Prabodhanm Weekly

Pages

Search

2020 ജൂണ്‍ 19

3156

1441 ശവ്വാല്‍ 27

മൗലാനാ മുഹമ്മദ് റഫീഖ് ഖാസിമി; പ്രസ്ഥാന പാതയില്‍ സമര്‍പ്പിത ജീവിതം

അബ്ദുല്‍ഹകീം നദ്‌വി

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്ന മൗലാനാ മുഹമ്മദ് റഫീഖ് ഖാസിമി അല്ലാഹുവിലേക്ക് യാത്രയായി. ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വം. വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം നല്‍കിയ സേവനങ്ങള്‍ ഇസ്‌ലാക പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായകമായി വര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഇസ്‌ലാക സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്രട്ടറിയായിരുന്ന അദ്ദേഹം മുസ്ലിം സമുദായത്തിലെ വിവിധ സംഘടനകളുമായും അവയുടെ നേതൃത്വവുമായും വളരെ നല്ല ബന്ധം കാത്തുസൂക്ഷിച്ചു. മറ്റു മത നേതാക്കളുമായും സമുദായ സംഘടനകളുടെ നേതൃത്വവുമായും ഹൃദ്യമായ ബന്ധം നിലനിര്‍ത്തി.  അവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താനും ഇസ്‌ലാമിക പ്രസ്ഥാനവുമായി അവരെ സഹകരിപ്പിക്കാനും ശ്രമിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗത്തിന്റെ സംഘാടനത്തിലും അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ജമാഅത്തെ ഇസ്‌ലാമി നേതൃശ്രേണിയിലെ ഏക ദയൂബന്ദ് പണ്ഡിതനായിരുന്നു അദ്ദേഹം.
ഉത്തര്‍ പ്രദേശിലെ റാംപൂരില്‍ 1946-ല്‍ ആയിരുന്നു മൗലാനയുടെ ജനനം. പണ്ഡിതനും സാത്വികനുമായിരുന്ന മൗലാനാ മുഹമ്മദ് ഇല്‍യാസ് സാഹിബാണ് അദ്ദേഹത്തിന്റെ പിതാവ്. യു.പിയിലെ ഗോണ്ടയിലുള്ള മദ്‌റസ ഫുര്‍ഖാനിയയിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക പഠനം. പിന്നീട് പ്രശസ്തമായ ദാറുല്‍ ഉലൂം ദയൂബന്ദില്‍  ഉപരി പഠനത്തിനായി ചേരുകയും അഞ്ചു വര്‍ഷത്തെ പഠനത്തിനു ശേഷം ഫസീലത്ത് ബിരുദം കരസ്ഥമാക്കുകയും ചെയ്തു. സഹാറന്‍പൂരിലെ മളാഹിറുല്‍ ഉലൂമിലും  കുറച്ചുകാലം പഠനം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ അറിയപ്പെട്ട രണ്ട് ഉന്നത കലാലയങ്ങളിലെ പ്രഗത്ഭരായ പണ്ഡിതന്മാരുടെ ശിക്ഷണം അദ്ദേഹത്തിന്റെ ജീവിതം കെട്ടിപ്പടുക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തി. ദയൂബന്ദിലെ ശൈഖുല്‍ ഹദീസ് മൗലാനാ സയ്യിദ് ഫഖ്‌റുദ്ദീന്‍ അഹ്മദ്, പ്രിന്‍സിപ്പല്‍ മൗലാനാ ഖാരിഅ് മുഹമ്മദ് ത്വയ്യിബ്, സ്വദ്‌റുല്‍ മുദര്‍രിസീന്‍ മൗലാനാ മുഹമ്മദ് ഇബ്‌റാഹീം, മളാഹിറുല്‍ ഉലൂം ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ, നാസിം മൗലാനാ മുഹമ്മദ് അസദുല്ലാഹ്, മൗലാനാ മുഹമ്മദ് സിദ്ദീഖ് എന്നിവര്‍ അദ്ദേഹത്തിന്റെ പ്രധാന അധ്യാപകരായിരുന്നു. ദയൂബന്ദിലെ ഉപരിപഠനത്തിനു ശേഷം മദ്‌റസ ശംസുല്‍ ഉലൂം സിദ്ധാര്‍ഥ് നഗര്‍, മദ്‌റസ നാസിറുല്‍ ഉലൂം ഗോണ്ട, മദ്‌റസ ഇസ്‌ലാമി മീറത്ത്, ജാമിഅ മുഹമ്മദിയ ബല്‍റാംപൂര്‍ എന്നീ സ്ഥാപനങ്ങളില്‍ ഏതാനും വര്‍ഷം അധ്യാപകനായി അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നീടാണ് ജമാഅത്തെ  ഇസ്‌ലാമിയുമായി അദ്ദേഹം ബന്ധപ്പെടുന്നത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി പ്രഥമ അമീറായിരുന്ന മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി നദ്‌വിയുടെ പാണ്ഡിത്യത്തിലും വ്യക്തിത്വത്തിലും പ്രവര്‍ത്തന ശൈലിയിലും ആകൃഷ്ടനായാണ് അദ്ദേഹം ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്.
1975-ല്‍ അദ്ദേഹം ഉത്തര്‍ പ്രദേശിലെ ഗോണ്ട, ബഹ്‌റയ്ച്ച് എന്നീ ജില്ലകളുടെ പ്രസിഡന്റായി നിയമിതനായി. പിന്നീട് ബറേലി മേഖലയുടെ നാസിം ചുമതലയും അദ്ദേഹത്തെ ഏല്‍പ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുള്ള നേതാവായിരുന്നു അദ്ദേഹം. 1975-ല്‍ അടിയന്തരാവസ്ഥ കാലത്ത് ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടപ്പോള്‍  ജമാഅത്ത് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെങ്കിലും മൗലാനാ റഫീഖ് ഖാസിമിയെ അറസ്റ്റ് ചെയ്യാനോ ജയിലിലടക്കാനോ അധികൃതര്‍ മുതിര്‍ന്നില്ല. ജയിലിന് പുറത്തായിരുന്നുവെങ്കിലും അദ്ദേഹം ഒട്ടും വിശ്രമിച്ചിരുന്നില്ല. രാവും പകലുമില്ലാതെ ജയിലിലടക്കപ്പെട്ടവര്‍ക്കു വേണ്ടി ഓടിനടക്കുകയായിരുന്നു. വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്ന ജമാഅത്ത് നേതാക്കളെയും പ്രവര്‍ത്തകരെയും അദ്ദേഹം നിരന്തരം സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. ജയിലിലടക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനാവശ്യമായ ജാമ്യാപേക്ഷകള്‍ തയാറാക്കുകയും കോടതികളില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നതും അദ്ദേഹം തന്നെയായിരുന്നു. സെഷന്‍ കോടതി മുതല്‍ ഹൈക്കോടതി വരെ കയറിയിറങ്ങുകയും പോലീസ് സ്റ്റേഷനുകളില്‍ പോയി കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. 
1982-ല്‍ ഉത്തര്‍  പ്രദേശ് അമീറായി സയ്യിദ് ഹാമിദ് ഹുസൈന്‍ സാഹിബ് നിയമിതനായപ്പോള്‍ മൗലാനാ റഫീഖ് ഖാസിമി അസിസ്റ്റന്റ് അമീറായി ചുമതലയേറ്റു. ഹാമിദ് ഹുസൈന്‍ സാഹിബിന്റെ നിര്യാണത്തെ തുടര്‍ന്ന് ആക്ടിംഗ് അമീറായി അദ്ദേഹം നിയമിതനാകുകയും പിന്നീട് സംസ്ഥാന അമീറായി ചുമതലയേല്‍പ്പിക്കപ്പെടുകയും ചെയ്തു. 1995-ല്‍ മൗലാനാ സിറാജുല്‍ ഹസന്‍ സാഹിബ് ജമാഅത്ത് അമീറായി തെരഞ്ഞെടുക്കപ്പെട്ട സന്ദര്‍ഭത്തിലാണ് റഫീഖ് ഖാസിമിയെ വനിതാ സംഘാടന ചുമതലയോടൊപ്പം ഇസ്‌ലാമിക സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഖിലേന്ത്യാ സെക്രട്ടറിയായി നിയമിക്കുന്നത്. 2019 മാര്‍ച്ച് വരെ ദീര്‍ഘമായ 24 വര്‍ഷം അദ്ദേഹം ഈ ചുമതല വഹിച്ചുപോന്നു. ജമാഅത്തിന്റെ 2019-'23 പ്രവര്‍ത്തന കാലയളവില്‍ കേന്ദ്ര മജ്‌ലിസ് ശൂറാംഗമായി അദ്ദേഹം തുടരുകയായിരുന്നു.
ആകര്‍ഷണീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മൗലാനാ റഫീഖ് ഖാസിമി. 'ധാര്‍മിക് ജന്‍മോര്‍ച്ച' എന്ന,  വിവിധ മതവിഭാഗങ്ങള്‍ ഒത്തുചേരുന്ന വേദിയുടെ ആഭിമുഖ്യത്തില്‍ പലവിധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാന്‍ മൗലാന മുന്‍പന്തിയിലുണ്ടായിരുന്നു. ഈ പൊതുവേദിയിലൂടെ  പല പ്രശ്നങ്ങളും പരിഹരിക്കാനും  അഭിപ്രായൈക്യമുണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ദയൂബന്ദിലെയും സഹാറന്‍പൂരിലെയും നദ് വയിലെയും പണ്ഡിതരുമായി അദ്ദേഹം ഊഷ്മള ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ ഡോക്ടര്‍ അബ്ദുല്‍ ഹഖ് അന്‍സാരിയുടെ പ്രവര്‍ത്തന കാലയളവിലാണ് ജമാഅത്ത് നേതാക്കളും ദയൂബന്ദ് പണ്ഡിതന്മാരും തമ്മില്‍ സൗഹൃദ ബന്ധം കൂടുതല്‍ ശക്തമായത്. പിന്നീട് ജലാലുദ്ദീന്‍ ഉമരി സാഹിബിന്റെ കാലയളവിലും നിലവിലും അത് കൂടുതല്‍ കരുത്തോടെ തുടര്‍ന്നു പോരുന്നു. ദയൂബന്ദും ജമാഅത്തും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ മുഖ്യ കണ്ണിയായി വര്‍ത്തിച്ചത് മൗലാനാ റഫീഖ് ഖാസിമിയായിരുന്നു. ദാറുല്‍ ഉലൂം ദയൂബന്ദ് പൂര്‍വ വിദ്യാര്‍ഥി സംഘാടക സമിതി അംഗം കൂടിയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ആസ്ഥാനത്ത് പണ്ഡിതന്മാരുടെ സംഗമം നടക്കാറുണ്ട്. മര്‍ഹൂം അബ്ദുര്‍റശീദ് ഉസ്മാനിയാണ് അതിന് തുടക്കം കുറിച്ചത്. അതിന് തുടര്‍ച്ച നല്‍കിയത് മൗലാനാ റഫീഖ് ഖാസിമിയായിരുന്നു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം പ്രഗത്ഭരായ പണ്ഡിതന്മാരെ വേദിയുമായി സഹകരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.  വീക്ഷണ വൈജാത്യങ്ങള്‍ വെച്ചു പുലര്‍ത്തിയിരുന്ന പല ഉലമാക്കളെയും ഇസ്‌ലാമിക പ്രസ്ഥാനവുമായി അടുപ്പിക്കാന്‍ ഇത്തരം സംഗമങ്ങള്‍ വഴി സാധിച്ചിട്ടുണ്ട്.
പുഞ്ചിരി മായാത്ത അദ്ദേഹത്തിന്റെ മുഖം ഒരിക്കല്‍ മാത്രം പരിചയപ്പെട്ട ആളെപ്പോലും വല്ലാതെ വശീകരിക്കും.  വാക്ചാതുരിയും അദ്ദേഹത്തിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്.
ഒരു വര്‍ഷം മുമ്പ് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. എഴുപത്തഞ്ചാമത്തെ വയസ്സിലാണ് അല്ലാഹുവിലേക്ക് യാത്രയായത്. അല്ലാഹു അദ്ദേഹത്തെ സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കട്ടെ - ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

വെളിച്ചമാണ് അധ്യാപകന്‍
ഫാത്വിമ കോയക്കുട്ടി