Prabodhanm Weekly

Pages

Search

2020 മെയ് 15

3152

1441 റമദാന്‍ 22

ജീവിതത്തിലെ കോവിഡ് പരീക്ഷണ കാലം

എം.സി മുഹമ്മദ് ഫവാസ്

മരണത്തെക്കുറിച്ച ചിന്തകള്‍ വേട്ടയാടാറുണ്ട് ഇടക്കിടെ. ആയിടക്കാണ് ഇണയോടുള്ള ഫോണ്‍ സംഭാഷണത്തിനിടയില്‍, അവള്‍ പറഞ്ഞത്, പ്രസവവേദന മരണവേദനയുടെ പകുതി വരുമെന്ന്. അതവള്‍ അനുഭവിച്ചിട്ടുണ്ടായിരുന്നു.  അതിനുശേഷം എപ്പോഴോ മരണചിന്ത ഇത്തിരി കുറഞ്ഞു. അതിനിടക്കാണ് കൊറോണാ മഹാമാരി ചൈനയെ പിടിച്ചുകുലുക്കുന്നത്. പിന്നീടത് ലോകത്തിന്റെ പല ഭാഗത്തും താണ്ഡവമാടി. അതിനിടയില്‍ അത് ഇവിടെയുമെത്തി, പ്രവാസികളായ ഞങ്ങളെ വിറപ്പിക്കാന്‍ തുടങ്ങി. പിന്നീടങ്ങോട്ട് ടി. വിയിലും ഓഫീസിലും റൂമിലുമൊക്കെ സംസാരവിഷയം കൊറോണ മാത്രം. എങ്ങനെ അതിനെ പ്രതിരോധിക്കാം, ആര്‍ക്കൊക്കെ വരും, വന്നവര്‍ക്ക് എന്തു സംഭവിക്കും, അങ്ങനെ കൂലങ്കഷമായ ചര്‍ച്ചകള്‍. നിത്യരോഗികളും പ്രായമായവരും വല്ലാതെ ബേജാറിലായി. കഴിവിന്റെ പരമാവധി അവരെ ആശ്വസിപ്പിച്ചു.  ചര്‍ച്ചകളുമായി ആഴ്ചകള്‍ കടന്നുപോയി.
ഒരു ബുധനാഴ്ച ഉച്ചനേരം. ശരീരത്തിനുള്ളില്‍ ചെറുതായി ചൂട് അനുഭവപ്പെടുന്നു. റൂമിലുള്ള ഒരാളുടെ അടുത്തുനിന്ന് പനിക്കുള്ള ഗുളിക വാങ്ങി കുടിച്ചു. ഗുളിക വാങ്ങിയതും കുടിച്ചതും റൂമില്‍  പരസ്യമായി.  തൊട്ടുരുമ്മിയും  മുസ്വല്ലയില്‍ ഒന്നിച്ച് നമസ്‌കരിച്ചും ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷിച്ചും കഴിഞ്ഞിരുന്ന ഞങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ഒരു അകലം. പരസ്പരം മുട്ടാതെയും, ഞാന്‍ നമസ്‌കരിച്ച മുസ്വല്ലയില്‍  അവര്‍ നമസ്‌കരിക്കാതെയും,  ഒറ്റക്ക് ഭക്ഷണം കഴിച്ചും... അങ്ങനെ. വല്ലാത്തൊരു അനുഭവം. ഞങ്ങളിലേക്കും ആ വില്ലന്‍  വലിഞ്ഞു കയറിയോ എന്ന ദുഃഖഭാരത്താല്‍ ആ രാത്രിക്ക് തിരശ്ശീല വീണു.
പാതി ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് ഉണര്‍ന്നു. പിന്നീടങ്ങോട്ട് ചിന്തകളുടെ പ്രവാഹം. മരണം, എങ്ങനെയായിരിക്കും അത്! ഒരുപാട് പ്രയാസം നിറഞ്ഞതാകുമോ? അവസാനമായി എന്റെ ദേഹം ഒന്നു കാണാന്‍ കൊതിക്കുന്നവര്‍ക്ക് പോലും ഒന്നു കാണാന്‍ പറ്റാതെ, എന്റെ മയ്യിത്ത് നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കാന്‍ പറ്റാതെ ഈ മണലാരണ്യത്തില്‍  ഖബ്‌റടക്കുമോ? അങ്ങനെ കുറേ മരണചിന്തകള്‍. ആ മരണം ഇങ്ങെത്തിയോ എന്ന ഭയത്താല്‍ ശരീരത്തിന് ചൂടു കൂടി വന്നു. മനസ്സിന് ആശ്വാസം നല്‍കുന്ന ഖുര്‍ആന്‍ ആയത്തുകളും ചരിത്രസംഭവങ്ങളും ഓര്‍ത്തെടുത്തു. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ട് ആയത്തുകള്‍, 'അല്ലയോ ശാന്തി നേടിയ ആത്മാവേ... നീ നിന്റെ നാഥങ്കലേക്ക് തൃപ്തിപ്പെട്ടവനായും തൃപ്തി നേടിയവനായും തിരിച്ചുചെല്ലുക' (89: 27, 28), 'എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോട് ചോദിച്ചാലോ; ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം' (2: 186). ഇതു രണ്ടും പറഞ്ഞിരിക്കുന്നത് എന്റെ നാഥന്‍  ആയിരിക്കെ, എവിടേക്ക് പോയാലും അവന്‍ കൂടെ ഉണ്ടാവുമല്ലോ. പിന്നെ ഇവിടെ നില്‍ക്കുമ്പോള്‍ ഞാന്‍ എന്തിനു ഭയപ്പെടണം! മനസ്സിന് ധൈര്യം നല്‍കി വീണ്ടും ഉറക്കമായി.
ഓഫീസിലേക്ക് പോകാന്‍ വേണ്ടി എഴുന്നേല്‍ക്കാന്‍ നോക്കിയപ്പോള്‍ തലപൊക്കാന്‍ പറ്റാത്ത വേദനയും കഠിനമായ പനിയും. അവിടെ തന്നെ കിടന്നു. തെല്ലു കഴിഞ്ഞ്  ഓഫീസിലുള്ള  സുഡാനി എഞ്ചിനീയറോടൊപ്പം ഡോക്ടറെ കാണിക്കാന്‍ ഹോസ്പിറ്റലിലേക്ക് ഇറങ്ങി. പക്ഷേ, വണ്ടിയില്‍നിന്ന് തീരുമാനം മാറി.  സായിദ് സ്പോര്‍ട്സ് സിറ്റിയിലുള്ള Drive through  എന്ന സ്ഥലത്ത് പോയി കൊറോണാ ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. വാഹനങ്ങളുടെ നീണ്ട ക്യൂ.  ഏതായാലും വന്നതല്ലേ എന്നു കരുതി ക്യൂവില്‍ നിന്നു. ഒരു മണിക്കൂറിലധികം വണ്ടിയില്‍ ഇരുന്നിട്ടും വണ്ടി നീങ്ങിയത് ഏകദേശം ഒരു മീറ്റര്‍.  ആ ഇരുത്തത്തില്‍ തലവേദന വീണ്ടും  കൂടി. ഛര്‍ദിച്ചേക്കുമോ എന്നു തോന്നി. ഇങ്ങനെ ക്യൂവില്‍ നിന്നാല്‍ നേരം വെളുക്കും എന്നു കരുതി അവിടെനിന്നും വണ്ടി തിരിച്ചു അബൂദബി ടൗണിലുള്ള Cleveland clinic   ഹോസ്പിറ്റലിലേക്ക് വിട്ടു, ടെസ്റ്റ് ചെയ്തു.
രണ്ടു ദിവസം കഴിഞ്ഞ് ഒരു കോള്‍ വന്നു. ഹോസ്പിറ്റലില്‍ നിന്ന്  ഡോക്ടറാണ്. റിസള്‍ട്ട് പോസിറ്റീവ് ആണെന്നും അന്നേ ദിവസം ഉച്ചക്ക് ഒന്നരക്ക് ഹോസ്പിറ്റലില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അറിയിച്ചു. യൂത്ത് ഇന്ത്യ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് കൗണ്‍സലിംഗ് നല്‍കാന്‍ ചിലരെ ചുമതലപ്പെടുത്തിയിരുന്നു. എന്നെ ചുമതലപ്പെടുത്തിയ ആ സഹോദരനെ വിളിച്ചു ഞാന്‍ കാര്യം പറഞ്ഞു. അങ്ങനെ ഒന്നരക്ക് ഹോസ്പിറ്റലില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക ചെക്കപ്പും അന്വേഷണവും കഴിഞ്ഞ ശേഷം അവര്‍ എന്നോട് ഹോം ക്വാറന്റൈനില്‍ പോകാന്‍ പറഞ്ഞു. 14 ദിവസം ആരുമായും സംസര്‍ഗം പാടില്ലെന്നും അറിയിച്ചു.  ഹോസ്പിറ്റലില്‍ നിന്ന് പുറത്തിറങ്ങി. പിന്നീടങ്ങോട്ട് വിവരമറിഞ്ഞ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ വിളികള്‍. അവര്‍ നല്‍കിയ ധൈര്യവും ആത്മവിശ്വാസവും ചെറുതായിരുന്നില്ല.
ബാച്ചിലറായി 10 ആളുകളോടൊപ്പം താമസിക്കുന്ന എനിക്ക് ഒറ്റക്കൊരു റൂം എവിടെന്ന് കിട്ടാന്‍! ഒരു ഐസൊലേഷന്‍ റൂം കിട്ടാന്‍ പ്രവര്‍ത്തകരും നേതാക്കളും ഒരുപാട് ശ്രമിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഏതാണ്ട് ഒരു റൂം റെഡിയായി. ഞാന്‍ വീണ്ടും ഹോസ്പിറ്റലില്‍ ചെന്നു, ഞാന്‍ നില്‍ക്കുന്നത് ഒരു ക്യാമ്പില്‍ ആണെന്നും എനിക്ക് ഒറ്റക്ക് ഒരു റൂം  കിട്ടില്ലെന്നും അറിയിച്ചു. എന്നെ അവിടെ തന്നെ ഇരുത്തി.  ഏതാണ്ട് വൈകുന്നേരമായി, ഉച്ചക്ക് ഒന്നും കഴിക്കാത്തതുകൊണ്ട് നല്ല തലവേദനയും വിശപ്പും. ഇത് എങ്ങനെയോ അറിഞ്ഞു നമ്മുടെ ഒരു പ്രവര്‍ത്തകന്‍ സുഹൈല്‍ ഭക്ഷണവുമായി ഹോസ്പിറ്റലില്‍ വന്നു. പുറത്ത് ആ ഭക്ഷണപ്പൊതി വെച്ച് അദ്ദേഹം തെല്ലു മാറിയപ്പോള്‍ ഞാന്‍ പോയി അത് എടുത്തു. ആ രംഗം ഹൃദയത്തില്‍ വല്ലാത്ത വിങ്ങലുണ്ടാക്കി. ഭക്ഷണപ്പാത്രം തുറന്നു, അല്‍ഹംദു ലില്ലാഹ്.
കുറച്ചു കഴിഞ്ഞ് ഹോസ്പിറ്റലില്‍ തന്നെ അഡ്മിറ്റ് ചെയ്തു. സ്നേഹപൂര്‍വമുള്ള പരിചരണമാണ് അവിടെ ഉള്ളവര്‍ നല്‍കിയത്.  ജാഗ്രതയോടെയും അകലം പാലിച്ചുമാണെങ്കിലും മനസ്സുകളെ കീഴടക്കിയ സ്നേഹ പരിചരണം. മൂന്നു ഘട്ടമായി എടുത്ത എല്ലാ പരിശോധനാ ഫലങ്ങളും പോസിറ്റീവ് ആയിരുന്നു. നാട്ടിലും വീട്ടിലും അറിയിച്ചില്ല. അറിഞ്ഞാല്‍ മാതാപിതാക്കളും ഇണയും പ്രായമായ മറ്റുള്ളവരും പ്രയാസപ്പെടും എന്നു കരുതി. മോളുടെ കളികള്‍ കാണിക്കാന്‍ ചിലപ്പോള്‍ ഇണ വീഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നു. അവള്‍ക്ക് എന്തെങ്കിലും സംശയം തോന്നാതിരിക്കാനായി ഞാന്‍ ഫോണിന്റെ മുന്‍ കാമറ സ്റ്റിക്കര്‍ കൊണ്ട് മറച്ചു. രണ്ടു ദിവസം കഴിഞ്ഞു. അവളോട് പറയുന്നതാണ് ഉചിതമെന്ന് തോന്നി. പിന്നീട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.  ഇതിനിടയില്‍ യൂത്ത് ഇന്ത്യയുടെയും ഐ. സി. സിയുടെയും മുസഫ്ഫ മേഖലാ പ്രസിഡന്റുമാര്‍ ഒരു ഉത്തരവാദിത്തം ഏല്‍പ്പിച്ചു. ക്വാറന്റൈന്‍ കഴിഞ്ഞു വരുമ്പോള്‍ കാര്‍കുന്‍ ആവാന്‍ റെഡിയായി വരണം എന്നു പറഞ്ഞു. ഇതുകേട്ട് കുറച്ചധികം  ചിരിച്ചു പോയി.  എത്ര ക്രിയാത്മകമായാണ് ഒരു പ്രസ്ഥാനം അതിന്റെ പ്രവര്‍ത്തകരുടെ ആരോഗ്യവും ഒഴിവുസമയവും ഉപയോഗപ്പെടുത്താന്‍ ഉദ്ബോധിപ്പിക്കുന്നത്? എന്താവശ്യമുണ്ടെങ്കിലും അറിയിക്കാന്‍ മടിക്കരുത് എന്നും ഫോണ്‍ സംഭാഷണം  അവസാനിപ്പിച്ചുകൊണ്ട് പ്രസിഡന്റ് പറഞ്ഞു. ഒരുപാട് സുഹൃത്തുക്കളും കുടുംബക്കാരും സഹപ്രവര്‍ത്തകരുമെല്ലാം എനിക്ക് മനോധൈര്യം പകര്‍ന്നുതന്നു കൊണ്ടിരുന്നു. 
അഞ്ചു ദിവസത്തെ ഹോസ്പിറ്റല്‍ ഐസോലേഷനു ശേഷം മറ്റു ശാരീരിക പ്രയാസങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് അബൂദബി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിനു കീഴിലുള്ള ഹ്യുമാനിറ്റേറിയന്‍ സിറ്റിയിലേക്ക് മാറ്റും എന്ന് ഡോക്ടര്‍ അറിയിച്ചു.  ആറാം ദിവസം പന്ത്രണ്ടരയോടെ പുതിയ ക്യാമ്പിലേക്ക് പോകാന്‍ റെഡിയായി നിന്നു. ഇതേസമയം വരേണ്ടിയിരുന്ന ബസ് വന്നത് ഒരു മണിക്കൂര്‍ കഴിഞ്ഞ്. പോലീസ് വന്നാലേ ബസ്  എടുക്കാന്‍ പറ്റൂ എന്ന് സെക്യൂരിറ്റി ജീവനക്കാര്‍. അങ്ങനെ നീണ്ട കാത്തിരിപ്പ്. നാലു മണിക്കൂറിലധികം കാത്തിരിപ്പും ബസ്സിലെ അസഹ്യമായ തണുപ്പും കാരണം മൂത്രമൊഴിക്കുകയല്ലാതെ നിവൃത്തിയില്ലെന്നായി. ഇക്കാര്യം ബസ് ഡ്രൈവറെ അറിയിച്ചു. അദ്ദേഹമത് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കൈമാറി. പോലീസ് വരാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞ് സെക്യൂരിറ്റി ജീവനക്കാരന്‍ മൂത്രമൊഴിക്കാന്‍ പോവാന്‍ സമ്മതിച്ചില്ല. പ്രയാസത്തിന്റെ ആധിക്യത്താല്‍ ഞാന്‍ ഒരുപാട് കെഞ്ചി പറഞ്ഞെങ്കിലും, അവര്‍ അത് കൂട്ടാക്കിയില്ല. വീണ്ടും കുറച്ചു നേരം കാത്തു. പോലീസ് വരുന്നുമില്ല. ഒടുവില്‍ ബാഗിലുണ്ടായിരുന്ന കുടിവെള്ളത്തിന്റെ കുപ്പി എടുത്തു, അതിലാണെങ്കിലോ നിറയെ വെള്ളം. പകുതി കുടിച്ചു,  ബസിന്റെ സെന്ററിലേക്ക് ഇറങ്ങി സീറ്റിനോട് ചാരിനിന്നു, ഞാനെന്റെ ആവശ്യം ആ കുപ്പിയില്‍ സാധിച്ചു. കുപ്പി നിറഞ്ഞപ്പോള്‍ അവിടെ പിടിച്ചുനിര്‍ത്തി. അല്‍ഹംദു ലില്ലാഹ്, വളരെ ആശ്വാസമായി. 
ഇതിനുശേഷം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് ഡ്രൈവര്‍ വന്നു മൂത്രമൊഴിക്കേണ്ടവര്‍ക്ക് പോകാമെന്ന് അറിയിച്ചു.  ഞാന്‍ കുപ്പിയെടുത്ത് ടോയ്‌ലറ്റില്‍ പോയി കുപ്പിയും ബാക്കിയുള്ള മൂത്രവും അവിടെ ഉപേക്ഷിച്ചു. അങ്ങനെ അഞ്ചാറു മണിക്കൂറിനു ശേഷം പോലീസ് വന്നു. ബസ് അവരുടെ പിറകെ പുതിയ ക്യാമ്പിലേക്ക് പോയി. മഗ്‌രിബിനു മുന്നായി ക്യാമ്പില്‍ എത്തി. ഉച്ചക്ക് ഒന്നും കഴിക്കാത്തതുകൊണ്ട് നല്ല വിശപ്പ്. കിട്ടിയ റൂം ഒന്ന് അരിച്ചുപെറുക്കി. ഒരു ത്രീ ഇന്‍ വണ്‍ കോഫിയും ഒരു വെള്ളം കുപ്പിയും. കുപ്പിയിലുള്ള പകുതി വെള്ളം കുടിച്ച് കോഫി അതിലിട്ടു കുടിച്ചു. നല്ല കൂള്‍ കോഫി. കുറച്ച് ആശ്വാസം തോന്നി. കുറച്ചു കഴിഞ്ഞ് രാത്രിക്കുള്ള ഭക്ഷണം വന്നു.
അങ്ങനെ എത്ര ദിവസം എന്നറിയാത്ത ക്വാറന്റൈന് തുടക്കമായി. നിത്യ കാര്യങ്ങള്‍ ചെയ്യാന്‍ എന്റെ അടുത്ത് ഒന്നും ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ ഒരു സഹോദരന്‍ എല്ലാം കൊണ്ടുവന്നു തന്നു.
ഇതിനിടയില്‍ ഒരുപാട് അനുഭവങ്ങള്‍.  മറക്കാന്‍ പറ്റാത്ത ഒരു അനുഭവം പറയാം. ക്വാറന്റൈന്‍ ഉത്സവമാക്കാന്‍ വന്നതാണെന്നു തോന്നിക്കുമാറ് പാട്ടിലും ഉച്ചത്തിലുള്ള  സംസാരത്തിലും മുഴുകിയിരുന്നു ചില ആളുകള്‍. റൂമില്‍ ഇരിക്കണം എന്ന് അധികൃതര്‍ വാണിംഗ് കൊടുത്തു. ആരും കേട്ട ഭാവം നടിച്ചില്ല. ദിവസങ്ങള്‍ കഴിഞ്ഞു. പെട്ടെന്നൊരു ദിവസം വരാന്തയില്‍ ഭയങ്കര ബഹളവും അടിയുടെ ശബ്ദവും. ഞാന്‍ വാതില്‍ ഒന്ന് തുറന്ന് അതിനേക്കാള്‍ വേഗത്തില്‍ അടച്ചു. ഒരു കൂട്ടം വെള്ള രൂപങ്ങള്‍ അവരുടെ കൈയില്‍ പോലീസിന്റെ കൈയിലുള്ള ലാത്തി. വരാന്തയില്‍ കാണുന്നവരെ അടിക്കുകയും വിരട്ടുകയുമാണ്.  എന്റെ മുന്നിലൂടെയും അവര്‍ കടന്നുപോയി. അപ്പോള്‍ എന്റെ ഡോറില്‍ ഒരാള്‍ മുട്ടുന്നു. വാതില്‍ തുറന്നു നോക്കി, രാത്രിഭക്ഷണം ആയിരുന്നു.  അതെടുത്തു ഞാന്‍ റൂമില്‍ കൊണ്ടുവന്നു വെച്ചു. തിരിച്ച് ഡോര്‍ പൂട്ടാന്‍ പോയതായിരുന്നു. ഇതുകണ്ട ഒരു വെള്ള രൂപം എന്റെ ഡോറിന് നേരെ വന്നു. ഞാന്‍ ഡോര്‍ അടച്ചു. അയാള്‍ ഡോര്‍ തുറന്നു ഉള്ളില്‍ കയറി കൈയിലുണ്ടായിരുന്ന വടികൊണ്ട്  കാലിന്റെ തുടയിലൊരടി. കീശയില്‍ ഫോണ്‍ ഉണ്ടായതുകൊണ്ട് അടി ഫോണിലാണ് കൊണ്ടത്. ഫോണ്‍ ചെറുതായൊന്ന്  ഒടിഞ്ഞു. അല്‍പ്പം പേടിച്ചാണ് ആ രാത്രി കഴിച്ചുകൂട്ടിയത്. 
അങ്ങനെ വീണ്ടും നാലു ചുവരുകള്‍ക്കുള്ളില്‍ ഏകാന്തവാസം. റൂമിന് ഒരു ജനലുണ്ട്. അതിലൂടെ എപ്പോള്‍ നോക്കിയാലും ഒരേ ആകാശവും ഇന്റര്‍ലോക്ക് പതിച്ച മുറ്റവും.  നിലാവില്‍ നക്ഷത്രങ്ങള്‍ മിന്നിമിന്നി കഥകള്‍ പറയുന്നുണ്ട് എന്ന് പറഞ്ഞ കവിതകളും കഥകളും വെറും കെട്ടുകഥകള്‍ മാത്രം.
അന്യായമായി ജയിലിലടക്കപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ എത്രമാത്രം  പ്രയാസമനുഭവിക്കുന്നുണ്ടാവുമെന്ന് മനസ്സിലായി.  എനിക്കിവിടെ  കിടക്കാന്‍ കട്ടിലുണ്ട്,  ഇന്റര്‍നെറ്റ് സൗകര്യമുണ്ട്, മറ്റു പലതുമുണ്ട്.  അപ്പുറം നല്ല വൃത്തിയുള്ള വെള്ളച്ചുമരുകള്‍, അവര്‍ക്ക് അത് പോലുമില്ലല്ലോ.
മനസ്സ് വീണ്ടും  വീണ്ടും തിന്മകളിലേക്ക്  പ്രേരിതമാവുമെങ്കിലും നാഥനുമായി ഒറ്റക്കായ ആ ദിനരാത്രങ്ങള്‍ ഞാന്‍ ഹൃദ്യമാക്കി. അവന്‍ തന്റെ  അടിയാറുകളോട് സംഭാഷണം നടത്തുകയാണല്ലോ വിശുദ്ധ ഖുര്‍ആനിലൂടെ. ആ പാരാവാരത്തിലേക്ക് ഒന്നിറങ്ങി നോക്കാന്‍ ഞാനും ഒരു  ശ്രമം നടത്തി നോക്കി. ഉറക്കം നഷ്ടപ്പെടുത്തുന്ന പലതരം ചിന്തകള്‍. പലപ്പോഴും അര്‍ധ രാത്രി ഉണരും. പിന്നീട് എത്ര ഉറങ്ങാന്‍ ശ്രമിച്ചാലും ഉറക്കം വരില്ല. പിന്നെ വുദൂവെടുത്ത് തഹജ്ജുദ് നമസ്‌കാരം. അല്ലാഹുവുമായുള്ള  ദീര്‍ഘസംഭാഷണം. പിന്നെ സ്വുബ്ഹ് നമസ്‌കാരം. അല്‍പനേരം ഖുര്‍ആന്‍ തഫ്സീര്‍ വായന. സൂര്യനുദിച്ചതിനു ശേഷം ളുഹാ നമസ്‌കാരം. അത് കഴിഞ്ഞു ഉറങ്ങാന്‍ ശ്രമിക്കും. ചിന്തയില്‍ മുഴുകവെ ഉറക്കത്തിലേക്ക്  വഴുതി വീഴും. നാഥനോട് തെറ്റുകള്‍ ഏറ്റുപറഞ്ഞ്, പ്രശാന്ത മനസ്സോടെയുള്ള ആ ഉറക്കം ഏറെ ധന്യമായിരുന്നു. 
ആ ദിവസങ്ങളിലാണ് പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ അതിഥിയായി എത്തിയത്. വളരെ ധന്യമായ ദിനരാത്രങ്ങള്‍. ഞാനും എന്റെ നാഥനും മാത്രം. കരഞ്ഞു തെറ്റുകള്‍ ഏറ്റുപറഞ്ഞ നിര്‍വൃതി. ആദ്യത്തെ മൂന്ന് നോമ്പ് എടുത്തെങ്കിലും, നോമ്പെടുക്കുന്നത് പ്രയാസമാവുമെന്ന് ഡോക്ടര്‍ വിധിയെഴുതിയപ്പോള്‍ തല്‍ക്കാലം നോമ്പ് എടുക്കേണ്ട എന്ന് തീരുമാനിച്ചു.  
ക്വാറന്റൈന്‍  ജീവിതാനുഭവം ഒരുപാട് പാഠങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്റെ നാഥനിലേക്ക് അടുക്കാനും എന്നെ നയിക്കുന്ന പ്രസ്ഥാനത്തെ കൂടുതല്‍ പഠിക്കാനും കഴിഞ്ഞു. ഈ ജീവിതം എത്ര ലളിതമാണെന്നും, എന്ത് ഭക്ഷിക്കാന്‍ കിട്ടിയാലും അതു കഴിച്ച്  സംതൃപ്തിയടയാന്‍ കഴിയുമെന്നും പഠിച്ചു. പിന്നെ ക്ഷമയുടെയും സഹനത്തിന്റെയും പാഠങ്ങള്‍. 26 ദിവസത്തെ ക്വാറന്റൈന്‍ ഉപവാസത്തിനു ശേഷം,  പുതു മനുഷ്യനായി നേടിയ നന്മകളെല്ലാം കൂട്ടിന് ഉണ്ടാകും എന്ന പ്രതീക്ഷയില്‍... 
ഒറ്റക്കാണെന്നു തോന്നിയ  പ്രവാസ ജീവിതത്തില്‍, ആരൊക്കെയോ അല്ല, എല്ലാവരും ഉണ്ടെന്നു തോന്നിയ അനര്‍ഘ നിമിഷങ്ങള്‍. കൂടെ ചേര്‍ത്തുപിടിച്ചവര്‍ക്കും മറ്റെല്ലാവര്‍ക്കും അകംനിറഞ്ഞ സ്നേഹം. എത്രായിരം ആളുകളെയാണ് ക്വാറന്റൈന്റെ  ഭാഗമായി യു. എ. ഇ ഗവണ്‍മെന്റ് ശുശ്രൂഷിക്കുകയും അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്നത്! അവരോട് ഹൃദയം നിറഞ്ഞ  കടപ്പാട് മാത്രം.
പരീക്ഷണങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാവും. അല്ലാഹു തനിക്ക് ഇഷ്ടമുള്ളവരെ  കൂടുതല്‍ പരീക്ഷിക്കും. ക്ഷമയോടെ,  സഹനത്തോടെ ആര്‍ അതിനെ മറികടന്നുവോ  അവനുള്ളതാണ് ഈ ലോകവും വിശാലമായ പാരത്രിക ലോകവും. തെറ്റുകള്‍ ഏറ്റുപറഞ്ഞ് നാഥനിലേക്ക് നമുക്കു മടങ്ങാം. അങ്ങനെ ശാരീരിക അകലം പാലിച്ചും എന്നാല്‍ മനസ്സുകള്‍ തമ്മില്‍ അടുത്തും ഈ മഹാമാരിയെയും നമുക്ക് മറികടക്കാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (38-41)
ടി.കെ ഉബൈദ്‌