Prabodhanm Weekly

Pages

Search

2020 ജൂണ്‍ 12

3155

1441 ശവ്വാല്‍ 20

ഇപ്പോഴും വംശവെറി തന്നെയാണ് അമേരിക്കയെ നിര്‍വചിക്കുന്നത്

ഹിശാം അല്‍ഹമാമി

ഇബ്‌നുല്‍ മുഖഫ്ഫഇന്റെ 'കലീല വ ദിംന' എന്ന കൃതിയില്‍ ഋഷിവര്യനായ ബൈദബ ഇങ്ങനെ പറയുന്നുണ്ട്: ''ഇടറാത്ത കാലത്തോളം മനുഷ്യന്‍ അങ്ങനെ നടന്നുകൊണ്ടിരിക്കും. ഇടറിത്തുടങ്ങിയാലോ പിന്നെ ഇടര്‍ച്ചയോട് ഇടര്‍ച്ചയായിരിക്കും; പരന്ന, ഉറച്ച  ഭൂമിയിലൂടെയാണ് അവന്റെ നടപ്പെങ്കില്‍ പോലും.'' 'ടാറില്‍ കുരുങ്ങിയവനെപ്പോലെ' എന്ന് ഈജിപ്തുകാര്‍ പറയാറുണ്ട്. 'ഹോളിവുഡ് കാര്‍ട്ടൂണ്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട അമേരിക്കന്‍ ഐക്യനാടുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. 2001-ല്‍ പ്രസിദ്ധീകൃതമായ 'പടിഞ്ഞാറിന്റെ മരണം'(Death of the West)  എന്ന തന്റെ കൃതിയിലാണ് പാട്രിക് ബുക്കാനന്‍ ഇങ്ങനെയൊരു വിശേഷണം നല്‍കുന്നത്. ആ കൃതിയില്‍ ഇങ്ങനെ കാണാം: ''ഈ അമേരിക്കന്‍ സമൂഹത്തെ സൃഷ്ടിച്ചിരിക്കുന്നത് സാഹചര്യങ്ങളും പണവുമാണ്. ആ സാഹചര്യങ്ങളും പണവും നീങ്ങിപ്പോവുമ്പോള്‍ ആ സമൂഹവും അപ്രത്യക്ഷമാകും; കാര്യമായ നഷ്ടമൊന്നും ഉണ്ടാക്കാതെത്തന്നെ.'' പാട്രിക് ബുക്കാനന്‍ ചില്ലറക്കാരനല്ല. നിക്‌സന്‍, ഫോര്‍ഡ്, റീഗന്‍ എന്നീ മൂന്ന് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഉപദേശകനായി ജോലി ചെയ്തിരുന്ന ആളാണ്.
അമേരിക്കയില്‍ കോവിഡ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷവും പിന്നിട്ട് മുന്നോട്ടു കുതിക്കുന്ന അത്യന്തം ദുഃഖകരമായ ഈ സാഹചര്യത്തില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്റെ കൊലയേക്കാള്‍ അപമാനകരമായി മറ്റെന്താണ് ആ രാഷ്ട്രത്തിന്റെ മേല്‍ ഇനി പതിക്കാനുള്ളത്! ആ കൊലക്കെതിരെ ഉയരുന്ന അമര്‍ഷം തീപ്പൊരിയില്‍നിന്ന് കാട്ടുതീ പോലെ പടരുകയാണ്. അത് അണക്കാന്‍ പെട്ടെന്നൊന്നും കഴിയുമെന്ന് തോന്നുന്നില്ല.
കണ്ടു നോക്കൂ, പത്തു മിനിറ്റ് നീളുന്ന ആ രംഗം. വെള്ളക്കാരനായ പോലീസുകാരന്‍ ജോര്‍ജ് എന്ന കറുത്ത വര്‍ഗക്കാരനെ കമഴ്ത്തി കിടത്തി തന്റെ മുട്ടുകാല്‍ അയാളുടെ കഴുത്തില്‍ വെച്ചമര്‍ത്തുന്നു. 'എനിക്ക് ശ്വാസം കിട്ടുന്നില്ല' എന്ന് ആ കറുത്തവര്‍ഗക്കാരന്‍ വിലപിക്കുന്നുണ്ട്. ലോകം മുഴുവന്‍ ആ രംഗം കണ്ടുകൊണ്ടിരിക്കുന്നു. കോവിഡ് 19 യാദൃഛികതയാണോ ഗൂഢാലോചനയാണോ എന്ന തര്‍ക്കം ഇപ്പോഴും തീര്‍ന്നിട്ടില്ലല്ലോ. ഈ സംഭവത്തെപ്പറ്റിയും അങ്ങനെയൊരു തര്‍ക്കം ഉടലെടുക്കാം. പക്ഷേ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊല ഇത് രണ്ടുമല്ല എന്നതാണ് സത്യം. കാരണം ഇതു പോലുള്ള സംഭവങ്ങള്‍, വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം, 2019-ല്‍ 1014 തവണ ആവര്‍ത്തിച്ചതാണ്. ഇരകളായി 1014 ജോര്‍ജുമാര്‍ ഉണ്ടായിട്ടുണ്ട് എന്നര്‍ഥം.
അമേരിക്കയുടെ ഈ നാല്‍പ്പത്തിയഞ്ചാമത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കക്കാരുടെ തലയില്‍ പതിച്ച ഇടിത്തീയാണ്, അവലക്ഷണമാണ്. ഏതൊക്കെ സങ്കടക്കടലുകളിലേക്കാണ് ആ ജനതയെ ഇയാള്‍ തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. വംശീയവാദികളും തീവ്ര വലതുപക്ഷക്കാരുമെല്ലാം ചേര്‍ന്ന് ഇയാളെ വൈറ്റ് ഹൗസിലേക്ക് പറഞ്ഞയച്ച ഒന്നാം ദിവസം മുതല്‍ തന്നെ അമേരിക്കന്‍ കോണ്‍ഗ്രസ് അധ്യക്ഷ നാന്‍സി പെലോസി ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ക്ക് അര്‍ഹത നേടിയെടുത്ത ഒരാള്‍. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമക്കെതിരെ ട്രംപ് പേയിളകി ഉറഞ്ഞുതുള്ളിയത് ആര്‍ക്കും മറക്കാനാവില്ലല്ലോ. സ്വന്തം പിതാവിന്റെ ജന്മസ്ഥലമായ കെനിയയിലേക്ക് പോകൂ എന്നായിരുന്നു ഒബാമയോട് ട്രംപിന്റെ ആക്രോശം! അതിന്റെ പ്രയോഗ മാതൃകയാണ് ജോര്‍ജിന്റെ കഴുത്തില്‍ മുട്ടുകാലമര്‍ത്തി കൊലയാളി പോലീസുകാരന്‍ ചെയ്തുകാണിച്ചത്.
വീണ്ടുവിചാരമില്ലാത്ത, പ്രതികാരദാഹിയായ ഈ പ്രസിഡന്റ് രാജ്യത്തെ അക്ഷരാര്‍ഥത്തില്‍ തകര്‍ക്കുകയും ദുര്‍ബലപ്പെടുത്തുകയുമാണ്; ദുരന്തങ്ങളില്‍നിന്ന് ദുരന്തങ്ങളിലേക്ക് നയിക്കുകയാണ്. ചരിത്രത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും അന്താരാഷ്ട്ര സഹകരണത്തെയും ഐക്യരാഷ്ട്ര സഭയെയും ലോകാരോഗ്യ സംഘടനയെയുമൊക്കെ നിരന്തരം തള്ളിപ്പറയുകയും വേട്ടയാടുകയും ചെയ്യുന്ന ഒരാള്‍ എങ്ങനെ ഈ സ്ഥാനത്തെത്തി?
ബ്രിട്ടീഷ് ചരിത്രകാരന്‍ പോള്‍ കെന്നഡി തന്റെ 'വന്‍ശക്തികളുടെ ഉയര്‍ച്ചയും തകര്‍ച്ചയും' (The Rise and Fall of the Great Powers) എന്ന പുസ്തകത്തില്‍ (1987) എഴുതുന്നു: ''പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ദുര്‍ബലമായിത്തീര്‍ന്ന ബ്രിട്ടന് ലോകശക്തി എന്ന സ്ഥാനം നഷ്ടപ്പെട്ടു. ബ്രിട്ടീഷുകാരുടെ ഇതേ വിധി അമേരിക്കക്കാര്‍ക്കും വന്നുഭവിക്കേണ്ടതായിരുന്നു. പല കാരണങ്ങളാല്‍ ഈ തകര്‍ച്ച സാവധാനവും ഒച്ചപ്പാടുകളില്ലാതെയുമാണ് സംഭവിക്കുന്നത് എന്നു മാത്രം'' (ട്രംപിന്റെ കാലത്തെ തകര്‍ച്ച സാവധാനമോ ഒച്ചപ്പാടുകളില്ലാതെയോ അല്ല). റോമന്‍, ഇംഗ്ലീഷ് സാമ്രാജ്യങ്ങളില്‍ തകര്‍ച്ചയുടെ മുമ്പ് കാണപ്പെട്ടിരുന്ന ലക്ഷണങ്ങളൊക്കെ ഇന്ന് അമേരിക്കയില്‍ കാണാനാവുന്നുണ്ട്; പ്രതിസന്ധിയിലായ മധ്യവര്‍ഗജീവിതം, ഛിദ്രത, ധൂര്‍ത്തിന്റെ വ്യാപനം, പൊതു ദേശീയതയുടെ അഭാവം തുടങ്ങിയവ. അക്കാദമീഷ്യനും തത്ത്വചിന്തകനും കറുത്ത വര്‍ഗക്കാരനുമായ കോണല്‍ വെസ്റ്റ് (Cornel West) തന്റെ 'വംശപ്രശ്‌നങ്ങള്‍ (Race Matters -1993) എന്ന കൃതിയില്‍ പോള്‍ കെന്നഡിയുടെ അഭിപ്രായങ്ങളെ ശരിവെക്കുന്നുണ്ട്. 'വേരുകളില്ലാതെ, കൂമ്പിയുണങ്ങുന്ന സമൂഹം' എന്നാണ് അമേരിക്കക്കാരെ കോണല്‍ വെസ്റ്റ് വിശേഷിപ്പിക്കുന്നത്.
1955 ഡിസംബര്‍ ഒന്ന്. അമേരിക്കയിലെ അലബാമ സംസ്ഥാനത്തിലെ മോണ്ടഗോമറി നഗരത്തില്‍ റോസ പാര്‍ക്കര്‍ (അവര്‍ 2005-ലാണ് മരിച്ചത്) വലിയൊരു 'പാതകം' ചെയ്തു. അവര്‍ ബസ്സിന്റെ മുന്‍ സീറ്റില്‍ തന്നെ ഇരുന്നു കളഞ്ഞു! ഒരു വെള്ളക്കാരി ബസ്സില്‍ കയറിയപ്പോള്‍ റോസ എന്ന ഈ കറുത്ത വര്‍ഗക്കാരി എണീറ്റു കൊടുത്തതുമില്ല. പിന്നെ കേസും കൂട്ടവും. റോസയുടെ കൂട്ടുകാരികളും അടങ്ങിനിന്നില്ല. അവര്‍ ഒന്നടങ്കം മോണ്ടഗോമറിയിലെ ബസ്സുകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ബഹിഷ്‌കരണം അമേരിക്കയെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുകുലുക്കി. പിന്നീടുള്ള ചരിത്രത്തെ ഇത്രമേല്‍ സ്വാധീനിച്ച സംഭവങ്ങള്‍ ചുരുക്കമായിരിക്കും. കറുത്ത വര്‍ഗക്കാരായ അമ്പതിനായിരം അമേരിക്കക്കാരാണ് വീടുകളില്‍നിന്ന് തൊഴിലിടങ്ങളിലേക്ക് കാല്‍നടയായി പോകാന്‍ തീരുമാനിച്ചത്. അത് 381 ദിവസം തുടര്‍ന്നു. പിന്നെ ജയില്‍, പിരിച്ചുവിടുമെന്ന ഭീഷണി, സമ്മര്‍ദങ്ങള്‍... ഇങ്ങനെ ഭരണകൂട കുടില തന്ത്രങ്ങളൊക്കെയും അമേരിക്കയും പുറത്തെടുത്തു. ബ്ലാക് ചര്‍ച്ചുകളില്‍ ബോംബ് വെക്കുക വരെ ചെയ്തു. സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പൊതു വാഹനങ്ങളില്‍ വിവേചനം പാടില്ലെന്ന് അമേരിക്കന്‍ സുപ്രീം കോടതി വിധി വന്നത് ഇതിനെത്തുടര്‍ന്നാണ്. എല്ലാ പൗരന്മാര്‍ക്കും തുല്യ പരിരക്ഷ ലഭിക്കണമെന്ന ഭരണഘടനയുടെ പതിനാലാം ഭേദഗതിയാണ് കോടതി എടുത്തുദ്ധരിച്ചത്. കറുത്ത വര്‍ഗക്കാര്‍ക്ക് അവരുടെ എല്ലാ പൗരാവകാശങ്ങളും ലഭിച്ചുതുടങ്ങുന്നത് അതിനു ശേഷമായിരുന്നു.
തൊള്ളായിരത്തി അമ്പതുകളും അറുപതുകളും അമേരിക്കയെ സംബന്ധിച്ചേടത്തോളം വലിയ സംഘര്‍ഷങ്ങളുടെ കാലമായിരുന്നു. 'അമേരിക്ക സ്വന്തത്തോട് ഏറ്റുമുട്ടുന്നു' എന്നാണ് ആ സംഘര്‍ഷങ്ങള്‍ വിശേഷിപ്പിക്കപ്പെട്ടത്. ഒരു വശത്ത് തങ്ങള്‍ക്ക് തുല്യനീതി ലഭിക്കണമെന്ന് മുറവിളി കൂട്ടുന്ന കറുത്ത വര്‍ഗക്കാര്‍. മറുവശത്ത് ആ ആവശ്യം അംഗീകരിക്കരുതെന്ന് ശഠിക്കുന്ന വെള്ളവംശീയവാദികള്‍. 1963-ല്‍ ആ രാജ്യം പൗരാവകാശ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭറാലിക്ക് സാക്ഷിയായി. രണ്ടര ലക്ഷം അമേരിക്കക്കാര്‍ അതില്‍ അണിനിരന്നു. അതില്‍ അറുപതിനായിരം പേര്‍ വെള്ളക്കാരായിരുന്നു. അമേരിക്കയിലെ അടിമകളുടെ വിമോചനത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റ് അബ്രഹാം ലിങ്കന്റെ സ്മാരക സ്തൂപത്തിലേക്കാണ് പ്രക്ഷോഭകര്‍ നീങ്ങിയത്. അവിടെ വെച്ചാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് തന്റെ ഏറ്റവും ഉജ്ജ്വലമായ പ്രഭാഷണം നിര്‍വഹിച്ചത്. 'എനിക്കൊരു സ്വപ്‌നമുണ്ട്...' - ആ പ്രഭാഷണത്തിന്റെ തുടക്കം അങ്ങനെയായിരുന്നു. മനുഷ്യന്റെ അന്തസ്സും അഭിമാനവും സ്വാതന്ത്ര്യവും വീണ്ടെടുക്കാനുള്ള സമരപോരാട്ടങ്ങളിലെ തിളങ്ങുന്ന ഐക്കണുകളിലൊന്നായി മാറി മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്. അദ്ദേഹം പറഞ്ഞു: ''എനിക്കൊരു സ്വപ്‌നമുണ്ട്. എന്റെ നാല് മക്കള്‍ അവരുടെ തൊലിനിറം നോക്കിയല്ല, അവരുടെ സ്വഭാവ വിശേഷങ്ങള്‍ നോക്കി വിലയിരുത്തപ്പെടുന്ന ഒരു നാള്‍ വരുമെന്ന സ്വപ്നം.'' അതേവര്‍ഷം തന്നെയാണ്, വംശമോ വര്‍ണമോ മതമോ ലിംഗമോ നോക്കാതെ എല്ലാവര്‍ക്കും തുല്യാവകാശങ്ങള്‍ നല്‍കുന്ന പൗരത്വ നിയമവും പാസ്സാക്കപ്പെടുന്നത്. അമേരിക്കയുടെ 35-ാം പ്രസിഡന്റ് ജോണ്‍ കെന്നഡിയാണ് ആ നിയമനിര്‍മാണത്തിന് മുന്‍കൈയെടുത്തതെങ്കിലും അദ്ദേഹം വധിക്കപ്പെട്ട ശേഷമാണ് അതേ വര്‍ഷം അത് നിയമമായത്. ആ ചരിത്രഘട്ടത്തിലെ വേറെയും പോരാളികളെ ഓര്‍ക്കാനുണ്ട്. ഇസ്‌ലാം സ്വീകരിച്ച കറുത്ത വര്‍ഗക്കാരന്‍ മാല്‍കം എക്‌സ് (അദ്ദേഹം 1965-ല്‍ വധിക്കപ്പെട്ടു) അവരിലൊരാളാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനോടൊപ്പം (അദ്ദേഹം വധിക്കപ്പെട്ടത് 1968-ല്‍) മാല്‍കം എക്‌സും കൂടിച്ചേര്‍ന്നപ്പോള്‍ ആഫ്രോ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്വാധീന ശക്തിയായി ആ വിമോചന പ്രസ്ഥാനം മാറി.
മറുവശത്തും അമേരിക്കക്കാര്‍ മറക്കാത്ത രണ്ട് പേരുണ്ട്. 1924-ല്‍ സ്ഥാപിതമായ അമേരിക്കന്‍ കുറ്റാന്വേഷണ വിഭാഗമായ എഫ്.ബി.ഐയുടെ തലവനായിരുന്ന എഡ്ഗാര്‍ ഹൂവര്‍. മരണം വരെ അതിന്റെ തലപ്പത്തിരുന്നയാള്‍ (മരിച്ചത് 1972-ല്‍). മോണ്ട് ഗോമറി ഉള്‍പ്പെടുന്ന അലബാമ സംസ്ഥാനത്തിന്റെ ഗവര്‍ണറുമായിരുന്നു. ഇയാളുടെ വര്‍ണവെറിയന്‍ നയങ്ങള്‍ അതേപടി തുടര്‍ന്ന ജോര്‍ജ് വാലസ് (മരിച്ചത് 1998-ല്‍) എന്നയാളും തുടര്‍ച്ചയായി അലബാമ ഗവര്‍ണറായിട്ടുണ്ട്.
എല്ലാവര്‍ക്കും തുല്യാവകാശങ്ങള്‍ നല്‍കുന്ന പൗരാവകാശ നിയമം പാസ്സാക്കിയതോടെ പഴയ കിരാതയുഗം അവസാനിച്ചുവെന്നും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടുവെന്നുമാണ് അമേരിക്കക്കാര്‍ കരുതിയിരുന്നത്.
ഇപ്പോഴിതാ, കഴിഞ്ഞ മേയ് 26-ന് ഒരു വര്‍ണവെറിയന്‍ പോലീസുകാരന്റെ കാല്‍മുട്ടിനടിയില്‍ കഴുത്ത് ഞെരിക്കപ്പെട്ട ജോര്‍ജ് ഫ്‌ളോയ്ഡിന്റെ ശബ്ദം നാം കേള്‍ക്കുന്നു; എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല... എല്ലാ പഴയ ഭീകരസ്മരണകളെയും അത് തിരിച്ചുകൊണ്ടുവന്നിരിക്കുന്നു; കറുത്ത വര്‍ഗക്കാരായ അമേരിക്കക്കാരിലേക്ക് മാത്രമല്ല, സമത്വവും നീതിയും നിഷേധിക്കപ്പെടുന്ന മുഴുവന്‍ ജനസമൂഹങ്ങളിലേക്കും. എത്ര നിന്ദ്യം, നീചം, പൈശാചികം! 

(ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമാണ് ലേഖകന്‍. അറബി21കോം പ്രസിദ്ധീകരിച്ചത്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (48-54)
ടി.കെ ഉബൈദ്‌