Prabodhanm Weekly

Pages

Search

2020 ജൂണ്‍ 12

3155

1441 ശവ്വാല്‍ 20

നെഹ്‌റു സ്മൃതി അയവിറക്കുമ്പോള്‍

എ.ആര്‍

മെയ് 27-ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 56-ാം ചരമദിനമായിരുന്നു. 1964 മേയില്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജിലെ ഞാനുള്‍പ്പെടുന്ന പ്രഥമ ബാച്ച് ഫൈനല്‍ പരീക്ഷ എഴുതി ശാന്തപുരത്ത് നിന്ന് തിരിച്ചുവന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. ഇനി എന്തു ചെയ്യണമെന്നതിനെപ്പറ്റി ഐഡിയ ഒന്നും ഉണ്ടായിരുന്നില്ല.  മേയ് 27-ന് ഉച്ചക്കു ശേഷം കോളേജില്‍നിന്ന് വീട്ടിലേക്ക് നടക്കവെ, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ ഏതാനും തൊഴിലാളികള്‍ കറുത്ത ബാഡ്ജും ധരിച്ച് റോഡിലൂടെ വരുന്നത് കണ്ടപ്പോള്‍ ചോദിച്ചു: 'എന്തു പറ്റി? എന്തിനാണ് കറുത്ത ബാഡ്ജ് ധരിച്ചത്?' 'അറിയില്ലേ, നമ്മുടെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു അന്തരിച്ചു. അതോടെ കമ്പനി അടച്ചതിനാല്‍ ഞങ്ങള്‍ പണി നിര്‍ത്തി മടങ്ങുകയാണ്.'
ശരിക്കും ഞെട്ടുക തന്നെ ചെയ്തു. നെഹ്‌റുവിനു ശേഷം ആര്‍ എന്ന ചോദ്യം പത്രകോളങ്ങളില്‍ ചര്‍ച്ചാവിഷയമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ നിര്യാണവാര്‍ത്ത തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. നെഹ്‌റുവിന് അസുഖം ബാധിച്ചതായി വാര്‍ത്തകളൊന്നും വന്നിരുന്നില്ല. അന്നത്തെ കാലത്ത് ലോകത്ത് നെഹ്‌റുവിനേക്കാള്‍ തലയെടുപ്പുള്ള മറ്റൊരു നേതാവും ഉണ്ടായിരുന്നില്ല. ലോക സമാധാനത്തിന്റെ വക്താവും ചേരിചേരാ പ്രസ്ഥാനത്തിന്റെ നായകനുമെന്ന നിലയില്‍ ഇന്ത്യന്‍ ജനതയുടെ മാത്രമല്ല ലോക രാജ്യങ്ങളുടെതന്നെ സ്‌നേഹാദരവുകള്‍ പിടിച്ചുപറ്റിയിരുന്നു അദ്ദേഹം. ശരാശരി ഇന്ത്യക്കാരന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു.  അദ്ദേഹത്തിന് രാഷ്ട്രീയ പ്രതിയോഗികളും വിമര്‍ശകരും ഇല്ലായിരുന്നു എന്നല്ല. ഡോ. രാം മനോഹര്‍ ലോഹ്യയെ പോലുള്ള സോഷ്യലിസ്റ്റുകളും ബി.ടി രണദിവെ, പി. സുന്ദരയ്യ, ഇ.എം.എസ് നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റുകളും ശ്യാമപ്രസാദ് മുഖര്‍ജി, നാനാജി ദേശ്മുഖ് എന്നിവരടക്കമുള്ള ഹിന്ദുത്വവാദികളും ഡി. രാജഗോപാലാചാരി, എം.ആര്‍ മസാനി മുതല്‍ വലതുപക്ഷ പ്രമുഖരുമൊക്കെ നെഹ്‌റുവിനെയും അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളെയും തുറന്നെതിര്‍ത്തിരുന്നു. കോണ്‍ഗ്രസ്സിനുള്ളില്‍തന്നെ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് ചിന്താധാരയെയോ തദടിസ്ഥാനത്തിലെ പ്ലാനിംഗിനെയോ പ്രധാനമന്ത്രിയുടെ ലിബറല്‍ സെക്യുലരിസ്റ്റ് നിലപാടുകളെയോ മനസ്സാ അംഗീകരിക്കാത്തവര്‍ മര്‍മസ്ഥാനങ്ങളില്‍ തന്നെ ഉണ്ടായിരുന്നു. മൊറാര്‍ജി ദേശായ്, ഗോവിന്ദ വല്ലഭ പാന്ത്, എസ്.കെ പാട്ടീല്‍ പ്രഭൃതികള്‍ ഈ ഗണത്തിലാണ് അറിയപ്പെട്ടത്. പക്ഷേ നെഹ്‌റുവിന്റെ വ്യക്തിപ്രഭാവവും ഗാന്ധിജി ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം നല്‍കിയ പിന്തുണയും എതിര്‍ ശബ്ദങ്ങളെ നിഷ്പ്രഭമാക്കി. ജനാധിപത്യപരമായ ശൈലിയിലാണ് നെഹ്‌റു വിമര്‍ശനങ്ങളെ നേരിട്ടതെന്നത് എടുത്തുപറയേണ്ടതാണ്. അദ്ദേഹം ദിനേന വസ്ത്രങ്ങള്‍ അലക്കിത്തേക്കാന്‍ പാരീസിലേക്കയക്കുകയായിരുന്നു പതിവെന്ന പ്രചാരണം പോലും നടന്നിരുന്നു. 'ട്വന്റി ഫൈവ് തൗസന്റ് എ ഡേ' എന്ന പേരില്‍ ലോഹ്യ ഇറക്കിയ പുസ്തകത്തില്‍ ദരിദ്ര രാജ്യത്തിന്റെ പ്രധാനമന്ത്രി ജവഹര്‍ ലാലിന്റെ ധൂര്‍ത്തിനെയാണ് കടന്നാക്രമിച്ചിരുന്നത്. പക്ഷേ അദ്ദേഹത്തെക്കുറിച്ച് അഴിമതി ആരോപണങ്ങളൊന്നും കാര്യമായി ഉയര്‍ന്നിരുന്നില്ല. അഴിമതിയാരോപിതനായ പഞ്ചാബ് മുഖ്യമന്ത്രി പ്രതാപ് സിംഗ് കൈറോനെ പ്രധാനമന്ത്രി സംരക്ഷിച്ചതും അഹുജ വധക്കേസില്‍ പ്രതിയായിരുന്ന നാവിക കമാന്റര്‍ നാനാവതിയെ രക്ഷിക്കാന്‍ ശ്രമിച്ചതും ഉന്നയിക്കപ്പെട്ട ആരോപണങ്ങളാണ്.
എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഏറെ വിമര്‍ശിക്കപ്പെട്ട രണ്ട് നടപടികളിലൊന്ന് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ ക്രമസമാധാനത്തകര്‍ച്ചയുടെ പേരില്‍ ഗവര്‍ണറുടെ ശിപാര്‍ശ പ്രകാരം ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗിച്ച് 1959-ല്‍ പിരിച്ചുവിട്ടതാണ്. ഇ.എം.എസ് നമ്പൂതിരിപ്പാട് നേതൃത്വം നല്‍കിയ സംസ്ഥാന സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ആയുധമാക്കിയത് സെല്‍ഭരണമായിരുന്നെങ്കിലും റവന്യൂ മന്ത്രി കെ.ആര്‍ ഗൗരിയമ്മ കൊണ്ടുവന്ന ഭൂപരിഷ്‌കരണ ബില്ലില്‍ പ്രകോപിതരായ ജന്മിമാരും, സ്വകാര്യ സ്‌കൂള്‍ മാനേജര്‍മാരുടെ അധികാരം വെട്ടിക്കുറക്കുന്ന ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിനെതിരെ രംഗത്തിറങ്ങിയ ക്രൈസ്തവ സഭകളും എന്‍.എസ്.എസ്സും ആയിരുന്നു 1959-ലെ വിമോചന സമരത്തെ ജ്വലിപ്പിച്ചത് എന്നത് നിഷേധിക്കാനാവാത്ത വസ്തുത. പ്രക്ഷോഭത്തെ രേിടാന്‍ ഇ.എം.എസ് സര്‍ക്കാര്‍ പോലീസിനെ ഇറക്കിയതോടെ ക്രമസമാധാനനില വഷളായി. തൊഴിലാളികളുടെ പണിമുടക്ക് അക്രമാസക്തമായപ്പോള്‍ വെടിയുണ്ടകള്‍ കൊണ്ട് നേരിട്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് തന്നെ ഭിന്നാഭിപ്രായങ്ങള്‍ക്ക് വഴിവെച്ചു. തൊഴിലാളിവര്‍ഗ ഭരണകൂടം തൊഴിലാളികളെ വെടിവെച്ചു കൊല്ലുന്നതിലെ വൈരുധ്യം തന്നില്‍ സൃഷ്ടിച്ച ആത്മസംഘര്‍ഷത്തിന്റെ പാരമ്യത പാര്‍ട്ടിയുടെ താത്ത്വികനായ കെ. ദാമോദരന്റെ ആത്മകഥാ കുറിപ്പുകളിലുണ്ട്. എന്തായാലും 28 മാസം നീണ്ട പ്രഥമ കമ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കാന്‍ നെഹ്‌റു തയാറായത് അദ്ദേഹത്തിന്റെ ജനാധിപത്യ പ്രതിഛായക്ക് ഹാനികരമായെന്ന വിലയിരുത്തലാണ് പൊതുവെ. എന്നാല്‍ അത്തരമൊരു ആത്യന്തിക നടപടിക്ക് നെഹ്‌റു സന്നദ്ധനായിരുന്നില്ലെന്നും അന്നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് അതിന്  പിതാവിനെ നിര്‍ബന്ധിച്ചതെന്നും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1959-ല്‍ നെഹ്‌റുവിന്റെ ഇംഗിതം മനസ്സിലാക്കി പാര്‍ട്ടി പ്രസിഡന്റ് പദവി ഒഴിഞ്ഞ യു.എന്‍ ധേബറാണ് തന്റെ പിന്‍ഗാമിയായി ഇന്ദിരയുടെ പേര്‍ നിര്‍ദേശിച്ചതെന്നും 'ഓണ്‍ ലീഡേഴ്‌സ് ആന്റ് ഐക്കന്‍സ്' എന്ന കൃതിയില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ അനുസ്മരിക്കുന്നുണ്ട്. നെഹ്‌റുവിനെ സന്തോഷിപ്പിക്കാന്‍ ഇങ്ങനെ ചെയ്ത ധേബര്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ഗോവിന്ദ വല്ലഭ പന്തിനോട് നിര്‍ദേശത്തെ പിന്താങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് സമ്മതമായിരുന്നില്ല. അതേസമയം നെഹ്‌റുവിന്റെ അനിഷ്ടം അദ്ദേഹം ഭയപ്പെട്ടിരുന്നുതാനും. അതിനാല്‍ കൂടുതല്‍ യാത്രകള്‍ ചെയ്യേണ്ടിവരുന്ന പാര്‍ട്ടി അധ്യക്ഷ പദവി ഇന്ദിരയുടെ ആരോഗ്യത്തിന് താങ്ങാനാവുമോ എന്ന സംശയം പ്രകടിപ്പിക്കുകയായിരുന്നു പാന്ത്. 'അവള്‍ രണ്ടാളേക്കാളും ആരോഗ്യവതിയാണ്' എന്നായിരുന്നുവത്രെ നെഹ്‌റുവിന്റെ പ്രതികരണം. തന്റെ പിന്‍ഗാമിയായി മകള്‍ തന്നെ അവരോധിക്കപ്പെടണം എന്ന നെഹ്‌റുവിന്റെ അഭിലാഷമാണ് അദ്ദേഹത്തിന്റെ ജനാധിപത്യ നിഷ്‌കര്‍ഷയെ ചോദ്യം ചെയ്യുന്നവരുടെ മറ്റൊരാരോപണം. ഇതും കേവലമായ ആരോപണമല്ലെന്നാണ് നയാര്‍ ചൂണ്ടിക്കാട്ടുന്നത്. 1964-ല്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്ന കാമരാജ് നാടാര്‍ നെഹ്‌റുവിന്റെ പിന്‍ഗാമിയായി ലാല്‍ബഹാദൂര്‍ ശാസ്ത്രിയെയാണ് കൊണ്ടുവന്നതെങ്കിലും പണ്ഡിറ്റ്ജിയുടെ മനസ്സില്‍ മകള്‍ തന്നെയായിരുന്നു എന്ന് ശാസ്ത്രി മനസ്സിലാക്കിയിരുന്നു. 'ഉന്‍കെ മന്‍മേ തോ സിറഫ് ഉന്‍കി പുത്രി ഹെ' (അദ്ദേഹത്തിന്റെ മനസ്സില്‍ മകള്‍ മാത്രമാണ്) എന്ന് ശാസ്ത്രി തന്റെ അടുത്ത സുഹൃത്തുക്കളോട് പറയാറുണ്ടായിരുന്നുവെന്ന് നയാര്‍. 1965 സെപ്റ്റംബറിലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ യു.എന്‍ ഇടപെടലിനെ തുടര്‍ന്ന് വെടിനിര്‍ത്താന്‍ ഇന്ത്യ നിര്‍ബന്ധിതമായി; തുടര്‍ന്ന് പാക് പ്രസിഡന്റ് അയ്യൂബ് ഖാനുമായി സമാധാനക്കരാറില്‍ ഒപ്പുവെക്കാന്‍ പ്രധാനമന്ത്രി ശാസ്ത്രി സോവിയറ്റ് യൂനിയന്റെ സൗഹൃദത്തിനു വഴങ്ങി താഷ്‌കന്റിലേക്ക് പോവേണ്ടിയും വന്നു. അവിടെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷം അംഗീകരിക്കപ്പെട്ട സമാധാനക്കരാറില്‍ ഒപ്പിട്ട ഉടനെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഹൃദയാഘാതം മൂലം നിര്യാതനായ വാര്‍ത്തയാണ് ഇന്ത്യയെ ഞെട്ടിച്ചത്. അതോടെ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ സാധാരണ അംഗം മാത്രമായിരുന്ന ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ നെഹ്‌റുവിന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു. മക്കള്‍ രാഷ്ട്രീയത്തിന്റെ ആരംഭവും അതോടെ കുറിക്കപ്പെട്ടു. തനിക്കു ശേഷം രണ്ടാമത്തെ മകനായ സജ്ഞയ് ഗാന്ധിയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഇന്ദിരയുടെ ശ്രമത്തിന് പ്രകൃതിയാണ് തടയിട്ടത്. രാജീവ് ഗാന്ധിയുടെ സ്ഥാനലബ്ധിക്കുത്തരവാദി കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കാരണം നെഹ്‌റു കുടുംബത്തിന്റെ പുറത്ത് ഒരാളെയും പാര്‍ട്ടി നേതൃത്വത്തിലേക്കോ ഭരണനേതൃത്വത്തിലേക്കോ കൊണ്ടുവരാന്‍ 135 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന നാഷ്‌നല്‍ കോണ്‍ഗ്രസ്സിനാവില്ല എന്നതാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പിന്മാറാന്‍ തയാറായതിനു ശേഷവും തുടരുന്ന അനിശ്ചിതത്വം നല്‍കുന്ന സന്ദേശം. 
ജവഹര്‍ലാല്‍ നെഹ്‌റു തീര്‍ച്ചയായും ജനാധിപത്യത്തോടും മതനിരപേക്ഷതയോടും പ്രതിബദ്ധതയുള്ള നേതാവും ഭരണാധികാരിയുമായിരുന്നു. ആറ് പതിറ്റാണ്ടുകാലം ഇന്ത്യ അതേ അടിത്തറയില്‍ തപ്പിപ്പിടഞ്ഞാണെങ്കിലും മുന്നോട്ടു നീങ്ങിയത് അദ്ദേഹവും അംബേദ്കറും ചേര്‍ന്ന് രൂപം നല്‍കിയ ഭരണഘടനയുടെ പ്രഭാവം കൊണ്ടാണു താനും. എന്നാല്‍ കുടുംബവാഴ്ചാ രാഷ്ട്രീയം ഏറ്റവും സമുന്നതനായ ദേശീയ നേതാവിന്റെ പോലും ദൗര്‍ബല്യമായിരുന്നു എന്നത് അവഗണിക്കാവുന്ന വസ്തുതയല്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (48-54)
ടി.കെ ഉബൈദ്‌