Prabodhanm Weekly

Pages

Search

2020 ജൂണ്‍ 26

3157

1441 ദുല്‍ഖഅദ് 04

പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സാമൂഹിക പ്രവര്‍ത്തന രംഗത്തെ മാതൃക

എം.കെ മുഹമ്മദലി

സമൂഹത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ ലക്ഷ്യമാക്കി 2012-ല്‍ പ്രവര്‍ത്തനമാരംഭിച്ച സാമൂഹിക സേവന സംരംഭമാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍. ദൈവപ്രീതിയും മാനവിക മൂല്യങ്ങളും മുന്‍നിര്‍ത്തി സാമൂഹിക പുരോഗതിയില്‍ ഫലപ്രദമായ പങ്കാളിത്തം വഹിക്കുക എന്നതാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ ദൗത്യം. വ്യക്തി - സാമൂഹിക പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും താല്‍ക്കാലിക പരിഹാരമല്ല ആവശ്യം. സുസ്ഥിര പുരോഗതി ലക്ഷ്യമാക്കി കഴിവുകളെയും അവസരങ്ങളെയും ഉപയോഗപ്പെടുത്തുന്നതിന് വ്യക്തികളെയും സമൂഹത്തെയും സജ്ജമാക്കുകയാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ജീവിതം സന്തോഷകരമായി മുമ്പോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ സേവനം നല്‍കണമെന്നാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ആഗ്രഹിക്കുന്നത്. സമൂഹത്തിന്റെ താഴെ തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കൈത്താങ്ങ് നല്‍കുന്നതിനാണ് ഫൗണ്ടേഷന്റെ മുഖ്യ പരിഗണന. സമൂഹത്തെ സുസ്ഥിര വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുക എന്നത് പ്രാധാന്യപൂര്‍വം ഏറ്റെടുക്കേണ്ട ദൗത്യമാണ്. സാമൂഹിക രംഗത്ത് സ്വന്തമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതോടൊപ്പം ഈ മേഖലയില്‍ സമാന സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളുടെയും സംവിധാനങ്ങളുടെയും ഗുണമേന്മയും കാര്യക്ഷമതയും വര്‍ധിപ്പിക്കണമെന്നതും ഫൗണ്ടേഷന്റെ ലക്ഷ്യമാണ്.
പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നാണ് പീപ്പ്ള്‍സ് ഹോം. ആകാശം മേല്‍ക്കൂരയായവര്‍ക്ക് ഭൂമിയും വീടും നല്‍കുന്ന ജനകീയ ഭവന പദ്ധതി. കേരളത്തിന്റെ സാമൂഹിക സേവന ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഈ പദ്ധതി പങ്കാളിത്ത വികസനത്തിന്റെ മികച്ച മാതൃകയാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളുടെ സുസ്ഥിര പുരോഗതി ലക്ഷ്യമാക്കി പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കമ്യൂണിറ്റി എംപവര്‍മെന്റ് പ്രോജക്ട്. സേവന മേഖലയിലെ വിഭവങ്ങള്‍ കൃത്യമായ ലക്ഷ്യങ്ങള്‍ നിര്‍ണയിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത്തരം പ്രദേശങ്ങളില്‍ വിനിയോഗിക്കും. അടിസ്ഥാന ജീവിതാവശ്യങ്ങളായ സുസ്ഥിര തൊഴില്‍, സുരക്ഷിത ഭവനം, പരിസര ശുചിത്വം, വിദ്യാഭ്യാസ പുരോഗതി ഇതെല്ലാം ഭൂരിഭാഗത്തിനും അപ്രാപ്യമായിരിക്കും. ഇത്തരം പ്രദേശങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും ആവശ്യമുണ്ട്. അവരുടെ ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കും എന്ന കാര്യവും പരിഗണിക്കണം. ഫാമിലി സെന്റര്‍, കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍, ഡി അഡിക്ഷന്‍ ഹോസ്പിറ്റല്‍ എന്നിവ ഈ കാഴ്ചപ്പാടില്‍ ആവിഷ്‌കരിക്കപ്പെട്ടവയാണ്. 
സാധ്യമാവുന്നിടത്തോളം സര്‍ക്കാരിന്റെയും സര്‍ക്കാരിതര സംഘടനകളുടെയും സഹകരണം തേടിക്കൊണ്ടാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ അതിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും ചികിത്സയും സമൂഹത്തിന്റെ പ്രാഥമികാവശ്യങ്ങളാണ്. ഇങ്ങനെയുള്ള മേഖലകളില്‍ വ്യക്തികള്‍ക്കും സമൂഹത്തിനും സാമ്പത്തിക സഹായം മാത്രമല്ല ആവശ്യമുള്ളത്; കൃത്യമായ ഗൈഡന്‍സും പരിശീലനവും കൂടിയാണ്. ഈ വസ്തുത പരിഗണിച്ചുകൊണ്ടാണ് പീപ്പ്ള്‍സ് സ്റ്റാര്‍ട്ടപ്പ്, പീപ്പ്ള്‍സ് ഇന്‍ഫോ പദ്ധതികള്‍ ആരംഭിച്ചിട്ടുള്ളത്. കേരളത്തിലെ സംരംഭകത്വ മേഖലയിലെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തി മികച്ച സംരംഭകരെ വളര്‍ത്തിയെടുക്കാനും, നിലവിലെ സംരംഭകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സ്റ്റാര്‍ട്ടപ്പ് പദ്ധതിയിലൂടെ ശ്രമിക്കുന്നു. സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍, സംസ്ഥാനത്ത് നിലനില്‍ക്കുന്ന വിവിധ സംരംഭകത്വ സാധ്യതകള്‍, സര്‍ക്കാര്‍ സഹായ പദ്ധതികള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി  പരിശീലനങ്ങള്‍ നല്‍കിവരുന്നു.
വിദ്യാഭ്യാസത്തിലൂടെ സുസ്ഥിര സാമൂഹിക പുരോഗതി നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്ത സുപ്രധാന ചുവടുവെപ്പാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി. പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി മൂല്യബോധമുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്നതും പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ  ലക്ഷ്യമാണ്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്ററി പഠനത്തിനു ശേഷം പി.എച്ച്.ഡി പഠനം വരെയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കേരളത്തിലെ ഏറ്റവും ജനകീയ ജനസേവന മേഖലയാണ് പെയിന്‍ ആന്റ് പാലിയേറ്റീവ്. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികള്‍ രൂപീകരിച്ച് മാതൃകാപരമായ പ്രവര്‍ത്തനമാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ കാഴ്ച വെക്കുന്നത്. മാരക രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍, ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, നിരാലംബര്‍ തുടങ്ങി സമൂഹത്തില്‍ വിവിധ രൂപത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ ഉന്നമനവും പുനരധിവാസവും ഉറപ്പാക്കാന്‍ പീപ്പ്ള്‍സ് ഫൗണ്ടേഷനും മീഡിയാ വണ്ണും സംയുക്തമായി 'സ്‌നേഹസ്പര്‍ശം' എന്ന ടെലിവിഷന്‍ പ്രോഗ്രാം അവതരിപ്പിക്കുകയും പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരായ കേരളത്തിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകരും സാംസ്‌കാരിക വ്യക്തിത്വങ്ങളും നിയമ വിദഗ്ധരും എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍ക്കൊള്ളുന്ന പൊതുവേദിയാണ് മാനവ് മൈഗ്രന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍. തൊഴിലാളികളുടെ മെച്ചപ്പെട്ട സാമൂഹിക- തൊഴില്‍ സാഹചര്യവും ജീവിത പുരോഗതിയും ക്ഷേമവും, ധാര്‍മിക സദാചാര ഉന്നതിയും ലക്ഷ്യം വെച്ച് മാനവ് മൈഗ്രന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നു. ഇന്‍ഫാക് സുസ്ഥിര വികസന സൊസൈറ്റി, കേരളീയ സമൂഹത്തില്‍ സാമ്പത്തിക -സാമൂഹിക സഹകരണത്തിലൂടെ ദാരിദ്ര്യനിര്‍മാര്‍ജനവും ജനക്ഷേമവും മുന്‍നിര്‍ത്തി രൂപീകരിച്ച സന്നദ്ധ സംഘടനയാണ്. പലിശരഹിതമായി പ്രവര്‍ത്തിക്കുന്ന അയല്‍ കൂട്ടായ്മകളാണ് ഇന്‍ഫാകിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തട്ടില്‍ ബലമേകുന്നത്. പ്രകൃതിക്ഷോഭങ്ങള്‍ക്കും മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്കും ഇരകളാകുന്ന നിരാലംബര്‍ക്ക് കൈത്താങ്ങാകുന്ന ഐഡിയല്‍ റിലീഫ് വിംഗ് (ഐ.ആര്‍.ഡബ്ല്യു) പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ സാമൂഹിക പ്രവര്‍ത്തന രംഗത്തെ അടയാളപ്പെടുത്തലാണ്.
കേരളം കണ്ട വലിയ ദുരന്തമായിരുന്നു 2018-ലെ മഹാപ്രളയം. ആയിരക്കണക്കിന് മനുഷ്യരും ജീവജാലങ്ങളും നിസ്സഹായമായിപ്പോയ ദുരിതക്കാഴ്ച. ദുരിതബാധിതകര്‍ക്ക് ആശ്രയമായി പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പ്രളയത്തിന്റെ തുടക്കത്തില്‍ തന്നെ കര്‍മരംഗത്തിറങ്ങി, രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി. നൂറുകണക്കിനാളുകളെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു. ദുരിതാശ്വാസ ക്യാമ്പുകളുടെ സംഘാടനം, ഭക്ഷണ - വസ്ത്ര വിതരണം, വീടുകളുടെ ശുചീകരണം, അത്യാവശ്യ വീട്ടുപകരണങ്ങളുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ആയിരങ്ങള്‍ക്ക് ആശ്രയമായി. 25 കോടി രൂപയുടെ പ്രളയാനന്തര പുനരധിവാസ പദ്ധതി പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ വീടുകളുടെ നിര്‍മാണം, അറ്റകുറ്റപ്പണികള്‍ നടത്തി വീടുകള്‍ താമസയോഗ്യമാക്കല്‍, കുടിവെള്ള പദ്ധതി, സ്വയംതൊഴില്‍ പദ്ധതി, വിദ്യാഭ്യാസ - ചികിത്സാ സഹായം തുടങ്ങി ജനതയുടെ അതിജീവനത്തിന് കൈത്താങ്ങാവുന്ന ബൃഹദ് പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇത് സാഫല്യത്തിന്റെ സമയമാണ്. ഒന്നര വര്‍ഷം കൊണ്ട് കേരളത്തിലെ വിവിധ ജില്ലകളിലായി അവ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നത് സന്തോഷം പകരുന്ന അനുഭവമാണ്.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ കേരള സര്‍ക്കാര്‍ പൊതുജനസഹായം അഭ്യര്‍ഥിച്ച ഘട്ടത്തിലാണ് അതിന് കരുത്തു പകരാന്‍ പീപ്പ്ള്‍സ് ഫൗണ്ടേഷനും ജനകീയ ഫണ്ട് സ്വരൂപിച്ചത്. 25 കോടി രൂപ കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളും മറ്റു ഉദാരമതികളും പുനരധിവാസ പദ്ധതികള്‍ക്കായി പീപ്പ്ള്‍സ് ഫൗണ്ടേഷനെ ഏല്‍പ്പിച്ചു. ആസൂത്രിതമായ പുനരധിവാസ പദ്ധതികളാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ചത്. സര്‍ക്കാര്‍ പദ്ധതികളുമായി ഏറ്റുമുട്ടാതിരിക്കാന്‍ പുനര്‍നിര്‍മാണ പദ്ധതികളുടെ പ്രോജക്ട് മുഖ്യമന്ത്രിക്ക് നേരത്തേ കൈമാറിയിരുന്നു. വീട്, കുടിവെള്ളം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തത്.
പ്രളയത്തില്‍ പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടുകളുടെ നിര്‍മാണവും, ഭാഗികമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണവും ഉള്‍പ്പെടുന്ന പീപ്പ്ള്‍സ് ഹോം പദ്ധതിയായിരുന്നു പാക്കേജിലെ മുഖ്യ പ്രോജക്ട്. ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ 305 വീടുകള്‍ നിര്‍മിച്ച് താമസക്കാര്‍ക്ക് കൈമാറാന്‍ സാധിച്ചു. ഭാഗികമായി തകര്‍ന്ന 888 വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി വാസയോഗ്യമാക്കി. ഭൂരഹിതരായ പ്രളയബാധിതര്‍ക്ക് വേണ്ടിയുള്ള ടൗണ്‍ഷിപ്പ് പദ്ധതി ഹോം പ്രോജക്ടില്‍ ശ്രദ്ധേയമാണ്. വയനാട് ജില്ലയിലെ പനമരത്താണ് 25 വീടുകള്‍, പ്രീ സ്‌കൂള്‍, കമ്യൂണിറ്റി സെന്റര്‍, പ്രാഥമികാരോഗ്യകേന്ദ്രം, സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്രൗണ്ട് എന്നിവ ഉള്‍ക്കൊള്ളുന്ന ടൗണ്‍ഷിപ്പ് പദ്ധതിയുള്ളത്. ഈ ടൗണ്‍ഷിപ്പ് പദ്ധതിയാണ് ഇപ്പോള്‍ നാടിന് സമര്‍പ്പിച്ചിരിക്കുന്നത്. ഒരു ഏരിയയില്‍ 15 വീടുകള്‍ വരെ ഉള്‍ക്കൊള്ളുന്ന മറ്റൊരു ഭവന പദ്ധതിയാണ് പീപ്പ്ള്‍സ് വില്ലേജ്. പ്രളയബാധിതര്‍ക്കായി നിലമ്പൂര്‍, മീനങ്ങാടി, മാനന്തവാടി, കോട്ടയത്തെ ഇല്ലിക്കല്‍ പ്രദേശങ്ങളിലാണ് ഇവ നിര്‍മിച്ചത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഭൂരഹിതര്‍ക്കായി ചില ഉദാരമതികള്‍ തങ്ങളുടെ ഭൂമി പീപ്പ്ള്‍സ് ഫൗണ്ടേഷനെ  ഏല്‍പ്പിക്കുകയായിരുന്നു.
പ്രളയത്തില്‍ അനേകായിരം പേരുടെ ഉപജീവനമാര്‍ഗങ്ങള്‍ നശിച്ചുപോയിരുന്നു. സാധ്യമാവുന്നവര്‍ക്ക് അവരുടെ  തൊഴിലിലേക്ക് തിരിച്ചുവരാനുള്ള സംവിധാനം ഒരുക്കാനുള്ള പദ്ധതികളും പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്തിരുന്നു. കര്‍ഷക കുടുംബങ്ങള്‍ക്ക് അവര്‍ക്കാശ്യമായ കന്നുകാലികളും വിത്തുകളും നല്‍കിയും കൃഷിയിറക്കാന്‍  സഹായങ്ങള്‍ നല്‍കിയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കൈത്താങ്ങ് നല്‍കി. ചെറുകിട വ്യവസായ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് അത് പുനരാരംഭിക്കാനാവശ്യമായ സംവിധാനങ്ങള്‍ ചെയ്തുകൊടുത്തു. സ്വയംതൊഴില്‍  ഉപകരണങ്ങളും വ്യാപകമായി വിതരണം ചെയ്തു. ഇങ്ങനെ 811 പ്രളയബാധിതര്‍ക്ക് തൊഴില്‍ സംവിധാനമൊരുക്കി. നിലവിലുണ്ടായിരുന്ന കുടിവെള്ള സ്രോതസ്സുകളെല്ലാം മാലിന്യം കലര്‍ന്നതിനാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശുദ്ധജലക്ഷാമം പലയിടത്തും രൂക്ഷമായി. ഇത് പരിഹരിക്കുംവിധം ഒരു പദ്ധതിക്ക് ഏകദേശം ഒരു ലക്ഷം രൂപ വരെ ചെലവ് വരുന്ന 34 കുടിവെള്ള പ്രോജക്ടുകളാണ് നടപ്പിലാക്കിയത്.
പ്രളയത്തിലും ശേഷമുണ്ടായ കെടുതികളിലും പരിക്കേല്‍ക്കുകയോ അസുഖ ബാധിതരാവുകയോ ചെയ്തവര്‍ക്ക് മികച്ച ഹോസ്പിറ്റലുകളില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആരോഗ്യരംഗത്ത് പീപ്പ്ള്‍സ്  ഫൗണ്ടേഷന്‍ നടപ്പിലാക്കിയത്. കേരളത്തിലെ ചില പ്രമുഖ ഹോസ്പിറ്റലുകളുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തിയിരുന്നു.  പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ വളന്റിയര്‍മാര്‍ കണ്ടെത്തുന്ന അര്‍ഹരായ രോഗികള്‍ക്ക്  വിതരണം ചെയ്യുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വഴിയാണ് ഈ സൗജന്യ ചികിത്സ ഉറപ്പുവരുത്തുക. ഇതുവഴി 3100 പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്തു. പ്രളയത്തില്‍ പുസ്തകങ്ങളും ലാപ്‌ടോപ്പടക്കമുള്ള പഠനോപകരണങ്ങളും നശിച്ച സ്‌കൂള്‍ - കോളേജ് വിദ്യാര്‍ഥികള്‍ക്ക് അവ ഉള്‍പ്പെടുന്ന കിറ്റുകളും സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക്  സ്‌കോളര്‍ഷിപ്പുകളും നല്‍കുന്ന പദ്ധതിയായിരുന്നു വിദ്യാഭ്യാസരംഗത്ത് ഉണ്ടായിരുന്നത്. രൂക്ഷമായ പ്രളയത്താല്‍ ആഴ്ചകളോളം സ്‌കൂള്‍ അടഞ്ഞുകിടന്നിരുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ് - മോട്ടിവേഷന്‍ ക്ലാസുകള്‍ക്കും ഫൗണ്ടേഷന്‍ നേതൃത്വം നല്‍കി.
പ്രളയ കെടുതികള്‍ നേരിട്ടവരുടെ സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ച് അതില്‍നിന്ന് ഏറ്റവും അര്‍ഹരെന്ന്  പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ വളന്റിയര്‍മാര്‍ കണ്ടെത്തിയവരെയാണ് ഓരോ പദ്ധതിയിലും  ഉള്‍പ്പെടുത്തിയത്. പല കാരണങ്ങളാല്‍ ആവശ്യമായ ഐഡന്റിറ്റി രേഖകളോ സ്വന്തമായി ഭൂമിയോ ഇല്ലാത്തതു കാരണം സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടുന്നവര്‍ക്കും സ്ത്രീകള്‍ കുടുംബനാഥന്മാരായുള്ളവര്‍ക്കും വിധവകളടക്കമുള്ള നിരാലംബര്‍ക്കുമാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പദ്ധതികളില്‍ മുന്‍ഗണന നല്‍കിയത്. മൂന്ന് ഘട്ടങ്ങളിലായി രണ്ട് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കുന്ന പുനര്‍നിര്‍മാണ പാക്കേജാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഒന്നര വര്‍ഷത്തിനകം തന്നെ  പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു എന്നത് ഏറെ ആഹ്ലാദകരമാണ്. 

(പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാനാണ് ലേഖകന്‍)

Comments

Other Post

ഹദീസ്‌

നന്മയുടെ താക്കോലാവുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (2-5)
ടി.കെ ഉബൈദ്‌