Prabodhanm Weekly

Pages

Search

2020 ജൂലൈ 03

3158

1441 ദുല്‍ഖഅദ് 11

മതന്യൂനപക്ഷങ്ങളോട് മാധ്യമങ്ങള്‍ ചെയ്യുന്നത്

സമര്‍ അലി അയ്യലത്ത്

ഇന്ത്യയില്‍ വര്‍ഷങ്ങളായി ഭരണകൂടത്തിന്റെയും ഭൂരിപക്ഷ വാദങ്ങളുടെയും താല്പര്യങ്ങള്‍ക്കനുസരിച്ച് പൊതുശത്രുവിനെ സൃഷ്ടിച്ചെടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് നമുക്കറിയാം. മതവും സംസ്‌കാരവും പാരമ്പര്യങ്ങളും സമൂഹത്തിന്റെ തൂണുകളായി നിലനില്‍ക്കുന്നിടത്തോളം കാലം ഇവയെ ചുറ്റിപ്പറ്റിയുള്ള അഭിപ്രായ വ്യത്യാസങ്ങളും സംഘര്‍ഷങ്ങളും തുടര്‍ന്നുകൊണ്ടിരിക്കും. ഈ സംഘര്‍ഷങ്ങളെ പൊതുജീവിതവുമായും സമ്പദ്‌വ്യവസ്ഥയടക്കം സമൂഹത്തിലെ എല്ലാ മേഖലകളുമായും ബന്ധിപ്പിക്കുന്നതോടെ സമൂഹത്തിനകത്ത് സ്വാഭാവികമായും പിരിമുറുക്കങ്ങള്‍ രൂപപ്പെടുന്നു. അവിടെ നിന്നാണ് തുല്യ അവകാശങ്ങള്‍ക്കും പൗരത്വ മൂല്യങ്ങള്‍ക്കും വേണ്ടിയുള്ള സംഘര്‍ഷങ്ങളും ആരംഭിക്കുന്നത്.
വിശാലമായ ഒരു ലോക സംസ്‌കാരം കൊണ്ടുവരുന്നതില്‍ ഏതാണ്ടൊക്കെ വിജയിച്ച പ്രക്രിയയായി നമുക്ക്   ആഗോളവത്കരണത്തെ കാണാവുന്നതാണ്. എന്നാല്‍ ഇത്തരമൊരു ജനാധിപത്യവത്കരണം സാധ്യമാക്കാന്‍ വിസമ്മതിച്ച മേലാള വിഭാഗങ്ങള്‍ ഇതിനെതിരെ നീക്കങ്ങള്‍ ആരംഭിച്ചു. ഇന്ത്യയില്‍ ദലിത്, ആദിവാസി, മുസ്‌ലിം വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങള്‍ ഇതിന്റെ ഭാഗമായി അരങ്ങേറുന്നതാണ്. നീണ്ടകാലത്തെ ശ്രമങ്ങളിലൂടെ ഒരു അജണ്ട സൃഷ്ടിച്ചെടുക്കുകയും കരുത്തും സ്വാധീനവും ഉപയോഗിച്ച് ഈ അജണ്ട സ്ഥാപിച്ചെടുക്കുകയും  ചില വിഭാഗങ്ങളുടെ ഉന്മൂലനം സാധ്യമാകുന്ന ഒരു സാഹചര്യത്തിലേക്ക് സമൂഹത്തെ പതിയെ നയിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.

വര്‍ഗീയതയും മാധ്യമ സ്വാധീനവും

മറ്റേത് ആശയവിനിമയ രീതിയേക്കാളും പൊതു മനസ്സുകളില്‍ പക്ഷപാതപരമായ കാഴ്ചപ്പാടുകളും അജണ്ടകളും നിറയ്ക്കുന്നതില്‍ വിജയം കണ്ടിരിക്കുന്നത് മുഖ്യധാരാ മാധ്യമങ്ങളാണ്. ചില സവര്‍ണ വിഭാഗങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ വേണ്ടിയുള്ള വിശാലമായ ഒരു പദ്ധതിയുടെ ഭാഗമായി കാണണം ഈ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തനത്തെ. ഒടുവിലത്തെ 'സത്യം' എന്ന് വലിയൊരു വിഭാഗം ജനങ്ങളും മനസ്സിലാക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത് ഇത്തരം മാധ്യമങ്ങളിലൂടെയാണ്. സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിക്കുന്നതില്‍ വര്‍ഷങ്ങളായി ഇത്തരം മാധ്യമ സ്ഥാപനങ്ങള്‍ വഹിച്ചുവരുന്ന പങ്ക് ഒട്ടും ചെറുതല്ല. ജനാധിപത്യത്തിന്റെ 'കാവലാളുകള്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകരില്‍ അധികപേരും ഈ മേലാള വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. ഇത് തീവ്രമായ വര്‍ഗീയവല്‍ക്കരണത്തിലേക്കാണ് വഴി വെക്കുക. പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ മാധ്യമ മേഖലകളില്‍നിന്ന് സ്ഥിരമായി മാറ്റിനിര്‍ത്തുന്നതിനാല്‍ സ്വന്തം അജണ്ടകള്‍ നടപ്പിലാക്കുന്നത് ഈ വിഭാഗത്തിന് കുറേകൂടി എളുപ്പമാകുന്നു.
'ദി പെര്‍സിസ്റ്റന്‍സ് ഓഫ് കാസ്റ്റ്' എന്ന തന്റെ പുസ്തകത്തില്‍ ആനന്ദ് തെല്‍തുമ്പെ മാധ്യമ മേഖലകളിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 2001-ലെ സെന്‍സസ് പ്രകാരം ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 24 ശതമാനത്തോളം വരുന്ന ദലിതുകളുടെയും ആദിവാസികളുടെയും മാധ്യമ മേഖലയിലെ പ്രതിനിധാനം ഏതാണ്ട് പൂജ്യമാണ്. പത്രമാധ്യമങ്ങളില്‍ അവര്‍ണ വിഭാഗക്കാര്‍ക്ക് കുറഞ്ഞ ശബ്ദം മാത്രമേ ഉള്ളൂ. ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളില്‍ സ്വാധീനമുള്ള പദവികളില്‍ ഇരിക്കുന്നവരില്‍ 90 ശതമാനവും ടി.വി മാധ്യമങ്ങളില്‍ 79 ശതമാനവും സവര്‍ണ വിഭാഗക്കാരാണെന്ന് കാണിക്കുന്ന സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റീസിന്റെ ഒരു പഠനത്തെക്കുറിച്ചും തെല്‍തുമ്പെ പുസ്തകത്തില്‍ പറയുന്നുണ്ട്. ഒ.ബി.സിക്കാര്‍ക്ക് നാല് ശതമാനവും മുസ്‌ലിംകള്‍ക്ക് മൂന്ന് ശതമാനവുമാണ് മാധ്യമ മേഖലയിലെ പ്രാതിനിധ്യം. ദലിതുകളുടെയും ആദിവാസികളുടെയും പ്രതിനിധാനം വട്ടപ്പൂജ്യം. ഇതിലൂടെ മേലാള വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സൗകര്യപൂര്‍വം ഒഴിവാക്കാനും മാധ്യമങ്ങള്‍ക്ക് കഴിയുന്നു. ഈ വിഷയത്തില്‍ അംബേദ്കര്‍ നടത്തിയ ഒരു പ്രസ്താവന തെല്‍തുമ്പെ തന്റെ പുസ്തകത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്: 'തൊട്ടുകൂടാത്തവര്‍ക്ക് പത്രമാധ്യമങ്ങളില്ല'.
തൊട്ടുകൂടാത്തവര്‍, ആദിവാസികള്‍, ദലിതുകള്‍, മുസ്‌ലിംകള്‍ തുടങ്ങിയ വിഭാഗക്കാരെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെയും എപ്പോഴും 'അപരര്‍' എന്ന വകുപ്പില്‍ ഉള്‍പ്പെടുത്തുകയും ഒരിക്കലും ഒരു കാര്യത്തിന്റെയും മുഖ്യധാരയിലേക്ക് വരാന്‍ പാടില്ലാത്തവരായി അവരെ മുദ്ര കുത്തുകയും ചെയ്യുകയാണ്. മറ്റെല്ലാ മേഖലകളിലെയും പോലെ മാധ്യമങ്ങളിലും ഇവരെ പ്രധാനപ്പെട്ട പദവികളില്‍നിന്ന് മാറ്റി പ്രിന്റര്‍മാരായോ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നവരായോ വിതരണക്കാരായോ വാന്‍ ഡ്രൈവര്‍മാരായോ  ഒക്കെ ആയി ഒതുക്കിനിര്‍ത്തുന്നു.  മാധ്യമങ്ങള്‍ പുറത്തു വിടുന്ന വാര്‍ത്തകളുടെ ഉള്ളടക്കത്തെ ഈ വിഭാഗക്കാര്‍ ഒരു തരത്തിലും സ്വാധീനിക്കുകയില്ല എന്ന് ഇവര്‍ ഉറപ്പുവരുത്തുന്നു. അങ്ങനെയാണ് മാധ്യമങ്ങള്‍ ചില പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ വക്താക്കളായി അനായാസം മാറ്റിയെടുക്കപ്പെടുന്നത്. അതേസമയം ഈ മാധ്യമങ്ങള്‍ പുറത്തു വിടുന്ന വാര്‍ത്തകള്‍ക്ക് ജനമനസ്സുകളില്‍ അഭിപ്രായങ്ങള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള കഴിവ് വളരെ ശക്തവുമാണ്. ഈ അടുത്ത കാലത്ത് ദല്‍ഹിയില്‍ തബ്‌ലീഗ് ജമാഅത്ത് സമ്മേളനം നടന്ന നിസാമുദ്ദീന്‍ മേഖല ഒരു കോവിഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കപ്പെട്ടതും മാധ്യമങ്ങള്‍ ആ വാര്‍ത്ത കൈകാര്യം ചെയ്ത രീതിയും ഇതിന്  ഉദാഹരണമാണ്.

കോവിഡ് 'ജിഹാദ്': വിദ്വേഷ രാഷ്ട്രീയവും മാധ്യമ സ്വാധീനവും

ലോകം മുഴുവന്‍ കൊറോണാ വൈറസിനെതിരെ പൊരുതുമ്പോഴും,  രാജ്യത്തെ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും മുസ്‌ലിം സമുദായത്തെ വേട്ടയാടുക എന്ന സ്ഥിരം അജണ്ടയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഭരണകൂടം. രാജ്യം മുഴുവന്‍ ലോക്ക് ഡൗണില്‍ പോയ ആദ്യ ആഴ്ച തന്നെ - അതായത് ഏപ്രില്‍ 1,2 തീയതികളില്‍ - 'കൊറോണ ജിഹാദ്', 'മുസ്‌ലിം മീന്‍സ് ടെററിസ്റ്റ്' തുടങ്ങിയ പ്രയോഗങ്ങള്‍ ട്രെന്റിംഗ് പട്ടികയില്‍ ഇടം പിടിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് സാഹചര്യം ശരിയായി മനസ്സിലാക്കുന്നതില്‍ സര്‍ക്കാരിന് വന്ന പിഴവും, കൃത്യമായ പദ്ധതികളോ നടപടികളോ സ്വീകരിക്കുന്നതില്‍ വന്ന പാളിച്ചകളും മറച്ചുവെക്കാന്‍ സര്‍ക്കാരിന് തബ്‌ലീഗ് ജമാഅത്ത് സമ്മേളനം എന്ന ഒരൊറ്റ കവചം മതിയായിരുന്നു. കൊറോണാ വൈറസ് വ്യാപിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഈ സമ്മേളനമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചു.
ദല്‍ഹിയിലെ നിസാമുദ്ദീന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന  തബ്‌ലീഗ് ജമാഅത്ത് ആദ്യ ഘട്ടത്തില്‍ മഹാമാരിയെ അല്‍പ്പം ലാഘവത്തോടെ കണ്ടു എന്നത് സത്യമാണ്. ചില കേന്ദ്ര മന്ത്രാലയങ്ങളുടെ കാര്യത്തിലും ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെ കാര്യത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി.  2020 മാര്‍ച്ചില്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഒരുപാട് പേര്‍ ദല്‍ഹിയിലെ നിസാമുദ്ദീനിലെത്തി. മാര്‍ച്ച് പകുതിയെത്തിയിട്ടും കേന്ദ്ര മന്ത്രാലയം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതിരുന്നതിനാല്‍ മുമ്പ് പ്രഖ്യാപിച്ച പരിപാടിയില്‍  മാറ്റമൊന്നും അവര്‍ വരുത്തിയില്ല. നിയമസഭാ സമ്മേളനങ്ങളടക്കം പ്രധാനപ്പെട്ട പല സമ്മേളനങ്ങളും അക്കാലയളവില്‍ നടന്നതുകൊണ്ട് അസ്വാഭാവികമായ എന്തെങ്കിലും സാഹചര്യമുണ്ടെന്ന തോന്നല്‍ ആ സമയത്ത് ഉണ്ടായിരുന്നില്ല. എങ്കിലും ലോകമൊട്ടാകെ നാശം വിതറിക്കൊണ്ടിരിക്കുന്ന  മഹാമാരി എന്ന നിലയില്‍ ഇക്കാര്യത്തില്‍ തബ്‌ലീഗ് ജമാഅത്തിന് കുറേകൂടി ജാഗ്രത പാലിക്കാമായിരുന്നു. പക്ഷേ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രണ്ടിനും പിഴവു വന്ന ഒരു വിഷയത്തിന്റെ ഉത്തരവാദിത്തം മുഴുവനായി തബ്‌ലീഗ് ജമാഅത്തിന്റെ മേല്‍ മാത്രമായി എങ്ങനെ വന്നുചേരുന്നവെന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നുണ്ട്.
വൈകാതെ തന്നെ തബ്‌ലീഗ് ജമാഅത്തിനെ രാജ്യത്തെ ഏറ്റവും വലിയ കോവിഡ് സ്രോതസ്സായി ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നു നിറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിദ്വേഷ കാമ്പയിനുകളും ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും തൊട്ടു പിന്നാലെ വന്നു. മുസ്‌ലിംകള്‍ മനഃപൂര്‍വം കൊറോണ വ്യാപിപ്പിക്കുകയാണ് എന്ന് സൂചിപ്പിക്കുന്ന വാര്‍ത്തകളുടെ ഒരു വിസ്ഫോടനം തന്നെയാണ് പിന്നീടുള്ള ദിവസങ്ങളില്‍ കണ്ടത്. അതോടെ എല്ലാ സര്‍ക്കാര്‍ പാളിച്ചകളും കാഴ്ചയില്‍നിന്ന് മറയുകയും പ്രധാന ശ്രദ്ധ ഈ ഒരു വിഷയത്തിലേക്ക് മാത്രമാവുകയും ചെയ്തു. മുഖ്യധാരാ മാധ്യമങ്ങളുടെ പക്ഷപാതപരമായ നിലപാട് ഒരു പ്രത്യേക സംഘടനയെ മാത്രമല്ല, മുഴുവന്‍ മുസ്‌ലിം സമുദായത്തെ തന്നെയും ലക്ഷ്യം വെച്ചതോടെ രാജ്യത്തുടനീളം മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ അരങ്ങേറി. പല വാര്‍ത്താ മാധ്യമങ്ങളിലും ഒട്ടനവധി വ്യാജ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

വാര്‍ത്തകളും ലേഖനങ്ങളും

മുസ്‌ലിം വിരുദ്ധത വമിക്കുന്ന വാര്‍ത്തകള്‍ കൊടുക്കാന്‍ വളരെ ഉത്സാഹിക്കുന്ന ചാനലാണ് സുധീര്‍ ചൗധരി നയിക്കുന്ന സീ ന്യൂസ്.  'കൊറോണാ ജിഹാദി' ന്റെ ഉപജ്ഞാതാവും പ്രചാരകനുമാണ് വാര്‍ത്താ അവതാരകനായ സുധീര്‍ ചൗധരി. തബ്‌ലീഗ് ജമാഅത്തിനെ ക്രിമിനല്‍ സംഘടനയായും അതിലെ അംഗങ്ങളെ കൊറോണ പടര്‍ത്തുന്ന 'ജിഹാദികളാ'യും ചിത്രീകരിക്കുന്ന തലക്കെട്ടുകള്‍ ദിവസങ്ങളോളം ചാനലില്‍ ഇടം പിടിച്ചു. ഡെയിലി ന്യൂസ് ആന്റ് അനാലിസിസ് എന്ന അയാളുടെ പരിപാടിയില്‍ 'ജിഹാദ് ചാറ്റ്' എന്ന പേരില്‍ ഒരു ചര്‍ച്ച തന്നെ അരങ്ങേറി. പിന്നീട് ഈ ചാനലിലെ അറുപതിലധികം റിപ്പോര്‍ട്ടര്‍മാര്‍ക്കും മറ്റു സ്റ്റാഫിനും കോവിഡ് പോസിറ്റീവ് ആയതോടെ ചാനല്‍ മൊത്തം അടച്ചുപൂട്ടേണ്ടതായും വന്നു! ചാനലിലെ റിപ്പോര്‍ട്ടമാര്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ മുഖേന കൊറോണാ വൈറസ് വ്യാപിക്കുന്നത് തടയാന്‍ ചൗധരി നടപടിയൊന്നുമെടുത്തില്ല എന്ന് പിന്നീട് ആരോപണമുയരുകയും ചെയ്തു.
സുദര്‍ശ ന്യൂസ് എന്ന ചാനലിലെ ബിന്ദാസ് ബോല്‍ എന്ന തന്റെ പരിപാടിയില്‍ സുരേഷ് ചവാന്‍കെ 'കൊറോണാ ജിഹാദ് സെ ദേശ് ബചാവോ' (രാജ്യത്തെ കൊറോണാ ജിഹാദില്‍നിന്ന് രക്ഷിക്കൂ) എന്ന പേരില്‍ ഒരു ചര്‍ച്ചക്ക് നേതൃത്വം കൊടുക്കുകയുണ്ടായി. വൈറസ് പടര്‍ത്തുന്ന 'ജിഹാദികളെ' ശിക്ഷിക്കാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചുകൊണ്ടാണ് മാര്‍ച്ച് 31-ന് ഇയാള്‍ ചര്‍ച്ചക്ക് ആരംഭം കുറിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്തവരെ മാത്രമല്ല, മുഴുവന്‍ മുസ്‌ലിംകളെയും ഏതോ വലിയ അജണ്ടയുടെ കണ്ണികളായി ചിത്രീകരിക്കുകയും അവരെ അറസ്റ്റു ചെയ്ത് ശിക്ഷിക്കണമെന്ന് ആഹ്വാനം നടത്തുകയും ചെയ്തുകൊണ്ടിരുന്നു ഇവര്‍.
തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് ഗൂഢാലോചനകള്‍ അരങ്ങേറിയിട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച മാധ്യമങ്ങളില്‍ മുന്‍നിരയില്‍ തന്നെയുണ്ട് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി. ദല്‍ഹിയെ മറ്റൊരു ഇറ്റലിയായി മാറ്റാന്‍ മനഃപൂര്‍വം ചെയ്തതാണോ ഇതെന്ന് ചാനലില്‍ വന്ന ഒരു മൗലാനയോട് ഗോസ്വാമി പരസ്യമായി തന്നെ ചോദിക്കുന്നുണ്ട്. തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്ന തബ്‌ലീഗ് അംഗങ്ങളോട് അയാള്‍ കയര്‍ക്കുകയും ദേശത്തോട് അവര്‍ക്ക് കൂറില്ലെന്ന് ആക്രോശിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ ഇന്ത്യയോടൊപ്പമാണോ അതോ അവര്‍ക്ക് സ്വന്തമായി വേറെ രാജ്യം വേണോ എന്നും ഗോസ്വാമി ചോദിക്കുന്നു.
'മദ്‌റസാ ഹോട്ട്സ്പോട്ടു'കളെ തിരിച്ചറിയുന്ന 'സ്റ്റിങ് ഓപ്പറേഷനുക'ളിലൂടെയാണ് ഇന്ത്യാ ടുഡേയുടെ രാഹുല്‍ കന്‍വാല്‍ വിഷയത്തെ നേരിട്ടത്. ദല്‍ഹിയിലും നോയ്ഡയിലുമുള്ള രണ്ട് മദ്‌റസകള്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് കുട്ടികളെ ഒളിപ്പിച്ചുവെക്കുന്നു എന്നായിരുന്നു അയാളുടെ ആരോപണം. അവിടെയുള്ള അധ്യാപകരെ തബ്‌ലീഗ്  ജമാഅത്തുമായി അയാള്‍ ബന്ധിപ്പിക്കുകയും സാമൂഹിക അകലം പാലിക്കാതെയാണ് മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്യുന്നുണ്ട്.
വൈറസ് ബാധ പടര്‍ന്നു തുടങ്ങിയതിനു പിന്നാലെ തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് 'ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, സംഘടനക്ക് 'തെറ്റിദ്ധരിപ്പിക്കുന്ന ഒരു പുറം രൂപമുണ്ടെന്നും ഇതിലാകൃഷ്ടരാകുന്ന നിഷ്‌കളങ്കരായ മുസ്‌ലിം യുവാക്കള്‍ പിന്നീട് തീവ്രവാദികളായി മാറ്റപ്പെടുന്നെന്നും' വാദിക്കുന്നുണ്ട്. രാജ്യത്തെ മതേതര രാഷ്ര്ടീയം കാരണം ഈ വിഷയത്തില്‍ ശക്തമായ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്നും ലേഖനം പരിതപിക്കുന്നു: ''ഈ പരിമിതികളെ ലംഘിക്കുകയും ഈ ഭീഷണിയെ തുരത്തുകയും ചെയ്യാത്തേടത്തോളം കാലം ഖുര്‍ആനിന്റെ സുന്ദരമായ പുറംരൂപത്തില്‍ ആകൃഷ്ടരായ മുസ്‌ലിം യുവാക്കള്‍ കലാഷ്നിക്കോവുകള്‍ ഏന്തുന്ന, മാരക ബോംബുകള്‍ ഉണ്ടാക്കുകയും എറിയുകയും ചെയ്യുന്ന മനുഷ്യരായി മാറുന്നത് നമുക്ക് തടയാനാവില്ല.''
നിസാമുദ്ദീനിലെ മുസ്‌ലിംകള്‍ വൈറസ് പടര്‍ത്താന്‍ വേണ്ടി പാത്രങ്ങള്‍ നക്കുന്നു എന്നായിരുന്നു മറ്റൊരു വാര്‍ത്ത. ഭക്ഷണം കഴിച്ചതിനു ശേഷം ചിലയാളുകള്‍ പാത്രം നക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടുകൊണ്ടായിരുന്നു ഇത്തരമൊരു പ്രചാരണം. ഇതിനെ നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനവുമായി ബന്ധിപ്പിച്ചു വരെ വാര്‍ത്തകളിറങ്ങി. എന്നാല്‍ ഇത് ബോഹ്റാ വിഭാഗക്കാരെ കുറിച്ച് വന്ന പഴയ വീഡിയോ ആണെന്നും ഭക്ഷണത്തിന്റെ ഒരു തരി പോലും പാഴാക്കരുതെന്ന തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായാണ് അവര്‍ പാത്രം നക്കുന്നതെന്നും പിന്നീട് തെളിഞ്ഞു. കുട്ടികളെ ഈ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കാന്‍ വേണ്ടി കമ്മിറ്റി അംഗങ്ങള്‍ എടുത്ത വീഡിയോ ആയിരുന്നു അത്.
മുഖ്യധാരാ വാര്‍ത്താ ചാനലുകള്‍ക്കു പുറമെ പത്രമാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ കോവിഡ് ബാധയുമായി ബന്ധപ്പെട്ട വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. വൈറസിനെയും മുസ്‌ലിംകളെയും ബന്ധിപ്പിക്കാന്‍ വേണ്ടി 'നിസാമുദ്ദീന്‍ വിഡ്ഢികള്‍', 'നിസാമുദ്ദീന്‍ ഭീകരവാദികള്‍', 'പച്ച കൊറോണ'  തുടങ്ങിയ പദപ്രയോഗങ്ങള്‍ തുടക്കത്തില്‍ തന്നെ പലരും ഉപയോഗിച്ചു തുടങ്ങിയിരുന്നു. ഇത്തരം വാര്‍ത്തകള്‍ക്ക് ദേശീയതലത്തില്‍ വലിയ ശ്രദ്ധ ലഭിക്കുകയും അതിന്റെ ഫലമായി മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയും ചെയ്തു.

ദലിത് വിരുദ്ധ ഇന്ത്യന്‍ മാധ്യമങ്ങള്‍

ഇസ്‌ലാംവിരുദ്ധത പ്രചരിപ്പിക്കുക എന്ന അജണ്ട ദേശീയ തലത്തില്‍ മാധ്യമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ തന്നെ ദലിത്-ആദിവാസി-ബഹുജന്‍ വിരുദ്ധതയുടെ കാര്യത്തിലും ഒട്ടും ഇളവില്ല. മുഖ്യധാരാ മാധ്യമങ്ങളിലെ പ്രതിനിധാനവും അവരുടെ കാര്യത്തിലും വളരെ കുറവാണ്. ന്യൂസ് ലോണ്‍ഡ്രിയും ഓക്സ്ഫാമും നടത്തിയ ഒരു പഠനത്തില്‍, 2018 ഒക്‌ടോബറിനും 2019 മാര്‍ച്ചിനുമിടയിലുണ്ടായിരുന്ന നാലില്‍ മൂന്ന് വാര്‍ത്താ അവതാരകരും സവര്‍ണ വിഭാഗക്കാരായിരുന്നു എന്ന് പറയുന്നുണ്ട്. ഇതിലൊരാള്‍ പോലും ദലിത്, ആദിവാസി, പിന്നാക്ക ജാതി വിഭാഗക്കാരായിരുന്നില്ല. ആനന്ദ് തെല്‍തുമ്പെയുടെ പെര്‍സിസ്റ്റന്‍സ് ഓഫ് കാസ്റ്റ് എന്ന പുസ്തകത്തിന് ആധാരമായതു പോലും 2006-ല്‍ നടന്ന ഖൈര്‍ലഞ്ജി കൂട്ടക്കൊലയും അതിനോടുള്ള മാധ്യമങ്ങളുടെ പ്രതികരണവുമാണ്. മഹാരാഷ്ട്രയിലെ ഖൈര്‍ലഞ്ജി ഗ്രാമത്തിലെ താമസക്കാരായ അവര്‍ണ വിഭാഗക്കാരായ നാല് യുവാക്കളെ സവര്‍ണ ജാതിക്കാര്‍ കൊലപ്പെടുത്തി. രാഷ്ട്രീയമായി ഏറെ സ്വാധീനമുള്ള കുമ്പി ജാതിയിലെ അംഗങ്ങള്‍ക്കെതിരെ ബോട്മാംഗെ കുടുംബത്തിലെ അവര്‍ണ വിഭാഗക്കാരിയായ സുരേഖ ഭയ്യാലാല്‍ സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ കേസ് കൊടുത്തതായിരുന്നു തുടക്കം. പിറ്റേ ദിവസം സുരേഖയെയും അവരുടെ രണ്ട് ആണ്‍മക്കളെയും ഒരു മകളെയും വെട്ടിക്കൊലപ്പെടുത്തി. കൊലപ്പെടുത്തുന്നതിനു മുമ്പ് അവരെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നരായി തെരുവുകളിലൂടെ നടത്തിക്കുകയും ചെയ്തു. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങളൊന്നും തന്നെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ലെന്ന് തെല്‍തുമ്പെ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിന്  പരപുരുഷബന്ധത്തിന്റെ മാനം കൊടുക്കുന്ന രീതിയിലുള്ള പോലീസ് വിശദീകരണം വന്നപ്പോള്‍ മാത്രമാണ് മാധ്യമങ്ങളുടെ ശ്രദ്ധ ഈ വാര്‍ത്തയിലേക്ക് തിരിയുന്നത്. ഒരു അന്വേഷണവും നടത്താതെയാണ് പോലീസ് ഇങ്ങനെയൊരു വിശദീകരണം നല്‍കിയതെന്ന് വ്യക്തമായിരുന്നു. ഇരകളോട് പൊതുജനമനസ്സില്‍ സഹതാപം സൃഷ്ടിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന രീതിയില്‍ യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെച്ചാണ് വാര്‍ത്തകള്‍ പടച്ചുണ്ടാക്കിയത്. കൊലപാതകത്തിനെതിരെ ഖൈര്‍ലഞ്ജിയിലെ ദലിതുകള്‍ പ്രതിഷേധിച്ചപ്പോഴും, സത്യങ്ങള്‍ പുറത്തുപറയാതെ പ്രതിഷേധക്കാര്‍ സൃഷ്ടിച്ച 'ബുദ്ധിമുട്ടുകള്‍' ഉയര്‍ത്തിക്കാണിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.
ഇന്ത്യയിലെ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളോടുള്ള മാധ്യമസമീപനങ്ങളുടെ സാമ്പിളാണിത്. അവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് വാര്‍ത്താപ്രാധാന്യം കൊടുക്കാതിരിക്കുകയും വാര്‍ത്തകള്‍ വളച്ചൊടിച്ച് കുറ്റവാളികളെ പിന്തുണച്ചുകൊണ്ടുള്ള വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കാന്‍  ശ്രമിക്കുകയുമാണ് ചെയ്യുന്നത്. ഇതോടെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ പതിയെ അപരരായി മുദ്ര കുത്തപ്പെടുകയും അവര്‍ക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങളിലും അതര്‍ഹിക്കുന്ന 'ശല്യങ്ങള്‍' ആയി അവര്‍ ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ലോക്ക് ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചുപോകുന്നതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കുക. തൊഴിലെടുക്കുന്ന നാടുകളില്‍നിന്ന് സ്വന്തം നാടുകളിലേക്ക് ഇവര്‍ നടത്തിയ അത്യന്തം ക്ലേശകരമായ  യാത്രകളെക്കുറിച്ച് സംസാരിക്കുന്നതിനു പകരം ഇവരെ കൊറോണ പടര്‍ത്തുന്നവരായി ചിത്രീകരിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചത്. മാധ്യമങ്ങളുടെ ദലിത് വിരുദ്ധ നിലപാട് വെളിപ്പെടുത്തിയ മറ്റൊരു സംഭവമാണ് 2018-ല്‍ നടന്ന ഭീമാ കോരേഗാവ് സംഘര്‍ഷവും അതുമായി ബന്ധപ്പെട്ട് നടന്ന വരവരറാവു, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറേറ, സുധാ ഭരദ്വാജ്, ഗൗതം നവലാഖ തുടങ്ങിയ ആക്ടിവിസ്റ്റുകളുടെ അറസ്റ്റും. അവര്‍ക്കെതിരെ ഭരണകൂടം ഉയര്‍ത്തിയ ആരോപണങ്ങളും 'അര്‍ബന്‍ നക്സലുകള്‍' തുടങ്ങി അവര്‍ക്കെതിരെയുള്ള  പദപ്രയോഗങ്ങളും ഉയര്‍ത്തിക്കാണിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.
ദേശദ്രോഹികളും ദേശസ്നേഹികളും ആരാണെന്ന് തീരുമാനിക്കുന്ന പോര്‍ക്കളങ്ങളായി മാറിയിരിക്കുന്നു ഇന്ന് ചാനല്‍ ചര്‍ച്ചകള്‍. ജാതീയ, ഇസ്‌ലാംവിരുദ്ധ, വംശീയ കാഴ്ചപ്പാടുകളുടെ പ്രചാരകരാണ് 'ഗോദി മാധ്യമങ്ങളി'ലെ (വലതുപക്ഷ ഫാഷിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ വിശേഷിപ്പിക്കാന്‍ രവീഷ് കുമാര്‍ കണ്ടെത്തിയ പ്രയോഗമാണിത്) വാര്‍ത്താ അവതാരകര്‍.
കാലാനുസൃതമായി മാറ്റങ്ങളുണ്ടെങ്കിലും വിനോദ മാധ്യമങ്ങളിലും ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കുന്ന രീതിയില്‍ പാളിച്ചകള്‍ നിലനില്‍ക്കുന്നുണ്ട്. ഭരണകൂട-ജാതി വ്യവസ്ഥകളാല്‍ അടിച്ചമര്‍ത്തപ്പെട്ടു കഴിയുന്ന ഗ്രാമപ്രദേശങ്ങളിലെ ദലിത് ജീവിതങ്ങളെക്കുറിച്ച് പറയുന്ന അനുഭവ് സിന്‍ഹയുടെ ആര്‍ട്ടിക്ക്ള്‍ 15 എന്ന സിനിമയില്‍ പോലും ബ്രാഹ്മണനായ ഒരു 'രക്ഷകന്‍' ആവശ്യമായി വരുന്നുണ്ട്. അതുപോലെ ഈ അടുത്തിടെ ഏറെ ശ്രദ്ധയും വിവാദങ്ങളും ക്ഷണിച്ച അവിനാഷ് അരുണും പ്രോസിത രോയും സംവിധാനം ചെയ്ത പാതാള്‍ ലോക് എന്ന വെബ് സീരീസും പ്രമുഖനായ ഒരു ദലിത് കഥാപാത്രത്തെ ഉയര്‍ത്തിക്കാണിക്കുന്നതില്‍ പരാജയപ്പെടുകയാണ്. ജാതിയുടെ ഇരുണ്ട വശങ്ങളെയും കീഴാള ജാതിക്കാരുടെ ജീവിതങ്ങളെയും കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും ഒരു ദലിതനെ കേന്ദ്ര കഥാപാത്രിമാക്കിക്കൊണ്ട് പതിവു തെറ്റിക്കാന്‍ സീരീസിന് സാധിച്ചിട്ടില്ല. അങ്ങനെ ശ്രമിച്ചാല്‍ തന്നെ മേല്‍ജാതിക്കാരുടെ കഥാപാത്രങ്ങള്‍ക്ക് ലഭിച്ച അത്രയും ശ്രദ്ധ കിട്ടുന്ന രീതിയില്‍ ഇവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എഴുത്തുകാര്‍ക്ക് സാധിക്കുന്നുമില്ല.

ദേശീയ മാധ്യമ അജണ്ടയുടെ സ്ഥിരം വേട്ടമൃഗങ്ങള്‍

പ്രശസ്ത വിമര്‍ശകന്‍ റെനെ ജിറാഡ് 'സ്‌കേപ്ഗോട്ട്' എന്ന പുസ്തകത്തില്‍ 'വേട്ടയാടല്‍' (ജലൃലെരൗശേീി) എങ്ങനെ സംഘടിത ഹിംസയുടെ പരിണിതഫലമാവുന്നു എന്ന് വിശദീകരിക്കുന്നുണ്ട്. വലിയ തിന്മകളെ തടയാന്‍ വേണ്ടി ഒരു വഴി കണ്ടെത്തുകയാണ് സമൂഹം ഇത്തരം വേട്ടമൃഗങ്ങളെ സൃഷ്ടിച്ചുകൊണ്ട് ചെയ്യുന്നത്. ഇരകളെ തേടിപ്പിടിച്ച് കൊണ്ടു വന്ന് സമൂഹത്തിന്റെ ഐക്യം നിലനിര്‍ത്താന്‍ ഇവരെ ബലി കൊടുക്കേണ്ടതുണ്ടെന്ന് വിശ്വസിപ്പിക്കുന്ന രീതിയിലുള്ള അവതരണമായിരിക്കും നടക്കുക. എല്ലാ 'ശത്രുക്കളെയും' പൂര്‍ണമായി ഉന്മൂലനം ചെയ്യണമെന്ന ആധുനിക യുദ്ധതന്ത്രവുമായി ഇതിനെ ബന്ധിപ്പിക്കുന്നതോടെ ഹിംസയും സമൂഹത്തിന്റെ തകര്‍ച്ചയും ഭയക്കുന്ന ജനം ഒരു പൊതുശത്രുവിനെതിരെ തിരിയുന്നു. ഇതിലൂടെ അക്രമി വിഭാഗത്തിനിടയില്‍ സാമൂഹിക ഐക്യം സ്ഥാപിക്കപ്പെടുന്നു. സമൂഹത്തിലെ ശാന്തിക്കും സമാധാനത്തിനും നിലനില്‍പ്പിനും വേണ്ടി ഈ ഇരയെ കൊല്ലുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്യേണ്ടത് ആവശ്യമാണെന്ന പൊതുധാരണ വൈകാതെ സൃഷ്ടിക്കപ്പെടുന്നു. ഇത് സാധ്യമാകണമെങ്കില്‍ ഇരയാക്കപ്പെടുന്ന വിഭാഗം നിരപരാധികളാണെന്ന ധാരണ നിലനില്‍ക്കാന്‍ പാടില്ല. സംഘടിത ഹിംസ സാധ്യമാകണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ച് അറിവില്ലായ്മ നടിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെയാണ് ഇങ്ങനെയൊരു ഹിംസ അരങ്ങേറുന്നത്. എന്നാല്‍ ഈ വിഷയത്തെപ്പറ്റി ഗൗരവതരമായ ഒരു ചര്‍ച്ചയും അരങ്ങേറില്ല. 'മതിയായ കാരണങ്ങളില്ലാതെയോ ഒരു കാരണവുമില്ലാതെയോ ആണ് തങ്ങള്‍ ഇരയെ തെരഞ്ഞെടുത്തത് എന്ന് വേട്ടക്കാരായ വിഭാഗം മനസ്സിലാക്കുന്നില്ല' എന്നും ജിറാഡ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇന്ത്യന്‍ മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഇങ്ങനെയൊരു 'വേട്ടസംസ്‌കാര'ത്തെ പിന്തുണക്കുന്നവരാണ്. തുടക്കകാലം മുതല്‍ തന്നെ രാജ്യത്തിന്റെ തനിമ നശിപ്പിക്കാന്‍ ശ്രമിച്ച 'വിദേശികളും' 'അധിനിവേശക്കാരു'മാണ് മുസ്‌ലിംകളെന്ന ചിന്ത കുറേ കാലങ്ങളായി ഇന്ത്യയിലെ വലിയൊരു വിഭാഗത്തിന്റെയും പൊതുബോധ മനസ്സില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഉന്മൂലനം ചെയ്യപ്പെടേണ്ട ജനവിഭാഗമാണ് മുസ്‌ലിംകള്‍ എന്ന  പൊതുധാരണ സൃഷ്ടിക്കപ്പെടുന്നതോടെ അവരെ തുടച്ചുനീക്കണമെന്ന ഫാഷിസ്റ്റ് പദ്ധതിക്ക് അന്തരീക്ഷമൊരുങ്ങുന്നു. ജിഹാദ് നടത്തുന്ന, രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന അപരന്മാരായി മുസ്‌ലിംകളെ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതും ഈ അജണ്ടയുടെ ഭാഗമായാണ്. വ്യാജ വാര്‍ത്തകള്‍ സ്ഥിരമായി പടച്ചുവിട്ടുകൊണ്ട് ജനങ്ങളുടെ മനസ്സില്‍ മുസ്‌ലിംകള്‍ കുറ്റവാളികളാണെന്ന ചിന്ത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. ഇതോടെ ഫാഷിസത്തിന്റെ ഇരകളായിട്ടുള്ള താഴേ തട്ടിലുള്ള മറ്റു ജനവിഭാഗങ്ങള്‍ വരെ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയെ പിന്തുണക്കാന്‍ തുടങ്ങുന്നു. എല്ലാവര്‍ക്കും 'ഭീഷണി'യായ ഒരു 'പൊതുശത്രു'വിനെ സൃഷ്ടിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.
ആഴ്ചകള്‍ക്ക് മുമ്പ് കേരളത്തില്‍ ഒരു ആന ചത്ത സംഭവമാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. സംഭവം നടന്നത് പാലക്കാടിനു പകരം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്താണെന്ന് ചില മാധ്യമങ്ങള്‍ അനായാസം പ്രചരിപ്പിച്ചു. തൊട്ടു പിന്നാലെ തന്നെ മനേകാ ഗാന്ധി മലപ്പുറത്തെ 'ഏറ്റവും അക്രമാസക്തരായവരുടെ ജില്ല'യായി മുദ്ര കുത്തി പ്രസ്താവനയിറക്കി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം ജനിപ്പിച്ച് അതു വഴി ഫാഷിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ വ്യക്തമായി വരച്ചുകാട്ടുന്ന  സംഭവമാണിത്.
അതേസമയം ദലിതുകളും ആദിവാസികളും ബഹുജനങ്ങളുമടങ്ങുന്ന കീഴാള വിഭാഗങ്ങളെ സൗകര്യപൂര്‍വം അവഗണിക്കുന്നതിലൂടെ ഭരണകൂടവും മേലാള വിഭാഗങ്ങളും തമ്മിലുള്ള ബന്ധവും ഊട്ടിയുറപ്പിക്കപ്പെടുകയാണ്. സമൂഹത്തിലെ ഈ വിഭാഗം ജനങ്ങള്‍ 'അശുദ്ധരാ'ണെന്ന ധാരണ പതിയെ പൊതുമനസ്സുകളിലേക്ക് മാധ്യമങ്ങള്‍ കുത്തിയിറക്കുന്നുണ്ട്. അവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ വളച്ചൊടിക്കുകയും സംഭവിച്ച കാര്യത്തില്‍ അവര്‍ക്കാണ് ഉത്തരവാദിത്തമെന്ന് സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു. അവരെ 'അക്രമാസക്തരായ, അസംസ്‌കൃതരായ ആള്‍ക്കൂട്ടങ്ങളാ'യി ചിത്രീകരിച്ചു കൊണ്ട് അവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.
ഇങ്ങനെ ജാതീയ - വര്‍ഗീയ പക്ഷപാതിത്വങ്ങളെ യാതൊരു മാനുഷിക പരിഗണനകളുമില്ലാതെ പ്രചരിപ്പിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന തീവ്രദേശീയവാദികളുടെ ശ്രമങ്ങള്‍ക്ക് പിന്തുണയേകുകയാണ്. അരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്കു നേരെ അക്രമം അഴിച്ചുവിടുന്ന സര്‍ക്കാറുകളെയും മേലാള വിഭാഗങ്ങളെയും അവര്‍ കണ്ടില്ലെന്നു നടിച്ച് മുഖം തിരിക്കുന്നു. ഇതിലൂടെ ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്‌നങ്ങളും പ്രതിസന്ധികളും മറച്ചുവെക്കപ്പെടുകയും തീവ്ര ദേശീയവാദികളുടെ അജണ്ടകള്‍ നടപ്പിലാക്കുന്നതിന് എല്ലാവിധ സഹായങ്ങളൊരുക്കുകയുമാണ് ചെയ്യുന്നത്. 

വിവ: സയാന്‍ ആസിഫ്‌

Comments

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (6-8)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈമാന്‍ രുചിയറിഞ്ഞാസ്വദിക്കുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി