Prabodhanm Weekly

Pages

Search

2020 മെയ് 22

3153

1441 റമദാന്‍ 29

ഞങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി പോരാടുകയാണ്

നാസര്‍ ഊരകം, ദുബൈ 

കൊറോണ എന്ന മഹാമാരിയെ ഒരു ജലദോഷപ്പനിയായി കാണാന്‍ ഇറ്റലിക്കാരെയും അമേരിക്കക്കാരെയും പോലെ ഗള്‍ഫിലെ പ്രവാസികള്‍ പാകപ്പെട്ടുകഴിഞ്ഞു. ആദ്യ നാളുകളില്‍ മറ്റു ആളുകള്‍ക്ക് കോവിഡ് പോസിറ്റീവ്  ആയ വാര്‍ത്തകള്‍ കേട്ടിരുന്ന ഞങ്ങള്‍ക്കിന്ന്  സുഹൃത്തുക്കളുടെ  കോവിഡ്  ടെസ്റ്റ്  പോസിറ്റീവ്  ആകുന്നത് വാര്‍ത്ത അല്ലാതെ ആയിരിക്കുന്നു.  അടുത്ത ആളുകളുടെ മരണങ്ങള്‍ കേള്‍ക്കുമ്പോള്‍ പോലും ഞെട്ടല്‍ ഉണ്ടാകാതെ ആരും ഇവിടെ ശാശ്വതമല്ലെന്ന ബോധം ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ മനസ്സിനെ ശീലിപ്പിച്ചുകഴിഞ്ഞു.
സര്‍ക്കാരും മീഡിയയും നല്‍കുന്ന വാര്‍ത്തകള്‍ക്കുമപ്പുറമാണ് സത്യമെന്ന് കോവിഡ് കാലത്ത് ലോകത്തുള്ള എല്ലാ ജനങ്ങളും തിരിച്ചറിയുന്നുണ്ട്. ഇത്രയും ഭയാനകമായ ഒരു മഹാമാരിയെ ചൈനീസ് മാധ്യമങ്ങള്‍ നിസ്സാരവല്‍ക്കരിച്ചതാണ് ഈ തിരിച്ചറിവിന് കാരണം. വാര്‍ത്താ സ്വാതന്ത്ര്യമുള്ള കേരളത്തില്‍ പോലും കോവിഡ് രാഷ്ട്രീയത്തെ കുറിച്ച്  മിണ്ടാന്‍ പാടില്ലെങ്കില്‍  ജനാധിപത്യമില്ലാത്ത ചൈനയിലും മറ്റും എന്തായിരിക്കും സ്ഥിതി  എന്ന്  ഊഹിക്കാവുന്നതല്ലേ ഉള്ളു.
ഇവിടെ പ്രവാസികള്‍ മറ്റൊരു വിപ്ലവം സൃഷ്ടിക്കുകയാണ്. സ്വന്തം ജീവന്‍ പോലും നോക്കാതെ സേവന രംഗത്ത് പ്രവാസികളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ കര്‍മരംഗത്താണ്. കോവിഡ്  രോഗം സ്ഥിരീകരിച്ചാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അവിടെ ബെഡ് കാലിയില്ല, ഐസൊലേഷന്‍ സെന്ററുകളും നിറഞ്ഞു കവിയുന്നു. ആംബുലന്‍സിന് വിളിച്ചു  ദിവസങ്ങള്‍ കാത്തിരുന്നു വേണം റൂമില്‍  നിന്നും ഐസൊലേഷന്‍ സെന്ററിലേക്ക് മാറ്റാന്‍. അപ്പോഴേക്കും കൊറോണ എന്ന വൈറസ് മറ്റുള്ളവരിലേക്ക് പകര്‍ന്നിരിക്കും. അവരെ  ടെസ്റ്റ് ചെയ്യിക്കണം, പോസിറ്റീവാണെങ്കില്‍ ആംബുലന്‍സ് വിളിക്കണം.
ദുബൈയിലെ വര്‍സാനില്‍ പത്തിലധികം കെട്ടിടങ്ങള്‍ ഇതിനകം ഇന്ത്യന്‍ സമൂഹം തന്നെ മുന്നോട്ടു വന്ന് ഐസൊലേഷന്‍ സെന്ററാക്കി മാറ്റിയിട്ടുണ്ട്. ജബല്‍ അലിയിലും മുഹൈസിനയിലും ഷാര്‍ജയിലെ സജയിലുമെല്ലാം ഐസൊലേഷന്‍ സെന്ററുകള്‍ തയാറായിക്കൊണ്ടിരിക്കുന്നു. അധികൃതരോടൊപ്പം ഇതിന്റെയെല്ലാം ഒരുക്കങ്ങള്‍ നടത്തുന്നത് മലയാളികള്‍ തന്നെ. ഐസൊലേഷന്‍ സെന്ററുകളിലെ ശുചീകരണ ജോലി വരെ ചെയ്യുന്നത് പ്രവാസികളാണ്. അവരില്‍ ഇവിടെ കുടുംബങ്ങള്‍ ഉള്ളവരുണ്ട്. അവര്‍ കുടുംബത്തോടൊപ്പം താമസിക്കാതെ ഐസൊലേഷന്‍ സെന്ററില്‍ തന്നെ താമസിച്ചാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാകുന്നത്.
ഐസൊലേഷന്‍ സെന്ററിലെയും ക്വാറന്റൈന്‍ സെന്ററിലെയും ആളുകള്‍ക്ക് ഗവണ്‍മെന്റ് നല്‍കുന്ന ഭക്ഷണം വിതരണം ചെയ്യാനും പ്രവാസികള്‍ തന്നെയാണ് മുന്‍പന്തിയില്‍. രോഗം സംശയിക്കുന്നവരെ കണ്ടെത്താനും അവര്‍ക്ക് വൈദ്യ പരിചരണം എത്തിക്കാനും എത്രയോ യുവജനങ്ങള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു.
കേരളത്തിലെ കൊറോണാ വൈറസ് വ്യാപനത്തിന്റെ  കാരിയറായി മുദ്ര ചാര്‍ത്തി പ്രവാസിയെ വില്ലനായി കണ്ടുവെങ്കിലും ലോക്ക് ഡൗണോടു  കൂടി കൊറോണാ വ്യാപനം നിയന്ത്രണവിധേയമായപ്പോള്‍ ആ വികാരം കുറഞ്ഞു വരുന്നുണ്ട്. ഇന്ന് പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്  കേരളത്തിലെയും കേന്ദ്രത്തിലെയും രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നും പ്രവാസികള്‍ മനസ്സിലാക്കുന്നു.
ഏതാണ്ട് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പുറത്തിറങ്ങി നടക്കുന്നതിനു വിലക്കുകള്‍ ഭാഗികമായി നീക്കിയിട്ടുണ്ട്. പക്ഷേ അപരന്റെ വിശപ്പകറ്റുന്നതിന് ഈ വിലക്കുകള്‍ അവര്‍ക്ക് വിലങ്ങാവുന്നില്ല. വിശന്നു കഴിയുന്നവരെ കണ്ടെത്താനും ഭക്ഷണമെത്തിക്കാനും മത്സരമാണിവിടെ. ആഹാര സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട് എല്ലായിടത്തും. എന്നാല്‍ ഭക്ഷണശാലകള്‍ തുറന്നിടാനുള്ള സര്‍ക്കാര്‍ അനുമതി കീശയില്‍ കാശില്ലാതെ വിശന്നു കഴിയുന്നവരെ ഊട്ടാനുള്ള അവസരമായാണ് അവരിലേറെ പേരും വിനിയോഗിക്കുന്നത്.
ഒരുപാട് വയറുകളെ ഊട്ടുന്നവരായിരുന്നു ഓരോ പ്രവാസിയും. സ്വന്തം വീട്ടില്‍, പണ്ടു പഠിച്ച സ്‌കൂളില്‍, പള്ളിയില്‍, അനാഥമന്ദിരത്തില്‍ എന്നിങ്ങനെ നാടിന്റെ  മുക്കുമൂലകളില്‍ പ്രവാസിയുടെ വിയര്‍പ്പുതുള്ളികള്‍ പ്രകാശം പരത്തുന്ന മുത്തുകളായി വിളങ്ങി നിന്നിരുന്നു. ഇന്ന് ആഴ്ചകളായി തൊഴിലിനു പോകാനാവാതെ, ഭാവിയെ എങ്ങനെ അഭിമുഖീകരിക്കും എന്ന് ആശങ്കപ്പെടുന്ന നൂറുകണക്കിന് പേര്‍ ഗള്‍ഫ് നാടുകളിലുണ്ട്. പക്ഷേ ഉള്ളതില്‍ പാതി അവര്‍ക്കായി നീക്കിവെക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു എന്നത് സ്വാര്‍ഥത ശക്തമാവുന്ന ഈ രോഗാതുര കാലത്തും പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കുന്നു.
നാടിന്റെ  നട്ടെല്ലായ പ്രവാസികളെ ഈ സന്ദിഗ്ധ ഘട്ടത്തില്‍ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്. ചേക്കേറിയ ഇടങ്ങളില്‍ എന്തെങ്കിലുമൊരു ആധിയുണ്ടാകുമ്പോള്‍ സ്വന്തം മണ്ണിന്റെ സുരക്ഷിതത്വത്തിലേക്ക് തിരികെയെത്തണമെന്ന് അവര്‍ ആശിച്ചുപോയെങ്കില്‍ അതിലെന്താണ് പ്രശ്നം? ആധി  വന്നാല്‍ സ്വന്തം വീട്ടിലേക്കല്ലാതെ എവിടേക്കാണ് തിരിച്ചു ചെല്ലുക? കൊറോണ പിടിപെട്ട പ്രവാസികള്‍ നാടണയുമ്പോഴും കൂടണയുമ്പോഴും അവരെ സ്വീകരിക്കുന്നതിനു പകരം തീണ്ടാപ്പാടകലെ നിര്‍ത്തി ചാപ്പ കുത്തുമ്പോള്‍ കേരളം ഓര്‍ക്കേണ്ടത് പ്രവാസികള്‍ കൊണ്ട വെയിലാണ് കേരളം അനുഭവിക്കുന്ന തണല്‍ എന്നാണ്.
ഡയസ്പോറ സമൂഹങ്ങളില്‍ പകര്‍ച്ചവ്യാധിയുടെ വ്യാപനം നിയന്ത്രിക്കുക പ്രയാസകരമാണ്.  ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ വന്നിറങ്ങുന്ന സംഗമ ഭൂമികയാണ് ഗള്‍ഫ്, പ്രത്യേകിച്ച് ദുബൈ. ഇത്രയും വ്യത്യസ്ത ജനവിഭാഗങ്ങള്‍ ഇട കലര്‍ന്നു ജീവിക്കുന്ന ഒരു ഡയസ്പോറ ലോകത്ത് വേറെയുണ്ടാകില്ല; മാത്രവുമല്ല വിനോദ സഞ്ചാരികളുടെ വിഹാര ഭൂമികയും. മലയാളികള്‍ കൂടുതലുള്ളതുകൊണ്ട് ദുബൈയിലെ മലയാളി പ്രവാസികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ തോത് കൂടുതല്‍ കാണുക സ്വാഭാവികം.
ഗള്‍ഫിലെ കോവിഡ് ബാധിതരില്‍ മലയാളികളുടെ  എണ്ണം പത്ത് ശതമാനമാണ്. മരണനിരക്കും ഇതു തന്നെ. കേരളത്തിലെ കോവിഡ് രോഗികളുടെയും മരണ നിരക്കിന്റെയും എത്രയോ ഇരട്ടിയാണ് ഗള്‍ഫിലെ മലയാളികളുടെ കണക്ക്.  അവരെ  പരിചരിക്കുന്ന കാര്യത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ എന്തു ചെയ്തു എന്നാണ്  പ്രവാസികളുടെ ഇന്നത്തെ ചോദ്യം. അറബികള്‍ പോലും  നിങ്ങളുടെ നാട്ടിലേക്ക് എന്തുകൊണ്ട് പോകുന്നില്ലെന്ന ചോദ്യവുമായി വരുന്നുണ്ട്. സാമൂഹിക സംഘടനകളും വ്യക്തികളും നല്‍കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രവാസികള്‍ക്കെന്ന പോലെ സര്‍ക്കാരിനും ആശ്വാസമാണ്. ദുബൈയിലെ 'വുഹാന്‍' ആയ   നായിഫ് മേഖലയിലെ കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവരെ പരിശോധന നടത്താനും മുന്നില്‍ നിന്നത് മലയാളി ഉടമസ്ഥതയിലുള്ള ആശുപത്രികളാണ്. രോഗം കണ്ടെത്തിയവരെ  മാറ്റി താമസിപ്പിക്കാന്‍ വര്‍സാനില്‍ കെട്ടിടങ്ങള്‍ ഒരുക്കിയത്  പ്രവാസി വ്യവസായികളും സംഘടനകളുമാണ്. ഈ പദ്ധതി നായിഫില്‍ നിന്ന് രോഗം അടുത്ത പ്രദേശങ്ങളിലേക്ക് പകരുന്നത് തടഞ്ഞു.
ജോലി ഇല്ലാതെ കഴിയുന്ന മലയാളികള്‍ക്ക് ഭക്ഷണം നല്‍കാനും ചികിത്സ നല്‍കാനും ഓടി നടന്ന് പ്രവാസി സംഘടനകള്‍ കോവിഡ് പ്രതിരോധത്തില്‍ വ്യാപൃതരാണ്. യു. എ. ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് മില്യന്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്നത് പ്രവാസി സംഘടനകളെയാണ്. ജോലി ഇല്ലാതെയും ശമ്പളം ഇല്ലാതെയും  നാട്ടിലേക്കുള്ള വിമാനമിരമ്പല്‍  കാത്ത് കഴിയുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുന്നുണ്ട് സര്‍ക്കാരിന്റെ ഭക്ഷണപ്പൊതികള്‍.
കൊറോണ ബാധിച്ച് മരണമടഞ്ഞവരെ പ്രോട്ടോക്കോള്‍ പ്രകാരം ഇവിടെ തന്നെ സംസ്‌കരിക്കുമ്പോള്‍ മറ്റു കാരണങ്ങളാല്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഇന്ത്യാ ഗവണ്‍മെന്റ് അനാവശ്യ നിബന്ധനകള്‍ വെച്ചു ബുദ്ധിമുട്ടിക്കുന്നു.   
ഏപ്രില്‍ മുതല്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ക്കെന്ന പോലെ അധ്യാപകര്‍ക്കും  രക്ഷിതാക്കള്‍ക്കുമെല്ലാം പുതിയ അനുഭവമായി ഓണ്‍ ലൈന്‍ ക്ലാസ്സ്  മുറികള്‍. കൊറോണ സൃഷ്ടിച്ച പുതിയ ജീവിത ശൈലിയാണ് വര്‍ക്ക് അറ്റ് ഹോമും സ്റ്റഡി ഓണ്‍ലൈനും. കോവിഡ് കാലം കഴിഞ്ഞാലും ഈ രണ്ട് മാറ്റങ്ങള്‍ പൂര്‍ണമായി തിരിച്ചുപോകാതെ ഭാഗികമായി തുടരുമെന്നാണ് വിദഗ്ധര്‍  പറയുന്നത്.  യു. എ. ഇയിലെ ചെറുകിട കച്ചവടക്കാരില്‍ അധികവും മലയാളികളാണ്. കോവിഡ്  കാരണം ഈ  രംഗത്ത് വലിയ തകര്‍ച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.  ഈ മേഖലയിലെ മിക്ക തൊഴിലാളികള്‍ക്കും  തൊഴില്‍ നഷ്ടപ്പെടും. കമ്പനികളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസിലും  വാടകയിലുമെല്ലാം ഇളവ് അനുവദിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിസിറ്റ് വിസയില്‍ ജോലി അന്വേഷിച്ചു വന്ന നിരവധി തൊഴില്‍ അന്വേഷകര്‍ ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട്. വിസയുടെ കാലാവധി തീരുന്നവരുടെ പിഴ ഒഴിവാക്കി കൊടുക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും തൊഴില്‍ ലഭിക്കുക സ്വപ്‌നം തന്നെയാകും.
മക്കളെ കാണാന്‍ വന്ന മാതാപിതാക്കള്‍ ഗള്‍ഫിലും  സുഖമില്ലാത്ത മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ പോയ പ്രവാസികള്‍ നാട്ടിലും ലോക്ക് ഡൗണില്‍ അകപ്പെട്ട സംഭവങ്ങള്‍  നിരവധിയാണ്. ഗര്‍ഭിണിയായ ഭാര്യയെ ഒറ്റക്ക് ഫ്ളാറ്റിലാക്കി  പി. എസ്. സി പരീക്ഷ എഴുതാന്‍ പോയി നാട്ടില്‍ കുടുങ്ങിപ്പോയ ഭര്‍ത്താവുണ്ട്. നാട്ടില്‍ പോയി പ്രസവിക്കാന്‍ തയാറായി നിന്നിരുന്ന നിരവധി സ്ത്രീകള്‍ ഇവിടെ കുടുങ്ങി കിടക്കുകയാണ്. ഏഴ് മാസം ഗര്‍ഭമായാല്‍ അയാട്ട (AYATA) നിയമപ്രകാരം വിമാന യാത്ര ചെയ്യാന്‍ കഴിയില്ല. അതു പ്രകാരം  ഈ മാസാവസാനമോ അടുത്ത മാസമോ  വിമാന സര്‍വീസ് തുടങ്ങിയാല്‍ തന്നെ പല ഗര്‍ഭിണികള്‍ക്കും ഇവിടെ തന്നെ പ്രസവിക്കേണ്ടി വരും.  ഇവിടത്തെ ആശുപത്രികളിലെ പ്രസവ വാര്‍ഡിലെ ബെഡുകളെല്ലാം ഡിസംബര്‍ വരെ ബുക്ക്ഡാണ്. ബെഡ് കിട്ടിയാല്‍ തന്നെ രണ്ട് ലക്ഷത്തിലധികം വരുന്ന ആശുപത്രി ബില്‍ താങ്ങാന്‍ ആര്‍ക്കു കഴിയും?  ഇന്‍ഷുറന്‍സ് എടുക്കാത്തവരാണ് അധിക പ്രവാസി സ്ത്രീകളും.
യു. എ. ഇയുടെ സാമ്പത്തിക മേഖലക്ക് ഉത്തേജനമാകുമെന്ന് കരുതിയിരുന്ന എക്സ്പോ 2020 മാറ്റിവെച്ചത് ഇരട്ടി പ്രഹരമാണ് ഉണ്ടാക്കിയിട്ടുള്ളത്. അമേരിക്കയെയും ചൈനയെയും ഒരുപോലെ ആശ്രയിച്ചു കഴിയുന്ന ഗള്‍ഫ് സാമ്പത്തിക മേഖല ഉണര്‍ന്നു വരാന്‍ താമസമെടുക്കുമെന്നത് ഉറപ്പാണ്.  ഇത് സൂചിപ്പിക്കുന്നത് കോവിഡ് ഭീഷണി നീങ്ങിയാലും വിലക്കയറ്റം തുടരും എന്നാണ്. വ്യവസായ രംഗത്തും തൊഴില്‍ രംഗത്തും ദീര്‍ഘകാലം കൊറോണാ ബാധ തുടരും.
തിരിച്ചുപോകാന്‍ സന്നദ്ധതയുള്ളവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംഘടനകളും കേരള സര്‍ക്കാരിന്റെ നോര്‍ക്കയും കേന്ദ്ര സര്‍ക്കാരിന്റെ എംബസിയും ആവശ്യപ്പെട്ട പ്രകാരം ഫോമുകള്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന്  അവസാനം രജിസ്റ്റര്‍ ചെയ്തതിന്റെ പത്തു ശതമാനം പോലും കൊണ്ടുപോകാനുള്ള വിമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഷെഡ്യൂള്‍  ചെയ്തിട്ടില്ല. യുദ്ധസഹജമായ സാഹചര്യത്തില്‍ സൗജന്യമായി കൊണ്ടുപോകേണ്ടിടത്ത് സാധാരണയേക്കാളും വലിയ തുക ഈടാക്കിയാണ് ദേശീയ എയര്‍ലൈന്‍ പ്രവാസികളെ തിരിച്ചുകൊണ്ടുപോകുന്നത്. രോഗികളും ഗര്‍ഭിണികളും ഈ പട്ടികയില്‍ നിരവധിയാണ്. പത്ത് ശതമാനം പ്രവാസികള്‍ മാത്രമേ ഇതിലെല്ലാം രജിസ്റ്റര്‍ ചെയ്തിട്ടുള്ളു. നാട്ടില്‍ ചെന്നാല്‍ സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ കിടക്കേണ്ടി വരുമെന്ന് കരുതി രജിസ്റ്റര്‍ ചെയ്തവരില്‍ പലരും പിന്മാറിയിട്ടുണ്ട്. ജോലി ഇല്ലാതിരുന്നിട്ടും പട്ടിണി കിടന്നിട്ടും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ അധിക പേരും തയാറാവാത്തത് പെറ്റമ്മയേക്കാളും പോറ്റമ്മയാണ് നല്ലതെന്ന വിചാരം പ്രവാസികള്‍ക്കുള്ളതു കൊണ്ടാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (42-44)
ടി.കെ ഉബൈദ്‌