Prabodhanm Weekly

Pages

Search

2020 ജൂലൈ 24

3161

1441 ദുല്‍ഹജ്ജ് 03

'സാര്‍വലൗകിക സത്യങ്ങള്‍' അനാവരണം ചെയ്യപ്പെടുന്നു

ഹാരിസ് അമീന്‍, വാണിമേല്‍

കേരളീയ ജ്ഞാന പരിസരത്ത് മതങ്ങളെക്കുറിച്ചും ദര്‍ശനങ്ങളെക്കുറിച്ചുമുള്ള പഠനങ്ങള്‍ തുലോം വിരളമാണ്. പ്രസ്തുത പഠനമേഖലയെ പരിപോഷിപ്പിക്കുന്നുണ്ട് 'സാര്‍വലൗകിക സത്യങ്ങള്‍' എന്ന കൃതി. ഡോ. സഈദ് റമദാന്‍ ബൂത്വിയുടെ വിഖ്യാത അറബി രചനയായ 'കുബ്‌റല്‍ യഖീനിയ്യാത്ത് അല്‍ കൗനിയ്യ'യുടെ പരിഭാഷയാണിത്. ഇസ്‌ലാമിക വിശ്വാസ ശാസനകളെ ഉയര്‍ന്ന ധൈഷണിക-ബൗദ്ധിക വിവരണങ്ങളുടെ പിന്‍ബലം നല്‍കി അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളില്‍ പ്രധാനമാണ് സിറിയന്‍ പണ്ഡിതനായ ബൂത്വിയുടെ ഈ മാസ്റ്റര്‍ പീസ്.
ഇസ്ലാമിക ദൈവശാസ്ത്ര സിദ്ധാന്തങ്ങളെ സമഗ്രവും യുക്തിഭദ്രവുമായി വിശകലനം ചെയ്യുന്നതോടൊപ്പം വിശ്വാസസംഹിതകളെ ശാസ്ത്രീയമായും യുക്തിസഹമായും വിശദീകരിക്കാനാണ് പുസ്തകത്തിന്റെ താളുകള്‍ ശ്രമിക്കുന്നത്. ചിരപുരാതന കാലം മുതലേ മനുഷ്യബുദ്ധിയുമായി നിരന്തരം തര്‍ക്കിക്കുകയും സംവദിക്കുകയും ചെയ്യുന്ന ദൈവ സങ്കല്‍പങ്ങളും നന്മതിന്മ വിചാരങ്ങളും പരലോക സാധ്യതകളും  ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ യുക്തിയുടെ ത്രാസില്‍ അപഗ്രഥിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. വിവിധ മതങ്ങളിലും ഇസങ്ങളിലും പരാമര്‍ശിച്ചിട്ടുള്ള മരണാനന്തര ജീവിത യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച് സരളവും ശാസ്ത്രീയവും യുക്തിഭദ്രവുമായ കാഴ്ചപ്പാടുകളാണ് ഇസ്‌ലാം മനുഷ്യരാശിക്ക് സമര്‍പ്പിച്ചിട്ടുള്ളത് എന്ന് ഗ്രന്ഥവായനയിലൂടെ ബോധ്യപ്പെടും.
ദൈവാസ്തിക്യം, പ്രവാചകത്വം, സ്വര്‍ഗം, നരകം തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്ന കൃതി, മുസ്ലിം പണ്ഡിതരുടെ ഗവേഷണ രീതിശാസ്ത്രങ്ങളുടെ സമഗ്രതയും ശാസ്ത്രീയതയും ബോധ്യപ്പെടുത്തുന്നുണ്ട്. പ്രപഞ്ചത്തിലെ അത്ഭുതാവഹമായ സംവിധാനങ്ങളെ നിരീക്ഷിക്കുകയും മനുഷ്യര്‍ അല്ലാഹുവിന് വിധേയപ്പെടേണ്ടതിന്റെ അനിവാര്യത സമര്‍പ്പിക്കുകയും ചെയ്യുന്നു. നവ മാധ്യമങ്ങളിലൂടെയും മതേതര പൊതു ഇടങ്ങളിലൂടെയും വിശ്വാസി മനസ്സിലേക്ക് ദൈവനിരാസത്തിന്റെ വിത്തുമായെത്തുന്ന നാസ്തിക - നിരീശ്വര പ്രഭൃതികളുടെ  വാദമുഖങ്ങളുടെ യുക്തിരാഹിത്യവും അശാസ്ത്രീയതയും  ബോധ്യപ്പെടുന്നതിനും ഈ ഗ്രന്ഥം ഏറെ സഹായകമാണ്. ഇസ്ലാമിന്റെ അടിസ്ഥാനാശയങ്ങളെ വിമര്‍ശിക്കുകയും വിരുദ്ധാഖ്യാനങ്ങളുമായി രംഗം സജീവമാക്കുകയും ചെയ്യുന്ന മതവിരുദ്ധ - മതനിഷേധ കൂട്ടങ്ങളുടെ പൊള്ളവാദങ്ങളെ അടിവേരോടെ പിഴുതെറിയുന്നതിനും  സഹായകമാകുന്ന കൃതി
ദൈവമുണ്ടോ, ദൈവഹിതമനുസരിച്ച് ജീവിക്കേണ്ടതുണ്ടോ, ആരാണ് പ്രവാചകന്മാര്‍, സ്വര്‍ഗനരകങ്ങളുടെ അര്‍ഥമെന്താണ്, ആത്മാവും മരണാനന്തര ജീവിതവും യാഥാര്‍ഥ്യം തന്നെയാണോ, മനുഷ്യസൃഷ്ടിപ്പും വികാസവും എങ്ങനെ മനസ്സിലാക്കാം, മനുഷ്യജീവിതത്തിന്റെ ലക്ഷ്യവും ധര്‍മവും എന്താണ്... തുടങ്ങി നിരവധി സംശയങ്ങള്‍ക്ക് സവിസ്തരം മറുപടി നല്‍കുന്നു. അത്തരമൊരു വായന ബൗദ്ധിക ഭദ്രതയോടെ ഇസ്ലാമിന്റെ മൗലികാശയങ്ങളെ ലളിത ഭാഷയില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു. ലോകവ്യാപകമായി വിശ്വാസ ശാസ്ത്ര പഠിതാക്കള്‍ ഗൗരവത്തോടെ വായിക്കുന്ന ഈ കൃതിയുടെ മലയാള വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത്  വളാഞ്ചേരി മര്‍കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യയിലെ അധ്യാപകന്‍ ഹാഫിള് സഈദലി വാഫിയാണ്. പരമ്പരാഗത ഇസ്‌ലാമിക ജ്ഞാനസ്രോതസ്സുകളില്‍ ഊന്നിനിന്ന് ആധുനിക ഗവേഷണ സങ്കേതങ്ങളുടെ വെളിച്ചത്തില്‍ മതമീമാംസാ തത്ത്വങ്ങള്‍ വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം മലയാളി വായനക്കാരുടെ ധൈഷണികതക്ക് ബലമേകും എന്ന് പ്രതീക്ഷിക്കാം.
പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് വാഫി അലുംനി അസോസിയേഷന്റെ പ്രസാധക വിഭാഗമായ വേ ബുക്‌സാണ്.

Comments

Other Post

ഹദീസ്‌

അതിശ്രേഷ്ഠം ഈ പത്ത് ദിനങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (14-17)
ടി.കെ ഉബൈദ്‌