Prabodhanm Weekly

Pages

Search

2020 ജൂലൈ 31

3162

1441 ദുല്‍ഹജ്ജ് 10

മലബാറിലെ മാപ്പിള വംശഹത്യക്കെതിരെ ശബ്ദമുയര്‍ത്തണം

സയ്യിദ്  അബുല്‍ അഅ്‌ലാ മൗദൂദി

(മലബാര്‍ സമരത്തെ കുറിച്ച് -2)

മാപ്പിളമാരോട്  ഇന്ത്യക്കാരായ നാം  വലിയ അക്രമമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സമുദായ പത്രങ്ങളില്‍ ഒട്ടുമിക്കവയും  ഉത്തരവാദപ്പെട്ട  മുസ്ലിം നേതാക്കളും മലബാറിലെ ഇസ്ലാമിക സമൂഹത്തിനു നേരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് പാലിക്കുന്ന മൗനം അക്രമമല്ലെങ്കില്‍ മറ്റെന്താണ്? ഈ മൗനത്തിന് ഒരേയൊരു കാരണം, മാപ്പിളമാരില്‍ ആരോപിക്കപ്പെട്ട ഹിന്ദുക്കളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം മൂലം  അവരെ പിന്തുണക്കുന്നത്  ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന ആശങ്കയാണ്. സഹിഷ്ണുത അഭിനന്ദനാര്‍ഹമായ കാര്യം തന്നെയാണ്. ഇസ്ലാമിന്റെ അനുയായികളില്‍ അത്തരം സഹിഷ്ണുത പൂര്‍ണമായ അര്‍ഥത്തില്‍ ഉണ്ട് എന്നതും വസ്തുതയാണ്. എന്നാല്‍ ബലാല്‍ക്കാരം മുസ്ലിമാക്കിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം സത്യമാണെങ്കില്‍ അതിനെ ശക്തമായി അപലപിച്ചുകൊണ്ടു തന്നെ മര്‍ദിതരും പീഡിതരുമായ മാപ്പിളമാരുമായി നാം ഐക്യദാര്‍ഢ്യപ്പെടുകയും അവരെ പിന്തുണക്കുകയുമാണ്. ഈ ഐക്യദാര്‍ഢ്യത്തിലും പിന്തുണയിലും പങ്കു ചേരാന്‍ നീതിബോധമുള്ള ഹിന്ദുക്കളോട് നാം ആവശ്യപ്പെടുകയും ചെയ്യുന്നു.
ഒരു സമൂഹം എന്ന നിലയില്‍ മാപ്പിളമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന ഇസ്ലാമികവിരുദ്ധവും മാനവികവിരുദ്ധവുമായ പ്രവ്യത്തി ചെയ്തുവെന്ന്  സ്ഥാപിക്കാന്‍ ഇതു വരെ കിട്ടിയ തെളിവുകളൊന്നും പര്യാപ്തമല്ല. ഒരു സമൂഹമെന്ന നിലയില്‍ മാപ്പിളമാര്‍ അത്തരം പ്രവൃത്തി ചെയ്തിട്ടില്ല എന്നു തന്നെയാണ് ഇത് ബോധ്യപ്പെടുത്തുന്നത്. തങ്ങളെ  നിര്‍ബന്ധിച്ച് മതംമാറ്റിച്ചു എന്ന് സ്വയം വെളിപ്പെടുത്തിയവര്‍ തന്നെ വ്യക്തമാക്കുന്നത്, പൊതുവില്‍  മാപ്പിളമാര്‍ തങ്ങളോട് സഹാനുഭൂതിയോടു കൂടിയാണ് വര്‍ത്തിച്ചത് എന്നും ഈ ക്യത്യം ചെയ്തത് സാമൂഹികവിരുദ്ധരായ ചില  മാപ്പിളമാരാണ് എന്നുമാണ്. അതിനാല്‍ മുഴുവന്‍ മാപ്പിളമാരെയും അതിന്റെ പേരില്‍ കുറ്റവാളികളാക്കുന്നതും മാപ്പിളമാരെ ഒന്നടങ്കം  വെറുപ്പോടെ  കാണുന്നതും നീതിബോധമുള്ള ഹിന്ദുക്കളെ സംബന്ധിച്ചേടത്തോളം ഭൂഷണമല്ല.
ഭരണകൂടത്തെ സംബന്ധിച്ചേടത്തോളം സംശയമില്ല, അവര്‍ക്ക് മുഴുവന്‍ മാപ്പിളമാരും ശത്രുക്കളാണ്.  മാപ്പിളമാരുടെ വംശഹത്യയാണ് ഭരണകൂടത്തിന്റ ഉദ്ദേശ്യമെന്നും വ്യക്തമാണ്. അവരില്‍ വല്ലവരെയും  ബാക്കിവെക്കുന്നുണ്ടെങ്കില്‍  തന്നെ അവര്‍ നിരാലംബരും ഗതിയില്ലാത്തവരുമാകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ള മുസ്ലിംകള്‍   ഒരിക്കലും ക്ഷമിക്കരുതാത്ത കടുത്ത അനീതിയും അക്രമവുമാണിത്. മലബാര്‍ കണ്‍സ്ട്രക്ഷന്‍ കമ്മിറ്റിയുടെ ഈയിടെ പുറത്തുവന്ന നിര്‍ദേശങ്ങളില്‍ ഭരണകൂടത്തിന്റെ ഉദ്ദേശ്യം വളരെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. പ്രസ്തുത നിര്‍ദേശങ്ങളുടെ സംക്ഷിപ്ത രൂപം ഇങ്ങനെയാണ്: 
ഭാവിയില്‍ പള്ളികളുടെ നിര്‍മാണവും നടത്തിപ്പും ഭരണകൂടത്തിന്റെ കൈവശമായിരിക്കും. പള്ളികളിലെ ഇമാമുമാരെ നിശ്ചയിക്കുന്നതും  ഭരണകൂടമായിരിക്കും. കേടുപാടുകള്‍ പറ്റിയ ക്ഷേത്രങ്ങളുടെ നഷ്ടപരിഹാരം മാപ്പിളമാരില്‍ നിന്ന് ബലാല്‍ക്കാരം ഈടാക്കും. ക്ഷേത്രങ്ങളുടെ നിര്‍മാണത്തിനുള്ള പണവും  മാപ്പിളമാരില്‍ നിന്ന് ഈടാക്കും. മാപ്പിളമാരെ നേരിടാന്‍ മറ്റു പൗരന്മാര്‍ക്ക് ആയുധം വിതരണം ചെയ്യും.... ഇന്ത്യയിലെ മുസ്ലിംകളും നീതിബോധമുള്ള ഹിന്ദുക്കളും ഒന്നടങ്കം പ്രതിഷേധിക്കേണ്ടതാണ് ഇതിലെ ഓരോ നിര്‍ദേശത്തോടും എന്ന കാര്യത്തില്‍ സംശയമില്ല. പള്ളികളുടെ നിര്‍മാണവും നടത്തിപ്പും ഇമാമിനെ നിശ്ചയിക്കലുമെല്ലാം മുസ്ലിംകളുമായി മാത്രം ബന്ധപ്പെട്ടതാണ്. അതില്‍ ഇടപെടാന്‍ ഭരണകൂടമല്ല, ആര്‍ക്കും ഇസ്ലാമിക ശരീഅത്ത് ഒരു രൂപത്തിലും അനുവാദം നല്‍കുന്നില്ല. മുസ്ലിംകളുടെ മതകാര്യത്തില്‍  നേരിട്ട് ഇടപെടാനുള്ള ഭരണകൂടത്തിന്റെ ഈ നീക്കം കടുത്ത അക്രമമല്ലാതെ മറ്റെന്താണ്? പള്ളികള്‍ കലാപത്തിന്റെ വളര്‍ത്തുകേന്ദ്രങ്ങളാണ് എന്നാണ് അതിന് പറയുന്ന ന്യായം. പക്ഷേ ഈ ന്യായം തങ്ങളുടെ ലക്ഷ്യം നേടാനുള്ള ഭരണകൂടത്തിന്റെ ഒരു ഉപായം മാത്രമാണ്. പള്ളികളില്‍ കലാപത്തിനുള്ള വിദ്യാഭ്യാസം നല്‍കുന്നുണ്ടെങ്കില്‍  അവരെ പള്ളിയുടെ വെളിയില്‍ നിന്ന് അറസ്റ്റ് ചെയ്യാന്‍  വേറെ മാര്‍ഗങ്ങളില്ലാത്തതു കൊണ്ടൊന്നുമല്ല ഈ നടപടി. കലാപം അടിച്ചമര്‍ത്തിയതിനു ശേഷം എത്രയോ യുവാക്കളെയും പ്രായം ചെന്നവരില്‍  ആരോഗ്യമുള്ളവരെയും  രക്തസാക്ഷികളാക്കുകയോ  ജയിലിലടക്കുകയോ ചെയ്ത ശേഷവും അവശേഷിക്കുന്ന  ദുര്‍ബലരായ സ്ത്രീകളും പ്രായമുള്ള വരും ഇനിയും കലാപം ചെയ്യുമെന്നാണോ ഭരണകൂടം വിചാരിക്കുന്നത്? ഇനി കലാപം ചെയ്യുകയാണെങ്കില്‍ തന്നെ  അവരെ പിടികൂടാന്‍ പള്ളിക്കു പുറത്ത് എന്താണ് തടസ്സം? പള്ളികളില്‍ ഇടപെടാനോ അതിനെ നിയന്ത്രിക്കാനോ ഭരണകൂടത്തിന് ഒരു നിലക്കും അവകാശമില്ല.
മലബാറിലെ സംഘര്‍ഷത്തില്‍ ഹിന്ദുക്കളേക്കാള്‍ മാപ്പിളമാരാണ് ആക്രമിക്കപ്പെട്ടത് എന്ന കാര്യത്തില്‍ സംശയമില്ല. ഹിന്ദുക്കള്‍ക്ക് വല്ല നാശവും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് യാദൃഛികവും താല്‍ക്കാലികവും  മാത്രമാണ്.  മാപ്പിളമാരാണ് കൊടും നാശത്തിനും  തകര്‍ച്ചക്കും ഇരകളായത്. അക്രമികളുടെ ലക്ഷ്യവും അവരായിരുന്നു. ജീവനും സമ്പത്തും അവര്‍ക്കാണ് നഷ്ടപ്പെട്ടത്. അതിനാല്‍ കുറഞ്ഞ നഷ്ടം പറ്റിയവരുടെ നഷ്ടപരിഹാരം കൂടുതല്‍ നാശം നേരിട്ടവരില്‍ നിന്ന് ഈടാക്കുന്നത് എന്തു നീതിയാണ്? മാപ്പിളമാരുടെ സമ്പൂര്‍ണ തകര്‍ച്ച ഉറപ്പാക്കുകയാണ് ഭരണകൂടം  ഇതിലൂടെ എന്ന കാര്യം വ്യക്തമാണ്. ഇത് കടുത്ത അക്രമമാണ്.
മാപ്പിളമാരില്‍ ആരെങ്കിലും അകാരണമായി ഹിന്ദുക്കള്‍ക്ക് നാശനഷ്ടങ്ങള്‍  ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവര്‍  കുറ്റവാളികള്‍  തന്നെയാണ്. അവരാകട്ടെ  ഇതിനകം കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തിട്ടുമുണ്ട്. പിന്നെ നിങ്ങള്‍ നിരപരാധികളില്‍ നിന്നാണോ അതിന് നഷ്ടപരിഹാരം തേടുന്നത്? സംസ്‌ക്യതമായ ഒരു നിയമവും കുറ്റവാളിയുടെ ശിക്ഷ കുറ്റം ചെയ്യാത്തവര്‍ക്ക് നല്‍കാന്‍ അനുവദിക്കുകയില്ല.
ഇന്ത്യയിലെ മുസ്ലിംകള്‍ ഒരിക്കലും നിശ്ശബ്ദമാകാന്‍ പാടില്ലാത്ത നിര്‍ദേശങ്ങളാണിത്.അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. ഒരു ഭാഗത്ത് ഇത്തരം  നിര്‍ദേശങ്ങള്‍,  മറുഭാഗത്ത് മാര്‍ഷല്‍ ലോ ഭരണത്തിനു  കീഴില്‍  മലബാറില്‍ മാപ്പിളമാരുടെ കച്ചവട സ്ഥാപനങ്ങള്‍  തീവെക്കപ്പെടുകയും വീടുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് മാപ്പിളമാരെ സമ്പൂര്‍ണമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ലിംകള്‍ ഇനിയും അതിനെ  കുറിച്ച് അശ്രദ്ധ നടിക്കുകയാണെങ്കില്‍  ദക്ഷിണേന്ത്യയിലെ ഇസ്ലാമിക സമൂഹത്തിന്റെ വലിയൊരു ഭാഗം തുടച്ചുനീക്കപ്പെടുകയായിരിക്കും ഫലം. 
(മലബാര്‍ സമരത്തെക്കുറിച്ച് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രമായ 'മുസ്ലിമി'ല്‍ 1922 ഫെബ്രുവരിയില്‍ വന്ന കുറിപ്പ്)

വിവ:  കെ.ടി ഹുസൈന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (18-24)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി സലീം കരിങ്ങനാട്