Prabodhanm Weekly

Pages

Search

2020 ജൂണ്‍ 12

3155

1441 ശവ്വാല്‍ 20

ഇസ്‌ലാമിക നാഗരികതയുടെ പുനര്‍നിര്‍മിതി: മാലിക് ബിന്നബിയുടെ കര്‍മപദ്ധതി

പി.എ അനസ് 

നവലോകക്രമത്തില്‍ ഇസ്‌ലാമിക നാഗരികതയുടെ പുനര്‍നിര്‍മിതി ആധുനിക മുസ്‌ലിം സമൂഹത്തിന്റെ ബലതന്ത്രങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇസ്‌ലാം വിഭാവന ചെയ്യുന്ന സാമൂഹിക പരിവര്‍ത്തന ശേഷിയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ വിശ്വാസി സമൂഹത്തിന് കഴിയേണ്ടതുണ്ട്. ഇതിന് മുസ്‌ലിം സമൂഹത്തെ പ്രാപ്തമാക്കാന്‍ സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങള്‍ (തൗജീഹത്ത്) നല്‍കുന്നു് അള്‍ജീരിയന്‍ ചിന്തകനായ മാലിക് ബിന്നബി (1903-1973). 'സാമൂഹിക വിദ്യാഭ്യാസ പദ്ധതി' (Social Educational Project)  എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. സമൂഹത്തിന്റെ ചിന്ത, പ്രവര്‍ത്തനം, സമ്പത്ത് എന്നിവയുടെ വിനിയോഗത്തിലെ കാര്യക്ഷമത ഉറപ്പ് വരുത്തുക എന്നതാണ് ഇതുകൊണ്ടുള്ള ലക്ഷ്യം. സംസ്‌കാരം, അധ്വാനം, മൂലധനം എന്നീ മൂന്ന് മേഖലകളെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന രീതിയില്‍ നാഗരികതയെ പുനര്‍നിര്‍മിക്കാനുതകുന്ന മാര്‍ഗനിര്‍ദേശക തത്ത്വങ്ങളാണ് അവയിലടങ്ങിയിരിക്കുന്നത്.

1) സംസ്‌കാരത്തിന്റെ രൂപീകരണ തത്ത്വം
ഒരു നാഗരികത(ഹദാറ)യുടെ പ്രധാന ഭാഗമാണ് അതിന്റെ സംസ്‌കാരം (സഖാഫത്ത്). സമൂഹത്തിലെ വ്യക്തികള്‍, ആശയങ്ങള്‍, വസ്തുക്കള്‍ എന്നിവ തമ്മിലുള്ള ബന്ധങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നിടത്ത് സംസ്‌കാരം പ്രധാന പങ്ക് വഹിക്കുന്നു. സമൂഹത്തിലെ ഓരോ അംഗത്തിന്റെയും വ്യക്തിത്വം രൂപപ്പെടുത്തുന്ന അവസ്ഥയാണ് സംസ്‌കാരമെന്ന് ബിന്നബി നിര്‍വചിക്കുന്നുണ്ട്. കേവല മനുഷ്യനെ (Man), വ്യക്തി (Person), ആക്കി മാറ്റുകയാണ് സംസ്‌കാരം. ഭൂമിയിലെ ദൈവ പ്രാതിനിധ്യം (ഖിലാഫത്ത്) നല്‍കപ്പെടാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രക്രിയ എന്ന് ഖുര്‍ആനിക പരിപ്രേക്ഷ്യത്തില്‍ ഇത് വായിക്കാം. രക്തച്ചൊരിച്ചിലുകള്‍ക്കും പകപോക്കലുകള്‍ക്കും വഴിവെക്കില്ലേ ഈ പു തുസൃഷ്ടി എന്ന ആശങ്ക മനുഷ്യസൃഷ്ടിപ്പിന്റെ തുടക്കത്തില്‍ മാലാഖമാര്‍ പങ്കുവെക്കുന്നുണ്ട്. വിവേചനബോധം ഉള്‍ക്കൊള്ളുന്ന മനുഷ്യന്റെ സര്‍ഗാത്മക തലങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് അല്ലാഹു അതിന് മറുപടി നല്‍കിയത് (ഖുര്‍ആന്‍ 2: 30-33).
ഈ അടിസ്ഥാനത്തില്‍ ധാര്‍മികവും സൗന്ദര്യശാസ്ത്രപരവുമായ മൂല്യങ്ങളുടെയും പരിണാമങ്ങളുടെയും വ്യവസ്ഥയാണ് സംസ്‌കാരം. ഒരു സവിശേഷ സംസ്‌കാരം ആര്‍ജിച്ച വിഭാഗം അവരുടേതായ പ്രത്യേക ശീലങ്ങളും രൂപങ്ങളും വര്‍ണങ്ങളും സ്വീകരിക്കുന്നതായി കാണാം. സമൂഹനിര്‍മാണത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഈ സാംസ്‌കാരിക ഘടകങ്ങള്‍ അതിന്റെ സത്തയില്‍ ഉള്‍ച്ചേര്‍ന്നിരിക്കും. കാലക്രമേണ അതിന്റെ യഥാര്‍ഥ സൗന്ദര്യവും ആത്മാവും നഷ്ടപ്പെട്ട് പുറംപൂച്ചായി മാറുന്നു. മുസ്‌ലിം സമൂഹത്തെ സവിശേഷമായി പരിഗണിച്ചാല്‍, അവരുടെ അറബി മാനങ്ങള്‍, വേഷവിധാനങ്ങള്‍, ഭക്ഷണ രീതികള്‍ തുടങ്ങിയവയോട് ആധുനിക സമൂഹം എങ്ങനെ സമീപിക്കുന്നു എന്ന് ഇതില്‍നിന്ന് വ്യക്തമാവും.
സാമൂഹിക ഉന്നമനത്തിന് അനുയോജ്യമായ സാംസ്‌കാരിക പരിസരം രൂപപ്പെടുത്തിയെടുക്കുകയെന്നത് അനിവാര്യമാണ്. സദാചാരസംഹിത, സൗന്ദര്യബോധം, പ്രായോഗിക യുക്തി, സാങ്കേതിക വൈദഗ്ധ്യം എന്നീ നാല് മേഖലകളെ ഉള്‍ക്കൊള്ളുന്ന ഒരു കര്‍മ പദ്ധതിയാണ് ഇതിനായി ബിന്നബി മുന്നോട്ടു വെക്കുന്നത്. അവയെ ഇങ്ങനെ സംഗ്രഹിക്കാം:
1) സദാചാരമൂല്യങ്ങളില്‍ അധിഷ്ഠിതമായ സാമൂഹിക ബന്ധം.
2) സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൗന്ദര്യബോധം.
3) പൊതു പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിക്കുന്ന പ്രായോഗിക കാഴ്ചപ്പാട്.
4) ഓരോ വ്യക്തിക്കും ഇണങ്ങുന്ന മെച്ചപ്പെട്ട ജീവനോപാധികള്‍.
ഇവയോരോന്നും വിശദമായി പരിശോധിക്കാം.

എ) സദാചാര സംഹിത (Ethical Constitution)
ധാര്‍മികതയിലൂന്നിയ സദാചാര മൂല്യങ്ങളാണ് സാംസ്‌കാരിക നിര്‍മിതിയുടെ ഒരു പ്രധാന ഘടകം. സദാചാരത്തിന്റെ താത്ത്വിക അവലോകനങ്ങളേക്കാള്‍ പ്രായോഗിക രീതികള്‍ക്കാണ് ബിന്നബി ഊന്നല്‍ നല്‍കുന്നത്. സദാചാരബോധം വ്യക്തികളുടെ ആത്മാവിനെ തൊട്ടുണര്‍ത്തുമ്പോള്‍ തങ്ങളുടെ പോരായ്മകള്‍ തിരുത്തി മുന്നോട്ടു പോകാന്‍ സമൂഹത്തെ അത് പ്രാപ്തമാക്കും. ഇസ്‌ലാമിക സമൂഹത്തില്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും സദാചാരസംഹിതയുടെ അടിസ്ഥാന പ്രമാണങ്ങളാണ്. അപരിഷ്‌കൃതരായ അറേബ്യന്‍ സമൂഹത്തെ എപ്രകാരമാണ് സംസ്‌കാരസമ്പന്നരാക്കിയതെന്ന് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: ''നിരക്ഷരര്‍ക്കിടയില്‍ അവരില്‍നിന്നുതന്നെ ദൂതനെ നിയോഗിച്ചവന്‍ അവനാണ്. അദ്ദേഹം അവര്‍ക്ക് അല്ലാഹുവിന്റെ വചനങ്ങള്‍ പാരായണം ചെയ്തുകൊടുക്കുകയും അങ്ങനെ അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദവും തത്ത്വജ്ഞാനവും അഭ്യസിപ്പിക്കുകയും ചെയ്യുന്നു'' (62: 02). ഇവിടെ പ്രവാചക ദൗത്യത്തില്‍ വേദവചനം എത്തിച്ചുകൊടുക്കുന്ന പ്രക്രിയയെ 'തിലാവത്ത്' (യത്ത്‌ലൂ) എന്നാണ് ഖുര്‍ആന്‍ പ്രയോഗിച്ചത്. കേവല ഓതിക്കൊടുക്കലുകള്‍ക്കപ്പുറം വിശാലമായ അര്‍ഥതലങ്ങളു് തിലാവത്തിന്. 'അനുധാവനം ചെയ്യുക,' 'പ്രായോഗിക തലത്തില്‍ പിന്തുടരുക' എന്നീ ആശയങ്ങള്‍ അതുള്‍ക്കൊള്ളുന്നു. ദൈവിക വചനങ്ങളെ പിന്തുടരാനും അനുസരിക്കാനും സമൂഹത്തെ പരിശീലിപ്പിക്കുമ്പോള്‍ അവര്‍ സംസ്‌കാരസമ്പന്നരായി മാറുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ ഈ തിലാവത്തിന്റെ ഒരുപാട് ഉദാഹരണങ്ങള്‍ കാണാം. 'വ്യഭിചാരത്തോട് അടുത്ത് പോകരുത്' (ഖുര്‍ആന്‍ 17:32) എന്ന വചനമാണ് മാഇസി(റ)നെ കുറ്റം ഏറ്റു പറഞ്ഞ് ശിക്ഷ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.
നിയമം സാമൂഹിക സൃഷ്ടി എന്നതിനപ്പുറം ദൈവപ്രോക്തമാവുമ്പോള്‍ കൂടുതല്‍ വിശാലമാകും. സാഹചര്യങ്ങളുടെയും പൊതുബോധങ്ങളുടെയും സൃഷ്ടിയാണ് നിയമമെന്ന് ഒരു വാദമുണ്ട്. ജാഹിലിയ്യാ സമൂഹത്തില്‍ പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചുമൂടുന്ന രീതി ഇതിനുദാഹരണമാണ്. ഇസ്‌ലാം ഈ വിഷയം കൈകാര്യം ചെയ്യുന്ന രീതി വളരെ ശ്രദ്ധേയമാണ്. പെണ്‍കുട്ടികളെ കുഴിച്ചുമൂടിയിരുന്ന സമൂഹത്തോട് 'പട്ടിണി പേടിച്ച് നിങ്ങള്‍ കുട്ടികളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും അന്നമേകുന്നത് നാമാണ്' (ഖുര്‍ആന്‍ 17: 31) എന്ന ദൈവവചനം അതിന്റെ ഭൗതിക സാഹചര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്തു. കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടി ആ പാപികള്‍ക്കെതിരെ സംസാരിക്കുമെന്ന ഓര്‍മപ്പെടുത്തല്‍ (ഖുര്‍ആന്‍ 81: 8,9) ആ സമൂഹ മനസ്സാക്ഷിയെ നേരിട്ട് അഭിസംബോധന ചെയ്യുന്നു. സദാചാര ബോധങ്ങളും നിയമ സംഹിതയും ദൈവികമാകേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്.

ബി) സൗന്ദര്യ ബോധം (Aesthetic Sense)
സംസ്‌കാരങ്ങളുടെ രൂപീകരണ തത്ത്വത്തില്‍ സമൂഹത്തിന്റെ മൂല്യബോധത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നതാണ് അവരുടെ സൗന്ദര്യബോധം. ഈ സൗന്ദര്യബോധം തങ്ങളുടെ ചുറ്റുപാടുകളോട് സര്‍ഗാത്മകമായി പ്രതികരിക്കാന്‍ സമൂഹത്തെ പ്രാപ്തരാക്കും. അത് സംഘടിത ജീവിതത്തെ ചലനാത്മകമാക്കും. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനും അവയോട് ക്രിയാത്മകമായി പ്രതികരിക്കാനും അവസരമൊരുക്കും. വര്‍ണമോ ഭാഷയോ വേഷമോ വേര്‍തിരിവുകള്‍ സൃഷ്ടിക്കാത്ത ഒരു സമൂഹരൂപീകരണത്തിന് അത് കാരണമാകും. 'പ്രാകൃത' സമൂഹത്തിന്റെ പ്രതിനിധിയായ കറുത്ത ബിലാലിനെയും 'നാഗരിക' സമൂഹത്തിന്റെ പ്രതിനിധിയായ വെളുത്ത സല്‍മാനുല്‍ ഫാരിസിയെയും ഒരു മാലയിലെ മുത്തുമണി പോലെ കോര്‍ത്തെടുക്കാന്‍ ഈ ബോധത്തിനായി. 'അല്ലാഹുവിന്റെ വര്‍ണം ഉള്‍ക്കൊള്ളുക' (2: 138) എന്ന ഖുര്‍ആനിക ആഹ്വാനം പ്രപഞ്ചത്തിലെ മുഴുവന്‍ വര്‍ണവും ഉള്‍ക്കൊള്ളാന്‍ ആ സമൂഹത്തെ പ്രാപ്തരാക്കി.
ഇസ്‌ലാം വിഭാവന ചെയ്യുന്ന 'ഇഹ്‌സാന്‍' (കര്‍മങ്ങളുടെ തികവ്) എന്ന ആശയം മതം മുന്നോട്ടു വെക്കുന്ന സൗന്ദര്യബോധത്തിന്റെ മൂര്‍ത്തഭാവമാണ്. ആരാധനാവേളയില്‍ പോലും അലങ്കാരങ്ങള്‍ സ്വീകരിക്കണമെന്ന് കല്‍പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ അത് വിലക്കുന്നവരെ കൃത്യമായി നിരൂപണം ചെയ്യുന്നുണ്ട്. വൃത്തികേടുകളെയും മ്ലേഛതകളെയുമാണ് അല്ലാഹു വിലക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കിത്തരുന്നുമു് (ഖുര്‍ആന്‍ 7:31-33). ഈ സൗന്ദര്യബോധം ഉള്‍ക്കൊണ്ട അല്‍ ഫാറാബിയും ഇബ്‌നുസീനയും അബൂതമാമും ഇബ്‌നുല്‍ അറബിയുമെല്ലാം അടങ്ങുന്ന ആ തലമുറയാണ് മുസ്‌ലിം നാഗരികതയുടെ സുവര്‍ണകാലം സൃഷ്ടിച്ചത്. സാഹിത്യം, കല, വാസ്തുവിദ്യ തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ അവര്‍ തങ്ങളുടേതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചു.

സി) പ്രായോഗിക യുക്തി (Practical Logic)
വിഷയങ്ങളെ വസ്തുനിഷ്ഠമായി സമീപിക്കാനുള്ള കഴിവാണ് പ്രായോഗിക യുക്തി. സംഘടിത ജീവിതത്തില്‍ വൈയക്തികവും സാമൂഹികവുമായ വ്യത്യസ്ത പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ഇവയെ ക്രിയാത്മകമായി നിര്‍ധാരണം ചെയ്യാനുള്ള ശേഷി ആര്‍ജിക്കുക എന്നത് ഒരു സമൂഹത്തിന്റെ മുന്നോട്ടു പോക്കിന് അനിവാര്യമാണ്. ഇസ്‌ലാമിക സംജ്ഞയില്‍ ഇതിനെ 'ഹിക്മത്ത്' എന്നാണ് വിളിക്കുക. ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹു അവനിഛിക്കുന്നവര്‍ക്ക് യുക്തിജ്ഞാനം നല്‍കുന്നു. അത്തരം അറിവ് നല്‍കപ്പെട്ടവന് കണക്കില്ലാത്ത നേട്ടമാണ് കിട്ടുന്നത്'' (ഖുര്‍ആന്‍ 2: 269).
ധിഷണാ മണ്ഡലത്തിലെ മരവിപ്പ് സമൂഹത്തിന്റെ ജൈവിക ഘടനയെ നിശ്ചലമാക്കും. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ വളര്‍ച്ചാ ഗതി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. മുസ്‌ലിം നാഗരികത അതിന്റെ ഉത്തുംഗതയിലേക്ക് പ്രവേശിക്കുന്ന കാലത്ത് മഹാന്മാരായ ഇമാമുമാര്‍ മനുഷ്യജീവിതത്തിലെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ശ്രമിച്ചത്. എന്നാല്‍ അതിന്റെ തകര്‍ച്ചയുടെയും അധഃപതനത്തിന്റെയും ഘട്ടത്തില്‍ മുസ്‌ലിം നിയമജ്ഞര്‍ക്കിടയില്‍ സാങ്കല്‍പിക പ്രശ്‌നങ്ങളെ പറ്റിയാണ് അധിക ചര്‍ച്ചകളും നടന്നത്. അന്ധമായ അനുകരണഭ്രമത്താല്‍ (തഖ്‌ലീദ്) ബൗദ്ധിക യജ്ഞങ്ങളെ (ഇജ്തിഹാദ്) അവര്‍ ഉപേക്ഷിച്ചു. ചിന്തയും കര്‍മവും തമ്മിലുള്ള വേര്‍പിരിയല്‍ പരസ്പരബന്ധമില്ലാത്ത പ്രവൃത്തിയില്‍ അവരെക്കൊെത്തിച്ചു. ഇത് സമൂഹത്തിന്റെ പിന്നോട്ടുപോക്കിന് കാരണമായി.

ഡി) സാങ്കേതിക വൈദഗ്ധ്യം (Techniques and Skills)
ആശയങ്ങള്‍ രൂപീകരിക്കുന്നതോടൊപ്പം അതിന്റെ പൂര്‍ത്തീകരണത്തിനു വേണ്ട സംവിധാനങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ശേഷി ഒരു സമൂഹം ആര്‍ജിക്കേണ്ടതുണ്ട്. ശാസ്ത്ര-സാങ്കേതിക വൈദഗ്ധ്യം നാഗരികതയുടെ അടിസ്ഥാന ഘടകങ്ങളായ വ്യക്തികള്‍, ആശയങ്ങള്‍, വസ്തുക്കള്‍ എന്നിവ തമ്മിലുള്ള പാരസ്പര്യത്തെ ഊട്ടിയുറപ്പിക്കുന്നു. ഇസ്‌ലാമിലെ 'ജിഹാദ്' എന്ന ആശയത്തെ ഇതിലേക്ക് ചേര്‍ത്തു വായിക്കാവുന്നതാണ്. ഭൗതിക സാഹചര്യങ്ങളെ ഇസ്‌ലാമിക സമൂഹത്തിന് അനുകൂലമാക്കി മാറ്റാനുള്ള മുഴുവന്‍ പരിശ്രമങ്ങളെയും ജിഹാദിന്റെ വിശാലഭൂമിക ഉള്‍ക്കൊള്ളും. പുതിയ സാധ്യതകളുടെ വാതിലുകള്‍ ഇതിലൂടെ തുറക്കുന്നു. പൊതു ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ വരച്ചുകാട്ടുകയും ചെയ്യുന്നു.
നമ്മുടെ പൂര്‍വസൂരികള്‍ ആശയങ്ങള്‍ മറ്റുള്ളവരില്‍നിന്ന് സ്വീകരിക്കുന്നതില്‍ യാതൊരു വിമുഖതയും കാട്ടിയിരുന്നില്ല. അന്ധമായ കടം കൊള്ളലുകള്‍ക്കപ്പുറം തങ്ങളുടേതായ ആവിഷ്‌കാരങ്ങള്‍ അതില്‍ കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചു. മദീനാ കാലഘട്ടത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പ്രവാചകന്‍ ബാങ്കു വിളി സമ്പ്രദായം ആവിഷ്‌കരിച്ചത് അതിനൊരു ഉത്തമോദാഹരണമാണ്. മറ്റു മതങ്ങളെ പോലെ പ്രാര്‍ഥനക്ക് ആളുകളെ ഉണര്‍ത്താന്‍ ഒരു സംവിധാനം വേണമെന്ന ആശയം അദ്ദേഹം സ്വീകരിച്ചു. പ്രായോഗിക തലത്തില്‍ പുതിയൊരാവിഷ്‌കാരമാണ് പ്രവാചകന്‍ കൊണ്ടുവന്നത്. വാദ്യഘോഷങ്ങള്‍ക്കും പള്ളിമണികള്‍ക്കും പകരം മനുഷ്യശബ്ദം ഉപയോഗിക്കാം എന്ന മൗലിക മാര്‍ഗം അദ്ദേഹം സ്വീകരിച്ചു.
സച്ചരിതരായ ഖലീഫമാരും തുടര്‍ന്നു വന്ന ഭരണാധികാരികളുമെല്ലാം ഭൗതിക ചുറ്റുപാടുകളും ഭരണ സംവിധാനങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കുന്ന സാങ്കേതിക പരിജ്ഞാനം ആര്‍ജിക്കാന്‍ ജാഗ്രത പുലര്‍ത്തിപ്പോന്നു. ബൃഹത്തായ ശാസ്ത്ര-സാങ്കേതിക വിദ്യകളടങ്ങുന്ന സംവിധാനം ലോകത്തിനവര്‍ സമര്‍പ്പിച്ചു. നിലനില്‍പ്പിനും പുരോഗതിക്കും വേണ്ടി സര്‍വസജ്ജീകരണവുമൊരുക്കുക (8: 60) എന്ന ഖുര്‍ആനികാഹ്വാനം ശിരസ്സാ വഹിക്കുകയായിരുന്നു അവര്‍.
നീണ്ട കൊളോണിയല്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആധുനിക മുസ്‌ലിം സമൂഹം ഈ മേഖലയില്‍ വളരെ പിന്നോട്ടു പോയി. മാനുഷിക വിഭവങ്ങളാലും അസംസ്‌കൃത വസ്തുക്കളാലും സമ്പന്നമായ മൂന്നാം ലോക രാഷ്ട്രങ്ങള്‍ സാമ്രാജ്യത്വശക്തികളുടെ വിപണനകേന്ദ്രം മാത്രമായി ചുരുങ്ങി. ആശയങ്ങളുടെയും ശാസ്ത്ര-സാങ്കേതിക വിദ്യകളുടെയും കൈമാറ്റത്തെയും കടം കൊള്ളലുകളെയും ബിന്നബി ഒരിക്കലും തിരസ്‌കരിക്കുന്നില്ല. എന്ത് കടം കൊണ്ടാലും അത് നമ്മുടെ സാംസ്‌കാരിക പരിസരത്തിനും സാമൂഹികാടിത്തറകള്‍ക്കും അനുയോജ്യമായ തരത്തില്‍ പാകപ്പെടുത്താനാവശ്യമായ ശേഷി നാം ആര്‍ജിക്കണമെന്നാണ് അദ്ദേഹം വാദിക്കുന്നത്.

2) അധ്വാന മേഖലയുടെ പുനരുദ്ധാരണ തത്ത്വം
മാനുഷിക വിഭവങ്ങളെ ഉന്നമനത്തിന് ഉതകുംവിധത്തില്‍ കാര്യക്ഷമമായി വിനിയോഗിക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യന്‍, മണ്ണ്, സമയം എന്നിവയുടെ കൃത്യമായ സംയോജനത്താല്‍ അധ്വാന മേഖലയിലെ ക്രിയാത്മകത ഉറപ്പു വരുത്താനാകും. വ്യക്തികളുടെ ആന്തരിക സ്വത്വത്തിലും ഭൗതിക കാഴ്ചപ്പാടുകളിലും ഒരുപോലെ മാറ്റം വരുത്തുമ്പോഴാണ് ഇത് സാധ്യമാവുക. പ്രവാചകന്‍ തന്റെ അനുയായികളില്‍ ഉണ്ടാക്കിയെടുത്ത മാറ്റം മാനസികം മാത്രമായിരുന്നില്ല. അധ്വാനശേഷിയെ പ്രോത്സാഹിപ്പിച്ച് അവരുടെ ശാരീരിക ക്ഷമത ഉറപ്പു വരുത്തി. രാത്രികളില്‍ പ്രാര്‍ഥനകളില്‍ മുഴുകുന്ന സാധുക്കളും പകലുകളില്‍ ആര്‍ജവത്തോടെ മുന്നേറുന്ന പടയാളികളുമായി അവര്‍ മാറി.
അധ്വാനത്തിന്റെ മഹത്വത്തെക്കുറിക്കുന്ന ധാരാളം വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍നിന്നും തിരുസുന്നത്തില്‍നിന്നും നമുക്ക് വായിച്ചെടുക്കാം. നിത്യവൃത്തിക്കായി യാചിച്ചു വന്ന തന്റെ അനുയായിക്ക് വിറകു വെട്ടി വിറ്റ് ജീവിതമാര്‍ഗം കണ്ടെത്താനുള്ള സംവിധാനമാണ് പ്രവാചകന്‍ ഒരുക്കിയത്. അധ്വാനത്തിനുള്ള അവസരങ്ങള്‍ കൂടി സൃഷ്ടിക്കുക എന്നത് സമൂഹ നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഇത് സൂചിപ്പിക്കുന്നു. വ്യക്തികള്‍ സ്വയംപര്യാപ്തരാകുമ്പോള്‍ സാമൂഹിക ഉന്നമനം സാധ്യമാകും. നിരാശയും അലസതയും വെടിഞ്ഞ് കര്‍മമണ്ഡലങ്ങളില്‍ കൂടുതല്‍ സജീവമാകാനാണ് വ്യക്തികളോട് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. 'നീ ഒരു പ്രവൃത്തിയില്‍നിന്ന് വിരമിച്ചാല്‍ മറ്റൊന്നില്‍ വ്യാപൃതനാവുക. നിന്റെ നാഥനില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുക' എന്ന് ഖുര്‍ആന്‍ (94: 7,8) ഉണര്‍ത്തുന്നുണ്ട്.
സ്വന്തം ശേഷികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് ബിന്നബി യുവാക്കളെ ആഹ്വാനം ചെയ്യുന്നത്. ധൂര്‍ത്തും സ്വജനപക്ഷപാതിത്വവും കൈമുതലായ ഭരണാധികാരികള്‍ തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് യുവജനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. വിദ്യാസമ്പന്നര്‍ തൊഴിലിനായി താന്തോന്നികളായ ഭരണാധികാരികള്‍ക്കു മുന്നില്‍ കാത്തു നില്‍ക്കുന്നത് വേട്ടനായ്ക്കള്‍ യജമാനനു മുന്നില്‍ അന്നത്തിനു വേണ്ടി വിധേയപ്പെടുന്നതിന് തുല്യമാണ്. തൊഴിലില്ലായ്മ രൂക്ഷമായി മാറിയ ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ വളരെ ശ്രദ്ധേയമാണ്.

3) മൂലധന വിനിയോഗ തത്ത്വം
തൊഴിലും മൂലധനവും പരസ്പരപൂരകങ്ങളാണ്. ഒരു സമൂഹത്തിന്റെ ഉല്‍പാദന ക്ഷമത ഉറപ്പ് വരുത്തുന്ന ഘടകങ്ങളാണിവ. സമ്പത്ത് (Wealth)  മൂലധനം (Capital) ആകുമ്പോഴാണ് സമൂഹം സാമ്പത്തിക ഭദ്രത കൈവരിക്കുന്നത്. പണം ക്രിയാത്മകമായി വിപണിയിലിറങ്ങുമ്പോള്‍ അത് മൂലധനമായി മാറുന്നു. സമ്പന്നരില്‍ മാത്രം അത് കറങ്ങാതെ സമൂഹത്തിലെ താഴേ തട്ടിലേക്കു കൂടിയിറങ്ങണം എന്നാണ് ഖുര്‍ആനിക ശാസനം (59: 7). ഇസ്‌ലാമിന്റെ മൂലധനതത്ത്വങ്ങളെ കൂടി അതുള്‍ക്കൊള്ളുന്നു്. ധനം കെട്ടിപ്പൂട്ടി വെക്കുന്ന പ്രവണതയെ ശക്തമായ ഭാഷയില്‍ ഖുര്‍ആന്‍ വിമര്‍ശിക്കുന്നത് ഇതിനോട് ചേര്‍ത്തു വായിക്കാം (104: 2).
വ്യാവസായിക വിപ്ലവാനന്തരം മൂലധനത്തെ സംബന്ധിച്ച ചര്‍ച്ച യൂറോപ്പില്‍ സജീവമായി. ഈ സംവാദങ്ങളാണ് മുതലാളിത്തം, കമ്യൂണിസം എന്നീ ചിന്താധാരകള്‍ക്ക് പ്രധാനമായും വഴിതെളിച്ചത്. മൂലധന ശക്തികളുടെ ശബ്ദമായി മുതലാളിത്തവും തൊഴിലാളിവര്‍ഗ ശക്തിയായി കമ്യൂണിസവും ഉയര്‍ന്നുവന്നു, ലോകത്തെ രണ്ടു ചേരികളായി തിരിച്ച് വലിയ മത്സരങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും ഇടവരുത്തി. 'അല്‍ മുസ്‌ലിമു ഫി ആലമില്‍ ഇഖ്തിസ്വാദ്' (സാമ്പത്തിക ലോകത്തെ മുസ്‌ലിം), 'ഫിക്‌റത്ത് കോമണ്‍വെല്‍ത്ത് ഇസ്‌ലാമിയ' (ഇസ്‌ലാമിക കോമണ്‍വെല്‍ത്ത് ചിന്തകള്‍) തുടങ്ങിയ നിരവധി കൃതികളില്‍ ബിന്നബി ഈ രണ്ടു ചിന്താധാരകളെയും കൃത്യമായി നിരൂപണവിധേയമാക്കുന്നുണ്ട്. പക്ഷപാതിത്വങ്ങളില്ലാതെ നീതിയുക്തവും മൂല്യാധിഷ്ഠിതവുമായ ഒരു സാമ്പത്തിക ക്രമമാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നതെന്ന് അദ്ദേഹം സമര്‍ഥിച്ചു.
പ്രകൃതിവിഭവങ്ങളുടെ അപര്യാപ്തതയോ സമ്പത്തിന്റെ കുറവോ അല്ല മൂന്നാം ലോക രാഷ്ട്രങ്ങളുടെയും മുസ്‌ലിം ജനതയുടെയും പിന്നാക്കാവസ്ഥക്ക് കാരണം. സമ്പത്ത് വിനിയോഗിക്കുന്നിടത്തുള്ള അസന്തുലിതത്വവും ദീര്‍ഘവീക്ഷണമില്ലായ്മയുമാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. സമ്പന്ന രാജ്യങ്ങളും പട്ടിണി കൊ് പൊറുതിമുട്ടുന്ന രാജ്യങ്ങളും ഒരുപോലെ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുന്നുന്നെ് ബിന്നബി ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തിക വൃത്തിയെ മൊത്തമായി ബാധിച്ചിരിക്കുന്ന നിശ്ചലാവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. ദാരിദ്ര്യമല്ല മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നം. ആകാശവും ഭൂമിയും കനിയാതിരുന്നിട്ടില്ല. പക്ഷേ, കൈമുതലായ സമ്പത്ത് വിനിയോഗിക്കുന്നിടത്ത് സമൂഹത്തിന് വീഴ്ച പറ്റി. മുസ്‌ലിം ഭരണാധികാരികളുടെ ധൂര്‍ത്തും കെടുകാര്യസ്ഥതയും പാശ്ചാത്യ വിധേയത്വവും ബിന്നബി ശക്തമായ ഭാഷയില്‍ വിമര്‍ശനവിധേയമാക്കുന്നുണ്ട്.
സ്വന്തം ശക്തിയും വിഭവങ്ങളും ഫലപ്രദമായി ഉപയോഗിക്കാത്ത ജനത അന്യര്‍ക്ക് വിധേയരാവുക എന്നത് സ്വാഭാവിക പ്രതിഭാസമാണ്. കീഴ്‌പ്പെടുത്തപ്പെട്ട ജനതയും കോളനിവത്കരിക്കപ്പെട്ട ജനതയും ചരിത്രത്തില്‍ രണ്ടും രണ്ടാണ്. അയര്‍ലന്റിനെയും അമേരിക്കയെയും ഒരുകാലത്ത് ബ്രിട്ടന്‍ കീഴടക്കി ഭരിച്ചിരുന്നുവെങ്കിലും പിന്നീടുള്ള ചരിത്രത്തില്‍ അവ രണ്ടും ശക്തമായ തിരിച്ചുവരവ് നടത്തി വന്‍ശക്തികളായി മാറി. എന്നാല്‍ അധിക അറബ് രാഷ്ട്രങ്ങളും ഇന്ത്യ ഉള്‍ക്കൊള്ളുന്ന മറ്റു പല മൂന്നാം ലോക രാജ്യങ്ങളും സ്വതന്ത്ര റിപ്പബ്ലിക്കുകളായി രൂപപ്പെട്ടുവെങ്കിലും കൊളോണിയലിസത്തിന്റെ ദുര്‍ഭൂതങ്ങള്‍ അവയെ ഇപ്പോഴും വേട്ടയാടുന്നുണ്ട്.
നാഗരികതയുടെ പുനര്‍നിര്‍മാണം അനായാസം നടക്കുന്ന പ്രക്രിയയല്ല. സാമൂഹിക പരിവര്‍ത്തന ശേഷി ഫലപ്രദമായി ഉപയോഗിക്കുമ്പോഴാണ് അത് സാധ്യമാവുക. പോരായ്മകള്‍ കണ്ടറിയുകയും വീഴ്ചയില്‍നിന്ന് പാഠങ്ങളുള്‍ക്കൊള്ളുകയും ചെയ്യുക എന്നതാണ് അതിനു വേണ്ടത്. 'മുന്‍ തലമുറയെ വഴി കാണിച്ച അതേ കാര്യങ്ങളല്ലാതെ മറ്റൊന്നും ഈ സമൂഹത്തിന്റെ വരും തലമുറയെയും വഴികാട്ടുകയില്ല' എന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്.
ചരിത്രത്തിന്റെ ഗതിവിഗതികളില്‍ ഉയര്‍ച്ചതാഴ്ചകള്‍ സ്വാഭാവികമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ക്കിപ്പോള്‍ ക്ഷതം പറ്റിയിട്ടുണ്ടെങ്കില്‍ അതുപോലെ മുമ്പ് നിങ്ങളുടെ എതിര്‍പക്ഷത്തിനും ക്ഷതമേറ്റിട്ടുണ്ട്. വിജയപരാജയ ദിനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ മാറിമാറി വന്നുകൊണ്ടിരിക്കും. അല്ലാഹുവിന് സത്യവിശ്വാസികളെ വേര്‍തിരിച്ചെടുക്കാനാണത്. നിങ്ങളില്‍നിന്ന് രക്തസാക്ഷികളെ സൃഷ്ടിക്കാനുമാണത്'' (3: 140). പരാജയങ്ങളില്‍ പതറാതെ മുന്നോട്ടു പോകാനാണ് വിശുദ്ധ ഖുര്‍ആന്റെ ആഹ്വാനം. ആ ദൈവിക വചനങ്ങള്‍ മുറുകെ പിടിച്ച് മുന്നോട്ടു പോകാന്‍ വിശ്വാസിസമൂഹം തയാറായാല്‍ അവര്‍ക്ക് മുന്നില്‍ ശോഭനമായ ഭാവിയുണ്ടെന്ന് ബിന്നബി സമര്‍ഥിക്കുന്നു. 

('ഇസ്‌ലാമിക സാമൂഹിക ശാസ്ത്രത്തിന് മാലിക് ബിന്നബിയുടെ സംഭാവനകള്‍' എന്ന വിഷയത്തില്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ ലേഖകന്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധത്തില്‍നിന്നുള്ള ഭാഗങ്ങളാണ് ഈ ലക്കത്തിലും കഴിഞ്ഞ ലക്കത്തിലും പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (48-54)
ടി.കെ ഉബൈദ്‌