Prabodhanm Weekly

Pages

Search

2020 ജൂണ്‍ 05

3154

1441 ശവ്വാല്‍ 13

കോവിഡ് പ്രതിസന്ധിയും രാഷ്ട്ര വ്യാപനത്തിന്റെ വീണ്ടെടുപ്പും

റഫീഖ് അബ്ദുസ്സലാം

രാഷ്ട്രം ഇടപെടുകയല്ലാതെ നിവൃത്തിയില്ല എന്ന നിലയിലേക്ക് കൊറോണ പ്രതിസന്ധി നമ്മെ കൊണ്ടെത്തിച്ചിട്ടുണ്ട്. രോഗബാധയേല്‍ക്കാന്‍ സാധ്യതയുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനും അവരെ നിരീക്ഷിക്കാനും വ്യാപകമായി രോഗ പരിശോധന നടത്താനും ആശുപത്രികള്‍ നിര്‍മിച്ച് അവ സജ്ജമാക്കാനും ആവശ്യമെങ്കില്‍ സുരക്ഷാ ഏജന്‍സികളെയും സൈന്യത്തെയും രംഗത്തിറക്കാനും കമ്പനികളെ പണമിറക്കി രക്ഷിച്ചെടുക്കാനും പ്രതിസന്ധി കാരണം കഷ്ടപ്പെടുന്ന വിഭാഗങ്ങള്‍ക്ക് സഹായമെത്തിക്കാനുമൊക്കെ രാഷ്ട്രം തന്നെ വേണം. നമ്മുടെ നവ ലിബറലുകള്‍ ഇക്കാലമത്രയും വാദിച്ചുകൊണ്ടിരുന്നത് രാഷ്ട്രത്തിന്റെ ഇടപെടല്‍ പരമാവധി കുറയ്ക്കണം എന്നായിരുന്നല്ലോ. രാഷ്ട്രത്തിന് അവര്‍ മരണം വിധിച്ചില്ല എന്നേയുള്ളൂ.
ഒരു കാര്യം വളരെ വ്യക്തമായി. ജനതയെ സംബന്ധിച്ചേടത്തോളം പ്രതിസന്ധി ജീവന്മരണ പ്രശ്നമാണെന്ന് വരുമ്പോള്‍ രാഷ്ട്രത്തിന്റെ ഇടപെടലിന് നിയമസാധുത ലഭിക്കുന്നു. ഇടപെടല്‍ ചിലപ്പോള്‍ മൃദുലമാകാം, ചിലപ്പോള്‍ പരുക്കനാകാം. സുരക്ഷ, പൊതുതാല്‍പ്പര്യ സംരക്ഷണം എന്നിവയെ ആശ്രയിച്ചിരിക്കും ഇടപെടലിന്റെ സ്വഭാവം. ഹോബ്സിയന്‍ സമവാക്യമനുസരിച്ച് (ഇംഗ്ലീഷ് തത്ത്വചിന്തകന്‍ തോമസ് ഹോബ്സിലേക്ക് ചേര്‍ത്തിപ്പറയുന്നത്) 'കടല്‍ ഭൂതം' (ഘല്ശമവേമി) എന്ന് അദ്ദേഹം പേരിട്ടു വിളിക്കുന്ന രാഷ്ട്രത്തിന്റെ പരമാധികാരത്തിനും അധികാരശക്തിക്കും വഴങ്ങാന്‍ പൊതു ജനം നിര്‍ബന്ധിതരാണ്. ഒരു വന്‍ വിപത്ത് തങ്ങള്‍ക്കു മേല്‍ പതിക്കാനിരിക്കുന്നു എന്നു ഭയക്കുന്ന സന്ദര്‍ഭത്തിലാണ് ജനം ഈയൊരു നിലപാടില്‍ എത്തിച്ചേരുക. രാഷ്ട്രത്തിന് വിധേയപ്പെടാതിരുന്നാല്‍ ഇതിനേക്കാള്‍ വലിയ ദുരന്തമായിരിക്കും തങ്ങളെ കാത്തിരിക്കുന്നത് എന്നും ജനത്തിന് ബോധ്യം വന്നിരിക്കും. ഇംഗ്ലീഷ് ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഹോബ്സ് എഴുതുന്നത്, ജനം തങ്ങളുടെ കൈവശമിരിക്കുന്ന ശക്തിയുടെ എല്ലാ ഉപാധികളും രാഷ്ട്രത്തിന് സമര്‍പ്പിച്ചില്ലെങ്കില്‍  'എല്ലാവരും എല്ലാവരോടും യുദ്ധം ചെയ്യുന്ന' അവസ്ഥയുണ്ടാകും എന്നാണ്. ഇപ്പോഴത്തെ പശ്ചാത്തലം വെച്ചു വായിച്ചാല്‍, ഭരണകൂടം ഇടപെട്ടില്ലെങ്കില്‍ ഒരു പാട് ജീവനുകള്‍ കൊറോണ ബാധിച്ച് പൊലിഞ്ഞുപോകും എന്ന സ്ഥിതിവിശേഷം.
സ്വേഛാധികാര- അര്‍ധ സ്വേഛാധികാര രാഷ്ട്രങ്ങളില്‍ ഈ ഇടപെടല്‍ രാഷ്ട്രീയം വളരെ വേഗം നടപ്പാക്കാന്‍ കഴിയും. ജനാധിപത്യ - അര്‍ധ ജനാധിപത്യ രാജ്യങ്ങളിലാകട്ടെ മൃദുത്വത്തോടെ മാത്രമേ അത് നടപ്പാക്കാനാവൂ. അവിടങ്ങളിലും ചിലപ്പോള്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുക്കേണ്ടി വരും. ഇന്ത്യയിലും മറ്റു പലയിടങ്ങളിലും വീട്ടിലിരിക്കണമെന്ന നിര്‍ദേശം ലംഘിച്ച് തെരുവിലിറങ്ങിയവരെ പോലീസ് അടിച്ചോടിക്കുന്നത് നാം കണ്ടു. സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. പൊതുതാല്‍പ്പര്യത്തിന്റെ പേരില്‍ രാഷ്ട്രത്തിന്റെ ഇടപെടല്‍ എത്രത്തോളമാവാം? പ്രതിസന്ധി ഘട്ടത്തിലെ ഈ അധികാര പ്രയോഗം സാധാരണ നില കൈവരിച്ചതിനു ശേഷവും ഭരണകൂടങ്ങള്‍ തുടരില്ല എന്നതിന് എന്താണുറപ്പ്?
പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ തങ്ങളുടെ ആഭ്യന്തരവും ബാഹ്യവുമായ കാര്യങ്ങളില്‍ കര്‍ക്കശമായ ഇടപെടലുകള്‍ ആഗ്രഹിക്കും. നമ്മുടെ കാലത്ത് കാര്‍ക്കശ്യത്തിലും ശക്തിപ്രയോഗത്തിലും ദേശരാഷ്ട്രങ്ങളെ വെല്ലുന്ന മറ്റൊരു സംവിധാനവും ഇല്ല. നാം ജീവിക്കുന്ന കാലത്തെ 'സെക്യുലര്‍ ദൈവം' ആണത്. മുന്‍ കാലങ്ങളില്‍ ജനങ്ങളുടെ ആശ്രയം അവരുടെ തൊട്ടടുത്ത കുടുംബവും പിന്നെ അവരുള്‍പ്പെട്ട ഗോത്രവുമൊക്കെ ആയിരുന്നു. അതു കഴിഞ്ഞ് പലതരം സെക്യുലര്‍ - മത കൂട്ടായ്മകളില്‍ അവര്‍ വിശ്വാസമര്‍പ്പിച്ചു. ഈ ബന്ധങ്ങളെയെല്ലാം തകര്‍ത്തെറിയുകയോ വളരെയധികം ദുര്‍ബലപ്പെടുത്തുകയോ ആണ് ആധുനികത ചെയ്തത്. ഇപ്പോള്‍ നമുക്ക് മുമ്പിലുള്ളത് രാഷ്ട്രം എന്ന ഈ അതിശക്ത ബിംബമാണ്. ഒരര്‍ഥത്തില്‍ അത് അദൃശ്യമാണ്. വേണ്ടതൊക്കെയും നടപ്പാക്കാന്‍ അതെപ്പോഴും സന്നിഹിതവുമാണ്.
കോവിഡ് ബാധയോടെ രാഷ്ട്രം തിരിച്ചുവരുന്നു എന്ന മട്ടില്‍ ചിലര്‍ സംസാരിക്കുന്നുണ്ട്. അവരുടെ സംസാരം കേട്ടാല്‍ തോന്നും രാഷ്ട്രം ഇതുവരെ ഉണ്ടായിരുന്നില്ലെന്ന്. രാഷ്ട്രം തൊട്ടില്‍ മുതല്‍ ചുടല വരെ തങ്ങളോടൊപ്പമുണ്ടെന്ന കാര്യം ജനം തിരിച്ചറിയുക മാത്രമാണ് ചെയ്തിട്ടുള്ളത്. ജനന സര്‍ട്ടിഫിക്കറ്റും മരണ സര്‍ട്ടിഫിക്കറ്റും മേടിക്കുമ്പോള്‍, നിയമങ്ങള്‍ പാസ്സാക്കുമ്പോള്‍, അയല്‍ക്കാരനുമായി നമുക്കുള്ള പ്രശ്നത്തില്‍ ഇടപെടുമ്പോള്‍, ഇടപാടുകള്‍ നടത്തുമ്പോള്‍, തെരുവുകളിലും കലാലയങ്ങളിലും ജയിലുകളിലും ചെല്ലുമ്പോള്‍ ഈ ഭരണകൂടം നമ്മെ നിതാന്തമായി പിന്തുടരുന്നുണ്ടായിരുന്നു. ഇന്നത് മുമ്പത്തേക്കാള്‍ കൂടുതല്‍ ദൃശ്യതയും മൂര്‍ത്തതയും കൈവരിച്ച് നമുക്കു മുമ്പില്‍ നില്‍ക്കുന്നു എന്നു മാത്രം. മറ്റൊന്നും സംഭവിച്ചിട്ടില്ല. കാള്‍ സ്മിത്ത് ചുണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്. ഒരു രാഷ്ട്രം രാഷ്ട്രമെന്ന നിലക്ക് അതിന്റെ നിയമാനുസൃതത്വം നേടുന്നത് അസാധാരണ/ അടിയന്തര ഘട്ടങ്ങളെ നേരിടാന്‍ അതെത്രത്തോളം പ്രാപ്തമാണ് എന്ന് നോക്കിയാണ്. ഏതായാലും വരും വര്‍ഷങ്ങളില്‍ നാം കാണാനിരിക്കുന്നത്, അമേരിക്കന്‍ തത്ത്വചിന്തകന്‍ റോബര്‍ട്ട് നോസിക് ചൂണ്ടിക്കാട്ടിയ പോലെ, രാഷ്ട്രം പരമാവധി കുറച്ച് മാത്രം മതി എന്ന അമേരിക്കന്‍ നവലിബറല്‍ ആശയത്തിനു പകരം കൂടുതല്‍ കടുത്ത കേന്ദ്രീകരണത്തെയും രാഷ്ട്രവല്‍ക്കരണത്തെയുമാണ്.
കോര്‍പറേറ്റുകളുടെയും കമ്പോള ശക്തികളുടെയും താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങി വളരെ തന്ത്രപരമായും വ്യവസ്ഥാപിതമായും രാഷ്ട്രം പല മേഖലകളില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. അവയില്‍ ചില മേഖലകളിലേക്കെങ്കിലും തിരിച്ചുചെല്ലാന്‍ കൊറോണാനന്തരം രാഷ്ട്രം നിര്‍ബന്ധിതമാവുമെന്നുറപ്പാണ്. ഇതൊരു പുതുമയുള്ള കാര്യമല്ല. 2008-ല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ രാഷ്ട്രം ധാരാളം പണം പമ്പ് ചെയ്യുകയും സാമ്പത്തിക തകര്‍ച്ചക്ക് കാരണക്കാരായ ബാങ്കുകളുടെ മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്തിരുന്നു. സ്വതന്ത്ര കമ്പോളം സ്വയം അതിന്റെ തന്നെ ടൂളുകള്‍ ഉപയോഗിച്ച് ഭരണകൂടത്തിന്റെ യാതൊരു ഇടപെടലും കൂടാതെ (അദൃശ്യകരം എന്നാണ് ആദം സ്മിത്ത് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്) കാര്യങ്ങള്‍ നേരെയാക്കും എന്ന നവ ലിബറല്‍ കാഴ്ചപ്പാടിനു വിരുദ്ധമായിരുന്നല്ലോ ഈ ഇടപെടലും.  യഥാര്‍ഥത്തില്‍ രാഷ്ട്രം എങ്ങോട്ടും അപ്രത്യക്ഷമായിട്ടില്ല; എന്നിട്ടു വേണ്ടേ തിരിച്ചുവരാന്‍. രാഷ്ട്രം ഇടപെടുന്ന മേഖലകളുടെ വ്യാപനമാണ് സംഭവിക്കാനിരിക്കുന്നത് എന്നു പറഞ്ഞാല്‍ അത് ശരിയുമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി യൂറോപ്പിലെയും അമേരിക്കയിലെയും ഭരണകൂടങ്ങള്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ട്. ചെലവ് കുറക്കാനും കാര്യക്ഷമമായി നടത്താനും ഇതൊക്കെ സ്വകാര്യ സ്ഥാപനങ്ങളെ എല്‍പ്പിക്കുകയാണ് നല്ലതെന്ന ചിന്താഗതിയായിരുന്നു ഇതിനു പിന്നില്‍. ഇങ്ങനെ പല മേഖലകളില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ തന്നെ സമൂഹത്തിന്റെ സ്വകാര്യതകളിലേക്ക് പലവിധത്തില്‍ രാഷ്ട്രം കടന്നുകയറുന്നുമുണ്ടായിരുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ വ്യക്തികളുടെ സ്വകാര്യ ജീവിതം അത് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. 2001 സെപ്റ്റംബര്‍ പതിനൊന്നിലെ സംഭവങ്ങള്‍ക്കു ശേഷം പൗരന്മാര്‍ക്കു മേലുള്ള ഈ നിരീക്ഷണവും ചാരവൃത്തിയും കൂടുതല്‍ സങ്കീര്‍ണമായി. ഭീകരാക്രമണ ഭീഷണി തടയാനെന്ന പേരില്‍ രഹസ്യ- സുരക്ഷാ ഏജന്‍സികള്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കപ്പെട്ടു. കൊറോണ പടര്‍ന്നു പിടിച്ചപ്പോള്‍ ചൈന ആശഴ ഉമമേ എന്നൊരു നിരീക്ഷണ സംവിധാനം കൊണ്ടുവന്നു. ഓരോ പൗരന്റെയും ചലനങ്ങള്‍, ആരോഗ്യാവസ്ഥകള്‍, സാമ്പത്തികവും മറ്റുമായ ഇടപാടുകള്‍ ഇതെല്ലാം ഇതു വഴി കണ്ടെത്താനാവും. അമേരിക്ക തന്നെയും തങ്ങളുടെ പൗരന്മാരുടെ വിവരങ്ങള്‍ നല്‍കാന്‍ സ്വകാര്യ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നുവല്ലോ. മൊബൈലും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നവരെ നിരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ഇത്തരം  നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും കൊറോണാനന്തരവും തുടരുമോ? ജനാധിപത്യ രാജ്യങ്ങളില്‍ സുരക്ഷാ ഏജന്‍സികളും മനുഷ്യാവകാശ കൂട്ടായ്മകളും തമ്മിലുള്ള വടംവലിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കും. നേരത്തെ തന്നെ സ്വേഛാധിപത്യ ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന ഇടങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണവുമാവും. ഭരണകൂടങ്ങള്‍ എത്ര മഹദ് കൃത്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും തിന്മയിലേക്കൊരു ചായ്‌വും ഉന്മുഖതയും അവക്ക് സ്വതഃസിദ്ധമായുണ്ട്. നിയന്ത്രിച്ചില്ലെങ്കില്‍ അവ സര്‍വാധിപത്യപരമായിപ്പോകും എന്നര്‍ഥം. ആ നിയന്ത്രിക്കുന്ന ശക്തി രാഷ്ട്രത്തിനകത്തു തന്നെ വേണം. 'ഭരണം തനിച്ചായിപ്പോകുന്നത്' കരുതിയിരിക്കണമെന്ന് ഇബ്നു ഖല്‍ദൂന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാഷ്ട്രത്തിനകത്ത് ഒരു സമാന്തര ശക്തിയുണ്ടെങ്കിലേ ഭരണകൂടത്തെ വ്യതിചലനത്തില്‍ നിന്ന് തടയാനാവൂ എന്ന് മൊണ്ടസ്‌ക്യൂവും പറയുന്നുണ്ട്.
നിയോ ലിബറല്‍ തരംഗങ്ങളില്‍ പെട്ട് രാഷ്ട്രം പിന്‍വാങ്ങിയ വിദ്യാഭ്യാസം, ആരോഗ്യം, പൊതുസേവനം തുടങ്ങിയ അധിക മേഖലകളിലേക്കും കോവിഡാനന്തരം അത് തിരിച്ചെത്തിയേക്കും. ജനങ്ങളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉപജീവന മാര്‍ഗങ്ങളുമെല്ലാം സ്വതന്ത്ര കമ്പോളത്തിന്റെയും അതിന്റെ ലാഭനഷ്ട യുക്തിയുടെയും കാരുണ്യത്തിന് വിട്ടുകൊടുത്ത കാപിറ്റലിസത്തിന്റെ പൈശാചിക തേരോട്ടത്തിനു ശേഷം തീര്‍ച്ചയായും ഈ മടങ്ങിവരവ് ശരിയായ ദിശയില്‍ തന്നെയാണ്. ഈ പ്രതിസന്ധിയുടെ നന്മകളിലൊന്ന്, സാമൂഹിക നീതിയും അറിവ്, ധനം, ആരോഗ്യം പോലുള്ളവയുടെ വിതരണനീതിയും രാഷ്ട്രീയ സംവാദത്തിന്റെ മര്‍മസ്ഥാനത്ത് വീണ്ടും നിലയുറപ്പിക്കും എന്നതാണ്. വ്യക്തിസ്വാതന്ത്ര്യം, ലിബറല്‍ സംരംഭകത്വം, കമ്പോള ചലനാത്മകത ഇങ്ങനെ പലപല പേരുകളില്‍ അതൊക്കെ മറച്ചുവെക്കപ്പെടുകയായിരുന്നല്ലോ ഇതു വരെ.
പ്രതിസന്ധി തരണം ചെയ്യുന്നതില്‍ ലിബറല്‍ ജനാധിപത്യ രാഷ്ട്രങ്ങള്‍ പരാജയപ്പെട്ടുവെന്നും ചൈനീസ് മാതൃകയില്‍ ഇടപെടല്‍ നടത്തിയ രാഷ്ട്രങ്ങള്‍ വിജയിച്ചുവെന്നുമുള്ള ചര്‍ച്ചയും മറുവശത്ത് നടക്കുന്നുണ്ട്. ജനാധിപത്യം തോറ്റുവെന്നും സര്‍വാധിപത്യം ജയിച്ചുവെന്നുമുള്ള ഈ വാദഗതിക്ക് ഒട്ടേറെ തകരാറുകളുണ്ട്. ചൈനയേക്കാള്‍ മികച്ച രീതിയില്‍ കൊറോണാ വൈറസിനെ നേരിട്ട നിരവധി ജനാധിപത്യ രാജ്യങ്ങളുണ്ട്; ജര്‍മനി, ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്‌വാന്‍ പോലെ. ജയപരാജയങ്ങള്‍ക്ക് ഒറ്റ കാരണമേയുള്ളു എന്ന ഈ വാദഗതി ശരിയല്ല. ഇറ്റലി ഇക്കാര്യത്തില്‍ പരാജയപ്പെട്ടത് അതൊരു ജനാധിപത്യ രാജ്യമായതുകൊണ്ടല്ല. 2008-ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഇനിയും അതിന് മുക്തമാകാന്‍ കഴിയാതിരുന്നതുകൊണ്ടാണ്. അതു കാരണം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും മറ്റു പൊതുസേവന മേഖലകളിലും പണം മുടക്കുന്നതില്‍ ഇറ്റലി പിന്നോട്ടു പോയി. ജനസംഖ്യയില്‍ വൃദ്ധന്മാര്‍ വര്‍ധിക്കുന്നത് മറ്റൊരു കാരണം.  മുന്‍കരുതല്‍ നടപടികളെടുക്കുന്നതില്‍ ഭരണകൂടത്തിന് വേഗത പോരായിരുന്നു എന്നതും ഒരു കാരണമാണ്.
ഏതായാലും ഈ അര്‍ഥത്തിലെല്ലാമുളള രാഷ്ട്രത്തിന്റെ തിരിച്ചുവരവ് സുപ്രധാന നേട്ടം തന്നെയാണ്. പക്ഷേ അത് സര്‍വാധിപത്യ സ്വഭാവമാര്‍ജിക്കുന്നത് കരുതിയിരിക്കുക തന്നെ വേണം. രാജ്യത്തിനകത്ത് ഭരണകൂടത്തെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനമൊന്നുമില്ലെങ്കില്‍ അതാണ് സംഭവിക്കുക; അറബ് ലോകത്ത് സംഭവിക്കുന്നതു പോലെ. 

(മുന്‍ തുനീഷ്യന്‍ വിദേശകാര്യ മന്ത്രിയും അന്നഹ്ദ പാര്‍ട്ടിയുടെ സമുന്നത നേതാക്കളിലൊരാളുമാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (45-47)
ടി.കെ ഉബൈദ്‌

ഹദീസ്‌

ധ്യാനവും സേവനവും
ഫാത്വിമ കോയക്കുട്ടി