Prabodhanm Weekly

Pages

Search

2020 ജൂലൈ 10

3159

1441 ദുല്‍ഖഅദ് 18

കഥകളില്‍നിന്ന് കണ്ടെടുക്കുന്ന ചരിത്രം

ഡോ. ജമീല്‍ അഹ്മദ്

എല്ലാ ചരിത്രവും കഥകളാണ്, എല്ലാ കഥകളും ചരിത്രവും. ചരിത്രം വസ്തുതകള്‍ നിരത്താനുള്ള ശ്രമമാണെങ്കില്‍ വസ്തുതകളുടെ സൗന്ദര്യാത്മകമായ കാവ്യാവിഷ്‌കാരമാണ് കഥകള്‍. ചിലപ്പോഴെങ്കിലും അത് ചരിത്രാഖ്യാനങ്ങളേക്കാള്‍ ശക്തവും വികാരവത്തുമായി യാഥാര്‍ഥ്യത്തെ വെളിപ്പെടുത്തും. സലീം കുരിക്കളകത്തിന്റെ ആദ്യ കഥാസമാഹാരമായ 'മെസപ്പെട്ടോമിയ' ചരിത്രത്തില്‍നിന്ന് കഥകളെയും കഥകളില്‍നിന്ന് ചരിത്രത്തയും കണ്ടെടുക്കുന്നു.
ഈ കഥാകൃത്തിന്റെ കഥകളുടെ പ്രധാന ശക്തി ചരിത്രത്തോട് പുലര്‍ത്തുന്ന സത്യസന്ധമായ അടുപ്പമാണ്. 'ഒലീവ്കായ' എന്ന കഥ നേരിട്ട് ഒരു ചരിത്രസംഭവം പകര്‍ത്തിവെക്കാനുള്ള പാടവം പ്രദര്‍ശിപ്പിക്കുന്നു. ഏറക്കുറെ അനാവരണം ചെയ്യപ്പെട്ട ഒരു ചരിത്രവസ്തുതയെ കഥയുടെ ഉപകരണങ്ങള്‍ വെച്ച് പുനരവതരിപ്പിക്കുന്ന അസാമാന്യമായ കൈയടക്കം കഥാകൃത്ത് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഉത്തരാഫ്രിക്കയിലെ ലിബിയയെ നാലു പതിറ്റാണ്ട് അടക്കിഭരിച്ച കേണല്‍ മുഅമ്മര്‍ ഗദ്ദാഫി ജന്മനാടായ സിര്‍ത്തില്‍ വെച്ച് പിടികൂടപ്പെടുന്ന സംഭവത്തിലേക്ക് സമകാലികമായ അവസ്ഥകളെ കേന്ദ്രീകരിപ്പിക്കുന്ന കലാതന്ത്രം ഈ കഥ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
സമകാലിക ചരിത്രത്തില്‍ ചോരകൊണ്ട് വരച്ചിട്ട മറ്റൊരു രാജ്യമാണ് ഇറാഖ്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശമെന്ന് ഓമനപ്പേരിട്ട വംശീയയുദ്ധത്തിനിടയില്‍ ബസ്വറയിലെ സെന്‍ട്രല്‍ ലൈബ്രറിയെ സംരക്ഷിച്ച സൈനബ് എന്ന സ്ത്രീയുടെ കഥയാണ് 'മെസപ്പൊട്ടേമിയ.' ലോകത്ത് എഴുത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഇറാഖിലെ ബാബിലോണിയയിലാണ്, വായനയുടെയും. ആയിരത്തൊന്ന് കഥകളുടെ ഭൂമികയാണത്. മെസപ്പൊട്ടേമിയന്‍ സംസ്‌കാരത്തിന്റെ സൂചനകള്‍ കഥയുടെ ആരംഭത്തില്‍ വിശദമായി കുറിക്കുന്നത് ഒരു ആഖ്യാനതന്ത്രമാണ്. ചരിത്രത്തെ കഥയുമായി ബന്ധിപ്പിക്കുന്നത് ഇത്തരം കൊളുത്തുകളാണല്ലോ. അതോടൊപ്പം അമേരിക്കന്‍ പട്ടാളതന്ത്രങ്ങളുടെ ആഖ്യാനവും ഈ കഥയില്‍ വിശദപ്പെടുന്നു. മഹത്തായ സംസ്‌കാരങ്ങളെ നശിപ്പിക്കുക എന്നത് യുദ്ധതന്ത്രമായി കരുതുന്ന സാമ്രാജ്യത്വ ശക്തി സെന്‍ട്രല്‍ ലൈബ്രറി പോലുള്ള ഒരു സാംസ്‌കാരിക കേന്ദ്രം ബോംബിട്ടു തകര്‍ക്കുക സ്വാഭാവികമാണല്ലോ.
'സെയ്തുമുഹമ്മദ് സ്മാരക ഗ്രന്ഥശാല' എന്ന മറ്റൊരു ലൈബ്രറിക്കഥകൂടി ഈ സമാഹാരത്തിലുണ്ട്. അമേരിക്കക്ക് മുസ്ലിം രാജ്യങ്ങളോടുള്ള അതേ പേടി കേരളത്തിലെ പൊതുസമൂഹത്തിന് മുസ്‌ലിംകളോടുമുണ്ട് എന്ന് ഈ കഥയുടെ ഉള്ളറയില്‍നിന്ന് വായിച്ചെടുക്കാനാകും. കഥാപുസ്തകം വായിച്ച വിദ്യാര്‍ഥിയെ പൊതിരെ തല്ലുന്ന ഉസ്താദുമാരും അത് ചോദ്യം ചെയ്യുന്നവര്‍ക്കുനേരെ മഹല്ലുവിലക്ക് വിധിക്കുന്ന മുതവല്ലിമാരും മയ്യിത്തിനെച്ചൊല്ലി കലാപംവരെ ഉണ്ടാക്കാന്‍ കഴിയുന്ന യുവാക്കളുമാണ് അവരില്‍ നിറയെ എന്നതാണ് ആ പേടി. ഈ ഇസ്‌ലാംപേടിയുടെ നേരെ എതിരാണ് അങ്ങാടി ജംഗ്ഷന്‍ എന്ന കഥ. മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക ജിവിതത്തിന്റെ വൈവിധ്യങ്ങളെയും വൈചിത്ര്യങ്ങളെയും രേഖപ്പെടുത്തിയ, മലയാളത്തിലെ ഒട്ടനവധി കഥാകാരന്മാരുടെ യുവപ്രതിനിധിയാണ് താന്‍ എന്ന് ഈ കഥകളിലൂടെ സലീം കുരിക്കളകത്ത് തെളിയിക്കുന്നു.
നേരത്തേ സൂചിപ്പിച്ച ഇസ്‌ലാം പേടിയെപ്പോലെ ഫെമിനിസ്റ്റ് പേടിയുടെ ഒരാവിഷ്‌കാരമാണ് 'മീ ടൂ' എന്ന കഥ.
ഇന്നത്തെ ഇന്ത്യ ഏത് അടിയന്തരാവസ്ഥയെയാണോ അഭിമുഖീകരിക്കുന്നത് അതേ രാഷ്ട്രീയ ദുരന്തത്തെ 'ചൂട്ടുവെളിച്ചം' എന്ന കഥ അസുഖകരമായി ഓര്‍മിപ്പിക്കുന്നുണ്ട്. 'അഖ്ലാഖിന്റെ മുഖം' എന്ന കഥയാകട്ടെ ഉത്തരേന്ത്യയിലെ കുപ്രസിദ്ധമായ ഗോസംരക്ഷണ സേനകളുടെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടതാണ്. ഏറ്റവും സമകാലികമായ ഇന്ത്യാചരിത്രത്തെ എഴുതിയ കഥയാണ് ഇത്. ചരിത്രരചനകളുടെ പൊതുരീതിയെ ഓര്‍മിപ്പിക്കുംവിധം വര്‍ഷക്കണക്കാണ് ഈ കഥയിലെ ഇരട്ടഖണ്ഡങ്ങള്‍ക്ക് നല്‍കിയ പേര് എന്നത് ശ്രദ്ധേയമാണ്. ഒരു മനുഷ്യന്‍ ഡോക്ടറുടെ മേശപ്പുറത്തേക്ക് സ്വന്തം വൃക്ക വിലപേശാനായി എടുത്തുവെക്കുകയാണ് 'ബി പോസിറ്റീവ്' എന്ന കഥയില്‍. എന്തും പ്രദര്‍ശിപ്പിച്ച് കച്ചവടമാക്കാവുന്ന സമകാലിക ലോകത്തിന്റെ അത്ര പോസിറ്റീവല്ലാത്ത ദുരന്തം ഈ കഥ വരച്ചിടുന്നു. പുതിയ കാലത്തിന്റെ ഈ വിഹ്വലതകളെ എഴുതിവെക്കാനുള്ള ശ്രമമാണ് 'നഗരച്ചൂട്' എന്ന കഥയും. മീര എന്ന പെണ്‍കുട്ടിയുടെ തിരോധാനമാണ് കഥാതന്തു. അങ്ങനെ സലീം കുരിക്കളകത്തിന്റെ ഈ കഥകള്‍ സമകാലിക ജീവിതത്തിന്റെയും ചരിത്രരചനയായി മാറുന്നു.
'ചൂട്ടുവെളിച്ചം' എന്ന കഥയിലെ പ്രധാന കഥാപാത്രം ആദുവിന് വല്യുമ്മ പറഞ്ഞുകൊടുക്കുന്നത് 'ഖസ്വസ്വുല്‍ അമ്പിയാ'യിലെ കഥകളാണ്. പ്രവാചകന്മാരുടെ ചരിത്രമാണല്ലോ അത്. 'കടല്‍മുറ്റം' എന്ന കഥയിലെ മരക്കാര്‍ തന്റെ മകളായ ഷംനക്കും പോയകാലത്തിന്റെ മഹദ്ചരിതം ആഖ്യാനം ചെയ്യുന്ന ഖിസ്സകള്‍ പകര്‍ന്നുകൊടുക്കുന്നുണ്ട്. 'മെസപ്പൊട്ടേമിയ' എന്ന കഥയില്‍ ബസ്വറയിലെ ചന്തയുടെ ചരിത്രവും മുത്തശ്ശി (ജദ്ദ) വിവരിക്കുന്നത് കാല്‍പനിക ഭംഗി ചാലിച്ച കഥയിലൂടെയാണ്. ചരിത്രത്തിന് ഖുര്‍ആന്‍ പ്രയോഗിച്ച പദവും 'അഹ്‌സനുല്‍ ഖസ്വസ്വ്' (മാതൃകയേറിയ കഥകള്‍) എന്നാണല്ലോ. കഥയും ചരിത്രവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ദാര്‍ശനിക ബലം ഈ ഖുര്‍ആനിക പ്രയോഗം വെളിപ്പെടുത്തുന്നു. ചരിത്രത്തില്‍നിന്ന് വേര്‍പ്പെടുത്താവുന്നതല്ല ഒരു കഥയും. കഥയില്‍നിന്ന് വേര്‍പ്പെടുത്താവതല്ല ഒരു ചരിത്രവും.
മലയാള സാഹിത്യത്തിന്റെ ആധുനികാനന്തര കഥാചരിത്രത്തില്‍ ഒരടയാളം വെക്കുകയാണ് ഈ സമാഹാരം. പൂര്‍ണ പബ്ലിഷേഴ്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ അവതാരിക കൃതിയുടെ ഗരിമ വര്‍ധിപ്പിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (9-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

താഴോട്ടു നോക്കൂ, സമാധാനമുണ്ടാകും
അബ്ദുര്‍റഹ്മാന്‍ ചെറുവാടി