Prabodhanm Weekly

Pages

Search

2020 ജൂലൈ 31

3162

1441 ദുല്‍ഹജ്ജ് 10

പ്രാര്‍ഥന കൊണ്ട് പഠിക്കാവുന്ന ചരിത്രപുരുഷന്‍

ടി. മുഹമ്മദ് വേളം

ഇബ്റാഹീം നബി മനുഷ്യചരിത്രത്തിന്റെ ഒരു പുതിയ ഘട്ടമാണ്. ജനതതികളുടെ കുലപതി. ഇബ്റാഹീമില്‍ നിന്ന് ഉത്ഭവിച്ച വംശനദികളാണ് പിന്നീട് മനുഷ്യചരിത്രത്തില്‍ നിറഞ്ഞൊഴുകുന്നത്. ഇബ്റാഹീം നബിയുടെ ചരിത്രം മനുഷ്യവംശത്തിന്റെ ചരിത്രം തന്നെയാണ്. ഇബ്റാഹീം നബിയുടെ  ജീവചരിത്രത്തെ പലരീതിയില്‍ പഠിക്കാവുന്നതാണ്. അതില്‍ ഒരു വഴിയാണ് അദ്ദേഹത്തിന്റെ തന്നെ പ്രാര്‍ഥനകളിലൂടെ പഠിക്കുക എന്നത്. ഇബ്‌റാഹീം നബിയുടെ ആത്മകഥനത്തിന്റെ പാസ് വേഡ് പോലെ പ്രവര്‍ത്തിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍.
എല്ലാ വിശ്വാസികളുടെ ജീവിതത്തിലും പ്രാര്‍ഥന വലിയ ഊര്‍ജമായി പ്രവര്‍ത്തിക്കുന്നതു  കാണാനാവും. ഇബ്‌റാഹീം നബി ഇതില്‍ ഒരുപാട് മുന്നില്‍ സഞ്ചരിച്ച വിശ്വാസിയാണ്. അല്ലാഹു തന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: '....ഇന്ന ഇബ്‌റാഹീമ ല അവ്വാഹുന്‍ ഹലീം' (സൂറഃ ഹൂദ് 75). അബ്ദുല്ലാഹിബ്നു മസ്ഊദ് പറയുന്നു : ' അവ്വാഹ് എന്നതിന് ധാരാളം പ്രാര്‍ഥിക്കുന്നവന്‍ എന്നാണര്‍ത്ഥം...'

സന്ദേഹം
ചിന്തിക്കുന്നവരില്‍ സന്ദേഹം സ്വാഭാവികമാണ്. സന്ദേഹം ഇബ്‌റാഹീം നബിയില്‍ ആവിഷ്‌കരിക്കപ്പെട്ടത് പ്രാര്‍ഥനയായിട്ടാണ്. അത് ഒരു പ്രാര്‍ഥനക്കപ്പുറം അല്ലാഹുമായുള്ള സംഭാഷണത്തിന്റെ തലത്തിലേക്ക് ഉയരുന്നുണ്ട്. ഒരു പ്രവാചകന് കൈവരുന്ന ഉയര്‍ന്ന തലമാണത്: 'എന്റെ നാഥാ, മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുമെന്ന് എനിക്ക് നീ കാണിച്ചു തരേണമേ. ദൈവം പ്രതിവചിച്ചു; താങ്കള്‍ വിശ്വസിക്കുന്നില്ലേ. അതേ, പക്ഷേ, എന്റെ ഹൃദയശാന്തിക്കു വേണ്ടി...' (അല്‍ബഖറ 260). ദൈവം ഒരു പ്രായോഗികാനുഭവത്തിലൂടെ അത് ഇബ്‌റാഹീം നബിക്ക് കാണിച്ചുകൊടുത്തു.

പിതാവ്
ഇബ്‌റാഹീം നബി അവ്വാഹും ഹലീമുമായിരുന്നു. ഹലീം അങ്ങേയറ്റത്തെ സഹനശീലനാണ്. അത് ഒരു വെറും സഹനമല്ല, സഹാനുഭൂതിയാണ്. ആദര്‍ശ കാരണത്താല്‍ വീട്ടില്‍ നിന്നും ഇറക്കിവിടപ്പെട്ട ഇബ്‌റാഹീം ആ സന്ദര്‍ഭത്തിലും പിതാവിനു വേണ്ടി പ്രാര്‍ഥിച്ചു: 'എന്റെ പിതാവിന് നീ പൊറുത്തു കൊടുക്കേണമേ, അദ്ദേഹം വഴിപിഴച്ചവരില്‍ പെട്ടുപോയിരിക്കുന്നു' (ശുഅറാഅ് 86). പിതൃത്വത്തോടുള്ള കടപ്പാട് പ്രാര്‍ഥന കൊണ്ടാണ് ഇബ്‌റാഹീം രേഖപ്പെടുത്തിയത്.

സന്തതികള്‍
'എന്റെ രക്ഷിതാവേ, സദ്വൃത്തനായ ഒരു പുത്രനെ എനിക്ക് പ്രദാനം ചെയ്യേണമേ' (സ്വാഫാത്ത് 100). തന്റെ തുടര്‍ച്ചക്കായി സന്തതിയെ കൊതിക്കുക എന്നത് തികഞ്ഞ സാധാരണത്വമുള്ള കാര്യമാണ്. ഏതു മനുഷ്യനും കൊതിക്കുന്ന സാധാരണ കാര്യം. ഇബ്‌റാഹീം സന്തതിയെ ചോദിച്ചത് സ്വന്തത്തിന്റെ തുടര്‍ച്ചക്കു വേണ്ടി മാത്രമല്ല, ആദര്‍ശ പ്രയാണത്തിന്റെ തുടര്‍ച്ചക്കു വേണ്ടി കൂടിയാണ്. മഹത്തുക്കളായ മനുഷ്യര്‍ സാധാരണ കാര്യങ്ങളില്‍ തന്നെയാണ് അസാധാരണത്വം സൃഷ്ടിക്കുന്നത്. ശില്‍പിക്ക് ശില പോലെയാണ് മഹത്തുക്കള്‍ക്ക് സാധാരണ ജീവിത കാര്യങ്ങള്‍. കുടുംബ പാശത്തിന്റെ തൊട്ടടുത്ത അപ്പുറത്തെയും ഇപ്പുറത്തെയും അദ്ദേഹം പ്രാര്‍ഥന കൊണ്ട് അടയാളപ്പെടുത്തി. പിതാവിനോട് ഏറ്റവും ആദരവോടെ അദ്ദേഹം എതിരിട്ടു. ഏറെ മാര്‍ദവമായ ഭാഷയില്‍ പ്രതിവാദങ്ങള്‍ പറഞ്ഞു. കുടുംബ പാശത്തിന്റെ മറുതലക്കല്‍ സദ്വൃത്തനായ സന്തതിക്കു വേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചു. കുടുംബമാണ് സര്‍വസ്വം, തന്റെ താല്‍പര്യത്തിന്റെ മാനദണ്ഡം എന്ന് ഇബ്‌റാഹീമിന് വിചാരിക്കാനാവില്ലായിരുന്നു. കുടുംബം/ ഗോത്രം ഉള്‍പ്പെടെ എല്ലാ വ്യാജ ദൈവങ്ങള്‍ക്കുമെതിരെ പടനയിച്ച ഏകദൈവത്വത്തിന്റെ കൊടിവാഹകനാണ് അദ്ദേഹം. കൊത്തിയുണ്ടാക്കുന്ന വിഗ്രഹങ്ങള്‍ മാത്രമല്ല, നിര്‍മിച്ചുണ്ടാക്കുന്ന ഗോത്ര വംശീയതകളും വ്യാജ ദൈവങ്ങളാണെന്ന് ഇബ്‌റാഹീം നബിക്കറിയാമായിരുന്നു. ഈ തിരിച്ചറിവ് ഒരിക്കലും കുടുംബ, വംശ നിരാകരണത്തിലേക്ക് വഴുക്കിവീഴാതെ ഇബ്‌റാഹീം നബി കാത്തുസൂക്ഷിച്ചു. കാര്യങ്ങളെ സന്തുലിതത്വത്തിന്റെ മൂശയില്‍ വാര്‍ക്കാനാവുന്ന ഒരാശയമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്. രക്തബന്ധത്തെ ആദര്‍ശദീപ്തി കൊണ്ട്, അതിന്റെ ആവിഷ്‌കാരമായ പ്രാര്‍ഥന കൊണ്ട് ആത്മീയമാക്കുകയായിരുന്നു ഇബ്‌റാഹീം. ഭൗതികവല്‍ക്കരിക്കപ്പെടുന്ന, ആത്മീയത്തെളിച്ചമില്ലാത്ത വംശബോധമാണ് വംശീയതയായി ലോകത്ത് എന്നും നാശം വിതച്ചുകൊണ്ടിരിക്കുന്നത്.

കഅ്ബ 
'ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതിയെ കൃഷിയില്ലാത്ത ഒരു താഴ്വരയില്‍ നിന്റെ പവിത്ര ഗേഹത്തിനടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം നിലനിര്‍ത്താന്‍ വേണ്ടിയാണത്. അതിനാല്‍ മനുഷ്യമനസ്സുകളെ നീ അവരിലേക്ക് ആകര്‍ഷിക്കേണമേ, അവര്‍ക്ക് ഫലങ്ങള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ, അവര്‍ നന്ദി കാണിച്ചേക്കാം' (ഇബ്‌റാഹീം 37).
പ്രാര്‍ഥനക്കുത്തരമായുണ്ടായ നാഗരികതയാണ് മക്ക; മറ്റൊരര്‍ഥത്തില്‍ അറേബ്യ, മക്ക കേന്ദ്രമായ അറേബ്യന്‍ നാഗരികത. പള്ളി പണിതുയര്‍ത്തിയിട്ട് പള്ളി കേന്ദ്രീകൃതമായ ഒരു നാഗരികതക്കു വേണ്ടി പ്രാര്‍ഥിച്ച പ്രവാചകനാണ് ഇബ്‌റാഹീം. ഒരു നാഗരികത വികസിക്കാനുള്ള ഒന്നാമത്തെ ഉപാധി സാമൂഹിക സുരക്ഷിതത്വമാണെന്ന സാമൂഹികശാസ്ത്ര ബോധവും ആ പ്രാര്‍ഥന പ്രകടിപ്പിക്കുന്നുണ്ട്. അങ്ങനെയാണ് ഒരു പ്രാര്‍ഥന സാമൂഹികശാസ്ത്ര വിദ്യാര്‍ഥികളുടെ പാഠപുസ്തകമായി മാറിയത്. നമസ്‌കാരത്തെ നാഗരികതയുടെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് ഇബ്‌റാഹീം നബി ചെയ്യുന്നത്. നമസ്‌കാര കേന്ദ്രീകൃതമായ പള്ളി മാത്രമല്ല, പള്ളി കേന്ദ്രീകൃതമായ ഒരു നാഗരികതയുമുണ്ടെന്ന് ഇബ്‌റാഹീം നബി പഠിപ്പിച്ചു. സുരക്ഷിതത്വത്തിനു ശേഷമേ നാഗരികതയില്‍ ജീവിത വിഭവത്തിനു പോലും പ്രാധാന്യമുള്ളൂ എന്ന് പഠിപ്പിച്ചു.  കര്‍മം പൂര്‍ത്തിയാകുന്നത്, ഒരു കെട്ടിടം പൂര്‍ണമാകുന്നത് അവസാനത്തെ കല്ലും എടുത്തു വെക്കുമ്പോഴല്ല, അവസാനത്തെ പുല്ലും മേയുമ്പോഴല്ല, ദൈവം സ്വീകരിക്കുമ്പോഴാണ്. ദൈവമേ, നിന്റെ പൊരുത്തം പ്രതീക്ഷിച്ച്, നിന്റെ അതിരുകള്‍ പാലിച്ച് ഞങ്ങള്‍ പടുക്കുന്നത് സ്വീകരിക്കേണമേ എന്ന പ്രാര്‍ഥനയായിരുന്നു ഓരോ കല്ലിലും ഉണ്ടായിരുന്നത്. സ്വീകരിക്കേണമേ എന്ന  മൊഴി പ്രാര്‍ഥന ഒരു മഹദ് പ്രവൃത്തിയുടെ ഉപചാരപൂര്‍വമായ സമാപനം മാത്രം. ഈ മൊഴി അര്‍ഥനയേക്കാള്‍ മഹോന്നതമായി ഒരു പ്രവൃത്തി എങ്ങനെ സമാപിപ്പിക്കാനാവും!

ജീവിത വിഭവം വിശ്വാസിക്ക് മാത്രമോ? 
'എന്റെ രക്ഷിതാവേ, ഇതൊരു നിര്‍ഭയ നാടാക്കുകയും ഇവിടത്തെ നിവാസികളില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് ഫലങ്ങള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ. ദൈവം അരുള്‍ ചെയ്തു:  നിഷേധികള്‍ക്കും നാം ഭൗതിക വിഭവങ്ങള്‍ നല്‍കുകയും പിന്നെ നരകത്തില്‍ തള്ളിവിടുകയും ചെയ്യും' (അല്‍ബഖറ 126). എന്തുകൊണ്ടായിരിക്കും ഇബ്‌റാഹീം ജീവിത വിഭവങ്ങള്‍ സത്യവിശ്വാസികള്‍ക്കു മാത്രം നല്‍കണമെന്ന് പ്രാര്‍ഥിച്ചത്, അതും സഹാനുഭൂതിയുടെ ആള്‍രൂപമായ ഒരു പ്രവാചകന്‍, 'അതിനാല്‍ ആര്‍ എന്നെ പിന്തുടരുന്നുവോ അവര്‍ എന്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമാണല്ലോ' (ഇബ്‌റാഹീം 36) എന്നു പ്രാര്‍ഥിച്ച ഒരു പ്രവാചകന്‍?
അതിന് രണ്ടു കാരണങ്ങള്‍ ഉണ്ടാവാമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു: ഈ പ്രാര്‍ഥന ഉദ്ധരിക്കുന്നതിനു മുമ്പ് ഖുര്‍ആന്‍, ഇബ്‌റാഹീം   നബിയും അല്ലാഹുവും തമ്മിലുള്ള സംഭാഷണം ഉദ്ധരിക്കുന്നുണ്ട്: 'ഇബ്‌റാഹീമിനെ നാം ചില വചനങ്ങള്‍ കൊണ്ട് പരീക്ഷിച്ചു. ഇബ്‌റാഹീം പരീക്ഷണം പൂര്‍ത്തീകരിച്ചു. ദൈവം പറഞ്ഞു; താങ്കളെ ജനത്തിന് നേതാവായി നിശ്ചയിച്ചിരിക്കുന്നു. ഇബ്‌റാഹീം ചോദിച്ചു; എന്റെ സന്തതികളെയോ? ദൈവം പറഞ്ഞു;   എന്റെ കരാര്‍ അക്രമികള്‍ക്ക് ബാധകമാവുകയില്ല' (അല്‍ബഖറ 124). ആദര്‍ശപരമായ നേതൃത്വം നിഷേധികളായ സന്തതികള്‍ക്കില്ല എന്നു പറഞ്ഞപ്പോള്‍ ജീവിത വിഭവങ്ങളും അങ്ങനെത്തന്നെ ആയിരിക്കും എന്ന് ഇബ്‌റാഹീം പ്രവാചകന്‍ കരുതിക്കാണണം. ആഗ്രഹം ഒരുപക്ഷേ മറിച്ചാണെങ്കിലും, തെറ്റായ ഒരു കാര്യം ചോദിക്കേണ്ട എന്നും കരുതിയിരിക്കണം. മറ്റൊരു കാരണം, വീട്ടില്‍ നിന്ന് ഇറക്കിവിട്ടപ്പോള്‍ പിതാവിനോട് താങ്കളുടെ പാപമോചനത്തിനു വേണ്ടി ഞാന്‍ പ്രാര്‍ഥിക്കും എന്ന് ഇബ്‌റാഹീം നബി ഒരു വാഗ്ദത്തമായി പറയുന്നുണ്ട്: 'താങ്കള്‍ക്കു വേണ്ടി എന്റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവന്‍ എന്നോട് ഏറെ ദയയുള്ളവനാണ്' (മര്‍യം 47).  'ഇബ്‌റാഹീം പിതാവിനു വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് ചെയ്ത വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു. എന്നാല്‍ അയാള്‍ ദൈവത്തിന്റെ ശത്രുവാണെന്ന് വ്യക്തമായപ്പോള്‍ അദ്ദേഹം പിതാവിനെ വിട്ടൊഴിഞ്ഞു' (തൗബ 114). പാപമോചന പ്രാര്‍ഥനയിലെ ഈ തിരുത്തായിരിക്കാം ഇബ്‌റാഹീം നബിയെ ജീവിത വിഭവത്തെ കുറിച്ചും ഇങ്ങനെ പ്രാര്‍ഥിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍  ഒരു പ്രാര്‍ഥനക്കകത്ത് ദൈവം ഇടപെടുകയായിരുന്നു. പാപമോചനം വിശ്വാസികള്‍ക്കായിരിക്കെ തന്നെ ജീവിത വിഭവങ്ങള്‍ ഏത് കടുത്ത നിഷേധിക്കും അവകാശപ്പെട്ടതാണ്. ആദര്‍ശനിരപേക്ഷമായി എല്ലാവര്‍ക്കും മോക്ഷം എന്ന സര്‍വമത സത്യവാദത്തിലേക്കോ ജീവിത വിഭവങ്ങള്‍ വിശ്വാസികള്‍ക്കു മാത്രമെന്ന മതതീവ്രതയിലേക്കോ അതിരുകവിയാതെ ഇസ്ലാം ഇസ്ലാമിനെ തന്നെ എങ്ങനെയാണ് സന്തുലിതമാക്കുന്നത് എന്നതിന്റെ ഗംഭീരമായ ഉദാഹരണമാണത്.

ഹജ്ജ് 
'ഞങ്ങളെ രണ്ടു പേരെയും നിനക്ക് കീഴ്പ്പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്പ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ കാണിച്ചു തരികയും  പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ' (അല്‍ബഖറ 128).
ഹജ്ജ് എന്ന ആരാധനയുടെ രൂപം ഈ പ്രാര്‍ഥനക്കുത്തരമായിക്കൂടി അല്ലാഹു പഠിപ്പിച്ചതാണ്.  ഇസ്ലാമിലെ എല്ലാ ആരാധനകളും അല്ലാഹുവിനാല്‍ രൂപകല്‍പന ചെയ്യപ്പെട്ടവയാണ്. അവയെ മറ്റു കര്‍മങ്ങളില്‍ നിന്ന് വ്യത്യസ്തവും പ്രധാനവുമാക്കുന്ന കാര്യവും അതുതന്നെയാണ്. അതുകൊണ്ടുതന്നെ അവക്കു പകരം മറ്റൊന്നില്ല. അവ ഡിവൈന്‍ ഡിസൈന്‍ എന്ന സവിശേഷതയുള്ള കര്‍മങ്ങളാണ്. ആ രൂപകല്‍പന കാണിച്ചു തരേണമേ എന്നതായിരുന്നു ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥന.
ഹജ്ജുമായി ബന്ധപ്പെട്ട അനുബന്ധ കര്‍മമാണ് ബലി. ബലിക്കു പകരം ബലി മാത്രമാണ്,  ഏതൊരനുഷ്ഠാനവും പോലെ. കോവിഡ് കാലത്ത് ബലി നടത്തുന്നതിനു പകരം ആ പണം പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുന്നതാണ് ഉത്തമമെന്ന് ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി. അനുഷ്ഠാനങ്ങളെ ഇത്തരം യുക്തികള്‍ക്കു വിധേയമാക്കുന്നത് അബദ്ധമാണ്. പരിമിതികളോടെയെങ്കിലും അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്.

മുഹമ്മദ് നബി 
മുഹമ്മദ് നബി, ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനയുടെ ഉത്തരം കൂടിയാണ്:  'ഞങ്ങളുടെ രക്ഷിതാവേ, നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചു കൊടുക്കുകയും വേദവും വിജ്ഞാനവും അഭ്യസിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ' (അല്‍ബഖറ 129). ഒരര്‍ഥത്തില്‍ തന്നേക്കാള്‍ പ്രഗത്ഭനായ പിന്‍ഗാമിയെ ചോദിക്കുകയായിരുന്നു ഇബ്‌റാഹീം നബി. നന്മേഛുവായ ഒരു നേതാവ് തനിക്കു ശേഷം തന്റെ കാലത്തേക്കാളും ഭാസുരമായ കാലവും തന്നേക്കാള്‍ പ്രാഗത്ഭ്യമുള്ള നേതൃത്വവും ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുക. അതിനു വേണ്ടിയാണ് ആസൂത്രണങ്ങള്‍ നടത്തുക. തനിക്കു ശേഷം പ്രളയം എന്നത് കുടില നേതൃത്വത്തിന്റെ വിലക്ഷണതയാണ്.

വരും തലമുറയുടെ ഓര്‍മയില്‍ 
'പിന്‍ഗാമികള്‍ക്കിടയില്‍ എനിക്ക് സല്‍പേര് ഉണ്ടാക്കേണമേ' (ശുഅറാഅ് 84). താന്‍ സദ്വൃത്തരുടെ ചരിത്രത്തില്‍ സുന്ദര സ്മരണയായി നിലനില്‍ക്കണമെന്ന ന്യായമായ ആഗ്രഹപ്രകാശനവും അതിനായുള്ള അര്‍ഥനയുമാണിത്. സദ്ചരിത്രം തന്നെ  എങ്ങനെ ഓര്‍ക്കുമെന്നത് ഇബ്‌റാഹീം നബിയുടെ പരിഗണനാ വിഷയമായിരുന്നു. ഓരോ വിശ്വാസിയും തന്നെക്കുറിച്ചും ആലോചിക്കേണ്ട കാര്യമാണത്. ചരിത്രം സൃഷ്ടിച്ചവരെ ചരിത്രം ഒരുപാട് തിളക്കത്തോടെ ഓര്‍ത്തുകൊണ്ടിരിക്കും. ചരിത്രത്തില്‍ ഓര്‍മിക്കപ്പെടാനുള്ള ആഗ്രഹം ചരിത്രം സൃഷ്ടിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗം കൂടിയാണ്. ആ ഉദ്യമം സഫലമാവണേ എന്ന പ്രാര്‍ഥന കൂടിയാണിത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (18-24)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി സലീം കരിങ്ങനാട്