Prabodhanm Weekly

Pages

Search

2020 ജൂലൈ 31

3162

1441 ദുല്‍ഹജ്ജ് 10

പ്രതിസന്ധികളെ മറികടക്കേണണ്ടവര്‍ ഇബ്‌റാഹീമി(അ)നെ പഠിക്കണം

എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

അല്ലാഹു അക്ബര്‍... വലില്ലാഹില്‍ ഹംദ്. വീണ്ടും ലോകം ഈദുല്‍ അദ്ഹായിലേക്ക്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും വിശ്വാസികള്‍ വിശുദ്ധ ഭൂമിയില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി സമ്മേളിച്ചിരിക്കുന്നു എന്ന പതിവു വാക്യം ഇത്തവണ നമുക്ക് കൂട്ടിച്ചേര്‍ക്കാനാവില്ല. കോവിഡ് 19 സൃഷ്ടിച്ച ആഗോള സ്തംഭനാവസ്ഥയിലാണ് നമ്മുടെ ഹജ്ജും പെരുന്നാളും. രണ്ടും നിര്‍ണയിക്കപ്പെട്ടത് ഭൗതികലോകത്തല്ല എന്നതിനാല്‍ തന്നെ ഭൗതികലോകത്തെ പ്രതിബന്ധങ്ങള്‍ അവയുടെ ആത്മാവിനെ അപ്രസക്തമാക്കേണ്ടതില്ല, അപ്രസക്തമാക്കുന്നുമില്ല.
സാധാരണ ഗതിയില്‍ ഹജ്ജിന് പോകുന്നതിനുള്ള ഒരുക്കങ്ങളായും ഹജ്ജ് ക്ലാസ്സുകളായും ക്യാമ്പുകളായും  യാത്രയയപ്പുകളായും  വീടുകളും പള്ളികളും മറ്റു പൊതുവിടങ്ങളും സജീവമാകാറുണ്ട്. അവയുടെ അഭാവം സമുദായത്തിന്റെ ദീനീ അന്തരീക്ഷത്തെയും ഹജ്ജിനോടും പെരുന്നാളിനോടുമുള്ള വൈകാരിക ബന്ധത്തെയും ചെറിയ തോതിലെങ്കിലും ബാധിച്ചിട്ടുണ്ട്. നമ്മുടെ വായനയിലൂടെയും ചിന്തയിലൂടെയും പരസ്പരമുള്ള ഓര്‍മപ്പെടുത്തലിലൂടെയും ദീനീ അന്തരീക്ഷത്തെ ഉറപ്പിച്ചുനിര്‍ത്തേണ്ടതുണ്ട്.
സഹസ്രാബ്ദങ്ങളായി ലോകം ഓര്‍ത്തുകൊണ്ടിരിക്കുന്ന മഹാപുരുഷന്‍ ഇബ്‌റാഹീ(അ)മിന്റെ ജീവിതസന്ദേശം തന്നെയാണ് ഇക്കാലത്തും നമുക്ക് പ്രചോദനമാകേണ്ടത്. ഹൃദയം നിലക്കുന്ന, രക്തം മരവിക്കുന്ന പ്രതിബന്ധങ്ങള്‍ക്കു ശേഷവും പ്രതീക്ഷയോടെ ജീവിതത്തെ സമീപിക്കുന്ന ഇബ്റാഹീം (അ) നമുക്ക് പാഠമാണ്. തുടര്‍ന്നും ജീവിതം സ്വഛന്ദമായൊഴുകി ലക്ഷ്യം സാക്ഷാല്‍ക്കരിക്കുമെന്ന് ആ മഹിത മാതൃക നമ്മെ പഠിപ്പിക്കുന്നു. ഒരു ഉപാധി മാത്രം; കലര്‍പ്പില്ലാതെ അല്ലാഹുവിന് ജീവിതത്തെ സമര്‍പ്പിക്കണം. അതില്‍ വീഴ്ച വരുത്തിയ നാഗരികതകളും സമൂഹങ്ങളും പ്രതിസന്ധികള്‍ക്കു മുന്നില്‍ ഇടറിയിട്ടുണ്ട്.
സാധാരണക്കാരനായിരുന്നില്ല, ഇബ്റാഹീം (അ); പതിതനോ കീഴാളനോ ആയിരുന്നില്ല. വരേണ്യ കുടുംബാംഗമായിരുന്നു. ഭരണകൂടത്തിന് വേണ്ടപ്പെട്ട പുരോഹിതന്റെ മകനെന്ന നിലക്ക് ബഹുമതികളും ആശീര്‍വാദങ്ങളും ഇബ്റാഹീമിനെ മൂടിയിട്ടുണ്ട്. ശിപാര്‍ശക്കായി എത്തുന്നവരുടെയും സ്വന്തക്കാരെന്ന് ചമഞ്ഞ് താണു വണങ്ങുന്നവരുടെയും ആരവങ്ങള്‍  കൊട്ടാരസമാനമായ ആ ഗൃഹാന്തരീക്ഷത്തിലുയര്‍ന്നിരിക്കണം. ഈ സുഖാസ്വാദനങ്ങളെയെല്ലാം അവഗണിച്ചാണ് ഇബ്റാഹീം ഇറങ്ങി നടന്നത്.
ബഹുദൈവത്വത്തെ ജീവിതത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ച, ജീവിപ്പിക്കാനും മരിപ്പിക്കാനുമുള്ള ദൈവിക അവകാശത്തെ കവര്‍ന്നെടുത്ത ഭരണകൂടം, അതിനെ താങ്ങിനിര്‍ത്താന്‍ മതവ്യാഖ്യാനങ്ങള്‍ നല്‍കുകയും ബഹുദൈവാരാധനയുടെ വിപണിയെ സജീവമാക്കുകയും ചെയ്ത പുരോഹിതന്മാര്‍,  ഇതിനെല്ലാം പിന്തുണ നല്‍കുന്ന പൊതുജനം. ഇങ്ങനെ 'ശിര്‍ക്കി'ല്‍  പരസ്പരം 'കരുതല്‍' ഉള്ള നാഗരിക, സാംസ്‌കാരിക, രാഷ്ട്രീയ വ്യവസ്ഥയില്‍നിന്നാണ് ഇബ്റാഹീം പുതിയ ലോകത്തേക്ക് പുറപ്പെട്ടത്. ''ഇബ്‌റാഹീം പറഞ്ഞു: ഞാന്‍ എന്റെ റബ്ബിങ്കലേക്ക് പോകുന്നു. അവന്‍ എനിക്ക് മാര്‍ഗദര്‍ശനമരുളും'' (ഖുര്‍ആന്‍ 37:99).
ആ യാത്ര ലക്ഷ്യം കാണുകയും ചെയ്തു. മഹാപ്രതിബന്ധങ്ങളെ ഓരോന്നായി മറികടന്നു. 'ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ നാഥന്‍ ചില വചനങ്ങളാല്‍ പരീക്ഷിച്ചതോര്‍ക്കുക. അദ്ദേഹം അവയിലെല്ലാം പൂര്‍ണമായി വിജയിച്ചു.' മറുവശത്ത് നംറൂദും ആസറും പ്രതിനിധാനം ചെയ്ത വ്യവസ്ഥ തകിടം മറിഞ്ഞു. തൗഹീദിനെ ഉയര്‍ത്തിപ്പിടിച്ചു മാത്രമേ ലോകത്തിന് മഹാ പ്രതിസന്ധികളെ മറികടക്കാനാവൂ എന്നാണ് സ്വയാനുഭവങ്ങളിലൂടെ ഇബ്റാഹീം (അ) വിളിച്ചു പറയുന്നത്. അതിന് അല്ലാഹു അടിവരയിട്ടു: ''അപ്പോള്‍ അവന്‍ പ്രഖ്യാപിച്ചു: നാം നിന്നെ സകല ജനത്തിനും നേതാവായി നിശ്ചയിക്കുന്നതാകുന്നു'' (2:124).
ലോക ചരിത്രത്തിന്റെ ഒരു സന്ധിയില്‍ ഒരു കാലവും സമൂഹവും ചെയ്തുതീര്‍ക്കേണ്ട ദൗത്യം ഒറ്റക്കേറ്റെടുത്ത് നിര്‍വഹിക്കുകയായിരുന്നു ഇബ്റാഹീം (അ). തന്റെ കൂടെയാര്, പിറകിലെത്ര തുടങ്ങിയ സന്ദേഹങ്ങള്‍ അദ്ദേഹത്തെ അലട്ടിയില്ല. അല്ലാഹു കൂടെയുണ്ട് (ഖലീലുല്ലാഹ്) എന്നത് അദ്ദേഹത്തിന്റെ ധൈര്യം മാത്രമായിരുന്നില്ല, അനുഭവവും നിലപാടുമായിരുന്നു. ആ ബലത്തിലാണ് അദ്ദേഹം വരണ്ടുണങ്ങുമായിരുന്ന ചരിത്രത്തില്‍ തെളിനീരൊഴുക്കിയത്. ഇന്നും ആ പ്രവാഹം തുടരുന്നു. ''നാഥന്‍ അദ്ദേഹത്തോട് നീ മുസ്‌ലിമാവുക എന്നാജ്ഞാപിച്ചപ്പോള്‍ ഉടനെ ബോധിപ്പിച്ചു, ഞാന്‍ പ്രപഞ്ചനാഥനു മുസ്‌ലിമായിരിക്കുന്നു'' (2:131).
ഇബ്റാഹീം മാത്രമായിരുന്നില്ല, സ്വപത്നിയും അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തോട് ചേര്‍ന്നുനിന്നു. നാട്ടില്‍നിന്നും പുറത്താക്കപ്പെട്ട് മക്കയുടെ വിജനതയില്‍ പിഞ്ചോമനയെയും തന്നെയും  ഒറ്റക്കാക്കി ഇബ്റാഹീം ദൈവനിശ്ചയപ്രകാരം നടന്നകന്നപ്പോള്‍ ഹാജറക്ക് സംശയമേതുമില്ലായിരുന്നു. അല്ലാഹുവിനു വേണ്ടി തപിക്കുന്ന ആ മനസ്സിനോടവള്‍ സാവേശം അവളെ കോര്‍ത്തുവെച്ചു. കഴിഞ്ഞില്ല, വൈകിയെത്തിയ മകനെ ബലിയറുക്കണമെന്ന് അല്ലാഹുവിന്റെ കല്‍പന വന്നപ്പോള്‍, തന്നോടുള്ള സ്നേഹ വികാരവായ്പുകള്‍, അല്ലാഹുവിന്റെ മുമ്പില്‍ പിതാവിന് വിലങ്ങുതടിയാവരുതെന്ന നിര്‍ബന്ധം ആ മകന്‍ ഇസ്മാഈലിനുണ്ടായിരുന്നു. ''... ഇബ്‌റാഹീം പറയുന്നു: 'മകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്‌നദര്‍ശനമുണ്ടായിരിക്കുന്നു. പറയൂ, ഇതേപ്പറ്റി നിനക്ക് എന്തു തോന്നുന്നു?' മകന്‍ പറഞ്ഞതെന്തെന്നാല്‍, പ്രിയ പിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ഇന്‍ശാ അല്ലാഹ്- അങ്ങക്ക് എന്നെ ക്ഷമാശീലരില്‍പെട്ടവനെന്നു കാണാം. അങ്ങനെ ഇരുവരും സമര്‍പ്പിതരായി'' (92:102).
സ്വന്തം മകനെ ബലിനല്‍കുന്നതില്‍ അമാന്തം കാണിക്കാതിരുന്ന ആ ഹൃദയം അസ്വസ്ഥമായി മിടിപ്പുയര്‍ന്ന സന്ദര്‍ഭവുമുണ്ട്. പ്രവാചക സന്ദേശങ്ങളെ നിരാകരിച്ച്, അക്രമപാതയില്‍ ഉറച്ചുനിന്ന ലൂത്വിന്റെ ജനതയെ നശിപ്പിക്കാനെത്തിയ മലക്കുകള്‍ക്കു മുന്നില്‍ ആ ജനതക്കു വേണ്ടി ഇബ്റാഹീം കെഞ്ചി, തര്‍ക്കിച്ചു. ''തുടര്‍ന്ന്, സംഭ്രമമകലുകയും സന്തുഷ്ടനാവുകയും ചെയ്തപ്പോള്‍ ഇബ്‌റാഹീം ലൂത്വിന്റെ ജനതയുടെ കാര്യത്തില്‍ നമ്മോടു തര്‍ക്കിച്ചുതുടങ്ങി. ഇബ്‌റാഹീം വളരെ ക്ഷമാശീലനും ദയാലുവും സദാ പശ്ചാത്തപിച്ചു മടങ്ങുന്നവനുമായിരുന്നു'' (11: 74,75). നോക്കൂ, 'നിങ്ങളുടെ പിതാവ് ഇബ്റാഹീമിന്റെ പാത പിന്തുടരുക' എന്നു പറയുമ്പോള്‍ അതിരുകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ ഈ മനസ്സും അതിലുള്‍പ്പെടുന്നുണ്ട്.
ഒരു ആത്മീയ ജീവിയായി, അലൗകിക ജീവിതം നയിച്ച്,  സാരോപദേശങ്ങള്‍ നല്‍കി നാടുകള്‍ താണ്ടിയൊടുങ്ങിയ ജീവിതമല്ല അത്. തന്റെ പിറകെ കടന്നുവരുന്ന മനുഷ്യസാഗരങ്ങള്‍ക്ക് സമൃദ്ധമായ ജീവിതം സാധ്യമാകുന്നതിനു വേണ്ടിയാണ്  ആ പ്രവാചകന്‍ ത്യാഗം കൊണ്ടൊരു ജീവിതം തീര്‍ത്തത്. ''ഇബ്‌റാഹീം പ്രാര്‍ഥിച്ചതോര്‍ക്കുക: എന്റെ നാഥാ, ഇതിനെ നിര്‍ഭയമായ പട്ടണമാക്കേണമേ, അതിലെ വാസികള്‍ക്ക് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവര്‍ക്ക് നീ നാനാവിധ ഫലങ്ങള്‍ അന്നമായി നല്‍കേണമേ. മറുപടിയായി നാഥന്‍ അരുളി: അവിശ്വാസികള്‍ക്കും ഞാന്‍ ഈ ലോകത്തെ ക്ഷണികജീവിതത്തിനുള്ള വിഭവങ്ങള്‍ നല്‍കും'' (2:126).
പോരാട്ട വഴികളില്‍ ഏകാകിയാകണമെന്നും ആ പ്രവാചകന്‍ നിശ്ചയിച്ചില്ല. തനിക്ക് പിറകെ ചരിത്ര രചയിതാക്കളായി തലമുറകള്‍ കടന്നുവരട്ടെ എന്ന് അദ്ദേഹം കൊതിച്ചു. ഇതേ മാര്‍ഗത്തില്‍ തന്നെ സഞ്ചരിക്കാന്‍ ഇബ്‌റാഹീം തന്റെ സന്തതികളെ ഉപദേശിച്ചിട്ടുമുണ്ടായിരുന്നു (2:132). 
കഅ്ബ നിര്‍മാണാനന്തരം വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളോട് ഇബ്റാഹീം (അ) നടത്തുന്ന ഒരാഹ്വാനമുണ്ട്; ''തീര്‍ഥാടനം ചെയ്യാന്‍ ജനങ്ങളില്‍ പൊതുവിളംബരം ചെയ്യുക. ദൂരദിക്കുകളില്‍നിന്നൊക്കെയും കാല്‍നടക്കാരായും ഒട്ടകങ്ങളില്‍ സവാരി ചെയ്തും അവര്‍ നിന്റെ അടുക്കല്‍ എത്തിച്ചേരുന്നതാകുന്നു'' (22:27).
ആ ആഹ്വാനത്തെ ഏറ്റുവാങ്ങിയാണ് ഹജ്ജ് കര്‍മം അനുസ്യൂതം തുടരുന്നത്. ഹജ്ജ് മാത്രമല്ല, ജനപഥങ്ങളുടെ ഉത്ഥാനപതനങ്ങളും ഈ ആഹ്വാനത്തോടുള്ള പ്രതികരണത്തെ ആശ്രയിച്ചാണ്. പ്രതിസന്ധികളുടെ കാലത്തെ നാം കടന്നുപോകുന്നതും അങ്ങനെ തന്നെയായിരിക്കും.
അതിനാല്‍, 'മില്ലത്ത അബീകും ഇബ്റാഹീം' (നിങ്ങളുടെ പിതാവ് ഇബ്റാഹീമിന്റെ പാത പിന്തുടരുക) എന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും നാഗരിക വ്യവസ്ഥയുടെയും അതിജീവനത്തിന്റെ വഴിയാണ്. അതാവട്ടെ, മരണാനന്തരം സ്വര്‍ഗീയ ജീവിതത്തോളം നീണ്ടുകിടക്കുന്നു. 'എന്നെ അനുഗൃഹീതമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ ഉള്‍പ്പെടുത്തേണമേ' (26:85) എന്നായിരുന്നു ഇബ്റാഹീം നബി(അ)യുടെ പ്രാര്‍ഥന.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (18-24)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി സലീം കരിങ്ങനാട്