Prabodhanm Weekly

Pages

Search

2020 ജൂലൈ 24

3161

1441 ദുല്‍ഹജ്ജ് 03

സംരംഭകത്വ വികസനത്തിന് പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ പദ്ധതി

എം. അബ്ദുല്‍ മജീദ്

ഒരു സംരംഭം നമുക്ക് നേടിത്തരുന്നതെന്താണ്? സര്‍വ പ്രധാനം സംരംഭകന്റെ ഉപജീവന മാര്‍ഗം തന്നെ. സംരംഭകന്റെ മാത്രമല്ല അതില്‍ ജോലി ചെയ്യുന്ന നിരവധി പേരുടെ ജീവിത മാര്‍ഗവുമായിരിക്കുമത്. നേരിട്ടല്ലാതെയും കുറേപ്പേര്‍ ആ സ്ഥാപനത്തെ ആശ്രയിച്ച് ജീവിക്കുന്നവരായുണ്ടാകും. അസംസ്‌കൃത സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍, വില്‍പനക്കാര്‍, സര്‍വീസ് ചെയ്യുന്നവര്‍, ആ സ്ഥാപനത്തിനു സമീപം പെട്ടിക്കട നടത്തുന്നവര്‍ക്ക് വരെ അതൊരു ജീവിത മാര്‍ഗമാണ്. ആ സംരംഭമാകട്ടെ ഈ തലമുറയില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നല്ല. അടുത്ത തലമുറകളിലേക്കും അത്  കൈമാറപ്പെടുന്നു. രാജ്യത്തിന്റെ നിലനില്‍പ്പുതന്നെ ഇത്തരം സംരംഭങ്ങളെ ആശ്രയിച്ചാണെന്നു പറയാം. വിവിധ തലങ്ങളില്‍ അവര്‍ നല്‍കുന്ന നികുതി രാജ്യപുരോഗതിക്ക് നിദാനമായിത്തീരുന്നു. പ്രാദേശിക ഗവണ്‍മെന്റുകള്‍ക്ക് നല്‍കുന്ന കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് മുതല്‍ സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകള്‍ക്ക് നല്‍കുന്ന ജി.എസ്.ടി, ആദായ നികുതി, പലതരം അനുമതികള്‍ക്കുള്ള ഫീസ് എന്നിവയൊക്കെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗവണ്‍മെന്റുകളെ പ്രാപ്തരാക്കുന്നത്. ഒരു പ്രദേശത്തിന്റെ വികസനം തന്നെ അവിടെയുള്ള ചെറുകിട- ഇടത്തരം - വന്‍കിട സംരംഭങ്ങളുടെ സാന്നിധ്യം കൊണ്ടു കൂടി   സംഭവിച്ചതാണ്. പല പ്രദേശങ്ങളുടെയും മുഖഛായ തന്നെ മാറ്റാന്‍ സംരംഭങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
വിദേശത്തു നിന്ന് തിരിച്ചു വരുന്നവരുടെ പുനരധിവാസം പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ചര്‍ച്ചയായിരുന്നു. അപ്പോഴാണ് പീപ്പ്ള്‍സ് സ്റ്റാര്‍ട്ട് അപ് എന്ന ആശയം രൂപപ്പെട്ടത്. സംരംഭ രംഗത്തേക്കു വരാന്‍ താല്‍പര്യമുള്ളവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കുകയാണ് പീപ്പ്ള്‍സ് സ്റ്റാര്‍ട്ട്അപ്പ് പ്രധാനമായും ചെയ്യുന്നത്. താല്‍പര്യമുള്ള സംരംഭകരെ കണ്ടെത്തുക, അവരില്‍ അവബോധം സൃഷ്ടിക്കുക, പരിശീലനം നല്‍കുക, പ്രോജക്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുക, സാങ്കേതിക സഹായം ഏര്‍പ്പെടുത്തിക്കൊടുക്കുക, മൂലധനം സ്വരൂപിക്കാന്‍ വഴി കാണിക്കുക, വിപണിയെക്കുറിച്ച് പഠിക്കാന്‍ സഹായിക്കുക തുടങ്ങിയവയൊക്കെ പീപ്പ്ള്‍സ് സ്റ്റാര്‍ട്ട്അപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു. നിലവിലുള്ള സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുകയും അതിന് പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നു. അനുമതികളും ലൈസന്‍സുകളും ലഭ്യമാക്കാന്‍ സഹായിക്കുന്നു. പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കാനും വിവിധ ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും സഹായിക്കുന്നു. ഉല്‍പന്നങ്ങളും സേവനങ്ങളും ബ്രാന്റ് ചെയ്യാനും  സഹായം നല്‍കുന്നു. സംരംഭക തല്‍പരര്‍ക്കും നിലവിലുള്ള സംരംഭകര്‍ക്കും വഴികാട്ടിയായി നിലകൊള്ളുന്നു പീപ്പ്ള്‍സ് സ്റ്റാര്‍ട്ട്അപ്പ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി പരിപാടികള്‍ പീപ്പ്ള്‍സ് സ്റ്റാര്‍ട്ട്അപ്പ് സംഘടിപ്പിക്കുകയുണ്ടായി. സാനിറ്ററി നാപ്കിന്‍ നിര്‍മാണം, തേനീച്ച വളര്‍ത്തല്‍, ഡയറി ഫാം, ബേക്കറി ഉല്‍പന്നങ്ങളുടെ നിര്‍മാണം, മുട്ടക്കോഴി വളര്‍ത്തല്‍, പേപ്പര്‍ ബാഗ് നിര്‍മാണം എന്നീ മേഖലകളില്‍ പതിനഞ്ച് പരിശീലന പരിപാടികള്‍ നടത്തി. ചില പരിപാടികള്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ കൂടി പങ്കാളിത്തത്തോടെയായിരുന്നു. 400 പേര്‍ ഈ പരിശീലന പരിപാടികളില്‍ പങ്കെടുത്തു. 25 സംരംഭങ്ങള്‍ ഇതുവഴി പുതുതായി തുടങ്ങി. സംരംഭകരെ കണ്ടെത്താന്‍ മലപ്പുറത്തും ആലുവയിലും നടത്തിയ സംരംഭകത്വ അവബോധ പരിപാടികളില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു. നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ (എന്‍.ഐ.ടി) എന്‍ട്രപ്രെണര്‍ഷിപ്പ് സെല്ലുമായി സഹകരിച്ച് ആറ് ആഴ്ചയും നാല് ആഴ്ചയും നീണ്ടുനിന്ന രണ്ടു സംരംഭകത്വ വികസന പരിപാടികള്‍ കോഴിക്കോട്ടും ആലുവയിലും നടത്തി. 70 പേര്‍ സംരംഭവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ അറിവും പരിശീലനവും നേടി. പങ്കെടുത്ത പലരും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ തയാറെടുക്കുന്നു. നിലവിലുള്ള സംരംഭകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍  വിദഗ്ധരുമായി ചര്‍ച്ച ചെയ്യാന്‍ കളമൊരുക്കുന്ന എന്‍ട്രപ്രെണര്‍ഷിപ്പ് ക്ലിനിക്കുകളും പീപ്പ്ള്‍സ് സ്റ്റാര്‍ട്ട്അപ്പ് സംഘടിപ്പിക്കുകയുണ്ടായി. സംരംഭകര്‍ക്ക് വിദഗ്ധരുമായി നേരിട്ട് സംവദിക്കാന്‍ വേദിയൊരുക്കിയ വര്‍ക്ക്‌ഷോപ്പില്‍ ഇരുനൂറിലധികം സംരംഭകരാണ് പങ്കെടുത്തത്. പ്രാദേശിക എന്‍.ജി.ഒകള്‍ക്ക് സംരംഭകത്വ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരണ നല്‍കുന്നതിന് പതിനൊന്ന് പരിപാടികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചു.  പീപ്പ്ള്‍സ് ഫൗണ്ടേഷനും അനുബന്ധ ഏജന്‍സികളും  നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ സ്വയംതൊഴില്‍ പരിപാടികള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നതും പീപ്പ്ള്‍സ് സ്റ്റാര്‍ട്ട്അപ്പാണ്.
കോവിഡ് പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച സുഭിക്ഷ കേരള പദ്ധതിയെ പിന്തുണക്കുന്ന രൂപത്തില്‍ പീപ്പ്ള്‍സ് സ്റ്റാര്‍ട്ട്അപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തരിശു ഭൂമി ഉപയോഗിച്ച് കൃഷി വ്യാപകമാക്കുക, അടുക്കളത്തോട്ടങ്ങള്‍ വിപുലമായി സ്ഥാപിക്കുക, കാര്‍ഷിക അനുബന്ധ സംരംഭങ്ങള്‍ വ്യാപിപ്പിക്കുക, സംരംഭകരെയും മൂലധനം നിക്ഷേപിക്കാന്‍ താല്‍പര്യമുള്ളവരെയും യോജിപ്പിക്കുക, വിദേശത്തു നിന്ന് തിരിച്ചെത്തുന്നവരില്‍ സംരംഭക തല്‍പരര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക  തുടങ്ങിയ പദ്ധതികള്‍ ഇതിന്റെ ഭാഗമാണ്. വിദേശത്തു നിന്ന് തിരിച്ചെത്തുന്നവരുടെ അനുഭവസമ്പത്തും കഠിനാധ്വാന തല്‍പരതയുമൊക്കെ സംരംഭക മേഖലയില്‍ വിജയിക്കാന്‍ അവരെ പ്രാപ്തരാക്കും. ജോലി നൈപുണി, സാഹചര്യങ്ങള്‍ക്കിണങ്ങി ജോലി ചെയ്യാനുള്ള കഴിവ്, സാങ്കേതിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലും  കൈകാര്യം ചെയ്യുന്നതിലുമുള്ള മികവ് എന്നിവയൊക്കെ ഈ മേഖലയില്‍ വളരാന്‍ പ്രവാസി മലയാളികളെ സഹായിക്കും. നിരന്തര സംവാദങ്ങളിലൂടെ അവരുടെ കഴിവും ഇഛാശക്തിയും വളര്‍ത്താനാണ് പീപ്പ്ള്‍സ് സ്റ്റാര്‍ട്ട്അപ്പ്  ശ്രമിക്കുന്നത്. പ്രവാസികളുടെ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള സാധ്യതയും പീപ്പ്ള്‍സ് സ്റ്റാര്‍ട്ട്അപ്പ് ആരായുന്നുണ്ട്. നബാര്‍ഡ്, കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുമായി ചില പ്രോജക്ടുകളില്‍ പീപ്പ്ള്‍സ് സ്റ്റാര്‍ട്ട്അപ്പ് സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. സംരംഭക വളര്‍ച്ചയിലൂടെ രാജ്യപുരോഗതി എന്ന ആശയത്തെ ശക്തമായി പിന്തുണക്കുന്ന പീപ്പ്ള്‍സ് സ്റ്റാര്‍ട്ട്അപ്പ്, പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. ഡോ. വി.എം നിഷാദാണ് (പുതുക്കോട്, പാലക്കാട്) പീപ്പ്ള്‍സ് സ്റ്റാര്‍ട്ട്അപ്പിന് നേതൃത്വം നല്‍കുന്നത്. വിവിധ മേഖലകളില്‍ വിദഗ്ധരും സേവനതല്‍പരരുമായ നിരവധി പേര്‍ അദ്ദേഹത്തോടൊപ്പം ടീമിലുണ്ട്. 
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +91 9496365324
(പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറിയും വ്യവസായ വാണിജ്യ വകുപ്പ് റിട്ടയേര്‍ഡ് അഡീഷനല്‍ ഡയറക്ടറുമാണ് ലേഖകന്‍)

Comments

Other Post

ഹദീസ്‌

അതിശ്രേഷ്ഠം ഈ പത്ത് ദിനങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (14-17)
ടി.കെ ഉബൈദ്‌