Prabodhanm Weekly

Pages

Search

2020 ജൂണ്‍ 26

3157

1441 ദുല്‍ഖഅദ് 04

സി.കെ സൈനുദ്ദീന്‍

റഹ്മാന്‍ മധുരക്കുഴി

ജീവിതാന്ത്യം വരെ ഇസ്‌ലാമിക പ്രസ്ഥാനത്തോട് ആത്മബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു വാഴക്കാട് എടവണ്ണപ്പാറയിലെ സി.കെ സൈനുദ്ദീന്‍. ജന്മനാട്ടില്‍ യാഥാസ്ഥിതികത്വം നിറഞ്ഞുനിന്ന കാലത്ത്, പുരോഗമന ചിന്താഗതിക്കാരനായ അദ്ദേഹം ഇസ്‌ലാമിക പ്രവര്‍ത്തകര്‍ എടവണ്ണപ്പാറയില്‍ ആരംഭിച്ച അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയില്‍ തന്റെ കുട്ടികളെ ചേര്‍ത്തു പഠിപ്പിച്ചു. പല രക്ഷിതാക്കളെയും കണ്ട് സംസാരിച്ച് അവരുടെ മക്കളെ ഈ മദ്‌റസയില്‍ ചേര്‍ക്കാന്‍ ഉത്സാഹിച്ചു. അക്കാലത്ത് ധീരമായ നിലപാടായിരുന്നു ഇത്. 
ഞാന്‍ ആദ്യമായി പ്രബോധനം വായിക്കുന്നത് അദ്ദേഹത്തിന്റെ കൈയില്‍നിന്നാണ്. വാഴക്കാട്ടെ സജീവ ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്ന എവറസ്റ്റ് ഇമ്പിച്ചിമോയിയായിരുന്നു അദ്ദേഹത്തിനും ടൈലര്‍ ഉണ്ണിമോയിന്നും പ്രബോധനം കൊടുത്തയച്ചിരുന്നത്. അന്ന് വാഴക്കാട് ഹൈസ്‌കൂളില്‍ പഠിച്ചിരുന്ന, പിന്നീട് കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം പ്രിന്‍സിപ്പലായിരുന്ന കെ.സി ജലീല്‍ മൗലവിയായിരുന്നു വാഴക്കാട്ടു നിന്ന് എടവണ്ണപ്പാറയിലേക്ക് പ്രബോധനം കൊണ്ടുവന്നിരുന്നത്. രണ്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസം ഉണ്ടായിരുന്ന സി.കെ സൈനുദ്ദീന്‍, ഇസ്‌ലാമിക സാഹിത്യങ്ങള്‍ സ്വന്തമാക്കുകയും വായിക്കുകയും ചെയ്യുമായിരുന്നു. വിദ്യാതല്‍പ്പരനായ അദ്ദേഹം, മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കി, അവരെ ഉദ്യോഗസ്ഥരാക്കി. ആദ്യകാലത്ത്, പ്രദേശത്തെ ഏക മുസ്‌ലിം കമ്യൂണിസ്റ്റുകാരന്‍ സി.കെ മോയിന്‍കുട്ടി കമ്യൂണിസത്തോട് വിടപറഞ്ഞ് ഇസ്‌ലാമിക പ്രസ്ഥാനത്തോട് ആഭിമുഖ്യമുളളവനായി മാറിയത് അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചിരുന്നു. രോഗശയ്യയിലാകും വരെ, പളളിയില്‍ സ്ഥിരമായി ജമാഅത്ത് നമസ്‌കാരത്തിന് എത്തുന്നതില്‍ മാതൃകയായിരുന്നു.
ഭാര്യ വട്ടപ്പാറ ഫാത്വിമ. മക്കള്‍: മൈമൂന, സുഹറാബി, നാസര്‍ അഹ്മദ്, സാബിറ, നസീറ.

 

എം. മൊയ്തീന്‍ കോയ

ജമാഅത്തെ ഇസ്‌ലാമിയുടെ പഴയകാല അംഗവും കോഴിക്കോട്ടെ വ്യാപാരപ്രമുഖനുമായിരുന്നു എം.എന്ന് വിളിക്കപ്പെടുന്ന എം. മൊയ്തീന്‍ കോയ സാഹിബ്. പരേതരായ സി.പി.എം അബ്ദുല്‍ ഖാദര്‍ സാഹിബ്, ഇല്ലു ഹാജി, സി. സൈദലവി സാഹിബ്, ഇ.വി ഹുസ്സന്‍ കോയ സാഹിബ്, സി. ഔക്കാക്ക എന്നിവരോടൊപ്പം കോഴിക്കോട്ടെ ജമാഅത്ത് പ്രവര്‍ത്തനങ്ങളില്‍ എം. മൊയ്തീന്‍ കോയ (പുടവ) സാഹിബും സജീവമായിരുന്നു.
വശ്യവും കുലീനവുമായ സ്വഭാവവും സ്‌നേഹം ചാലിച്ച സഹവാസവും വഴി  പ്രസ്ഥാനത്തിനകത്തും പുറത്തും ഒട്ടനവധി സുഹൃത്തുക്കളെ നേടിയിരുന്നു അദ്ദേഹം. ദേഷ്യപ്പെടാത്ത, എല്ലാവരെയും ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രകൃതം. കേരളത്തിലെ ആദ്യകാല ജമാഅത്ത് ഘടകങ്ങളിലൊന്നായിരുന്നു പരപ്പില്‍ പ്രാദേശിക ജമാഅത്ത്. പ്രസ്ഥാന വ്യാപനം ഉദ്ദേശിച്ച് 1985-ല്‍ മാത്തോട്ടത്ത് ഒരു ഇസ്‌ലാമിക് സ്റ്റഡി സര്‍ക്ക്ള്‍ രൂപീകരിക്കാനുള്ള ചുമതല പരപ്പില്‍ ഹല്‍ഖ ഏല്‍പിച്ചത് അദ്ദേഹത്തെയായിരുന്നു.
എം. പ്രസിഡന്റായിരുന്ന പ്രസ്തുത സ്റ്റഡിസര്‍ക്ക്‌ളാണ് പിന്നീട് ബേപ്പൂര്‍, മാത്തോട്ടം, അരക്കിണര്‍, പന്നിയങ്കര എന്നിവിടങ്ങളില്‍ ജമാഅത്ത് ഘടകങ്ങളുണ്ടാവാന്‍ നിമിത്തമായത്. അക്കാലത്തെ കേരളത്തിലെ ഏതാണ്ടെല്ലാ ജമാഅത്ത് നേതാക്കളെയും മാത്തോട്ടം സ്റ്റഡി സര്‍ക്ക്‌ളില്‍ ക്ലാസ്സെടുക്കാന്‍ ക്ഷണിച്ചു കൊണ്ടുവരാന്‍ അദ്ദേഹത്തിന് ആവേശമായിരുന്നു.
സിറ്റി സകാത്ത് കമ്മിറ്റി മുന്‍ സെക്രട്ടറി, മസ്ജിദ് മനാര്‍ കമ്മിറ്റിയംഗം, ലുലു മസ്ജിദ് കമ്മിറ്റിയംഗം, പന്നിയങ്കര പ്രാദേശിക ജമാഅത്ത് അമീര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഒരുപാട് നന്മകളുള്ള ജീവിതം. 
തിരുവണ്ണൂര്‍ ഗവ. യു.പി സ്‌കൂളിന്റെ പിന്‍വശമുള്ള 'ആയിഷാ നിവാസി'ലായിരുന്നു താമസം. ഭാര്യ: പരേതയായ ആയിശബി. മക്കള്‍: എം.എം ശംസുദ്ദീന്‍, യഹ്യ, സകരിയ്യ, സലീം, ശുഹൈബ്, ശറഫുദ്ദീന്‍, സുലൈഖാബി, സുമയ്യ.

മരുമക്കള്‍: നജീബ് (ഫുട്‌ബോള്‍ റഫറി), റിയാസ്.

ശരീഫ് കുറ്റിക്കാട്ടര്‍

 

വാസിം ഉസ്മാന്‍

ന്യൂജന്‍ ഊര്‍ജസ്വലതയും പ്രസരിപ്പും. അതേസമയം ചാപല്യവും ചാഞ്ചാട്ടവും ഇല്ലാത്ത മൂല്യാധിഷ്ഠിത ജീവിതം. ഈയിടെ അകാലത്തില്‍ പൊലിഞ്ഞ തിരൂര്‍ക്കാട് സ്വദേശി വാസിം ഉസ്മാന്‍ എല്ലാം കൊണ്ടും സമപ്രായക്കാരില്‍നിന്ന് വ്യത്യസ്തനായിരുന്നു. 25 വയസ്സ് മാത്രമാണ് പ്രായമെങ്കിലും പക്വതയും വിനയവും ഒത്തുചേര്‍ന്ന ഈ യുവാവിന്റെ നിര്യാണത്തില്‍ നാടും നാട്ടുകാരും നടുങ്ങി. നിസ്സഹായരുടെയും അശരണരുടെയും കൈപിടിക്കാന്‍ മുന്‍പന്തിയിലുണ്ടാവും. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തിരൂര്‍ സീതി സാഹിബ് പോളിടെക്നിക്കിലും കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിലുമായിരുന്നു പഠനം. ഹൈദറാബാദ് ഗേറ്റ് പരീക്ഷയില്‍ മികവോടെ പാസായ ശേഷം എന്‍.ഐ.ടി എഞ്ചിനീയറിംഗ് റൂര്‍ക്കലയിലാണ് എം.ടെക്കിന് പ്രവേശനം ലഭിച്ചത്. സ്പോര്‍ട്സിലും കായികമത്സരങ്ങളിലും അതീവ തല്‍പരനായിരുന്ന വാസിം കോളേജ് ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
പഠന, സ്പോര്‍ട്സ് രംഗങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒഴിവുകാലത്ത് നാട്ടില്‍ വരുമ്പോള്‍  എല്ലാ ജമാഅത്തിനും പള്ളിയില്‍ എത്തിയിരുന്നു. മലര്‍വാടി ബാലസംഘം, ടീന്‍ ഇന്ത്യ, എസ്.ഐ.ഒ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും ക്യാമ്പുകളിലും സജീവമായിരുന്നു. തിരൂര്‍ക്കാട് ഓരോടംപാലത്ത് താമസിക്കുന്ന മുനീര്‍ മുസ്‌ലിയാരകത്ത് പിതാവും ആതിഖ മാതാവുമാണ്.

ടി. അബ്ദുര്‍റഹ്മാന്‍, തിരൂര്‍ക്കാട്

Comments

Other Post

ഹദീസ്‌

നന്മയുടെ താക്കോലാവുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (2-5)
ടി.കെ ഉബൈദ്‌