Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 24

വസ്വിയ്യത്ത് - സമുദായം വിസ്മരിച്ചത്

ലേഖനം - ബഷീര്‍ തൃപ്പനച്ചി

ണ്ട് നാട്ടിന്‍പുറത്ത് ഒരു മുസ്‌ലിം സമ്പന്നന്‍ മരിച്ചാല്‍ അദ്ദേഹത്തിന്റെ മരണപത്രം വായിക്കല്‍ വലിയ ഒരു ചടങ്ങായിരുന്നു. അനന്തരവകാശികളല്ലാത്ത അടുത്ത ബന്ധുക്കള്‍ക്ക് മാത്രമല്ല, ആശ്രിതരായി ജീവിച്ചിരുന്നവര്‍ക്കും അയല്‍വാസികളായ ദരിദ്രര്‍ക്കും പാടത്ത് നെല്ല് കൊയ്തിരുന്ന ചെറുമികള്‍ക്ക് പോലും മരണപത്രത്തില്‍ കൃത്യമായ വിഹിതം അവര്‍ എഴുതിവെച്ചിരുന്നു. എവിടെയോ വെച്ച് ഈ നല്ല മാതൃക നമുക്ക് നഷ്ടപ്പെടുകയായിരുന്നു. പൂര്‍വികര്‍ അവരുടെ ജീവിതത്തിന്റെ വിശ്വാസപരമായ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി ഗണിക്കുകയും പിന്‍തലമുറ ഏറെ വിസ്മരിക്കുകയും ചെയ്ത ദീനീ ബാധ്യതയാണ് വസ്വിയ്യത്ത്.
ഒരു വിശ്വാസി മരണാസന്നനാവുന്ന സന്ദര്‍ഭത്തില്‍ അനന്തരവകാശം ലഭിക്കാത്ത അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ മറ്റോ തന്റെ സമ്പത്തില്‍ അവകാശം നിര്‍ണയിക്കുന്നതാണ് വസ്വിയ്യത്ത്. ''നിങ്ങളിലൊരുവന് മരണമടുത്താല്‍, ധനം ശേഷിപ്പിക്കുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ന്യായമായത് വസ്വിയ്യത്ത് ചെയ്യേണ്ടത് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. ഭക്തന്മാരുടെ ബാധ്യതയത്രെ അത്'' (അല്‍ബഖറ 180). അനന്തരവകാശ നിയമങ്ങള്‍ വിശദമാക്കുന്ന ഖുര്‍ആനിക സൂക്തങ്ങള്‍ അവതരിക്കുന്നതിന് മുമ്പ് വസ്വിയ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരേതന്റെ സമ്പത്ത് വിഹിതം വെച്ചിരുന്നത്. മാതാപിതാക്കളും ഭാര്യയും മക്കളുമടങ്ങുന്ന അടുത്ത ബന്ധുക്കള്‍ക്ക് വേണ്ടിയായിരുന്നു മുഖ്യമായും നിര്‍ബന്ധമായ വസ്വിയ്യത്ത് അക്കാലത്ത് നടന്നിരുന്നത്. പിന്നീട് അനന്തരാവകാശങ്ങള്‍ നിര്‍ണിതമാക്കിയ ആയത്തുകള്‍ അവതരിച്ചു. അതോടെ അനന്തരവകാശം ലഭിക്കുന്നവര്‍ക്ക് വസ്വിയ്യത്ത് ചെയ്യലും വിലക്കപ്പെട്ടു. അതേപറ്റി റസൂല്‍(സ) പറഞ്ഞു: ''ഓരോ അവകാശിക്കും അല്ലാഹു അവന്റെ അവകാശം നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഇനി അനന്തരവകാശിക്ക് വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ല.'' അനന്തരവകാശികളല്ലാത്തവര്‍ക്ക് വസ്വിയ്യത്ത് രേഖപ്പെടുത്തല്‍ അതിനു ശേഷവും സ്വഹാബികള്‍ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി തുടര്‍ന്നു.

വസ്വിയ്യത്ത് നിര്‍ബന്ധമോ?
സൂറത്ത് ബഖറയില്‍ പ്രതിപാദിച്ച നിര്‍ബന്ധമായ വസ്വിയ്യത്തിന്റെ വിധി പൂര്‍ണമായും ദുര്‍ബലമാക്കപ്പെട്ടിട്ടില്ലയെന്നാണ് ചില പണ്ഡിതന്മാര്‍ പറയുന്നത്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഇസ്‌ലാം സ്വീകരിക്കാത്തവരാകുന്ന സന്ദര്‍ഭത്തില്‍ അവര്‍ക്ക് അനന്തരവകാശം ലഭിക്കില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണെന്നാണ് അവരുടെ അഭിപ്രായം.
ഹസനുല്‍ ബസ്വരിയും ഇബ്‌നു അബ്ബാസും അനുചരന്മാരും വസ്വിയ്യത്തിന്റെ 'വാജിബ്' നിലനില്‍ക്കുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അനന്തരവകാശം ലഭിക്കുന്നവര്‍ക്കുള്ള വസ്വിയ്യത്ത് മാത്രമാണ് ദുര്‍ബലമാക്കപ്പെട്ടത്. മറ്റു ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കുമുള്ള വസ്വിയ്യത്ത് വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണ്. പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവായ ത്വബരിയും ഈ അഭിപ്രായമാണ് സ്വീകരിച്ചിരിക്കുന്നത്. ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം. റസൂല്‍(സ) പറഞ്ഞു: ''വസ്വിയ്യത്ത് ചെയ്യാവുന്ന വല്ലതുമുണ്ടായിട്ട്, തന്റെ വസ്വിയ്യത്ത് എഴുതാതെ രണ്ട് രാവുകള്‍ ചെലവഴിക്കുക എന്നത് ഒരു വിശ്വാസിക്ക് യോജിച്ചതല്ല'' (ബുഖാരി, മുസ്‌ലിം). ഇബ്‌നു ഉമര്‍ പറുയന്നു, ഈ പ്രവാചക വചനം കേട്ട ശേഷം വസ്വിയ്യത്ത് രേഖപ്പെടുത്തിയത് കൂടെ വെച്ചിട്ടല്ലാതെ ഞാന്‍ ഉറങ്ങിയിട്ടില്ല.

വസ്വിയ്യത്ത് ആര്‍ക്കെല്ലാം?
അമുസ്‌ലിംകളടക്കമുള്ള അടുത്ത ബന്ധുക്കള്‍ക്കും അകന്ന ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയെല്ലാം വസ്വിയ്യത്ത് ചെയ്യാം. നാല് മദ്ഹബിന്റെ ഇമാമുമാരും ഈ വിഷയത്തില്‍ ഒരേ അഭിപ്രായമുള്ളവരാണ്. ദരിദ്രര്‍ക്ക് വേണ്ടി മാത്രമല്ല, സമ്പത്തുള്ളവര്‍ക്ക് വേണ്ടിയും വസ്വിയ്യത്ത് രേഖപ്പെടുത്താം. അര്‍ഹരായ അടുത്ത ബന്ധുക്കള്‍ ഉണ്ടായിരിക്കെ അവരെ ഉള്‍പ്പെടുത്താതെ മറ്റുള്ളവരെ മാത്രമായി പരിഗണിക്കുന്നത് ഇസ്‌ലാമിന്റെ നീതിക്ക് യോജിച്ചതല്ല.
അനന്തരവകാശിക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ അത് റദ്ദാക്കണമെന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം. മറ്റു അനന്തരവകാശികള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ അങ്ങനെ ചെയ്യാമെന്നും റദ്ദാക്കേണ്ടതില്ലെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. ബാധ്യതയുള്ളവരുടെ കടം കൊടുത്തുതീര്‍ത്ത സമ്പത്തിനേ വസ്വിയ്യത്ത് ബാധകമാവൂ.

ആരാണ് വസ്വിയ്യത്ത് ചെയ്യേണ്ടത്
എത്ര ധനമുള്ളവനാണ് വസ്വിയ്യത്ത് ചെയ്യേണ്ടതെന്ന ചര്‍ച്ച ഹദീസുകളില്‍ കാണാം. 800 ദിര്‍ഹമിന്റെ സ്വത്തുള്ളയാള്‍ക്ക് വസ്വിയ്യത്ത് നിര്‍ബന്ധമാണെന്ന് ഇബ്‌നു അബ്ബാസ്(റ). ആയിരം ദിര്‍ഹമാണെന്നാണ് ഖതാദ(റ)യുടെ അഭിപ്രായം. സമ്പത്തിന്റെ കൃത്യമായ തോത് വസ്വിയ്യത്തില്‍ നിര്‍ണിതമാക്കിയിട്ടില്ലെന്ന് സാരം. വസ്വിയ്യത്ത് ചെയ്യുന്ന വ്യക്തികളുടെയും അന്തരവകാശികളുടെയും കുടുംബ സാമ്പത്തിക സ്ഥിതിയനുസരിച്ചാണത് നിര്‍ണയിക്കപ്പെടുന്നത്. ആഇശ(റ)യുടെ റിപ്പോര്‍ട്ടില്‍ നിന്നത് വ്യക്തമാകുന്നുണ്ട്. തന്റെ ധനം വസ്വിയ്യത്ത് ചെയ്യാനുദ്ദേശിച്ച ഒരു വ്യക്തി ആഇശ(റ)യെ സമീപിച്ചു. ''നിങ്ങള്‍ക്കെത്ര സ്വത്തുണ്ട്?'' ഉമ്മുല്‍ മുഅ്മിനീന്‍ ചോദിച്ചു. ''3000 ദിര്‍ഹം.'' അദ്ദേഹം മറുപടി പറഞ്ഞു. ''അനന്തരവകാശികള്‍ എത്ര പേരുണ്ട്?'' ''നാലു പേര്‍.'' ''എങ്കില്‍ സമ്പാദ്യം നിന്റെ കുടുംബത്തിന് കൈമാറലാണ് നിനക്ക് ഉത്തമം'' എന്നാണ് ആഇശ(റ) മറുപടി പറഞ്ഞത്. അനന്തരവകാശികളെ ദരിദ്രരാക്കി മാറ്റുന്ന വസ്വിയ്യത്ത് ഉത്തമമല്ല എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. എന്നാല്‍ സമ്പത്ത് എത്രയായാലും അതില്‍ നിന്ന് കുറച്ചെങ്കിലും വസ്വിയ്യത്ത് ചെയ്യണം എന്നു തന്നെയാണ് ഇബ്‌നു അബ്ബാസും(റ) അനുചരന്മാരും പറയുന്നത്.

എത്രയാണ് വസ്വിയ്യത്ത്  ചെയ്യേണ്ടത്?
സമ്പത്തിന്റെ മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയ്യത്ത് ചെയ്യരുതെന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. സഅദ്(റ) തന്റെ മുഴുവന്‍ സമ്പത്തും വസ്വിയ്യത്ത് ചെയ്യാനൊരുങ്ങിയപ്പോള്‍ അത് തടഞ്ഞുകൊണ്ട് നബി(സ) പറഞ്ഞു: ''മൂന്നിലൊന്ന് മതി. മൂന്നിലൊന്ന് തന്നെ ധാരാളമാണ്.'' അനന്തരവകാശികള്‍ ഉള്ളവര്‍ക്ക് മാത്രമേ ഈ പരിധി ബാധകമുള്ളൂവെന്നാണ് ചില പണ്ഡിതാഭിപ്രായങ്ങള്‍. അനന്തരവകാശികളില്ലെങ്കില്‍ മുഴുവന്‍ സമ്പത്തും വസ്വിയ്യത്ത് ചെയ്യാമെന്നാണ് ഹനഫീ പണ്ഡിതന്മാര്‍ പറയുന്നത്. അനന്തരവകാശികള്‍ സ്വയം സമ്പന്നരാണെങ്കിലും മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയ്യത്ത് ചെയ്യാമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. അനന്തരവകാശികളുണ്ടെങ്കില്‍ മുഴുവന്‍ സമ്പത്തും വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ല എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായമാണ്.

വസ്വിയ്യത്തിന്റെ രൂപം
വാക്ക് മൂലമാണ് വസ്വിയ്യത്തെങ്കില്‍ നീതിമാന്മാരായ രണ്ട് സാക്ഷികള്‍ വേണം. ''വിശ്വസിച്ചവരേ, നിങ്ങളിലൊരുവന് മരണം ആസന്നമാവുകയും അവന്‍ വസ്വിയ്യത്ത് ചെയ്യുകയുമാണെങ്കില്‍ അതിനുള്ള രീതി നിങ്ങളില്‍ പെട്ട രണ്ട് നീതിമാന്മാര്‍ സാക്ഷ്യം വഹിക്കണമെന്നാണ്'' (അല്‍മാഇദ 106). വസ്വിയ്യത്ത് രേഖപ്പെടുത്തി സ്വയം സൂക്ഷിക്കുകയോ വിശ്വസ്തരായ സുഹൃത്തുക്കളെ ഏല്‍പിക്കുകയോ ചെയ്യാവുന്നതാണ്. ഉള്ളടക്കം വെളിപ്പെടുത്തിയോ അല്ലാതെയോ വസ്വിയ്യത്ത് രേഖപ്പെടുത്തിയ കാര്യം ബന്ധുക്കളെ അറിയിക്കാവുന്നതാണ്.
വസ്വിയ്യത്തില്‍ കൃത്രിമം കാണിക്കലോ മാറ്റിമറിക്കലോ ഗുരുതരമായ കുറ്റമാണ്. ഖുര്‍ആനത് വ്യക്തമാക്കിയിട്ടുണ്ട്. ''വസ്വിയ്യത്ത് ശരിയായി കേട്ട ശേഷം ഒരുവന്‍ അതിനെ മാറ്റിമറിച്ചാല്‍, ആ മാറ്റി മറിച്ചവരില്‍ മാത്രമാകുന്നു അതിന്റെ കുറ്റം. അല്ലാഹു എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നുണ്ട്'' (അല്‍ബഖറ 181).
വസ്വിയ്യത്ത് ചെയ്തയാള്‍ക്ക് ജീവിച്ചിരിക്കെ അതില്‍ മാറ്റം വരുത്തുന്നതില്‍ വിരോധമില്ല. ജീവിച്ചിരിക്കെ വസ്വിയ്യത്ത് പരസ്യപ്പെടുത്താതിരിക്കുകയാണ് നല്ലത്. വസ്വിയ്യത്തില്‍ പക്ഷഭേദമോ അധര്‍മമോ കാണിച്ചതായി അഭിപ്രായമുയര്‍ന്നാല്‍ ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കാവുന്നതാണ്. ഇത് വസ്വിയ്യത്ത് മാറ്റിമറിക്കുന്ന ഗുരുതരമായ തെറ്റില്‍ പെട്ടതല്ല. ഖുര്‍ആന്‍ തന്നെയത് വ്യക്തമാക്കിയിട്ടുണ്ട്. ''വസ്വിയ്യത്ത് ചെയ്തയാള്‍ പക്ഷഭേദമോ അധര്‍മമോ കാണിച്ചതായി വല്ലവനും ആശങ്കിക്കുകയും അവന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്താല്‍ അതില്‍ കുറ്റമൊന്നുമില്ല. അല്ലാഹു ഏറ്റം വിട്ടുവീഴ്ച ചെയ്യുന്നവനും കരുണാമയനുമാണല്ലോ'' (അല്‍ബഖറ 183).

മുന്‍കാല മാതൃകകള്‍
പിതാവ് ജീവിച്ചിരിക്കെ മരണപ്പെട്ട മകന്റെ സന്താനങ്ങള്‍ (പൗത്രന്‍), ജീവിതം മുന്നോട്ട് നീക്കാന്‍ പ്രയാസപ്പെടുന്ന മകന്റെ വിധവയായ ഭാര്യ, തന്റെ ആശ്രയത്തില്‍ വളരുന്ന അനാഥകളും അഗതികളുമായ ബന്ധുക്കള്‍ എന്നിവര്‍ക്കെല്ലാം മുന്‍ഗാമികള്‍ മരണാസന്നവേളയില്‍ അവരുടെ സുരക്ഷിത ജീവിതത്തിനാവശ്യമായ ധനം വസ്വിയ്യത്ത് ചെയ്തിരുന്നു. അതിനാല്‍ പിതാവ് മരിച്ച പൗത്രനോടോ അവരുടെ വിധവയോടോ ഇസ്‌ലാം അനീതി കാണിച്ചുവെന്ന് അന്ന് പരാതിയുയര്‍ന്നിരുന്നില്ല. ഇന്ന് അത്തരം നീതിനിഷേധങ്ങള്‍ ചില കുടുംബങ്ങളിലെങ്കിലും സംഭവിക്കുന്നത് വസ്വിയ്യത്ത് സമുദായം വിസ്മരിച്ചതുകൊണ്ടാണ്. ''നിങ്ങളുടെ മരണസമയത്ത് അല്ലാഹു നിങ്ങളുടെ സ്വത്തിന്റെ മൂന്നിലൊന്ന് നിങ്ങള്‍ക്ക് വിട്ടുതന്നിരിക്കുന്നു, നിങ്ങളുടെ കര്‍മങ്ങളില്‍ അധികമായിട്ട്'' എന്ന റസൂലിന്റെ വചനം വസ്വിയ്യത്തിനുള്ള ആഹ്വാനവും പ്രോത്സാഹനവുമാണ്.
മുന്‍ഗാമികളില്‍ പലരും രാത്രി കിടന്നുറങ്ങിയിരുന്നത് അവരുടെ വസ്വിയ്യത്ത് തലയണക്കടിയില്‍ വെച്ചായിരുന്നു. താന്‍ ജീവിച്ചിരിക്കെ തന്നെ മക്കളെല്ലാം അവരുടെ രണ്ട് തലമുറക്കുള്ളത് സ്വയം സമ്പാദിച്ചുവെച്ചത് നേരില്‍ കണ്ടിട്ടും വസ്വിയ്യത്ത് ചെയ്യാതെ മരിച്ചു പോകുന്നവര്‍ ഇന്ന് നമുക്കിടയില്‍ എത്രയാണ്! ഒരുപക്ഷേ, അവര്‍ക്ക് സഹായം നല്‍കേണ്ട അടുത്ത ബന്ധുക്കള്‍ ഉണ്ടായിരിക്കുകയില്ല. പുതിയ കാലത്ത് ഇസ്‌ലാമിക സമൂഹത്തിന് അനിവാര്യമായ എത്രയെത്ര സംരംഭങ്ങള്‍ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ട്. എന്തുകൊണ്ട് അത്തരം പ്രോജക്ടുകള്‍ക്ക് വേണ്ടി ജീവിച്ചിരിക്കെ തന്നെ തന്റെ സ്വത്തില്‍ നിന്ന് വഖ്ഫ് ചെയ്തു കൂടാ. മരണാസന്ന വേളയിലെ വസ്വിയ്യത്തിന് ആരോഗ്യവാനായിരിക്കെ ചെയ്യുന്ന ദാനത്തോളം ശ്രേഷ്ഠത വരില്ല. ഏറ്റവും ശ്രേഷ്ഠകരമായ ദാനമേതെന്നു ചോദിച്ചപ്പോള്‍ നബി(സ) പറഞ്ഞത്, 'നിനക്ക് ആരോഗ്യവും ധനത്തോട് താല്‍പര്യവുമുള്ള കാലത്ത് ചെയ്യുന്നത്' എന്നാണ്.
പണ്ഡിതന്മാരും ഖത്വീബുമാരും, വസ്വിയ്യത്തിന്റെയും വഖ്ഫിന്റെയും ആവശ്യകതയും അതിന് റസൂല്‍ നല്‍കിയ പ്രാധാന്യവും സമൂഹത്തെ ബോധ്യപ്പെടുത്താന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. പ്രായംചെന്ന തലമുറയും പുതുതലമുറയും ഗൗരവമായി ആലോചിക്കേണ്ടതും തിരിച്ചുപിടിക്കേണ്ടതുമായ നിര്‍ബന്ധ ബാധ്യതയായി ഇതിനെ കാണേണ്ടിയിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം