Prabodhanm Weekly

Pages

Search

2020 മെയ് 22

3153

1441 റമദാന്‍ 29

പെരുന്നാള്‍ മഹത്തായ അനുസരണമാണ്

ബാബുലാല്‍ ബശീര്‍

റമദാന്‍ പോലെ വിശ്വാസിയുടെ ജീവിതം ഇത്രമേല്‍ കര്‍മോത്സുകമാവുന്ന മാസം വേറൊന്നില്ല. റമദാനിന്റെ അമ്പിളി മാനത്തുദിച്ചതു മുതല്‍ ശവ്വാലിന്റെ വരവറിയുന്നതു വരെ, ഒരു ഒഴുക്കായിരുന്നു. പ്രഭാതവും പ്രദോഷവും നന്മയുടെ വസന്തം വിരിയുന്ന മാസം. മനുഷ്യന്‍ അഥവാ  ഇന്‍സാന്‍ മറവിയുടെ കോശങ്ങളെ കരിച്ചു കളഞ്ഞ്, നിന്നും ഇരുന്നും കിടന്നും ദൈവസ്മരണ കൊണ്ട് (ആലു ഇംറാന്‍ 191) ഓര്‍മകളെ തിരിച്ചു പിടിച്ച മാസം. വയറും നാവും പൂട്ടിയിട്ട മാസം. അതാണല്ലോ സ്വൗമും സ്വിയാമും ഇബ്‌ലീസിന്റെ അവസാനത്തെ താഴിനും പൂട്ടിടും എന്ന് പറയുന്നത്. തിന്മകളുടെ പ്രഭവ കേന്ദ്രങ്ങളില്‍ കൈവെച്ചു കൊണ്ടാണ് ഇബ്‌ലീസിന്റെയും നാഥന്‍, ഇബ്‌ലീസിന്റെ ആയുധങ്ങള്‍ ഇല്ലാതാക്കുന്നത്. പിന്നെ, നന്മയുടെയും സഹാനുഭൂതിയുടെയും കൊയ്ത്തുത്സവമാണ്. മനസ്സ് പാകപ്പെടുമ്പോള്‍,  കാവലില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കുന്നതു പോലെ, വിശ്വാസികള്‍ മത്സരിച്ചു മുന്നേറുന്നുണ്ടാവും. 'അവരാണ് ഇവിടെയും അവിടെയും മുന്നേറ്റക്കാര്‍. ദിവ്യസാമീപ്യം സിദ്ധിച്ചവര്‍. അനുഗൃഹീത സ്വര്‍ഗസ്ഥര്‍' (അല്‍ വാഖിഅ 10-12). മത്സരിക്കുന്നവരൊക്കെ (മുന്നേറ്റക്കാരാവാന്‍) മത്സരിക്കട്ടെ എന്നാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.
റമദാന്‍ തന്നില്‍ നിന്നകന്നുപോകുന്നത്  വിശ്വാസിയുടെ ഹൃദയത്തിന്റെ താളവും കൊണ്ടായിരിക്കും. അവന്റെ മിടിപ്പുകള്‍ക്ക് വല്ലാത്ത വേഗവും ചിലപ്പോഴൊക്കെ കിതപ്പുമായിരുന്നല്ലോ. ഖുര്‍ആനിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഓലയുടെ പച്ച മടല്‍ കത്തുക എന്നൊരു അവസ്ഥയാണത്. പടപടാ മിടിക്കും. ചിലപ്പോഴൊക്കെ പൊട്ടും. തീയുടെ സ്വാഭാവികതക്ക് അതിനെ വേഗത്തില്‍ എരിച്ചുകളയുക സാധ്യമല്ല. ഈമാനിന്റെ തോതുയര്‍ന്ന്, ഉയര്‍ന്ന് അത് അസാധ്യമായ അവസ്ഥ പ്രാപിക്കും. മാലാഖമാര്‍ക്ക് പോലും അപ്രാപ്യമായ ഒരവസ്ഥ. അപ്പോള്‍ മാലാഖമാരെ കാവല്‍ നിര്‍ത്തി അല്ലാഹു ആയിരം മാസത്തേക്കാള്‍ വിശിഷ്ടമായ ഒരു രാത്രിയില്‍ അവര്‍ക്കു മറക്കാനാവാത്ത വിരുന്നൊരുക്കും. അല്ലാഹുവിന്റെ വിധിപുസ്തകത്തില്‍,  'സമാധാനം' (അല്‍ഖദ്ര്‍ 5) അവര്‍ക്ക് സമ്മാനിക്കപ്പെടും.
വീടകന്നുപോകുന്ന പ്രിയപ്പെട്ടവനെ സലാം ചൊല്ലി യാത്രയാക്കുമ്പോള്‍, ആ കണ്ണീരുപ്പില്‍ പെരുന്നാളിന്റെ ഇത്തിരി മധുരം ചേര്‍ത്തു വെക്കാന്‍ ശവ്വാലമ്പിളിയോട് അതിന്റെ നാഥന്‍ പറയും. അല്ലാഹുവാണ് വലിയവന്‍ എന്ന അറിയിപ്പോടു കൂടി കാതോട് കാതോരം അതിങ്ങനെ അലയടിക്കും. കരച്ചില്‍ അല്‍പം ചിരിക്കു വഴിമാറേണ്ടുന്ന സന്ദര്‍ഭം. ഒരു അനുസരണയുള്ള ഭാവമാറ്റം. അനുസരണം അങ്ങനെയാണ് ഇബാദത്ത് ആവുന്നത്. 'അല്ലാഹുവിനു വേണ്ടി' എന്നതാണതിന്റെ അടിസ്ഥാനം. അവന്‍ പറഞ്ഞത് മാതിരി എന്നതാണതിന്റെ വഴി. അവന്‍ പറഞ്ഞാല്‍ വിശ്വാസി കരയും. ചിരിക്കാന്‍ പറഞ്ഞാല്‍ ചിരിക്കും. ആഘോഷിക്കാന്‍ പറഞ്ഞാല്‍ ആഘോഷിക്കും. ആഘോഷ ദിവസം നോമ്പ് ഹറാം എന്ന് പറഞ്ഞാല്‍ ഇന്നലെ വരെ സ്‌നേഹിച്ചതിനെ അവനു വേണ്ടി വേണ്ടെന്നു വെക്കും. അതാണ് ഈദ്. കേന്ദ്രം അല്ലാഹുവാണ്. ചോദ്യങ്ങള്‍ ഇല്ല. മനുഷ്യന്റെ എല്ലാ ബോധ്യത്തിന്റെയും താക്കോല്‍ അവനാണ് സൂക്ഷിക്കുന്നത്. മണ്ണിനോട് ബന്ധിതമായ എല്ലാ അവസ്ഥകളെയും വിണ്ണിന്റെ ഇഷ്ടത്തോട് ചേര്‍ത്തു വെച്ച്, മനുഷ്യന്റെ ഔന്നത്യത്തിനു മാറ്റ് കൂട്ടുകയാണ്, റമദാന്‍ വിടപറഞ്ഞു കടന്നു വരുന്ന ഓരോ ഈദുല്‍ ഫിത്വ്‌റും. സമര്‍പ്പണത്തിന്റെ സന്തോഷമാണത്. അടിമത്തം അല്ലാഹുവിനാണ് എന്ന് വിശ്വാസി ഉറക്കെ ഉദ്ഘോഷിക്കുന്ന സമ്മോഹന ദിവസം.
റമദാന്‍ നോമ്പിനു ശേഷം ഈദ് കടന്നു വരുന്നത് ഈദുല്‍ ഫിത്വ് ര്‍ ആയിട്ടാണ്. നോമ്പുകാലം ഊട്ടലിന്റെ കാലം തന്നെയായിരുന്നു. കൈയയച്ചു സഹായിച്ചും കിറ്റുകളായും അത് പട്ടിണിയെ വിളിപ്പാടകലെ നിര്‍ത്തി. പട്ടിണി ലോകം കീഴടക്കുമ്പോള്‍, സഹാനുഭൂതിയുടെ കഥകളാണ് മുസ്ലിം സമുദായത്തിന്റെ കരുത്ത്. അയല്‍വാസിയുടെ പട്ടിണിയെ ജാതിമതഭേദമന്യേ വിശ്വാസത്തിന്റെ മാറ്റ് ആക്കിയത് ഇസ്ലാമിന്റെ പ്രവാചകനാണ്. കറിയില്‍ വെള്ളം കൂട്ടി, പട്ടിണിയെ വിഭജിച്ചു തോല്‍പിക്കണമെന്ന വലിയ സാമൂഹിക പാഠം റസൂലിന്റേതാണ്. നാല്‍പതു വീടുകളോളം കയറിയിറങ്ങി ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചതിനു ശേഷം മാത്രം ഭക്ഷിച്ചിരുന്ന അനുയായിവൃന്ദം പുണ്യപ്രവാചകന്റേതായിരുന്നു. അന്യന്റെ വിശപ്പിനെ ഇത്രമേല്‍ അറിയാന്‍ നോമ്പെന്ന പുണ്യകര്‍മത്തെ അവസരമാക്കിയതും ഇസ്ലാമാണ്. ആ ആവനാഴിയിലെ അവസാനത്തെ അമ്പാണ്, ഈദുല്‍ ഫിത്വ്ര്‍ സാധുവാകണമെങ്കിലുള്ള ഫിത്വ്ര്‍ സകാത്ത്. നടുക്ക് ആഘോഷവും ചുറ്റും വിശപ്പും എന്നതാണ് ഈ കാലം. ആഘോഷം കുറേ പേര്‍ക്കു മാത്രം വിട്ടുകൊടുക്കാന്‍  ഇസ്ലാം ഉദ്ദേശിക്കുന്നില്ല. എല്ലാവര്‍ക്കും കുറച്ചെങ്കിലും എന്നത് ഇസ്‌ലാം മാത്രം മുന്നോട്ടു വെക്കുന്ന ജീവല്‍ പദ്ധതിയാണ്. ഈദ് മുസ്വല്ലയിലെ സുജൂദ് സ്വീകരിക്കപ്പെടണമെങ്കില്‍ മനുഷ്യനോടുള്ള ബാധ്യത പൂര്‍ത്തീകരിക്കപ്പെടുക തന്നെ വേണം. അതാണീ ദീനിനെ മഴവില്ലുപോലെ മനോഹരമാക്കുന്നതും.
ഈദ് ഒരു ഇബാദത്താണ്. ജീവിതം മൊത്തത്തില്‍ ഇബാദത്താണെന്ന് പ്രഖ്യാപിച്ച ഒരു ദര്‍ശനത്തിന് ഒഴിവാക്കാന്‍ ഒന്നുമില്ല. നമസ്‌കാരത്തില്‍ കൈകെട്ടി  നിന്ന് പറയുന്നതും മറ്റൊന്നല്ലല്ലോ, 'എന്റെ നമസ്‌കാരം, എന്റെ ബലി, എന്റെ ജീവിതവും മരണവും എല്ലാം ലോകരക്ഷിതാവായ റബ്ബിനാണ്.' സന്തോഷദായകമാണ് ഈദിന്റെ നിമിഷങ്ങള്‍. പുത്തനുടുപ്പും പുതുമണവും നെഞ്ചോടു നെഞ്ച് ചേര്‍ത്ത് ആശംസ കൈമാറലും തുടങ്ങി സമൃദ്ധമായ ഭക്ഷണവും ബന്ധു സന്ദര്‍ശനങ്ങളും. അല്ലാഹുവിന്റെ സമ്മാനമാണത്. അത് കലര്‍പ്പില്ലാതെ സൂക്ഷിക്കുകയാണ് വിശ്വാസിയുടെ കടമ. അതിരു വിടാത്ത ആഘോഷങ്ങള്‍ എന്നതാണ് അതിലൊന്ന്. റസൂല്‍ (സ) മനുഷ്യവികാരങ്ങളെ ഏറ്റവും മാനിച്ചിരുന്ന ആളായിരുന്നു. ഒരു പെരുന്നാള്‍ ദിനം. റസൂല്‍ കടന്നു വന്നപ്പോള്‍ ആഇശ ബീവി ബുആസ് ഗാനങ്ങള്‍ കേള്‍ക്കുകയായിരുന്നു. താല്‍പര്യമില്ലാതെ റസൂല്‍ തിരിഞ്ഞു കിടന്നെങ്കിലും അവരെ പിന്തിരിപ്പിച്ചില്ല. ഉപ്പ അബൂബക്ര്‍ (റ) ആഇശയെ ശകാരിച്ചപ്പോള്‍, വെറുതെ വിട്ടേക്കൂ എന്ന് അബൂബക്‌റിനോട് പറയുകയാണുണ്ടായത്. പിന്നീട് റസൂല്‍ പ്രിയപത്‌നിയുടെ കവിള്‍ തന്റെ കവിളിനോട് ചേര്‍ത്തു വെച്ച് സുഡാനികളുടെ അമ്പെയ്ത്ത് മത്സരം വീക്ഷിക്കുകയും ചെയ്തു. മനുഷ്യന്റെ അഭിരുചികളെ അടിച്ചമര്‍ത്തുകയല്ല ഇസ്ലാം. റസൂലില്‍ അതിനു മാതൃക കണ്ടെത്തുക സാധ്യമല്ല. പക്ഷേ, ആഭാസങ്ങളെ നിറമുള്ള കുപ്പായമിടീച്ച്, സുഹൃദ്ബന്ധങ്ങളുടെ തണലില്‍ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നത് ഇന്നൊരു പ്രവണതയാണ്. അത് പലപ്പോഴും ധൂര്‍ത്തമായ ഒരു ആഘോഷത്തിലേക്കാണ് നയിക്കുക. ധൂര്‍ത്തും അമിതവ്യയവും ഇസ് ലാം നിരോധിച്ചിരിക്കുന്നു. ധൂര്‍ത്തന്മാര്‍  പിശാചിന്റെ സഹോദരര്‍ എന്നാണ് ഖുര്‍ആന്റെ പക്ഷം. ആഘോഷങ്ങളില്‍ സന്തോഷം നിറയേണ്ടത് പണക്കൊഴുപ്പിനാലല്ല. മനസ്സില്‍ നിന്ന് മനസ്സിലേക്ക് അതിരില്ലാതെ പകരേണ്ടതാണ് സന്തോഷങ്ങള്‍. അതില്‍ നിന്ന് പാനം ചെയ്യാനുള്ള യോഗ്യത മനുഷ്യന്‍ എന്നത് മാത്രമാവണം.
റമദാനിനും ശവ്വാലിലെ സുന്നത്ത് നോമ്പുകള്‍ക്കുമിടയിലെ ഒറ്റ ദിനമാണ് ഈദുല്‍ ഫിത്വ്ര്‍. ജീവിതത്തിലെ അവസ്ഥാന്തരങ്ങളുടെ രേഖപ്പെടുത്തലാണത്. മാറിമറിയുന്ന മനുഷ്യാവസ്ഥയുടെ ഒരു മിനിയേച്ചര്‍. ജീവിതം ഒരൊറ്റ ദിശയില്‍ സഞ്ചരിക്കുക അസാധ്യമാണ്. കാറ്റും കോളും ശാന്തതയും ക്ഷേമവും ക്ഷാമവും അതിന്റെ ഭാവങ്ങളാണ്. അല്ലാഹുവിന്റെ മഹത്തായ സൃഷ്ടിയായതുകൊണ്ടാണ് മനുഷ്യന്‍ അങ്ങനെ സൃഷ്ടിക്കപ്പെട്ടത്. മലക്കുകള്‍ അങ്ങനെയല്ല. ഒരേ സഞ്ചാരം, ഒരേ ദിശ. ആ മലക്കുകള്‍ മനുഷ്യന് സുജൂദ് ചെയ്തു. മനുഷ്യന്റെ ഈ അപാരമായ സാധ്യതയെയാണ് അല്ലാഹു മലക്കുകള്‍ക്കു മുകളില്‍ പ്രതിഷ്ഠിച്ചത്. ആ സാധ്യതയുടെ മഴവില്‍ അവസ്ഥയാണ് ഓരോ ഈദും.  അവന്‍ നോമ്പിലായിരുന്നു. അവനോട് റബ്ബ് പറഞ്ഞു, 'നിര്‍ത്തൂ, ഇന്ന് ആഘോഷിച്ചോളു.' അവന്‍ നിറയെ ഭക്ഷണം കഴിച്ചു. അങ്ങോട്ടും ഇങ്ങോട്ടും ഇറങ്ങി നടന്നു. രാത്രി കുറച്ചധികം ഉറങ്ങി. ഉറങ്ങി എണീറ്റപ്പോള്‍ റബ്ബ് അവനോട് പറയുന്നു, 'ഇനി നിന്റെ ഊഴമാണ്. വീണ്ടും  ഒരു ആറു ദിനം കൂടി നോമ്പിലേക്ക് പോകാമെങ്കില്‍, വരാനിരിക്കുന്ന കാലം മുഴുവന്‍ നോമ്പനുഷ്ഠിച്ച പ്രതിഫലം നിനക്ക് തരും, പക്ഷേ നിര്‍ബന്ധമില്ല.' വിവരണാതീതമായ ഒരു സന്ദര്‍ഭമാണത്. ഒരു മാസത്തെ നിര്‍ബന്ധ പരിശീലനത്തിനും ഒരു ദിവസത്തെ ആഘോഷത്തിനും ശേഷം, അല്ലാഹു മനുഷ്യന് കാര്യങ്ങള്‍ വിട്ടുകൊടുത്തിരിക്കുന്നു. മാലാഖമാരേക്കാള്‍ ഉയരാനും പിശാചിനേക്കാള്‍ താഴാനുമുള്ള അവന്റെ സാധ്യതയെ അറിഞ്ഞു കൊണ്ടു തന്നെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (42-44)
ടി.കെ ഉബൈദ്‌