Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 24

കുടുംബത്തെ തകര്‍ക്കുന്ന സംശയരോഗം

കുടുംബം - ഡോ. ഉമര്‍ ഫാറൂഖ് എസ്.എല്‍.പി

വിദ്യാഭ്യാസപരമായി മുന്നോട്ട് കുതിക്കുന്ന നമ്മുടെ നാട് അന്ധവിശ്വാസത്തിന്റെ കാര്യത്തിലും ഒട്ടും പിറകിലല്ല. അതുകൊണ്ടുതന്നെ പല മാനസിക അസ്വസ്ഥതകളും രോഗങ്ങളും പിശാചുബാധയോ മാരണമോ ഒക്കെ ആയി കാണുന്നവര്‍ ഇന്നുമുണ്ട്. അതിന്റെ പ്രതിവിധിയെന്നോണം ഇത്തരം രോഗങ്ങളുടെ സ്‌പെഷ്യലിസ്റ്റ് ചമയുന്ന കപട സ്വാമിമാരെയും മുല്ലമാരെയും സമീപിക്കുന്ന പതിവ് സജീവമായിരിക്കുന്നു. ഇതിനൊരുത്തമ ഉദാഹരണമാണ് നൂഹയുടെ കഥ. നൂഹക്ക് ഒരു വര്‍ഷത്തോളമായി ഭര്‍ത്താവ് നിസാറിനെ വല്ലാത്ത സംശയം. നിസാറിന്റെ അടുത്ത ബന്ധുവുമായി ബന്ധപ്പെടുത്തിയാണ് അത്. ഇതുകാരണം വീട്ടിലും പണിസ്ഥലത്തും അയാള്‍ക്ക് സൈ്വരജീവിതം ഇല്ലാതായി. ജോലി കഴിഞ്ഞ് വല്ലപ്പോഴും താമസിച്ചുവന്നാല്‍ അന്ന് അതുമതി പ്രശ്‌നത്തിന്. മാത്രവുമല്ല ജോലി ചെയ്യാന്‍ അനുവദിക്കാത്ത രീതിയില്‍ തുടരെ തുടരെ ഫോണ്‍ ചെയ്ത് ജോലി സ്ഥലത്ത് തന്നെ ഉണ്ടോ എന്ന് പരിശോധിക്കുന്നു. ഇതുപോലെ വീട്ടില്‍ തിരിച്ചെത്തിയാല്‍ ധാരാളം ചോദ്യങ്ങളും സംശയ പ്രകടനങ്ങളും നടത്തുന്നു. ഇതൊക്കെ കൊണ്ട് നിസാര്‍ മാനസികമായും ശാരീരികമായും തളര്‍ന്നു. കുടുംബബന്ധം താറുമാറായി. സംശയം മൂത്ത് ദേഷ്യവും വാശിയും അടിപിടിയും കൂടി കൂടി വന്നു.
നല്ല കുടുംബജീവിതം നയിക്കുന്നത് കണ്ട് അസൂയാലുക്കളായ ബന്ധുക്കള്‍ മാരണം ചെയ്തതാണെന്ന ചിന്തയില്‍ ആദ്യം ഇത്തരം ചികിത്സ നടത്തുന്ന മുല്ലയെ കാണിച്ചു. ആ സംശയം അയാള്‍ ഉറപ്പിച്ചു. ഇതിനു വേണ്ട മന്ത്ര കുതന്ത്രങ്ങള്‍ അയാള്‍ നിര്‍ദേശിച്ചു. ഇത് പാവം ദമ്പതികള്‍ പ്രയോഗത്തില്‍ വരുത്തി. പക്ഷേ, സംശയത്തില്‍ ഒരു മാറ്റവും കണ്ടില്ല. വീണ്ടും ഇതിലും പ്രസിദ്ധനായ മറ്റൊരു മുല്ലയെ കാണിച്ചു. ഇത് ആരും ചെയ്തതല്ലെന്നും ശരീരത്തില്‍ ബാധ കൂടിയതാണെന്നും അയാള്‍ പ്രഖ്യാപിച്ചു. അതുകൊണ്ട് ബാധ ഒഴിപ്പിക്കാന്‍ വേണ്ട മന്ത്ര കുതന്ത്രങ്ങള്‍ ചെയ്യണമെന്നും അത് നിശ്ചിത സമയത്തിലും ദിവസത്തിലും കഴിക്കണമെന്നും ആജ്ഞാപിച്ചു. ഇത് പ്രകാരം ഒരണുമണി വ്യത്യാസമില്ലാതെ അതൊക്കെ അവര്‍ ചെയ്തു. പക്ഷേ, സംഗതി തഥൈവ. ഇതിനിടയില്‍ ആരോ സൂചിപ്പിച്ച പ്രകാരമായിരുന്നു അവര്‍ എന്റെയടുത്തെത്തിയത്.
സംഭവം തീര്‍ത്തും സംശയരോഗമായിരുന്നു (Paranoid). പല വിധത്തിലുള്ള സംശയ രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്. അതിലൊന്നാണ് ഭാര്യക്ക് ഭര്‍ത്താവിനെയും അല്ലെങ്കില്‍ ഭര്‍ത്താവിന് ഭാര്യയെയും സംശയം. ഇതിന് വ്യക്തമായ യുക്തിയൊന്നും ഉണ്ടാവണമെന്നില്ല. പലപ്പോഴും ഇത് തോന്നല്‍ മാത്രമായിരിക്കും. എന്നിരുന്നാലും അവര്‍ യാഥാര്‍ഥ്യമെന്നപോലെ അത്തരം സംശയങ്ങളെ കാണുന്നു. വ്യക്തമായ തെളിവുകളോ ന്യായങ്ങളോ അവര്‍ക്ക് നിരത്താന്‍ സാധിക്കുന്നില്ലെങ്കിലും അവര്‍ പറയുന്ന മുടന്തന്‍ ന്യായങ്ങളും അപ്രധാന തെളിവുകളും അവര്‍ക്ക് വളരെ ശരിയാണെന്ന തോന്നല്‍ ഉണ്ടാക്കുന്നു എന്നതാണ് ഈ സംശയരോഗത്തിന്റെ കാതല്‍. അത്തരത്തില്‍ അവര്‍ക്കുണ്ടാകുന്ന ന്യായങ്ങളും തോന്നലുകളും ചിലപ്പോഴൊക്കെ തികട്ടിക്കൊണ്ടിരിക്കുകയും അത് സത്യമാണെന്ന് കണ്ടെത്തുന്ന തെളിവുകള്‍ സ്വരൂപിച്ചെടുക്കുകയും ചെയ്യുക ഈ രോഗത്തിന്റെ ഭാഗമാണ്. ഇതുതന്നെയായിരുന്നു നൂഹയില്‍ കണ്ടതും. ഇത് വ്യക്തമാക്കിക്കൊടുത്തപ്പോള്‍ നിസാറിന് കാര്യങ്ങള്‍ എളുപ്പം മനസ്സിലായി. വെറുതെ സമയവും പണവും നഷ്ടപ്പെടുത്തിയതിന് അയാള്‍ സങ്കടപ്പെട്ടു. രണ്ട് പ്രാവശ്യം തുടര്‍ച്ചയായി വന്നപ്പോള്‍ നല്ല ആശ്വാസം നൂഹയില്‍ കണ്ടുതുടങ്ങി. പക്ഷേ, അത് പെട്ടെന്നു തന്നെ അപ്രത്യക്ഷമായി. ഒരു ദിവസം വീട്ടുപടിക്കല്‍ ശുഭ വസ്ത്രധാരിയായ മറ്റൊരു മുല്ല വന്നു. അവള്‍ പത്തു രൂപ നല്‍കിയത്രെ! അത് തിരിച്ചു നല്‍കി മുല്ല പറഞ്ഞത്രെ ഇതു വാങ്ങാനല്ല ഞാന്‍ വന്നത്, ഇതിലെ പോകുമ്പോള്‍ ഇവിടെ എന്തോ ഒരു ദുശ്ശകുനം കണ്ടതുകൊണ്ട് കയറിയതാണ്. പൊതുവില്‍ അന്ധവിശ്വാസിയായ അവള്‍ ഇതു കേട്ടപ്പോള്‍ പൂര്‍ണമായും അയാളെ വിശ്വസിച്ചു. അവളുടെ സംശയവും അതുമായി ബന്ധപ്പെട്ട ആവലാതിയും ഒന്നൊന്നായി അയാളുടെ മുമ്പില്‍ നിരത്തി. ഇതൊക്കെ കേട്ട അയാള്‍ ശരിക്കും എരിതീയില്‍ എണ്ണയൊഴിച്ചു തുടങ്ങി. നിസാര്‍ അത്ര നല്ലവനല്ലെന്നും അയാള്‍ക്ക് അവര്‍ സംശയിക്കുന്നതുപോലെ അയാളുടെ അടുത്ത ബന്ധുവുമായി ബന്ധമുണ്ടെന്നും ആ സ്ത്രീ നിസാറിനെ കൈവിഷം നല്‍കി വശത്താക്കുമെന്നും മുല്ല ഉറച്ച സ്വരത്തില്‍ പ്രഖ്യാപിച്ചുവത്രെ. ശരിയായ രീതിയില്‍ കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ തീര്‍ച്ചയായും നീ കരയേണ്ടിവരുമെന്നും അഥവാ ഭര്‍ത്താവിനെ നഷ്ടമാകുമെന്നും അയാള്‍ ഗൗരവത്തില്‍ സൂചിപ്പിച്ചു. ഇതൊക്കെ കേട്ടപ്പോള്‍ അവര്‍ ആകെ അങ്കലാപ്പിലായി. അവളുടെ സംശയരോഗം പതിന്മടങ്ങ് ശക്തിപ്രാപിച്ച് പുറത്ത് ചാടി. ഭര്‍ത്താവിനെ തിരിച്ചു പിടിക്കാന്‍ വേണ്ട തന്ത്രമന്ത്രങ്ങള്‍ അറിയാന്‍ അവള്‍ക്ക് ജിജ്ഞാസയായി. മുല്ലയെ വിളിച്ച് അകത്തിരുത്തി അയാളോട് തന്റെ തോന്നലുകള്‍ തെളിവുസഹിതം വിവരിച്ചു. കിട്ടിയ ഇരയെ ശരിക്കും കൈയിലെടുക്കാന്‍ അയാള്‍ ചില പൊടിക്കൈകള്‍ പയറ്റി. അവള്‍ക്ക് ഇഷ്ടപ്പെട്ട കളര്‍ എന്താണെന്ന് ചോദിച്ചു. ചുകപ്പെന്നു മറുപടി കേട്ടയുടന്‍ ഞാന്‍ ഉദ്ദേശിച്ചത് തന്നെയാണ്. ഇത് നിന്റെ ജീവിതം മുഴുവന്‍ രക്തത്തിലാണെന്ന സൂചന തരുന്നു. നിന്റെ ശരീരം മുഴുവന്‍ ചുകപ്പാണ്. അപകട സൂചനയാണ്. പിന്നെ നല്ല സാന്ത്വന വാക്കും നല്‍കാന്‍ അയാള്‍ വിട്ടുപോയില്ല. സാരമില്ല- പോംവഴിയുണ്ട്. വീണ്ടും അയാള്‍ ആരാഞ്ഞു. മോള്‍ക്ക് ഇഷ്ടപ്പെട്ട നമ്പര്‍ ഏതാണ്. ഏഴ്- അതും അശുഭ ലക്ഷണമാണല്ലോ കാണിക്കുന്നത്. മാത്രവുമല്ല, വീടിന്റെ മുറ്റത്തുകൂടി പോക്കുവരവും കാണുന്നുണ്ട് (പ്രേതഭൂതാദികളുടെ പോക്കുവരവ്). മൊത്തത്തില്‍ പറഞ്ഞാല്‍ നിനക്ക് ശനിദശയാണ്. ഇതൊക്കെ ശരിയാകുമെന്ന വാഗ്ദാനത്തില്‍ അതിനു വേണ്ട ചെലവുകള്‍ കൈപ്പറ്റി നിശ്ചിത ദിവസത്തില്‍ വരാമെന്ന് പറഞ്ഞ് കടന്നുകളഞ്ഞു. പിന്നീട് ഒരിക്കലും അയാള്‍ വന്നില്ലെന്ന് മാത്രമല്ല, അയാള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ സ്വിച്ച് ഓഫായി കാണുകയുമായിരുന്നു.
ഇത്തരത്തില്‍ വീടിന്റെ പടിവാതില്‍ക്കല്‍ വന്ന് സൈ്വരജീവിതം നശിപ്പിക്കുന്ന വ്യാജ മുല്ലമാരെ തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന സത്യം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം