Prabodhanm Weekly

Pages

Search

2020 ജൂണ്‍ 19

3156

1441 ശവ്വാല്‍ 27

വംശീയതയുടെ ശ്വാസംമുട്ടിക്കുന്ന പുകപടലങ്ങള്‍

ശിഹാബ് പൂക്കോട്ടൂര്‍

അമേരിക്കയും യൂറോപ്പും ജനാധിപത്യപരമായി ഔന്നത്യം നടിക്കാറുണ്ട്.  ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള എല്ലാ വ്യവഹാരങ്ങളിലും തങ്ങള്‍ തന്നെയാണ് മേല്‍ക്കൈ നേടിയിരിക്കുന്നതെന്ന്  വളരെ ആവേശപൂര്‍വം വാദിക്കാറുണ്ട്. മറ്റു രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെയും കെടുകാര്യസ്ഥതയെയും ചൂണ്ടി അവയെ ആക്ഷേപിക്കാറുമുണ്ട്. യഥാര്‍ഥത്തില്‍ ഈ പുണ്യവാളപട്ടം അവര്‍ നേടിയെടുത്തത് കിരാതമായ മനുഷ്യാവകാശ നിഷേധങ്ങളിലൂടെയും വ്യാപകമായ ഭീകരവാഴ്ചയിലൂടെയും വംശഹത്യകളിലൂടെയും അടിമവ്യവസ്ഥയിലൂടെയുമാണ്. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ ലോകത്തെ മറ്റു ജനതകള്‍ക്കുമേല്‍ അടിച്ചേല്‍പിക്കാനും അനീതിയിലധിഷ്ഠിതമായ വംശീയ ചിന്ത  പ്രസരിപ്പിക്കാനുമാണ് അവര്‍ നിരന്തരം ശ്രമിച്ചുപോന്നിട്ടുള്ളത്. വ്യവസ്ഥാപിത, സ്ഥാപനവത്കൃത വംശീയതയെക്കുറിച്ച ചര്‍ച്ച ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിനു ശേഷം വളരെ സജീവമായിരിക്കുകയാണിപ്പോള്‍.
തികഞ്ഞ വംശീയവാദത്തിന്റെ ഭരണകൂട രൂപമാണല്ലോ ഇസ്രയേല്‍. അമേരിക്കയും യൂറോപ്പും ഈ വംശീയ രാഷ്ട്രത്തെ നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ്. തങ്ങളുടെ തന്നെ മറ്റൊരു രാഷ്ട്ര സ്വരൂപത്തെ അത് നിരന്തരം ശത്രുവല്‍ക്കരിക്കപ്പെടുന്ന മേഖലയില്‍ ഉറപ്പിച്ചുനിര്‍ത്തുക എന്ന വംശീയ പദ്ധതിയും ഈ ഇസ്രയേല്‍ സ്നേഹത്തിനു പിന്നിലുണ്ട്.
ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്നപ്പോള്‍ ജൂതകുടിയേറ്റക്കാരുടെ കൈവശം ഫലസ്ത്വീന്‍ ഭൂമിയുടെ 6.6 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ  (The Question of Palestine - Edward Said). പിന്നീട് ഫലസ്ത്വീന്റെ മൂന്നില്‍ രണ്ടു ഭാഗവും അവര്‍ കൈവശപ്പെടുത്തി. വംശീയമായ അടിമത്ത നിര്‍മിതിയിലൂടെയാണ് ഈ ഉന്മൂലനം വേഗത്തില്‍ സാധിച്ചെടുത്തത്. കര്‍ഷകരെ തകര്‍ത്തും വിദ്യാഭ്യാസത്തിനു മേല്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് ഇത് പെട്ടെന്ന് സാധ്യമാക്കിയത്. പാഠ്യക്രമത്തില്‍നിന്ന് അറബ് പാരമ്പര്യങ്ങളെയും സംസ്‌കാരത്തെയും ഒഴിവാക്കുക മാത്രമല്ല, ഫലസ്ത്വീനിലുണ്ടായിരുന്ന ബിരുദങ്ങള്‍ക്ക് അംഗീകാരം പിന്‍വലിക്കുകയും ചെയ്തു. അങ്ങനെ നേരത്തേ വിദ്യാസമ്പന്നരായവര്‍ പെട്ടെന്ന് 'നിരക്ഷരരായി' മാറി. 1987-ല്‍ ഇന്‍തിഫാദ തുടങ്ങിയപ്പോള്‍ മാത്രം ഗസ്സയിലെ 12 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പടിഞ്ഞാറേ കരയിലെ 1194 സ്‌കൂളുകളും അടച്ചുപൂട്ടി. പിന്നീട് ഇസ്രയേല്‍ സ്ഥാപിച്ചത് വംശീയ മേധാവിത്വമുള്ള വിദ്യാഭ്യാസ ക്രമമായിരുന്നു. അതില്‍നിന്ന് പഠിച്ചിറങ്ങുന്ന ഫലസ്ത്വീനിക്കു പോലും ഇസ്രയേലിന്റെ നിലനില്‍പ്പിനെ അംഗീകരിക്കേണ്ടിവന്നു. ഈ വംശീയ ക്രമത്തെ നിലനിര്‍ത്താന്‍ അമേരിക്ക 5000 കോടി ഡോളറാണ് പ്രതിവര്‍ഷം നീക്കിവെക്കുന്നത്. അതായത് ഓരോ ഇസ്രയേല്‍ പൗരനും 1500 ഡോളര്‍ വീതം.
കറുത്തവര്‍ക്ക് ശ്വസിക്കാന്‍ കഴിയാത്ത ഒരു വ്യവസ്ഥിതിയാണ് അമേരിക്ക വിഭാവന ചെയ്തത്. പിടിച്ചെടുക്കലിന്റെയും ചൂഷണത്തിന്റെയും ലോകക്രമം സ്വപ്നം കാണുന്നതു പോലെ,  ആഭ്യന്തരമായി  അടിമപ്പെടുത്തലിന്റെ ഒരു മാസ്മരിക ബോധം അമേരിക്ക അതിന്റെ രൂപഘടനയില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. ചില ഭരണാധികാരികളും ചിന്തകരും ഇതിനെതിരെ നിലകൊണ്ടെങ്കിലും ആഴത്തില്‍ വേരുറപ്പിച്ച ഈ ഘടനയെ പിഴുതെറിയാന്‍ അവര്‍ക്ക് സാധിച്ചില്ല. എഡ്വേഡ് സൈദ് നിരീക്ഷിച്ചതു പോലെ, മേധാവിത്വത്തിന്റെ എല്ലാ ചേരുവകളും തങ്ങളിലേക്ക് ചേര്‍ത്തുവെച്ചുകൊണ്ടാണ് യൂറോ-അമേരിക്കന്‍ ലോകക്രമം വികസിച്ചിട്ടുള്ളത്. ആ രൂപഘടനയില്‍നിന്ന് പുറത്തുകടന്നാലല്ലാതെ അതിനെ മനസ്സിലാക്കാന്‍ പോലും ഒരാള്‍ക്ക് സാധിക്കുകയില്ല. അമേരിക്കന്‍ പോലീസ് അതിക്രമങ്ങളില്‍  2013-നും 2019-നുമിടക്ക്  7666 കറുത്ത വര്‍ഗക്കാരാണ് കൊല്ലപ്പെട്ടത്. മാപ്പിംഗ് പോലീസ് വയലന്‍സ് എന്ന ഗ്രൂപ്പാണ് ഈ കണക്ക് പുറത്തുവിട്ടത്. ജോര്‍ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ട മിനസോട്ടയില്‍ കറുത്തവര്‍ കൊല്ലപ്പെടുന്നത് നാല് മടങ്ങാണ്.
കൊളംബസിന്റെ യാത്ര തൊട്ടേ തുടങ്ങിയതാണ് ഈ വ്യവസ്ഥാപിത അടിമവല്‍ക്കരണം. വ്യവസ്ഥാപിതമായ അടിമവല്‍ക്കരണം സ്ഥാപിതമാകുന്നതോടെ ഏതൊരു ദേശത്തും പുറത്താക്കുന്നവരും പുറത്താക്കപ്പെടുന്നവരും ഉണ്ടാവുന്നു. കേരളത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍നിന്ന് ദേവിക എന്ന ദലിത് പെണ്‍കുട്ടി പുറത്തായതോടെയാണ് ആത്മഹത്യ ചെയ്തത്. ഒരു വ്യവസ്ഥയില്‍നിന്ന് ക്രമപ്രവൃദ്ധമായ പുറംതള്ളലുകള്‍ നടക്കുമ്പോള്‍ അതില്‍ അടിമവല്‍ക്കരണത്തിന്റെ ഘടകങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ട്. 'അധമ' മനുഷ്യരെ ഭരിക്കാന്‍ തങ്ങള്‍ക്ക് ദൈവദത്തമായ അവകാശമുണ്ടെന്നാണല്ലോ കൊളംബസ് വാദിച്ചത്. അവരെ ആദ്യം തന്നെ 'മൃഗസമാനരും' 'വന്യമനുഷ്യരും' 'നരഭോജികളു'മാക്കി സംസ്‌കരിക്കപ്പെടേണ്ടവരാണെന്ന ധാരണ ഊട്ടിയുറപ്പിക്കുകയാണ് കൊളംബസ് ആദ്യമായി ചെയ്തത്. അമേരിക്കയടക്കമുള്ള പ്രദേശങ്ങളിലെ അടിമ നിവാസികള്‍ 'വികസിക്കാത്തവരും' 'പുരോഗതിയെത്താത്തവരു'മായി മാറിയത് ദൈവശിക്ഷയുടെ ഭാഗമാണെന്നും അദ്ദേഹം വാദിച്ചിരുന്നു. ഇന്ത്യയില്‍ നടന്ന വംശീയ പഠനങ്ങളിലും ഇത്തരം 'ദൈവിക' ശിക്ഷയുടെ ഭാഗമായിട്ടാണ് ജാതിശ്രേണിയില്‍നിന്ന് പുറന്തള്ളപ്പെട്ടവര്‍ ദരിദ്രരായി കോളനികളില്‍ ജീവിക്കേണ്ടി വന്നതെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
അഖില്‍ ഗുപ്തയുടെ Post Colonial Development എന്ന പുസ്തകവും എ.ആര്‍ വാസവിയുടെ Harbingers of Rain  എന്ന ഗ്രന്ഥവും കര്‍ണാടകയിലെ ഗ്രാമങ്ങളെക്കുറിച്ചും രാജസ്ഥാനിലെ ഗ്രാമങ്ങളെക്കുറിച്ചും നടത്തിയ പഠനങ്ങളില്‍ അതിസൂക്ഷ്മമായി ജാതി അടിമത്ത ഘടന സമൂഹത്തില്‍ എങ്ങനെ നിലനിര്‍ത്തുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. ഉയര്‍ന്ന ജാതിക്കാരുടെ പ്രതികരണങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്: 'തൂപ്പുകാരും ചെരുപ്പുകുത്തികളും ഉയര്‍ന്ന ജോലികളില്‍ പ്രവേശിച്ചതും ബ്രാഹ്മണര്‍ക്ക് ഭക്ഷണം കൊടുത്തിരുന്ന പതിവു തെറ്റിച്ചതും മഴ നിലക്കാന്‍ കാരണമായി!' പഴയ ആചാരങ്ങളും വേലകളും തിരിച്ചുവരുന്നതിലൂടെ മാത്രമേ മഴയും കൃഷിയുല്‍പ്പന്നങ്ങളും നല്ല തോതില്‍ ലഭ്യമാവൂ (Harbingers of Rain , പേജ്: 56). അഖില്‍ ഗുപ്ത നിരീക്ഷിക്കുന്നത്, ഗ്രാമീണ ജനത മാത്രമല്ല ആധുനിക വിദ്യാഭ്യാസം നേടിയവരും ധനിക നാഗരിക വിഭാഗവും പുരോഗമന പക്ഷത്ത് ഇരിപ്പുറപ്പിച്ചവരും ഇങ്ങനെ വിശ്വസിക്കുന്നുണ്ട് എന്നാണ്.  സംവരണം മുഖേന സാമൂഹിക ബന്ധങ്ങളില്‍ മാറ്റമുണ്ടായെന്നും അത് ദൈവകോപത്തിന് ഹേതുവായെന്നും വിശ്വസിക്കുന്ന ധാരാളം പേരെ തനിക്ക് കാണാനായെന്നും ഗുപ്ത വ്യക്തമാക്കുന്നുണ്ട്.
ജാതിഘടനയിലൂടെ നിലനില്‍ക്കേണ്ട അടിമത്ത രീതിയാണ് ഇന്ത്യന്‍ സാമൂഹികാവസ്ഥ വിഭാവനം ചെയ്യുന്നത്. അതിന്റെ പ്രചാരകരും പ്രബോധകരുമാണ് സംഘ് പരിവാര്‍. സംഘ് പരിവാര്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നത് അടിമത്ത ശ്രേണിയാണ്. ഗോഡ്സെ ഗാന്ധിയെ കൊന്ന കാരണങ്ങളിലൊന്ന് അധികാരശ്രേണിയെ ഗാന്ധി അട്ടിമറിച്ചുവെന്ന ആരോപണമാണ്. രാഷ്ട്രീയ വ്യവഹാരത്തില്‍ ദലിതര്‍ക്ക് സമത്വം നിയമങ്ങള്‍ മുഖേന നേടിയെടുക്കാമെങ്കിലും സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍ അസമത്വം തന്നെയായിരിക്കും ഇന്ത്യയില്‍ കീഴാളര്‍ക്കുണ്ടാവുകയെന്ന് അംബേദ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.
യൂറോപ്പില്‍ നിലവില്‍വന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ കറുത്തവരെക്കുറിച്ച് വളരെ വൈകി സംസാരിച്ചവരാണ്. പോള്‍ ഗില്‍റോയിയുടെ 'സാമ്രാജ്യം തിരിച്ചടിക്കുന്നു' (Empire Strikes Back) എന്ന ഗ്രന്ഥത്തില്‍, സോഷ്യലിസ്റ്റുകള്‍ വര്‍ഗവിഭാവനയിലൂടെ വംശീയ വ്യവസ്ഥയെ സഹായിച്ചതെങ്ങനെയെന്ന് നിരീക്ഷിക്കുന്നുണ്ട്. കറുത്തവര്‍ അനുഭവിക്കുന്ന വംശീയ വിവേചനങ്ങളെക്കുറിച്ച് മൗനം പാലിക്കുകയും വെള്ളക്കാരുടെ തന്നെ തൊഴില്‍ മേഖലകളെക്കുറിച്ചും തൊഴില്‍ ബന്ധങ്ങളെ പറ്റിയും വിസ്തരിച്ചു പറയുകയും ചെയ്തതിലൂടെ 'കറുത്ത അപരരെ'യും അടിമബന്ധങ്ങളെയും സാമൂഹിക ജീവിതത്തില്‍ അവശേഷിപ്പിക്കുകയാണ് സോഷ്യലിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ യൂറോപ്പിലും ചെയ്തത്.
അടിമ വ്യവസ്ഥയുടെ വികസിച്ച രൂപങ്ങളെ നിലനിര്‍ത്താനും അതിനെ ക്രമപ്പെടുത്താനുമാണ് യൂറോപ്പ് നിരവധി ഭാവനകളിലൂടെ ശ്രമിച്ചത്. സാമൂഹികവും സാമ്പത്തികവുമായ അസമത്വം ലോക ഘടനയില്‍ അനിവാര്യമാണെന്ന് അവര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിനോടുള്ള യൂറോപ്പിന്റെ വെറുപ്പിന്റെ പ്രധാന കാരണങ്ങളിലൊന്ന്, വംശീയ ഘടനയോടും വ്യവസ്ഥയോടുമുള്ള അതിന്റെ വിയോജിപ്പാണെന്നും കാണാം. ജാതിഘടനയിലൂടെ ഇന്ത്യയില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന അടിമത്ത രീതിയെ ആദര്‍ശപരമായും സാമൂഹികമായും തുറന്നെതിര്‍ക്കുന്ന അനുഭവങ്ങളാണ് ഇസ്‌ലാമിലൂടെ ഇന്ത്യക്ക് ലഭിച്ചത്. ഇസ്‌ലാമിന്റെ സാമൂഹിക വിഭാവനയോടുള്ള ശത്രുതാപരമായ ചെറുത്തുനില്‍പ്പ് വംശീയവാദത്തിലധിഷ്ഠിതമായ എല്ലാ സമൂഹങ്ങള്‍ക്കും രാജ്യങ്ങള്‍ക്കുമുണ്ട് എന്നതാണ് വാസ്തവം.
ജോര്‍ജ് ഫ്ളോയ്ഡിനെ വംശീയ ഉന്മൂലനത്തിനു വിധേയമാക്കുന്ന അമേരിക്കന്‍ അധികാരഘടന ലോകത്ത് ഇളക്കിവിട്ട സംവാദങ്ങള്‍ ഏറെയാണ്. അമേരിക്കയുടെ വംശീയ ഘടനയെക്കുറിച്ചും അതിന്റെ നിലനില്‍ക്കാനുള്ള ധാര്‍മികതയെ പറ്റിയും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്.  ഇന്ത്യ, ഇസ്രയേല്‍, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ വംശീയ അധികാര വ്യവസ്ഥകളുടെ വിവിധ ഭാവങ്ങളെ (ഇന്ത്യയിലെ ഹിന്ദുത്വ വംശീയത, ഇസ്രയേലിലെ ജൂത വംശീയത, ചൈനയിലെ ഉയിഗൂര്‍ വംശജര്‍ക്കെതിരെയുള്ള നീക്കം) നിരന്തരം ചോദ്യം ചെയ്തിട്ടല്ലാതെ ജനാധിപത്യ തുറവികള്‍ സാധ്യമല്ല. നീഗ്രോകള്‍ പ്രകൃത്യാ തന്നെ വെള്ളക്കാര്‍ക്കു താഴെയാണെന്നും  വെള്ള ഒഴിച്ചുള്ള നിറം സൃഷ്ടിച്ച ഒറ്റ നാഗരികതയും വിജയിച്ചിട്ടില്ലെന്നും  ചിന്തയിലോ പ്രവൃത്തിയിലോ ഔന്നത്യം പുലര്‍ത്തിയ വെള്ളക്കാരല്ലാത്ത ഒറ്റ വ്യക്തിയുമില്ലെന്നും താന്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞയാളാണ് ഡേവിഡ് ഹ്യൂം. ഈ വിഭാവനയെ ചോദ്യം ചെയ്യുന്നതു പോലും കോളനികാലത്ത് കടുത്ത അപരാധമായിരുന്നു. ഇപ്പോഴും ഈ വിഭാവനയില്‍ സിംഹാസനമിട്ടിരിക്കുന്നവര്‍ക്ക് ബങ്കറില്‍ പോയി ഒളിക്കേണ്ടി വന്നു എന്നതാണ് അമേരിക്കയില്‍ ഉയര്‍ന്ന പ്രക്ഷോഭങ്ങളുടെ സാധ്യത.
സമഗ്രമായ നീതിയും മനുഷ്യന്റെ അന്തസ്സുമാണ് സമൂഹത്തിന്റെ നിലനില്‍പ്പില്‍ ഏറ്റവും സുപ്രധാനമെന്ന് സമര്‍ഥിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. അതിന്റെ സാധ്യതകളെ ഈ സംവാദങ്ങളില്‍ കൂടുതല്‍ പ്രോജ്ജ്വലിപ്പിച്ചു നിര്‍ത്താന്‍ സാധിക്കേണ്ടതുണ്ട്. ദൈവദത്തമായ ഒരു വ്യവസ്ഥ ഒരര്‍ഥത്തിലും സൃഷ്ടികളോട് വംശീയമായി വിവേചനം കല്‍പിച്ചിട്ടില്ലെന്ന് മാത്രമല്ല, അങ്ങനെ ചെയ്യുന്നതിനെ മഹാപാതകമായി കാണുകയും ചെയ്യുന്നു. പ്രവാചകന്റെ വിടവാങ്ങല്‍ പ്രഭാഷണത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് മനുഷ്യന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും ആത്മീയവുമായ ഭാവനകളെ ഏകതയിലേക്ക് സൗന്ദര്യപൂര്‍വം ലയിപ്പിക്കാനായിരുന്നു. വര്‍ണവെറിയുടെ ഏതൊരു വ്യവസ്ഥക്കും ഇസ്‌ലാമിനോട് കലഹിക്കാതിരിക്കാന്‍ കഴിയില്ല. കലഹിച്ചില്ലെങ്കില്‍ വംശീയാടിത്തറയില്‍ കെട്ടിപ്പൊക്കിയ എല്ലാ അധികാരക്രമങ്ങള്‍ക്കും അതിന്റെ മുന്നില്‍ അടിയറവു പറയേണ്ടിവരും. വംശീയതയുടെ പുകയില്‍ ശ്വാസംമുട്ടുന്നവര്‍ക്ക് നിര്‍ബാധം ശ്വസിക്കാന്‍ കഴിയുന്ന സുതാര്യമായ അന്തരീക്ഷമാണ് ഇസ്‌ലാം വരച്ചിടുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

വെളിച്ചമാണ് അധ്യാപകന്‍
ഫാത്വിമ കോയക്കുട്ടി