂടാതെ പല പണ്ഡിതന്മാരും വിവിധ കാലഘട്ടങ്ങളിലായി ഞങ്ങളുടെ അധ്യാപകരായി. അവരില്‍ പി. മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി, ടി. ഇസ്ഹാഖലി മൗലവി, എന്‍.എം ശരീഫ് മൗലവി, എം. മുഹമ്മദ് മൗലവി, ടി. മുഹമ്മദ് മൗലവി, എന്‍.കെ അബൂബക്കര്‍ മൗലവി, എന്‍.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, കെ. അബ്ദുല്‍ ഖാദിര്‍ മൗലവി, പി.വി കുഞ്ഞിമൊയ്തീന്‍ മൗലവി, പി. മുഹമ്മദ് മൗലവി, സി.എച്ച് ഇബ്‌റാഹീം മൗലവി, ചേകനൂര്‍ പി.കെ അബുല്‍ ഹസന്‍ മൗലവി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ അസ്ഗറലി, സയ്യിദ് മുത്തുക്കോയ തങ്ങള്‍, എ.പി അബ്ദുല്ല മാസ്റ്റര്‍, കെ.എം അബ്ദുര്‍റശീദ്, സി.പി കുട്ട്യാലി മാസ്റ്റര്‍, കെ.വി മുഹമ്മദലി മാസ്റ്റര്‍, അവറാന്‍ മാസ്റ്റര്‍ എന്നിവരെ പ്രത്യേകം ഓര്‍ക്കുന്നു. വേതനത്തിനു വേണ്ടി ജോലി ചെയ്യുന്ന അധ്യാപകരോ ജോലി ലക്ഷ്യമാക്കി വിദ്യ അഭ്യസിക്കുന്ന വിദ്യാര്‍ഥികളോ ആയിരുന്നില്ല അന്നുണ്ടായിരുന്നത്. ഒരു സുപ്രധാന ദൗത്യത്തിന്റെ നിര്‍വഹണം എന്നതു മാത്രമായിരുന്നു ഇരു വിഭാഗത്തിന്റെയും ലക്ഷ്യം. സാമ്പത്തികമായ പരാധീനത അനുഭവിക്കുന്ന കാലമായതിനാല്‍ അസൗകര്യങ്ങളുടെ മധ്യത്തിലായിരുന്നു അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ജീവിതം. ക്ലാസ്സുകള്‍ നടത്താനും യോഗങ്ങള്‍ ചേരാനും രാത്രിയില്‍ ഉറങ്ങാനും പ്രാഥമിക മദ്‌റസക്കു വേണ്ടി നിര്‍മിക്കപ്പെട്ട ഒരു ഒറ്റ നില കെട്ടിടം മാത്രമാണുണ്ടായിരുന്നത്. കിഴക്കു പടിഞ്ഞാറായി ദീര്‍ഘ ചതുരത്തില്‍ നിര്‍മിക്കപ്പെട്ട കെട്ടിടത്തിന്റെ രണ്ടറ്റത്തും ഓരോ ചെറിയ മുറികള്‍. അതിലൊന്ന് പ്രിന്‍സിപ്പലിന്റെ ഓഫീസും താമസ സ്ഥലവും. മറ്റേത് സ്റ്റാഫ് റൂമും അധ്യാപകരുടെ താമസ സ്ഥലവും. അല്‍പം കൂടുതല്‍ നീളമുള്ള ഒരു ഹാള്‍, അതിനു പിന്നിലായി ചെറിയൊരു ഹാള്‍, ഒരു വരാന്ത- ഇത്രയുമായിരുന്നു ആദ്യകാലത്തെ ആ കോളേജ് കെട്ടിടം. ക്ലാസ്സ് സമയങ്ങളില്‍ ഹാള്‍ മരസ്‌ക്രീന്‍ കൊണ്ട് ക്ലാസ്സുകളായി വേര്‍തിരിച്ചിരിക്കും, യോഗങ്ങള്‍ക്കു വേണ്ടി സ്‌ക്രീന്‍ എടുത്തു മാറ്റിയിടും. ചെറിയ ഹാളും ഒന്നോ രണ്ടോ ക്ലാസ്സ് റൂമും. രാത്രികാലങ്ങളില്‍ ബെഞ്ചുകള്‍ കൂട്ടിയിട്ട് അതിനു മുകളിലായിരിക്കും ഉറക്കം. രാത്രി കിടക്കുന്ന സ്ഥലമായതിനാല്‍ കാല്‍ കഴുകി വേണം കെട്ടിടത്തില്‍ കടക്കാന്‍. സമീപത്തെ കിണറ്റില്‍നിന്ന് കോരി നിറക്കുന്ന ഹൗളില്‍ നീളമുള്ള ചിരട്ടക്കൈലുകള്‍ ഉണ്ടാവും. അതുകൊണ്ട് മുക്കിയെടുത്താണ് കാല്‍ കഴുകേണ്ടത്. ചെരിപ്പുള്ളവരുടെ സംഖ്യ കുറവായിരുന്നതിനാല്‍ അധികപേരും കാല്‍ കഴുകിയേ കെട്ടിടത്തില്‍ പ്രവേശിക്കുകയുള്ളൂ. സാഹിത്യ സമാജമോ മോഡല്‍ പാര്‍ലമെന്റോ നടക്കുന്ന ദിവസങ്ങളിലാണ് സ്‌ക്രീനുകള്‍ എടുത്തുമാറ്റുക. വലിയ കുട്ടികളുടെ കിടപ്പിടം പഴയ പള്ളിയായിരുന്നു. അകത്തെ പള്ളി, പുറത്തെ പള്ളി, മൂന്ന് ചെരിവുകള്‍, ഒന്നാം നില എന്നിങ്ങനെ ചെറിയ ചെറിയ ഭാഗങ്ങളായി തിരിക്കപ്പെട്ടതായിരുന്നു ആദ്യകാലത്തെ ശാന്തപുരം ജുമുഅ മസ്ജിദ്. കുളിക്കാന്‍ കുളിമുറികളോ വൃത്തിയുള്ള ടോയ്‌ലറ്റുകളോ ഉണ്ടായിരുന്നില്ല. പള്ളിയില്‍ വരുന്നവര്‍ക്ക് വുദൂ ചെയ്യാന്‍ പള്ളിയോടനുബന്ധമായി നിര്‍മിക്കപ്പെട്ട കുളവും വയലുകളില്‍ കര്‍ഷകര്‍ കൃഷിയാവശ്യത്തിനു വേണ്ടി കുഴിച്ച കിണറുകളുമായിരിക്കും കുളിസ്ഥലം. ചുരുക്കം പേര്‍ക്ക് മാത്രമേ സ്വന്തമായി തോര്‍ത്ത് മുണ്ടുണ്ടായിരുന്നുള്ളൂ. തോര്‍ത്തില്ലാത്തവര്‍ തോര്‍ത്തുള്ളവരുടെ കുളി കഴിയാന്‍ കാത്തിരിക്കുകയായിരിക്കും! ഉടമസ്ഥരോട് അനുവാദം ചോദിക്കുന്ന പതിവില്ലാത്ത വിധം 'സോഷ്യലിസ'മായിരുന്നു തോര്‍ത്തിന്റെ കാര്യത്തില്‍. സുഖദുഃഖങ്ങള്‍ പരസ്പരം അറിഞ്ഞ് പെരുമാറുന്ന രീതിയാണ് അന്നുണ്ടായിരുന്നത്. അന്ന് സ്ഥാപനത്തിന് സ്വന്തമായ കളിസ്ഥലമൊന്നുമുണ്ടായിരുന്നില്ല. എന്റെ തറവാടു വീടിന്റെ മുന്‍വശത്ത് വേനല്‍കാലത്ത് ഒഴിഞ്ഞുകിടന്നിരുന്ന പള്ളിയാലും പിന്‍വശത്ത് ഒഴിഞ്ഞുകിടന്നിരുന്ന പറമ്പുമായിരുന്നു അക്കാലത്തെ പ്ലേ ഗ്രൗണ്ടുകള്‍.
പട്ടിണിയുടെയും പ്രാരബ്ധങ്ങളുടെയും കാലമായിരുന്നതിനാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചു. അതൊക്കെ പലരും എഴുതുകയും പറയുകയും ചെയ്തിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല.
വ്യക്തിപരമായി ഞാനും എന്റെ കുടുംബവും സാമ്പത്തികമായി വളരെയേറെ പ്രയാസത്തിലായിരുന്നു. എന്റെ ആറാമത്തെ വയസ്സില്‍ പിതാവിന്റെ ആകസ്മിക നിര്യാണത്തോടെ ഞങ്ങളുടെ കുടുംബമൊന്നാകെ ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ മാര്‍ഗമില്ലാത്ത നിലയിലായി. ഞാനും ജ്യേഷ്ഠന്‍ ഹുസൈനും അനുജന്‍ സുബൈറും ശാന്തപുരം കോളേജ് വിദ്യാര്‍ഥികളായിരുന്നതിനാല്‍ ഞങ്ങളുടെ താമസവും ഭക്ഷണവുമെല്ലാം കോളേജില്‍ തന്നെയായിരുന്നു. എന്റെ ഉമ്മയായിരുന്നു കോളേജിലെ ആദ്യകാല പാചകക്കാരി. രാവിലെ ഒമ്പതു മണിക്ക് കഞ്ഞിയും ഉച്ചക്കും രാത്രിയും ചോറുമായിരുന്നു കോളേജിലെ ഭക്ഷണം. രാവിലെയും വൈകുന്നേരവും ചായയും പലഹാരവും കഴിക്കണമെങ്കില്‍ സ്വന്തം ചെലവില്‍ പുറത്തു നിന്ന് ആവാം. രാവിലത്തെ ചായ ചില ബന്ധുവീടുകളില്‍നിന്ന് കുറച്ചുകാലം കിട്ടിയിരുന്നുവെങ്കിലും വൈകുന്നേരത്തെ ചായയില്ലാതെയാണ് അധിക കാലവും ഞാന്‍ കഴിച്ചുകൂട്ടിയത്. വസ്ത്രം വാങ്ങാന്‍ കാശില്ലാതിരുന്നതിനാല്‍ പലപ്പോഴും കീറിയ തുണിയും ഷര്‍ട്ടുമാണ് ധരിക്കുക. കീറിയ ഷര്‍ട്ട് കണ്ട് ഗുരുനാഥന്മാര്‍ രണ്ടു തവണ ഓരോ ഷര്‍ട്ട് ശീല വാങ്ങിത്തന്നത് ഓര്‍ക്കുന്നു. എനിക്ക് സ്വന്തമായി ചെരിപ്പോ തോര്‍ത്തുമുണ്ടോ ഉണ്ടായിരുന്നില്ല. ഇന്ന് ഒരിക്കലും വിഭാവന ചെയ്യാന്‍ പോലും കഴിയാത്ത തരത്തിലുള്ള ദാരിദ്ര്യമായിരുന്നു അക്കാലത്ത്.
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ എല്ലാവര്‍ക്കും പ്രയാസങ്ങളുണ്ടായിരുന്നുവെങ്കിലും വൈജ്ഞാനിക രംഗത്തും സര്‍ഗസിദ്ധികള്‍ പരിപോഷിപ്പിക്കുന്നതിലും വിദ്യാര്‍ഥികള്‍ സവിശേഷ ശ്രദ്ധ ചെലുത്തുകയും അധ്യാപകര്‍ അതിന് അനുസ്യൂതമായ പ്രോത്സാഹനവും മാര്‍ഗനിര്‍ദേശവും നല്‍കുകയും ചെയ്തിരുന്നു.
വൈജ്ഞാനിക മേഖലയില്‍ ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായിരുന്നു ഞങ്ങള്‍ പഠിച്ചിരുന്ന കാലത്തെ സിലബസ്സ്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ പൗരാണിക ക്ലാസ്സിക്കല്‍ ഗ്രന്ഥങ്ങള്‍ക്ക് സിലബസ്സില്‍ വലിയൊരിടം നല്‍കിയിരുന്നു. ഖുര്‍ആന്‍ പഠനത്തിന് നിശ്ചിത തഫ്‌സീര്‍ തെരഞ്ഞെടുക്കുന്നതിനു പകരം വിവിധ തഫ്‌സീറുകള്‍ അവലംബമായിക്കിയുള്ള ക്ലാസ്സുകളാണ് അധ്യാപകര്‍ നടത്തിയിരുന്നത്. ഹദീസ് പഠനത്തിന് ബുലൂഗുല്‍ മറാം, മിശ്കാത്തുല്‍ മസ്വാബീഹ്, സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുല്‍ മുസ്‌ലിം തുടങ്ങിയ ഗ്രന്ഥങ്ങളും ഫിഖ്ഹ് പഠനത്തിന് ഫത്ഹുല്‍ മുഈന്‍, അല്‍ മഹല്ലി എന്നീ ഗ്രന്ഥങ്ങളും ഉസ്വൂലുല്‍ ഫിഖ്ഹില്‍ വറഖാത്ത്, മത്‌നുല്‍ ഗായത്തി വത്തഖ്‌രീബ്, ജംഉല്‍ ജവാമിഅ് എന്നിവയും അറബി വ്യാകരണ പഠനത്തിന് മീസാന്‍, അജ്‌നാസ്, സന്‍ജാന്‍, അല്‍ അവാമില്‍, അല്‍ഫിയത്തുബ്‌നു മാലിക്, അന്നഹ്‌വുല്‍ വാദിഹ് എന്നിവയും ഉലൂമുല്‍ ഖുര്‍ആനില്‍ മനാഹിലുല്‍ ഇര്‍ഫാനും ഇസ്‌ലാമിക ശരീഅത്തില്‍ താരീഖുത്തശ്‌രീഇല്‍ ഇസ്‌ലാമിയും അറബി ഭാഷാ പഠനത്തിന് അല്‍ ഖിറാഅത്തുര്‍റശീദ, അല്‍ മഹ്ഫൂളാത്ത്, അല്‍ മുഅല്ലഖാത്തുസ്സബ്അ് എന്നിവയും സിലബസ്സിലുണ്ടായിരുന്നു. മലയാള ഭാഷാ പഠനത്തിന് വിവിധ സാഹിത്യകാരന്മാരുടെ കൃതികളില്‍നിന്ന് തെരഞ്ഞെടുത്ത ഭാഗങ്ങളും ബാലാമണിയമ്മ, വൈലോപ്പിള്ളി തുടങ്ങിയവരുടെ കവിതകളും കുട്ടി കൃഷ്ണ മാരാരുടെ മലയാള ശൈലി പോലുള്ള വ്യാകരണ ഗ്രന്ഥങ്ങളുമാണ് അവലംബമാക്കിയിരുന്നത്. ഇംഗ്ലീഷ് ഭാഷാ പഠനത്തിന് ബി.എ പരീക്ഷക്കുള്ള പുസ്തകങ്ങള്‍ വരെ അവലംബമാക്കിയിരുന്നു. ഉര്‍ദു ഭാഷാ പഠനത്തിന് പ്രധാനമായും ആശ്രയിച്ചിരുന്നത് മൗലാനാ അഫ്‌സല്‍ ഹുസൈന്‍ തയാറാക്കിയ 'ഹമാരീ കിതാബ്' എന്ന പുസ്തക പരമ്പരയെ. ഇക്കണോമിക്‌സിലും പൊളിറ്റിക്‌സിലും പ്രാഥമിക അറിവുകള്‍ ലഭിക്കും വിധമുള്ള ക്ലാസ്സുകളും സിലബസ്സിലുണ്ടായിരുന്നു. ഞങ്ങള്‍ മദീനാ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനെത്തിയപ്പോഴാണ് ശാന്തപുരത്തെ സിലബസ്സിന്റെ കനം ബോധ്യമായത്. ശാന്തപുരം വിദ്യാര്‍ഥികളെ സംബന്ധിച്ചേടത്തോളം മദീനാ യൂനിവേഴ്‌സിറ്റിയില്‍ കാര്യമായി ഒന്നും പഠിക്കാനുണ്ടായിരുന്നില്ല. വളരെ ലളിതമായിരുന്നു മദീനാ യൂനിവേഴ്‌സിറ്റിയിലെ സിലബസ്. അതുകൊണ്ടുതന്നെ ശാന്തപുരം വിദ്യാര്‍ഥികള്‍ അവിടെ പരീക്ഷയില്‍ ആദ്യ റാങ്കുകള്‍ നേടാറുണ്ടായിരുന്നു. 

(തുടരും)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (18-24)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി സലീം കരിങ്ങനാട്