Prabodhanm Weekly

Pages

Search

2020 ജൂലൈ 24

3161

1441 ദുല്‍ഹജ്ജ് 03

പറവെട്ടി അബ്ദുല്ല ഹാജി (കുഞ്ഞുട്ടി ഹാജി)

മുനീര്‍ പി. നിലമ്പൂര്‍

ജമാഅത്തെ ഇസ്‌ലാമി ആദ്യകാല പ്രവര്‍ത്തകനും ജമാഅത്ത് അംഗവുമായ നിലമ്പൂരിലെ കുഞ്ഞുട്ടി ഹാജി എന്നറിയപ്പെടുന്ന പറവെട്ടി അബ്ദുല്ല ഹാജി, ഞങ്ങളുടെ വന്ദ്യപിതാവ് ഒരുപിടി നല്ല ഓര്‍മകളും മാതൃകകളും ബാക്കിവെച്ചാണ് അല്ലാഹുവിലേക്ക് യാത്രയായത്.
കെ.സി അബ്ദുല്ല മൗലവി അമീറായിരിക്കെയാണ് അദ്ദേഹം ജമാഅത്ത് അംഗമാവുന്നത്. മുഴുസമയ ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്നു. പരിസര പ്രദേശങ്ങളില്‍നിന്ന് അമുസ്‌ലിം സഹോദരങ്ങളുള്‍പ്പെടെ ധാരാളം ആളുകളെ 'പ്രബോധന'ത്തിന്റെ വരിക്കാരായി ചേര്‍ക്കുകയും പലര്‍ക്കും സൗജന്യമായി 'പ്രബോധനം' എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഇതിലൂടെ വളരുന്ന ബന്ധം പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനുള്ള പ്രത്യേക കഴിവ് ബാപ്പാക്കുണ്ടായിരുന്നു. ഇക്കാരണത്താല്‍ നിലമ്പൂരിലെ പല പ്രമുഖരുമായും ആത്മബന്ധം സ്ഥാപിക്കാനായി. മജീഷ്യന്‍ മലയത്ത്, ഡോ. രാജേന്ദ്രന്‍, ആര്യാടന്‍ ശൗക്കത്ത്, പി.വി അബ്ദുല്‍ വഹാബ് എം.പി എന്നിവര്‍ അവരില്‍ പെടുന്നു. 1975-ലെ അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസമനുഷ്ഠിച്ചവരില്‍ ബാപ്പയുമുണ്ടായിരുന്നു. ആര്‍.എസ്.എസ് നേതാവായ ഉണ്ണി വൈദ്യരുമായൊക്കെയുള്ള അന്നത്തെ ബന്ധം അദ്ദേഹത്തിന്റെ മരണം വരെ തുടര്‍ന്നു.
പ്രഭാഷകനോ എഴുത്തുകാരനോ ആയിരുന്നില്ലെങ്കിലും എല്ലാ വിഷയങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നു. അനുഭവ വിവരണങ്ങളില്‍ വാചാലമാവും. രോഗശയ്യയിലായിരിക്കെയാണ് ഇസ്‌ലാമിക വിജ്ഞാന കോശത്തിനു വേണ്ടി ഡോ. വഹാബ് എളമ്പിലാക്കോട് വീട്ടിലെത്തിയത്. അദ്ദേഹത്തിന്റെ ഉദ്യമം വിജയിക്കില്ലെന്ന് വിചാരിച്ച മക്കളെയെല്ലാം അമ്പരപ്പിച്ച് അര മണിക്കൂര്‍ സമയമാണ് അന്ന് ബാപ്പ സംസാരിച്ചത്. ഏത് വ്യക്തിയെ പരിചയപ്പെട്ടാലും അവര്‍ക്ക് ഇസ്‌ലാമിനെയും പ്രസ്ഥാനത്തെയും പരിചയപ്പെടുത്താതെ പോകുമായിരുന്നില്ല.
വായനയായിരുന്നു ബാപ്പയുടെ നേരമ്പോക്ക്. അതില്‍ 'പ്രബോധന'ത്തിനും 'തഫ്ഹീമുല്‍ ഖുര്‍ആനി'നും അര്‍ഹമായ സ്ഥാനമുണ്ടായിരുന്നു. ഏതു സദസ്സിലേക്കും ബാപ്പ കടന്നുചെല്ലുക പ്രബോധനം കൈയില്‍ പിടിച്ചാണ്. ഈയടുത്ത് നടന്ന ജ്യേഷ്ഠന്റെ മകളെ, ജ്യേഷ്ഠന്‍ നാട്ടിലില്ലാത്തതിനാല്‍ ബാപ്പയാണ് നികാഹ് ചെയ്തുകൊടുത്തത്. ആ ചടങ്ങിന് കൈയിലുള്ള പ്രബോധനം തടസ്സമാവും എന്നു കരുതി ഞങ്ങളത് വാങ്ങിവെക്കുകയായിരുന്നു. യാത്രയിലും നന്നായി വായിക്കുമായിരുന്നു. ഐ.പി.എച്ച് പുറത്തിറക്കിയ ഏതാണ്ടെല്ലാ പുസ്തകങ്ങളും ഈ കാലയളവിനുള്ളില്‍ ബാപ്പ വായിച്ചുതീര്‍ത്തിട്ടുണ്ട്. രാവിലെയുള്ള തഫ്ഹീമുല്‍ ഖുര്‍ആന്‍ പാരായണം കേട്ടാണ് ഞങ്ങളൊക്കെ ചെറുപ്പത്തില്‍ ഉണരാറുണ്ടായിരുന്നത്. ആ വായന വിടപറയുന്നതു വരെ തുടര്‍ന്നു. മാധ്യമം ഓരോ വരിയും വിടാതെ വായിച്ചു തീര്‍ക്കുമായിരുന്നു. രോഗശയ്യയില്‍ വായനക്ക് മുടക്കം വന്നപ്പോള്‍ മക്കളാരെങ്കിലും അത് വായിച്ചുകൊടുക്കുമായിരുന്നു.
സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ബാപ്പക്ക് ആവേശമായിരുന്നു. കിമ്മിന്റെ ആഭിമുഖ്യത്തില്‍ നേരത്തേയുണ്ടായിരുന്ന വെക്കേഷന്‍ ക്യാമ്പിലും സ്‌ക്വാഡിലും ബാപ്പ നിത്യസാന്നിധ്യമായിരുന്നു. ദഅ്‌വ രംഗത്ത് വല്ലാത്ത ശുഭാപ്തിയായിരുന്നു.
മക്കളെല്ലാം ഇസ്‌ലാമികമായും പ്രാസ്ഥാനികമായും ഉയര്‍ന്ന നിലവാരം പുലര്‍ത്തണം എന്നത് ബാപ്പയുടെ ആഗ്രഹമായിരുന്നു. അതുകൊണ്ടായിരിക്കാം മക്കളെയെല്ലാം വണ്ടൂര്‍, ശാന്തപുരം കോളേജുകളില്‍ ചേര്‍ത്ത് പഠിപ്പിച്ചത്. മക്കളെ മാത്രമല്ല, കുടുംബത്തിലും നാട്ടിലുമുള്ള ധാരാളം കുട്ടികളെ ദീനീസ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നതിന് ബാപ്പ പരിശ്രമിച്ചു.
കുടുംബ സംസ്‌കരണത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. സ്വുബ്ഹിന് എല്ലാവരെയും വിളിച്ചുണര്‍ത്തി ജമാഅത്തായി നമസ്‌കരിക്കാന്‍ പ്രേരിപ്പിക്കും. പ്രബോധനത്തിലെയും മറ്റു സാഹിത്യങ്ങളിലെയും തന്നെ ആകര്‍ഷിച്ച ലേഖനങ്ങള്‍ മക്കളെക്കൊണ്ടും വായിപ്പിക്കും. അവര്‍ ഇസ് ലാമിക രംഗത്ത് പ്രവര്‍ത്തിക്കുന്നത് ക് നിര്‍വൃതിയടയും. സജീവ ഇസ്‌ലാമിക പ്രവര്‍ത്തകരെ- കുടുംബത്തിലായാലും പുറത്തായാലും- പ്രത്യേക ഇഷ്ടമായിരുന്നു.
സമയം വെറുതെ കളയുന്നത് തീരെ ഇഷ്ടമായിരുന്നില്ല ബാപ്പക്ക്. ഇശാ നമസ്‌കാരം കഴിഞ്ഞാല്‍ വീട്ടില്‍ പിന്നെ കുട്ടികളുടെ ശബ്ദകോലാഹലങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. നേരത്തേയുള്ള ഉറക്കം, കൃത്യസമയത്ത് മുടങ്ങാതെ ഉമ്മയെ മഅ്മൂമാക്കിയുള്ള തഹജ്ജുദ്, പിന്നെ സ്വുബ്ഹ് ജമാഅത്തിന് പള്ളിയിലേക്ക്- ഇതായിരുന്നു മുടങ്ങാതെയുള്ള ശീലം. പ്രദേശത്തെ കെ.എന്‍.എമ്മിന്റെ നേതൃത്വത്തിലുള്ള നമസ്‌കാര പള്ളിയിലെ അപ്രഖ്യാപിത ഇമാമായിരുന്നു മരണം വരെയും ബാപ്പ. കുട്ടികളുടെ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഒഴികെ ബാക്കിയെല്ലാം ശ്രദ്ധിക്കേണ്ടത് ഉമ്മയാണ് എന്നതാണ് ബാപ്പയുടെ കാഴ്ചപ്പാട്. അത് ബാപ്പയുടെ കച്ചവട-പ്രസ്ഥാന തിരക്കിനിടയിലും ഉമ്മ ഭംഗിയായി നിര്‍വഹിച്ചതു കൊണ്ടാണ് ഞങ്ങള്‍ മക്കള്‍ക്കെല്ലാം ഇന്ന് അഭിമാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നത്.
പ്രസ്ഥാനമായിരുന്നു ബാപ്പക്ക് എല്ലാമെല്ലാം. മരണത്തിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ബാപ്പയുടെ അവസാന ആഗ്രഹമായി പറഞ്ഞത് ടി. ആരിഫലി സാഹിബ്, ഹല്‍ഖാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബ്, പി. മുജീബുര്‍റഹ്മാന്‍ സാഹിബ് എന്നിവരെ കാണുക എന്നതായിരുന്നു. ഞങ്ങള്‍ അറിയിച്ചതനുസരിച്ച് മൂവരും വീട്ടിലെത്തി ദീര്‍ഘനേരം സംസാരിച്ചത് ബാപ്പാക്ക് വല്ലാത്ത അനുഭൂതി പകര്‍ന്നു. എന്റെ എല്ലാ ആഗ്രഹവും സാധിച്ചു എന്നാണ് അതിനെക്കുറിച്ച് ബാപ്പ പ്രതികരിച്ചത്.
വലിയ കാര്‍ക്കശ്യക്കാരനായിരുന്നു ബാപ്പ. എങ്കിലും പ്രസ്ഥാന നേതൃത്വം ഒരു കാര്യം നിര്‍ദേശിച്ചാല്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ അതെല്ലാം അനുസരിക്കും. നേതാവാകുക എന്നത് ബാപ്പ ഇഷ്ടപ്പെട്ടിരുന്നില്ല, ഒരു നല്ല പ്രവര്‍ത്തകനാകാനാണ് ശ്രമിച്ചത്. എങ്കിലും ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീര്‍, ഐഡിയല്‍ സെന്റര്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. മരിക്കുമ്പോള്‍ ചന്തക്കുന്ന് പള്ളി നിലകൊള്ളുന്ന ഐഡിയല്‍ സെന്റര്‍ ട്രസ്റ്റിന്റെ വൈസ് ചെയര്‍മാനായിരുന്നു.
ബാപ്പയും ഉമ്മയും യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നത്. സ്വയംപ്രേരിതനായിട്ടാണ് ബാപ്പ ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. അതിനു ശേഷം പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ ഉമ്മയെയും കൂടെ കൂട്ടുകയാണുണ്ടായത്. പ്രസ്ഥാന നേതാക്കള്‍ നാട്ടിലെത്തിയാല്‍ വീട്ടിലായിരുന്നു അവരുടെ താമസവും ഭക്ഷണവും. അതിന് നേതൃത്വം നല്‍കിയിരുന്നത് ഉമ്മയായിരുന്നു. ഏതാണ്ടെല്ലാം നേതാക്കളെയും ഉമ്മക്കും അറിയാമായിരുന്നു.

Comments

Other Post

ഹദീസ്‌

അതിശ്രേഷ്ഠം ഈ പത്ത് ദിനങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (14-17)
ടി.കെ ഉബൈദ്‌