Prabodhanm Weekly

Pages

Search

2020 ജൂലൈ 17

3160

1441 ദുല്‍ഖഅദ് 25

ഗവേഷകര്‍ സൃഷ്ടിക്കേണ്ട വിപ്ലവം

കീഴാള പഠനങ്ങള്‍ നടത്തുന്ന പുതിയകാല സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ അധഃസ്ഥിതരുടെ പ്രശ്‌നങ്ങള്‍ സൂക്ഷ്മ വിശകലനം ചെയ്യുന്നതിനു വേണ്ടി ധാരാളം പുതിയ സംജ്ഞകള്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. അതിലൊന്നാണ് ജ്ഞാനശാസ്ത്രപരമായ അനീതി (Epistemic Injustice). പ്രശസ്ത ഇന്ത്യന്‍ സാമൂഹിക ശാസ്ത്രജ്ഞനായ രാജീവ് ഭാര്‍ഗവ ഈ സംജ്ഞയെ കോളനിവല്‍ക്കരണവുമായി ബന്ധപ്പെടുത്തിയാണ് വിശദീകരിക്കുന്നത്. കോളനിവത്കരിക്കപ്പെട്ട ജനങ്ങള്‍ തങ്ങളെ നിര്‍വചിക്കാനും മനസ്സിലാക്കാനും ഉപയോഗിച്ചിരുന്ന ജ്ഞാന ശാസ്ത്ര രീതികളൊക്കെ കൊളോണിയല്‍ ശക്തികള്‍ എടുത്തുമാറ്റുകയും പകരം തങ്ങളുടെ അധീശത്വം അടിച്ചേല്‍പിക്കുന്ന ജ്ഞാനശാസ്ത്ര മാതൃകകളും വിദ്യാഭ്യാസ രീതികളും തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഇതിനെ നമുക്ക് ജ്ഞാനനിര്‍മിതിയിലെ ഹിംസ (Epistemic Violence) എന്നും വിളിക്കാം. സാമൂഹിക വിശകലനങ്ങള്‍ നടക്കുന്നതും ചരിത്രകൃതികള്‍ എഴുതപ്പെടുന്നതുമൊക്കെ അധഃസ്ഥിതരുടെ കാഴ്ചപ്പാടുകളെ ഹിംസാത്മകമായി നേരിടുന്ന ഇത്തരം അധീശത്വ വ്യവഹാരങ്ങള്‍ മുന്‍നിര്‍ത്തിയാണ്. അതുകൊണ്ടാണ് അമേരിക്കയിലെ തദ്ദേശനിവാസികളെ ക്രൂരമായി അടിച്ചമര്‍ത്തിയ ക്രിസ്റ്റഫര്‍ കൊളംബസ് എന്ന അടിമക്കച്ചവടക്കാരന്‍ 'അമേരിക്ക കണ്ടുപിടിച്ചവന്‍' ആയി മഹത്വവത്കരിക്കപ്പെടുന്നത്. ഇത്തരം അധീശത്വ കൊളോണിയല്‍ വ്യവഹാരങ്ങളെ അപനിര്‍മിക്കുകയും പുറന്തള്ളുകയും ചെയ്യേണ്ടതുണ്ട്.
ജോര്‍ജ് ഫ്‌ളോയ്ഡിന്റെ ക്രൂരമായ കൊലപാതകത്തിനു ശേഷം അധഃസ്ഥിത സമൂഹങ്ങളില്‍ ഇത്തരം തിരിച്ചറിവുകള്‍ ശക്തിപ്പെടുന്നുണ്ട് എന്നതിന്റെ തെളിവാണ്, അടിമക്കച്ചവടക്കാരുടെയും വംശീയവാദികളുടെയുമൊക്കെ പ്രതിമകള്‍ ജനം ഇളക്കി മാറ്റി കടലിലും പുഴയിലും തള്ളുന്നത്. ഈയടുത്താണ് അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂനിവേഴ്‌സിറ്റിയിലെ 'വുഡ്‌റോ വില്‍സന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ആന്റ് ഇന്റര്‍നാഷ്‌നല്‍ അഫയേഴ്‌സ്' എന്ന വകുപ്പിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റായ വുഡ്‌റോ വില്‍സന്‍ കടുത്ത വംശീയവാദിയായിരുന്നുവെന്നും അങ്ങനെയൊരാളുടെ പേര് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് അപമാനമാണെന്നും വിദ്യാര്‍ഥികള്‍ ശബ്ദമുയര്‍ത്തി. പേര് മാറ്റാമെന്ന് സ്ഥാപനാധികൃതകര്‍ സമ്മതിക്കുകയും ചെയ്തു.
വംശവെറിയുടെ ഇത്തരം ചില പ്രത്യക്ഷ ചിഹ്നങ്ങള്‍ പിഴുതെടുക്കാനും കടലിലെറിയാനും എളുപ്പമാണ്. പക്ഷേ, പാശ്ചാത്യ രാഷ്ട്രീയ ചിന്തയെയും സാമൂഹിക ശാസ്ത്രത്തെയുമൊക്കെ നിര്‍മിച്ചിരിക്കുന്ന വംശവെറിയന്മാരെയും പരമതവിദ്വേഷികളെയും എങ്ങനെ പിഴുതു മാറ്റും? ഒരൊറ്റ ഉദാഹരണം പറയാം. അലക്‌സിസ് ദ് ടോക്‌വീല്‍ (Toc queville) പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു ഫ്രഞ്ച് രാഷ്ര്ട്രീയക്കാരനും രാഷ്ട്രമീമാംസാ ചിന്തകനുമുണ്ട്. ലിബറലിസത്തിന്റെയും ജനാധിപത്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും വക്താവായി കണ്ട് അമേരിക്ക ഇപ്പോഴും പൂവിട്ടു പൂജിക്കുന്ന ഒരാള്‍. ഇദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ അമേരിക്കന്‍ രാഷ്ട്രമീമാംസാ ചിന്തയിലെ പ്രബല സാന്നിധ്യമാണ്. റസ്റ്ററന്റുകള്‍ക്ക് വരെ ടോക്‌വീലിന്റെ പേരിടാറുണ്ടായിരുന്നു. പക്ഷേ, ഇയാള്‍ വടക്കനാഫ്രിക്കയിലെ ഫ്രഞ്ച് കൊളോണിയലിസത്തെ പച്ചയായി ന്യായീകരിച്ചയാളാണ്. അള്‍ജീരിയക്കാരെ അടിച്ചൊതുക്കണമെന്നും അവരുടെ പ്രദേശങ്ങളില്‍ വെള്ളക്കാരെ കൊണ്ടുവന്ന് പാര്‍പ്പിക്കണമെന്നും ടോക്‌വീല്‍ വാദിച്ചു. 'പരിഷ്‌കൃതരല്ലാത്ത' ആഫ്രിക്കരോട് ഇങ്ങനെ പെരുമാറുന്നതില്‍ യാതൊരു കുറ്റവും അയാള്‍ കാണുന്നില്ല. കടുത്ത ഇസ്‌ലാമോഫോബിക്കുമായിരുന്നു ടോക് വീല്‍. 'മനുഷ്യരാശിക്ക് ഇത്രത്തോളം മാരകമായ വേറെ മതങ്ങളില്ല' എന്നായിരുന്നു ഇസ്‌ലാമിനെക്കുറിച്ച ഇയാളുടെ അഭിപ്രായം. അമേരിക്കയിലെ ആദിമ വര്‍ഗങ്ങളെ വെള്ള കുടിയേറ്റക്കാര്‍ ഉന്മൂലനം ചെയ്തതിനെയൊക്കെ ന്യായീകരിക്കാന്‍ മാത്രം വെള്ള വംശീയത തലക്കു പിടിച്ച ഒരാള്‍. വെള്ള കുടിയേറ്റക്കാര്‍ എന്താണോ അമേരിക്കയിലെ റെഡ് ഇന്ത്യന്‍ വംശജരോട് ചെയ്തത്, അതുതന്നെയാണ് ഉത്തരാഫ്രിക്കയിലെ ഫ്രഞ്ച് കൊളോണിയല്‍ ഭരണം അവിടത്തെ അറബി-അമാസിഗ വിഭാഗങ്ങളോടും ചെയ്യേണ്ടത് എന്ന ഉപദേശവും ഇയാള്‍ നല്‍കി. വടക്കനാഫ്രിക്കയിലെ ഫ്രഞ്ചുകാര്‍ക്ക് ഒരു നീതിന്യായ വ്യവസ്ഥയും കോളനിവത്കരിക്കപ്പെട്ട അറബികള്‍ക്കും അമാസിഗകള്‍ക്കും മറ്റൊരു നീതിന്യായ വ്യവസ്ഥയുമാണ് വേണ്ടതെന്നും വാദിച്ചു.
ഇത്തരം കടുത്ത വംശവെറിയന്‍ സിദ്ധാന്തങ്ങളും പരമതവിദ്വേഷവും കട്ടപിടിച്ചുകിടക്കുകയാണ് ഏറെ പാടിപ്പുകഴ്ത്തപ്പെടാറുള്ള പാശ്ചാത്യ രാഷ്ട്രമീമാംസയിലും സാമൂഹിക ചിന്തകളിലും. നീതിക്കു വേണ്ടിയുള്ള ബൗദ്ധിക പോരാട്ടങ്ങളില്‍ ഏറെ സുപ്രധാനമാണ് ഈ ജ്ഞാന മാതൃകകളെ അപനിര്‍മിക്കുകയും പൊളിച്ചെഴുതുകയും ചെയ്യുക എന്നത്. അതിനുള്ള തുടക്കം കുറിക്കപ്പെട്ടുകഴിഞ്ഞു. ഇത്തരം തിരിച്ചറിവുകള്‍ നേടി ഗവേഷകര്‍ രംഗത്ത് വരുന്ന പക്ഷം വിചാരമാതൃകകളില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ തന്നെ അവര്‍ക്ക് കഴിയും.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (11-13)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്‌നേഹപൂര്‍വം ചേര്‍ത്തു പിടിക്കുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി