Prabodhanm Weekly

Pages

Search

2020 ജൂലൈ 10

3159

1441 ദുല്‍ഖഅദ് 18

വാരിയന്‍കുന്നത്തും കുറേ സിനിമക്കാരും

എ.ആര്‍

1857-ലെ ശിപായി ലഹളക്കു ശേഷം ബ്രിട്ടീഷ് കൊളോണിയല്‍ അധിനിവേശത്തിനെതിരെ ഇന്ത്യയില്‍ നടന്ന രക്തരൂഷിതവും എന്നാല്‍ ധീരോദാത്തവുമായ ചെറുത്തുനില്‍പായിരുന്നു 1921-ലെ മലബാര്‍ കലാപം എന്ന് സംഭവത്തെ വസ്തുനിഷ്ഠമായി പഠിക്കാന്‍ ശ്രമിച്ചവരെല്ലാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാഹീനരും കര്‍ഷകത്തൊഴിലാളികളും കുടിയാന്മാരുമായ മാപ്പിളമാര്‍, മതിയായ മുന്നൊരുക്കമോ പരിശീലനമോ ആസൂത്രണമോ ഇല്ലാതെ സാമ്പ്രദായിക ആയുധങ്ങളുമേന്തി നടത്തിയ വിപ്ലവമായിരുന്നു അതെന്നതുകൊണ്ട് വെറും മാപ്പിള ലഹളയായി സംഭവം ഇന്ത്യാ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടു. അടയാളപ്പെടുത്തിയവര്‍ പ്രാഥമികമായി ബ്രിട്ടീഷുകാരായിരുന്നതുകൊണ്ട് സാമുദായിക വര്‍ണം ബോധപൂര്‍വം നല്‍കപ്പെടുകയും ചെയ്തു.  എന്നാല്‍ നാടുവാഴികള്‍ക്കും  ജന്മിമാര്‍ക്കുമൊപ്പം നിന്ന് കുടിയാന്മാരെയും കര്‍ഷകത്തൊഴിലാളികളെയും കീഴ്ജാതിക്കാരെയും ചൂഷണം ചെയ്തും പീഡിപ്പിച്ചും അരികുവത്കരിച്ച ബ്രിട്ടീഷ് സര്‍ക്കാറിനും ബ്യൂറോക്രസിക്കുമെതിരെ പലേടത്തായി നടന്ന ചെറുത്തുനില്‍പിന്റെ സാകല്യമാണ് ഒടുവില്‍ മലബാര്‍ ജില്ലയുടെ ഏറനാട്, വള്ളുവനാട്, കോഴിക്കോട് താലൂക്കുകളിലാകെ വ്യാപിച്ച മാപ്പിള കലാപമെന്ന് നിഷ്പക്ഷരും മനുഷ്യസ്‌നേഹികളുമായ സ്വാതന്ത്ര്യസമരനായകരും ചരിത്രകാരന്മാരും പഠനനിരീക്ഷണങ്ങളിലൂടെ കണ്ടെത്തി. രാജ്യവ്യാപകമായ ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമായി മലബാറില്‍ നടന്ന ബ്രിട്ടീഷ്‌വിരുദ്ധ സമരമാണ് മാപ്പിള കലാപമായി രൂപാന്തരപ്പെട്ടത് എന്നതുകൊണ്ട്, 'മാപ്പിള ലഹള' പ്രയോഗത്തെ 'മാപ്പിള കലാപ'മായി തിരുത്തിയത് സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബാണ്. മാപ്പിളമാര്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ ജിഹാദാക്കി കലാപത്തെ ചിത്രീകരിക്കുന്ന ഫാഷിസ്റ്റുകള്‍ അന്നു മുതല്‍ ഇന്നുവരെ തുടരുന്ന പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് കലാപത്തിന്റെ ദൃക്‌സാക്ഷികളായ കോണ്‍ഗ്രസ്സ് നേതാവ് കെ. മാധവന്‍ നായര്‍ (മലബാര്‍ കലാപം), മോഴികുകുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് (ഖിലാഫത്ത് സ്മരണകള്‍) തുടങ്ങിയവരുടെ കൃതികള്‍. കേരളവും കോണ്‍ഗ്രസ്സും (1935) എന്ന എ.കെ പിള്ളയുടെ രചനയും കെ.പി കേശവമേനോന്റെ കഴിഞ്ഞ കാലവും, മലബാര്‍ സമരവും  എം.പി നാരായണ മേനോനും എന്ന പ്രഫ. എം.പി.എസ് മേനോന്റെ കൃതിയുമെല്ലാം, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയും ആലി മുസ്‌ലിയാരും ചെമ്പ്രശ്ശേരി തങ്ങന്മാരും നയിച്ച കലാപം വര്‍ഗീയ ലഹളയായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ്. എന്നാല്‍ ചില പ്രദേശങ്ങളില്‍ ചില സാഹചര്യങ്ങളില്‍ കലാപം വഴിതെറ്റി വര്‍ഗീയ നിറം സ്വീകരിച്ചതിന്റെ ഉദാഹരണങ്ങളും അവരൊക്കെ ചൂണ്ടിക്കാട്ടാതിരുന്നിട്ടില്ല.
1921 ആഗസ്റ്റ് മുതല്‍ 1922 ഫെബ്രുവരി വരെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകള്‍ കേന്ദ്രീകരിച്ചു നടന്ന കലാപത്തില്‍ പതിനായിരത്തില്‍ അധികം പേര്‍ കൊല്ലപ്പെടുകയും അമ്പതിനായിരം പേര്‍ തടവിലാക്കപ്പെടുകയും ചെയ്തതായാണ് കണക്ക്. തടവുകാരില്‍ ഇരുപതിനായിരം പേര്‍ ആന്തമാന്‍ ദ്വീപുകളിലേക്ക് നാടു കടത്തപ്പെട്ടു. പതിനായിരം പേരെയെങ്കിലും കാണാതായതായി കരുതപ്പെടുന്നു. പോരാട്ടത്തിനു നേതൃത്വം നല്‍കിയ വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദാജി, ആലി മുസ്‌ലിയാര്‍, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍, സീതിക്കോയ തങ്ങള്‍ എന്നിവര്‍ പല കേന്ദ്രങ്ങളില്‍ നിന്നായി കീഴടങ്ങുകയോ പിടികൂടപ്പെടുകയോ ചെയ്തു. ബ്രിട്ടീഷ് ഭരണാധികാരികള്‍ അവര്‍ക്ക് മരണശിക്ഷ നല്‍കിയതോടെ കഷ്ടിച്ച് ആറ് മാസം വാരിയന്‍കുന്നന്‍ പ്രഖ്യാപിച്ച 'മലയാള രാജ്യ'ത്തിന്റെ അന്ത്യം കുറിച്ചു. അനേകായിരം കുടുംബങ്ങള്‍ അനാഥരായതും തീര്‍ത്താല്‍ തീരാത്ത ദുരിതങ്ങള്‍ക്കിരയായതുമാണ് കലാപത്തിന്റെ ബാക്കിപത്രം. അനാഥ ബാല്യങ്ങളുടെ നിസ്സഹായത പത്രവാര്‍ത്തകളിലൂടെ ശ്രദ്ധയില്‍പെട്ട പഞ്ചാബിലെ ഖസൂരി സഹോദരന്മാര്‍ മലബാറിലെത്തി സമ്പന്നരുടെ സഹായത്തോടെ സ്ഥാപിച്ചതാണ് കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെ.ഡി.റ്റി ഇസ്‌ലാം അനാഥാലയം. മലബാര്‍ കലാപത്തിന്റെ മുഖ്യ നായകനായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയെക്കുറിച്ച് അഭിജ്ഞര്‍ രേഖപ്പെടുത്തിയതിങ്ങനെ:
''കുഞ്ഞഹമ്മദാജിക്ക് അറുപതില്‍ കുറയാത്ത പ്രായം തോന്നും. കറുത്തിരുണ്ട നിറം. വായില്‍ പല്ലുണ്ടോ എന്ന് സംശയം. ഒരൊത്ത മനുഷ്യന്റെ നീളം കഷ്ടിച്ചേയുള്ളൂ. വണ്ണം വളരെയില്ല. നന്നെ മെലിഞ്ഞിട്ടുമല്ല. കറുത്ത ഒരു കുപ്പായമാണ് ധരിച്ചിരുന്നത്. അരയില്‍ ഒരു വാളുണ്ട്. കൈയില്‍ ഒരു തോക്കും. മുഖത്ത് ശൂരതയുടെ ലക്ഷണമൊന്നും കണ്ടില്ല. എങ്കിലും താന്‍ ചിലതിന് ഉറച്ചിരിക്കുന്നു എന്ന ഭാവം മുഖത്ത് നല്ലവണ്ണം സ്ഫുരിച്ചിരുന്നു....'' (കെ. മാധാവന്‍ നായര്‍- മലബാര്‍ കലാപം).
''കുഞ്ഞഹമ്മദ് ഹാജി ലഹളയുടെ നേതൃത്വം സ്വീകരിച്ചതോടുകൂടി ലഹളയുടെ ഉദ്ദേശ്യം കുറേകൂടി വിപുലമായിത്തീര്‍ന്നു. അരാജകസ്ഥിതി കഴിയുന്നതും വരാതെ എല്ലാം ക്രമമായും ചില മുറകളനുസരിച്ചും പോകണമെന്ന് കുഞ്ഞഹമ്മദ് ഹാജിക്ക് ചില അഭിപ്രായങ്ങളെല്ലാമുണ്ടായിരുന്നു. അയാള്‍ തന്റെ അനുയായികളുടെ ഇടയില്‍ ചില നിയമങ്ങളെല്ലാം ഏര്‍പ്പെടുത്തി. അതില്‍നിന്ന് തെറ്റി നടക്കുന്നവരെ കഠിനമായി ശിക്ഷിച്ചു. അയാളുടെ കല്‍പനകളിലൊന്ന് ഹിന്ദുക്കളെ ഉപദ്രവിച്ചുപോകരുതെന്നും തന്റെ പ്രത്യേകാനുമതിയോടു കൂടിയല്ലാതെ എതിര്‍ പക്ഷത്തു നിന്ന് തടവുകാരായി പിടിക്കുന്ന ആരെയും വധിച്ചുപോകരുതെന്നും ഉള്ളതായിരുന്നു. സാമാന്യ ജനങ്ങളെ ശല്യപ്പെടുത്തുകയോ വീടുകളോ പീടികകളോ കൊള്ള ചെയ്യുകയോ ചെയ്യുന്നവരെ കുഞ്ഞഹമ്മദ് ഹാജിയുടെ മുമ്പാകെ വരുത്തി വിചാരണ ചെയ്ത് അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കിയും വന്നു. ആഗസ്റ്റ് 24-ന് മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കൈയേറി അതിലുണ്ടായിരുന്ന പണ്ടങ്ങള്‍ അതതിന്റെ ഉടമസ്ഥരെ വരുത്തി തിരിച്ചുകൊടുത്തത് കുഞ്ഞഹമ്മദാജിയുടെ ആദ്യ പ്രവൃത്തികളിലൊന്നായിരുന്നു. അന്നേ ദിവസം തന്നെ മഞ്ചേരിയില്‍ നാല് പ്രധാന റോഡുകള്‍ കൂടുന്ന സ്ഥലത്ത് വെച്ച് ചെയ്ത പ്രഖ്യാപനത്തില്‍ ഹിന്ദുക്കള്‍ക്ക് ഒരു ഉപദ്രവവും ഉണ്ടാകുന്നതല്ലെന്ന് ഉറപ്പു നല്‍കിയിരുന്നു'' (കേരളവും കോണ്‍ഗ്രസ്സും - എ.കെ പിള്ള, പേജ് 446, 447).
''ഖിലാഫത്തിനു വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് യുദ്ധം ചെയ്യാന്‍ ഒന്നാമതായി ഇറങ്ങിപ്പുറപ്പെട്ടത് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് എന്നതില്‍ സംശയമില്ല. ലഹളത്തലവന്മാരില്‍ വച്ചേറ്റവും പ്രധാനിയും കുഞ്ഞഹമ്മദാജി തന്നെയായിരുന്നു'' (മലബാര്‍ കലാപം - കെ. മാധവന്‍ നായര്‍, പേജ് 168,169).
അപ്പോള്‍ അതായിരുന്നു വാരിയന്‍കുന്നന്‍. കലാപത്തിന്റെ ശതാബ്ദിക്ക് റിലീസ് ചെയ്യാന്‍ പാകത്തില്‍ ഒട്ടേറെ സിനിമകളാണ് തിരശ്ശീലക്കു പിന്നില്‍ ഒരുങ്ങുന്നത്.
ആശിഖ് അബു- പൃഥ്വിരാജ് ടീമിന്റെ 'വാരിയന്‍കുന്നന്‍', ഇബ്‌റാഹീം വെങ്ങരയുടെ 'ദി ഗ്രേറ്റ് വാരിയന്‍കുന്നത്ത്', പി.ടി കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്യുന്ന 'ശഹീദ് വാരിയന്‍കുന്നന്‍', ഷഹ്ബാസ് പാണ്ടിക്കാടിന്റെ 'രണഭൂമി', റെജി നായര്‍ സംവിധായകനായ 'വാഗണ്‍ ട്രാജഡി ദി ബ്ലാക്ക് ഹിസ്റ്ററി' എന്നിവക്കു പുറമെ ബി.ജെ.പിക്കാരന്‍ അലി അക്ബറിന്റെ 1921 എന്ന് പേരിട്ട വാരിയന്‍കുന്നനെ പ്രതിനായക വേഷത്തില്‍ അവതരിപ്പിക്കുന്ന പടവുമുണ്ട്. കൂട്ടത്തില്‍ ഏറെ വിവാദം ഉയര്‍ത്തിയിരിക്കുന്നത് പൃഥ്വിരാജിനെ നായകനാക്കി ആശിഖ് അബു നിര്‍മിക്കുന്ന 'വാരിയന്‍കുന്നന്‍' തന്നെ. ഹിന്ദുത്വ ബ്രിഗേഡിന്റെ കണ്ണില്‍ പ്രതിനായകനായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ധീരനും സ്വാതന്ത്ര്യപോരാളിയുമായി ചിത്രീകരിക്കുന്ന, ആശിഖ് അബുവിന്റെ നേതൃത്വത്തിലുള്ള ടീം ഒരുക്കുന്ന പടത്തില്‍ നായകനായി പൃഥ്വിരാജ് സുകുമാരന്‍ അഭിനയിക്കുന്നത് പൊറുക്കാവുന്ന പാപമല്ല. സോഷ്യല്‍ മീഡിയയിലൂടെയുള്ള സംഘം ചേര്‍ന്ന ആക്രമണം മൂര്‍ച്ചിക്കുന്നത് അതുകൊണ്ടാണ്. കഥയുടെ സ്ഥിതിയോ ഗതിയോ പുറത്താവുന്നതിന് മുമ്പേ ആരംഭിച്ച യുദ്ധം തികഞ്ഞ മുന്‍വിധിയോടെയാണെന്ന് വ്യക്തം. 'പത്മാവത്' പോലുള്ള ചിത്രങ്ങള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ നേരത്തേ അരങ്ങേറിയ കലാപം കേരളത്തിലും ആവര്‍ത്തിക്കാനാണ് നീക്കം. മറുവശത്ത് ലിബറല്‍ സെക്യുലര്‍ ലോബിയുടെ സമ്മര്‍ദം മൂലമാവാം തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് പിന്മാറുന്നതായി അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. റമീസിന്റെ രാഷ്ട്രീയ നിലപാടുകളോട് ഒട്ടും യോജിപ്പില്ലെന്ന് ആശിഖ് അബുവും വ്യക്തമാക്കിയിട്ടുമുണ്ട്. കുഞ്ഞഹമ്മദ് ഹാജിയുടെ മതപരമായ പശ്ചാത്തലം നിശ്ശേഷം തമസ്‌കരിച്ച് ജന്മിത്വ-സാമ്രാജത്വവിരുദ്ധ പോരാളിയായി മാത്രം അവതരിപ്പിക്കണമെന്ന ശാഠ്യമാവാം അവര്‍ക്ക്. അത്രയൊന്നും ദുരൂഹമോ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതോ അല്ല വാരിയന്‍കുന്നന്റെയും മലബാര്‍ കലാപത്തിന്റെയും ചരിത്രം എന്നിരിക്കെ, സിനിമയിലാണെങ്കില്‍ പോലും യാഥാര്‍ഥ്യബോധത്തോടെ ആ ധീര പുരുഷനെയും മലബാറിലെ രക്തരൂഷിതമായ സ്വാതന്ത്ര്യസമരത്തെയും പുനരവതരിപ്പിക്കുന്നതേയുള്ളൂ. തന്മൂലം മതസ്പര്‍ധയോ വര്‍ഗീയ സംഘര്‍ഷമോ സൃഷ്ടിക്കപ്പെടേണ്ട ഒരു സാഹചര്യവും യഥാര്‍ഥത്തില്‍ ഇല്ല. പക്ഷേ നിര്‍മാതാക്കളുടെയും സംവിധായകരുടെയും താല്‍പര്യങ്ങളാണ് ചലച്ചിത്രങ്ങളുടെ വിധി നിര്‍ണയിക്കുന്നത് എന്നിരിക്കെ വാരിയന്‍കുന്നന് രക്തസാക്ഷിത്വത്തിനു ശേഷവും സ്വാസ്ഥ്യം ലഭിക്കണമെന്നില്ല. ശേഷം വെള്ളിത്തിരയില്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (9-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

താഴോട്ടു നോക്കൂ, സമാധാനമുണ്ടാകും
അബ്ദുര്‍റഹ്മാന്‍ ചെറുവാടി