Prabodhanm Weekly

Pages

Search

2020 ജൂലൈ 24

3161

1441 ദുല്‍ഹജ്ജ് 03

ഹജ്ജിനു പോകാനാകാത്തവര്‍ നിരാശരാവേണ്ടതില്ല

ശൈഖ് മുഹമ്മദ് കാരകുന്ന്

ഈ വര്‍ഷം ഹജ്ജിനു പോകാന്‍ ഉദ്ദേശിച്ചിരുന്നവര്‍ക്ക് അതിന് സാധിക്കാതെ വന്നിരിക്കുന്നു. അവരില്‍ മഹാഭൂരിപക്ഷവും ജീവിതത്തിലാദ്യമായി ഹജ്ജിന് പോകാന്‍ തീരുമാനിച്ചവരായിരിക്കും. ദീര്‍ഘകാലത്തെ ആഗ്രഹാഭിലാഷമായിരിക്കുമല്ലോ ഒരു ഹജ്ജ് നിര്‍വഹിക്കുകയെന്നത്. അത് സാധിക്കാതെ വന്നതില്‍ സ്വാഭാവികമായും ദുഃഖവും നിരാശയുമുണ്ടാകും.
നിര്‍ബന്ധിതാവസ്ഥയിലാണ് ഹജ്ജ് യാത്ര സാധ്യമാവാതെ വന്നത്. അല്ലാഹുവിന്റെ വിധി നമ്മുടെ കണക്കുകൂട്ടലുകള്‍ക്കും തീരുമാനങ്ങള്‍ക്കും അപ്പുറമായിരിക്കും. അതിന്റെ പിന്നിലെ ഗുണദോഷങ്ങളും നന്മതിന്മകളും നമുക്ക് മനസ്സിലാകണമെന്നില്ല. അല്ലാഹുവിന്റെ വിധി നമ്മുടെ തീരുമാനങ്ങള്‍ക്ക് അനുകൂലമായാലും പ്രതികൂലമായാലും സന്തോഷത്തോടെ സ്വീകരിക്കുകയും സ്വാഗതം ചെയ്യുകയുമാണ് വേണ്ടത്.
നേരത്തേ ഹജ്ജ് നിര്‍വഹിച്ച ചിലരും ഈ വര്‍ഷം ഹജ്ജിന് തീരുമാനിച്ചവരിലുണ്ടാകും. അത്തരക്കാരെയെങ്കിലും കൂടുതല്‍ പുണ്യകരവും പ്രതിഫലാര്‍ഹവുമായ കാര്യങ്ങള്‍ കാത്തിരിക്കുന്നുണ്ട്. കൂടുതല്‍ മഹത്തായ കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഹജ്ജ് നിര്‍വഹിക്കാതെ അത് മാറ്റിവെച്ചവര്‍ നിരവധിയാണ്. അവരില്‍ ചിലരെങ്കിലും ചരിത്രത്തില്‍ വലിയ ദൗത്യം നിര്‍വഹിച്ച മഹദ് വ്യക്തികളാണ്.

സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി

മധ്യപൂര്‍വദേശത്ത് ജീവിച്ചിട്ടും ഹജ്ജ് നിര്‍ഹിക്കാത്ത പരമഭക്തനായ ഭരണാധികാരിയാണ് ഖുദ്‌സിന്റെ വിമോചകന്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി. അദ്ദേഹം നീണ്ട പതിനാറ് വര്‍ഷം കുരിശ് സൈന്യത്തിനെതിരെ പോരാട്ട ഭൂമിയിലായിരുന്നു. ഹിത്ത്വീന്റെയും ഫലസ്ത്വീന്റെയും മോചനാനന്തരം ഒപ്പു വെച്ച സന്ധിയിലൂടെ താല്‍ക്കാലികമായി യുദ്ധത്തിന് അറുതിയായി. സമാധാനാന്തരീക്ഷം നിലവില്‍ വന്ന ഈ ഇടവേളയില്‍ അദ്ദേഹം പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ തയാറെടുക്കുകയായിരുന്നു. അപ്പോഴാണ് ഈജിപ്തിലെ ഖാദിയില്‍ നിന്ന് ഒരു കത്ത് കിട്ടുന്നത്. അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു: 'ജനങ്ങളുടെ അവസ്ഥകള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുക. ഹജ്ജ് യാത്ര ഉപേക്ഷിക്കുക. രാജ്യമിന്ന് നാശത്തിന്റെ വക്കിലാണ്. സാമ്പത്തികമായി തകര്‍ന്നിരിക്കുന്നു. കുഴപ്പങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ജനങ്ങളുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കുക. നാടിന്റെ പുരോഗതിയിലും. ഹജ്ജിനേക്കാള്‍ ശ്രേഷ്ഠം അതാണ്.'
അതോടെ സ്വലാഹുദ്ദീന്‍ അയ്യൂബി ഹജ്ജ് യാത്ര ഉപേക്ഷിച്ചു. ഖുദ്‌സിനെ പുനരുദ്ധരിച്ചു. മസ്ജിദുല്‍ അഖ്‌സ്വായെ ആരാധകര്‍ക്കായി അലങ്കരിച്ചു. സിറിയയിലൂടെ ചുറ്റിസഞ്ചരിച്ച് സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ചറിഞ്ഞു. അവ പരിഹരിക്കുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തി.
ഹജ്ജിനേക്കാള്‍ മഹത്തരമാണ് ജനക്ഷേമത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെന്ന് മനസ്സിലാക്കി ഹജ്ജ് മാറ്റിവെച്ചതിന്റെ പേരില്‍ അന്നു തൊട്ടിന്നോളം ആരും സ്വലാഹുദ്ദീന്‍ അയ്യൂബിയെ കുറ്റപ്പെടുത്തിയില്ല. എന്നല്ല, അതിനെ മഹദ് കൃത്യമായി വാഴ്ത്തുകയാണുണ്ടായത്.

അബ്ദുല്ലാഹിബ്‌നുല്‍ മുബാറക്

അബ്ദുല്ലാഹിബ്‌നുല്‍ മുബാറക് വിശ്വവിഖ്യാതനായ ഇസ്‌ലാമികപണ്ഡിതനാണ്. അറിയപ്പെടുന്ന ഗുരുവര്യനാണ്. തുര്‍ക്കുമാനിസ്താനിലെ ഖുറാസാനിലെ മര്‍വിലുള്ള ആയിരങ്ങളാണ് അദ്ദേഹത്തില്‍നിന്ന് അറിവ് നേടിയത്. അദ്ദേഹം ഹജ്ജിന് പുറപ്പെട്ടു. കൂടെ ഭൃത്യനുമുണ്ടായിരുന്നു. യാത്രക്കാവശ്യമായ പണത്തോടൊപ്പം അറുത്തു ഭക്ഷിക്കാനുള്ള പക്ഷികളെയും കൂടെ കരുതിയിരുന്നു. വഴിയില്‍ വെച്ച് ഒരു പക്ഷി ചത്തു. അതിനെ കുപ്പത്തൊട്ടിയില്‍ കൊണ്ടുപോയിട്ടു. മടങ്ങിവരുമ്പോള്‍ ഒരു സ്ത്രീ അതെടുത്ത് തൊലി പൊളിക്കുന്നത് കാണാനിടയായി. എന്താണ് ആ സ്ത്രീ ചെയ്യാന്‍ പോകുന്നതെന്നറിയാന്‍ ഭൃത്യനോടൊപ്പം അവരെ പിന്തുടര്‍ന്നു. ഏറെ കഴിയും മുമ്പേ  അവരുടെ കുടിലിലെത്തി. ജീര്‍ണിച്ച് പൊളിഞ്ഞുവീഴാറായ ഒരു കൊച്ചു കൂരയായിരുന്നു അത്. അവരുമായി സംസാരിച്ചപ്പോള്‍  അവരുടെ ദാരിദ്ര്യത്തിന്റെ കാഠിന്യം ബോധ്യമായി. ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ ദിവസങ്ങളോളം പട്ടിണി കിടന്നാണ് അവര്‍ ജീവിക്കുന്നത്. ധരിക്കാനാണെങ്കില്‍ അവര്‍ക്കും സഹോദരനും കൂടി ഒരൊറ്റ വസ്ത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാം മനസ്സിലാക്കിയ അബ്ദുല്ലാഹിബ്‌നുല്‍ മുബാറക് ഭൃത്യനോട് കൈവശമുള്ള സംഖ്യ കൊണ്ടുവരാനാവശ്യപ്പെട്ടു. അതില്‍നിന്ന് നാട്ടിലേക്ക് തിരിച്ചുപോകാനാവശ്യമായ ഇരുപത് ദീനാറെടുത്ത് ബാക്കി ആ വീട്ടുകാര്‍ക്ക് നല്‍കി. അങ്ങനെ അദ്ദേഹവും ഭൃത്യനും ഹജ്ജ് നിര്‍വഹിക്കാതെ തിരിച്ചുപോന്നു. ചരിത്രത്തില്‍ ഇടം നേടിയ ഈ സംഭവം അബ്ദുല്ലാഹിബ്‌നു മുബാറകിന്റെ മഹത്വത്തിനും കീര്‍ത്തിക്കും മാറ്റുകൂട്ടുകയാണുണ്ടായത്.

ഐഛികമായ ഹജ്ജ്

നിര്‍ബന്ധമായ ഹജ്ജ് കര്‍മം നിര്‍വഹിച്ചവര്‍ വീണ്ടും വീണ്ടും ഹജ്ജിനു പോകുന്നതിനെ സൂക്ഷ്മ ദൃക്കുകളായ പണ്ഡിതന്മാര്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല ശക്തമായി നിരുത്സാഹപ്പെടുത്തുകയും വിലക്കുകയും ചെയ്തിട്ടുണ്ട്.
ഇമാം ഗസ്സാലി തന്റെ ഇഹ്‌യാ ഉലൂമുദ്ദീനില്‍ പറയുന്നു: ''ചില ആളുകളുണ്ട്. അവര്‍ ഹജ്ജിനു വേണ്ടി പണം ചെലവഴിക്കാന്‍ അതീവ തല്‍പരരാണ്. പിന്നെയും പിന്നെയും അവര്‍ ഹജ്ജ് ചെയ്യുന്നു. പലപ്പോഴും അയല്‍ക്കാര്‍ വിശന്നുവലയുന്നവരായിരിക്കും. പട്ടിണികൊണ്ട് പൊറുതി മുട്ടുന്നവര്‍. അവരെ നാട്ടില്‍ വിട്ടേച്ചായിരിക്കും ഹജ്ജ് യാത്ര. അതിനാലാണ് ഇബ്‌നു മസ്ഊദ് ഇങ്ങനെ പറഞ്ഞത്: 'അവസാനകാലം അടുക്കുമ്പോള്‍ അകാരണമായി ഹജ്ജ് വര്‍ധിച്ചുകൊണ്ടിരിക്കും. അന്നവര്‍ക്ക് യാത്ര നിസ്സാരമായിരിക്കും. അവരുടെ അന്നപാനീയങ്ങള്‍ വിഭവസമൃദ്ധമായിരിക്കും. എന്നാല്‍ ഹജ്ജ് നിര്‍വഹിച്ച് അവര്‍ മടങ്ങിവരുന്നത് പ്രതിഫലം നിഷേധിക്കപ്പെട്ടവരായാണ്. അവരുടെ വാഹനങ്ങള്‍ വിജനമായ ഇടങ്ങള്‍ താണ്ടിവരുന്നു. അപ്പോഴും അയാളുടെ അയല്‍വാസികള്‍ തന്റെ ചാരത്ത് ബന്ധിതരായിരിക്കും. എന്നാല്‍ അയാള്‍ അവരുടെ അവസ്ഥയെക്കുറിച്ച്  അന്വേഷിക്കുന്നുപോലുമില്ല.''
ഇമാം ഗസ്സാലി വിശദീകരിച്ച അവസ്ഥ ഇന്നും  ലോകമെങ്ങും നില നില്‍ക്കുന്നില്ലേ?

ബിശ്‌റുല്‍ ഹാഫി

ബിശ്‌റുബ്‌നുല്‍ ഹാരിസു ബ്‌നു അബ്ദുര്‍റഹ്മാന്‍ പ്രശസ്ത പണ്ഡിതനും ദാര്‍ശനികനും ഗ്രന്ഥകാരനും സ്വൂഫിവര്യനുമാണ്. ഹി. 179-ല്‍ ബഗ്ദാദില്‍ ജനിക്കുകയും 227 -ല്‍ പരലോകം പ്രാപിക്കുകയും ചെയ്ത അദ്ദേഹം ബിശ്‌റുല്‍ ഹാഫി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അബ്ദുല്ലാഹില്‍ മുബാറകിന്റെ ശിഷ്യനായ ബിശ്‌റ് അങ്ങേയറ്റം ലളിതജീവിതമാണ് നയിച്ചിരുന്നത്. ഒരാള്‍ അദ്ദേഹത്തെ സമീപിച്ച് താന്‍ ഹജ്ജിനു പോവുകയാണെന്ന് അറിയിച്ചു. തുടര്‍ന്ന് എന്തെങ്കിലും നിര്‍ദേശമുണ്ടോ എന്നന്വേഷിച്ചു.
ബിശ്‌റുല്‍ ഹാഫി ചോദിച്ചു: 'ഹജ്ജ് യാത്രക്ക് ചെലവിനായി എത്ര സംഖ്യ നീക്കിവെച്ചിട്ടുണ്ട്?'
'രണ്ടായിരം ദിര്‍ഹം' - അയാള്‍ പറഞ്ഞു.
'ഹജ്ജ് കൊണ്ട് എന്താണ് താങ്കളുടെ ഉദ്ദേശ്യം? ജന്മനാടിനോടുള്ള വിരക്തിയും പുണ്യനാട് കാണാനുള്ള മോഹവുമാണോ? അതോ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവുമോ?' ബിശ്‌റ് അന്വേഷിച്ചു.
'അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവുമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'
'വീട്ടിലിരുന്നുകൊണ്ടു തന്നെ ഈ രണ്ടായിരം ദിര്‍ഹം ചെലവഴിച്ച് അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും നേടാമല്ലോ. താങ്കള്‍ അതിന് തയാറാണോ?
'അതേ' - ആഗതന്‍ അറിയിച്ചു.
'എങ്കില്‍ താങ്കള്‍ വീട്ടില്‍ പോയി ഈ സംഖ്യ പത്തു പേര്‍ക്ക് ദാനം ചെയ്യുക. കടംകൊണ്ട് വലഞ്ഞവന്, പട്ടിണി കൊണ്ട് പ്രയാസപ്പെടുന്നവന്, അനാഥയുടെ സംരക്ഷണത്തിന് എന്നിങ്ങനെ പ്രാധാന്യ ക്രമമനുസരിച്ച് പത്തു പേര്‍ക്ക് നല്‍കുക. സംഖ്യ മുഴുവന്‍ ഒരാള്‍ക്ക് നല്‍കാന്‍ നിന്റെ മനസ്സ് അനുവദിക്കുകയും നീ അതിന് ധൈര്യപ്പെടുകയുമാണെങ്കില്‍ അങ്ങനെയുമാകാം' ബിശ്‌റുല്‍ ഹാഫി നിര്‍ദേശിച്ചു.
തുടര്‍ന്ന് തന്റെ നിര്‍ദേശത്തിന്റെ കാരണം ഇങ്ങനെ വിശദീകരിച്ചു: 'മനുഷ്യമനസ്സില്‍ സന്തോഷം ഉണ്ടാക്കുന്നതും നിരാലംബരെ സഹായിക്കുന്നതും അവരുടെ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതും ദുര്‍ബലരെ തുണക്കുന്നതും നിര്‍ബന്ധ ഹജ്ജ് നിര്‍വഹിച്ചശേഷം ചെയ്യുന്ന നൂറ് ഹജ്ജിനേക്കാള്‍ മഹത്തരമാണ്. അതിനാല്‍ ഞാന്‍ നിര്‍ദേശിച്ചത് നടപ്പാക്കുക.'
ആഗതന്‍ തനിക്ക് ഹജ്ജിന് യാത്ര പോകാനാണ് കൂടുതല്‍ താല്‍പര്യമെന്നറിയിച്ചപ്പോള്‍ ബിശ്‌റുല്‍ ഹാഫി അതിരൂക്ഷമായാണ് അതിനോട് പ്രതികരിച്ചത്.
അതിനാല്‍ ഐഛികമായ ഹജ്ജ് നിര്‍വഹിക്കാന്‍ തീരുമാനിക്കുകയും കോവിഡ് കാരണം അത് മുടങ്ങുകയും ചെയ്തവര്‍ ഒട്ടും നിരാശപ്പെടേണ്ടതില്ല. അതിനേക്കാള്‍ മഹത്തായ പുണ്യം അവരെ കാത്തിരിക്കുന്നുണ്ട്. കോവിഡ് കാരണമായി ജനങ്ങള്‍ കടുത്ത ദാരിദ്ര്യവും പട്ടിണിയും പ്രയാസവും  അനുഭവിച്ചുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തില്‍ വിശേഷിച്ചും.
പടപ്പുകള്‍ക്കിടമില്ലാത്ത മനസ്സുകള്‍ക്ക് പടച്ചവന്റെ അടുത്തും ഇടം കിട്ടുകയില്ല. നമസ്‌കരിക്കുന്നവര്‍ക്കേ സ്വര്‍ഗമുള്ളൂ എന്നു പറഞ്ഞ ഖുര്‍ആന്‍ തന്നെയാണല്ലോ നമസ്‌കരിക്കുന്നവര്‍ക്കാണ് കൊടിയ നാശമെന്നും പറഞ്ഞത്. അതിനു കാരണമോ ആവശ്യക്കാരെ മറന്നതും. താണ്ടിക്കടക്കാന്‍ ഏറെ പ്രയാസകരമായ മലമ്പാത ഹജ്ജ് നിര്‍വഹണമല്ല, മറിച്ച്  അടിയാളന്റെ മോചനവും കടുത്ത വറുതിയുടെ നാളില്‍ ഏറെ പ്രയാസപ്പെടുന്നവര്‍ക്കുള്ള അന്നദാനവുമാണെന്ന ഖുര്‍ആനികാധ്യാപനം നമ്മെ ഓര്‍മിപ്പിക്കുന്നതും മറ്റൊന്നല്ലല്ലോ.

Comments

Other Post

ഹദീസ്‌

അതിശ്രേഷ്ഠം ഈ പത്ത് ദിനങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (14-17)
ടി.കെ ഉബൈദ്‌