Prabodhanm Weekly

Pages

Search

2020 ജൂണ്‍ 12

3155

1441 ശവ്വാല്‍ 20

കറുത്തവന്റെ ജീവിതം പ്രധാനമാണ്

ഡോ. താജ് ആലുവ

ജോര്‍ജ് ഫ്‌ളോയിഡിന്റെ അതിനീചമായ കൊലപാതകം അമേരിക്കയില്‍ 'കറുത്തവന്റെ ജീവിതം പ്രധാനമാണ്' (Black life matters) എന്ന മുദ്രാവാക്യത്തിന് വഴിതെളിക്കുമ്പോള്‍, ലോകമെങ്ങും അത് മര്‍ദിതന്റെ ജീവിക്കാനുള്ള അവകാശസമരത്തിന് മൂര്‍ച്ച കൂട്ടുന്നുണ്ട്. ഒരുവശത്ത് ഒന്നാം ലോകം ഇതുവരെ അവര്‍ക്ക് പരിചയമില്ലാത്ത ആരോഗ്യ പ്രതിസന്ധിക്ക് മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍, മറുവശത്ത് അവരിലെ അധികാരിവര്‍ഗം ഉയര്‍ത്തിവിട്ട വംശീയ ദുര്‍ഭൂതം അവരെത്തന്നെ തിരിഞ്ഞുകൊത്തുന്ന കാഴ്ചയാണ് കാണാനാകുന്നത്. ദേശ-ഭാഷാ-വര്‍ണ-വര്‍ഗ ഭേദമന്യേ മനുഷ്യസമത്വത്തിനും സാമൂഹികനീതിക്കും വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ മുന്നോട്ടുപോയ 'വികസിത' സമൂഹങ്ങള്‍ക്കിപ്പോഴും തിരിച്ചറിവുകളുണ്ടായിട്ടില്ലെങ്കില്‍, അതവരുടെ നാശത്തിന് തന്നെ കാരണമാകുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. 
മുഴുലോകത്തെയും ഇപ്പോഴും വേട്ടയാടുന്ന ഈ പ്രതിസന്ധിയെ മുന്നില്‍ നിര്‍ത്തി, ഇസ്‌ലാം മുന്നോട്ടുവെക്കുന്ന  സമത്വം, സാമൂഹിക നീതി, ജീവന്റെ വില, അഭിമാന സംരക്ഷണം, പൗരന്റെ അടിസ്ഥാനാവകാശ സംരക്ഷണം തുടങ്ങിയ മൂല്യങ്ങള്‍ ചര്‍ച്ചക്ക് വെക്കേണ്ട സമയമാണിപ്പോള്‍. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യസമൂഹത്തിന്റെ നിലനില്‍പിനാധാരമായി വിവരിക്കുന്ന അത്തരം മൂല്യസങ്കല്‍പങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വാക്കുകൊണ്ടും കര്‍മം കൊണ്ടും സാക്ഷാത്കരിക്കേണ്ട സന്ദര്‍ഭം. സൂറഃ അല്‍ ഹുജുറാത്തിലെ 13-ാം സൂക്തത്തില്‍ മനുഷ്യസമൂഹത്തെ വിളിച്ചുകൊണ്ട് 'നിങ്ങളെ ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് നാം സൃഷ്ടിച്ചത്, വ്യത്യസ്ത ജനവിഭാഗങ്ങളും ഗോത്രങ്ങളുമൊക്കെയാക്കി നിങ്ങളെ നാം തിരിച്ചത്, നിങ്ങള്‍ തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്, നിങ്ങളിലേറ്റവും ആദരണീയര്‍ ദൈവികശാസനകളെ കൂടുതല്‍ പാലിക്കുന്നവര്‍ മാത്രമാണ്' എന്ന അസന്ദിഗ്ധമായ പ്രസ്താവന തന്നെയാണ് ഏതു കാലഘട്ടത്തിലും മനുഷ്യസമത്വത്തെക്കുറിച്ച പ്രോജ്ജ്വലമായ പ്രഖ്യാപനം. 'അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല, നിങ്ങളുടെ രക്തവും ധനവും അഭിമാനവും ഈ പ്രദേശത്തിന്റെയും മാസത്തിന്റെയും ദിവസത്തിന്റെയും പവിത്രത പോലെ സംരക്ഷിക്കപ്പെടേണ്ടതാണ്' എന്ന മുഹമ്മദ് നബി(സ)യുടെ വിടവാങ്ങല്‍ ഹജ്ജിലെ പ്രഖ്യാപനവും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാം.
ഈ തത്ത്വങ്ങള്‍ അക്ഷരങ്ങളിലും പ്രമാണങ്ങളിലുമായി നിലകൊള്ളുകയായിരുന്നില്ല, അവ എങ്ങനെ പ്രയോഗവത്കരിക്കാമെന്ന് തിരുദൂതരും അനുയായികളും ലോകത്തിന് കാണിച്ചുകൊടുത്തിട്ടുമുണ്ട്. കറുത്ത വര്‍ഗക്കാരനായ എത്യോപ്യന്‍ അടിമ ബിലാലുബ്‌നു റബാഹിനെ (റ) തിരുനബിയുടെ തോളത്ത് കാല്‍ ചവിട്ടി കഅ്ബയുടെ മുകളില്‍ കയറി ബാങ്ക് വിളിക്കാന്‍ കല്‍പിച്ച ആ അനര്‍ഘ നിമിഷം ഒന്നോര്‍ത്തുനോക്കൂ! അതുവരെ മക്കയിലെ ഖുറൈശി സമൂഹം പുലര്‍ത്തിപ്പോന്ന ആഢ്യത്വവും തന്‍പ്രമാണിത്തവും ചരിത്രത്തിലെ ഒരോര്‍മപ്പിശകെന്ന പോല്‍ തിരുത്തുകയായിരുന്നു പ്രവാചകന്‍. ബിലാലിന് പുറമെ, റോമക്കാരനായ സുഹൈബും പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസിയും അടിസ്ഥാനവര്‍ഗത്തിന്റെ പ്രതിനിധി ഖബ്ബാബുമൊക്കെ 'ഉന്നതകുലജാതരായ' അബൂബക്‌റിനെയും ഉസ്മാനെയും  (റ) പോലെ തിരുദൂതര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. അഭയാര്‍ഥികളായി മക്കയില്‍ നിന്നെത്തിയ മുഹാജിറുകളെയും  മദീനയിലെ തദ്ദേശീയരായ അന്‍സ്വാറുകളെയും അതിമഹത്തായ സാഹോദര്യ പാശത്താല്‍ പ്രവാചകന്‍ ഒരു മാലയിലെ മുത്തു മണികളെന്ന പോലെ കോര്‍ത്തിണക്കി. അവര്‍ക്കിടയില്‍ വിദ്വേഷത്തിന്റെയും അനൈക്യത്തിന്റെയും കനലുകളാളിക്കത്തിക്കാന്‍ ശ്രമമുണ്ടണ്ടായപ്പോഴൊക്കെ സ്വതവേ സൗമ്യനും വിനയാന്വിതനുമായ തിരുമേനി കോപാകുലനായി അതിനെ നേരിട്ടു. ഒരു ദുര്‍ബല നിമിഷത്തില്‍, 'കറുത്തവളുടെ മകനേ' എന്ന് ബിലാലിനെ അഭിസംബോധന ചെയ്ത അബൂദര്‍റുല്‍ ഗിഫാരിയെ നോക്കി, 'താങ്കളിലിപ്പോഴും ആ പഴയ വംശീയബോധത്തിന്റെ  പിശാച് ഒളിഞ്ഞിരിപ്പുണ്ട്' എന്ന ഒരൊറ്റ പ്രഖ്യാപനം മതിയായിരുന്നു, തന്റെ കവിള്‍ത്തടങ്ങള്‍ മണ്ണില്‍ ബിലാലിന്റെ കാല്‍പാദത്തോട് ചേര്‍ത്തുവെച്ച്, 'ആ  കാലുകൊണ്ട് ചവിട്ടിത്തേക്കൂ, എന്റെ വംശീയഭൂതത്തെ' എന്ന് അബൂദര്‍റിനെക്കൊണ്ട് പറയിക്കാന്‍. ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്ത് മുട്ടുകാല്‍ കൊണ്ട് ദീര്‍ഘനേരം അമര്‍ത്തിപ്പിടിച്ച്, എനിക്ക് ശ്വാസം മുട്ടുന്നുവെന്നും അല്‍പം വെള്ളം തരൂവെന്നുമൊക്കെയുള്ള ആര്‍ത്തനാദങ്ങള്‍ക്ക് നേരെ പുഛത്തോടെ മുഖം തിരിച്ച് കറുത്തവന് നേരെയുള്ള വിവേചനത്തെ സ്ഥാപനവല്‍ക്കരിച്ചവര്‍ക്ക് ഈ ചരിത്രവും അതിന്റെ തുടര്‍ച്ചയായ ഒട്ടനേകം സംഭവവികാസങ്ങളും നിരന്തരം ഓര്‍മകള്‍ നല്‍കേണ്ട സന്ദര്‍ഭമാണിപ്പോള്‍. 
അമേരിക്കയിലും ഇന്ത്യയിലുമൊക്കെ  ഭരണവര്‍ഗമിപ്പോള്‍ മനുഷ്യജീവനുകള്‍ക്ക് തീരെ  വിലകല്‍പിക്കുന്നില്ലെന്ന് മാത്രമല്ല, കീടജന്മങ്ങള്‍ പുഴുക്കളെപോലെ മരിച്ചുതീരട്ടെയെന്ന ചിന്തയാണോ അവരെ നയിക്കുന്നതെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. "Make America Great Again' എന്ന മുദ്രാവാക്യത്തിന്റെ ബലത്തില്‍ അധികാരത്തില്‍ വന്ന ട്രംപിന്, കോവിഡ് മരണസംഖ്യ ഒരു ലക്ഷം കടന്ന്, ഈ മഹാമാരിമൂലം മരിച്ചവരുടെ എണ്ണത്തില്‍ ലോകത്തെ എല്ലാ രാജ്യങ്ങളെയും അമേരിക്ക പിന്നിലാക്കിയതില്‍ തെല്ലും അസ്വസ്ഥതയില്ലാത്തത് അങ്ങനെ മരിച്ചവരിലധികവും കറുത്ത വര്‍ഗക്കാരും സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരുമായിരുന്നുവെന്നതാണ്. കേവലം നാലു മണിക്കൂര്‍ മാത്രം നല്‍കി രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലാക്കി, അന്തര്‍ സംസ്ഥാന തൊഴിലാളികളെ റെയില്‍പാളങ്ങളിലും ദേശീയപാതയോരങ്ങളിലും കൊലക്ക് കൊടുക്കാന്‍ വിട്ട മോദിക്കും കൂട്ടര്‍ക്കും ഇതിലൊന്നും യാതൊരു മനസ്സാക്ഷിക്കുത്തും അനുഭവപ്പെടുന്നില്ല എന്നുള്ളത്  സ്വന്തം ജനതയോട് ഇവരൊക്കെ വെച്ചുപുലര്‍ത്തുന്ന മനോഭാവത്തെ കൃത്യമായി വെളിവാക്കുന്നുണ്ട്. ഇവിടെയാണ്, ഒരാളെ അന്യായമായി വധിക്കുന്നത് മനുഷ്യവംശത്തെയാകമാനം ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും ഒരാള്‍ക്ക്  ജീവിക്കാന്‍ വക നല്‍കുന്നത് മനുഷ്യകുലത്തെയാകമാനം ജീവിപ്പിച്ചതിന് തുല്യമാണെന്നുമുള്ള ഖുര്‍ആനിക പ്രഖ്യാപനം ഈ സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. തന്റെ ഭരണാധികാരത്തിനു കീഴില്‍ യൂഫ്രട്ടീസ് നദീതീരത്ത് ഒരു ആട്ടിന്‍കുട്ടി വിശന്ന് വലഞ്ഞു ചത്താല്‍ താന്‍ അതിന് സര്‍വേശ്വരന്റെ മുന്നില്‍ ഉത്തരം പറയേണ്ടിവരുമല്ലോ എന്നോര്‍ത്ത് മനസ്സ് പിടഞ്ഞ ഉമര്‍ (റ) പാഠമാകുന്നത്. പാതിരാവില്‍ രാജ്യത്തിലുടനീളം വേഷപ്രഛന്നരായി നടന്ന് വിശക്കുന്നവന്റെയും അവശതകളനുഭവിക്കുന്നവന്റെയും വേവലാതികള്‍ ചുഴിഞ്ഞറിഞ്ഞ് അത് പരിഹരിക്കുന്നതിന് ഓടിനടക്കുന്ന ഭരണാധികാരികളുണ്ടായത് ഈ ധര്‍മബോധത്തില്‍നിന്നാണ്. ആ ധര്‍മബോധം ഭരണാധികാരിക്ക് നഷ്ടപ്പെടുമ്പോള്‍ ജനങ്ങള്‍ തെരുവിലിറങ്ങി അവരെ ഓര്‍മിപ്പിക്കേണ്ടി വരുന്നു, ഞങ്ങളുടെ ജീവിതം പ്രധാനമാണെന്ന്. 
പ്രമുഖ അമേരിക്കന്‍ അഭിഭാഷകനായ ബ്രയാന്‍ സ്റ്റീവന്‍സിന്റെ പ്രശസ്തമായ ടെഡ്‌ടോക്കിന്റെ (TED Talk) തലവാചകം "We need to talk about an injustice'  (നാം ഒരനീതിയെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്) എന്നാണ്. യൂട്യൂബില്‍ വന്‍ ജനപ്രീതി ലഭിച്ചിട്ടുള്ള ആ പ്രഭാഷണത്തിലദ്ദേഹം പറയുന്ന പ്രധാനപ്പെട്ട ചില വാചകങ്ങള്‍: ''ദാരിദ്ര്യത്തിന്റെ വിപരീതം ഒരിക്കലും സമ്പത്തല്ല, മറിച്ച് നീതിയാണ്. ഒരു സമൂഹമെന്ന നിലക്ക് നാം വിലയിരുത്തപ്പെടുക ഉന്നതമായ സാങ്കേതികവിദ്യ, ബുദ്ധിശക്തി, നൂതനമായ ഡിസൈനുകള്‍  എന്നിവ വെച്ചായിരിക്കില്ല ഒരിക്കലും. മറിച്ച് പാവപ്പെട്ടവരോടും അരികുവത്കരിക്കപ്പെട്ടവരോടും തടവുകാരോടുമൊക്കെ എങ്ങനെ പെരുമാറുന്നുവെന്നതായിരിക്കും നമ്മെക്കുറിച്ച  വിലയിരുത്തലിന്റെ സുപ്രധാന മാനദണ്ഡം.''
സ്റ്റീവന്‍സ് ഉന്നയിക്കുന്ന ഏറ്റവും സുപ്രധാനമായ സംഗതി, നീതിയില്ലാത്തിടത്ത് ദാരിദ്ര്യം ഉടലെടുക്കുമെന്നാണ്. ലോകത്തെവിടെയുമിന്ന് പ്രകടമാകുന്ന കയ്പുറ്റ യാഥാര്‍ഥ്യമാണിത്.  വിവിധ ജനവിഭാഗങ്ങള്‍ക്കെതിരെ പൊതുസമൂഹത്തില്‍നിന്നും  ഭരണകൂടത്തില്‍നിന്നുമുണ്ടാവുന്ന അനീതിയും അസമത്വവുമാണ് ആ വിഭാഗങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നത്. അമേരിക്കയിലെ തന്നെ ഉദാഹരണം അദ്ദേഹം എടുത്തു കാണിക്കുന്നു; ''നിങ്ങളൊരു കറുത്തവര്‍ഗക്കാരനും നിരപരാധിയുമാണെങ്കില്‍, വെള്ളക്കാരനും കുറ്റവാളിയുമായ ഒരാളേക്കാളും 22 ഇരട്ടി വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇങ്ങനെ വധശിക്ഷക്ക് വിധിക്കപ്പെടുന്ന 9 പേരില്‍ ഒരാള്‍ പൂര്‍ണമായും നിരപരാധിയാണെന്നതാണ് യാഥാര്‍ഥ്യമെന്ന് കണക്കുകള്‍ പറയുന്നു. പതിമൂന്നും പതിനാലും വയസ്സുള്ള നിരവധി ആഫ്രോ-അമേരിക്കന്‍ കുട്ടികള്‍ വധശിക്ഷക്ക് വിധിക്കപ്പെടുന്ന അമേരിക്കന്‍ സംസ്ഥാനമാണ് അലബാമ. അവിടെ 18-നും 35-നും ഇടയില്‍ പ്രായമുള്ള 34 ശതമാനം കറുത്തവര്‍ഗക്കാരായ യുവാക്കള്‍, തങ്ങളുടെ പേരില്‍ കെട്ടിച്ചമക്കപ്പെട്ട കുറ്റങ്ങളുടെ പേരില്‍  വോട്ടവകാശം നിഷേധിക്കപ്പെട്ടവരായുണ്ട്. കറുത്തവര്‍ഗക്കാരായ മൂന്നിലൊരാള്‍ ശരാശരി 18 മുതല്‍ 30 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കുന്നുണ്ട്.'' 
സാമൂഹിക നീതി സ്ഥാപിക്കുന്നതിന് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനം, അതിന്റെ മുന്നില്‍ മറ്റു പരിഗണനകള്‍ വരരുതെന്നാണ്. ''അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനു വേണ്ടി നേര്‍മാര്‍ഗത്തില്‍ ഉറച്ചു നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമാകുവിന്‍. ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയില്‍ നിന്നു വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിയോട് ഏറ്റം ഇണങ്ങുന്നത്'' (അല്‍ മാഇദ 9). ''അല്ലയോ സത്യവിശ്വാസികളേ, നീതിയുടെ ധ്വജവാഹകരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍ -നിങ്ങളുടെ നീതിനിഷ്ഠയുടെയും സത്യസാക്ഷ്യത്തിന്റെയും ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ  ബന്ധുമിത്രാദികള്‍ക്കോ  എതിരായിരുന്നാലും. കക്ഷി ധനികനാവട്ടെ, ദരിദ്രനാവട്ടെ, അല്ലാഹുവാകുന്നു നിങ്ങളിലേറെ അവരുടെ ഗുണകാംക്ഷിയായിട്ടുള്ളവന്‍. അതിനാല്‍, സ്വേഛകളെ പിന്‍പറ്റി നീതിയില്‍നിന്ന് അകന്നുപോകാതിരിക്കുവിന്‍. വളച്ചൊടിച്ചു സംസാരിക്കുകയോ സത്യത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണെങ്കില്‍, അറിഞ്ഞുകൊള്ളുക: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹു അറിയുന്നുണ്ട്'' (അന്നിസാഅ് 135). ഈ അടിസ്ഥാന തത്ത്വങ്ങള്‍ മുന്‍നിര്‍ത്തി വേണം പുതിയ ലോകത്ത് നീതിയുടെ സംസ്ഥാപനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കാന്‍. മഖ്‌സൂം ഗോത്രത്തിലെ സ്ത്രീ മോഷ്ടിച്ചതിന് ശിക്ഷ നടപ്പാക്കാതിരിക്കാന്‍ ശിപാര്‍ശയുമായി വന്ന തനിക്കേറ്റവും പ്രിയപ്പെട്ട സൈദിന്റെ മകന്‍ ഉസാമയോട്, ചുവന്ന മുഖവുമായി പ്രവാചകന്‍ ഉദ്‌ഘോഷിച്ച ആ വചനങ്ങളുണ്ടല്ലോ; 'നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചത്, അവരിലെ ഉന്നതര്‍ കുറ്റം ചെയ്താല്‍ വെറുതെ വിടുകയും പാവപ്പെട്ടവര്‍ ചെയ്താല്‍ ശിക്ഷ നടപ്പാക്കുകയും ചെയ്തതാണ്. അല്ലാഹുവാണ, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിച്ചതെങ്കിലും ഞാനവളുടെ കൈ വെട്ടുകതന്നെ ചെയ്യും.' ദിഗന്തങ്ങളില്‍ മുഴങ്ങിയ ആ പ്രഖ്യാപനം, നീതി ദേവതക്ക് കണ്ണില്ലെന്ന് ആധുനിക നിയമഗ്രന്ഥങ്ങളില്‍ ഇടം പിടിക്കുന്നതിനും എത്രയോ മുമ്പ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 
വിശുദ്ധ വേദഗ്രന്ഥത്തിലെ സുപ്രധാനമായ 11 വചനങ്ങള്‍ (അന്നിസാഅ് 105-115) ശത്രുവെന്ന് ഗണിക്കപ്പെട്ടിരുന്ന ഒരു ജൂതന്റെ നിരപരാധിത്വം തെളിയിക്കാനായി അല്ലാഹു പ്രത്യേകം അവതരിപ്പിച്ചത് മനസ്സിലാക്കിത്തരുന്നതെന്തെന്നാല്‍, തെറ്റു ചെയ്തവന്‍ പ്രവാചകന്റെ അനുചരനായാലും അത് തുറന്നുകാട്ടപ്പെടേണ്ടതുതന്നെയാണെന്നാണ്. ഇങ്ങനെ പക്ഷഭേദങ്ങളില്ലാത്ത നീതി കൈക്കൊണ്ടതിനാലാണ്, റോമന്‍ ഭരണാധികാരിയുടെ ദൂതന്‍ മരത്തണലില്‍ ഉച്ച നേരത്ത് ഉറങ്ങിക്കിടന്ന രണ്ടാം ഖലീഫ ഉമറി(റ)നെ ചൂണ്ടി, 'താങ്കള്‍ നീതി കൈകൊണ്ടു; അതിനാല്‍ താങ്കള്‍ നിര്‍ഭയനായി' എന്ന് പറയാന്‍ പ്രേരിതനായത്. ഇന്നിപ്പോള്‍ പൊതുജനങ്ങളുടെ പ്രതിഷേധം ഭയന്ന് ബങ്കറിലൊളിച്ചിരിക്കാന്‍ ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യത്തില്‍ വിസ്മയകരമായ ഈ പാഠങ്ങള്‍ വീണ്ടും പുറത്തെടുത്തേ മതിയാവൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (48-54)
ടി.കെ ഉബൈദ്‌