Prabodhanm Weekly

Pages

Search

2020 ജൂണ്‍ 26

3157

1441 ദുല്‍ഖഅദ് 04

കോവിഡും  കോവിഡാനന്തര ലോകവും ഒരു ഇസ്‌ലാമിക വായന

പി.പി അബ്ദുര്‍റസാഖ്

മനുഷ്യനോളം തന്നെ പഴക്കമുണ്ട് മനുഷ്യനെ ബാധിക്കുന്ന രോഗങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും. ഇവ രണ്ടും മനുഷ്യനെ അന്നും ഇന്നും ഭയപ്പെടുത്തുകയും ആശങ്കാകുലരാക്കുകയും ചെയ്യുന്ന  പ്രതിഭാസങ്ങളുമാണ്.  നാം നേടിയെന്ന് അവകാശപ്പെടുന്ന ശാസ്ത്ര- സാങ്കേതിക രംഗങ്ങളിലെ  പുരോഗതിക്കു  രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാനോ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുന്നത് തടയാനോ സാധിച്ചിട്ടില്ലെന്നു മാത്രമല്ല, പുതിയ പുതിയ രോഗങ്ങള്‍ ഉത്ഭവിക്കുന്നതായും പ്രകൃതി ദുരന്തങ്ങളുടെ ആവൃത്തി വര്‍ധിക്കുന്നതായും  അവയുടെ സ്വഭാവം വൈവിധ്യവല്‍ക്കരിക്കപ്പെടുന്നതായുമാണ് സൂക്ഷ്മ പഠനം വ്യക്തമാക്കുന്നത്.  ശാസ്ത്ര-സാങ്കേതിക മുന്നേറ്റത്തിന്റെ സഹസ്രാബ്ദങ്ങള്‍ക്കിപ്പുറത്തും, ഈ പ്രതിഭാസങ്ങളുാക്കിയ ആധിയും വേദനയും അതേപോലെയോ അതിലേറെ തീവ്രമായോ നിലനില്‍ക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യന്റെ ഭിന്ന മാനങ്ങളിലുള്ള ബലഹീനതയെ സൂചിപ്പിച്ചു പറഞ്ഞതു പോലെ (4:28; 19:75), അവന്റെ നിസ്സഹായതയെ കൂടി ഇത്  അടയാളപ്പെടുത്തുന്നുണ്ട്.  
ഇപ്പോള്‍ ലോകം കോവിഡ് 19 എന്ന മൈക്രോ -ഓര്‍ഗനിസം കാരണമായി ഉണ്ടായ മഹാമാരി(Pandemic)യാല്‍ നിശ്ചലമായിരിക്കുകയാണ്. ഈ പാന്‍ഡെമിക് താഴെ പറയുന്ന പ്രത്യേകതകളാല്‍  ലോകം ഇതുവരെ ക മഹാമാരികളില്‍നിന്ന് വ്യത്യസ്തമാണ്.  
നേരത്തേയുണ്ടായ മഹാമാരികളില്‍നിന്നും പ്രകൃതി ദുരന്തങ്ങളില്‍നിന്നും വ്യത്യസ്തമായി, നേരിട്ടോ അല്ലാതെയോ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ബാധിക്കാത്ത ആരും ലോകത്ത് ഉണ്ടാവില്ല. ഇതിങ്ങനെ പടരാന്‍, മറ്റു നിലകളില്‍ ഏറെ പ്രയോജനപ്രദമായ ആഗോളീകരണത്തിനും ഗതാഗത രംഗത്ത് നാം ആര്‍ജിച്ച പുരോഗതിക്കും വലിയ പങ്കുണ്ട്.  ഈ വൈറസ് കാരണമുള്ള  മരണ നിരക്ക് ഇതര വൈറസുകളെ അപേക്ഷിച്ച് കുറവാണെങ്കിലും, ഇതിന്റെ വ്യാപന രീതിയിലുള്ള വ്യത്യാസമാണ് ഇതിനെ ഏറെ സങ്കീര്‍ണമാക്കുന്നത്. ആരൊക്കെ ഈ വൈറസ് വാഹകരാണ് എന്ന് പോലും അറിയാത്ത അവസ്ഥ ഇതിനെ നിയന്ത്രണവിധേയമാക്കുന്ന കാര്യത്തില്‍ വലിയ പ്രതിബന്ധമായി നിലനില്‍ക്കുന്നു. വൈറസ് ബാധ നീുപോവുന്ന പക്ഷം അതുാക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പരിണതികളുടെ അപ്രവചനീയതയാണ് മറ്റൊരു തലം. 1916-ല്‍ ഉണ്ടായ പോളിയോയുടെയും 1918-ല്‍ ഉണ്ടായ സ്പാനിഷ് ഫ്ളൂവിന്റെയും കാലത്ത് ഫ്‌ളൂ വൈറസ് എന്ന പ്രതിഭാസത്തെ കുറിച്ച് ശാസ്ത്ര ലോകം അറിയുകയോ ആന്റി വൈറല്‍ മരുന്നുകള്‍ വികസിപ്പിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. ഇപ്പോള്‍ കാണുന്നതു പോലെ ലാബുകളോ ടെസ്റ്റിംഗ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, വൈറല്‍ രോഗം മൂര്‍ഛിച്ച് ഇന്‍ഫെക്ഷനായാല്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി ബയോട്ടിക് പോലും കണ്ടുപിടിച്ചിരുന്നില്ല. 39 വര്‍ഷത്തിനു ശേഷം 1955 -ലാണ് പോളിയോക്ക് എതിരെയുള്ള വാക്സിന്‍ വികസിപ്പിച്ചത്. അതേവര്‍ഷം തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ പോളിയോ മരണം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും.  സ്പാനിഷ് ഫഌ അത് ബാധിച്ചവര്‍ മരിച്ചുതീര്‍ന്നതു കൊണ്ടും മറ്റുള്ളവര്‍ പ്രതിരോധശേഷി നേടിയതുകൊണ്ടും 1919-ലെ വേനല്‍ കാലമാകുമ്പോഴേക്കും അവസാനിക്കുകയായിരുന്നു.  കൊറോണാ വൈറസ് ബാധ എത്ര നീണ്ടുപോകും, എങ്ങനെ അവസാനിക്കും, അതിനെതിരെയുള്ള വാക്സിന്‍ വികസിപ്പിക്കുന്നതില്‍ വൈദ്യശാസ്ത്രം വിജയിക്കുമോ, എങ്കില്‍ അതെപ്പോഴായിരിക്കും, അതെത്രത്തോളം കാര്യക്ഷമമായിരിക്കും എന്നിത്യാദി കാര്യങ്ങളിലെ അനിശ്ചിതത്വവും ആശങ്കയുമാണ് ലോകജനതയെ ആസകലം കുഴക്കുന്നത്. വൈറസിന് നിരന്തരം സ്വഭാവമാറ്റം (Mutation) വരുന്നത് സ്ഥിര പരിഹാരം കണ്ടെത്തുന്നതില്‍ ശാസ്ത്ര ലോകത്തെയും നിസ്സഹായമാക്കുന്നുണ്ടാവണം. അല്ലെങ്കിലും വൈറസുമായുള്ള യുദ്ധത്തില്‍ ചില വൈറസുകള്‍ക്ക് വൈറസിനെ തന്നെ ഉപയോഗപ്പെടുത്തി വാക്സിന്‍ കണ്ടുപിടിച്ചതൊഴിച്ചാല്‍ മനുഷ്യന്‍ നിരന്തരം തോല്‍ക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുക. അതുകൊണ്ടാണ് സാധാരണയുണ്ടാവുന്ന ഫഌ തൊട്ട് എയ്ഡ്‌സ് വരെയുള്ള മിക്ക വൈറല്‍ അസുഖങ്ങള്‍ക്കും ഇപ്പോഴും മരുന്നില്ലാത്തത്. നമ്മള്‍ ചികിത്സ തേടുന്നുവെങ്കിലും പൂര്‍ണമായി സുഖപ്പെടാത്ത അലര്‍ജി, ആസ്ത്മ, അല്‍ഷമേഴ്സ്, കാന്‍സര്‍ തുടങ്ങി ഒട്ടനവധി വൈറസേതര രോഗങ്ങള്‍ക്കു മുമ്പിലും വൈദ്യശാസ്ത്രം വിറങ്ങലിച്ചുനില്‍ക്കുക തന്നെയാണ്. ന്യൂറോളജിക്കല്‍ തകരാറുകളാകുമ്പോള്‍ പ്രശ്നം ഇതിലേറെ സങ്കീര്‍ണമാണ്. ഇവയൊന്നും വൈറല്‍ രോഗങ്ങളെപോലെ പകര്‍ച്ചവ്യാധിയല്ലെന്നതു മാത്രമാണ് ആശ്വാസം. കൊറോണ പോലുള്ള മഹാമാരി ലോകത്തെ ഭയപ്പെടുത്തുന്നതും അതുകൊണ്ടുതന്നെ. 
ഖുര്‍ആനികമായി പറഞ്ഞാല്‍, അല്ലാഹുവിന്റെ അറിവും ഉദ്ദേശ്യവുമില്ലാതെ കൂരിരുട്ടില്‍ കൊടുംകാട്ടില്‍ ഒരു വൃക്ഷത്തില്‍നിന്ന് ഒരിലപോലും ഞെട്ടറ്റു വീഴുന്നില്ല (6:59). എന്നാല്‍ മനുഷ്യന്റെ ഇഛാസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍, മനുഷ്യന്‍ ഇഛിക്കട്ടെ എന്ന് ദൈവം ഉദ്ദേശിച്ചതുകൊണ്ടാണ് മനുഷ്യന് ഇഛാസ്വാതന്ത്ര്യം ഉണ്ടായതെന്നും (76:30; 81 :29), എന്നാല്‍ ആ ഇഛാസ്വാതന്ത്ര്യം കര്‍മമാക്കി മാറ്റുന്നിടത്ത് മനുഷ്യന് തന്റെ നിയന്ത്രണത്തിലല്ലാത്ത സ്ഥലകാലങ്ങളുടെ രണ്ടു കടമ്പകള്‍ ഉള്ളതിനാല്‍ അവന്‍ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും കര്‍മമാക്കി മാറ്റാന്‍ സാധിക്കില്ലെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (18:23-24). സ്വാഭാവികമായും, മഹാമാരികളായും അഗ്‌നിപര്‍വത സ്‌ഫോടനങ്ങളായും കാട്ടുതീയായും ചുഴലിക്കാറ്റായും പ്രളയമായും ഭൂകമ്പമായും വെട്ടുകിളിയായും ഒക്കെ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെല്ലാം തന്നെ അല്ലാഹുവിന്റെ അറിവോടും ഉദ്ദേശ്യത്തോടും കൂടി സംഭവിക്കുന്നതാണ്. അവക്കൊക്കെ പിന്നില്‍ പ്രാപഞ്ചികമായ ചില ലക്ഷ്യങ്ങള്‍ക്കു പുറമെ മനുഷ്യകേന്ദ്രീകൃതമായ ചില ലക്ഷ്യങ്ങളും ഉണ്ട്.     
ലോകത്ത് കൃത്യമായ ഇടവേളകളില്‍ ഇങ്ങനെ മഹാമാരികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ട്? ഇത് എന്തിന്റെയെങ്കിലും സൂചനകളാണോ? ഇത് മനുഷ്യന്റെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരാറുണ്ടോ? കൊറോണ എന്തൊക്കെയാണ് തുറന്നുകാണിച്ചത്?  കോറോണാ  വൈറസ്  ആധുനിക ഭൗമരാഷ്ട്രീയത്തില്‍ ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെന്ത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാനാണ് ഇവിടെ ശ്രമിക്കുന്നത്.  
പ്രകൃതിദുരന്തങ്ങളായാലും മഹാമാരികളായാലും അവ മനുഷ്യന് ആത്മപരിശോധന നടത്താനും തിരുത്താനും ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള അവസരങ്ങളാണ്. ഇതു സംബന്ധമായ മൂന്ന് ഖുര്‍ആനിക സൂക്തങ്ങള്‍ ശ്രദ്ധിക്കുക: ''ആണ്ടു തോറും ഒന്നോ രണ്ടോ തവണ അവര്‍ പരീക്ഷണത്തിലാക്കപ്പെടുന്നത് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ ആത്മപരിശോധന നടത്തി പശ്ചാത്തപിച്ചു തിരുത്തുകയും ഉല്‍ബുദ്ധരാവുകയും ചെയ്യുന്നില്ല'' (9:126). ''മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും വിനാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു; അവരെ തങ്ങളുടെ ചില കര്‍മങ്ങളുടെ രുചിയാസ്വദിപ്പിക്കേണ്ടതിന് വേി.  അവര്‍ ആത്മപരിശോധന നടത്തി തിരുത്തുകയും  മടങ്ങുകയുംചെയ്‌തേക്കാം'' (30:41). ''ആ മഹാ ശിക്ഷക്കു മുമ്പ് ഈ ഐഹിക ലോകത്തു തന്നെ നാം അവരെ ഏതെങ്കിലും തരത്തിലുള്ള ലഘു ശിക്ഷകള്‍ അനുഭവിപ്പിച്ചുകൊണ്ടിരിക്കും. അവര്‍ ആത്മപരിശോധന നടത്തി തിരുത്തുകയും മടങ്ങുകയും ചെയ്‌തേക്കാം'' (32:21). 
മുകളില്‍ ഉദ്ധരിച്ച സൂക്തങ്ങള്‍ പരീക്ഷണങ്ങളായും ശിക്ഷയായും പ്രകൃതിയില്‍ ആവശ്യമായിത്തീരുന്ന തിരുത്തായും  പ്രകൃതി ദുരന്തങ്ങളും മഹാമാരികളും സംഭവിക്കുമെന്നു വ്യക്തമാക്കുന്നു. ചിലത് ചിലര്‍ക്ക് ശിക്ഷയാകുമ്പോള്‍, മറ്റുള്ളവര്‍ക്കത് പരീക്ഷണമാകാം. പ്രകൃതി അതിന്റെ താളം വീെടുക്കാന്‍ വേി നടത്തുന്ന തിരുത്തുമാകാം. പ്രപഞ്ചത്തെ ഉപരിഘടനയോടെയാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും അതിനു ബാലന്‍സ് നിശ്ചയിച്ചിട്ടുണ്ടെന്നും, ആ ബാലന്‍സിനെ അതിക്രമിച്ച് അവതാളത്തിലാക്കരുതെന്നും, അത് യഥാവിധി  സംസ്ഥാപിച്ചു നിലനിര്‍ത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും വിശുദ്ധ ഖുര്‍ആന്‍ (55:79) ഉണര്‍ത്തുന്നു്.           
മുകളിലെ സൂക്തങ്ങളും വിശുദ്ധ ഖുര്‍ആനിലെ 93, 94 അധ്യായങ്ങളും സൂചിപ്പിക്കുന്നതുപോലെ മനുഷ്യന്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ അവന് പല രൂപത്തിലുള്ള അവസരങ്ങള്‍ കൂടിയാണ്. അവന്റെ ദൗര്‍ബല്യമാണ് പ്രകൃതി പ്രതിഭാസങ്ങളെ പരമാവധി ഉപയോഗപ്പെടുത്താനുള്ള ത്വരയായി  അവനില്‍ പ്രവര്‍ത്തിക്കുന്നത്. അവന്റെ ജ്ഞാനപരമായ പരിമിതിയാണ് ചിന്തക്കുള്ള അവസരമായി മാറുന്നത്. മനുഷ്യചരിത്രം പഠിപ്പിക്കുന്നതും പ്രതിസന്ധിയുടെയും പ്രയാസങ്ങളുടെയും ഘട്ടങ്ങളെ അവസരമാക്കി മാറ്റിയ മുന്നേറ്റത്തിന്റെ കഥയാണ്. ക്രിസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടില്‍  പുരാതന ഗ്രീസിലെ ഭരണാധികാരിയായിരുന്ന പെരിക്ലിസിന് അധികാരം നഷ്ടപ്പെട്ടതും അഥീനിയ സ്പാര്‍ട്ടക്കാര്‍ക്കു മുമ്പില്‍ കീഴടങ്ങിയതും അഥീനിയന്‍ പ്ലേഗ് എന്നു പില്‍ക്കാലത്ത് അറിയപ്പെട്ട മഹാമാരിയും തുടര്‍ന്നുണ്ടായ പെലപ്പൊനേഷ്യന്‍ യുദ്ധവും കാരണമായിരുന്നു. ഇവിടെ ഏതന്‍സിന്റെ പ്രതിസന്ധിയാണ് സ്പാര്‍ട്ടയുടെ അവസരമായി മാറിയത്. ക്രിസ്ത്വബ്ദം രണ്ടു-മൂന്നു നൂറ്റാണ്ടുകളിലായി റോമില്‍  മൂന്നു പ്രാവശ്യം അന്റോനൈന്‍, ഗാലന്‍, സിപ്രിയന്‍ തുടങ്ങിയ പേരുകളില്‍ പടര്‍ന്നുപിടിച്ച  പ്ലേഗ് ലക്ഷക്കണക്കിന് ആളുകളെ കൊല്ലുകയും പശ്ചിമ റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനു നാന്ദി കുറിച്ച പല ഘടകങ്ങളില്‍ ഒന്നായിത്തീരുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കൂടിയാണ് ഇപ്പോള്‍ ഇസ്തംബൂള്‍ എന്നറിയപ്പെടുന്ന ബൈസന്തിയ കേന്ദ്രീകരിച്ചുള്ള കിഴക്കന്‍ റോമാ സാമ്രാജ്യം ശക്തിപ്പെടുന്നത്.
ആറാം നൂറ്റാണ്ടിലുണ്ടായ മഹാമാരി ആയിരുന്നു ജസ്റ്റീനിയന്‍ പ്ലേഗ്. ഇത് കിഴക്കന്‍ റോമാ സാമ്രാജ്യത്തെയും പേര്‍ഷ്യന്‍ സാമ്രാജ്യത്തെയും ദുര്‍ബലപ്പെടുത്തുകയും ഒരു പുതിയ സാമൂഹിക- രാഷ്ട്രീയ വ്യവസ്ഥയായ ഇസ്ലാമിന്റെ മുന്നേറ്റത്തിന് കളമൊരുക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടിലുണ്ടായ 'ബ്ലാക്ക് ഡെത്ത്' പ്ലേഗ് മംഗോളിയക്കാരുടെ പടിഞ്ഞാറോട്ടുള്ള മുന്നേറ്റത്തെ തടയുന്നതിനും യൂറോപ്പിനെ വരിഞ്ഞു മുറുക്കിയിരുന്ന പോപ്പ്-ഫ്യൂഡല്‍ കൂട്ടുകെട്ട് തകരുന്നതിനും തുടര്‍ന്നുണ്ടായ നവോത്ഥാനത്തിനും കാരണമായ പല ഘടകങ്ങളില്‍ പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മുസ്‌ലിംകള്‍  കോണ്‍സ്റ്റാന്റിനോപ്പ്ള്‍ പിടിച്ചടക്കിയതോടെ യൂറോപ്യര്‍ക്ക് ഇന്ത്യയിലേക്കുള്ള വഴിയടയുമെന്ന നില വന്നപ്പോഴാണ് അമേരിക്ക എന്ന വിഭവസമ്പന്നമായ പുതിയ ലോകം കണ്ടെത്തുകയും തുടര്‍ന്ന് വലിയ നാവിക ശക്തികളായിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍  സാമ്പത്തിക സുസ്ഥിതി കൈവരിക്കുകയും ചെയ്തത്. സാമ്പത്തിക ശേഷി വളര്‍ത്താനും നിലനിര്‍ത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായിക്കൂടിയാണ് ഏഷ്യന്‍- ആഫ്രിക്കന്‍ രാജ്യങ്ങളെയും ആസ്ത്രേലിയയെയും ന്യൂസ്‌ലാന്‍ഡിനെയും അവര്‍ കോളനികളാക്കിയത്.  ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലുണ്ടായ ഒന്നാംലോക യുദ്ധവും അതേ കാലത്തു തന്നെയുണ്ടായ സ്പാനിഷ് ഫ്‌ളൂവും പിന്നീടുണ്ടായ രണ്ടാം ലോക യുദ്ധവും ഭൗമ രാഷ്ട്രീയത്തിലും ശാക്തിക ചേരിയിലുമുണ്ടാക്കിയ മാറ്റങ്ങളും ഇതോടൊപ്പം ചേര്‍ത്തു വായിക്കുക. ചുരുക്കത്തില്‍, മനുഷ്യര്‍ തിരുത്തുകയോ തിരുത്താതിരിക്കുകയോ ചെയ്താലും അപ്രതിഹതമായ ചരിത്ര പ്രക്രിയയില്‍ മഹാമാരികളും പ്രകൃതി ദുരന്തങ്ങളും പലപ്പോഴും വഴിത്തിരിവുകളായി പ്രവര്‍ത്തിക്കാറുണ്ടെന്നര്‍ഥം. 

ഭൗതിക ദര്‍ശനങ്ങളുടെ പരാജയം

മുതലാളിത്തവും കമ്യൂണിസവും കോവിഡ് 19 പോലുള്ള പ്രതിഭാസങ്ങള്‍ക്ക് കൃത്യമായ വിശദീകരണം നല്‍കുന്നതിലും അതിന്റെ വ്യാപനം തടയുന്നതിലും  പരാജയപ്പെട്ടിരിക്കുന്നു. മൂലധനത്തിന്റെ ഒഴുക്ക് പ്രകൃതിയില്‍ ഉണ്ടാക്കുന്ന മാറ്റത്തിരുത്തലുകളാണ് കൊറോണാ വൈറസിന് കാരണം എന്ന മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനം യാഥാര്‍ഥ്യത്തിന്റെ അടുത്തു പോലും നില്‍ക്കുന്നതല്ല.  ഈ വൈറസ് നിരന്തരം സ്വഭാവ പരിണാമങ്ങള്‍ക്ക് വിധേയമാവുന്നു എന്ന വസ്തുതയെയും ഈ വിശദീകരണം ഉള്‍ക്കൊള്ളുന്നില്ല.  ചൈനയിലെ വുഹാന്‍ നഗരത്തിലാണേല്ലോ ഈ വൈറസ് ഉത്ഭവിച്ചത്. അപ്പോഴത് പരമാവധി ഒരു പ്രാദേശിക പകര്‍ച്ചവ്യാധി (Endemic)  മാത്രമായിരുന്നു. അതിനെ ലോകമൊട്ടുക്കുമുള്ള മഹാമാരി (Pandemic) ആക്കി മാറ്റിയത് ചൈന പിന്തുടരുന്ന വ്യവസ്ഥിതിയുടെ മറ്റൊരു പരാജയം കൂടിയായിരുന്നു. ഒരു നാട്ടില്‍ ഒരു പകര്‍ച്ചവ്യാധി പിടിപെട്ടാല്‍ അവിടെ നിന്ന് ആരും പുറത്തുപോവുകയോ അവിടേക്ക് ആരും വരികയോ ചെയ്യരുത് എന്ന പ്രവാചകന്റെ ഒരൊറ്റൊരു നിര്‍ദേശം നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഈ കൊറോണ മഹാമാരിയായി പടരില്ലായിരുന്നു എന്ന് വ്യക്തമല്ലേ? നിയോ ലിബറല്‍ ഡെമോക്രസിയും സ്വതന്ത്ര കമ്പോള സംവിധാനവുമുള്ള രാജ്യങ്ങളിലാണ് ഇത് പടര്‍ന്നു പിടിച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് അമേരിക്കയിലും ബ്രിട്ടനിലുമാണ്. പിന്നെ സ്‌പെയിനിലും ഇറ്റലിയിലും ബ്രസീലിലുമൊക്കെയാണ്. ഇന്ത്യ ഏറെ താമസിയാതെ മുന്‍നിരയില്‍ എത്തിക്കൂടായ്കയില്ല. ആ മരിച്ചവരില്‍ തന്നെ ബഹുഭൂരിപക്ഷവും  സമൂഹത്തിലെ മധ്യ വര്‍ഗ വിഭാഗവും അവര്‍ക്കു താഴെയുള്ളവരുമാണ്. ഇത് വിശദമായ പഠനവും വിശകലനവും ആവശ്യപ്പെടുന്നുണ്ട്.    
ട്രംപിന്റെയും മോദിയുടെയും ബോല്‍സ്‌നാരോയുടെയും ബോറിസ് ജോണ്‍സന്റെയും തെരഞ്ഞെടുപ്പു വിജയങ്ങളും അതോടൊപ്പം പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വംശീയതയിലധിഷ്ഠിതമായ തീവ്ര വലതു പക്ഷ രാഷ്ട്രീയവും ആധുനിക ജനാധിപത്യ വ്യവസ്ഥ അതിന്റെ താത്ത്വിക ഉള്ളടക്കത്തില്‍ മാത്രമല്ല, തൂക്കി നോക്കാതെ തലയെണ്ണി മാത്രം തീരുമാനിക്കുന്ന രീതിശാസ്ത്രമെന്ന നിലയിലും പരാജയമാണെന്ന വസ്തുതക്ക് അടിവരയിടുന്നുണ്ട്. ജനങ്ങള്‍ക്ക് ജനങ്ങളാലുള്ള ജനങ്ങളുടെ ഭരണകൂടമെന്നത് ഒരിക്കലും സാക്ഷാല്‍ക്കരിക്കാന്‍ സാധിക്കാത്ത കേവല സങ്കല്‍പം മാത്രമാണ്. ജനായത്തത്തിന്റെ പേരില്‍ ലോകത്തെ ഒട്ടുമിക്ക ജനായത്ത രാജ്യങ്ങളിലും അധികാരം പൂര്‍ണമായും കൈയാളുന്നത് അധികാരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ജനാഭിപ്രായത്തിനു പുല്ലുവില കല്‍പിക്കാത്ത, കുത്തക സാമ്പത്തിക ശക്തികളുടെ പിന്തുണയുള്ള, അവരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി അവരുടെ തന്നെ ചൊല്‍പ്പടിയിലുള്ള വളരെ സുസംഘടിതമായ ഒരു ചെറിയ രാഷ്ട്രീയ വിഭാഗം മാത്രമാണ്. നാലോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ പണം കൊണ്ടും നുണ പ്രചാരണം കൊണ്ടും മറ്റു ചില വൈകാരിക ഉഡായിപ്പുകള്‍കൊണ്ടും ഹൈജാക്ക് ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഒരവസരം കിട്ടുന്നു, അത്രമാത്രം. ഇതിലൊതുങ്ങുന്നു ഒട്ടുമിക്ക രാജ്യങ്ങളിലെയും ജനാധിപത്യം. അതില്‍ തന്നെയും ജനപങ്കാളിത്തവും  ഭിന്ന കക്ഷികളിലേക്കു വോട്ടുകള്‍ വിഭജിക്കപ്പെടുന്നതും കണക്കിലെടുത്താല്‍ ഭൂരിപക്ഷമെന്ന പേരില്‍ കിട്ടുന്നതു പോലും കേവലം ന്യൂനപക്ഷത്തിന്റെ പിന്തുണ മാത്രമാണ്.  ആ അര്‍ഥത്തില്‍ ജനാധിപത്യമെന്നത് നാമത്തില്‍ മാത്രം നിലകൊള്ളുന്നതും ചൈതന്യം തീരെ ചോര്‍ന്നു പോയതുമായ ഒരു രാഷ്ട്രീയ സംജ്ഞ മാത്രമാണ്. കോവിഡ് എന്ന മഹാമാരി നിലവിലുള്ള സ്വതന്ത്ര കമ്പോളത്തിലും ലിബറല്‍ ഡെമോക്രസിയിലും അധിഷ്ഠിതമായ ആധുനിക സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക അധീശത്വ വ്യവസ്ഥയുടെ മറ്റു ചില ആന്തരിക ദൗര്‍ബല്യങ്ങളും പരിസ്ഥിതി സമീപനത്തിലെ തകരാറുകളും  കൂടി അനാവരണം ചെയ്യുന്നുണ്ട്.  
ഭരണകൂടം എന്നത് പൗരന്മാര്‍ക്കും സ്റ്റേറ്റിനും ഇടയിലുള്ള ഒരു സാമൂഹിക കരാറിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. ആ സാമൂഹിക കരാറില്‍ കക്ഷികളായ സ്റ്റേറ്റിന് അതിന്റേതായ ഉത്തരവാദിത്തങ്ങളും അധികാരങ്ങളും ഉള്ളതുപോലെ, പൗരന്മാര്‍ക്കും ഉത്തരവാദിത്തങ്ങളും സ്റ്റേറ്റില്‍നിന്ന് ലഭിക്കേണ്ട അവകാശങ്ങളും ഉണ്ട്. ലിബറല്‍ ജനാധിപത്യം ഉള്‍പ്പെടെ നിലവില്‍ ലോകത്തുള്ള ഒട്ടുമിക്ക വ്യവസ്ഥിതികളിലും സ്റ്റേറ്റ് അതിന്റെ ഒട്ടു മിക്ക ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയും അധികാരത്തില്‍ മാത്രം കേന്ദ്രീകരിക്കുകയുമാണ്. മുതുകൊടിക്കുന്ന  ബാധ്യതകള്‍ നിറവേറ്റാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോഴും പൗരന്മാര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍  നിഷേധിക്കപ്പെടുകയുമാണ്. കോവിഡ് തുറന്നുകാട്ടിയ വസ്തുതയാണിത്. ലിബറല്‍ ഡെമോക്രസി വ്യക്തിയുടെ അനിയന്ത്രിത സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും സ്വതന്ത്ര കമ്പോളത്തിനും വ്യാപാരത്തിനും നിലകൊള്ളുന്നു എന്ന് പറയുമ്പോള്‍ തന്നെ,  സ്വാതന്ത്ര്യത്തിന്റെ രണ്ടു ഭാഗങ്ങളില്‍ ഒന്ന് മാത്രമായ  'ഫ്രീഡം റ്റു'  എന്നത്  അതിലെ രണ്ടാം ഭാഗമായ 'ഫ്രീഡം ഫ്രം' എന്നതിന്റെ നിഷേധമായിട്ടാണ് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. അതുകൊണ്ടാണ്, ചൂഷണത്തില്‍നിന്നും അനീതിയില്‍നിന്നും അസമത്വത്തില്‍നിന്നും  ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള വിവേചനപൂര്‍ണമായ സമീപനങ്ങളില്‍നിന്നും  ജനങ്ങള്‍ക്ക്  മോചനം ലഭിക്കാതെ പോകുന്നത്. ഇതുകൊണ്ടുകൂടിയാണ് ലിബറല്‍ ഡെമോക്രസിയുടെയും സ്വതന്ത്ര കമ്പോളത്തിന്റെയും അപ്പോസ്തലരായി ചമയുന്ന പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളെയും അമേരിക്കയെയും കോവിഡ് അതിരൂക്ഷമായ രൂപത്തില്‍ ബാധിച്ചത്. ഭരണകൂടം സ്വന്തം ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി അതൊക്കെയും സ്വകാര്യ കുത്തകകളെ ഏല്‍പിച്ചതുകൊണ്ട് പൗരന്മാര്‍ക്ക്, പ്രത്യേകിച്ചും മധ്യവര്‍ഗത്തിനും അതിനു താഴെയുള്ളവര്‍ക്കും, മഹാമാരി പോലുള്ള ഒരു അടിയന്തര ഘട്ടത്തില്‍ കിട്ടേണ്ട സേവനം ലഭിക്കാതെ പോയി. ആ സേവനത്തിന് തങ്ങള്‍ക്കു വഹിക്കാന്‍ സാധിക്കാത്ത ഭീമമായ ചെലവ് അവര്‍ക്ക് ഒടുക്കേതുണ്ടായിരുന്നു. ലിബറല്‍ ഡെമോക്രസി ലക്ഷ്യം വെച്ച Little  Governance   എന്നത് അധികാരത്തിന്റെ പരിധി  ചുരുക്കുന്ന തലത്തിലായിരുന്നെങ്കിലും ഫലത്തില്‍ സ്റ്റേറ്റിന്റെ ഉത്തരവാദിത്ത തലം ചുരുങ്ങിപ്പോകുന്നതിലാണ്  അത് കലാശിച്ചത്.  മറ്റെല്ലാ മനുഷ്യ നിര്‍മിത വ്യവസ്ഥകളിലുമെന്ന പോലെ ലിബറല്‍ ഡെമോക്രസിയിലും,  സ്റ്റേറ്റിന്റെ അധികാര പരിധി കൂടുകയും അത് ജനങ്ങളുടെ സ്വകാര്യതയിലേക്ക് പോലും ഒളിഞ്ഞുനോക്കുന്ന സര്‍വേലന്‍സ് ഉപകരണം മാത്രമായി മാറുകയുമാണുണ്ടായത്. മോര്‍ ഫ്രീഡം എന്നത് ഫ്രീ മാര്‍ക്കറ്റ് സംവിധാനത്തില്‍ സ്വകാര്യ കുത്തക മുതലാളിമാര്‍ക്ക് ജനങ്ങളെ കൂടുതല്‍ ചൂഷണം ചെയ്യാനുള്ള  ഉപായം മാത്രമായി കലാശിക്കുകയും ചെയ്തു.
വ്യക്തിയുടെ അനിയന്ത്രിത ലാഭത്തില്‍ മാത്രം കേന്ദ്രീകരിക്കുന്ന ഫ്രീ മാര്‍ക്കറ്റ് വ്യവസ്ഥയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇതിനു പുറമെയാണ്. കഴിഞ്ഞ 250 വര്‍ഷത്തിലേറെയായി ഭൂമിയില്‍ ആധിപത്യം പുലര്‍ത്തുന്ന, ആദം സ്മിത്ത് രൂപകല്‍പന ചെയ്ത മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയില്‍ അധിഷ്ഠിതമായ പാശ്ചാത്യ നാഗരികത നമ്മുടെ ആവാസ വ്യവസ്ഥക്ക് ഏല്‍പിച്ച പരിക്കിന്റെ കൂടി ഫലമാണ് അടിസ്ഥാനപരമായി കാലാവസ്ഥാ വ്യതിയാനം പോലും. ഇത് തെളിയിക്കുന്നത് പാശ്ചാത്യ മുതലാളിത്ത നിയോ-ലിബറല്‍ ജനാധിപത്യ വ്യവസ്ഥ മുന്നോട്ടുവെക്കുന്ന വികസന സങ്കല്‍പം പോലും സുസ്ഥിരമോ, ജനങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന തരത്തിലുള്ളതോ ആയിരുന്നില്ല എന്നാണ്. അതുകൊണ്ടുകൂടിയാണ് പാശ്ചാത്യ നാഗരിക വ്യവസ്ഥ സാമ്പത്തിക അസമത്വം വര്‍ധിപ്പിക്കുകയും ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമിടയിലെ അന്തരം കൂട്ടുകയും ചെയ്യുന്നത്. പാവപ്പെട്ടവന്റെ ചില്ലിക്കാശ് പണക്കാരന്റെ ഖജനാവിലെത്തിക്കാനല്ലാതെ പണക്കാരന്റെ കൈയില്‍ കുന്നുകൂടുന്ന സമ്പത്തിനെ പാവപ്പെട്ടവനിലേക്കു ചംക്രമണം ചെയ്യിക്കുന്ന ഒന്നും മുതലാളിത്ത വ്യവസ്ഥയില്‍ ഇല്ല എന്നതാണ് വസ്തുത. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഈ തിക്ത യാഥാര്‍ഥ്യം കൂടിയാണ് തുറന്നുകാട്ടിയത്.  കോവിഡിന് വാക്സിന്‍ കണ്ടുപിടിച്ചാല്‍, അത് തന്നെയും ഫര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേറ്റുകളുടെ കൈയിലെ മറ്റൊരു ചൂഷണോപാധിയായി മാറുമോ എന്ന് കണ്ടറിയണം. സ്വതന്ത്ര കമ്പോളത്തില്‍ അധിഷ്ഠിതമായ നിയോ ലിബറല്‍ ജനാധിപത്യ വ്യവസ്ഥകള്‍ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളിലും  ഇതേ ദൗര്‍ബല്യങ്ങള്‍ നിഴലിക്കുന്നതായി കാണാന്‍ സാധിക്കും. 

(തുടരും)

Comments

Other Post

ഹദീസ്‌

നന്മയുടെ താക്കോലാവുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (2-5)
ടി.കെ ഉബൈദ്‌