Prabodhanm Weekly

Pages

Search

2020 ജൂലൈ 24

3161

1441 ദുല്‍ഹജ്ജ് 03

'ബ്ലാക്ക് ലിസ്റ്റ്' പ്രയോഗത്തിലെ വര്‍ണവെറി

വി.യു മുത്തലിബ് മലേഷ്യ

ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ശക്തമായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഗൂഗ്ള്‍ ക്രോം വരെ 'ബ്ലാക്ക് ലിസ്റ്റ്' 'വൈറ്റ് ലിസ്റ്റ്' പ്രയോഗങ്ങള്‍ എടുത്തു മാറ്റിയത്. ബ്ലാക്ക് ലിസ്റ്റിന് പകരം 'ബ്ലോക്ക് ലിസ്റ്റ്' എന്ന് ഉപയോഗിക്കാന്‍ ഗൂഗ്ള്‍ ആഹ്വാനം ചെയ്യുന്നു. യൂറോപ്യന്‍ വര്‍ണവെറിയുടെ മാടമ്പിമാര്‍ ഒരു സമൂഹത്തെ തേജോവധം ചെയ്യാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രയോഗങ്ങളില്‍ കെട്ടിയിറക്കപ്പെട്ട സവര്‍ണ മേല്‍ക്കോയ്മയെ തിരിച്ചറിയാന്‍ ജോര്‍ജ് ഫ്ളോയ്ഡ് വേണ്ടിവന്നു എന്നത് നമ്മെ എത്രമാത്രം അലോസരപ്പെടുത്തുന്നില്ല! സകലമാന തിന്മകളുടെയും പ്രതീകമാണ് കറുപ്പ് എന്ന, മാടമ്പിതമ്പുരാക്കന്മാര്‍ സൃഷ്ടിച്ചെടുത്ത വര്‍ണവെറിയുടെ പൊതുബോധം അറിഞ്ഞോ അറിയാതെയോ പലരും ഏറ്റുപാടുകയാണ്. വംശീയതയുടെ അഗ്രസ്ഥാനീയരായിരുന്ന നാസി ഭരണകൂടം നടത്തിയ 1936-ലെ ബെര്‍ലിന്‍ ഒളിമ്പിക്സില്‍, നാല് സ്വര്‍ണ മെഡലോടെ ഒളിമ്പിക്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായിത്തീര്‍ന്ന ജെസി ഓവന്‍സില്‍നിന്നും തുടങ്ങിയ തീവ്ര വര്‍ണവിവേചനം ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന യൂറോപ്യന്‍ ഫുട്ബോളില്‍ മാലി ഫോര്‍വേഡായ മൂസാ ഗരേകക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തില്‍ എത്തിനില്‍ക്കുന്നു കായികരംഗത്ത് ഈ പൈശാചികതയുടെ വ്യാപ്തി. വര്‍ണവെറിയരായ യൂറോപ്യന്‍ അധിനിവേശക്കാര്‍ അമേരിക്കയില്‍ കാലകുത്തിയത് മുതല്‍ ആരംഭിക്കുന്ന റേസിസത്തിന്റെ തേരോട്ടം ജോര്‍ഡ് ഫ്ളോയ്ഡില്‍ അവസാനിക്കുന്നതല്ല. 'ബ്ലാക്ക് ലിസ്റ്റ്' പോലുള്ള പ്രയോഗങ്ങള്‍ നമ്മുടെ നിഘണ്ടുവില്‍നിന്നും നീക്കം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

 


കുഞ്ഞു ഖബ്‌റുകള്‍

അശ്റഫ് കാവിലിന്റെ കവിത ഹൃദ്യമായി (ലക്കം 3156). ആദ്യത്തെ പതിനാറു വരികള്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ സ്വപ്ന സ്വര്‍ഗങ്ങള്‍. ബാക്കി ഭാഗം അക്രമികളുടെ നരകക്കാഴ്ചകള്‍. അക്രമികള്‍ക്ക് ഓര്‍ത്തുരസിക്കാന്‍ ഒന്നുമില്ല, ഭയപ്പെടാന്‍ ഒട്ടേറെയുണ്ടുതാനും. അക്രമികളുടെ മനസ്സില്‍ സ്വപ്നങ്ങളുടെ ഇളംകുരുവികള്‍ കൂടുകൂട്ടുകയില്ല. അവിടെ പുകയുടെ കടന്നലുകള്‍ മൂളിക്കൊണ്ടിരിക്കും. 
ഹൃദ്യമായ ജീവിതങ്ങളാണ് അവര്‍ വിദ്വേഷവിഷം കൊണ്ട് തകര്‍ത്തുകളയുന്നത്. ഫാഷിസം വിഷവും മുള്ളും തേളുകളുമാണ്. അത് കുഞ്ഞുങ്ങളെപ്പോലും കൊലക്കു കൊടുക്കുന്നു. ഗര്‍ഭസ്ഥ ശിശുക്കളെ കുന്തത്തില്‍ കോര്‍ത്ത് കത്തിക്കുന്നു. സ്ത്രീകളെ ചവിട്ടിത്തേക്കുന്നു. വിദ്യാര്‍ഥികളെ തടവറയിലിട്ട് പീഡിപ്പിക്കുന്നു. അധികാരം അവര്‍ക്ക് നിരപരാധികളെ വേട്ടയാടാനുള്ള ആയുധം മാത്രം. മാറിനില്‍ക്കൂ എന്ന് ഫാഷിസത്തോട് ആജ്ഞാപിക്കുന്ന ചൂണ്ടുവിരലുകളാണ് കാലം ആവശ്യപ്പെടുന്നത്.

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

 

പ്രതിസന്ധികളെ സാധ്യതകളാക്കി പരിവര്‍ത്തിപ്പിക്കണം

പ്രഫ. അത്താഉല്ല സിദ്ദീഖിയുമായി ഡോ. മുനീര്‍ മുഹമ്മദ് റഫീഖ് നടത്തിയ അഭിമുഖത്തില്‍ (ലക്കം 3145) പകര്‍ത്താന്‍ പലതുമുണ്ട്. ക്രിസ്ത്യന്‍-മുസ്ലിം ബന്ധം ഉദാഹരണം. യൂറോപ്പിലെയോ അമേരിക്കന്‍ ഐക്യനാടുകളിലെയോ നിരവാരത്തിലുള്ളവരല്ല ഇവിടത്തെ ക്രിസ്തീയ സമൂഹം എന്ന് അഭിപ്രായമുണ്ടാകാം. മുസ്ലിംകളും അങ്ങനെത്തന്നെയാണ്.
ക്രൈസ്തവ-മുസ്ലിം പരസ്പര ബന്ധം ഊഷ്മളമാക്കാന്‍, തൃശൂര്‍ ജുമാ മസ്ജിദില്‍ സെമിനാരി വിദ്യാര്‍ഥികളെ ക്ഷണിച്ചുവരുത്തി ഖുത്വ്ബ കേള്‍പ്പിച്ചിരുന്നു. സെമിനാരി അധികാരികള്‍ പ്രസ്ഥാന നേതാക്കളെയും പ്രവര്‍ത്തകരെയും ക്ഷണിച്ചുകൊണ്ടുപോയി സെമിനാരിയിലെ പഠനവിഷയങ്ങളെയും അവിടത്തെ വിദ്യാര്‍ഥികളെയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്തുമായിരുന്നു. അങ്ങനെ ഒരു നല്ല  ബന്ധം ഇരു കൂട്ടരിലും വളര്‍ത്തിയെടുക്കാന്‍ അന്നത്തെ പ്രസ്ഥാന നേതൃത്വത്തിന് കഴിഞ്ഞു. അതുപോലെ ആ കാലങ്ങളില്‍ പുതിയ മസ്ജിദുകള്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ സ്വാമിമാര്‍, വികാരികള്‍, രാഷ്ട്രീയ പ്രമുഖര്‍, മത നേതാക്കള്‍, സാംസ്‌കാരിക നായകന്മാര്‍ എന്നിവരെ ക്ഷണിച്ചുവരുത്തി സൗഹൃദം പങ്കുവെക്കുന്ന പരിപാടികളും നിലവില്‍ ഉണ്ടായിരുന്നു. മാളയില്‍നിന്നാണ് അതിന്റെ തുടക്കം. യൂറോപ്യന്മാരായ രജാ ഗരോഡിയും മുറാദ് ഹോഫ്മനും ജഫ്രി ലാങും അങ്ങനെയാണ് ഇസ്ലാമിക സമൂഹത്തിലേക്ക് വന്നിട്ടുള്ളത്.
ഇന്ന് മുസ്ലിം യുവതീയുവാക്കള്‍, ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്നതില്‍ ബദ്ധശ്രദ്ധരാണ്. അഭ്യസ്തവിദ്യരായ മുസ്ലിം യുവതീയുവാക്കളുടെ ഇസ്ലാമിക പ്രവര്‍ത്തനം പാശ്ചാത്യ നാടുകളില്‍ ശ്ലാഘനീയമായി നടക്കുന്നു. ഇംഗ്ലണ്ടിലെ മുസ്ലിം പ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കുന്ന കഹെമാ അംമൃലില ൈണലലസ,െ ഢശശെ േഛൗൃ ങീൂൌല െപോലുള്ള പരിപാടികള്‍ ഇവിടത്തെ മുസ്ലിം സ്ഥാപനങ്ങള്‍ക്കും കോളേജുകള്‍ക്കും യൂനിവേഴ്സിറ്റികള്‍ക്കും സംഘടിപ്പിക്കാവുന്നതാണ്. ആ അര്‍ഥത്തില്‍ സെമിനാര്‍, സിമ്പോസിയം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, യുവാക്കള്‍ക്കുള്ള സംരംഭക പരിപാടികള്‍, പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തിലെയും പ്രളയ കാലഘട്ടത്തിലെയും സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഭാഗികമായെങ്കിലും ഇതിന് തുടക്കം കുറിക്കുന്നതാണ്. ശാന്തപുരം അല്‍ജാമിഅ പോലുള്ള ഉന്നത കലാലയങ്ങള്‍ക്ക് അക്കാദമിക രംഗത്ത് ഇത്തരം ഇടപെടലുകള്‍ ഏറെ ഗുണകരവും ഫലപ്രദവുമായിരിക്കും. മുസ്ലിംകളുടെ കോളേജ്, സ്‌കൂള്‍, ഹോസ്റ്റലുകള്‍, റിസര്‍ച്ച് സെന്ററുകള്‍ എന്നിവയില്‍ നടക്കുന്ന പരിപാടികള്‍ക്ക് ക്രിസ്തീയ വിദ്യാഭ്യാസ വിചക്ഷണരെയും ക്ഷണിക്കാവുന്നതാണ്. ഹ്യൂമന്‍ റിസോഴ്സ് ഏതു വഴിയിലൂടെ വന്നാലും അത് സ്വീകരിക്കാനും പ്രയോജനപ്പെടുത്താനും നാം ശ്രദ്ധിക്കേണ്ടതാണ്. 

വി.എം ഹംസ മാരേക്കാട്

 

ഫീസും ഗുണനിലവാരവും

യാസിര്‍ ഖുതുബിന്റെ 'സമുദായം, സ്ഥാപനങ്ങള്‍, സാമ്പത്തിക ശാക്തീകരണം' എന്ന ലേഖനം (ലക്കം 3157) നല്ല ആശയങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. പക്ഷേ, ചില വീക്ഷണങ്ങളോട് വിയോജിക്കേണ്ടിവരുന്നു.
'ക്വാളിറ്റി ഉണ്ടെങ്കില്‍ കൂടുതല്‍ ഫീസ് നല്‍കാനും രക്ഷിതാക്കള്‍ തയാറാണ്' എന്ന് ലേഖകന്‍ വാദിക്കുന്നു. ക്വാളിറ്റി ഉണ്ടെങ്കില്‍ കൂടുതല്‍ വില കിട്ടുക എന്നത് കച്ചവട രംഗത്തെ ഒരു നിത്യ സത്യം തന്നെയാണ്. വിദ്യാഭ്യാസ രംഗത്ത് ക്വാളിറ്റിയെ ഇതേ മാനദണ്ഡത്തില്‍ കാണുന്നത് ശരിയല്ല. ഫീസ് (വില) കിട്ടിയാലും ഇല്ലെങ്കിലും ക്വാളിറ്റി ആയിരിക്കണം വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. ആ ക്വാളിറ്റി നിലനിര്‍ത്താന്‍ കഴിയാത്തതാണ് നാട്ടിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ജീര്‍ണത നേരിടാന്‍ കാരണം. ദീനീ മേഖലയിലെ പ്രാഥമിക വിദ്യാഭ്യാസം ചുരുങ്ങിയ ചെലവില്‍ ലഭ്യമാവേണ്ടത് അനിവാര്യമാണെന്ന് വാദിക്കുന്ന ലേഖകന്‍ ചില ഇസ്ലാമിക് പ്രീ സ്‌കൂളുകളും ഹിഫ്ള് പാഠശാലകളും ഉയര്‍ന്ന ഫീസ് ഉണ്ടായിട്ടുകൂടി ധാരാളം പേരെ ആകര്‍ഷിക്കുന്നതായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. അതേ അവസരത്തില്‍ സമൂഹമെന്ന നിലക്ക് എല്ലാ ശ്രേണിയില്‍പെടുന്നവര്‍ക്കും പ്രാപ്യമാകുന്ന നിലയിലായിരിക്കണം സാമൂഹിക സംവിധാനങ്ങള്‍ എന്ന് പറയുകയും ചെയ്യുന്നു. സാധാരണക്കാര്‍, പാവപ്പെട്ടവര്‍, പണക്കാര്‍ എന്നിങ്ങനെ സമൂഹത്തിലെ വ്യത്യസ്ത ശ്രേണികള്‍ക്കനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിവേചിക്കുമ്പോള്‍ ക്വാളിറ്റിയില്‍ (ഗുണമേന്മ) വിട്ടുവീഴ്ച വേണ്ടിവരും. ഈ വിട്ടുവീഴ്ച വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിന് ഗുണകരമാവില്ല.
'ഇപ്പോഴത്തെ സമ്പ്രാദയത്തില്‍ ഇഷ്ടമില്ലാതെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയും ദീന്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ചെലവുകള്‍ സമൂഹം വഹിക്കുകയും പഠനത്തിനു ശേഷം ഇത്തരക്കാര്‍ മറ്റു മേഖലകളിലേക്ക് തിരിയുകയുമാണ്' എന്നാണ് ലേഖകന്റെ മറ്റൊരു വീക്ഷണം. വിദ്യാര്‍ഥികളെ സ്ഥാപനത്തില്‍ ചേര്‍ക്കുന്ന അവസരത്തില്‍ പാലിക്കപ്പെടേണ്ട പ്രക്രിയകള്‍ യഥാവിധി നിര്‍വഹിക്കപ്പെടാത്തതുകൊണ്ടാണ് ഇഷ്ടമില്ലാത്തവരുടെ അഡ്മിഷന്‍ കടന്നുകൂടുന്നത്. സ്ഥാപന നടത്തിപ്പില്‍ ഉണ്ടാകേണ്ട ക്വാളിറ്റിയാണ് അഡ്മിഷന്‍ പ്രക്രിയയിലെ സൂക്ഷ്മത. അതില്ലാതെ വരുന്നത് സ്ഥാപനാധികൃതര്‍ക്ക് പറ്റുന്ന വീഴ്ചയാണ്; അല്ലാതെ സമൂഹത്തിന്റെ കുറ്റമായി കാണാന്‍ പാടില്ല.
ദീന്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ചെലവുകള്‍ സമൂഹം വഹിക്കുകയും പഠനത്തിനു ശേഷം ഇത്തരക്കാര്‍ മറ്റു മേഖലകളിലേക്ക് തിരിയുകയുമാണ് ചെയ്യുന്നതെന്ന ആരോപണം ലേഖകന്‍ ഉയര്‍ത്തുന്നു. ജീവിതത്തിലുടനീളം ദീനീനിഷ്ഠയുള്ളവരായിരിക്കുകയും ദീനിന്റെ ദഅ്‌വത്ത് നിര്‍വഹിക്കുകയും ചെയ്യുന്നവരായി മാറുക എന്നതാണ് നമ്മുടെ ദീനീ സ്ഥാപനങ്ങളുടെ ലക്ഷ്യങ്ങളിലൊന്ന്. പഠനാനന്തരമുള്ള ജീവിത മേഖലകളിലുടനീളം അവരെ നിയന്ത്രിക്കാന്‍ സ്ഥാപനത്തിന് കഴിയുകയില്ല. ജീവിത മേഖലകള്‍ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തില്‍ കൈ കടത്താന്‍ സ്ഥാപനങ്ങള്‍ ശ്രമിക്കാതിരിക്കുന്നതാണ് അഭികാമ്യം.
അതേയവസരത്തില്‍ 'നല്ല വേതനം കൊടുത്താല്‍ മാത്രമേ ഗുണമേന്മയുള്ള അധ്യാപകരെ ലഭിക്കുകയുള്ളൂ. ജോലിക്കാരും മാനേജ്മെന്റും ഉള്‍പ്പെടുന്നതാണ് എല്ലാ സംരംഭങ്ങളുടെയും  ജീവനാഡി. തൊഴിലനുസരിച്ച് ആകര്‍ഷകമായ വേതനം നല്‍കണം. എങ്കില്‍ മാത്രമേ കൂടുതല്‍ പ്രൊഡക്ടിവിറ്റി ഉണ്ടാവുകയുള്ളൂ'  എന്നും പറയുന്നുണ്ട് അണ്‍ എയിഡഡ് -സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ വളരെ മാരകമായ ഒരു അവസ്ഥാവിശേഷമാണ് ലേഖകന്‍ ഇവിടെ ചൂണ്ടിക്കാട്ടുന്നത്. നല്ല യോഗ്യതയും കൂടുതല്‍ സര്‍വീസും ഗുണമേന്മയുമുള്ള അധ്യാപകരെ പിരിച്ചുവിടുകയും ശമ്പളം കുറച്ച് നല്‍കിയാല്‍ മതിയെന്ന മുടന്തന്‍ ന്യായത്തില്‍ പുതിയ അധ്യാപകരെ പകരം നിയമിക്കുകയും ചെയ്യുന്ന പ്രവണ അപൂര്‍വം ചില സ്‌കൂളുകളിലെങ്കിലും കണ്ടുവരുന്നുണ്ട്. ഇത് അധ്യാപകരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിനു പുറമെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തില്‍നിന്ന് തെറ്റിച്ച് കളയുകയും ചെയ്യുന്നു. ജോലിക്കാരും മാനേജ്മെന്റും തമ്മില്‍ ദൃഢവും സൗഹൃദപൂര്‍ണവുമായ ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥാപനങ്ങളുടെ ജീവനാഡി തന്നെ ചലനമറ്റു പോകും. 

പി.എ.എ അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്‌

Comments

Other Post

ഹദീസ്‌

അതിശ്രേഷ്ഠം ഈ പത്ത് ദിനങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (14-17)
ടി.കെ ഉബൈദ്‌