Prabodhanm Weekly

Pages

Search

2020 ജൂലൈ 10

3159

1441 ദുല്‍ഖഅദ് 18

ധാര്‍മികതയെ നിരാകരിക്കുമ്പോള്‍ നാസ്തികത നശിപ്പിക്കുന്നത്

അബ്ദുല്‍ അസീസ് പൊന്മുണ്ട

മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിന് വൈയക്തികവും സാമൂഹികവുമായ നിയമങ്ങളെപ്പോലെത്തന്നെ ഒരു സദാചാര വ്യവസ്ഥയും അനിവാര്യമാണ്. അവന്റെ വിശേഷബുദ്ധിയുടെ തേട്ടമാണത്. ഇതര സൃഷ്ടിജാലങ്ങളില്‍നിന്ന് അവനെ വേര്‍തിരിക്കുന്ന സുപ്രധാനമായൊരു ഘടകവും അതുതന്നെ. എന്നാല്‍, മനുഷ്യര്‍ അവരുടെ ജീവിതത്തില്‍ കാത്തുസൂക്ഷിക്കേണ്ട വിശിഷ്ട മൂല്യങ്ങളും ധാര്‍മികതയും സദാചാരവും എന്തൊക്കെയാണെന്ന് എങ്ങനെ  നിര്‍ണയിക്കും? ഏത്  വിഷയത്തിലാണെങ്കിലും ശരി-തെറ്റുകള്‍ നിശ്ചയിക്കാനുള്ള മാനദണ്ഡമെന്താണ്? ആര്‍ക്കാണതിന് അധികാരമുള്ളത്? എന്തിന് നന്മ ചെയ്യണം, തിന്മ ചെയ്യാതിരിക്കണം? കൃത്യവും വ്യക്തവുമായൊരു ഉത്തരമില്ലാത്തതിനാല്‍ നാസ്തികര്‍ പരസ്പരവിരുദ്ധമായ വിശദീകരണങ്ങള്‍ നല്‍കാറുള്ള  ചോദ്യങ്ങളാണിവ. അത്തരം വിശദീകരണങ്ങളിലൊന്ന് ഇങ്ങനെ വായിക്കാം:
''മനുഷ്യന്റെ ധാര്‍മികതയും മൂല്യബോധവും ലൈംഗിക വികാരം പോലെ സഹജമായി ഉണ്ടായതാണ് എന്നാണ് നാം മനസ്സിലാക്കുന്നത്... മതവിശ്വാസമില്ലെങ്കില്‍ ധാര്‍മികബോധം നഷ്ടമാകുമെന്ന അവസ്ഥ വിശ്വാസി സ്വയം സൃഷ്ടിക്കുന്ന വിനയാണ്. മതം ധാര്‍മികത കൊണ്ടുവരുമെന്ന വാദം 'സംവാദ സംഹാരി' (Debate Stopper) ആണെന്നാണ് മൈക്കല്‍ ഷെര്‍മര്‍ പ്രഖ്യാപിക്കുന്നത്. തന്നെ സംബന്ധിച്ചേടത്തോളം ധര്‍മിഷ്ഠനും മര്യാദക്കാരനുമാകാന്‍ ദൈവം എന്ന 'പോലീസ്' ആവശ്യമില്ലെന്ന് ഡോക്കിന്‍സ് പറയുന്നു. ആരുടെ കാര്യത്തിലായാലും അത്തരമൊരാവശ്യമില്ല'' (സി. രവിചന്ദ്രന്‍ -നാസ്തികനായ ദൈവം, പേജ്: 178, 183).
എല്ലാ മനുഷ്യരിലും നൈസര്‍ഗികമായിത്തന്നെ ധര്‍മത്തിന്റെയും അധര്‍മത്തിന്റെയും വാസനകളും പ്രവണതകളുമുണ്ട്. അവന്റെ  സൃഷ്ടിപ്പ് യാദൃഛികമോ പിതൃശൂന്യമോ അല്ല എന്നപോലെത്തന്നെ ഇതും വെറുതെ ഉണ്ടായതല്ല, അവന്റെ അന്തരാളത്തില്‍ ദൈവം നിക്ഷേപിച്ച സംഗതിയാണത്. സ്വഭാവചര്യകളില്‍ ചിലത് നല്ലതാണ്, ചിലത് ചീത്തയാണ്, സല്‍സ്വഭാവങ്ങളും ദുഃസ്വഭാവങ്ങളും ധര്‍മങ്ങളും അധര്‍മങ്ങളും ഒരുപോലെയല്ല, ദുര്‍വൃത്തികള്‍ നികൃഷ്ടമാകുന്നു, സദ്‌വൃത്തികള്‍ ഉത്കൃഷ്ടമാകുന്നു എന്നിങ്ങനെയുള്ള സങ്കല്‍പങ്ങള്‍ ഒരു മനുഷ്യനും അന്യമല്ല. എന്നല്ല, അവന്റെ പ്രകൃതിക്ക് തികച്ചും പരിചിതമാണത്. നന്മ-തിന്മാ വിവേചനം സ്രഷ്ടാവ് അവന്നരുളിയിട്ടുള്ള ജന്മവാസനയാണ്. സല്‍ക്കര്‍മങ്ങളില്‍ ആനന്ദിക്കുകയും തെറ്റുകുറ്റങ്ങളില്‍ വേദനിക്കുകയും ചെയ്യുന്ന നൈസര്‍ഗികമായ ഈ ബോധത്തെ, അദൃശ്യമായ ഈ പ്രതിഭാസത്തെയാണ് മനസ്സാക്ഷി എന്ന് വിളിക്കുന്നത്.
അപ്രമാദിത്വം അവകാശപ്പെടാവുന്ന ഒരു നൈസര്‍ഗിക സിദ്ധിയല്ലെങ്കിലും, തെറ്റായ ചുറ്റുപാടിനാല്‍ സ്വാധീനിക്കപ്പെടാത്ത, സംസ്‌കൃതനും സത്യസന്ധനുമായ വ്യക്തിയുടെ മനസ്സാക്ഷി നന്മ-തിന്മകളെയും പുണ്യ-പാപങ്ങളെയും വേര്‍തിരിച്ചറിയാനുള്ള ഉരക്കല്ലുകളില്‍ ഒന്നാണെന്നു പറയാം.
അത്തരം മനസ്സാക്ഷി ശരീരത്തില്‍ എല്ലായ്‌പ്പോഴും പ്രവര്‍ത്തന നിരതമായിരിക്കും. തിന്മകളുടെ പേരില്‍ അത് മനസ്സിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. അധര്‍മം  ചെയ്യാനുള്ള മാനസിക പ്രേരണകളെ മുളയിലേ നുള്ളിക്കളയാന്‍ ശ്രമിക്കും. തിന്മകളെ കുറിച്ച് അത് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കും. സദാചാര ബോധത്തിന്റെയും ധര്‍മനിഷ്ഠയുടെയും നെടുംതൂണായി വിലയിരുത്തപ്പെടുന്ന ഈ മനസ്സാക്ഷിയെയാണ് ആക്ഷേപിക്കുന്ന ആത്മാവെന്നും ശുദ്ധപ്രകൃതിയെന്നും ഖുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടുള്ളത്. ഇസ്ലാം  അതിനെ ഏറെ മാനിക്കുന്നു.
മനുഷ്യന്റെ അകത്ത് ജനിതകമായിത്തന്നെയുള്ള മനസ്സാക്ഷി പ്രകൃത്യാ അപ്രമാദിത്വമുള്ളതും ബാഹ്യ സ്വാധീനങ്ങള്‍ക്ക് വിധേയമല്ലാത്തതുമായ ഒരു നൈസര്‍ഗിക സിദ്ധിയാണെന്ന തെറ്റായ ധാരണയാണ് അതിന്റെ ഔന്നത്യത്തില്‍ വിശ്വസിക്കാനും അതിനെ ധാര്‍മികതയുടെ ഏക മാനദണ്ഡമാക്കാനും നാസ്തികരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ തദ്‌സംബന്ധമായ പഠനങ്ങള്‍ തെളിയിക്കുന്നത്, മനസ്സാക്ഷി  നൈസര്‍ഗിക സിദ്ധിയാണെങ്കിലും അതിന് അപ്രമാദിത്വം കല്‍പിക്കാനാവില്ല എന്നാണ്. അതിന് ലഭിക്കുന്ന ശിക്ഷണപരവും മറ്റുമായ പോഷണത്തിനനുസരിച്ച് അത് വ്യത്യസ്ത നിറങ്ങള്‍ സ്വീകരിക്കും. ഒരേ വ്യക്തിയില്‍ തന്നെ അത് പ്രായം, ജീവിത ചുറ്റുപാടുകള്‍, ബുദ്ധിവികാസത്തിനുതകുന്ന ഗ്രന്ഥങ്ങള്‍, ആത്മീയ സംസ്‌കരണം, മാറിമാറിവരുന്ന സുഹൃത്തുക്കള്‍ തുടങ്ങിയവ ചെലുത്തുന്ന സ്വാധീനത്തിന്റെ തോതനുസരിച്ച് ഭിന്ന ഭാവങ്ങള്‍ പ്രകടിപ്പിക്കും. മനസ്സാക്ഷി ചഞ്ചലവും അസ്ഥിരവുമാണ് എന്നാണിത് തെളിയിക്കുന്നത്.
അതിനാല്‍ തന്നെ സാര്‍വകാലികമായ ഒരു വഴികാട്ടിയുടെ പിന്തുണയില്ലാതെ മനസ്സാക്ഷി ഉള്‍പ്പെടെ മനുഷ്യന്റെ അകത്തുള്ള ഒന്നിനെയും ധാര്‍മികതയുടെ ഏക മാനദണ്ഡമാക്കാന്‍ പറ്റില്ല. ധര്‍മാധര്‍മ വിഷയത്തില്‍ ബുദ്ധിക്ക് വിധികല്‍പിക്കാനാവാത്ത സംഗതികളുമുണ്ടാകും. അവയില്‍ ദൈവിക മാര്‍ഗദര്‍ശനത്തെ അവലംബിക്കുക എന്നതല്ലാതെ മറ്റൊരു മാനദണ്ഡം നിശ്ചയിക്കുക സാധ്യമല്ല. ധാര്‍മിക-സദാചാര വിഷയങ്ങളില്‍ ഇസ്ലാം മുന്നോട്ടുവെക്കുന്ന രീതിയും അതുതന്നെ. ലൈംഗിക വികാരം പോലെ സഹജമായി ഉണ്ടായതാണ് മനുഷ്യന്റെ ധാര്‍മികതയും മൂല്യബോധവും എന്ന് തീര്‍പ്പ് കല്‍പിക്കുന്ന ഒരു വിഭാഗം നാസ്തികരും ഇസ്ലാമും തമ്മില്‍ ഇടയുന്നതവിടെയാണ്. 'ലൈംഗിക വികാരം പോലെ സഹജമായി ഉണ്ടായതാണ് മനുഷ്യന്റെ ധാര്‍മികതയും മൂല്യബോധവും' എന്ന നാസ്തിക വാദം സ്വയം തന്നെ, അതിനെ നിയന്ത്രിക്കാന്‍ മറ്റൊരു മേല്‍നോട്ടക്കാരനെ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയൊരു നിയന്ത്രകന്‍ ഇല്ലായെങ്കില്‍, ലൈംഗിക വികാരം ശമിപ്പിക്കാനെന്നപോലെ, ധാര്‍മികതയെയും മൂല്യബോധത്തെയും വ്യാഖ്യാനിക്കാനും മനുഷ്യന്‍ തെറ്റായ മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്തേക്കും. നാസ്തികരില്‍ കണ്ടുവരുന്നതും അതുതന്നെ.
മനസ്സാക്ഷിക്കുമേല്‍ മതത്തിന്റെ മേല്‍നോട്ടമുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇബ്‌നുസീന പറയുന്നത് കാണുക: 'മതവും മനസ്സാക്ഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുകൂടി ചിലത് പറയട്ടെ: മനസ്സിന്റെ മേല്‍നോട്ടം വഹിക്കുകയും അതിനെ നിയന്ത്രിക്കുകയും അതിന് മാര്‍ഗദര്‍ശനം നല്‍കുകയുമാണ് മതത്തിന്റെ ചുമതല. ആജീവനാന്തം നിലനില്‍ക്കുന്ന ഒരു ദൗത്യമാണത്. ജീവിതത്തിന്റെ ഒരിടവേളയില്‍ ഈ മേല്‍നോട്ടവും നിയന്ത്രണവും ഇല്ലാതാകുന്നപക്ഷം അത് സന്തുലിതത്വം നഷ്ടപ്പെട്ട് ചഞ്ചലവും അസ്ഥിരവും ആയിത്തീരും. കാരണം, അതിന് എപ്പോഴും ഒരു നായകനും ശിക്ഷകനും വേണം. മതത്തിനല്ലാതെ ആ സ്ഥാനം ഏറ്റെടുക്കാനാവില്ല' (ഉദ്ധരണം: 'അല്‍ഈമാനു വല്‍ഹയാത്ത്' -ഡോ. യൂസുഫുല്‍ ഖറദാവി).
ഇനി, 'മതവിശ്വാസമില്ലെങ്കില്‍ ധാര്‍മികബോധം നഷ്ടമാകുമെന്ന അവസ്ഥ വിശ്വാസി സ്വയം സൃഷ്ടിച്ച വിനയാണ്, മതം ധാര്‍മികത കൊണ്ടുവരുമെന്ന വാദം സംവാദ സംഹാരിയാണ്, ധര്‍മിഷ്ഠനും മര്യാദക്കാരനുമാകാന്‍ ദൈവം എന്ന 'പോലീസ്' ആവശ്യമില്ല' എന്നിങ്ങനെയുള്ള രവിചന്ദ്രന്റെ അവകാശവാദങ്ങളുടെ യാഥാര്‍ഥ്യമെന്താണെന്ന് പരിശോധിക്കാം. വസ്തുതാപരമായി നിലനില്‍പില്ലാത്തതും, ലോകപ്രശസ്തരായ ചിന്തകരും സാമൂഹിക ശാസ്ത്രജ്ഞരും എന്തിനേറെ, നാസ്തികര്‍ തന്നെയും പറഞ്ഞുവെച്ച കാര്യങ്ങള്‍ക്ക് കടകവിരുദ്ധവുമായ അവകാശവാദം മാത്രമാണിത്. അനുഭവങ്ങളും അതാണ് നമ്മോട് പറയുന്നത്. ഒന്നിലധികം നാസ്തികരെ ഉദ്ധരിച്ചുകൊണ്ട്  ഡോ. യൂസുഫുല്‍ ഖറദാവി എഴുതുന്നു:
''നാസ്തികരിലും മതനിഷേധികളിലും സദാചാരബോധവും നീതിനിഷ്ഠയുമുള്ള നല്ല മനുഷ്യരുണ്ടല്ലോ -ഇങ്ങനെയൊരു സംശയം ഉന്നയിക്കപ്പെടാം. ചിന്തകനായ ടോഡ് അതിനു നല്‍കിയ മറുപടി, അവര്‍ വളര്‍ത്തപ്പെട്ട മതപശ്ചാത്തലത്തിന്റെ സ്വാധീനമാണ് അത് എന്നത്രെ. കാര്‍ലൈല്‍ അതിനെ 'ക്രൈസ്തവതയുടെ അനുബന്ധ പ്രകാശം' എന്നു വിളിക്കുന്നു. റെനാന്റെ വിഖ്യാതമായ പ്രസ്താവന കുറിക്കുന്നതും അതുതന്നെ. അദ്ദേഹം എഴുതി: 'നാം ജീവിക്കുന്നത് (മതത്തിന്റെ -ലേ.) തണലിന്റെ തണലിലാണ്. നമുക്കുശേഷം ഏത് തണലിലാണ് മനുഷ്യര്‍ ജീവിക്കുക?' മതവിശ്വാസത്തിന്റെ അവസാനത്തെ നാളംകൂടി കെട്ടടങ്ങിക്കഴിഞ്ഞാല്‍ കൊലപാതകത്തിനും മോഷണത്തിനുമുള്ള അന്തഃപ്രേരണകളെയും വൈകാരിക തള്ളിച്ചകളെയും എങ്ങനെയാണ് മനുഷ്യന്‍ നിയന്ത്രിക്കുക? ദൈവത്തെ കൈവിട്ടതോടെ മനുഷ്യന്‍ എങ്ങനെ പിശാചുക്കളുടെ പിടിയിലമര്‍ന്നു എന്ന് വിശ്വപ്രശസ്ത നോവലിസ്റ്റുകളിലൊരാളായ ദസ്‌തോവ്‌സ്‌കി വിവരിച്ചിട്ടുണ്ട്.
ഇത് മതവിശ്വാസികളുടെ മാത്രം അഭിപ്രായമല്ല. മതനിഷേധികളും അത് സമ്മതിക്കുന്നു. മതം അന്ധവിശ്വാസമായതോടൊപ്പം തന്നെ അതില്ലാതെ ജീവിതത്തിന് നിലനില്‍പില്ല എന്നാണ് ഒരു വിഭാഗം നാസ്തികരുടെ അഭിപ്രായം. മതമാകുന്ന അന്ധവിശ്വാസമില്ലാതെ സദാചാര ബോധം സാധ്യമല്ല എന്നും അവര്‍ക്കഭിപ്രായമുണ്ട്. 'ദൈവമില്ലെങ്കില്‍ നാമൊരു ദൈവത്തെ കണ്ടുപിടിച്ചേ തീരൂ' എന്ന് ഒരു ചിന്തകന്‍ പറയുകയുണ്ടായി. ദൈവവിശ്വാസം മനുഷ്യമനസ്സിലും ജീവിതത്തിലും ചെലുത്തുന്ന സ്വാധീനം കണ്ടറിഞ്ഞതാണ് ഇപ്രകാരം പറയാന്‍ ആ ചിന്തകനെ പ്രേരിപ്പിച്ചത്.
വിഖ്യാത ഫ്രഞ്ച് സാഹിത്യകാരനായ വോള്‍ട്ടയര്‍ പറയുകയുണ്ടായി: 'നിങ്ങളെന്തിന് ദൈവത്തിന്റെ അസ്തിത്വത്തില്‍ സംശയിക്കുന്നു? അവനില്ലായിരുന്നെങ്കില്‍ ഭാര്യ എന്നെ വഞ്ചിക്കുകയും ഭൃത്യന്‍ എന്റെ മുതല്‍ മോഷ്ടിക്കുകയും ചെയ്‌തേനെ!' മറ്റൊരു നാസ്തികന്റെ പ്രതികരണം ഇങ്ങനെയാണ്: 'ഞാന്‍ നരകത്തില്‍ വിശ്വസിക്കുന്നില്ല, പക്ഷേ, നരകത്തെക്കുറിച്ച ചിന്ത ജനങ്ങളില്‍ ഏറെപ്പേരെയും കൂറ്റകൃത്യങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തിയിട്ടുണ്ട്. നരകമെന്നൊന്നില്ല എന്ന് ഉറപ്പായും കരുതുന്ന ഒരു യുവാവ് ഒന്നും വകവെക്കുകയില്ല. അംശത്തെ സാകല്യത്തിനും വര്‍ത്തമാനത്തെ ഭാവിക്കും അഭിമുഖമായി നിര്‍ത്തുകയാണ് സദാചാരബോധത്തിന്റെ ദൗത്യം.'
യഥാര്‍ഥത്തില്‍ മതം ലക്ഷ്യംവെക്കുന്നതും ഇതാണ്. ഹോഫ്‌ദേജ് പറഞ്ഞതുപോലെ, 'മതം വാഗ്ദാനം ചെയ്യുന്ന പ്രതിഫലങ്ങളുടെ അഭാവത്തില്‍ സദാചാരം വെറുമൊരു മിഥ്യയായി മാറും. ഉത്തരവാദിത്തബോധം ഓടിയൊളിക്കുകയും, യുവാക്കള്‍ അവരുടെ സര്‍വ കഴിവുകളും അറിവുകളും സാരോപദേശങ്ങള്‍ക്കെതിരെ പുറംതിരിഞ്ഞുനില്‍ക്കാനുള്ള തന്ത്രങ്ങള്‍ കണ്ടെത്താന്‍ വിനിയോഗിക്കുകയും ചെയ്യും.' സദാചാരത്തിലും സ്വഭാവമേന്മയിലും മതം വഹിക്കുന്ന പങ്ക് സംബന്ധിച്ച് നാസ്തികര്‍ നല്‍കുന്ന സാക്ഷ്യപത്രങ്ങളാണിവ'' (അല്‍ഈമാനു വല്‍ ഹയാത്ത്, പേജ് 248, 249).
മറ്റൊരിടത്ത്  ഖറദാവി എഴുതി: ''മതം ധര്‍മനിഷ്ഠ ജീവിതത്തിന് ആഹ്വാനം ചെയ്യുക മാത്രമല്ല, അതിന്റെ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും പരിധികള്‍ നിര്‍ണയിക്കുകയും പൊതുമാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും പെരുമാറ്റ ചട്ടങ്ങളുടെ വിശദാംശങ്ങളില്‍ മാതൃകകള്‍ നിരത്തുകയും കൂടി ചെയ്യുന്നു. അവ കണിശമായി പാലിക്കാനുള്ള പ്രേരണ നല്‍കുന്നതോടൊപ്പം മാര്‍ഗഭ്രംശത്തിനെതിരെ മുന്നറിയിപ്പും നല്‍കുന്നു. പാലിച്ചവര്‍ക്ക് രക്ഷയും ലംഘിച്ചവര്‍ക്ക് ശിക്ഷയും നല്‍കുന്നു. 'മതമുക്തമായ സദാചാരം അര്‍ഥശൂന്യമാണ്' -ഒരു ജര്‍മന്‍ തത്ത്വചിന്തകന്‍ പ്രസ്താവിച്ചു.
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി പറയുകയുണ്ടായി: 'മതവും സദാചാരവും അവിഭാജ്യമായ ഏകതയാണ്. അവ തമ്മില്‍ ഭേദം കല്‍പിക്കാനാവില്ല. സദാചാരത്തിന്റെ ആത്മാവാണ് മതം. സദാചാരമാകട്ടെ, ആത്മാവിന് അന്തരീക്ഷം പോലെയും! മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മതം സദാചാരത്തെ വെള്ളവും ആഹാരവും നല്‍കി വളര്‍ത്തുന്നു; വെള്ളം വിളകളെയെന്നപോലെ.'
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടിലെ ഒരു ജഡ്ജി -കുപ്രസിദ്ധമായ പ്രൊഫ്യൂമോ സംഭവത്തില്‍ വിധി പ്രസ്താവിച്ച ജഡ്ജി- ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ലണ്ടനിലെ തന്റെ ലളിതമായ ഫ്‌ളാറ്റില്‍ മൂന്നുമാസക്കാലം ചടഞ്ഞിരുന്ന് അദ്ദേഹം കേസ് പഠിച്ചു. കേസന്വേഷണവേളയില്‍ 180 ഓളം സ്ത്രീ-പുരുഷന്മാരെയും പത്രപ്രവര്‍ത്തകരെയും പാര്‍ലമെന്റ് അംഗങ്ങളെയും അദ്ദേഹം വിചാരണ ചെയ്തിരുന്നു. ഏഴുലക്ഷത്തി അമ്പതിനായിരം പദങ്ങളുള്ള വിധിന്യായത്തിന്റെ അവസാനഭാഗത്ത് വെട്ടിത്തിളങ്ങുന്ന അക്ഷരങ്ങളില്‍ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തി: മതത്തെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് സദാചാരം ഉണ്ടാവുകയില്ല. സദാചാരമില്ലാതെ നിയമവ്യവസ്ഥ നിലനിര്‍ത്താനും കഴിയില്ല'' (അല്‍ഈമാനു വല്‍ ഹയാത്ത്, പേജ്: 208, 209). 'മതവിശ്വാസമില്ലെങ്കില്‍ ധാര്‍മികബോധം നഷ്ടമാകുമെന്ന അവസ്ഥ വിശ്വാസി സ്വയം സൃഷ്ടിച്ച വിന'യല്ല, ലോകപ്രശസ്ത നാസ്തികര്‍ പോലും സമ്മതിക്കുന്ന വസ്തുതയാണ് എന്ന് ഈ വിശദീകരണത്തില്‍നിന്ന് വ്യക്തം.
ലോകത്തെ മൊത്തത്തില്‍ തന്നെ അരാജകത്വത്തിലേക്കും അധാര്‍മികതയിലേക്കും അശ്ലീലതയിലേക്കും നയിക്കുന്ന വഴികേടാണ് നാസ്തികത. 'യുക്തിവാദിയുടെ സാമൂഹ്യവീക്ഷണ'ത്തെ കുറിച്ച് പറയവേ, തിന്മകളോടുള്ള ഒരു യുക്തിവാദിയുടെ സമീപനമെന്താണെന്ന് കേരളത്തിലെ അറിയപ്പെട്ട ഒരു നാസ്തിക ചിന്തകന്‍ എഴുതുന്നത് കാണുക: ''മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിചരിക്കരുത് തുടങ്ങിയ അരുതുകള്‍ മതപരമായ വിലക്കുകളാണ്. മതപരമായ അത്തരം വിലക്കുകള്‍ മതാനുയായികളെ ഉദ്ദേശിച്ചിട്ടുണ്ടാക്കിയിട്ടുള്ളവയാണ്. അരുതുകളുടെ അതിരു ലംഘിക്കുന്നവര്‍ക്ക് സ്വര്‍ഗരാജ്യം നഷ്ടപ്പെടുമെന്നു മാത്രമല്ല നല്ല ശിക്ഷയും ലഭിക്കും. മരണാനന്തര ജീവിതം സുഖകരമായിരിക്കാന്‍ ഇത്തരം ചില 'വ്രതങ്ങള്‍' അനുഷ്ഠിക്കണമെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. ഭൗതികജീവിതം മാത്രമേയുള്ളൂവെന്നു കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്നു പറഞ്ഞാല്‍ അങ്ങനെ ചെയ്യാന്‍ പലര്‍ക്കും  കഴിഞ്ഞെന്നു വരുകയില്ല. യുക്തിവാദികള്‍ പുക വലിച്ചതുകൊണ്ടോ മദ്യപിച്ചതുകൊണ്ടോ യാതൊരു തകരാറുമുണ്ടാകാനില്ല'' (യുക്തിവാദിയുടെ സാമൂഹ്യവീക്ഷണം, ഏറ്റുമാനൂര്‍ ഗോപാലന്‍, പുറം 14,15).
മദ്യപാനവും മോഷണവും വ്യഭിചാരവുമൊക്കെ മതപരമായ വിലക്കുകളാണ്, അത്തരം 'വ്രതങ്ങള്‍' അനുഷ്ഠിക്കേണ്ടതില്ല എന്ന് വാദിക്കുന്ന യുക്തിവാദികള്‍ ധാര്‍മികതക്ക് ശവക്കല്ലറ ഒരുക്കുകയല്ലേ ചെയ്യുന്നത്? ഇത്തരക്കാര്‍ സമൂഹത്തിന് ഉപകാരമോ ഉപദ്രവമോ?! ഇത്തരം ചെയ്തികളൊക്കെ ആവാം എന്ന് വിശ്വസിക്കുന്ന നിരീശ്വരവാദമാണോ അതോ, മരണാനന്തരം ഒരു ജീവിതമുണ്ടെന്നും മേല്‍പറയപ്പെട്ട തിന്മകള്‍ ചെയ്താല്‍ അവിടെ കഠിന ശിക്ഷ ലഭിക്കുമെന്നും വിശ്വസിക്കുന്ന ഒരാളുടെ ദൈവവിശ്വാസമാണോ മാനവികം? സമൂഹത്തിന്റെ നിലനില്‍പ്പിന് ഗുണകരം?
ധാര്‍മികതക്ക് മതമോ ദൈവമോ വേണ്ടെന്ന് നിരന്തരം വാദിക്കുകയും ആ വാദം സ്ഥാപിക്കാനായി നിരവധി പുസ്തകങ്ങള്‍ എഴുതുകയും ചെയ്ത പീറ്റര്‍ സിംഗര്‍ (Peter Singer) എന്ന, ആഗോളതലത്തില്‍ അറിയപ്പെട്ട നാസ്തികനെയും അദ്ദേഹത്തിന്റെ ധാര്‍മിക സംബന്ധമായ വാദങ്ങളെയും, പൊതുവെ ധാര്‍മികമായി കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന പാശ്ചാത്യര്‍ പോലും നിശിതമായി വിമര്‍ശിച്ചത് കാണാം. നാസ്തിക ധാര്‍മികത ശൂന്യതക്ക് പെയിന്റടിച്ചതാണെന്നും, പരിഷ്‌കൃത സമൂഹത്തിന്റെ നിലനില്‍പ്പിന് അപായം  വരുത്തിവെക്കുന്ന അത്യന്തം അപകടകരമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നും അവര്‍ പോലും തിരിച്ചറിഞ്ഞിരിക്കുന്നു എന്നര്‍ഥം.
പീറ്റര്‍ സിംഗറിനെ സംബന്ധിച്ച്  'ദ ഗാര്‍ഡിയനി'ല്‍ ഒരു ലേഖനം വന്നിരുന്നു. THE MOST DANGEROUS MAN IN THE WORLD എന്നായിരുന്നു അതിന്റെ  തലക്കെട്ട്! PROFESSOR DEATH  എന്നാണ്  'വാള്‍സ്ട്രീറ്റ് ജേണല്‍' അദ്ദേഹത്തിന് കൊടുത്ത വിശേഷണം.  മാനവികതയെത്തന്നെ നാണിപ്പിക്കും വിധം, സ്വതന്ത്ര ലൈംഗികതയെയും സ്വവര്‍ഗരതിയെയും അഗമ്യഗമനത്തെയും ഭ്രൂണഹത്യയെയും ആത്മഹത്യയെയും ലഹരിയെയും അംഗവൈകല്യമുള്ള കുഞ്ഞുങ്ങളെ കൊല്ലുന്നതിനെയുമെല്ലാം നാസ്തികരുടെ യുക്തിശൂന്യ ധാര്‍മികതാ സിദ്ധാന്തം വെച്ചുകൊണ്ട് പച്ചയായി ന്യായീകരിക്കുന്നു എന്നതാണതിന് കാരണം. 'ധര്‍മിഷ്ഠനും മര്യാദക്കാരനുമാകാന്‍ ദൈവം എന്ന 'പോലീസ്' ആവശ്യമില്ലെ'ന്ന നാസ്തിക വാദത്തിന്റെ അനിവാര്യ ദുരന്തം!
പ്രായോഗിക ധാര്‍മികതയെ നിര്‍വചിക്കാന്‍ പീറ്റര്‍ സിംഗര്‍ എഴുതിയ PRACTICAL ETHICS എന്ന പുസ്തകത്തിന്റെ ഒരു ഭാഗത്ത്, ചെറിയ അംഗവൈകല്യങ്ങളുമായി ജനിക്കുന്ന കൊച്ചു കുഞ്ഞുങ്ങളെ കൊല്ലുന്നത് പോലും ധാര്‍മികമായി ശരിയായ പ്രവൃത്തിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കാണാം. മറ്റൊരിടത്ത്, മൃഗ സ്‌നേഹം മൂത്ത് സിംഗര്‍ വീണ്ടും, വൈകല്യമുള്ളവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വ്യക്തിത്വം പോലും അവകാശപ്പെടാന്‍ ഇല്ലെന്നും,  അവരേക്കാള്‍ വ്യക്തിത്വം ചിമ്പാന്‍സികള്‍ക്ക് അവകാശപ്പെടാന്‍ ഉണ്ടെന്നുമൊക്കെ 'ശാസ്ത്രീയ'മായി വിശദീകരിക്കുന്നുണ്ട്! മനുഷ്യര്‍ക്ക് മൃഗങ്ങളേക്കാള്‍ മുന്‍തൂക്കം അവകാശപ്പെടാനായി ഒന്നും ഇല്ലെന്നതാണ് സിംഗറുടെ 'ധാര്‍മിക' തത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാനം. അതിനെ ന്യായീകരിക്കാനായി Speciesism  എന്നൊരു പദം തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട് അദ്ദേഹം. വൈകല്യങ്ങളും കുറവുകളുമുള്ള മനുഷ്യക്കുഞ്ഞുങ്ങള്‍ക്കൊന്നും വ്യക്തിത്വം അവകാശപ്പെടാന്‍ കഴിയില്ലെന്നും, പൂര്‍ണ വളര്‍ച്ചയെത്തിയ ചിമ്പാന്‍സികള്‍ക്ക് അതവകാശപ്പെടാം എന്നുമാണ് ഈ നാസ്തിക ഫിലോസഫറുടെ മറ്റൊരു വാദം!
ജെഫ് മെക്മഹനുമായി ചേര്‍ന്ന് 'ന്യൂയോര്‍ക്ക്  ടൈംസി'ല്‍ എഴുതിയ Who Is the Victim in the Anna Stubblefield Case? എന്ന ലേഖനത്തില്‍, വൈകല്യമുള്ള മനുഷ്യരെ ബലാത്സംഗം ചെയ്യുന്നതിലും ചൂഷണം ചെയ്യുന്നതിലുമൊന്നും യാതൊരു തെറ്റുമില്ലെന്ന് സമര്‍ഥിക്കുന്നുണ്ട് ഈ പീറ്റര്‍ സിംഗര്‍! ഒന്നും വിവേചിച്ചറിയാനോ തിരിച്ചറിയാനോ കഴിയാത്ത ആളുകള്‍ക്ക് എന്താണ് ലൈംഗികതയെന്നോ,  അതുകൊണ്ടുള്ള ഭവിഷ്യത്ത് എന്താണെന്നോ അറിയാനുള്ള ബുദ്ധി ഉണ്ടാകില്ലെന്നും, അതുകൊണ്ട് ലൈംഗിക ബന്ധത്തിനുള്ള ഉഭയകക്ഷി സമ്മതം ഉണ്ടായിരിക്കുക എന്നത് അത്തരക്കാരുടെ കാര്യത്തില്‍ പ്രാവര്‍ത്തികമല്ലെന്നും, സ്വബോധമോ തിരിച്ചറിവോ ഇല്ലാത്തതുകൊണ്ട് അത്തരക്കാരെ ആ നിലക്ക് ചൂഷണം ചെയ്യുന്നതും ലൈംഗികമായി ഉപയോഗിക്കുന്നതുമൊന്നും തെറ്റല്ലെന്നും വാദിക്കുന്നു!  ഇത്രയും അപരിഷ്‌കൃതവും മനുഷ്യത്വവിരുദ്ധവും പ്രാകൃതവുമായ ആശയങ്ങള്‍ ഫിലോസഫിയുടെയും ശാസ്ത്രത്തിന്റെയും യുക്തിയുടെയും ലേബലില്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന ഈ പീറ്റര്‍ സിംഗറിനെയാണ്,  കേരളീയ നിരീശ്വരവാദികളുടെ കണ്‍കണ്ട ദൈവമായ സി. രവിചന്ദ്രന്‍ 'നാസ്തികനായ ദൈവം' എന്ന തന്റെ  പുസ്തകത്തില്‍ പല വാദങ്ങള്‍ക്കും ഉപോദ്ബലകമായ തെളിവും റഫറന്‍സുമായി ഉദ്ധരിച്ചിട്ടുള്ളത് എന്നോര്‍ക്കുക!
പടച്ചവനിലോ പരലോകത്തിലോ വിശ്വാസമില്ലാത്ത, പടച്ചവന്റെ മേല്‍നോട്ടമുള്ള ധാര്‍മിക-സദാചാര വ്യവസ്ഥയുടെ ആവശ്യമേയില്ല എന്ന് സിദ്ധാന്തിക്കുന്ന, മോഷണത്തെപ്പോലും മതം അടിച്ചേല്‍പിച്ച അനാവശ്യ വിലക്കെന്ന് പരിചയപ്പെത്തുന്ന ഈ ദേഹേഛാവാദികളുടെ ഇത്തരം ചിന്തകള്‍  സമൂഹത്തിന്റെ നിലനില്‍പ്പിന് എത്രമാത്രം അപായകരമല്ല?!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (9-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

താഴോട്ടു നോക്കൂ, സമാധാനമുണ്ടാകും
അബ്ദുര്‍റഹ്മാന്‍ ചെറുവാടി