Prabodhanm Weekly

Pages

Search

2020 ജൂലൈ 17

3160

1441 ദുല്‍ഖഅദ് 25

കോടതി വ്യവഹാരങ്ങളിലെ പേര്‍ഷ്യന്‍ ഭാഷാ സ്വാധീനം

സബാഹ് ആലുവ

ശിഹാബുദ്ദീന്‍ ആരാമ്പ്രം എഴുതിയ 'സുല്‍ത്താന്മാരുടെ കോടതികള്‍ നീതിയുടെ ഇന്ത്യനനുഭവങ്ങള്‍' എന്ന ലേഖന പരമ്പരയില്‍ വരേണ്ടിയിരുന്ന വിഷയമാണ് സുല്‍ത്താന്മാരുടെ കാലത്തെ നീതിന്യായ വ്യവസ്ഥയില്‍ പേര്‍ഷ്യന്‍ ഭാഷക്കുള്ള സ്വാധീനം. ഇന്നും ഇന്ത്യയില്‍ കോടതി വ്യവഹാരങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന പല വാക്കുകളിലും വാചകങ്ങളിലും പേര്‍ഷ്യന്‍ ഭാഷയുടെ തുടിപ്പ് കാണാം.
'ഇന്തോ-ഇസ്‌ലാമിക്' എന്ന് ചരിത്രം പേരിട്ടു വിളിക്കുന്ന, ഇന്ത്യയിലെ ഇസ്‌ലാമിക നാഗരികതയുടെ അടിസ്ഥാനമായി വര്‍ത്തിച്ച പേര്‍ഷ്യന്‍ സംസ്‌കാരം ദല്‍ഹി സുല്‍ത്താന്മാരിലൂടെ വളര്‍ന്നു പന്തലിക്കുകയായിരുന്നു. പേര്‍ഷ്യന്‍ ഭാഷയുടെ സ്വാധീനം കൂടുതലായും കാണാന്‍ സാധിക്കുന്നത് ദല്‍ഹി-മുഗള്‍ കാലത്തെ കോടതി വ്യവഹാരങ്ങളിലായിരിക്കും. ശരീഅ കോടതികള്‍ സ്ഥാപിക്കപ്പെട്ടതോടെ പൂര്‍ണാര്‍ഥത്തില്‍ പേര്‍ഷ്യന്‍ ഭാഷ കോടതി ഭാഷയായി (Court Language) മാറി. അറബി ഭാഷ അക്കാലത്ത് ഗ്രന്ഥ ഭാഷയായിരുന്നിട്ടു കൂടി ഗ്രന്ഥ രചനകളില്‍ പേര്‍ഷ്യന്‍ ഭാഷ കൂടുതല്‍ ഉപയോഗിക്കപ്പെട്ടു.  ഭരണകേന്ദ്രങ്ങളില്‍ അറബി ഭാഷയില്‍ എഴുതപ്പെട്ടിരുന്ന അറിയിപ്പുകളും നിര്‍ദേശങ്ങളും പേര്‍ഷ്യന്‍ ഭാഷയില്‍ കൂടി എഴുതപ്പെട്ടത് സുല്‍ത്താന്മാരുടെ കാലത്താണ്. മിന്‍ഹാജ് അബു ഉമര്‍ ഉസ്മാന്‍ ബിന്‍ സിറാജിന്റെ തബഖാത്തെ നസ്‌റി, സദ്‌റുദ്ദീന്‍ മുഹമ്മദ് ബിന്‍ ഹസ്സന്‍ നിസാമിയുടെ താജുല്‍ മആസിര്‍, സിയാഉദ്ദീന്‍ ബറനിയുടെ താരീഖെ ഫിറോസ്ശാഹി തുടങ്ങിയ ഗ്രന്ഥങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയുടെ അസ്തിത്വം ഇന്ത്യയില്‍ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. കോടതികളുമായി ബന്ധപ്പെട്ടതു കൊണ്ടു തന്നെയാവാം നിരവധി ഫത്‌വാ ഗ്രന്ഥങ്ങള്‍ അക്കാലത്ത് പേര്‍ഷ്യന്‍, അറബി ഭാഷകളിലാണ് എഴുതപ്പെട്ടത്.  ഫതാവയെ ഫിറോസ്ശാഹി പോലെയുള്ള ഗ്രന്ഥങ്ങള്‍ എടുത്തു പറയാവുന്നതാണ്.
കോടതി പ്രഭുക്കളായി (Court Nobles) അക്കാലത്ത് അവരോധിക്കപ്പെട്ടിരുന്നവരില്‍ പലരും പേര്‍ഷ്യന്‍ വംശജരായ ഖാദിമാരായിരുന്നു. പേര്‍ഷ്യക്കാരനായ അബ്ദുല്ലത്വീഫ് ഖസ്വിനി,  അക്ബറിന്റെ കാലത്ത് കോടതിയിലെ പ്രധാന ഖാദി പട്ടം അലങ്കരിച്ചതായി ചരിത്രം പറയുന്നു. ഒരു സംസാര ഭാഷ കോടതി ഭാഷയായി പരിവര്‍ത്തനം ചെയ്യപ്പെടുകയെന്നാല്‍ സാധാരണക്കാര്‍ക്ക് ആ ഭാഷയിലുള്ള പ്രാധാന്യവും വിശ്വാസവും വര്‍ധിച്ചു എന്നാണര്‍ഥം. കവിതയും സാഹിത്യ രചനകളും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഇത്രമേല്‍ സ്വാധീനിച്ചതിനു പിന്നിലെ രഹസ്യവും കാവ്യഭാഷ കൂടിയായ (Poetic Language)  പേര്‍ഷ്യന്‍ ഭാഷയുടെ സൗന്ദര്യമാണ്. പുതിയ കാലത്ത് പോലും അമീര്‍ ഖുസ്രുവിന്റെ കാവ്യഭാവനയെക്കുറിച്ച് എത്ര വര്‍ണിച്ചാലും മതിവരാത്തതിന് പേര്‍ഷ്യന്‍ ഭാഷയും കാരണമാണ്.
മുഗളരുടെ ഇന്ത്യയിലേക്കുള്ള ആഗമനത്തിന് എത്രയോ മുമ്പു തന്നെ പേര്‍ഷ്യന്‍ ഭാഷയുടെ വളര്‍ച്ച അതിന്റെ പരകോടിയിലെത്തിയതായി ചരിത്രം പറയുന്നു. മസ്ഊദ് സഅ്ദ് സല്‍മാന്‍, സിയാഉദ്ദീന്‍ നഖ്ശാബി, അമീര്‍ ഖുസ്രു, ഹസന്‍ സിജ്‌സി തുടങ്ങിയ പ്രമുഖര്‍ അക്കാലെത്ത പേരെടുത്ത പേര്‍ഷ്യന്‍ കവികളും രചയിതാക്കളുമാണ്.  മധ്യേഷ്യയില്‍നിന്നുള്ള സൂഫികളുടെയും ഇറാനില്‍നിന്നുള്ള പ്രഗത്ഭരായ പേര്‍ഷ്യന്‍ പണ്ഡിറ്റുകളുടെയും കടന്നുവരവായിരുന്നു മുഗള്‍ കാലഘട്ടത്തില്‍ ഇന്ത്യയിലുണ്ടായ സാംസ്‌കാരിക സാമൂഹിക മുന്നേറ്റത്തിന്റെ മുഖ്യ നിദാനം. തുര്‍ക്കി പാരമ്പര്യം അവകാശപ്പെടുന്ന ദല്‍ഹി-മുഗള്‍ സുല്‍ത്താന്മാരുടെ ഭാഷ തുര്‍ക്കിയാണന്നിരിക്കെ, പേര്‍ഷ്യന്‍ ഭാഷ അടയാളപ്പെടുത്തിയ എന്ത് പ്രത്യേകതയായിരിക്കും ഇവരെ ആകര്‍ഷിച്ചത്! മധ്യേഷ്യയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട പഴയ തുര്‍കിക്ക് ഭാഷയുടെ (Turkik)  വകഭേദമായ ചഗത്തായി (Chagatai) ഭാഷയിലാണ് മുഗള്‍ സാമ്രാജ്യത്തിന് അടിത്തറ പാകിയ ബാബറുടെ 'ബാബര്‍നാമ' എഴുതപ്പെട്ടത്. മുഗള്‍ കാലത്തെ പ്രധാന സൈനിക മേധാവി എന്നറിയപ്പെടുന്ന ബൈറാം ഖാന്റെ മകനും തുര്‍കിഷ് കവിയുമായ അബ്ദുര്‍റഹീം ഖാനാണ് 'ബാബര്‍ നാമ' പേര്‍ഷ്യനിലേക്ക് പരിഭാഷപ്പെടുത്തിയത്. പക്ഷേ, ഇന്ത്യാ ഉപഭൂഖണ്ഡം പ്രസ്തുത ഗ്രന്ഥത്തെ അടുത്തറിഞ്ഞതും ഏറ്റെടുത്തതും പേര്‍ഷ്യന്‍ ഭാഷയിലുള്ള അതിന്റെ പരിഭാഷയിലൂടെയാണ്. ലോകത്ത് അന്ന് അറബി കഴിഞ്ഞാല്‍ മേധാവിത്വം പുലര്‍ത്തിയിരന്ന പേര്‍ഷ്യന്‍ ഭാഷ,  സാഹിത്യ ഭാഷകൂടിയായി മധ്യേഷ്യയില്‍ അന്നറിയപ്പെട്ടിരുന്ന ചഗത്തായ് ഭാഷക്കും മുകളിലായിരുന്നു. മുഗുളരില്‍ അക്ബറിന്റെ കാലഘട്ടം പേര്‍ഷ്യന്‍ ഭാഷയുടെ സുവര്‍ണ കാലമായിരുന്നു. കോടതികള്‍, ഭരണസിരാ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പേര്‍ഷ്യന്‍ ഭാഷയുടെ സ്വാധീനം ഉറപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. പേര്‍ഷ്യന്‍ കവികളെ ദര്‍ബാറുകളില്‍ ആദരിക്കുന്ന ചടങ്ങുകള്‍ അദ്ദേഹം നടത്തിയിരുന്നു. മാലികു ശുഅറാഅ് (ആസ്ഥാന കവി) പട്ടം നല്‍കി പേര്‍ഷ്യന്‍ കലാകാരന്മാരെ ആദരിച്ചു. മശ്ഹദി, ഹുസൈന്‍ സനാഈ, താലീബ് അമൂലി, കലീം കശാനി, ഖുദ്‌സി മശ്ഹദി എന്നിവര്‍ അവരില്‍ പേരെടുത്തവരാണ്. 'രാജ ഭാഷ' (The language of the King) എന്ന പദവിയോടെ അക്ബറിനു ശേഷം പേര്‍ഷ്യന്‍ ഭാഷ എല്ലാ തലങ്ങളിലും നിറഞ്ഞുനിന്നു. ഹിന്ദുക്കള്‍ പേര്‍ഷ്യന്‍ ഭാഷ സ്വായത്തമാക്കി ഗവണ്‍മെന്റ് തലങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചുപോന്നു. അറബിയും പേര്‍ഷ്യന്‍ ഭാഷയും പഠിച്ച ബ്രാഹ്മണനായ അധ്യാപകന്റെ വിവരണം ചരിത്രകാരന്‍ ബദയൂനി അദ്ദേഹത്തിന്റെ 'മുന്‍തകബ് അത്തവാരീഖ്' എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് കടന്നുവന്ന മറ്റൊരു ഭാഷയും ഇന്ത്യന്‍ സംസ്‌കാരത്തെ ഇത്രയധികം ആഴത്തില്‍ സ്വാധീനിച്ചതായി കാണാന്‍ കഴിയില്ല.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (11-13)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്‌നേഹപൂര്‍വം ചേര്‍ത്തു പിടിക്കുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി