Prabodhanm Weekly

Pages

Search

2020 ജൂലൈ 31

3162

1441 ദുല്‍ഹജ്ജ് 10

ചരിത്രത്തില്‍ മുമ്പും ഹജ്ജും ഉംറയും മാറ്റിവെച്ചിട്ടുണ്ട്

ഹഫീസ് നദ്‌വി

മഹാരോഗങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, വിലക്കയറ്റം, വഴിവെട്ടി കൊള്ളക്കാരുടെ ഭീഷണി, ഭീതി എന്നിങ്ങനെ പല കാരണങ്ങളാല്‍ ചരിത്രത്തില്‍ പലപ്പോഴായി ഹജ്ജ് / ഉംറാ കര്‍മങ്ങള്‍ വേണ്ടെന്നുവെച്ചിട്ടുണ്ട്. ഉപരിസൂചിത കാരണങ്ങളാല്‍ ഹജ്ജ് ഭാഗികമായോ പൂര്‍ണമായോ നിലച്ചുപോയിട്ടുമുണ്ട്. 'അതില്‍ ആര്‍ പ്രവേശിച്ചുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്' (3:97), 'അവര്‍ക്ക് വിശപ്പിന് ഭക്ഷണം നല്‍കുകയും അവര്‍ക്ക് ഭയത്തിന് സമാധാനം നല്‍കുകയും ചെയ്തവനെ (ആരാധിച്ചുകൊള്ളട്ടെ)' (106:4), 'ഇതൊരു നിര്‍ഭയമായ രാജ്യം - ബലദന്‍ ആമിനഃ- ആക്കുകയും' (2:126, 14:35) എന്നൊക്കെ ഖുര്‍ആന്‍ പറഞ്ഞ പുണ്യഭൂമി പൂട്ടിയിടുകയോ എന്ന മട്ടിലുള്ള ട്രോളുകള്‍ നിരീശ്വര-ലിബറല്‍ വൃത്തങ്ങളില്‍നിന്ന് വരാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് ഇതേക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയത്.
ഭീതിയില്‍നിന്ന് അഭയം നല്‍കാന്‍ ഹറം തുറന്നിടല്‍ മാത്രമല്ല, അടച്ചിടലും അതിന്റെ പരിഹാരമാണെന്നാണ് ഇത്തരം സന്ദര്‍ഭങ്ങള്‍ വിശ്വാസിക്ക് നല്‍കുന്ന പാഠം. ലോകതലത്തില്‍ ഇതു സംബന്ധിയായ പഠനങ്ങളും ഫത്‌വകളുടെ ക്രോഡീകരണവും നടന്നുവരുന്നു. ഈജിപ്ഷ്യന്‍ ഫത്‌വാ ബോര്‍ഡ് സെക്രട്ടറി ശൈഖ് ഉവൈദഃ ഉസ്മാന്‍ പറയുന്നു:
'ഉപകാരം കൊണ്ടുവരുന്നതിനേക്കാള്‍ ഉപദ്രവം തടുക്കലാണ് പ്രധാനം' (തജന്നുബുല്‍ മഫ്‌സദത്തി അലാ ജല്‍ബില്‍ മസ്വ്‌ലഹ) എന്ന കര്‍മശാസ്ത്രനിദാന തത്ത്വപ്രകാരം വൈറസ് ഭീഷണി, സമൂഹ വ്യാപന ഭീതി എന്നിവ നിലനില്‍ക്കുന്ന ഇന്നത്തേതു പോലുള്ള സാഹചര്യത്തില്‍ ഹജ്ജ് / ഉംറ ചടങ്ങുകള്‍ വേണ്ടെന്നുവെക്കാം. സുഊദി അധികൃതര്‍ പരിമിതമായ രൂപത്തിലെങ്കിലും ഹജ്ജ് ഈ വര്‍ഷവും നടക്കട്ടെ എന്ന തീരുമാനത്തിലാണ് ഈ വരികള്‍ എഴുതുമ്പോഴുള്ളത്.
ഹജ്ജ് തല്‍ക്കാലത്തേക്ക് പൂര്‍ണമായി വേണ്ടായെന്നു വെക്കാനുള്ള തീരുമാനമുണ്ടായിരുന്നുവെങ്കില്‍ പോലും ഇസ്‌ലാമിക ചരിത്രത്തില്‍ അതിനുള്ള മുന്‍ മാതൃകകള്‍ ഉണ്ട് എന്നതിനുള്ള തെളിവുകളാണ് താഴെ.
ഖറാമിത്വാ ഭീഷണി
(ഹി 317 / സി.ഇ 930)
അബൂ ത്വാഹിറില്‍ ഖിര്‍മിത്വി(മരണം ഹി. 332/ സി.ഇ 944)യുടെ നേതൃത്വത്തില്‍  ഒരു സംഘം കഅ്ബ വളയുകയും ഉംറ /ഹജ്ജ് എന്നിവക്ക് വന്നവരെയെല്ലാം തുരത്തി ഓടിക്കുകയും ചെയ്തിരുന്നു. ഹി. 317 ദുല്‍ഹജ്ജ് എട്ടിന് കഅ്ബയുടെ വാതില്‍പ്പടി വരെ ഇവരെത്തി. 900 അനുചരന്മാരുമായി വന്ന അയാള്‍ കഅ്ബയിലെ എല്ലാ കര്‍മങ്ങളും തടസ്സപ്പെടുത്തി, ഒരാളെപ്പോലും അവിടേക്ക് കടത്തിവിട്ടില്ല.  ആ വര്‍ഷം ഹജ്ജിന് പുറപ്പെട്ട പലരും അവരെ പേടിച്ച് മീഖാത്തുകളില്‍ വെച്ച് തിരിച്ചുപോയി എന്ന് പറയപ്പെടുന്നു.
'കല്ലിന്റെ ആരാധകരായ ഈ നിഷേധികള്‍ക്കെതിരെ ഒരുങ്ങിയിരിക്കുക, കഅ്ബയുടെ പാര്‍ശ്വങ്ങള്‍ തകര്‍ക്കുക, ഹജറുല്‍ അസ്വദ് പിഴുതെറിയുക' - അവരുടെ നേതാവ് അബൂ ത്വാഹിര്‍ പുലമ്പുന്നുണ്ടായിരുന്നു. കഅ്ബയിലെ ത്വവാഫും ഹജറുല്‍ അസ്‌വദ് ചുംബനവുമെല്ലാം ജാഹിലിയ്യാ ആചാരങ്ങളുടെ തുടര്‍ച്ചയും പടര്‍ച്ചയുമാണെന്ന് വാദിച്ചിരുന്ന അതിതീവ്ര ശീഈ വിഭാഗമായിരുന്നു ഖറാമിത്വ. 'നാട്ടില്‍ ബലഹീനരാക്കപ്പെട്ടവരോട് ദാക്ഷിണ്യം കാണിക്കാനും അവരെ നേതാക്കന്മാരും അനന്തരാവകാശികളുമാക്കാനും നാം ഉദ്ദേശിക്കുന്നു' എന്ന സൂറഃ ഖസ്വസ്വിലെ 5-ാം ആയത്ത് ബാനറാക്കിയാണ് അവര്‍ കഅ്ബ ഉപരോധിച്ചത്. ഹംദാന്‍ ഖിര്‍മിത്വ്, അബൂ സഈദില്‍ ജനാബി എന്നിവരായിരുന്നു ഈ ചിന്തയുടെ തുടക്കക്കാര്‍. ഹി. 270-ല്‍ അബൂസഈദിന്റെ നേതൃത്വത്തില്‍ കൂഫയില്‍ രൂപം കൊണ്ട ഈ അതി തീവ്ര ശീഈ വിഭാഗം വളരെ പെട്ടെന്ന് ഇറാഖും കടന്ന് പല ഇസ്‌ലാമിക തലസ്ഥാനങ്ങളിലും ചെറിയ കാലം കൊണ്ട് സജീവമായി കഴിഞ്ഞിരുന്നു. ചെറുപ്പക്കാരായിരുന്നു ഇവരില്‍ ഭൂരിഭാഗവും.
ഇവരെ ചെറുക്കുന്നതിനിടയില്‍ അകത്ത് പ്രവേശിച്ച മുപ്പതിനായിരത്തോളം ഹാജിമാര്‍ രക്തസാക്ഷികളായി. അബുല്‍ ഫദ്ല്‍ ജാറൂദീ, അബൂസഈദില്‍ ബര്‍ദഈ, അബൂബക്ര്‍ റവാഹീ, അബൂ ജഅ്ഫറില്‍ ബര്‍ദഈ, അലി ബിന്‍ ബാബവൈഹി എന്നീ പണ്ഡിതന്മാര്‍ ഈ ദുരന്തത്തില്‍ രക്തസാക്ഷികളായവരാണ്. 
ധീര രക്തസാക്ഷികളുടെ ശരീരങ്ങള്‍ സംസം കിണറിലിട്ട് മൂടുകയാണുണ്ടായത്. ഹജറുല്‍ അസ്‌വദ് പിഴുതെടുത്ത് അവരുടെ കേന്ദ്രമായ ബഹ്‌റൈനിലെ ഹജ്ര്‍ (ഇന്നത്തെ അഹ്‌സ്വാ പ്രവിശ്യ) പട്ടണത്തിലേക്ക്  കടത്തി. ഈ ദുരന്തത്തിന്റെ ഓര്‍മകള്‍ തുടര്‍ന്നുള്ള പത്തു വര്‍ഷത്തോളം (ഹി. 326 വരെ) ഹജ്ജിനെ ബാധിക്കുകയും ഭാഗികമായി ആ വര്‍ഷങ്ങളിലും ഹജ്ജ് / ഉംറകളും മദീനയിലെ സിയാറത്തും ഇക്കാലയളവില്‍ തടസ്സപ്പെടുകയും ചെയ്തു എന്നാണ് ചരിത്രഗ്രന്ഥങ്ങള്‍ പറയുന്നത്.
പിന്നീട് ഇരുപത്തിനാലാം അബ്ബാസീ ഖലീഫ മുത്വീഇന്റെ കാലത്ത് ഖറാമിത്വകളുമായി സന്ധി(ഹി. 335-339)യുണ്ടാക്കുകയും കൂഫ വഴി ഹജറുല്‍ അസ്‌വദ് മക്കയിലെത്തിക്കുകയും ചെയ്താണ് പൂര്‍ണാര്‍ഥത്തില്‍ ഹജ്ജ് കര്‍മങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടത്. ഈ സന്ധിക്ക് ഖലീഫക്ക് വലിയ വില (3790 ദിര്‍ഹം) നല്‍കേണ്ടി വന്നു.

മാശിരി മഹാമാരി 
ഹി. 357/സി.ഇ 968-ല്‍ മക്കയിലും പരിസര പ്രദേശങ്ങളിലും മാശിരി (വസൂരി പോലെയുള്ള മഹാമാരി) പിടിപെട്ടു. മനുഷ്യന്മാര്‍ക്ക് മാത്രമല്ല, മറ്റു ജീവജാലങ്ങള്‍ക്കും ആ രോഗം ബാധിച്ചു. ഹജ്ജിനു വന്ന ഹാജിമാരുടെ ഒട്ടകങ്ങളടക്കം രോഗം ബാധിച്ചും ദാഹം പിടിപെട്ടും ചത്തൊടുങ്ങി.

വിലക്കയറ്റം
ഹി. 419/സി.ഇ 1028-ല്‍ ഈജിപ്തിലെ ഫാത്വിമി രാജാവ് അബ്ദുല്‍ അസീസ് ബില്ലയുടെ കാലത്ത് അവിടത്തെ വിലക്കയറ്റം കാരണം പലരും ഹജ്ജില്‍നിന്ന് വിട്ടുനിന്നു. ഹി. 421/ സി.ഇ 1030-ല്‍ ഇറാഖില്‍നിന്നുള്ള വളരെ കുറച്ച് ഗ്രാമീണരേ തീര്‍ഥാടകരായി മക്കത്തെത്തിയുള്ളൂ. ഹി. 430/ സി.ഇ 1039- ലാവട്ടെ ഇറാഖ്, ഖുറാസാന്‍, ശാം, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നും ആരും ഹജ്ജിനെത്തിയിരുന്നില്ല.

മോശം കാലാവസ്ഥ
ഹി. 417/സി.ഇ 1026 അതിശൈത്യം ബാധിച്ച് ടൈഗ്രീസ് നദി അടക്കമുള്ള ജലസ്രോതസ്സുകള്‍ എല്ലാം മഞ്ഞുകട്ടയായ കൊടും തണുപ്പില്‍ ഇറാഖ്, ഖുറാസാന്‍ പ്രദേശങ്ങളില്‍നിന്നുള്ളവരുടെ  ഹജ്ജ് യാത്രകള്‍ തടയാന്‍ മാത്രം അത് ശക്തമായിരുന്നു.
ഹി. 428/ സി.ഇ 1037-യിലും ഇറാഖുകാര്‍ക്ക് മക്കത്തേക്കെത്താനോ ഹജ്ജ് ചെയ്യാനോ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു.  
മുന്‍തസിര്‍ രാജാവിന്റെ മരണം കഴിഞ്ഞു പത്തു വര്‍ഷത്തിനുശേഷം കാലാവസ്ഥ മോശമായതിനാല്‍ ഹി. 650 / സി.ഇ 1253-ല്‍ ഹിജാസുകാര്‍ക്ക് പോലും ഹജ്ജിനുള്ള ഭാഗ്യം സിദ്ധിച്ചില്ല, എന്നു മാത്രമല്ല അവിടത്തെ രാജാക്കന്മാരുടെ കൊടി പോലും ഉയര്‍ത്തപ്പെട്ടിരുന്നില്ല എന്ന് സിംത്വുന്നുജൂം എന്ന കൃതിയില്‍ പറയുന്നു.

ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ രാഷ്ട്രീയ ഭിന്നതകള്‍
അമവീ ഖിലാഫത്തിന്റെ പതനശേഷം സ്‌പെയിനില്‍ ചെറിയ ഭാഗത്ത് അമവീ സ്വാധീനവും കിഴക്കു ചിലയിടങ്ങളില്‍ അബ്ബാസീ സ്വാധീനവും നിലനിന്നു.  തുടര്‍ന്നത് ബഗ്ദാദില്‍  അബ്ബാസീ ഭരണവും മൊറോക്കോയിലും ഈജിപ്തിലും ഫാത്വിമീ ഭരണവുമായി ഛിന്നഭിന്നമായി. ആഭ്യന്തര സംഘര്‍ഷങ്ങള്‍ മൂര്‍ഛിച്ചു.
ഹി. 411 / സി.ഇ 1021-ല്‍ ആഭ്യന്തര കലാപങ്ങള്‍ക്കിടയില്‍ ജനങ്ങളുടെ ജീവിത സുസ്ഥിതി നഷ്ടമാവുകയും പരക്കെ ദാരിദ്ര്യം പിടികൂടുകയും ചെയ്തത് ആ നാട്ടുകാരെ ഹജ്ജ് യാത്രയില്‍നിന്ന് പിന്തിരിപ്പിച്ചു. വിശപ്പടക്കാന്‍ കോവര്‍ കഴുതയെയും നായ്ക്കളെയും വരെ തിന്നേണ്ടിവരുമാറ് ദാരിദ്ര്യം ഇറാഖ്, ശാം പ്രദേശങ്ങളെ പിടിച്ചുലച്ചു.

കാട്ടറബി /കൊള്ളസംഘങ്ങളുടെ ആക്രമണങ്ങള്‍
ഇബ്‌നു അസാകിര്‍ പറയുന്നു: ഹി. 272 / സി.ഇ 886-ലാണ് സഅ്ദുല്‍ അഅ്‌സര്‍ ദമസ്‌കസിലെ ഹാജിമാര്‍ക്ക് മക്കയിലേക്കുള്ള വഴി സൗകര്യപ്പെടുത്തി കൊടുക്കുന്നത്. അതിനു തൊട്ടുമുമ്പുള്ള മൂന്നു വര്‍ഷങ്ങള്‍ ശാമുകാര്‍ ഹജ്ജിനു പോകുമ്പോള്‍ ബനൂസലീം, ബനൂ ഹിലാല്‍ പോലെയുള്ള കാട്ടറബി ഗോത്രങ്ങള്‍ അവരെ തടസ്സപ്പെടുത്തുകയും കൊള്ളയടിക്കുകയും പതിവായിരുന്നു.
ഹി. 417/ സി.ഇ 1027 മുതല്‍ ഹി. 420/ സി.ഇ 1029 വരെയുള്ള പല വര്‍ഷങ്ങളിലും പല നാട്ടുകാര്‍ക്കും ഈ വിധത്തില്‍ ഹജ്ജിന് വരാന്‍ കഴിയാതെ പോയിട്ടുണ്ടെന്ന് ഇമാം സുയൂത്വി തന്റെ 'മുഹാദറ'യില്‍ പറയുന്നുണ്ട്. കൊള്ളക്കാരുടെ ശല്യം അക്കാലത്തും അതിനു ശേഷവും ഇന്ത്യന്‍ ഹാജിമാര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ടായിരുന്നു എന്നതിന് സയ്യിദ് ഇസ്മാഈല്‍ ശഹീദ്, സയ്യിദ് ഇര്‍ഫാന്‍ ശഹീദ്, കുഞ്ഞാലി മരക്കാറുമാര്‍ എന്നിവരുടെ പഴയതല്ലാത്ത ചരിത്രവും സാക്ഷി. ആ സംഭവങ്ങളിലെ വില്ലന്മാര്‍ പക്ഷേ കാട്ടറബികളായിരുന്നില്ല എന്നു മാത്രം.

ആഭ്യന്തര സംഘര്‍ഷങ്ങള്‍
ഹി. 392 /സി.ഇ 1013-യില്‍ ഇറാഖില്‍ മുസ്‌ലിം -ക്രിസ്ത്യന്‍ സംഘര്‍ഷങ്ങളും ആഭ്യന്തര കലാപങ്ങളും ഉണ്ടായി. ആ വര്‍ഷം അക്കാരണത്താല്‍ ഇറാഖില്‍നിന്നു ആര്‍ക്കും ഹജ്ജിനു പോവാന്‍ സാധിച്ചിരുന്നില്ല.
കലാപകാരികള്‍ അഴിഞ്ഞാടിയ പ്രസ്തുത സംഭവത്തില്‍ മസ്ജിദുകളും ചര്‍ച്ചുകളും നശിപ്പിക്കപ്പെട്ടതടക്കം ഇരുഭാഗത്തും ഒരുപാട് 'രക്തസാക്ഷികള്‍' ഉണ്ടായി.

വഴി ദുര്‍ഘടമാവല്‍
ഹി. 403 /സി.ഇ 1013-ല്‍ ഖുറാസാന്‍, ഇറാഖ് ഭാഗങ്ങളില്‍നിന്ന് മക്കയിലേക്കുള്ള യാത്ര പ്രയാസകരമായിരുന്നു. ആ പ്രദേശത്തുകാര്‍ക്ക് ആ വര്‍ഷം ഹജ്ജിനു വരാന്‍ കഴിഞ്ഞില്ല എന്ന് ഇബ്‌നുല്‍ ജൗസി തന്റെ 'മുന്‍തളിമി'ല്‍ (പേജ് 96) രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ രാജാക്കന്മാര്‍ക്ക് പൊതുമരാമത്ത് വിഷയങ്ങളില്‍ അത്ര താല്‍പര്യമുണ്ടായിരുന്നില്ല.  വഴികളും റോഡുകളും ദുഷ്‌കരമാവുന്നത് സാധാരണക്കാരെയായിരുന്നു പൊതുവെ ബാധിച്ചിരുന്നത്.

വെള്ളപ്പൊക്കം
ഹി. 337 /സി.ഇ 949-ല്‍ ഇറാഖിലുണ്ടായ ശക്തമായ പേമാരിയിലും വെള്ളപ്പൊക്കത്തിലും ടൈഗ്രീസ് നദി  ഇരുപതടിയോളം ഉയരുകയും അണക്കെട്ടുകളും കെട്ടിടങ്ങളും തകര്‍ന്ന് പലര്‍ക്കും ജീവഹാനി സംഭവിക്കുകയും ചെയ്തിരുന്നതായി ഇബ്‌നു തഗ്‌രീ ബര്‍ദി തന്റെ 'നുജൂമി'ല്‍ രേഖപ്പെടുത്തുന്നുണ്ട്.
ആധുനിക കാലത്ത്
ഹി. 1213 /സി.ഇ 1799-ല്‍ ഫ്രഞ്ച്  അധിനിവേശം കൊടുമ്പിരികൊണ്ട നാളുകളില്‍ ഫ്രഞ്ചുകാര്‍ ഉംറ യാത്രകളില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഹി. 1344 /സി.ഇ 1926-ല്‍ ഈജിപ്തിലെ  ചില സ്വൂഫി ത്വരീഖത്തുകളും സലഫി തീവ്രവാദികളും തമ്മിലുള്ള സംഘട്ടനം കാരണവും ഉംറ മുടങ്ങിയിരുന്നു.  സ്വൂഫീ ഖാന്‍ഗാഹുകളില്‍നിന്നുള്ള നേര്‍ച്ചപ്പെട്ടി വരവിന് സലഫീ യുവാക്കളെതിരായതാണ് രണ്ടാമത്തെ പ്രശ്‌നത്തിന് കാരണം. 
ഹി. 1229/സി.ഇ 1814, ഹി. 1309/സി.ഇ 1892, ഹി. 1246/സി.ഇ 1831 എന്നിങ്ങനെ പല സന്ദര്‍ഭങ്ങളിലും ഭാഗികമായി പല നാട്ടുകാര്‍ക്കും ഉംറക്കോ ഹജ്ജിനോ എത്താന്‍ കഴിഞ്ഞിരുന്നില്ല. കോളറ, വസൂരി, പ്ലേഗ് എന്നീ കാരണങ്ങളാല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളായിരുന്നു തടസ്സം. ഇന്ത്യക്കാരടക്കം പലരും മീഖാത്തില്‍ ചെന്ന് തിരിച്ചുപോന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇത്തരം പല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഹി. 1360 / സി.ഇ 1941-ല്‍ മക്കയിലുണ്ടായ പ്രളയത്തില്‍ ത്വവാഫ് മുടങ്ങിയപ്പോള്‍ 14 വയസ്സുള്ള ഒരു ബഹ്‌റൈനീ ബാലന്‍ നീന്തി ത്വവാഫ് ചെയ്തത് അന്ന് ശ്രദ്ധ പിടിച്ചുപറ്റിയ വാര്‍ത്തയായിരുന്നു. 
ഹി. 1399/ സി.ഇ 1958-ല്‍ ഹറമില്‍ തീപ്പിടിത്തം ഉണ്ടായപ്പോഴും ത്വവാഫ് മുടങ്ങുകയുണ്ടായി. ഹറമും പരിസരവും പഴയ നിലയിലാവാന്‍ ദിവസങ്ങള്‍ തന്നെ വേണ്ടിവന്നു എന്നാണ് സഊദീ ചരിത്രരേഖകള്‍ പറയുന്നത്.
ഹി. 1399 /സി.ഇ 1979-ല്‍ വാഗ്ദത്ത മഹ്ദിയാണെന്ന് വാദിച്ചിരുന്ന ജുഹൈമാനു ബ്‌നു മുഹമ്മദ് എന്ന തീവ്രവാദിയും അനുയായികളും ഹറമില്‍ പ്രവേശിച്ചു '79 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 4 വരെ നടത്തിയ കൊലവിളിയില്‍ വിശ്വാസിലോകം പ്രതിരോധത്തിലായി. ഹറമും പരിസരവും ഉംറയിലേക്ക് തിരിച്ചുവരാന്‍ രണ്ടാഴ്ചകളോളം വേണ്ടിവന്നു.
ഇപ്പറഞ്ഞ പ്രതിസന്ധികളില്‍ പൂര്‍ണമായോ ഭാഗികമായോ ഹജ്ജും ഉംറയും മുടങ്ങിയിട്ടുണ്ടെങ്കിലും, കൂടുതല്‍ നല്ല രീതിയില്‍, പൂര്‍വോപരി ആവേശത്തോടെ ആ ദീനീ ചടങ്ങുകളെല്ലാം പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു. ആയതിനാല്‍ വിശ്വാസികള്‍ക്ക് ഒട്ടും നിരാശയല്ല; പ്രത്യുത പ്രതീക്ഷയാണ് ഇത്തരം പരീക്ഷണങ്ങളിലൂടെ തെളിഞ്ഞുവരുന്നത്. 

അവലംബം:
1. താരീഖുല്‍ ഇസ്‌ലാം -ദഹബി 
2. മുറൂജുദ്ദഹബ് - മസ്ഊദീ
3. അശ്ശജറതുല്‍ മുബാറക - റാസീ
4. മുഅ്ജമുല്‍ ബുല്‍ദാന്‍ - ഹമവീ
5. അന്നുജൂമുസ്സാഹിറ - ഇബ്‌നു
തഗ്‌രീ ബര്‍ദി
6. അല്‍മുന്‍തളിം - ഇബ്‌നുല്‍ ജൗസി
7. ഹുസ്‌നുല്‍ മുഹാദറ - സുയൂത്വി
8. ഇസ്‌ലാം ഓണ്‍ലൈന്‍
9. അല്‍ ജസീറ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (18-24)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി സലീം കരിങ്ങനാട്