Prabodhanm Weekly

Pages

Search

2020 ജൂണ്‍ 26

3157

1441 ദുല്‍ഖഅദ് 04

ഇണയും തുണയും: ദാമ്പത്യത്തിന്റെ ഇസ്‌ലാമിക പാഠങ്ങള്‍

ബാബുലാല്‍ ബശീര്‍

മനുഷ്യാവസ്ഥകളിലെ മധുരമാണ് ദാമ്പത്യം. കയ്പ്പ് പോലും മധുരമായി മാറുന്ന, അനിര്‍വചനീയമായ ആത്മബന്ധം. രണ്ടിനെ ഒന്നായി വിളക്കിച്ചേര്‍ക്കുക എന്നതാണത്. ആ രണ്ട് എന്നത് ഒന്നിന്റെ തന്നെ ഘടനാപരമായ വൈജാത്യമാണ്, ദൈവികമായ നടപടിയും. നിങ്ങള്‍ക്ക് നിങ്ങളില്‍നിന്ന് തന്നെ ഇണകളെ സൃഷ്ടിച്ചത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണെന്ന് ഖുര്‍ആന്‍ (സൂറത്തു റൂം 21). ഇസ്ലാമിലെ ദാമ്പത്യ ജീവിതം രഹസ്യമല്ല. വിശുദ്ധ ഖുര്‍ആന്‍ ഒരുപാട് ഇടങ്ങളില്‍ അതിന്റെ രീതിശാസ്ത്രം വരച്ചിട്ടിരിക്കുന്നു. റസൂല്‍ തന്റെ ജീവിതത്തിലൂടെ അതിന്റെ രീതിയും താളവും ലയവും നമുക്ക് പറഞ്ഞു തന്നിരിക്കുന്നു. നാണിക്കേണ്ടിടത്തു അത് കാണിക്കുകയും അത് വേണ്ടാത്തിടത്ത് നാണിക്കാതിരിക്കുകയും ചെയ്യുകയാണ് ഇസ്ലാമിന്റെ രീതി. കൃത്രിമത്വം അതിന് അന്യമാണ്. അത് കൊണ്ട് തന്നെ ദാമ്പത്യത്തിന്റെ എല്ലാ പ്രേമരൂപകങ്ങളെയും ചേതന വറ്റാതെ വരച്ചിടുന്നതാണ് ഖുര്‍ആന്‍ ദാമ്പത്യത്തെ കുറിക്കാന്‍ പ്രയോഗിച്ച ശൈലികള്‍. ആഇശ(റ)യുടെ ഹദീസ് റിപ്പോര്‍ട്ടുകളില്‍, അനുരാഗത്തെയും ലൈംഗികതയെയും കുറിച്ചുള്ള ആഴമുള്ള ഇസ്ലാമിക പാഠങ്ങള്‍ കാണാം.
ദാമ്പത്യത്തെ കുറിക്കാന്‍ ഖുര്‍ആന്‍ പ്രയോഗിച്ച ചില വാക്കുകള്‍ ശ്രദ്ധിക്കുക. മുന്തിരി വള്ളികള്‍ തളിര്‍ത്തു കെട്ടുപിണഞ്ഞു കിടക്കുന്നത് പോലെ ( افضى الى). തരിശായിക്കിടന്ന നിലം മഴക്കാലത്ത് വെള്ളം മൊത്തിക്കുടിച്ച് അതിനുള്ളില്‍ നിന്ന് ചെറിയ നാമ്പുകള്‍ വിടര്‍ന്നു വരുന്നത് പോലെ (نكح). ചായയിടുമ്പോള്‍ സ്പൂണിലെടുത്തിട്ട് ഇത്തിരി പഞ്ചസാര ഇടാറില്ലേ? അലിഞ്ഞലിഞ്ഞ് ഇല്ലാതായി അത് മധുരം എന്ന രൂപമില്ലാത്ത അവസ്ഥയിലേക്ക് മാറാറില്ലേ (زوج)? കനല്‍ കത്താതിരിക്കുമ്പോള്‍ നമുക്ക് ശുണ്ഠി വരും. നമ്മള്‍ ഊതിയൂതി കത്തിക്കും. നല്ലപോലെ കത്തിയാല്‍ വല്ലാത്ത ആശ്വാസമാണ് (حرث النار). പതിരില്ലാത്ത  കതിരുണ്ടാക്കുന്നത് ഏറ്റവും നല്ല കര്‍ഷകനാണ് (حرث الرجل). ബഹളമില്ലാത്ത ഇടങ്ങളിലേക്ക് പോകാന്‍ ഇഷ്ടമില്ലാത്തവര്‍ ആരാണ് (سكن)? മലമുകളിലോ തോട്ടങ്ങളിലോ പ്രേമം പങ്കിടാന്‍ ആഗ്രഹിക്കാത്തവരുണ്ടോ (مودة)?
ഈ പദങ്ങളെല്ലാം അല്ലാഹു വളരെ സൂക്ഷ്മമായി പ്രയോഗിച്ചത് തന്നെയാണ്. അല്ലാഹു മനുഷ്യരുടെ സ്രഷ്ടാവാണ്.  മുന്‍ മാതൃകകള്‍ ഇല്ലാതെ പടക്കുന്നവന്‍. ഹവ്വ ആദമിന്റെ വാരിയെല്ല്  ആയിരുന്നില്ല . പടപടാ മിടിക്കുന്ന ഹൃദയമായിരുന്നു. തന്റെ വികാരവും വിചാരവും പങ്കുവെക്കാന്‍ ആദമിന് അല്ലാഹു സമ്മാനിച്ചത്.  ആദമായിരുന്നു ഹവ്വ, ഹവ്വയായിരുന്നു ആദം. ദാമ്പത്യത്തിനു സിവാജ് ((زواج)  എന്നാണു പറയുക. രണ്ടു വസ്തുക്കള്‍ കൂടിച്ചേര്‍ന്നിട്ട് ഒന്നിനെ മറ്റൊന്നില്‍ നിന്ന് വേര്‍തിരിക്കാനാവാത്ത വിധം തനത് ഗുണം നഷ്ടപ്പെടുത്തി, പുതിയ, എന്നാല്‍ പഴയതിനേക്കാള്‍ മനോഹരമായ മറ്റൊന്നായി മാറുക എന്നതാണ് ആ പദത്തിന്റെ അര്‍ഥം. വെള്ളത്തിലിട്ട പഞ്ചസാര പോലെ, കറിയിലിട്ട ഉപ്പു പോലെ. അശ്ലീലതയുടെ ലവലേശമില്ലാതെ സ്ത്രീ പുരുഷ സംസര്‍ഗത്ത പ്രയോഗിച്ചത് 'അഫ്‌ളാ ബഅ്‌ളുഹും ഇലാ ബഅ്‌ള്' എന്നാണ്. ആല്‍മരത്തിന്റെ വള്ളിപ്പടര്‍പ്പുകള്‍ ഈ പദം നമ്മെ ഓര്‍മപ്പെടുത്തും. വേര്‍പ്പെടുത്താനാവാത്ത വിധം ഒട്ടിച്ചേര്‍ന്ന്. അവളുടെ മിടിപ്പുകള്‍ അവനും അവന്റെ മിടിപ്പുകള്‍ അവളും അറിയുന്നത് ഒരു നീണ്ട യാത്രയില്‍ കൈപിടിക്കാനാണ്. പരസ്പരം താങ്ങാവാനും. തലമുറയുടെ ഉല്‍പാദനത്തെ ഖുര്‍ആന്‍ 'നിസാഉകും ഹര്‍സുന്‍ ലകും' എന്നാണ് പ്രയോഗിച്ചത്. ശ്രദ്ധാപൂര്‍വം നിലം കള പറിച്ചു ഉഴുത് വിത്തിട്ട് പക്ഷികള്‍ കൊത്താതെ ശ്രദ്ധിച്ച് പതിര് മാറ്റി കതിര് കൊയ്യുന്ന പ്രക്രിയയാണത്. നീണ്ട ഗര്‍ഭകാലം കൂടി ഉള്‍ക്കൊള്ളുന്ന ഒന്നാണത്. തണുപ്പുള്ള രാത്രിയില്‍ ഒരല്‍പം തീ കായാന്‍ വേണ്ടി അടുപ്പു പുകക്കുമ്പോള്‍ വിറക് ആളിക്കത്തിക്കുന്ന വെപ്രാളമുണ്ടല്ലോ, അതിനും ഇതേ പദമാണ് ഉപയോഗിച്ചിട്ടുള്ളത്. എല്ലാം അതിലുണ്ട്. എന്നാല്‍ മോശമായൊന്നുമില്ല. അതാണ് വിശുദ്ധ വേദത്തിന്റെ സംബോധനാ രീതി. മര്‍മത്തിലാണത്  കൈവെക്കുന്നത്. ബാക്കിയുള്ളവരെല്ലാം കണ്‍കെട്ട് വിദ്യകളാണ് പറഞ്ഞു തരുന്നത്.
ദാമ്പത്യത്തിനു പ്രായമില്ല. ഇസ്ലാമില്‍ ബുലൂഗ് എത്തുക എന്നാണതിനു പറയുക. ബുദ്ധിയും വിവേകവും ഉണ്ടാവുക എന്നതാണത്. വീട്ടുകാരുടെ  മനസ്സമാധാനത്തിനു വേണ്ടി എന്നത് രണ്ടാമത്തെ മുന്‍ഗണന മാത്രമാണ്. ഒരല്‍പം കൂട്ടിപ്പറഞ്ഞത് പുരുഷന് പെണ്ണിനെ പോറ്റാന്‍ കഴിയണം എന്നതാണ്.  "باءة'' (ശാരീരിക, സാമ്പത്തിക കഴിവ്) അഥവാ പോറ്റുക എന്നാല്‍ സകല സൗകര്യങ്ങളും എന്നത് തെറ്റിദ്ധാരണയാണ്. അവിടെയാണ് വിവാഹങ്ങളുടെ മാനദണ്ഡം മാറിപ്പോകുന്നത്. കുടുംബം, സൗന്ദര്യം, സമ്പത്ത് ഇവ പരസ്പരം പരിഗണിക്കുന്നത് ഭാവിയിലെ കല്ലുകടി ഒഴിവാക്കുന്നതിന് നല്ലതു തന്നെയാണ്. പക്ഷേ, നാം കാണുന്ന കല്ലുകടികള്‍ കൂടുതലും ഇവയൊക്കെ മാത്രം നോക്കി നടത്തിയ വിവാഹങ്ങളിലാണ്. കല്ലുകടികള്‍ കുറവ് ദീനിന് പ്രാമുഖ്യം കൊടുത്തതിലും. അതിനാലാണ് 'ദീനിന്നല്‍പം മുന്‍ഗണന കൊടുക്കണേ, ജീവിതം കുറച്ച് ബുദ്ധിമുട്ടിയാലും (സമ്പത്തല്‍പം കുറഞ്ഞാലും)' എന്ന് റസൂല്‍ പറഞ്ഞത്. 
കുടുംബം നയിക്കേണ്ടത് പുരുഷന്‍ തന്നെയാണെന്ന്  ഖുര്‍ആന്‍ (അര്‍രിജാലു ഖവ്വാമൂന.....). അതൊരു സാമ്പത്തിക കര്‍തൃത്വമാണ്. പുതിയ ലോകത്ത് അതിനും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. കുടുംബം രൂപപ്പെടുത്തുന്നതിലും അഭിപ്രായങ്ങളില്‍ തുല്യത എന്നതിനപ്പുറം കൂടിയാലോചനയാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത് (അംറുഹും ശൂറാ ബൈനഹും). 'ശരി' ഞാന്‍ മാത്രമെന്ന് വിചാരിക്കുന്നിടത്ത് വിള്ളലുകള്‍ വീഴും എന്നത് കൊണ്ടാണിത്. 'നീ', 'ഞാന്‍' എന്നിങ്ങനെ പറയുന്നിടത്ത് അറിയാതൊരു അകല്‍ച്ച കടന്നു വരും. ചിലപ്പോഴൊക്കെ അതൊരു അഗ്‌നിപര്‍വതമാകുമ്പോള്‍ 'പിരിയുക' എന്നതിലേക്കെത്തും.
'നിങ്ങള്‍ നിങ്ങളുടെ ഭാര്യമാരില്‍ ഇഷ്ടപ്പെടാത്തത് വല്ലതും കണ്ടാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന എത്രയോ നല്ല കാര്യങ്ങള്‍ അവരിലുണ്ട്, അതോര്‍ത്തോളൂ' എന്ന് ഖുര്‍ആന്‍. ഇത് സ്ത്രീകളെ അല്ലാഹു ബഹുമാനിച്ചതാണ്. കോപം കടിച്ചമര്‍ത്താന്‍ അവര്‍ക്കാണല്ലോ കൂടുതല്‍ കഴിവ്. പക്ഷേ, പുതിയ കാലം 'തുല്യത' എന്ന നിറമുള്ള മുദ്രാവാക്യം സ്ത്രീകള്‍ക്ക് എറിഞ്ഞു കൊടുത്തിരിക്കുന്നു. ഫെമിനിസം ഒരു വഴിയല്ല, വഴിമുടക്കിയാണ് എന്നതാണ് വര്‍ത്തമാനകാലം. പുരക്ക് മീതെയായാല്‍ കായ്ക്കുന്ന മരവും വെട്ടണം എന്നത് സാമാന്യ ബോധമാണ്. അവിടെയാവണം 'ത്വലാഖ്' ചിന്ത പോലും വരേണ്ടത്. ഒരു അനുഗ്രഹം വലിയൊരു ശാപമായിത്തീരാതിരിക്കാന്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യപ്പെടേണ്ടതാണ് അതിനുള്ള ഓരോ നീക്കവും. ബന്ധങ്ങള്‍ മുറിക്കാനുള്ള ലാഘവത്വം അര്‍ശിന്റെ കോപം വിളിച്ചു വരുത്തും എന്നാണു ദൈവത്തിന്റെ മുന്നറിയിപ്പ്.
ദാമ്പത്യത്തിനു അവസാനമില്ല. അല്ലാഹു അനുഗ്രഹിച്ചാല്‍ പരലോകത്തും തുടരുന്നത്. ചിലര്‍ ഭൂമിയിലേ അതിന്റെ മാധുര്യം നുള്ളിക്കളയുന്നത് കാണാം. മക്കള്‍ വിവാഹിതരായാല്‍ ഇനിയൊന്നും വേണ്ടതില്ല എന്ന് തീരുമാനിക്കുന്നവര്‍ നമ്മുടെ ഇടയിലുണ്ട്. കിടത്തം പോലും വേറെ വേറെ ആക്കുന്നവരും. റസൂല്‍ (സ) മരിച്ചത് ആഇശ(റ)യുടെ മടിത്തട്ടിലാണ്. പ്രായത്തില്‍ റസൂല്‍ അന്ന് വാര്‍ധക്യത്തിലായിരുന്നു. രാത്രി നമസ്‌കരിക്കുമ്പോള്‍ നീണ്ടു വരുന്ന ആഇശയുടെ കാലുകള്‍ എടുത്തു മാറ്റിയിട്ടാണ് റസൂല്‍ സുജൂദ് ചെയ്തിരുന്നത് എന്നും കാണാം. ദാമ്പത്യം എല്ലാമാണ്. ഒരിണയും തുണയും. ബലിഷ്ഠമായ ഒരു കരാറില്‍ (മീസാഖുന്‍ ഗലീള്) അത് തുടങ്ങിയാല്‍ പിന്നെ മരണം വരെ അതങ്ങനെ വേണം. ഒരാളുടെ ഇഷ്ടമില്ലായ്മ ഇണയുടെ ഇഷ്ടത്തിനായി മാറ്റിവെക്കണം. വാര്‍ധക്യാവസ്ഥയിലാണ് പ്രവാചകന്മാരായ ഇബ്‌റാഹീമിനും സകരിയ്യക്കും കുട്ടികളുണ്ടായത് എന്നോര്‍ക്കണം. ലൈംഗികത ഇണകള്‍ തമ്മിലാവുമ്പോള്‍ പ്രതിഫലാര്‍ഹമായ, പുണ്യമുള്ള കര്‍മമാണ്. ദാമ്പത്യം എന്ന കരാര്‍ മനുഷ്യന്‍ തുടങ്ങുന്നതിന്റെ അടിസ്ഥാന കാരണങ്ങളില്‍ ഒന്നും അതാണ്. 'തന്റെ ഇണ' എന്ന ധ്രുവത്തില്‍ കറങ്ങാന്‍ പലപ്പോഴും പരസ്പരം പ്രേരിപ്പിക്കുന്ന ഘടകവും അതു തന്നെയാണ്. അത് പിന്നീട് സ്‌നേഹമായും കാരുണ്യമായും വികസിക്കുകയാണ്. തെറ്റുകളില്‍ നിന്ന് മാറി നടക്കാനും മാതൃകാ മാതാപിതാക്കളായി മാറാനും അപ്പോഴാണ് സാധിക്കുക. ഭാവി തലമുറയുടെ ഫലവത്തായ വാര്‍ത്തെടുപ്പിനും.

Comments

Other Post

ഹദീസ്‌

നന്മയുടെ താക്കോലാവുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (2-5)
ടി.കെ ഉബൈദ്‌