Prabodhanm Weekly

Pages

Search

2020 ജൂണ്‍ 12

3155

1441 ശവ്വാല്‍ 20

തര്‍ബിയത്ത് യാത്ര

എ. മൊയ്തീന്‍ കുട്ടി ഓമശ്ശേരി

'അലാ ലൈത്തശ്ശബാബ യഊദു യൗമന്‍
ഫ ഉഖ്ബിറഹു ബിമാ ഫഅലല്‍ മശീബു'
(നഷ്ടയൗവനമൊരു നാള്‍ മടങ്ങിവന്നെങ്കില്‍
വരതന്‍ വികൃതികളോതിക്കൊടുത്തേനെ ഞാന്‍)
ചെറുപ്പത്തില്‍ പഠിച്ച ഈ അറബിക്കവിത അന്വര്‍ഥമാക്കുന്നതായിരുന്നു രണ്ടു ദിവസത്തെ 'തര്‍ബിയത്ത് ടൂര്‍'. ചിരകാലമായി ആഗ്രഹിച്ചതായിരുന്നു ഓമശ്ശേരി ഏരിയാ ജമാഅത്തംഗങ്ങളുടെ ഒരു തര്‍ബിയത്ത് ടൂര്‍. കുട്ടികളുടെ പരീക്ഷ, ഉംറ, കല്യാണങ്ങള്‍ അങ്ങനെ... പലവിധ പ്രതിബന്ധങ്ങള്‍ നിമിത്തം അത് നീുപോയി. ഏതായാലും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആ ആഗ്രഹം പൂവണിയുകയായിരുന്നു. ഇരുപതോളം അംഗങ്ങളും അവരുടെ കുടുംബങ്ങളുമായിരുന്നു ടൂറിലുണ്ടായിരുന്നത്. പ്രതിബന്ധങ്ങള്‍ നിമിത്തം എട്ട് അംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
അംഗങ്ങളില്‍ ഏറെ പേരും വാര്‍ധക്യസഹജമായ രോഗങ്ങളും വിവശതകളും ഉള്ളവരായിരുന്നു. വയനാട്ടിലേക്കായിരുന്നു യാത്ര. സ്വാഭാവികമായും നാടിനേക്കാള്‍ തണുപ്പുള്ള പ്രദേശമായതുകൊണ്ട് അത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയുായിരുന്നു. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു. ആദ്യമായി പൂക്കോട്ട് തടാകം സന്ദര്‍ശിച്ചു. പിന്നീട് പിണങ്ങോട്ടെ പീസ് വില്ലേജിലാണ് എത്തിയത്. യാത്രയിലുടനീളം വിജ്ഞാനപ്രദമായ ക്വിസുകളും കുട്ടികളുടെ ഗാനങ്ങളുമുായിരുന്നതുകൊ് ആര്‍ക്കും ക്ഷീണമോ വിരസതയോ അനുഭവപ്പെട്ടില്ല. യാത്രയില്‍ വയസ്സന്മാരടക്കം ആരും ഉറങ്ങാന്‍ പാടില്ലെന്ന് യാത്രാ അമീര്‍ സി.ടി സുബൈര്‍ തുടക്കത്തില്‍ തന്നെ പറഞ്ഞതിന്റെ പൊരുള്‍ അപ്പോഴാണ് മനസ്സിലായത്.
പീസ് വില്ലേജില്‍, അതിന്റെ സ്ഥാപകന്‍ ബാലിയില്‍ മുഹമ്മദ് ഹാജി, വൈസ് ചെയര്‍മാന്‍ എം.കെ മുഹമ്മദലി, സെക്രട്ടറി സദ്‌റുദ്ദീന്‍ വാഴക്കാട് തുടങ്ങിയ ഭാരവാഹികളും പ്രവര്‍ത്തകരും ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. നമസ്‌കാരത്തിനും പീസ് വില്ലേജ് കുടുംബാംഗങ്ങളോടൊപ്പമുള്ള ഭക്ഷണത്തിനും ശേഷം സ്ഥാപനം ചുറ്റിക്കാണുകയും അവരെ പരിചയപ്പെടുകയും ചെയ്തു (അന്തേവാസികള്‍ എന്ന് പീസ് വില്ലേജിലുള്ളവരെപ്പറ്റി പ്രയോഗിക്കാനോ അവരുമായി പരിചയപ്പെടുമ്പോള്‍ പൂര്‍വ ചരിത്രം ചോദിക്കാനോ പാടില്ലെന്ന് സദ്‌റുദ്ദീന്‍ വാഴക്കാട് ഞങ്ങള്‍ക്ക് നിര്‍ദേശം തന്നിരുന്നു). എല്ലാവരും വളരെ സന്തുഷ്ടരാണെന്ന് പ്രഥമ ദൃഷ്ട്യാതന്നെ ബോധ്യമായി. ആ കുടുംബാംഗങ്ങള്‍ പല പ്രകൃതക്കാരായിരുന്നു. രോഗികള്‍, ബലഹീനര്‍, പരസഹായം കൂടാതെ എഴുന്നേല്‍ക്കാനോ ഭക്ഷണം കഴിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലുമോ കഴിയാത്തവര്‍, ഓര്‍മശക്തി നഷ്ടപ്പെട്ടവര്‍. അവര്‍ പല നാട്ടുകാരാണ്, പല മതക്കാര്‍. അവരില്‍ ദുരിതപര്‍വങ്ങള്‍ താണ്ടിക്കടന്ന് പീസ് വില്ലേജിലെത്തിച്ചേര്‍ന്ന കവയിത്രിയും സാഹിത്യകാരിയുമായ ഭാരതിയമ്മയുടെ വാക്കുകളില്‍:
പല ദേശക്കാരായിടും
പല ഭാഷക്കാരേവരും
പ്രായഭേദമില്ലാതെ
സസുഖം വസിച്ചീടുന്നൊരു
കൂട്ടുകുടുംബമാണിത്.
ഇവര്‍ക്കായി രാപ്പകല്‍ഭേദമന്യേ സ്‌നേഹപൂര്‍വം സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു പറ്റം സഹോദരി സഹോദരന്മാര്‍. ഭാരതിയമ്മയുടെ തന്നെ വാക്കുകളില്‍: 
അഛനമ്മമാരെപ്പോല്‍
സ്വന്തം കൂടപ്പിറപ്പുപോല്‍
ത്യാഗമെന്നതേ ജീവിത
മെന്നുറച്ചു സേവിപ്പൂ
ഞങ്ങള്‍ തന്‍ മക്കള്‍ ഞങ്ങളെ
ഇവിടെമാണീശ്വര സന്നിധാനം
ഇടറുന്ന മനസ്സുകള്‍ക്കഭയസ്ഥാനം.
ഈ കരുണാലയത്തിന്റെ സംസ്ഥാപകര്‍ക്കും അതിനായി ജീവിതം സമര്‍പ്പിച്ച് രാപ്പകല്‍ സേവനനിരതരായ പ്രവര്‍ത്തകര്‍ക്കും സര്‍വശക്തനായ അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ-ആമീന്‍.
മൂന്നു മണിയോടെ അവരുമായി യാത്ര പറഞ്ഞിറങ്ങി. വൈകുന്നേരത്തോടെ തമിഴ്‌നാട് ബോര്‍ഡറില്‍, ബാലിയില്‍ മുഹമ്മദ് ഹാജിയുടെ വക റിസോര്‍ട്ടില്‍ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചുകൊണ്ട് ഞങ്ങളെത്തി. എഴുപത്തഞ്ചേക്കര്‍ വരുന്ന ഒരു കാപ്പിത്തോട്ടമായിരുന്നു അത്. ഫോര്‍ വീലര്‍ വാഹനങ്ങള്‍ മാത്രം കയറുന്ന, വലിയ കുന്നുകളും ചെങ്കുത്തായ മലകളും. ഞങ്ങള്‍ക്ക് വേണ്ടി മുഹമ്മദ് ഹാജി തന്നെ തന്റെ മൂന്നു വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്തിരുന്നു. അതില്‍ തുറന്ന പിക്കപ്പ് ജീപ്പില്‍ പ്രകൃതിരമണീയത ആസ്വദിച്ചുകൊണ്ടുള്ള യാത്ര സ്ത്രീകളടക്കമുള്ളവര്‍ക്ക് നവ്യാനുഭവമായി. ചെറിയ വാഹനങ്ങളായിട്ടു കൂടി റിവേഴ്‌സെടുക്കാതെ ഒറ്റയടിക്ക് കയറിപ്പോകാന്‍ പറ്റാത്ത ഹയര്‍ പിന്നുകള്‍ പിന്നിടുമ്പോള്‍ പലരും ശ്വാസമടക്കിപ്പിടിക്കുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന മലമുകളില്‍ മനോഹരമായി നിര്‍മിക്കപ്പെട്ട രണ്ട് പാര്‍പ്പിടങ്ങളില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. മുഹമ്മദ് ഹാജിയും കുടുംബവും ഞങ്ങളെ ഹാര്‍ദമായി സ്വീകരിച്ചു. ശരീരത്തിനും മനസ്സിനും കുളിര് പകരുന്ന മനോഹാരിത. കണ്ണെത്താ ദൂരങ്ങളില്‍ പച്ചക്കമ്പിളി പുതച്ച മലമേടുകള്‍. ചായ കുടിച്ച ശേഷം ഞങ്ങള്‍ പുറത്തിറങ്ങി. റിസോര്‍ട്ടിലൂടെ അല്‍പനേരം സഞ്ചാരം. വൈവിധ്യമാര്‍ന്ന ആടുമാടുകളുടെയും കോഴികളുടെയും ഫാമുകള്‍. പലതരം പറവകളുടെ കളകൂജനങ്ങള്‍. എല്ലാറ്റിനും കാവല്‍ക്കാരായി വലിയ നായകള്‍. ചെറിയ തടാകത്തിലെ ബോട്ടിംഗ്. എല്ലാം കൂടി വാര്‍ധക്യത്തിന്റെ അവശതകളും വിവശതകളും യുവത്വത്തിന്റെ പിരിമുറുക്കങ്ങളുമെല്ലാം പൂര്‍ണമായും വിസ്മരിച്ച ഒരു സായാഹ്നം. പിന്നീട് വീട്ടുമുറ്റത്ത് വെച്ച് മഗ്‌രിബും ഇശാഉം ജംഉം ഖസ്വ്‌റുമാക്കി നമസ്‌കാരം.
തുടര്‍ന്ന് നടന്ന ഒത്തുചേരല്‍ അവിസ്മരണീയമായ ഒരു തര്‍ബിയത്ത് ക്യാമ്പ് തന്നെയായിരുന്നു. കെ.ടി നസീമ ടീച്ചറുടെ ഖുര്‍ആന്‍ ബോധനത്തോടെയാണ് ആരംഭിച്ചത്. മുഹമ്മദ് ഹാജി സ്വാഗതമാശംസിച്ചു. തുടര്‍ന്ന് അബ്ദുര്‍ഹ്മാന്‍ തറുവായി, ഒ.പി അബ് ദുസ്സലാം മൗലവി, എ. മൊയ്തീന്‍ കുട്ടി, പി. അബ്ദുല്ല തുടങ്ങിയ തലമുതിര്‍ന്ന പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രാസ്ഥാനിക ജീവിതാനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. തുടര്‍ന്ന് ചര്‍ച്ചകളും സംശയനിവാരണങ്ങളുമായിരുന്നു. മുഹമ്മദ് ഹാജിയുടെ ജീവിതാനുഭവങ്ങളും ആവേശദായകമായിരുന്നു. ഇടക്കിടെ കുട്ടികളുടെയും വലിയവരുടെയും ഗാനങ്ങളും വിവിധ കലാപരിപാടികളും. പിന്നീട് ഹൃദ്യമായ സല്‍ക്കാരം. ഒരേ പാത്രത്തില്‍നിന്ന് വട്ടമിട്ടിരുന്ന് ഭക്ഷണം. അതിഥികള്‍ കഴിച്ച അതേ പാത്രത്തില്‍നിന്നുതന്നെ ആതിഥേയരും. എല്ലാം കൂടി അവിസ്മരണീയമായ അനുഭവം. പിന്നീട് സുഖനിദ്ര. പുരുഷന്മാര്‍ ഒരു വീട്ടിലും സ്ത്രീകള്‍ മറ്റേ വീട്ടിലും. കട്ടിലിലും തറയിലും ഒരുമിച്ചൊന്നായി. നേരത്തേ എഴുന്നേറ്റ് രാത്രി നമസ്‌കാരവും സ്വുബ്ഹ് നമസ്‌കാരവും. രാവിലത്തെ നാശ്ത്ത കൂടി കഴിഞ്ഞു മാത്രമേ ആതിഥ്യം അവസാനിച്ചുള്ളൂ. പിന്നീട് അമ്പലവയലിലൂടെ പൂന്തോട്ടവും ഒരു വെള്ളച്ചാട്ടവും സന്ദര്‍ശിച്ചാണ് ടൂര്‍ അവസാനിപ്പിച്ചത്. വര്‍ഷംതോറും ഇത്തരത്തിലുള്ള ടൂര്‍ സംഘടിപ്പിക്കണമെന്ന ഏകകണ്ഠമായ നിര്‍ദേശവും അടുത്ത കൊല്ലം ഇന്‍ശാ അല്ലാഹ്, റുക്‌നുകളായി കൊണ്ടാണ് ടൂറില്‍ പങ്കെടുക്കുക എന്ന പലരുടെയും പ്രഖ്യാപനത്തോടെയും നടന്ന അവലോകനവും ഉദ്‌ബോധനവും. വൈകുന്നേരത്തോടെ നാട്ടില്‍ തിരിച്ചെത്തി. പ്രസ്ഥാന പ്രവര്‍ത്തകര്‍ കുടുംബ സമേതം നടത്തുന്ന ഇത്തരം യാത്രകള്‍ പലനിലക്കും നമ്മുടെ ജീവിതത്തിന് മുതല്‍ കൂട്ടായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (48-54)
ടി.കെ ഉബൈദ്‌