Prabodhanm Weekly

Pages

Search

2020 ജൂലൈ 03

3158

1441 ദുല്‍ഖഅദ് 11

മാധ്യമങ്ങള്‍ രൂപപ്പെടുത്തുന്ന പൊതുജനാഭിപ്രായം

സയ്യിദ് സആദത്തുല്ലാ ഹുസൈനി

പൊതുജനാഭിപ്രായം  രൂപപ്പെടുത്തുന്നതിനെക്കുറിച്ച് നാം മുമ്പൊരു സന്ദര്‍ഭത്തില്‍ (പ്രബോധനം 2019 ഒക്‌ടോബര്‍ 18) എഴുതിയിരുന്നു. വാര്‍ത്താമാധ്യമങ്ങളെ/ മീഡിയയെ മാറ്റിനിര്‍ത്തിക്കൊണ്ട് അതു സംബന്ധമായ ഒരു ചര്‍ച്ചയും പൂര്‍ണമാവില്ല എന്നതാണ് സത്യം. ശരിയാംവിധം പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിന് മീഡിയ എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയിരിക്കണം. വേണ്ടത്ര ശ്രദ്ധ ആ വിഷയത്തില്‍ ഉണ്ടാവുകയും വേണം. നമ്മുടെ വൈജ്ഞാനിക ചര്‍ച്ചകളില്‍ മീഡിയ ഒരു പുതുവിഷയമല്ല. ആ വിഷയത്തില്‍ നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ, വ്യക്തമായ ഒരു നിലയും നിലപാടും അക്കാര്യത്തില്‍ രൂപപ്പെട്ടുവന്നതായി കാണുന്നില്ല.
യൂറോപ്പിലെ വ്യവസായ വിപ്ലവാനന്തരം തന്നെ മീഡിയയുടെ പ്രാധാന്യം വളരെയേറെ വര്‍ധിക്കുകയും പൊതുജനാഭിപ്രായ രൂപവത്കരണത്തില്‍ അത് നിര്‍ണായക പങ്ക് വഹിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തോടെ മീഡിയയുടെ പലവിധ ആവിഷ്‌കാരങ്ങള്‍ (പ്രിന്റ് മീഡിയ, ഓഡിയോ-വീഡിയോ റിക്കാര്‍ഡുകള്‍, സിനിമ, റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്, സെല്‍ ഫോണ്‍) ആയിത്തീര്‍ന്നു പൊതുജനാഭിപ്രായ രൂപവത്കരണത്തിന്റെ നട്ടെല്ല്. ആ പ്രക്രിയയില്‍ മീഡിയയോളം പങ്ക് വഹിക്കുന്ന മറ്റൊന്നും തന്നെയില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ മീഡിയയുടെ മറ്റൊരു ആവിഷ്‌കാരം കൂടി പ്രത്യക്ഷമായിരിക്കുന്നു. പൊതുജനം അതിനെ സോഷ്യല്‍ മീഡിയ എന്ന് വിൡക്കുന്നു; അഥവാ വെബ് 2 (web 2.0). ഈ ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍ വഴി പൊതുജനങ്ങളില്‍ ഏതൊരാള്‍ക്കും സ്വന്തമായി കണ്ടന്റ് നിര്‍മിക്കാനും അത് ധാരാളം കേള്‍വിക്കാരിലും കാഴ്ചക്കാരിലുമെത്തിക്കുവാനും കഴിയുന്നു. ഇന്ന് മീഡിയാ ലോകം അതിന്റെ എട്ടാമത്തെ വന്‍ പ്രോജക്ടിലേക്ക് അതിവേഗം പാഞ്ഞടുക്കുകയാണ്. 'വര്‍ധിത യാഥാര്‍ഥ്യം' (Augmented Reality) എന്നാണ് അതിന് പേരിട്ടിരിക്കുന്നത്.1 ഹോളോഗ്രാം (Hologram), ഹോളന്‍സ് (Holons) തുടങ്ങിയ സാങ്കേതിക വിദ്യകളുടെ വികസിത രൂപങ്ങള്‍ ഉപയോഗിച്ച് നാം ഉണ്ടാക്കുന്ന മീഡിയാ കണ്ടന്റുകളെ ഒരു ജീവിത യാഥാര്‍ഥ്യം പോലെ (Real Life Experience) അനുഭവിക്കാവുന്ന തലത്തിലേക്ക് ഇത് വഴി ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയും. മീഡിയ നിര്‍മിക്കുന്ന ഈ സാങ്കല്‍പിക ലോകം മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളെയും ശക്തമായി സ്വാധീനിക്കും; അവന്റെ/അവളുടെ അബോധ മനസ്സ് വരെ ഈ സാങ്കല്‍പിക ലോകത്തിന്റെ ഭാഗമാവുമെന്നാണ് പറയുന്നത്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ലഭ്യമായിട്ടുള്ള ഇന്‍സ്റ്റഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഈ പുതിയ ലോകത്തേക്കുള്ള ചുവടുവെപ്പുകളാണ്. ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്, 'ഓഗ്‌മെന്റഡ് റിയാലിറ്റി'യുടെ വരവോടെ ഇന്റര്‍നെറ്റ് കൂടുതല്‍ ശക്തമായി ജനജീവിതത്തില്‍ പിടിമുറുക്കുമെന്നും അതുണ്ടാക്കുന്ന സാമൂഹിക, മാനസിക പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കുമെന്നുമാണ്.2 മീഡിയാ രംഗത്ത് വരാനിരിക്കുന്ന വികാസങ്ങളെക്കുറിച്ച് പറഞ്ഞത്, അതുയര്‍ത്തുന്ന വെല്ലുവിളികള്‍ എത്ര കടുത്തതായിരിക്കുമെന്ന് സൂചിപ്പിക്കാനാണ്. നമ്മുടെ മുഴുശ്രദ്ധയും ആവശ്യപ്പെടുന്ന ഒരു മേഖലയാണ് ഇതെന്നര്‍ഥം. ഇത്രയധികം ശ്രദ്ധ മീഡിയാ മേഖലയില്‍ നമുക്ക് പതിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ ശരിയായ രീതിയില്‍ പൊതുജനാഭിപ്രായം രൂപവത്കരിക്കാന്‍ നമുക്കിന്ന് കഴിയില്ല; ഭാവിയില്‍ ഒട്ടും കഴിയില്ല.
സാമൂഹിക വശീകരണം (Social Persuation) എന്നതാണ് ജനകീയ മാധ്യമങ്ങളുടെ ഏറ്റവും വലിയ ശക്തി. മീഡിയ മനുഷ്യരുടെ സാമൂഹിക ബന്ധങ്ങളെ വളരെയേറെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാവുമെന്നതിനാല്‍ എഴുത്തും വായനയും വശമുള്ളവരെ മീഡിയ വല്ലാതെ അലസരാക്കി മാറ്റിയിരിക്കുന്നു. തങ്ങള്‍ക്ക് ചുറ്റും എന്തു നടക്കുന്നുവെന്ന് അവര്‍ നേരിട്ടറിയാന്‍ ശ്രമിക്കുന്നില്ല; അത്രയധികം അവര്‍ മീഡിയക്ക് വഴിപ്പെട്ടുപോയിരിക്കുന്നു. തങ്ങളുടെ ഗല്ലിയില്‍ നടക്കുന്ന കൊലപാതകമോ അയല്‍വാസികളുടെ വര്‍ത്തമാനങ്ങളോ ഒക്കെ പത്രങ്ങളിലൂടെയോ ടി.വിയിലൂടെയോ അറിയേണ്ടി വരുന്ന സംഭവങ്ങള്‍ നഗരങ്ങളില്‍ വര്‍ധിച്ചുവരികയാണ്. ജനങ്ങള്‍ എന്തൊക്കെ അറിയണം, എന്തൊക്കെ അറിയരുത്, ഏതേതിനൊക്കെ പ്രാധാന്യം നല്‍കണം, ഏതേതിന് പ്രാധാന്യം നല്‍കിക്കൂടാ, ജനം ഏതെല്ലാം കാര്യങ്ങള്‍ ചിന്തിക്കണം, ഏതെല്ലാം ചിന്തിക്കരുത് ഇതൊക്കെ മീഡിയ തന്നെ തീരുമാനിക്കുന്ന ഗുരുതര സാഹചര്യമാണ് ഇന്നുള്ളത്. ഇതിന്റെ ഫലമെന്താണെന്ന് ചോദിച്ചാല്‍ തെറ്റേത്, ശരിയേത് എന്ന ജനങ്ങളുടെ മൂല്യനിര്‍ണയം (Value Judgement)  മീഡിയ വഴിയായിത്തീരുന്നു എന്നതാണ്. ആരുടെ കൈയില്‍ മീഡിയ ഉണ്ടോ, ജനാഭിപ്രായം നിയന്ത്രിക്കാനുള്ള ലൈസന്‍സ് അവരുടെ കൈവശമായിരിക്കും. സോഷ്യല്‍ മീഡിയ സജീവമാകുന്നതിനു മുമ്പ് മീഡിയ പൊതുവെ ഭരണകൂടത്തിന്റെയോ മൂലധന ശക്തികളുടെയോ കൈകളിലായിരുന്നു. പൊതുജനാഭിപ്രായ രൂപവത്കരണത്തിലും അവ ശക്തമായി ഇടപെട്ടു.
ജനാധിപത്യ സമൂഹങ്ങളില്‍ മീഡിയ പ്രത്യക്ഷത്തില്‍ സ്വതന്ത്രമാണ്. പക്ഷേ നോം ചോംസ്‌കിയും മറ്റു പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിച്ചതുപോലെ, മുന്‍കാല ജനാധിപത്യ സമൂഹങ്ങളിലുള്ളതിനേക്കാള്‍ ഇപ്പോഴുള്ള ജനാധിപത്യ സമൂഹങ്ങളില്‍ മീഡിയയുടെ നിയന്ത്രണം വളരെ ശക്തമാണ്. അമേരിക്കന്‍ മീഡിയയെക്കുറിച്ച് ചോംസ്‌കിയുടെ നിരീക്ഷണം കാണുക: ''ഏതെങ്കിലും ഏകാധിപത്യ രാജ്യത്തെ മീഡിയ പ്രവര്‍ത്തിക്കുന്നതുപോലെയല്ല അമേരിക്കന്‍ മീഡിയ പ്രവര്‍ത്തിക്കുന്നത്. അവിടെ ചൂട് പിടിച്ച ചര്‍ച്ചകളും നിരൂപണവും നടക്കുന്നു. ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാമെന്ന് മാത്രമല്ല അതിന് നല്ല പിന്തുണയും കിട്ടുന്നു. പക്ഷേ ഒരു ഉപാധിയുണ്ട്. അതായത് അമേരിക്കയിലെ വരേണ്യ വിഭാഗത്തിന് അഭിപ്രായ സമന്വയമുള്ള (Elite Consensus) തത്ത്വങ്ങളിലും സങ്കല്‍പങ്ങളിലും ഊന്നിനിന്നേ അത്തരം ചര്‍ച്ചകളും സംവാദങ്ങളും നടക്കാവൂ. ഈ വരേണ്യ സമവായം എത്രത്തോളം ശക്തമാണെന്ന് ചോദിച്ചാല്‍, ഈ സമവായ തത്ത്വങ്ങള്‍ അംഗീകരിച്ചുകൊണ്ടേ ഏതൊരാള്‍ക്കും ആ ചര്‍ച്ചകളില്‍ ഭാഗഭാക്കാകാനാകൂ.''3 അമേരിക്കയിലെ ഈ പ്രോപഗണ്ടാ മോഡല്‍ മീഡിയ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തുടര്‍ന്ന് ചോംസ്‌കി വിശദീകരിക്കുന്നുണ്ട്. നേരത്തേ പറഞ്ഞ സമവായ തത്ത്വങ്ങള്‍ക്കനുസരിച്ചാണ് ഏതൊക്കെ വിഷയങ്ങള്‍ തെരഞ്ഞെടുക്കണമെന്നും അതില്‍ ഏതൊക്കെ ഇഷ്യുകള്‍ ഉയര്‍ത്തിക്കൊണ്ടു വരണമെന്നും അവര്‍ തീരുമാനിക്കുക. ഏതൊക്കെ വിഷയങ്ങളാണ് ഒച്ചയും ബഹളവുമുണ്ടാക്കി പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് എന്നവര്‍ക്ക് അറിയാം. ഏതൊരു വിഷയവും ചര്‍ച്ച ചെയ്യുമ്പോഴും തങ്ങളിട്ട അതിര്‍ത്തി വരമ്പുകള്‍ക്കപ്പുറം അവ പോകില്ലെന്നും അവര്‍ ഉറപ്പു വരുത്തിയിരിക്കും.4
ഒരു സമൂഹത്തില്‍ മീഡിയയുടെ സ്വാധീനം വര്‍ധിക്കുന്നതിനനുസരിച്ച്, സ്ഥിതിഗതികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമുള്ള യഥാര്‍ഥ കാഴ്ച ആ സമുഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കും. സംഭവങ്ങളെയും ചലനങ്ങളെയും വ്യക്തി സ്വന്തം നിലക്ക് മനസ്സിലാക്കുകയല്ല, ബാഹ്യശക്തികള്‍ ഇടപെട്ട് കൃത്രിമമായ കാഴ്ചയും നിലപാടുകളും ആ വ്യക്തിക്കായി സന്നിവേശിപ്പിക്കുകയാണ് ചെയ്യുക. അപ്പോള്‍ എല്ലാ സംഭവങ്ങള്‍ക്കും മീഡിയ ഉദ്ദേശിച്ച വിധത്തിലുള്ള വര്‍ണം കൈവരും. അതിനാല്‍ പ്രത്യക്ഷത്തില്‍ മീഡിയ സ്വതന്ത്രമായിരിക്കുമ്പോള്‍ തന്നെ, അതിന്റെ ഹൃദയം ഒരു ബാഹ്യശക്തിക്ക് കീഴ്‌പ്പെട്ടിരിക്കും. 'അല്ലാഹുവേ, സത്യത്തെ ഞങ്ങള്‍ക്ക് സത്യമായി കാണിച്ചു തരേണമേ, ആ സത്യത്തെ പിന്തുടരാന്‍ ഉതവി നല്‍കേണമേ, അസത്യത്തെ ഞങ്ങള്‍ക്ക് അസത്യമായി കാണിച്ചു തരേണമേ, അതിനെ കൈയൊഴിയാന്‍ ഞങ്ങള്‍ക്ക് ഉതവി നല്‍കേണമേ' എന്ന പ്രാര്‍ഥനയില്‍ എന്ത് അനുഗ്രഹമാണോ നാം അഭിലഷിക്കുന്നത്, അത് മീഡിയാബാധയേറ്റ സമൂഹത്തില്‍ നമുക്ക് നിഷേധിക്കപ്പെടുമെന്നര്‍ഥം.
വിവരങ്ങളുടെ മേല്‍, പൊതുജനാഭിപ്രായങ്ങളുടെ മേല്‍ മീഡിയ നേടിയിരിക്കുന്ന അസാധാരണമായ ഈ നിയന്ത്രണം നവീന സംസ്‌കൃതിയുടെ ശാപങ്ങളിലൊന്നാണ്. മുന്‍കാലങ്ങളിലെ അതിക്രമികളായ ഭരണാധികാരികള്‍ക്ക് തങ്ങളുടെ സ്വേഛാധിപത്യം കൊണ്ട് പൂര്‍ണമായി നേടാന്‍ കഴിയാത്തത് പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ മീഡിയക്ക് എളുപ്പത്തില്‍ എത്തിപ്പിടിക്കാന്‍ കഴിയുന്നു. അതേസമയം പ്രത്യക്ഷത്തില്‍ ജനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനുമാകുന്നു.

 

മീഡിയയും സാംസ്‌കാരിക അധിനിവേശവും

മീഡിയാ കടന്നാക്രമണം അല്ലെങ്കില്‍ അതിന്റെ കണ്‍ട്രോള്‍ സിസ്റ്റം ദൈനംദിന രാഷ്ട്രീയത്തില്‍ പരിമിതമാണ് എന്ന പൊതുധാരണ നിലനില്‍ക്കുന്നുണ്ട്. അന്നന്നത്തെ രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങള്‍ മീഡിയയുടെ പ്രധാന ഉന്നങ്ങളിലൊന്നാണെങ്കിലും, ആദര്‍ശപരവും സാംസ്‌കാരികവുമായ ചില അടിത്തറകളും അതിനു പിന്നിലുണ്ട്. മീഡിയയെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയാല്‍ പാശ്ചാത്യ മൂല്യങ്ങളും ജീവിത വീക്ഷണവും പെട്ടെന്ന് പിടികൊടുക്കാത്ത രീതിയില്‍ അത് പ്രസരിപ്പിക്കുന്നതായി കാണാം. നിഷ്‌കളങ്കരും ശുദ്ധമാനസരുമായ കുട്ടികളിലേക്ക് കാര്‍ട്ടൂണുകളിലൂടെ യാതൊരു നിയന്ത്രണവുമില്ലാത്ത ആണ്‍-പെണ്‍ ഇടകലരിന്റെയും പരസ്യചുംബനത്തിന്റെയുമൊക്കെ സംസ്‌കാരം കടത്തിവിടാന്‍ കഴിയും. ആഴത്തില്‍ വേരുകളിറക്കുന്ന ഒരു സാംസ്‌കാരികാധിനിവേശം കൂടിയാണല്ലോ അത്. ഹിജാബ് വസ്ത്രധാരണാ രീതി മീഡിയയിലൂടെ നിരന്തരം കടന്നാക്രമണത്തിന് വിധേയമാക്കപ്പെടുമ്പോള്‍, മര്‍ദിച്ചൊതുക്കപ്പെടുന്ന സ്ത്രീത്വത്തിന്റെയും പുരുഷമേധാവിത്വത്തിന്റെയും പ്രതീകമായി അത് മുദ്രകുത്തപ്പെടുന്നു. ലോകത്താകമാനമുള്ള ഭീകരതക്ക് ഒരു മുഖ്യകാരണം ഇസ്‌ലാമിന്റെ സ്തംഭങ്ങളിലൊന്നായ ജിഹാദാണെന്ന് ചിത്രീകരിക്കപ്പെടുന്നു. എന്നല്ല, ജിഹാദ് എന്നോ ജിഹാദി എന്നോ പറഞ്ഞാല്‍ അത് ഭീകരതയുടെ പര്യായമാണെന്ന് പോലും മീഡിയ വരുത്തിത്തീര്‍ത്തിരിക്കുന്നു. നഗ്നത മറയ്ക്കുകയാണ് വസ്ത്രധാരണത്തിന്റെ ഒരു ലക്ഷ്യമായി ഖുര്‍ആന്‍ എടുത്തു പറയുന്നത് (അല്‍അഅ്‌റാഫ്: 26). എന്നാല്‍ മീഡിയ അവതരിപ്പിക്കുന്ന വസ്ത്രധാരണത്തിന് സൗന്ദര്യപ്രദര്‍ശനമോ സ്റ്റാറ്റസ് വെളിപ്പെടുത്തലോ പുതിയ ഫാഷന്‍ പരിചയപ്പെടുത്തലോ ഒക്കെയാണ് ലക്ഷ്യം. വസ്ത്രധാരണത്തിന്റെ മുഖ്യലക്ഷ്യം നഗ്നത മറയ്ക്കലാണെന്ന് പഠിപ്പിക്കപ്പെടുന്ന മുസ്‌ലിംകള്‍ പോലും മീഡിയാ കാഴ്ചകളാല്‍ സ്വാധീനിക്കപ്പെട്ട് അതിലൊന്നും വലിയ കാര്യമില്ലെന്ന മനോഭാവത്തില്‍ എത്തിപ്പെടുന്നു. നഗ്നതാ പ്രദര്‍ശനമോ അത്തരം ലജ്ജാഹീനതകളോ ക്രമേണ ക്രമേണ അവരെ അലട്ടാതാവും. അവര്‍ തങ്ങളുടെ തനതായ സാംസ്‌കാരിക ചുറ്റുവട്ടങ്ങളില്‍നിന്ന് അകന്നുമാറി, മീഡിയ സൃഷ്ടിക്കുന്ന കൃത്രിമ സാംസ്‌കാരിക ഭൂമികയില്‍ ജീവിക്കാനും അതിന്റെ സ്വാധീനങ്ങള്‍ ഏറ്റുവാങ്ങാനും നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. അവരുടെ സാംസ്‌കാരികബോധം, രാഷ്ട്രീയ വീക്ഷണങ്ങള്‍, സാമ്പത്തിക കാഴ്ചപ്പാടുകള്‍, ജീവിത രീതി ഇതൊക്കെ മീഡിയ നിര്‍മിച്ചെടുത്ത കൃത്രിമ സംസ്‌കാരത്തിന്റെ/പാശ്ചാത്യ സംസ്‌കാരത്തിന്റേതായിരിക്കും. നമ്മുടെ രാജ്യത്തെ മീഡിയ ചെയ്തുകൊണ്ടിരിക്കുന്നതും ഇതല്ലാതെ മറ്റൊന്നല്ല. വലതു പക്ഷ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക അജണ്ടകളാണ് അതു വഴി നടപ്പാക്കപ്പെടുന്നത്. ലോക മീഡിയയെ അപേക്ഷിച്ച് നമ്മുടെ മീഡിയ കൂടുതല്‍ ഹിംസാത്മകവും സ്വേഛാപരവുമാണ് എന്ന് പറയേണ്ടിവരും. ഓഗ്‌മെന്റഡ് റിയാലിറ്റി മീഡിയ കൂടി വന്നുകഴിയുമ്പോഴേക്ക് വെല്ലുവിളി എത്രമാത്രം സങ്കീര്‍ണമായിത്തീരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
വിശുദ്ധ ഖുര്‍ആനില്‍ നള്‌റുബ്‌നു ഹാരിസ് എന്ന ഒരു വ്യക്തിയെപ്പറ്റി സൂചനയുണ്ട്. സത്യദീനില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കാന്‍ വേണ്ടി 'വശീകരണ വര്‍ത്തമാനങ്ങളു'(ലഹ്‌വുല്‍ ഹദീസ്)മായി വരുന്ന ഒരാള്‍. ''ജനങ്ങളില്‍ ചിലരുണ്ട്. അവര്‍ വശീകരണ വര്‍ത്തമാനങ്ങള്‍ വിലയ്ക്ക് വാങ്ങുന്നു; ഒരു വിവരവുമില്ലാതെ ജനത്തെ ദൈവമാര്‍ഗത്തില്‍നിന്ന് വഴിതെറ്റിച്ചു കളയാന്‍ വേണ്ടി'' (ലുഖ്മാന്‍: 6). നമ്മുടെ എന്റര്‍ടെയ്ന്റ്‌മെന്റ് മീഡിയയെ ഒന്നു പഠിച്ചു നോക്കിയാല്‍ അത് പുതിയ കാലത്തെ നള്‌റുബ്‌നു ഹാരിസാണെന്ന് കണ്ടെത്താന്‍ ഒരു പ്രയാസവുമില്ല. ഈ വിനോദ ചാനലുകള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങളില്‍ മോഡലുകളായി ചില സെലിബ്രിറ്റികളെ പ്രതിഷ്ഠിക്കുന്നു. സിനിമാ താരങ്ങളോ ഗുസ്തിയിലെ സൂപ്പര്‍ സ്റ്റാറുകളോ ഒക്കെ ആയിത്തീരുന്നു അവരുടെ റോള്‍ മോഡലുകള്‍. ജീവനില്ലാത്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാവും പലപ്പോഴും കുട്ടികളുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും രൂപപ്പെടുക. ഇതൊരു ചില്ലറക്കാര്യമല്ല എന്നാണ് പറഞ്ഞുവരുന്നത്. വ്യക്തിത്വ വികാസത്തെ അടിമേല്‍ മറിച്ചിടുന്ന പ്രതിഭാസമാണിത്.
ചില ഗവേഷകര്‍ പറയുന്നത്,5 മീഡിയ ഇടപെടുന്ന മിക്ക സമൂഹങ്ങളിലും കള്ളം പറച്ചില്‍ തികച്ചും സ്വാഭാവികമായി മാറും എന്നാണ്. കേള്‍ക്കുന്നതൊക്കെ കള്ളമാണെന്ന് അറിഞ്ഞിട്ടും ആ കള്ളത്തെ ആസ്പദിച്ചായിരിക്കും ജനം തങ്ങളുടെ നിലപാടുകള്‍ രൂപവത്കരിക്കുക. അതില്‍ യാതൊരു അസ്വാഭാവികതയും അവര്‍ കാണുകയില്ല. ഇസ്രായേല്‍ സമൂഹം ധാര്‍മികമായി അധഃപതിച്ച ഘട്ടത്തില്‍ അവരുടെ ഒരു സ്വഭാവവിശേഷം ഖുര്‍ആന്‍ ഇങ്ങനെ ചിത്രീകരിക്കുന്നുണ്ട്: ''കള്ളം കേട്ടുകേട്ടേയിരിക്കുന്നവരും നിഷിദ്ധം തിന്നുതിന്നേയിരിക്കുന്നവരും'' (സമ്മാഊന ലില്‍ കദിബ്, അക്കാലൂന ലിസ്സുഹ്ത്ത് - അല്‍മാഇദ: 42). ഇവിടെ 'സമ്മാഅ്' (കള്ളം ധാരാളമായി കേള്‍ക്കുന്നവര്‍) എന്നത് ഭാഷാപരമായി തീവ്രതയെയും പെരുക്കത്തെയും (മുഗാലബ) കുറിക്കുന്ന പ്രയോഗമാണ്. അതായത് കള്ളത്തെ കള്ളമാണ് എന്നറിഞ്ഞുകൊണ്ടു തന്നെ അവര്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നു. അങ്ങനെയത് തീര്‍ത്തും സ്വാഭാവികമായ ഒന്നായി മാറുന്നു. ഇത് ഏതൊരു സമൂഹത്തിന്റെയും മനസ്സാക്ഷിയുടെ മരണമാണ്. അതിനാല്‍ വാര്‍ത്തകള്‍ ശരിയായ രീതിയില്‍ കിട്ടുന്നില്ല, ചില മൂല്യങ്ങള്‍ക്ക് കോട്ടം സംഭവിക്കുന്നു, പൊതുജനാഭിപ്രായം രൂപപ്പെടുന്നത് തെറ്റായ രൂപത്തിലാണ് എന്നിങ്ങനെയുള്ള ചില കാര്യങ്ങളില്‍ മാത്രമായി നമുക്ക് മീഡിയാ ആലോചനകളെ ഒതുക്കാന്‍ കഴിയില്ല. ഒരു സമ്പൂര്‍ണ സാംസ്‌കാരിക അട്ടിമറി തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. കേവലം ചിന്ത മാറുകയല്ല, ചിന്താരീതിയുടെ അടിത്തറ തന്നെ മാറ്റപ്പെടുകയാണ്. സത്താമീമാംസ (Ontology)യെയും മൂല്യവ്യവസ്ഥ (Axiology)യെയും തകിടം മറിക്കുന്ന മാറ്റങ്ങള്‍. അത് വ്യക്തിയുടെയും സമൂഹത്തിന്റെയും മനോനിലയെത്തന്നെ ആകെ മാറ്റിമറിക്കും. അത് ജനാഭിപ്രായങ്ങളെ സ്വാധീനിക്കുക മാത്രമല്ല, ജനാഭിപ്രായ രൂപവത്കരണത്തിന്റെ പുതിയ മാതൃകാരൂപങ്ങള്‍ (Pardigms) ക്ക് ജന്മം നല്‍കുകയും ചെയ്യുന്നു.
പൊതുജനാഭിപ്രായം രൂപവത്കരിക്കുന്നതിന് നാം എത്രയധികം മീഡിയാ മേഖലയില്‍ ശ്രദ്ധയൂന്നേണ്ടതുണ്ടെന്നും, മീഡിയാ പ്രോജക്ടുകള്‍ എത്രത്തോളം അനിവാര്യമായിത്തീര്‍ന്നിരിക്കുന്നുവെന്നും ബോധ്യപ്പെടുത്താനാണ് ഇങ്ങനെയൊരു ലഘുവിവരണം നല്‍കിയത്.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ ഈ അവസ്ഥക്ക് മാറ്റം വരുത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. സോഷ്യല്‍ മീഡിയ പലനിലക്കും മെയ്ന്‍സ്ട്രീം (മുഖ്യധാര) മീഡിയയില്‍നിന്ന് വ്യത്യസ്തമാണ്. മുഖ്യധാരാ മാധ്യമങ്ങളില്‍ ഉള്ളതു പോലുള്ള രാഷ്ട്രീയ-മൂലധന ശക്തികളുടെ നിയന്ത്രണം സോഷ്യല്‍ മീഡിയയില്‍ ഇല്ല എന്നതാണ് ഒരു പ്രധാന വ്യത്യാസം.
കഴിഞ്ഞ മൂന്നു നാല് പതിറ്റാണ്ടുകളായി ഇസ്‌ലാമിന്റെ വക്താക്കള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്, മുഖ്യധാര മൂലധനശക്തികളുടെ പിടിയിലാണ് എന്നത്. സാമ്രാജ്യത്വ മൂലധന ശക്തികള്‍ തങ്ങളുടെ സഞ്ചാര പാതയിലെ വിലങ്ങുതടിയായാണ് ഇസ്‌ലാമിനെ കാണുന്നത്. തങ്ങള്‍ അധീനപ്പെടുത്തിയിട്ടുള്ള ടി.വി, റേഡിയോ, പത്രങ്ങള്‍ തുടങ്ങിയവയെ ഈ ഇസ്‌ലാംവിരുദ്ധ നീക്കങ്ങള്‍ക്കായി അവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ തങ്ങളുടെ നിലപാടുകള്‍ പൊതുജനസമക്ഷം സമര്‍പ്പിക്കാനുള്ള മാധ്യമ സംവിധാനങ്ങളൊന്നും ഇസ്‌ലാമിന്റെ വക്താക്കളുടെ കൈകളില്ല. അത്തരം സാമ്പത്തിക ബാധ്യതകള്‍ അവര്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ്. ആവര്‍ത്തിക്കപ്പെടുന്ന ഈ പരാതിക്ക് അന്ത്യം കുറിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ എന്ന് പറയാം. നിര്‍മാതാക്കള്‍/ഉപഭോക്താക്കള്‍ എന്നിങ്ങനെയുള്ള വിഭജനം മീഡിയാ ലോകത്ത് അവസാനിച്ചിരിക്കുന്നു. മുന്‍കാലങ്ങളില്‍ ഒരു വിഭാഗമാളുകള്‍ മീഡിയയിലൂടെ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കും. ബാക്കിയുള്ളവരൊക്കെ അതിന്റെ കേള്‍വിക്കാര്‍ മാത്രം. നല്ല പിടിപാടും സ്വാധീനവുമുള്ളവര്‍ എഴുതിക്കൊണ്ടിരിക്കും. ബാക്കിയുള്ളവര്‍ ആ എഴുത്തുകളുടെ വായനക്കാര്‍ മാത്രം. അതായത് കുറച്ചാളുകള്‍ മീഡിയാ ഉള്ളടക്കത്തിന്റെ നിര്‍മാതാക്കളും മറ്റുള്ളവരെല്ലാം അതിന്റെ ഉപഭോക്താക്കളും. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഈ അടിത്തട്ട്-മേല്‍ത്തട്ട് വ്യത്യാസങ്ങളെ പൊളിച്ചടുക്കുകയാണ് ചെയ്തത്. ഇന്ന് ഓരോ മനുഷ്യന്റെ കൈയിലും മീഡിയ ഉണ്ട്. വിവരങ്ങളുടെയും മീഡിയാ കണ്ടന്റുകളുടെയും നിര്‍മാതാക്കളും ഉപഭോക്താക്കളും രണ്ട് കൂട്ടരല്ല. ഓരോ ഉപഭോക്താവും നിര്‍മാതാവായി പരിണമിച്ചിരിക്കുന്നു. ഒരു വീട്ടമ്മക്ക് തന്റെ അടുക്കളയിലിരുന്ന് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഉള്ളടക്കങ്ങള്‍ തയാറാക്കാനാകുന്നു. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിക്ക് തന്റെ ടാബ് ഉപയോഗിച്ച് ലോകത്തെ പ്രകമ്പനം കൊള്ളിക്കുന്ന വീഡിയോ നിര്‍മിക്കാന്‍ കഴിയുന്നു. ലക്ഷങ്ങള്‍ പൊടിച്ച് സംഘടിപ്പിക്കപ്പെടുന്ന വാര്‍ത്താ സമ്മേളനത്തേക്കാള്‍, ഒരു ദരിദ്രനാരായണന്റെ ട്വീറ്റിന് ജനപ്രിയതയേറുന്നു. ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഒരു പെണ്‍കുട്ടിക്ക് ഒരു വിപ്ലവത്തിന് തന്നെ തുടക്കം കുറിക്കാനാകുന്നു. ഈ പുതിയ ലോകത്ത് ഓരോ വ്യക്തിയും റിപ്പോര്‍ട്ടറുമാണ്, എഡിറ്ററുമാണ്. ഇങ്ങനെ വിവരങ്ങളെ കുത്തകവത്കരിക്കാന്‍ ആര്‍ക്കും കഴിയാതെ വരുന്നു. ഓരോ വ്യക്തിയും അന്വേഷകനായി മാറുന്നു. ആ അന്വേഷണ ഫലങ്ങള്‍ പുറത്തു വിടുന്നത് തടയാന്‍ ഒരാള്‍ക്കും കഴിയില്ല. ചിന്തകള്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും തടയണ കെട്ടാന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടുകയേയുള്ളൂ.
ഇന്ന് ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം ഏകദേശം രണ്ടര ബില്യന്‍ ആണ്. അതായത് ഫേസ്ബുക്കിനെ ഒരു രാഷ്ട്രമായി സങ്കല്‍പിച്ചാല്‍ ലോകത്തെ ഏറ്റവും വലിയ രാഷ്ട്രം അതായിരിക്കും. ഇത്ര വലിയ ജനസഞ്ചയത്തിലേക്ക് ഒരു സന്ദേശമെത്തിക്കുക ഇന്ന് വളരെ എളുപ്പമാണെന്നര്‍ഥം. സോഷ്യല്‍ മീഡിയ ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കിയിരിക്കുകയാണ്. നല്‍കുന്ന സന്ദേശം ശക്തവും ആര്‍ജവവുമുള്ളതാണെങ്കില്‍ പണത്തിന്റെയോ പരമ്പരാഗത മാധ്യമങ്ങളുടെയോ പിന്‍ബലമില്ലെങ്കിലും അത് എത്തേണ്ടിടത്ത് എത്തുകയും സ്വാധീനം ചെലുത്തുകയും ചെയ്യും. ഇത് ഇസ്‌ലാമിന്റെ വക്താക്കള്‍ക്ക് വലിയൊരു അവസരമാണ് തുറന്നിട്ടിരിക്കുന്നത്. ഇസ്‌ലാമിന്റെ വക്താക്കളുടെ യഥാര്‍ഥ ശക്തി അവരുടെ സന്ദേശത്തിന്റെ ശക്തിയാണ്. അവരുടെ കൈയിലുള്ളത് ദൈവിക സന്ദേശമാണ്. അത് പതിന്മടങ്ങ് ശക്തിയോടെയും ഫലപ്രാപ്തിയോടെയും ജനങ്ങളിലേക്കെത്തിക്കാനുള്ള അവസരമാണ് തുറക്കപ്പെട്ടിരിക്കുന്നത്. ഇങ്ങനെ വലിയൊരു മാറ്റം നടന്നു കഴിഞ്ഞ സ്ഥിതിക്ക് മീഡിയക്ക് ഇസ്‌ലാമിനോടുള്ള സമീപനത്തില്‍ മാറ്റം വരും എന്ന് നാം പ്രതീക്ഷിക്കുമെങ്കിലും, പക്ഷേ അങ്ങനെ സംഭവിച്ചില്ല. അത് എന്തുകൊണ്ട് എന്ന് വിശദീകരിക്കുന്നുണ്ട്. ഇന്ന് മീഡിയ മുമ്പത്തേക്കാളേറെ ഇസ്‌ലാംവിരുദ്ധമാവുകയാണ് ചെയ്തിട്ടുള്ളത്. ഇത് എന്തുകൊണ്ട് എന്നത് നമ്മുടെ സവിശേഷ ശ്രദ്ധയും പരിഗണനയും ആവശ്യപ്പെടുന്നു.
പക്ഷേ, ഈ വിഷയത്തില്‍ ക്രമേണയെങ്കിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ അക്രമാസക്തമാവുന്നത് ഫാഷിസ്റ്റ് ഏകാധിപത്യ ശക്തികള്‍ പലനിലക്ക് അതില്‍ പിടിമുറുക്കുന്നതുകൊണ്ടാണ്. ചിന്താ മാതൃകകള്‍ മാറ്റുന്നതിനെ (Pardigm shift)  കുറിച്ച് നാം സൂചിപ്പിച്ചുവല്ലോ. അതിന് ഇന്ന് ലഭ്യമായിട്ടുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങള്‍ സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും തന്നെയാണ്. മെയ്ന്‍സ്ട്രീം മീഡിയക്കെതിരെ അനന്ത സാധ്യതകളുള്ള പ്രവിശാല മേഖലയാണ് തുറന്നുകിട്ടിയിരിക്കുന്നത്. ഇത് സാധാരണക്കാരനും ഉപയോഗിക്കും, ഫാഷിസ്റ്റ് ശക്തികളും ഉപയോഗിക്കും. കള്ളവാര്‍ത്തകള്‍ മാത്രമല്ല കള്ള വീഡിയോകള്‍ പ്രചരിപ്പിക്കാനും ഇന്ന് എളുപ്പമാണ്. അവക്ക് ജനസ്വീകാര്യത ലഭിക്കുകയും ചെയ്യും. വിവിധ വിജ്ഞാന ശാഖകളുടെ ഇടകലരലിലൂടെയും പാഠാന്തര സമ്പര്‍ക്കങ്ങളിലൂടെയും സാങ്കേതിക മേഖലയില്‍ വികസിച്ചു വരുന്ന Perception Engineering, Perception Management തുടങ്ങിയ ആശയങ്ങളാണ് ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും മുഖമുദ്രകളായി മാറുന്നത്. ഇതിന്റെയൊക്കെ സഹായത്തോടെ ഐ.ടി വിദഗ്ധര്‍ ഉല്‍പ്പന്നങ്ങളും രാഷ്ട്രീയ-പ്രത്യയശാസ്ത്ര നിലപാടുകളും വളരെ ഫലപ്രദമായ രീതിയില്‍ ജനങ്ങളിലേക്കെത്തിക്കുന്നു.

ഇസ്‌ലാമും മീഡിയയും കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലത്ത്

ഇസ്‌ലാമുമായി മീഡിയ നടത്തുന്ന യുദ്ധത്തിന് കുറച്ചധികം പഴക്കമുണ്ട്. എഡ്വേഡ് സൈദ് തന്റെ പ്രശസ്തമായ കൃതിയില്‍6 മീഡിയ എങ്ങനെയാണ് ലോകത്താകമാനം ഇസ്‌ലാമിനെക്കുറിച്ച് നിഷേധാത്മകമായ അഭിപ്രായങ്ങള്‍ സൃഷ്ടിച്ചുവിടുന്നതെന്ന് ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. സൈദിന്റ ആ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷം ലോകം ഒരുപാട് മാറിയിട്ടുണ്ട്. ഇപ്പോഴാകട്ടെ ഇസ്‌ലാമിനെതിരെയുള്ള കടന്നാക്രമണങ്ങള്‍ മുമ്പത്തേക്കാളേറെ ശക്തവുമാണ്. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇന്റര്‍നെറ്റിന് തുടക്കം കുറിക്കപ്പെടുമ്പോള്‍ ഈ സ്വതന്ത്ര മീഡിയയില്‍ ഇസ്‌ലാമിന്റെ വക്താക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവുമെന്നും തങ്ങളുടെ ചിന്തകള്‍ കൊണ്ടും ആവിഷ്‌കാരം കൊണ്ടും ക്രിയാത്മകമായി അതിനെ സ്വാധീനിക്കാനാവുമെന്നുമാണ് കരുതപ്പെട്ടിരുന്നത്. തുടക്കത്തില്‍ അതിന്റെ സൂചനകള്‍ കാണുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് ഇസ്‌ലാമിനെ പോസിറ്റീവായി അവതരിപ്പിക്കുന്നവരുടെ സ്വരം ദുര്‍ബലമാവുകയും ഇസ്‌ലാമോഫോബുകളുടെയും ഇസ്‌ലാംവിരുദ്ധരുടെയും പഠനങ്ങള്‍ മേല്‍ക്കൈ നേടുകയും ചെയ്തു. ചുരുക്കം പറഞ്ഞാല്‍ ഇസ്‌ലാമിനെക്കുറിച്ച് നിഷേധാത്മക ചിന്തകള്‍ തന്നെ പ്രചരിപ്പിക്കാനുള്ള മാധ്യമങ്ങളായി ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും മാറുകയാണുണ്ടായത്.7 ഇതൊക്കെ എത്ര ആസൂത്രിതമായാണ് നടത്തപ്പെട്ടിരുന്നത് എന്നതിനെക്കുറിച്ച് പഠനങ്ങള്‍ വന്നിട്ടുണ്ട്.8 നമ്മുടെ നാട്ടിലും എത്ര ശക്തവും വ്യവസ്ഥാപിതവുമായാണ് ഇസ്‌ലാം വിരുദ്ധശക്തികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആ പഠനങ്ങള്‍ നമുക്ക് പറഞ്ഞുതരും.   
ഇത്തരം പ്രചാരണങ്ങളെ നേരിടാന്‍ തുടക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇസ്‌ലാമിന്റെ വക്താക്കളായി വളരെ കുറച്ച് പേരേ ഉണ്ടായിരുന്നുള്ളൂ. ആ സാന്നിധ്യം ഒട്ടും മതിയായതായിരുന്നില്ല. സാന്നിധ്യമറിയിക്കുന്നവര്‍ തന്നെ വിഷയം വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നുമില്ല. അറിവോ ശിക്ഷണമോ ലഭിച്ചിട്ടില്ലാത്ത ഒരു സംഘം ചെറുപ്പക്കാരുടെ സോഷ്യല്‍ മീഡിയാ ആക്ടിവിസം ആര്‍ക്കും പ്രയോജനം ചെയ്യുന്നുണ്ടായിരുന്നില്ല. വിഷയം കാര്യ ഗൗരവത്തിലെടുത്തിരുന്ന പലരും ക്ഷമാപണ മനസ്സുള്ളവരോ പ്രതിരോധത്തില്‍ മാത്രം ഊന്നുന്നവരോ ആയിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളില്‍ പോലും വിട്ടുവീഴ്ച ചെയ്യാന്‍ അത്തരക്കാര്‍ ഒരുക്കമായിരുന്നു. പരിഹാസ്യമാംവിധമുള്ള അവരുടെ ഈ ദാസ്യ മനോഭാവം ഇസ്‌ലാമിന് ഏല്‍പ്പിച്ചിരുന്ന പരിക്കുകള്‍ കുറച്ചൊന്നുമായിരുന്നില്ല. ഇതൊക്കെ ഇസ്‌ലാംവിരുദ്ധരുടെ നിലപാടുകള്‍ക്ക് ശക്തി പകരുക മാത്രമാണ് ചെയ്തത്; ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുകയും.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമായ മറ്റൊരു കൂട്ടരുണ്ട്. ആത്യന്തിക നിലപാടുകാര്‍. ഇസ്‌ലാമിന് അന്യമായ തീവ്രതയാണ് അവരുടെ മുഖമുദ്ര. ഫിഖ്ഹീ നിലപാടുകളില്‍ കടുംപിടിത്തം, മദ്ഹബ് പക്ഷപാതിത്വം. മുസ്‌ലിംകളല്ലാത്ത ജനവിഭാഗങ്ങളുടെ കാര്യത്തില്‍ സൗമ്യമല്ല അവരുടെ നിലപാടുകള്‍. ഡയലോഗിന് (സംവാദം) പകരം അവര്‍ മോണോലോഗ് (സ്വയം ഭാഷണം) ആണ് തെരഞ്ഞെടുക്കുക. അഭിസംബോധിതരുടെ ചിന്താവികാരങ്ങളൊന്നും പരിഗണിക്കുക പോലും ചെയ്യാതെ അവര്‍ തങ്ങള്‍ക്ക് പറയാനുള്ളത് അടിച്ചേല്‍പ്പിക്കുന്ന ശൈലിയില്‍ പറഞ്ഞുകൊണ്ടേയിരിക്കും. സത്യം പറഞ്ഞാല്‍ ഇസ്‌ലാമിന്റെ എതിരാളികള്‍ ആഗ്രഹിക്കുന്ന വിധത്തിലാണ് ഇക്കൂട്ടര്‍ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക പ്രബോധനത്തിന്റെ പ്രതിഛായക്ക് വലിയ കോട്ടം വരുത്തിവെക്കും ഇവരുടെ പ്രവര്‍ത്തനങ്ങള്‍. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഇസ്‌ലാമിനെക്കുറിച്ച് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രതിലോമകരമായ ധാരണകളെ അരക്കിട്ടുറപ്പിക്കുകയാണ് ഇവര്‍.
ഇങ്ങനെ നോക്കിയാല്‍, ഇസ്‌ലാം സംരക്ഷകരായി പലരും രംഗത്തുണ്ടെങ്കിലും ഇസ്‌ലാമിന്റെ മധ്യമനിലപാടുകളെയും നാഗരിക വീക്ഷണങ്ങളെയും സയുക്തികമായി പ്രതിനിധീകരിക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ തുലോം കുറവാണെന്നു കാണാം. മേല്‍പ്പറഞ്ഞ തരത്തിലുള്ള ബഹളങ്ങളില്‍ ഈ യഥാര്‍ഥ പ്രതിനിധാനം മുങ്ങിപ്പോവുകയും ചെയ്യുന്നു. അടുത്ത കാലങ്ങളിലായി പല നാടുകളിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ കടുത്ത വിലക്കുകള്‍ നേരിടുന്നതും യഥാര്‍ഥ പ്രതിനിധാനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അവര്‍ ആരംഭിച്ച പല വെബ് സൈറ്റുകളും നിര്‍ത്തുകയോ നിര്‍ത്തിവെക്കപ്പെടുകയോ ചെയ്തു. ഇത്തരമൊരു പശ്ചാത്തലത്തില്‍  നടന്നുവരുന്ന സോഷ്യല്‍ മീഡിയാ ആക്ടിവിസത്തില്‍ കാതലായ മാറ്റം കൊണ്ടു വരേണ്ടത് എത്രയും അടിയന്തര പ്രാധാന്യമുള്ള ഉത്തരവാദിത്തമാണെന്ന് പറയേണ്ടതില്ലല്ലോ.
പൊതുജനാഭിപ്രായം രൂപവത്കരിക്കുന്നതിന് വാര്‍ത്താ മാധ്യമങ്ങള്‍ കൂടാതെ കഴിയില്ലെന്ന് മേല്‍വിവരണത്തില്‍നിന്ന് ഏതൊരാള്‍ക്കും ബോധ്യമാകും. പക്ഷേ അത്തരം മാധ്യമങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരിക എന്നത് വളരെയേറെ വെല്ലുവിളി നിറഞ്ഞതാണ്. അതിനൊക്കെയുള്ള സമയം വല്ലാതെ വൈകിക്കഴിഞ്ഞിരിക്കുന്നു. കാലം വളരെ മുമ്പിലെത്തി; നാം വളരെ പിറകെയും. മീഡിയയെ കുറിച്ച് പറയുമ്പോഴേക്ക് ദിനപത്രം തുടങ്ങാം, ചാനല്‍ തുടങ്ങാം എന്നൊക്കെ ആളുകള്‍ അഭിപ്രായം പറയും. അതെത്ര മാത്രം വലിയ വെല്ലുവിളിയാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അതൊക്കെയും അനിവാര്യതകളില്‍ പെടുന്നതാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. പക്ഷേ താരതമ്യേന എളുപ്പത്തില്‍, വേഗത്തില്‍ നമുക്ക് ചെയ്യാവുന്ന വേറെ ചില കാര്യങ്ങളുണ്ട്. വലിയ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാന്‍ അവക്ക് സാധിക്കുകയും ചെയ്യും:

1- മീഡിയാ പ്രവര്‍ത്തനത്തിന് കഴിവും യോഗ്യതയുമുള്ള വ്യക്തികളെ വളര്‍ത്തിയെടുക്കുക എന്നതാണ് പരമപ്രധാനം. വിവിധ ഭാഷകളില്‍ എഴുതാനും വാര്‍ത്തകള്‍ അവതരിപ്പിക്കാനും കഴിയുന്നവര്‍. പുതിയ കാലത്തെ മീഡിയയിലേക്ക് വരുമ്പോള്‍ വീഡിയോ, ഗ്രാഫിക്‌സ്, മൈം, ഫിലിം, കാര്‍ട്ടൂണ്‍, കോമഡി, ഡോക്യുമെന്ററി ഇങ്ങനെ പലവിധ ആവിഷ്‌കാരങ്ങളില്‍ കഴിവുറ്റവര്‍ ഉണ്ടായിവരണം. ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ ഇങ്ങനെയൊരു ടീമിനെ നമുക്ക് സംഭാവന ചെയ്യാന്‍ കഴിയണം.

2- സോഷ്യല്‍ മീഡിയയെ പറ്റിയും മറ്റും വലിയ ഒച്ചപ്പാടുകള്‍ സമുദായത്തില്‍ നടക്കുന്നുണ്ട്. പക്ഷേ ആ വിഷയത്തില്‍ ഗൗരവതരമായ ഒരു നീക്കവും നടന്നുകാണുന്നുമില്ല. സമുദായത്തിലെ ഉത്തരവാദപ്പെട്ടവര്‍ക്ക് അക്കാര്യത്തില്‍ ശ്രദ്ധയില്ല എന്നതാണ് കാരണം. രാജ്യത്തെ ബഹുജനങ്ങളുമായി സംവദിക്കാന്‍ പുതിയ മീഡിയാ സാധ്യതകളെ ഉപയോഗിക്കണമെന്ന ചിന്തയുമില്ല. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ ഇന്ന് സോഷ്യല്‍ മീഡിയയെ വേണ്ടവണ്ണം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയെ പ്രയോജനപ്പെടുത്തുന്നതില്‍ സമുദായ നേതാക്കളും പണ്ഡിതന്മാരും വളരെ പിന്നിലാണെന്ന് പറയേണ്ടി വരുന്നു. വളരെ നിരാശാജനകമാണ് ഈ സ്ഥിതിവിശേഷം.  ഇക്കൂട്ടരില്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ എത്രയുണ്ടെന്ന് ചോദിച്ചാല്‍ പലേടത്തു നിന്നും പൂജ്യം എന്നേ ഉത്തരം കിട്ടൂ. സമൂഹത്തെ സ്വാധീനിക്കുന്നവരും അവര്‍ക്ക് നേതൃത്വം നല്‍കുന്നവരും സോഷ്യല്‍ മീഡിയാ ആക്ടിവിസത്തില്‍നിന്ന് മാറിനിന്നാല്‍ ആ മേഖലയില്‍ സജീവമായ യുവാക്കള്‍ക്ക് കൃത്യവും സന്തുലിതവുമായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ ആരാണുണ്ടാവുക!

3- സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കേണ്ട ഭാഷയും ശൈലിയുമേത് എന്നത് ഒരു സുപ്രധാന ചോദ്യമാണ്. നവീന കമ്യൂണിക്കേഷന്‍ സയന്‍സ് ചര്‍ച്ച ചെയ്യുന്ന ഒരു പ്രവണതയുണ്ട്. ഒരു വിഷയത്തെക്കുറിച്ച ചര്‍ച്ചയില്‍ എന്തെല്ലാം അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും ഉയര്‍ന്നുവന്നാലും ഓരോ വിഭാഗവും ചര്‍ച്ചയുടെ തുടക്കത്തില്‍ ഏതഭിപ്രായത്തിലാണോ ഉണ്ടായിരുന്നത് അതില്‍ തന്നെയായിരിക്കും അവര്‍ നിലകൊള്ളുക. എന്നല്ല, തങ്ങളുടെ പഴയ അഭിപ്രായത്തില്‍ അവര്‍ക്ക് ശാഠ്യബുദ്ധി കൂടിയിട്ടുള്ളതായും കാണാം; തങ്ങളുടെ അഭിപ്രായത്തിനെതിരെ എത്രയധികം തെളിവുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും. ഇതിന് സാമൂഹിക ശാസ്ത്രത്തില്‍ നിലപാട് ധ്രുവീകരണം (Attitude Polarization)  എന്നാണ് പറയുക. ഈയൊരു മനഃസ്ഥിതിയിലെത്തിയ വിഭാഗങ്ങള്‍ ഓരോ സംഭവത്തെയും തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കുകയാണ് ചെയ്യുക. ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ അര്‍ഥവത്തായ സംവാദത്തിനുള്ള സാധ്യതകളൊന്നും പിന്നെ നിലനില്‍ക്കുകയില്ല. കൊണ്ടുവരുന്ന എതിര്‍തെളിവുകളെല്ലാം മറുപക്ഷത്തിന്റെ നിലപാടിനെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുക.9 ഉദാഹരണത്തിന് സി.എ.എ വിരുദ്ധ പ്രക്ഷോഭമെടുക്കുക. ഇത് നാട്ടിലെ നിയമ വ്യവസ്ഥക്ക് എതിരാണെന്ന് പ്രക്ഷോഭകര്‍ സമര്‍ഥിക്കുന്നു. പക്ഷേ, സി.ഐ.എ അനുകൂലികളുടെ നിലയെന്താണെന്ന് നോക്കൂ. ആ നിയമം രാജ്യതാല്‍പര്യത്തിന് വേണ്ടിയാണെന്ന അവരുടെ അഭിപ്രായം കുറേക്കൂടി അരക്കിട്ടുറപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇസ്‌ലാമിനെക്കുറിച്ച ഏത് ചര്‍ച്ചക്കും ആഗോളതലത്തില്‍ ഈയൊരു പൊതു സ്വഭാവമുണ്ട്. നമ്മുടെ രാജ്യത്തും സ്ഥിതി വ്യത്യസ്തമല്ല. അതിനാല്‍ വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്നത്, സോഷ്യല്‍ മീഡിയയിലും മറ്റും ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവര്‍ വളരെ കടുത്ത ഭാഷയില്‍, വൈകാരികമായി പ്രതികരിക്കട്ടെ എന്നാണ്. ഈ പ്രതികരണം തീവ്രമാകുന്നതിനനുസരിച്ച് തങ്ങളുടെ നിലപാടിന് സ്വീകാര്യത വര്‍ധിക്കുമെന്നും വര്‍ഗീയ ശക്തികള്‍ കണക്കുകൂട്ടുന്നു. ഇതിനുള്ള പ്രതിവിധി ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവര്‍ മിണ്ടാതിരിക്കുകയോ ക്ഷമാപണ സ്വരത്തില്‍ സംസാരിക്കുകയോ അല്ല. നിലപാട് ധ്രുവീകരണം ഉണ്ടാകാത്ത വിധത്തിലുള്ള പ്രതികരണശൈലികള്‍ ആവിഷ്‌കരിക്കുക എന്നതാണ്. ഇതേക്കുറിച്ച് കുറച്ചധികം പറയാനുണ്ട്. അത് മറ്റൊരവസരത്തിലാകട്ടെ.

4- പല രീതിയില്‍ ചിന്തിക്കുന്ന, പലതരം സ്വത്വതാല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവര്‍ നമ്മുടെ രാജ്യത്തുണ്ട്. പൊതുജനാഭിപ്രായം രൂപവത്കരിക്കുന്നതിന്റെ ഭാഗമായി ഇവര്‍ക്കു വേണ്ടി  ഒരൊറ്റ ഭാഷയില്‍, ഒരൊറ്റ ഡിസ്‌കോഴ്‌സില്‍ ഇടപെട്ടാല്‍ മതിയാവുകയില്ല. വിവരവിനിമയ ശാസ്ത്രത്തില്‍ ഇതൊരു ചര്‍ച്ചയാണ്. ജനസഞ്ചയത്തെ ഒറ്റൊന്നായി കാണാതെ പലതായി കാണുന്നു (Demassification) എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മീഡിയയുടെ പ്രത്യേകത.10 അതായത് സമൂഹത്തെ ഒരൊറ്റ ജനസഞ്ചയമായല്ല, പല പല വിഭാഗങ്ങളായി കണ്ട് അഭിസംബോധന ചെയ്യേണ്ടി വരും. ഏതാനും വര്‍ഷങ്ങള്‍ക്കകം മീഡിയയില്‍ ഉണ്ടായ അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ നാം കാണുന്നുണ്ടല്ലോ. പൊതുസമൂഹത്തെ ഒരൊറ്റ യൂനിറ്റായി അഭിസംബോധന ചെയ്യുന്ന രീതി (Broadcasting)  ആയിരുന്നു മുമ്പുണ്ടായിരുന്നത്. ഇപ്പോഴത് ഓരോ വിഭാഗത്തെയും പ്രത്യേകം പ്രത്യേകമായി അഭിസംബോധന ചെയ്യുന്ന രീതിയിലേക്ക് (Narrow Casting)  മാറിയിരിക്കുന്നു. കുട്ടികള്‍ക്ക് വേറെ, സ്ത്രീകള്‍ക്ക് വേറെ, ഗ്രാമീണര്‍ക്ക് വേറെ, നഗരവാസികള്‍ക്ക് വേറെ, വിവിധ ആശയങ്ങളും സ്വത്വ താല്‍പര്യങ്ങളും വെച്ചുപുലര്‍ത്തുന്നവര്‍ക്കും വെവ്വേറെ. ഇനി ഒരേ ഗ്രൂപ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും ഉര്‍ദുവിലും പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങള്‍ നോക്കുക. എല്ലാം വ്യത്യസ്തമായിരിക്കും. ഇപ്പോള്‍ മീഡിയ മറ്റൊരു ഘട്ടത്തിലേക്ക് കൂടി കടക്കുകയാണ്. കമ്യൂണിക്കേഷന്‍ സയന്‍സില്‍ അത് 'അമിത വ്യക്തിവല്‍ക്കരണം' (Hyperperosnalisation)  എന്നാണ് അറിയപ്പെടുന്നത്. അതായത് ഓരോ വ്യക്തിയുടെയും അഭിരുചികളും താല്‍പ്പര്യങ്ങളും മുന്‍ഗണനകളും നോക്കി അയാള്‍ക്ക് മാത്രമായി മീഡിയാ കണ്ടന്റുകള്‍ നല്‍കുന്ന സംവിധാനം. നെഗ്രപോണ്ടിയെപ്പോലുള്ള ചിന്തകര്‍ ഈ അവസ്ഥ നേരത്തേ പ്രവചിച്ചിട്ടുണ്ട്. ഏറെ വൈകാതെ മീഡിയ ഓരോ വ്യക്തിക്കും അയാള്‍ക്ക് മാത്രമായ പത്രം (Daily Me) നല്‍കിത്തുടങ്ങും എന്നാണ് അദ്ദേഹം എഴുതിയത്.11 നേരത്തേ പറഞ്ഞ വരാനിരിക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ കാലത്തുള്ള മീഡിയ ഒരുപക്ഷേ ഇതുപോലെയൊക്കെ തന്നെയായിരിക്കും.
പലതരം ഗ്രൂപ്പ് തിരിയലുകളുണ്ട് നമ്മുടെ രാജ്യത്ത്. സംഘ്പരിവാര്‍ / സംഘ്പരിവാര്‍ വിരുദ്ധര്‍ എന്നതാണ് അതിലൊന്ന്. വലതുപക്ഷ വംശീയ തീവ്ര ഗ്രൂപ്പുകള്‍ തന്നെ പലതുണ്ട്. സെക്യുലര്‍ എന്ന് വിളിക്കപ്പെടുന്ന പലതരം കൂട്ടായ്മകള്‍. പിന്നെ എണ്ണമറ്റ ദലിത്, ആദിവാസി, മറ്റു പിന്നാക്ക വിഭാഗങ്ങള്‍. ഈ സാമൂഹിക യാഥാര്‍ഥ്യങ്ങളൊന്നും ശരിയായ രീതിയില്‍ മനസ്സിലാക്കാതെയോ ഉള്‍ക്കൊള്ളാതെയോ ഉണ്ടാക്കുന്ന മീഡിയാ സ്ട്രാറ്റജി പൊതുജനാഭിപ്രായം രൂപവത്കരിക്കുന്നതില്‍ പരാജയമായിരിക്കുമെന്ന് പറയേണ്ടതില്ല. ഇത്തരം വ്യത്യാസങ്ങള്‍ ചിലപ്പോഴെങ്കിലും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ പോലും മനസ്സിലാക്കാതെ പോകുന്നു. സംഘടനാ റിപ്പോര്‍ട്ടുകള്‍ വളരെ ആവേശത്തോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവരെക്കുറിച്ചാണ് പറയുന്നത്. നേരത്തേ പറഞ്ഞ Narrow Casting-നെക്കുറിച്ച് ബോധമില്ലാത്തതുകൊണ്ടാണിത്.
നാരോ കാസ്റ്റിംഗിന്റെയും ഹൈപ്പര്‍ പേഴ്‌സണലൈസേഷന്റെയും കാലത്ത് നമുക്ക് അഭിസംബോധിതരുടെ ചിന്തകളെ മാത്രമല്ല, വികാരങ്ങളെയും അഭിസംബോധന ചെയ്യേണ്ടി വരും. വിവിധ ജനവിഭാഗങ്ങളുടെ ചരിത്രവും കാഴ്ചപ്പാടുകളും ആഴത്തില്‍ പഠിക്കേണ്ടി വരും. അവരുടെ വിശ്വാസാചാരങ്ങളെയും അവര്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുള്ള രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങളെയും വിശകലനം ചെയ്യേണ്ടതായും വരും. അപ്പോള്‍ മാത്രമാണ് മീഡിയാ പ്രവര്‍ത്തനം ഗൗരവപൂര്‍ണവും സാര്‍ഥകവുമാകുന്നത്. 

കുറിപ്പുകള്‍

1.    John Peddle: Augmented Reality - Where Will All Live (2017), pp 128 - 140
2.    അതിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം വായിക്കുക: Mel Salter (edited): The Impact of Virtual and  Augmented Reality on Individuals and Society; Frontiers Media, October 2019
3.    Edward S. Herman and Noam Chomsky - Manufacturnig Consent: The Political Economy of Mass Media (2002), P 302
4.    വിശദാംശങ്ങള്‍ക്ക് 3-ാം നമ്പറില്‍ പറഞ്ഞ പുസ്തകം നോക്കുക
5.    Dorota Probucka - Truth and Lies in Journalism; in Ethics & Bioethics (in Central Europe ), 2018
6.    Said Edward W- Covering Islam: How the media experts determine how we see the rest of the world (Random House), 1997
7.    Chao En - Chieh: The - Truth - About - Islam.com: Ordinary theories of racism and cyber Islamophobia, Critical Sociology (2015)
8.    Ekman Mattias - Oneline Islamophobia  and the Politics of Fear: Manufacturing the Green Scare. Ethnic and Racial Studies
9.    Juan Durba & Jean Pierre Benoit - Attitude Polarization: Theory and Evidence (2015)
10.    Chaffee S.H and Metzeger MJ - The End of Mass Communication, Mass Communication and Society
11-.    Negroponte- Being Digital, Knopf, New York (1995)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (6-8)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈമാന്‍ രുചിയറിഞ്ഞാസ്വദിക്കുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി