Prabodhanm Weekly

Pages

Search

2020 ജൂണ്‍ 19

3156

1441 ശവ്വാല്‍ 27

വായനയുടെ സാധ്യതകളും പരിമിതികളും

അഫ്‌ലഹുസ്സമാന്‍

മനുഷ്യമനസ്സില്‍ അര്‍ഥഗര്‍ഭമായ ചിന്തകള്‍ നാമ്പിടുന്നത് നല്ല വായനകളിലൂടെയാണ്. ചില നേരങ്ങളില്‍ അനുവാചകനെ പുതിയ വായനാ ലോകത്തേക്ക് കൈപ്പിടിച്ചുയര്‍ത്തുന്നത് അവനില്‍ രൂപപ്പെടുന്ന ചിന്തകളും അതില്‍നിന്ന് ജന്മമെടുക്കുന്ന പുത്തനാശയങ്ങളുമാണ്. വായനയും ചിന്തയും പരസ്പരബന്ധിതമാണ്. ചിന്തകളില്ലാത്ത വായനകള്‍ അര്‍ഥരഹിതവും അപ്രസക്തവുമാണ്. ജോര്‍ദാന്‍ പ്രൈവറ്റ് യൂനിവേഴ്സിറ്റിയില്‍ അപ്ലൈഡ് ലിങ്ക്വിസ്റ്റിക്‌സ് വിഭാഗത്തിലെ അസി. പ്രഫസറായ ഡോ. അബൂ ശിഹാബ് 'റീഡിംഗ് അസ് ക്രിട്ടിക്കല്‍ തിങ്കിങ്' എന്ന തന്റെ പഠനത്തില്‍ വായന, വായിക്കപ്പെടുന്ന വസ്തുവും വായനക്കാരനും തമ്മിലുള്ള പരസ്പര്യം രേഖപ്പെടുത്തുന്നുണ്ട്. ഓരോ വായക്കാരനും തന്റെ ഉള്ളകങ്ങളില്‍ രൂപപ്പെടുന്ന ചില മുന്‍വിധികളുടെയും മുന്‍ധാരണകളുടെയും പിന്‍ബലത്തിലാണ് പുതിയ വായനകളെ സമീപിക്കാറുള്ളത്. 
ഇങ്ങനെയുള്ള വായനകളില്‍നിന്ന് ലഭിക്കുന്ന വിജ്ഞാനങ്ങളുടെ ദിശനിര്‍ണയിക്കുക വായനക്കാരന്റെ വൈയക്തിക ചിന്താമണ്ഡലങ്ങളെയും അവന്റെ അനുഭവങ്ങളെയും ഗ്രാഹ്യശേഷിയെയും ആസ്പദിച്ചായിരിക്കും. അനുവാചകന്റെ വായനകളെയും ചിന്തകളെയും സ്വാധീനിക്കുന്ന സുപ്രധാന ഘടകമാണ്, വായനക്കാരനും വായിക്കപ്പെടുന്ന വസ്തുവും നിലനില്‍ക്കുന്ന സാമൂഹിക പശ്ചാത്തലം. പശ്ചാത്തലങ്ങള്‍ക്ക് മാറ്റമുണ്ടാകുമ്പോള്‍ വായിക്കപ്പെടുന്ന ആശയങ്ങള്‍ക്കും തദനുസാരം മാറ്റം സംഭവിക്കുന്നു. തല്‍ഫലമായി ആ വായനകളില്‍ നിന്ന് ഉത്ഭവിക്കുന്ന ചിന്തകള്‍ക്കും രൂപമാറ്റമുണ്ടാകുന്നു. മനുഷ്യന്റെ വായനകളും ചിന്തകളും പുരോഗമിക്കും തോറും അവനില്‍ സൃഷ്ടിക്കപ്പെട്ട ഭൂതകാലബോധങ്ങള്‍ തിരുത്തിയെഴുതപ്പെടുകയും തന്റെ ചിന്തകളില്‍ നിന്ന് അങ്കുരിച്ച പുതിയ ആശയങ്ങള്‍ സമൂഹത്തില്‍ വിന്യസിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ മനുഷ്യന്‍ നടത്തുന്ന വായനകളെയും അതില്‍ നിന്നുടലെടുക്കുന്ന ചിന്തകളെയും ഇസ്ലാമിക പ്രതലത്തില്‍ നിന്നു കൊണ്ട് നോക്കിക്കാണാനുള്ള ഒരു ശ്രമമാണിത്.
നിനച്ചിരിക്കാതെ പ്രകൃതിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, ദുരന്തങ്ങള്‍, ഭൂചലനങ്ങള്‍ തുടങ്ങിയവ മനുഷ്യന്‍ സ്വായത്തമാക്കിയ അറിവുകളെയും അവനെത്തിച്ചേര്‍ന്ന നിഗമനങ്ങളെയും നിശ്ശബ്ദമാക്കുന്നുണ്ട്. താന്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ വെച്ച് പ്രാപഞ്ചിക ശക്തികളെ നിര്‍വചിക്കാന്‍ സാധിക്കാതെ വരുന്നു. തന്റെ കണ്ടെത്തലുകളില്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളേല്‍പ്പിക്കുന്ന പ്രഹരം അവനില്‍ താന്‍ അരക്ഷിതനാണെന്ന തോന്നല്‍ ജനിപ്പിക്കുന്നു. തന്റെ അനുഭവങ്ങളും പഠനങ്ങളും പകര്‍ന്നു തന്ന അറിവുകള്‍ നന്നേ ചുരുങ്ങിയതാണെന്ന് അവന്‍ മനസ്സിലാക്കുന്നു. പ്രകൃതിയെ കുറിച്ചുള്ള ആലോചനകള്‍ അവന്റെ ധിഷണാ വൃത്തം വിപുലമാക്കുകയും അനിയന്ത്രിത മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു പരാശക്തിയെ കുറിച്ച അന്വേഷണത്തില്‍ അത് എത്തിച്ചേരുകയും ചെയ്യുന്നു.
അറിവും അതിനനുസൃതമായ ചിന്തയും ഉണ്ടാകുമ്പോഴാണ് മനുഷ്യന്‍ യഥാര്‍ഥ വഴിയില്‍ എത്തിച്ചേരുക എന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. വായിക്കുക എന്ന പ്രഥമ പ്രഖ്യാപനത്തോടൊപ്പം 'നിങ്ങള്‍ ചിന്തിക്കുന്നില്ലേ' എന്ന ചോദ്യവും പലയിടങ്ങളിലും ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നുണ്ട്.  'ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍, രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍, മനുഷ്യര്‍ക്കുപകരിക്കുന്ന ചരക്കുകളുമായി സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലുകളില്‍, അല്ലാഹു മാനത്തുനിന്ന് മഴവീഴ്ത്തി അതുവഴി ജീവനറ്റ ഭൂമിക്ക് ജീവനേകുന്നതില്‍, ഭൂമിയില്‍ എല്ലായിനം ജീവികളെയും പരത്തിവിടുന്നതില്‍,കാറ്റിനെ ചലിപ്പിക്കുന്നതില്‍, ആകാശഭൂമികള്‍ക്കിടയില്‍ ആജ്ഞാനുവര്‍ത്തിയായി നിര്‍ത്തിയിട്ടുള്ള കാര്‍മേഘത്തില്‍ എല്ലാറ്റിലും ചിന്തിക്കുന്ന ജനത്തിന് അനേകം തെളിവുകളുണ്ട്; സംശയമില്ല' (2:162), 'ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ചിന്താശേഷിയുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്' (3:190), ഇത്തരത്തിലുള്ള ഖുര്‍ആനിക വചനങ്ങള്‍ വിശ്വാസിയുടെ ചിന്താശേഷിയെ ഉത്തേജിപ്പിക്കുന്നു. അത് ചിന്താമണ്ഡലങ്ങളെ പുതിയ പര്യാലോചനകളിലേക്ക് നയിക്കുന്നു. 
വിശ്വാസിയുടെ വായനകളില്‍നിന്നും ധൈഷണിക വ്യവഹാരങ്ങളില്‍നിന്നും രൂപം കൊള്ളുന്ന പരമമായ അറിവിനെ 'ഇല്‍മുല്‍ യഖീന്‍', 'ഹഖുല്‍ യഖീന്‍', 'ഐനുല്‍ യഖീന്‍' എന്നീ മൂന്ന് സംജ്ഞകളില്‍ പരിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇതില്‍ 'ഹഖ്' എന്നത് ഇസ്ലാമിക ദര്‍ശനത്തില്‍ ദൈവമെന്ന പരാശക്തിയുടെ വിശേഷണങ്ങളിലൊന്നാണ്. വിശ്വാസിയെ സംബന്ധിച്ചേടത്തോളം തന്റെ ആദ്യ ഗുരു ദൈവമാണ്. 'അല്ലാഹു ആദമിനെ എല്ലാ വസ്തുക്കളുടെയും പേരുകള്‍ പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് അവന്‍ കല്‍പിച്ചു: നിങ്ങള്‍ ഇവയുടെ പേരുകള്‍ പറയുക, നിങ്ങള്‍ സത്യം പറയുന്നവരെങ്കില്‍?' (2:31), 'മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു' (96:5). ഈ ഖുര്‍ആന്‍ ആയത്തുകളൊക്കെയും ദൈവമാണ് തന്റെ അറിവുകള്‍ക്കുള്ള ഏക സ്രോതസ്സ് എന്ന പരമസത്യം വിളിച്ചോതുന്നു. ഖുര്‍ആന്‍ പറയുന്നു: 'നാഥന്റെ അറിവ് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?' (6:80). ആ സ്രോതസ്സിലേക്കെത്താനുള്ള വഴികളാണ് വായനകളും ചിന്തകളും. 
ഒരു വിശ്വാസി തന്റെ വായനകളെയും ചിന്തകളെയും വികസിപ്പിക്കേണ്ടത് ദൈവത്തിന്റെ ഏകത്വം അംഗീകരിച്ചു കൊണ്ടാണ്; ദൈവത്തിന്റെ സൃഷ്ടിപ്പിലും മറ്റു കഴിവുകളിലും മറ്റൊരാള്‍ക്കും പങ്കില്ലെന്ന തെളിമയാര്‍ന്ന ആശയം മനസ്സിലാവാഹിച്ചുകൊണ്ടും. ഖുര്‍ആനിക വചനങ്ങളുടെയും പ്രവാചകചര്യയുടെയും പിന്‍ബലത്തിലാണ് തന്റെ ഗവേഷണ യത്‌നങ്ങളെ മുന്നോട്ട് കൊണ്ടുപോകേണ്ടത്. മനുഷ്യന്റെ വായനകളും ചിന്തകളു അവന് നല്‍കുന്ന അറിവ് വളരെ പരിമിതമാണെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. തന്റെ വൈജ്ഞാനികാന്വേഷണങ്ങള്‍ക്ക് ഇത്തരത്തില്‍ നിരവധി പരിധികളും പരിമിതികളുമുണ്ടെന്ന ബോധ്യത്തോടെയായിരിക്കണം വിശ്വാസി തന്റെ വായനകളും ചിന്തകളുമായി മുന്നോട്ടുപോകേണ്ടത്. ഉറവ വറ്റാത്ത അറിവുകള്‍ക്കുടമയായ ദൈവമെന്ന പരാശക്തിയിലേക്കുള്ള പാഥേയമായി നമ്മുടെ ചിന്തകളെയും വായനകളെയും മാറ്റാന്‍ കഴിയണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

വെളിച്ചമാണ് അധ്യാപകന്‍
ഫാത്വിമ കോയക്കുട്ടി