Prabodhanm Weekly

Pages

Search

2020 ജൂണ്‍ 19

3156

1441 ശവ്വാല്‍ 27

വലിയ സ്വപ്‌നങ്ങള്‍ കാണേണ്ട കാലത്തെ വിദ്യാഭ്യാസം

ഡോ. കെ.എം മഹ്മൂദ് ശിഹാബ്

അവനവന്റെ വീടിന്റെ വാതില്‍ പടി പരിധിയായി നിശ്ചയിക്കപ്പെട്ട  കാലത്തിലൂടെ നാം കടന്നുപോയപ്പോള്‍ മനുഷ്യന്‍ എന്ന സാമൂഹിക ജീവിയുടെ സാമൂഹിക ബന്ധം  മുറിയാതെ നിലനിര്‍ത്തിയതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് ZOOM എന്ന വീഡിയോ  കമ്യൂണിക്കേഷന്‍ ആപ്പ്. ആ സൂം കഌഡ് മീറ്റിംഗിന്റെ ഉപജ്ഞാതാവ് എറിക് യുവാന്‍ തന്റെ ഏറ്റവും  പുതിയ സ്വപ്നം പങ്കു വെച്ചത് ഇങ്ങനെ: '2035-ല്‍ നിങ്ങള്‍ സൂമിനിടയില്‍ ഒരു കപ്പ് കോഫി കുടിക്കാന്‍ എടുക്കുമ്പോള്‍  ഒരു ബട്ടന്‍ തെളിയും; അത് അമര്‍ത്തിയാല്‍ കൂടെയുള്ള എല്ലാവര്‍ക്കും കോഫി ലഭിക്കും.' 
ഇങ്ങനെ സംഭവിക്കില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? നാളെ ഇങ്ങനെയും സംഭവിക്കും. മനുഷ്യന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ വെല്ലുവിളികളായി കാണുന്ന സ്വപ്നങ്ങളാണ് നമ്മുടെ ജീവിതത്തെ സുന്ദരമാക്കുന്ന ഓരോ സൗകര്യങ്ങളും. ഈ ഭ്രാന്തമായ സ്വപ്നങ്ങള്‍ ആണ് ലോകത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അതുകൊണ്ടു തന്നെ മനുഷ്യന്റെ പുരോഗതിക്ക് അവന്റെ ചിന്തയെ പരിധിയില്ലാതെ തുറന്നുവിടേണ്ടതുണ്ട്. മനുഷ്യന്റെ കഴിവിനെ  അതിരുകളില്ലാതെ അതിന്റെ പൂര്‍ണതയോടെ വളര്‍ത്തുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആവശ്യകത നമ്മെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നതാണ് കോവിഡ് കാല ലോക സാഹചര്യം.
നമ്മുടെ ജീവിതം  മുമ്പത്തെപ്പോലെ   കോവിഡാനന്തരം സാധാരണ പോലെ തിരിച്ചുവരും എന്ന് നാം അധിക പേരും പ്രതീക്ഷിക്കുന്നു. 'എന്നാണിതൊക്കെ ഒന്ന് നേരെയാവുക?' എന്ന് നാം മനസ്സില്‍ പറയുന്നത് അതുകൊണ്ടാണ്. പക്ഷേ ലോകം ഇനി ഒരിക്കലും പഴയതുപോലെ ആവില്ല. ഒന്നുകില്‍, തകര്‍ന്നു തരിപ്പണമാകും; അല്ലെങ്കില്‍ പുതിയ ലോകം ഉണ്ടാവും. നമ്മുടെ ബാധ്യത പുതിയ ലോകം സൃഷ്ടിക്കുക എന്നതാണ്. മനുഷ്യന്റെ മുതുകിനെ ഞെരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കാന്‍ ചുമതലപ്പെട്ട ഒരു സമൂഹം കൂടുതല്‍ നല്ല ലോകം സ്വപ്നം കാണേണ്ട സമയമാണിത്. അതിനാല്‍ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ കരുത്തുള്ള തലമുറകളെ സൃഷ്ടിക്കാന്‍ പരിധികളില്ലാതെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന  കേന്ദ്രീകൃത വിദ്യാഭ്യാസ രീതി രൂപപ്പെടുത്തിയെടുക്കേണ്ട സമയം കൂടിയാണിത്.
കോവിഡ് കാലത്തെ വിദ്യാഭ്യാസ ചര്‍ച്ച ഡാറ്റയുടെ ലഭ്യതയിലും മൊബൈലിലും ഓണ്‍ലൈന്‍ പഠനത്തിലും മാത്രം ഒതുങ്ങേണ്ടതല്ല. വിദ്യാഭ്യാസ സാങ്കേതികവിദ്യകളുടെ മാറ്റം അനിവാര്യമായും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. മനുഷ്യാരംഭം മുതല്‍ക്കുള്ള  വിദ്യാഭ്യാസ പ്രക്രിയ അവന്റെ അന്വേഷണങ്ങളാലും കണ്ടുപിടിത്തങ്ങളാലും സ്വാധീനിക്കപ്പെട്ടാണ് മുന്നേറിയിട്ടുള്ളത്.
ചിത്ര ലിപികള്‍ക്കു പകരം അക്ഷരങ്ങള്‍ എഴുതാന്‍ മനുഷ്യന്‍ ശേഷി നേടിയപ്പോള്‍  വിദ്യാഭ്യാസ സമ്പ്രദായത്തിനും മാറ്റം വന്നുകൊണ്ടിരുന്നു. പിന്നീട് നിലത്തെഴുത്തില്‍ നിന്ന് കടലാസിലേക്കും ബോര്‍ഡിലേക്കും കാലക്രമേണ എഴുത്ത് മാറുകയായിരുന്നു. അച്ചടിയുടെ കണ്ടുപിടിത്തം വിദ്യാഭ്യാസത്തെ അടിമുടി മാറ്റി. ബോര്‍ഡും പുസ്തകവും പേനയും വളരെക്കാലം വിദ്യാഭ്യാസ രംഗത്തെ ഏറെ സ്വാധീനിച്ച ഘടകങ്ങളായിരുന്നു.  പിന്നെ റേഡിയോ, ടെലിവിഷന്‍ പോലുള്ളവ മേധാവിത്തം ചെലുത്തിത്തുടങ്ങി.
ഇത് ഓണ്‍ലൈന്‍ സാങ്കേതിക വിദ്യയുടെ കാലമാണ്. അതിന്റെ  അനന്ത സാധ്യതകളെയും  പൂര്‍വാധികം ശക്തിയോടെ ഉള്‍ക്കൊണ്ട് നാം മുന്നോട്ടു പോകേണ്ടതുണ്ട്. സമൂഹമാധ്യമങ്ങളും നവ ലേണിങ് മാനേജ്മെന്റ് സംവിധാനങ്ങളും നാം എത്രകണ്ട് നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയില്‍ അറിഞ്ഞു ഉപയോഗിക്കുന്നുവോ,  അതിനനുസരിച്ചാണ് നമ്മുടെ സമൂഹത്തിന്റെ പുരോഗതി.
ഈ മാറ്റങ്ങള്‍ ഔപചാരിക വിദ്യാഭ്യാസത്തിന് പകരമാവില്ല, സാമൂഹിക സാന്നിധ്യം ഉണ്ടാവില്ല, അധ്യാപകനും കുട്ടിയും തമ്മിലുള്ള ശാരീരിക അകലം വളരെയേറെ കൂടും, കുട്ടിയുടെ സാമൂഹികവല്‍ക്കരണത്തിനും അത് തടസ്സമാവും,  മൂല്യങ്ങളുടെ പ്രസരണം ഇല്ലാതാക്കും, കുട്ടിയെ സാങ്കേതിക വിദ്യയുടെ അടിമയാക്കും എന്നിങ്ങനെയുള്ള ന്യായങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ചമച്ച് ഏതൊരു സമൂഹമാണ് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്, അവര്‍ക്കു മുകളില്‍ ചവിട്ടി നിന്നുകൊണ്ടാവും മറ്റുള്ളവര്‍  ഈ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ഒരു പുതിയ ലോകം സൃഷ്ടിക്കുക. പുതിയ ലോകത്ത് തലമുറകളോട് സംവദിക്കാന്‍ പറ്റുന്ന ഭാഷയും വിദ്യയും ഇല്ലാത്ത ഒരു ആള്‍ക്കൂട്ടമാവാതിരിക്കാന്‍ വിദ്യാഭ്യാസരംഗത്തെ പുതിയ മാതൃകകള്‍ (Paradigms) തിരിച്ചറിഞ്ഞ് മുന്നില്‍ നടക്കേണ്ടത് അനിവാര്യമാണ്. അറിയുക,  ലോകത്ത് ഏതൊരു പുതിയ കണ്ടുപിടിത്തവും ആദ്യം സ്വാധീനിക്കുന്നത് ബോധന ശാസ്ത്രത്തെയാണ്.  വളരെ വേഗം വളരുന്ന ശാസ്ത്രവും അതുത തന്നെ.
'ലിവ് വിത്ത് കോവിഡ്' എന്ന സാഹചര്യത്തിലേക്ക് മാറിയാല്‍ പോലും ഔപചാരിക വിദ്യാഭ്യാസ രംഗത്തെ പൂര്‍ണാര്‍ഥത്തില്‍ തിരിച്ചുപിടിക്കാന്‍ ഇനിയും സമയമെടുക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തെ വിലയിരുത്തുമ്പോള്‍ പ്രാപ്യത (Accessibility)  യും ഗുണനിലവാര (Quality) വും വര്‍ധിപ്പിക്കുക എന്നത് സമാന്തരമായി സംഭവിക്കേണ്ട ഒന്നാണെന്ന് മനസ്സിലാവും. ഇന്ത്യന്‍ സാഹചര്യത്തില്‍ വീട്ടില്‍ നിന്നുള്ള പഠനത്തി (Home Learning) ലേക്ക് വിദ്യാഭ്യാസം മാറുമ്പോള്‍ അതിന്റെ ലഭ്യതയും പ്രാപ്യതയും തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.  എങ്കിലും വളരെ വേഗത്തില്‍ അത് പരിഹരിക്കാന്‍ കഴിയേണ്ടതുണ്ട്.
മനുഷ്യവിഭവത്തെ യഥാവിധി വികസിപ്പിച്ചെടുത്ത്, അവന്റെ കഴിവ് കൃത്യമായി ഉപയോഗപ്പെടുത്താന്‍ അവനെ പര്യാപ്തനാക്കുക എന്ന പണിയാണ് വിദ്യാഭ്യാസ പ്രക്രിയ ചെയ്യുന്നതെങ്കില്‍,  ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ പൗരന്നും ലഭ്യമാക്കുക എന്നത് ഉറപ്പുവരുത്തുന്നിടത്താണ് രാജ്യത്തിന്റെ വികസനം.  ഈ കാലത്ത് സ്‌കൂളുകളും കോളേജുകളും സര്‍വകലാശാലകളും അടഞ്ഞു കിടക്കുമ്പോള്‍ വിദ്യാഭ്യാസം ഒട്ടും ഗുണനിലവാരം കുറയാതെ വീട്ടിനകത്ത് എത്തിക്കുക എന്ന ഉത്തരവാദിത്തമാണ് സര്‍ക്കാറും സമൂഹവും ഏറ്റെടുക്കേണ്ടത്. അനൗപചാരിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിച്ച് വീട്ടില്‍ നിന്നുള്ള പഠനത്തെ കൂടുതല്‍ ഗുണനിലവാരമുള്ളതാക്കി എല്ലാ വിദ്യാര്‍ഥികള്‍ക്കും എത്തിക്കുക എന്നതായിരിക്കണം ലക്ഷ്യം.  അല്ലായെങ്കില്‍ സാമ്പത്തിക തകര്‍ച്ചയേക്കാള്‍ ഭീകരമായ മനുഷ്യവിഭവ ഗുണനിലവാര തകര്‍ച്ചയും നാം നേരിടേണ്ടിവരും. 
വീട്ടില്‍ നിന്നുള്ള പഠനം (Learn from Home) എന്ന ആശയത്തെ കൂടുതല്‍ വികസിപ്പിക്കേണ്ടതുണ്ട്. വീട്ടില്‍ നിന്ന് പഠിക്കാന്‍ വേണ്ടത് ഇലക്‌ട്രോണിക് ഉപകരണങ്ങളും ശക്തമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ആണ്.  ഇന്ത്യയില്‍ എല്ലാവരിലും കൃത്യമായി എത്തിക്കാന്‍ പറ്റുന്ന വിധം ഇന്റര്‍നെറ്റ് കണക്ടിവിറ്റി നമുക്കുണ്ട്; പക്ഷേ അത് സ്വകാര്യമേഖല കൈയടക്കി വെച്ചിരിക്കുന്നു എന്നതിനാല്‍ വിലയേറിയ ഒന്നായി ഡാറ്റ മാറുന്നു. ഇന്റര്‍നെറ്റ് ഒരു പൗരന്റെ അവകാശമായി അംഗീകരിച്ച ഈ കാലത്ത് പഠനം വീട്ടില്‍നിന്ന് ആകുമ്പോള്‍ ആവശ്യമായ പുതിയ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും വേഗത്തില്‍ ഉറപ്പുവരുത്തിയിട്ടില്ലെങ്കില്‍ വിദ്യാഭ്യാസത്തില്‍ നിന്ന് പല വിഭാഗങ്ങളും പുറന്തള്ളപ്പെടും.

ഓണ്‍ലൈന്‍ പഠനത്തിന്റെ കാലം 

നമ്മുടെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഓണ്‍ലൈന്‍ പഠനം എന്ന ആശയത്തെ വിദ്യാഭ്യാസ സമൂഹത്തിന് ഇപ്പോഴും വേണ്ടത്ര മനസ്സിലായിട്ടില്ല. നിലവില്‍ ഔപചാരിക സമ്പ്രദായത്തിലെ പിരീഡ് സമ്പ്രദായം അതുപോലെ ഓണ്‍ലൈന്‍ പഠനത്തിലും പ്രയോഗിക്കാന്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ്. ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുമ്പോള്‍ നാം മനസ്സിലാക്കേണ്ടത്, ഓണ്‍ലൈന്‍ പെഡഗോഗി തികച്ചും വ്യത്യസ്തമാണ് എന്നതാണ്. ഔപചാരിക സ്‌കൂള്‍ സമ്പ്രദായം പോലെ കൃത്യസമയത്ത് തുടങ്ങി കൃത്യസമയത്ത് അവസാനിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല ഓണ്‍ലൈന്‍ പഠനവും  വീട്ടില്‍ നിന്നുള്ള പഠനവും.  തുടര്‍ച്ചയായി അധ്യാപകര്‍ ഏതെങ്കിലും വീഡിയോ കമ്യൂണിക്കേഷന്‍ ആപ്പിലോ സമൂഹ മാധ്യമത്തിലോ വന്ന്  സംസാരിക്കുന്നതിനല്ല ഓണ്‍ലൈന്‍ പഠനം എന്ന് പറയുന്നത്. ഓണ്‍ലൈന്‍ പഠന സമ്പ്രദായം സ്വയം പഠനത്തിനുള്ള ഒരു ലേണിങ് പാക്കേജ് കൂടിയാണ്. അതില്‍ ഇ-ട്യൂട്ടോറിയല്‍, ഇ-കണ്ടന്റ്, ചര്‍ച്ച, വിലയിരുത്തല്‍ എന്നീ നാലു പ്രധാന  ഘടകങ്ങള്‍ കൃത്യമായി ഉള്‍ച്ചേരേണ്ടതുണ്ട്. ഓണ്‍ലൈന്‍ പഠനത്തിന് ഇന്ന് എന്തെല്ലാം പരിമിതികളുണ്ടോ അവയെല്ലാം നാളെ പരിഹരിക്കപ്പെടാനിരിക്കുകയാണെന്ന് മനസ്സിലാക്കണം.

വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണം 

ഓഫ്ലൈന്‍ പഠനത്തില്‍നിന്ന് ഓണ്‍ലൈന്‍ പഠനത്തിലേക്ക് വിദ്യാഭ്യാസ പ്രക്രിയയെ വികസിപ്പിക്കുമ്പോള്‍ അത് വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണത്തെ ശക്തിപ്പെടുത്തും. നമ്മുടെ രാജ്യത്ത് ഇപ്പോഴും പൂര്‍ണാര്‍ഥത്തില്‍ നടക്കാത്ത ഒന്നാണ് വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണം. വിദ്യാര്‍ഥിയുടെ സ്വാതന്ത്ര്യവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് പലപ്പോഴും ക്ലാസ് മുറികളില്‍ കഴിയാറില്ല. അധ്യാപകന്റെ ആധിപത്യം നിലനില്‍ക്കുന്ന ഇടം തന്നെയാണ് ഇന്നും ക്ലാസ് മുറികള്‍. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ വ്യവസ്ഥ ഒട്ടും ഇല്ലാത്ത വീടകങ്ങളും ക്ലാസ് മുറികളുമാണ് സമൂഹത്തെ വേഗത്തില്‍ ഫാഷിസവുമായി സമരസപ്പെടാന്‍ സജ്ജമാക്കുന്നത് എന്ന് നാം തിരിച്ചറിയണം. എന്തിനു പഠിക്കണം, എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, എപ്പോള്‍ പഠിക്കണം, എവിടെ നിന്ന് പഠിക്കണം.. ഇവയൊക്കെ നിര്‍ണയിക്കാനുള്ള ശേഷി കുട്ടികളില്‍ വളര്‍ത്തുന്നതായിരിക്കണം ആദ്യഘട്ട വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. എന്നാല്‍ മാത്രമേ തുടര്‍ന്നുള്ള വിദ്യാഭ്യാസത്തില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യമൂല്യങ്ങള്‍ പൗരന്റെ  ജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കാന്‍ കഴിയുകയുള്ളൂ. അങ്ങനെ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനുള്ള അവസരമായി  ഓണ്‍ലൈന്‍ പഠനകാലത്തെ നാം കാണേണ്ടതുണ്ട്.

മനുഷ്യകേന്ദ്രീകൃത വിദ്യാഭ്യാസം 

വിദ്യാഭ്യാസം പൂര്‍ണമായും മനുഷ്യകേന്ദ്രീകൃതമാവുക എന്നത് കാലത്തിന്റെ അനിവാര്യമായ തേട്ടമാണ്. മനുഷ്യന്റെ കഴിവും ശക്തിയും വളര്‍ത്തിയെടുക്കുന്ന, അവന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന എല്ലാ ഘടകങ്ങളെയും സ്പര്‍ശിക്കുന്നതാവണം വിദ്യാഭ്യാസം. അതായത് ശാരീരികവും ബുദ്ധിപരവും വൈകാരികവും ആത്മീയവുമായ തലങ്ങളെ പൂര്‍ണാര്‍ഥത്തില്‍ വളര്‍ത്തിയെടുക്കുന്നതാവണം അവന് നല്‍കുന്ന വിദ്യാഭ്യാസം. ദൈവത്തിന്റെ ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാ സൃഷ്ടികളുമായും മാന്യമായി ഇടപഴകാനും അവയെ യഥാവിധി വളര്‍ത്താനും പര്യാപ്തനാക്കുക എന്നതാണ് മനുഷ്യകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അവയെ ചൂഷണം ചെയ്യാന്‍ പഠിപ്പിക്കുക എന്നതായിരിക്കരുത്,  ലോകരുടെ നന്മക്കായി അവയെ വളര്‍ത്തുക എന്നതായിരിക്കണം അടിസ്ഥാന ആശയം.
വിദ്യാഭ്യാസം സുസ്ഥിരമായ സന്തോഷത്തിനും  ക്ഷേമത്തിനും വേണ്ടി  എന്ന കാതറിന്‍ ഓബ്രിയ (Catherine O‑'Brien) ന്റെ  ആശയം ഈ മേഖലയില്‍ വികസിച്ചുവരുന്ന പുതിയ ആശയങ്ങളില്‍ ഒന്നാണ്. അങ്ങനെ വരുമ്പോള്‍ ദൈവം ജന്മനാ നല്‍കിയ കഴിവുകളെ പൂര്‍ണാര്‍ഥത്തില്‍ വികസിപ്പിക്കാന്‍ വിദ്യാഭ്യാസ പ്രക്രിയയിലൂടെ കഴിയും. ഓരോ കുട്ടിയെയും ദൈവം വ്യത്യസ്ത കഴിവുകളുമായി ഇങ്ങോട്ടയക്കുന്നത് ലോകത്തെ ഇന്നെത്തി നില്‍ക്കുന്ന പുരോഗതിയില്‍ നിന്ന് അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്തിയെടുക്കുന്നതിനു വേണ്ടി കൂടിയാണ്.

മനുഷ്യന്‍ പഠിക്കുകയാണ് 

മനുഷ്യനെ പഠിപ്പിച്ചുകളയാം എന്ന ധാരണയില്‍ നിന്ന് മനുഷ്യന് സ്വയം പഠിക്കാനുള്ള ഇഛാശക്തി ഉണ്ട് എന്ന തിരിച്ചറിവിന്റെ  അടിസ്ഥാനത്തില്‍ ആയിരിക്കണം പുതിയ കാലത്തെ വിദ്യാഭ്യാസത്തെ രൂപപ്പെടുത്തേണ്ടത്. ഇന്ന് വിദ്യാഭ്യാസ ശാസ്ത്രത്തിന് Pedagogy  എന്നതിനേക്കാള്‍  Hase-ഉം ഗലി്യീി -ഉം വികസിപ്പിച്ചെടുത്ത Kenyon എന്ന സംജ്ഞയാണ് ഉപയോഗിക്കുന്നത്. Heutagogy വിദ്യാര്‍ഥിയുടെ സ്വയം പഠിക്കാനുള്ള കഴിവിനെ പ്രോത്സാഹിപ്പിക്കുകയും വിദ്യാഭ്യാസത്തിലൂടെ സംഭവിക്കേണ്ടത് വിദ്യാര്‍ഥിയുടെ സമഗ്ര വളര്‍ച്ചയാണ് എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. വിദ്യാര്‍ഥിയെ സ്വയം പഠനത്തിന് കഴിവുള്ളവനാക്കി മാറ്റുക എന്നതാണ് Heutagogy.
ഇപ്പോള്‍ നമ്മുടെ വിദ്യാഭ്യാസത്തില്‍ സംഭവിക്കുന്നതെന്താണ്? ആശയതലത്തില്‍ വിദ്യാര്‍ഥികേന്ദ്രീകൃതം ആണെങ്കിലും പ്രയോഗ തലത്തില്‍ അത് അധ്യാപക കേന്ദ്രീകൃതം തന്നെയാണ്. ടീച്ചര്‍ ഇല്ലെങ്കില്‍ പഠനം ഇല്ലാത്ത ക്ലാസ് മുറിയാണ് കാണാനാവുക.  ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന കുട്ടിക്ക് നോട്ട് കിട്ടിയില്ലെങ്കില്‍ സ്വയം റഫര്‍ ചെയ്ത് പഠിക്കാന്‍ കഴിയാതെ പഠനം മുടങ്ങിപ്പോകുന്ന ദാരുണാവസ്ഥ. ഇന്ന് ലോവര്‍ പ്രൈമറി കഴിയുന്നത് ചുരുങ്ങിയത് ആറു വര്‍ഷത്തെ സ്‌കൂള്‍ ജീവിതത്തിനു ശേഷമാണ്. രണ്ടു വര്‍ഷം പ്രീ പ്രൈമറിയിലും നാലു വര്‍ഷം എല്‍.പി ക്ലാസ്സിലും കുട്ടികള്‍ പഠിക്കുന്നു.  എന്നിട്ടും സ്വയം പഠനത്തിലേക്ക് അവരെ നയിക്കുന്ന അടിസ്ഥാന ശേഷികള്‍ ആര്‍ജിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. സത്യത്തില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം വിദ്യാര്‍ഥികളെ അധ്യാപകന്റെ അടിമയാക്കി മാറ്റുകയാണ്. പഠന രംഗം M-Learning (Mobile)-ല്‍ നിന്ന് U-Learning (Ubiquitous)- ലേക്ക്  മാറിയ കാലത്തും  ഈ മാറ്റങ്ങളൊന്നും നമ്മുടെ അധ്യാപക സമൂഹം അറിയുകയോ അതിലേക്ക് മാറാന്‍ തയാറാവുകയോ ചെയ്യുന്നില്ല. 'ഈ കാമ്പസ് മൊബൈല്‍ നിരോധിത മേഖല' എന്ന ബോര്‍ഡും വെച്ചിരിക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍.
മനുഷ്യനെ ആര്‍ക്കും പഠിപ്പിക്കാന്‍ കഴിയില്ല, അവന്‍ സ്വയം പഠിക്കുകയാണ് എന്ന് അംഗീകരിക്കുന്നതില്‍ നിന്നു കൂടിയാണ് വിദ്യാഭ്യാസത്തെ ഒരു അവകാശമായി നാം അംഗീകരിച്ചത്. വിദ്യാഭ്യാസം കുട്ടിയുടെ അവകാശം ആകുമ്പോള്‍ അതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുക എന്നത് സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും ബാധ്യതയായിത്തീരും.  സ്‌കൂള്‍ നിര്‍മിക്കുക എന്നതില്‍ അത് പരിമിതപ്പെടില്ല. അവന് സ്വയം പഠനത്തിനു വേണ്ട ആധുനിക സാമഗ്രികള്‍ (Laptop, Smartphone etc.), ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നിവ ലഭ്യമാക്കുക എന്നതുകൂടി ആ അവകാശത്തില്‍ ഉള്‍പ്പെടും. അപ്പോള്‍ മാത്രമേ ഒരു വിദ്യാര്‍ഥിക്ക് പഠന സാഹചര്യമില്ല എന്നത് മനുഷ്യാവകാശ പ്രശ്നമായി ഉയര്‍ത്താന്‍ കഴിയൂ.

അറിവ് പുസ്തകങ്ങളിലല്ല, ഓണ്‍ലൈനിലാണ് 

അച്ചടിയുടെ കണ്ടുപിടിത്തം പുസ്തക കേന്ദ്രീകൃത അറിവു കേന്ദ്രങ്ങളെ സൃഷ്ടിച്ചു.  ഇന്ന് അറിവുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതും  വിതരണം ചെയ്യപ്പെടുന്നതും ഓണ്‍ലൈന്‍ വഴിയാണ്. ഈ സത്യം നാമെല്ലാവരും അംഗീകരിച്ചേ മതിയാവൂ. പുസ്തകങ്ങളെ കുറിച്ച ഗതകാല സ്മരണകളുമായി  അച്ചടി പുസ്തകങ്ങള്‍ മാത്രം മതി എന്നു വെച്ചാല്‍ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചും അധ്യാപകനെ കുറിച്ചും വിദ്യാര്‍ഥിക്ക് പുഛം മാത്രമേ ഉണ്ടാവൂ.  മാറ്റത്തിനായി പണിയെടുക്കുന്ന ഉത്തമ സമൂഹം ഇത് തിരിച്ചറിഞ്ഞ് ഓടി മുന്നില്‍ എത്തേണ്ടതുണ്ട്.
ഓണ്‍ലൈനിലെ അറിവിന്റെ കേന്ദ്രങ്ങളിലേക്ക് ആക്‌സസ് തടയപ്പെടുന്ന സമൂഹം പിന്തള്ളപ്പെടും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പുതിയ കാലത്തെ അധികാരവും സമ്പത്തും,  ഓണ്‍ലൈന്‍ ഡാറ്റയും അറിവുകളുമാണെന്ന് തിരിച്ചറിഞ്ഞാല്‍ അവയിലേക്കുള്ള ആക്സസ് മുഴുവന്‍ സമൂഹത്തിനും ഉറപ്പുവരുത്തുക എന്നത് മര്‍മപ്രധാനമായി മാറും. ഓണ്‍ലൈനിലൂടെ അറിവിന്റെ ലഭ്യത എന്നത് സമൂഹിക നീതിയുടെയും വ്യക്തിയുടെ അവകാശത്തിന്റെയും പ്രശ്നം കൂടിയാണ്. അറിവിന്റെ സ്വകാര്യവല്‍ക്കരണത്തെ മറികടക്കാന്‍ ഓണ്‍ലൈന്‍ ഓപ്പണ്‍ ആക്‌സസ് പ്ലാറ്റ്ഫോമുകള്‍ എന്ന സ്വപ്നം സമൂഹം വെല്ലുവിളിയായി ഏറ്റെടുക്കണം.

സമാധാനത്തിനായുള്ള വിദ്യാഭ്യാസം 

മനുഷ്യന്‍ മനുഷ്യനെ ഭയപ്പെട്ട് കൂടുതല്‍ ഹോമോഫോബിക്  ആയിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഭയത്തില്‍ നിന്ന് അവനെ സമാധാനത്തിന്റെ ലോകത്തേക്ക് വിമോചിപ്പിക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഉള്ളടക്കമായി മാറേണ്ടതുണ്ട്. ബുദ്ധിപരമായ ഹിംസ (Mental Violence), വാക്കു കൊണ്ടുള്ള ഹിംസ (Verbal Violence), ശാരീരികമായ ഹിംസ (Physical Violence) എന്നീ മൂന്ന് ഹിംസകളില്‍നിന്നും വിട്ടുനില്‍ക്കാന്‍ പഠിപ്പിക്കുകയും, മനുഷ്യന്റെ അന്തസ്സും മനുഷ്യസഹോദര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ പഠിപ്പിക്കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ പ്രക്രിയയുടെ കേന്ദ്ര ആശയമായി മാറ്റുകയും ചെയ്യുക എന്നത് മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിനും ലോകസമാധാനത്തിനും വളരെ അത്യാവശ്യമാണ്.

മാറേണ്ടത് അധ്യാപകര്‍

രാജ്യം സാമ്പത്തികമായി തകര്‍ന്ന ഘട്ടത്തില്‍ രാജ്യത്തിന്റെ മനുഷ്യവിഭവ ശേഷിയെ വികസിപ്പിച്ചു മാത്രമേ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കഴിയൂ. നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുന്‍കാഴ്ചയുള്ള വിദ്യാഭ്യാസ രീതിശാസ്ത്രം എന്നതാണ് പ്രധാനം. സാമ്പത്തിക തകര്‍ച്ചയുടെ ഘട്ടത്തിലും മുന്‍കാഴ്ചയും കഴിവുമുള്ള അധ്യാപകരാല്‍ രാജ്യത്തെ സമ്പന്നമാക്കി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഏതു പ്രതിസന്ധിയെയും തരണം ചെയ്തു മുന്നോട്ടു പോകാന്‍ ഒരു സമൂഹത്തിന് കഴിയും. ആദ്യം മാറ്റേണ്ടത് അധ്യാപക സമൂഹത്തെയാണ്. 
ഏറ്റവും നൂതനമായ വിദ്യാഭ്യാസ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍ വൈദഗ്ധ്യം നേടിയവരാക്കി നമ്മുടെ അധ്യാപക സമൂഹത്തെ മാറ്റിയെടുക്കണം. മനപ്പാഠത്തിനും പാഠപുസ്തകങ്ങള്‍ക്കും അപ്പുറം ജീവിതഗന്ധിയായ പഠനാനുഭവങ്ങള്‍ നല്‍കുന്ന, താന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താനും പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്താനും പ്രോത്സാഹിപ്പിക്കുന്ന പഠന രീതിശാസ്ത്രങ്ങളിലെ പരിശീലനമാക്കി അധ്യാപക പരിശീലനത്തെ മാറ്റുകയും വേണം.
അധ്യാപക പരിശീലന പാഠ്യപദ്ധതി കൂടുതല്‍ സര്‍ഗാത്മകമാക്കണം. സര്‍ഗാത്മക വിദ്യാഭ്യാസത്തിനാവശ്യമായ   നൈപുണികള്‍ വിളയിച്ചെടുക്കുന്ന ഇടമായി  മാറണം  അധ്യാപക പരിശീലന കേന്ദ്രങ്ങള്‍.  രാജ്യത്തിന്റെ സമഗ്രമായ പുരോഗതി യഥാര്‍ഥത്തില്‍ അധ്യാപക പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. കോളേജ്, സര്‍വകലാശാല, സാങ്കേതിക, മെഡിക്കല്‍, കാര്‍ഷിക തലങ്ങളില്‍  പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് പുതിയ ബോധന ശാസ്ത്രത്തില്‍  കൃത്യമായ പരിശീലനം നിര്‍ബന്ധമാക്കണം. എന്നാല്‍ മാത്രമേ ആ രംഗങ്ങളിലെ മികച്ച വിദ്യാര്‍ഥികളുടെ കഴിവുകളെ പൂര്‍ണമായും വളര്‍ത്തിയെടുക്കാന്‍ കഴിയുകയുള്ളൂ.

പരിധിയില്ലാത്ത സ്വപ്നങ്ങള്‍ 

നേരത്തേ പറഞ്ഞ പോലെ പരിധിയില്ലാത്ത സ്വപ്നങ്ങള്‍ കാണാനുള്ള അവസരങ്ങളും പ്രോത്സാഹനവുമാണ് വിദ്യാഭ്യാസത്തിലൂടെ  കുട്ടിക്ക് ലഭിക്കേണ്ടത്. നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള പഠനാന്തരീക്ഷം ലഭിക്കുക എന്നത് അവരുടെ അവകാശം കൂടിയാണ്. എന്നാല്‍ മാത്രമേ കാലം തേടുന്ന ഉയര്‍ന്ന ജീവിത നിലവാരം അവര്‍ക്ക് പിന്നീട് എത്തിപ്പിടിക്കാനാവൂ. മിനിമം നിലവാരത്തിലുള്ള പഠനാന്തരീക്ഷം കുട്ടികളുടെ ജീവിത കാഴ്ചപ്പാടുകളെയും സ്വപ്നങ്ങളെയും പരിമിതപ്പെടുത്തും, രാജ്യത്തിന്റെ വികസനത്തെ പിറകോട്ടു വലിക്കും, സമൂഹം  പുരോഗമനപരമല്ലാതായി  മാറും.
സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന സര്‍ഗാത്മക വിദ്യാഭ്യാസത്തിന്റെ മര്‍മം ആവേണ്ടത് നാലു കാര്യങ്ങളാണ്: ഒന്ന്,  ലോക ക്ഷേമത്തെ മുന്‍നിര്‍ത്തിയുളള സ്വപ്നങ്ങള്‍ (ഉൃലമാ)െ കാണാനുള്ള കഴിവ്. രണ്ട്, നന്മയില്‍ അധിഷ്ഠിതമായ സൂക്ഷ്മ തലത്തിലുള്ള കണ്ടുപിടിത്തങ്ങളെ (കി്‌ലിശേീി)െ പ്രോത്സാഹിപ്പിക്കുന്ന പഠനാന്തരീക്ഷം. മൂന്ന്, സഹവര്‍ത്തിത്വ ത്തിന്റെ (ഇീഹഹമയീൃമശേീി) പാഠങ്ങള്‍ ഇഴചേര്‍ത്ത പഠനാനുഭവങ്ങള്‍. നാല്, മുഴുവന്‍ മനുഷ്യരുടെയും പുരോഗതി (ഉല്‌ലഹീുാലി)േ ലക്ഷ്യമായി അംഗീകരിക്കുന്ന പഠനനേട്ടങ്ങള്‍.  അപ്പോള്‍ മാത്രമേ ക്ലാസ് മുറികള്‍ മൂല്യാധിഷ്ഠിത ഇന്‍വെന്‍ഷന്‍ ഹബ്ബുകള്‍ ആയി പരിവര്‍ത്തിപ്പിക്കപ്പെടുകയുള്ളൂ. ചിന്തക്ക് പ്രാധാന്യം നല്‍കുകയും ചിന്താ പ്രക്രിയകളെ വളര്‍ത്തിയെടുക്കുകയും ഇന്‍വെന്‍ഷന്  കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന ഉലശെഴി ങലവേീറ കള്‍ താഴെ ക്ലാസ് മുതല്‍ പഠന പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്. കോവിഡിനാല്‍ തകര്‍ന്ന സാമ്പത്തിക-കാര്‍ഷിക രംഗങ്ങളെ തിരിച്ചുപിടിക്കാന്‍ ക്ലാസ് മുറികളില്‍ സ്വപ്നവും കണ്ടുപിടിത്തവും പ്രോത്സാഹിപ്പിക്കപ്പെടുക എന്നതാണ് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപമായി മാറുക. അത് രാഷ്ട്രത്തിന്റെ ശാസ്ത്ര-സാങ്കേതിക മേഖലയിലെ കുതിപ്പിനും കാരണമാവും.
സ്വപ്‌നങ്ങള്‍ പരിധിയില്ലാതെ കാണാന്‍ പ്രേരിപ്പിക്കുകയും അവ യാഥാര്‍ഥ്യമാക്കാന്‍ നൂതന സാങ്കേതിക വിദ്യകള്‍ പുതിയ തലമുറക്ക്  ഒരുക്കിക്കൊടുക്കുകയും ചെയ്താല്‍ സുന്ദരമായ പുതിയ ലോകം നമുക്ക് സൃഷ്ടിക്കാന്‍ കഴിയും, തീര്‍ച്ച.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

വെളിച്ചമാണ് അധ്യാപകന്‍
ഫാത്വിമ കോയക്കുട്ടി