Prabodhanm Weekly

Pages

Search

2020 ജൂണ്‍ 19

3156

1441 ശവ്വാല്‍ 27

ധൂര്‍ത്തടിക്കുന്ന പണം ഇങ്ങനെ ചെലവഴിച്ചിരുന്നെങ്കില്‍

ഡോ. അബ്ദുര്‍റഹ്മാന്‍ അസ്സുമൈത്വ്

(കുവൈത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയും പ്രശസ്ത  പ്രബോധകനുമായ ഡോ. അബ്ദുര്‍റഹ്മാന്‍ അസ്സുമൈത്വ് തന്റെ അനുഭവം വിവരിക്കുന്നു)

ആഫ്രിക്കന്‍ രാജ്യങ്ങളിലെ പര്യടനത്തിനിടയില്‍ ഒരു പാവപ്പെട്ട സ്ത്രീയുടെ ദീനവിലാപം ശ്രദ്ധയില്‍ പെട്ടു. ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന ഡോക്ടറോട് അവര്‍ സഹായത്തിനായി കേണപേക്ഷിക്കുകയാണ്. തന്റെ മകനെ വിദ്യാഭ്യാസ- ആരോഗ്യ സഹായമര്‍ഹിക്കുന്നവരുടെ സ്പോണ്‍സര്‍ പട്ടികയില്‍ ചേര്‍ക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നു. അവരുടെ കരച്ചില്‍ നിയന്ത്രണാതീതമായപ്പോള്‍ ഞാന്‍ ഡോക്ടറോട് നേരില്‍ സംസാരിച്ചു. അദ്ദേഹം പറഞ്ഞു: 'ആ കുഞ്ഞിന്റെ ആരോഗ്യാവസ്ഥ വളരെ മോശം. അധിക കാലം ജീവിക്കുകയില്ല. അവനെ സഹായ പട്ടികയില്‍ ചേര്‍ക്കാനാണ് അവര്‍ വാശി പിടിക്കുന്നത്. ജീവിച്ചിരിക്കാന്‍ സാധ്യതയുള്ളവര്‍ക്കല്ലേ പരിഗണന നല്‍കേണ്ടത്?' പിന്നീട് പരിഭാഷകന്‍ മുഖേന ആ ഉമ്മയോട് ചോദിച്ചു: 'ഈ കുട്ടിക്ക് ഒരു ദിവസത്തേക്ക് എത്ര സംഖ്യ വേണം?' അവര്‍ ആവശ്യപ്പെട്ട തുക എന്റെ നാട്ടില്‍ ഒരു പെപ്സിയുടെ വിലയേക്കാള്‍ കുറവായിരുന്നു. 'സഹോദരീ, നിങ്ങളുടെ മകന്റെ മുഴുവന്‍ ചെലവും ഞാന്‍ വ്യക്തിപരമായി ഏറ്റെടുത്തിരിക്കുന്നു. സമാധാനിക്കുക.' സന്തോഷാധിക്യത്താല്‍ എന്റെ കൈ ചുംബിക്കാന്‍ മുന്നോട്ടു വന്നെങ്കിലും ഞാന്‍ അവരെ വിലക്കുകയായിരുന്നു. ആ കുട്ടിയുടെ ഒരു വര്‍ഷത്തെ ചെലവിനാവശ്യമായ സംഖ്യ ചെക്കായി ഏല്‍പിക്കുകയും ചെയ്തു. അത് തീര്‍ന്നാല്‍ തന്റെ ഓഫീസുമായി ബന്ധപ്പെട്ടാല്‍ തുടര്‍ന്നും സഹായം ലഭിക്കുമെന്നറിയിച്ചു. ആ മാതാവ് പുതുതായി ഇസ്ലാമിലേക്ക് വന്നവരായിരുന്നു. അവരുടെ മനസ്സിനെ ഇണക്കുകയും സമാധാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. ആ കുട്ടിയുടെ മോശം ആരോഗ്യാവസ്ഥ മൂലം അവന്റെ ജീവിതം എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രമാണെന്ന് മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.
കാലക്കറക്കത്തില്‍ ആ കുട്ടിയുടെ കഥ ഞാന്‍ പറ്റേ മറന്നു. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം വീണ്ടും ആ പ്രദേശം സന്ദര്‍ശിക്കാനെത്തി. ഓഫീസിലെ കൃത്യനിര്‍വഹണത്തിനിടയില്‍ എന്നെ കാണാനായി ഒരു സ്ത്രീ അനുവാദം തേടുന്നതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതിനു മുമ്പും അവര്‍ പലപ്പോഴായി ഇതേ ആവശ്യവുമായി വന്നിരുന്നുവെന്നും അയാള്‍ പറഞ്ഞു. അവരെ അകത്തേക്ക് വിടാന്‍ ഞാന്‍ പറഞ്ഞു. മുന്‍പരിചയമില്ലാത്ത ആ സ്ത്രീ തന്റെ ബാലനോടൊപ്പം എന്റെ മുന്നില്‍ ഹാജരായി, ശാന്തമായി പറഞ്ഞു തുടങ്ങി: 'ഇതെന്റെ പുത്രന്‍ അബ്ദുര്‍റഹ്മാന്‍. ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കി; ധാരാളം നബിവചനങ്ങളും ഹൃദസ്ഥമാക്കിയിട്ടുണ്ട്. ഒരു പ്രബോധകനാകണമെന്നാണ് അവന്റെ അഭിലാഷം.' അവരുടെ ആവേശം കണ്ടപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു: 'നിങ്ങളെ എനിക്കറിയില്ലല്ലോ.' അന്നേരം ആ ബാലന്‍ ശുദ്ധമായ അറബിയില്‍ പറഞ്ഞു തുടങ്ങി: 'ഇസ്ലാമിന്റെ കാരുണ്യമില്ലായിരുന്നുവെങ്കില്‍ ഞാന്‍ താങ്കളുടെ സന്നിധിയില്‍ എഴുന്നേറ്റു നില്‍ക്കുമായിരുന്നില്ല. എന്റെ മാതാവ് സംഭവങ്ങളെല്ലാം എന്നെ സവിസ്തരം ധരിപ്പിച്ചിട്ടുണ്ട്. എന്റെ ശൈശവം തൊട്ട് ബാല്യം വരെയും താങ്കളുടെ ധനസഹായമായിരുന്നു ഞങ്ങളുടെ ഏക ആശ്രയം. ഇനി മുതല്‍ താങ്കളോടൊപ്പം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അറബിയോടൊപ്പം ആഫ്രിക്കന്‍ ഭാഷയും ഞാന്‍ നന്നായി കൈകാര്യം ചെയ്യും. പ്രതിഫലമായി ഭക്ഷണം നല്‍കിയാല്‍ മതി. എന്റെ ഖുര്‍ആന്‍ പാരായണം താങ്കളൊന്ന് കേള്‍ക്കണം.' അല്‍ ബഖറ അധ്യായത്തിലെ ഏതാനും സൂക്തങ്ങള്‍ ശ്രവണമധുരമായ ശബ്ദത്തില്‍ എന്നെ കേള്‍പ്പിച്ചു. അവന്റെ സുന്ദരമായ നയനങ്ങള്‍ അപ്പോഴും തന്റെ ആഗ്രഹം സാധിപ്പിച്ചുതരണമെന്ന് അഭ്യര്‍ഥിക്കുന്നതായി തോന്നി. 
ഓര്‍മകള്‍ പലതും ചികഞ്ഞെടുക്കാനുള്ള ശ്രമങ്ങളില്‍ ഞാന്‍ അവരോട് ചോദിച്ചു: 'സ്പോണ്‍സര്‍ഷിപ്പ് നിരസിക്കപ്പെട്ട ആ ബാലനാണോ ഇത്?' അവന്‍ പറഞ്ഞു: 'അതെ. എന്നെ താങ്കള്‍ക്ക് പരിചയപ്പെടുത്തണമെന്ന് ഉമ്മാക്ക് നിര്‍ബന്ധമായിരുന്നു. താങ്കളുടെ പേരു തന്നെയാണ് അവര്‍ എനിക്ക് നല്‍കിയതും.' ഇത്രയുമായപ്പോള്‍ എന്റെ പാദങ്ങള്‍ തളര്‍ന്നു, പക്ഷാഘാതം ഏറ്റ പോലെ ഞാന്‍ നിലംപതിച്ചു. സന്തോഷ-സന്താപ സമ്മിശ്ര വികാരങ്ങളോടെ സര്‍വശക്തനു മുന്നില്‍ സുജൂദ് ചെയ്തു കൊണ്ട് പറഞ്ഞു: 'അല്ലാഹുവേ! നീ എത്ര അത്യുദാരന്‍! നിസ്സാരമായ ഒരു സംഖ്യ കൊണ്ട് ഒരു ജീവന്‍ രക്ഷിച്ചു; ഒരു ഇസ്ലാമിക പ്രബോധകനെ സമ്മാനിക്കുകയും ചെയ്തു. നാമെത്ര സമ്പത്താണ് ധൂര്‍ത്തടിക്കുന്നത്?' ഈ ബാലന്‍ പിന്നീട് ആഫ്രിക്കന്‍  വന്‍കരയിലെ ഏറ്റവും പ്രശസ്തനും സ്വീകാര്യനുമായ പ്രബോധകനായിത്തീര്‍ന്നു. സ്വര്‍ഗം അതെത്ര സുന്ദരം! അത് പ്രാപിക്കുക എത്ര എളുപ്പം! ഒരു കാരക്കച്ചീളു കൊണ്ടെങ്കിലും നരകത്തെ കാക്കുക. 

മൊഴിമാറ്റം: എം.ബി അബ്ദുര്‍റശീദ്, അന്തമാന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

വെളിച്ചമാണ് അധ്യാപകന്‍
ഫാത്വിമ കോയക്കുട്ടി