Prabodhanm Weekly

Pages

Search

2020 മെയ് 15

3152

1441 റമദാന്‍ 22

അല്ലാഹു എന്ന അനുഭവം

സി.ടി സുഹൈബ്

തോട്ടത്തില്‍ അഭയം തേടിയ റസൂല്‍ (സ) ആകെ ക്ഷീണിച്ചിരുന്നു. കാലില്‍നിന്നും രക്തമൊലിക്കുന്നുണ്ട്. പക്ഷേ ശരീരത്തിന്റെ വേദനയേക്കാള്‍ മനസ്സ് നീറിപ്പുകയുന്നുണ്ടായിരുന്നു. കാരണം, പ്രതീക്ഷയോടെയായിരുന്നു ത്വാഇഫിലേക്ക് പുറപ്പെട്ടത്. പക്ഷേ താന്‍ പറയുന്നതിന് ചെവി കൊടുക്കാന്‍  ആരും തയാറാകുന്നില്ല. കുടുംബക്കാരനാണെന്ന പരിഗണന പോലുമില്ലാതെയവര്‍ അദ്ദേഹത്തിനു മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചു. പിന്തിരിഞ്ഞു പോരാന്‍ ഭാവമില്ലെന്ന് കണ്ടപ്പോള്‍ കുട്ടികളെ വിട്ട് കൂക്കി വിളിപ്പിച്ചു. കല്ലെറിഞ്ഞ് ഓടിക്കാന്‍ തുടങ്ങി. കല്ലേറ് കൊണ്ട് ചോരയൊലിക്കുന്ന കാലുകളുമായി റസൂല്‍ (സ) അവിടന്ന് ധൃതിയില്‍ തിരിച്ചു നടന്നു. അങ്ങനെയാണ് ആ തോട്ടത്തിലെത്തിയത്. അലിവുള്ള തോട്ടക്കാരന്‍ വെള്ളവും ഭക്ഷണവും വിശ്രമ സൗകര്യവും നല്‍കി. വേദനിക്കുന്ന മനസ്സിന് ആശ്വാസമേകാന്‍ ജിബ്‌രീല്‍ ചാരത്ത് വന്നു. അവരെ നശിപ്പിച്ചുകളയട്ടേ എന്ന ചോദ്യത്തിന് അരുത്, അറിവില്ലാതെ ചെയ്തതല്ലേ, ഒരിക്കല്‍ ഈ വിശ്വാസത്തിന്റെ തീരത്തേക്ക് അവര്‍ വരുമെന്ന പ്രതീക്ഷ പങ്കുവെച്ച് ജിബ്‌രീലിനെ തിരിച്ചയച്ചു. ശേഷം കൈകളുയര്‍ത്തി പ്രാര്‍ഥിച്ചു; തന്റെ ദുര്‍ബലതകളും നിസ്സഹായതയും തുറന്നു പറഞ്ഞു  കൊണ്ട്: 'അല്ലാഹുവേ, നിനക്ക് എന്നോട് ദേഷ്യമില്ലെങ്കില്‍ ഇതൊന്നും എനിക്കൊരു വിഷയമേയല്ല...'
ജീവിതത്തിലെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും വിശ്വാസിയുടെ മനം കുളിര്‍പ്പിക്കാനാകുന്ന വര്‍ത്തമാനമാണ് റസൂല്‍ (സ) നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹുവിന് എന്നോട് ഒരു ദേഷ്യവുമില്ലെങ്കില്‍ ഏതു പരീക്ഷണവും എനിക്ക് പ്രശ്‌നമല്ല. നിനക്ക് എന്നോട് ദേഷ്യമാണെങ്കില്‍ ഏതനുഗ്രഹവും ഐശ്വര്യവും എനിക്ക് ശാപമാണ്. അല്ലാഹുവിന്റെ സ്‌നേഹവും പരിഗണനയും കാവലും ജീവിതത്തിന്റെ അനുഭവങ്ങളാക്കി മാറ്റാന്‍ കഴിയുമ്പോള്‍ ഏതു സാഹചര്യത്തെയും ശുഭാപ്തിയോടെ നേരിടാനുള്ള കരുത്ത് അത് പകര്‍ന്നു നല്‍കും.
നമ്മളെല്ലാം വിശ്വാസികളാണെന്നാണ് നമ്മള്‍ പറയാറുള്ളത്. എന്താണ് നമ്മളിലുള്ള വിശ്വാസത്തിന്റെ അവസ്ഥ?  ഇടക്കൊന്ന് പുനരാലോചന നടത്തേണ്ടത് അനിവാര്യമാണ്. വിശ്വാസം ഈമാന്‍ എന്ന പദത്തിന്റെ മലയാള വിവര്‍ത്തനമാണ്. അത് പൂര്‍ണമായും  പ്രസ്തുത ആശയത്തെ പ്രതിഫലിപ്പിക്കുന്നില്ല. അത് ഭാഷയുടെ പരിമിതിയാണ്. അല്ലാഹുവിലുള്ള വിശ്വാസമാണ് ഈമാനിന്റെ അടിത്തറ. അല്ലാഹുവില്‍ വിശ്വസിക്കുന്നു എന്ന് പറയുമ്പോള്‍ അല്ലാഹു ഉണ്ടെന്ന അറിവാണോ അത്? അതോ, അല്ലാഹുവിന്റെ കഴിവുകളെ കുറിച്ച ബോധ്യങ്ങളോ?
അറിവും ബോധ്യവും വിശ്വാസത്തിന്റെ പ്രധാന ഭാഗമാണ്. പക്ഷേ ജീവിതത്തില്‍ അല്ലാഹുവിനെ അനുഭവിക്കാന്‍ കൂടി കഴിയുമ്പോഴാണ് വിശ്വാസത്തിന് പ്രതിഫലനങ്ങളുണ്ടാവുക.
മദീനയിലേക്കുള്ള യാത്രയില്‍ റസൂലും അബൂബക്‌റും ശത്രുക്കളുടെ കണ്ണ് വെട്ടിച്ച് സൗര്‍ ഗുഹയില്‍ വിശ്രമിക്കുന്ന സമയം. ഗുഹക്കു പുറത്ത് കാല്‍ പെരുമാറ്റം കേള്‍ക്കുന്നു. സിദ്ദീഖുല്‍ അക്ബറി(റ)ന് ആശങ്കയായി; റസൂലേ, അവരെങ്ങാനും ഈ ഗുഹയിലേക്ക് കയറി നോക്കിയാല്‍ നമ്മെ രണ്ടു പേരെയും പിടികൂടില്ലേ? പ്രിയ കൂട്ടുകാരന്റെ ആശങ്കകള്‍ കണ്ട് യാതൊരു ഭാവമാറ്റവുമില്ലാതെ റസൂല്‍ (സ) പറഞ്ഞു: എന്തിനാണ് അബൂബക്‌റേ നമ്മള്‍ രണ്ടു പേരാണെന്ന് കരുതുന്നത്? മൂന്നാമതായി നമ്മളെ കൂടി പടച്ചവനില്ലേ. പിന്നെന്തിനാ പേടിക്കുന്നത്... അതാണ് ഈമാന്‍. ഭയപ്പെടുത്തുന്ന സാഹചര്യങ്ങളില്‍ അത് മനസ്സിന് നിര്‍ഭയത്വം നല്‍കും. അല്ലാഹു കൂടെയുണ്ടെന്ന ബോധം എല്ലാ ആശങ്കകളെയും അകറ്റും. അവിടെ അല്ലാഹുവിനെ അനുഭവിക്കാനാകും.
പുതിയ ആദര്‍ശത്തിലേക്ക് ആളുകള്‍ ധാരാളമായി കടന്നുവരുന്നത് മക്കയിലെ പ്രമാണിമാരെ അസ്വസ്ഥരാക്കി. പരിഹാസങ്ങളും മര്‍ദനങ്ങളും പീഡനങ്ങളും ആളുകളെ മുഹമ്മദിന്റെ മതത്തില്‍നിന്നും പിന്തിരിപ്പിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവര്‍ അടവൊന്ന് മാറ്റിപ്പിടിച്ചു. പ്രകോപനത്തിന്റെ വഴിവിട്ട് പ്രലോഭനത്തിന്റെ വഴി തേടി റസൂലിന്റെ അരികിലെത്തി. താങ്കള്‍ക്ക് എന്തു വേണമെങ്കിലും ഞങ്ങള്‍ തരാം. പണമോ അധികാരമോ നല്‍കാം. ഇണയെ കണ്ടെത്തിത്തരാം. പകരം ഈ പണി നിര്‍ത്തണം. അവരുടെ മോഹന വാഗ്ദാനങ്ങള്‍ക്ക് ചെറുപുഞ്ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞു: 'എന്റെ ഈ വലതു കൈയില്‍ സൂര്യനെയും ഇടതു കൈയില്‍ ചന്ദ്രനെയും വെച്ചു തന്നാല്‍ പോലും ഈ മാര്‍ഗത്തില്‍നിന്ന് ഞാന്‍ ഒരിഞ്ചു പോലും പിറകോട്ടു പോകില്ല.' അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ നിശ്ചയദാര്‍ഢ്യം നല്‍കുന്ന കരുത്താണ് ആ മറുപടി പറയാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഭൗതികാലങ്കാരങ്ങള്‍ക്കു മുന്നില്‍ കണ്ണ് മഞ്ഞളിച്ചുപോകാത്ത വിശ്വാസം മനസ്സില്‍ അനുഭവവേദ്യമാകുമ്പോള്‍ ഈമാനിന്റെ സൗന്ദര്യം പ്രതിഫലിക്കും.
പാകിസ്താന്‍ കോടതി  മൗലാനാ മൗദൂദിക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ്. പ്രതിഷേധ പ്രക്ഷോഭങ്ങളുയര്‍ന്നപ്പോള്‍ മാപ്പെഴുതി കൊടുത്താല്‍ ശിക്ഷ ഇളവു ചെയ്യാമെന്ന് ഭരണകൂടം ഓഫര്‍ വെച്ചു. വിവരം അറിയിക്കാന്‍ ജയിലിലെത്തിയ സഹപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു: 'അബുല്‍ അഅ്‌ല ഇന്ന ദിവസം മരിക്കണമെന്ന് അല്ലാഹു നിശ്ചയിച്ചുവെച്ചിട്ടുണ്ടെങ്കില്‍ ഒരു മാപ്പപേക്ഷക്കും അതില്‍നിന്ന് രക്ഷപ്പെടുത്താനാകില്ല. അല്ല, അബുല്‍ അഅ്‌ല അങ്ങനെ മരിക്കേണ്ടതില്ലാ എന്നാണ് ദൈവനിശ്ചയമെങ്കില്‍ ഒരു ഭരണകൂടത്തിനും ഒന്നും ചെയ്യാനും കഴിയില്ല.' അല്ലാഹുവിന്റെ തീരുമാനങ്ങളിലുള്ള അടിയുറച്ച വിശ്വാസം ജീവിതത്തില്‍, നിലപാടുകളായി പ്രതിഫലിക്കുന്നത് അവിടെ നമുക്ക് കാണാം.
നമ്മളഭിമുഖീകരിക്കുന്ന ജീവിതസാഹചര്യങ്ങളില്‍നിന്നാണ് നമ്മുടെ ഈമാനിന്റെ കരുത്തിനെ നമുക്കളന്നെടുക്കാന്‍ കഴിയുക. ഒരു കച്ചവടക്കാരന്‍, ലാഭമുണ്ടാക്കാനുള്ള ഒരുപാട് വഴികള്‍ അയാള്‍ക്കു മുന്നിലുണ്ട്. എന്നാല്‍ പല വഴികളും സത്യസന്ധമായതല്ല. പക്ഷേ പൊതുവെ അയാള്‍ക്കറിയുന്ന കച്ചവടക്കാര്‍ പലരും ആ വഴിയിലൊക്കെ ലാഭമുണ്ടാക്കുന്നുമുണ്ട്. അവിടെ അയാളുടെ മനസ്സിലൊരു സംഘര്‍ഷം നടക്കുകയാണ്. ഒടുവില്‍ അല്ലാഹുവിനിഷ്ടപ്പെടാത്ത വഴിയില്‍ കിട്ടുന്നതൊന്നും തനിക്ക് വേണ്ട എന്ന് തീരുമാനിക്കുമ്പോഴാണ് അയാളുടെ ഈമാനിന്റെ കരുത്ത് പ്രകടമാവുക. അത്ര എളുപ്പമുള്ള തീരുമാനമാകില്ല അത്. ചിലപ്പോള്‍ നഷ്ടമുണ്ടാകും. ജീവിതം ഇടുക്കത്തിലാവാന്‍ സാധ്യതയുണ്ട്. പക്ഷേ ഭൗതിക ജീവിതത്തിന്റെ ഇടുക്കങ്ങളെ വിശാലമാക്കുന്ന ഈമാനിന്റെ കുളിര്‍മ അയാള്‍ക്ക് ആശ്വാസമേകും.
വിവരസാങ്കേതിക വിദ്യകള്‍ ഭാവനകളെ തോല്‍പിക്കുന്നു. ആഗ്രഹിക്കുന്നതെന്തും വിരലനക്കങ്ങള്‍ക്കനുസരിച്ച് മുന്നില്‍ കാഴ്ചകളായി പ്രത്യക്ഷപ്പെടുന്ന കാലം. മനസ്സിലെ ചാപല്യങ്ങള്‍ക്ക് മുന്നില്‍ പരാജയപ്പെടാന്‍ എല്ലാ സാധ്യതകളുമുള്ള സമയം. അല്ലാഹുവിന് ഇഷ്ടപ്പെടാത്ത കാഴ്ചകളും സന്ദര്‍ഭങ്ങളും മുന്നില്‍ തെളിയുമ്പോള്‍  വാതിലടച്ച് തിരിഞ്ഞു നടക്കുന്ന സമയത്ത് മനസ്സനുഭവിക്കുന്ന ഒരു നിര്‍വൃതിയും സന്തോഷവുമുണ്ട്. അതാണ് ഈമാനിന്റെ മാധുര്യം. യൂസുഫ് നബി (അ) അനുഭവിച്ച ഈമാന്‍ അതായിരുന്നല്ലോ. സൗന്ദര്യവും പദവിയുമെല്ലാം തികഞ്ഞ പെണ്ണ് വാതിലടച്ച് വശീകരിക്കുമ്പോള്‍, വഴങ്ങിക്കൊടുത്താല്‍ ലഭിക്കുന്നത് നേട്ടങ്ങളും നിരസിച്ചാല്‍ ജയിലറയുമാണ് കാത്തിരിക്കുന്നതെന്നറിഞ്ഞിട്ടും എന്റെ നാഥന്റെ ഇഷ്ടങ്ങളാണെനിക്ക് പ്രിയം എന്നു പറഞ്ഞ് തിരിഞ്ഞു നടക്കാന്‍ അദ്ദേഹത്തിനായത്, അല്ലാഹു എന്നത് കേവല അറിവായല്ല, അനുഭവമായി അദ്ദേഹം മനസ്സില്‍ കൊണ്ടുനടക്കുന്നതു കൊണ്ടായിരുന്നു. നമ്മുടെ ആസ്വാദനങ്ങളുടെയും കാഴ്ചകളുടെയും കണക്കെടുപ്പില്‍ നമ്മുടെ ഈമാനിന്റെ കരുത്തും അല്ലാഹു എന്ന അനുഭവവും എത്രകണ്ട് നമുക്കുള്ളിലുണ്ടെന്ന് ബോധ്യമാകും.
നമ്മുടെ മുന്‍ഗണനകള്‍ തീരുമാനിക്കുന്നിടത്ത് അല്ലാഹുവിന് എവിടെ സ്ഥാനം നല്‍കുന്നു എന്നത് ഈമാനിന്റെ മറ്റൊരു അളവുകോലാണ്. വീട്ടുകാരെന്തു പറയും, കുടുംബക്കാരെന്തു വിചാരിക്കും, കൂട്ടുകാരെങ്ങനെ വിലയിരുത്തും,  നാട്ടുകാരെന്തു കരുതും എന്നതല്ല, അല്ലാഹു എങ്ങനെ നോക്കിക്കാണും എന്നതായിരിക്കണം നമ്മുടെ നിലപാടുകളുടെയും തെരഞ്ഞെടുപ്പുകളുടെയും മാനദണ്ഡം. മകള്‍ക്ക്/മകന് വിവാഹാലോചന നടക്കുന്നു. പല പരിഗണനകളും മനസ്സിലുണ്ട്. സമ്പത്ത്, കുടുംബം, സൗന്ദര്യം, ദീന്‍. ഇതില്‍ ബാക്കിയൊക്കെ തൃപ്തിയായതിനു ശേഷം മാത്രമാണ് ദീന്‍ പരിഗണിക്കുന്നതെങ്കില്‍ അതാരുടെ മുന്‍ഗണനയാണെന്ന് നമ്മളാലോചിക്കണം. ദീനിന് മുന്‍ഗണന കൊടുത്ത് ബാക്കിയുള്ളത് ശേഷം പരിഗണിക്കുമ്പോള്‍ സമ്പത്തിന്റെയും കുടുംബ 'മഹിമ'യുടെയും തട്ട് താണിരിക്കും. കുടുംബക്കാരും മറ്റും ഉപദേശങ്ങളുമായി വന്നുകൊണ്ടിരിക്കും. പക്ഷേ, മറ്റുള്ളവരുടെ ഇഷ്ടത്തേക്കാള്‍ അല്ലാഹുവിന്റെ ഇഷ്ടമാണ് എനിക്ക് വലുതെന്ന് തീരുമാനിക്കാനാകുമ്പോഴാണ് അവിടെ ഈമാന്‍ തിളങ്ങിനില്‍ക്കുക. ഇപ്രകാരം നമ്മുടെ ജീവിതത്തിലെ ചെറുതും വലുതുമായ സന്ദര്‍ഭങ്ങളോട് നമ്മളെങ്ങനെ പ്രതികരിക്കുന്നു എന്നതിലൂടെ അല്ലാഹുവിലുള്ള വിശ്വാസം നമ്മളിലെത്ര മാത്രം സ്വാധീനമുണ്ടാക്കുന്നുണ്ടെന്ന് അളന്നെടുക്കാന്‍ നമുക്കാവും.
അല്ലാഹു മനസ്സില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് അവനെ നമുക്കനുഭവിക്കാനാവുക. സ്‌നേഹമായും ഭയമായും കരുണയായും കരുത്തായും പ്രാര്‍ഥനയായും പ്രതീക്ഷയായും അവന്‍ നിറഞ്ഞു നില്‍ക്കണം. അതെങ്ങനെ സാധ്യമാകും? അല്ലാഹുവെക്കുറിച്ചുള്ള വിചാരം ജ്വലിപ്പിച്ചു നിര്‍ത്താന്‍ പല വഴികളും റസൂല്‍ (സ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അല്ലാഹുവുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നാഗ്രഹിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ ചെയ്യാറുള്ളത്, പരമാവധി ഒരുപാട് കര്‍മങ്ങള്‍ അങ്ങ് ചെയ്യലാണ്. സുന്നത്ത് നോമ്പും നമസ്‌കാരങ്ങളും ഖുര്‍ആന്‍ പാരായണവും സ്വദഖകളും ഒക്കെ വര്‍ധിപ്പിച്ച് വല്ലാത്തൊരു ആത്മീയാവസ്ഥ നാം നേടിയെടുക്കും. പക്ഷേ, അതിന് അല്‍പായുസ്സാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. ആവേശം പെട്ടെന്ന് ചോര്‍ന്നുപോകും. കര്‍മങ്ങള്‍ പഴയപടി കുറഞ്ഞുപോകും. ഈമാനിന്റെ അനുഭവങ്ങള്‍ താഴ്ന്നുപോകും. അതിനു പകരം ചെറിയ കര്‍മങ്ങളാണെങ്കിലും സ്ഥിരമായി ചെയ്യുന്നതാകുക എന്നതാണ് ഒരു വഴി. റസൂല്‍ (സ) പറഞ്ഞിട്ടുണ്ടല്ലോ; 'അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മം സ്ഥിരമായി ചെയ്യുന്നവയാണ്,  അതെത്ര കുറവായാലും ശരി.'
അത്തരത്തില്‍ എന്നും നമ്മുടെ ജീവിതത്തില്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന ഒരു ഐഛിക കര്‍മം നമ്മളിലുണ്ടാകണം. ഉദാഹരണത്തിന് ഒരു ദിവസം എഴുന്നേറ്റതു മുതല്‍ രാത്രി ഉറങ്ങുന്നതു വരെയുള്ള സമയങ്ങളില്‍ നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് മുമ്പും ശേഷവുമൊക്കെ ഉരുവിടാനായി  ചില ദിക്‌റുകളും പ്രാര്‍ഥനകളുമുണ്ടല്ലോ. അത് മനസ്സറിഞ്ഞ് സ്ഥിരമായി ചൊല്ലുമ്പോള്‍ അല്ലാഹു സദാ  മനസ്സില്‍ നിറഞ്ഞു നില്‍ക്കും. കാരണം അതൊന്നും കേവലം പുണ്യം നേടാനുള്ള പ്രാര്‍ഥനകള്‍ മാത്രമല്ല. നമ്മള്‍ എല്ലായ്‌പ്പോഴും അവന്റെ തീരുമാനങ്ങള്‍ക്കുള്ളിലാണ് ചലിച്ചുകൊണ്ടിരിക്കുന്നതെന്ന ബോധം അവ സദാ നമ്മുടെ ഉള്ളിലുണ്ടാക്കും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അവനെ സ്തുതിച്ചുകൊണ്ട് എഴുന്നേല്‍ക്കുകയാണ്. ഞാന്‍ ഉറക്കത്തിലായിരുന്നു. എന്റെ നിയന്ത്രണം എന്റെ കൈയിലായിരുന്നില്ല. ഈ പ്രഭാതത്തില്‍ കണ്ണുകള്‍ തുറക്കാനാകുമെന്നും കൈകാലുകള്‍ ചലിപ്പിക്കാനാകുമെന്നും എനിക്ക് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. ഇതാ, എന്റെ റബ്ബ് ആരോഗ്യത്തോടെ മറ്റൊരു പ്രഭാതത്തിലേക്കെന്നെ കൈപ്പിടിച്ചുയര്‍ത്തിയിരിക്കുന്നു. ഈ ബോധമാണ് ആ പ്രാര്‍ഥന നമ്മുടെ ഉള്ളില്‍ നിറക്കുന്നത്. ബാത്ത് റൂമില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ അല്ലാഹുവിന് നന്ദി പറയുന്നുണ്ട്. കാരണം എത്രയോ മനുഷ്യരുണ്ട്, ഒന്ന് മര്യാദക്ക് മൂത്രമൊഴിക്കാന്‍ കഴിയാതെ തടസ്സപ്പെട്ട് പ്രയാസമനുഭവിക്കുന്നവരായി. എന്നാല്‍ ഓരോ ദിവസവും ഒരു പ്രയാസവുമില്ലാതെ അതൊക്കെ നിര്‍വഹിക്കാന്‍ എന്നെ സഹായിക്കുന്ന പടച്ചവനേ, നിനക്കാണ് സ്തുതികള്‍!
ഭക്ഷണം കഴിക്കുക എന്ന പണിയല്ലേ നമ്മളെടുക്കുന്നുള്ളൂ. അത് നമ്മുടെ ആമാശത്തിലെത്തി ദഹനം നടന്ന് വ്യത്യസ്തങ്ങളായ പ്രക്രിയകളിലൂടെ ശരീരത്തിനാവശ്യമുള്ള പോഷകങ്ങളാക്കി മാറ്റപ്പെടുന്നുണ്ട്. മാലിന്യങ്ങള്‍ പുറംതള്ളാന്‍ പ്രത്യേക സംവിധാനമുണ്ട്. ഒരു ഫാക്ടറി കണക്കെ ഇതെല്ലാം ഇങ്ങനെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഒരു നിയന്ത്രണവും നമ്മുടെ കൈയിലില്ല. ഭക്ഷണം കഴിച്ച് നമ്മളവനെ സ്തുതിക്കാന്‍ മറന്നാലും നമ്മള്‍ കഴിച്ച ഭക്ഷണം ദഹിപ്പിക്കാന്‍ അവന്‍ മറക്കാറില്ലല്ലോ. നമ്മള്‍ മറന്നാലും നമ്മളെ ഓര്‍ക്കുന്ന റബ്ബ്.  ആ റബ്ബിനെ എങ്ങനെ സ്തുതിക്കാതിരിക്കാനാകും? ഇങ്ങനെ ഓരോ സന്ദര്‍ഭത്തിലെയും പ്രാര്‍ഥനയും ദിക്‌റും നമ്മുടെ ഉള്ളില്‍ അല്ലാഹുവെ കുറിച്ച വിചാരങ്ങള്‍ നിറക്കുകയാണ്. ഇത് ജീവിതത്തിലെ ശീലമാക്കി മാറ്റിയാല്‍ തന്നെ അല്ലാഹു എന്നത് ഒരു ജീവിതാനുഭവമായി മാറ്റാന്‍ നമുക്കാകും.
ഖുദ്‌സിയായൊരു ഹദീസിലൂടെ റസൂല്‍ (സ) പഠിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുകയാണ്: 'ഞാന്‍ നിര്‍ബന്ധമാക്കിയ കര്‍മങ്ങളിലൂടെ ഒരടിമ എന്നിലേക്കടുക്കുന്നതാണ് എനിക്കേറ്റവുമിഷ്ടം. ഒരാള്‍ അതിനു പുറമെ ഐഛികമായ കര്‍മങ്ങള്‍ ചെയ്തുകൊണ്ട് എന്നിലേക്ക് കൂടുതല്‍ അടുക്കും. അങ്ങനെ ഞാനവനെ സ്‌നേഹിച്ചു തുടങ്ങും. പിന്നെ അവന്‍ കേള്‍ക്കുന്ന കാതുകള്‍ ഞാനായിത്തീരും. അവന്‍ കാണുന്ന കണ്ണുകള്‍ ഞാനായിത്തീരും. അവന്‍ നീട്ടുന്ന കരങ്ങള്‍ എന്റേതാകും. അവന്‍ നടക്കുന്ന കാലുകള്‍ എന്റേതാകും...'
അല്ലാഹു ഒരാളെ സ്‌നേഹിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിയെക്കുറിച്ചാണ് പറയുന്നത്. അല്ലാഹു നമ്മളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അവനിഷ്ടപ്പെടുന്നത് കാണാനും കേള്‍ക്കാനും മാത്രമേ നമുക്ക് താല്‍പര്യമുണ്ടാകൂ. അവനിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലേ നമുക്ക് സന്തോഷമുണ്ടാകൂ. അവനിഷ്ടപ്പെടുന്ന വഴിയില്‍ നടക്കാനേ നമുക്കാവുകയുള്ളൂ. അതൊരു പ്രത്യേകമായ പദവിയാണ്. ഈമാനിന്റെ മാധുര്യങ്ങളനുഭവിക്കാന്‍ കഴിയുന്ന അവസ്ഥ. പുറമേക്ക് പ്രയാസങ്ങളും പ്രതിസന്ധികളുമുണ്ടെങ്കിലും അകം ശാന്തമായിരിക്കും, മനസ്സിന് കുളിര്‍മയുണ്ടാകും. ഈയൊരു നില നേടിയെടുക്കാനും അനുഭവിക്കാനും നമുക്കാവേണ്ടതുണ്ട്.
റമദാന്‍ നമുക്ക് അല്ലാഹുവെ അനുഭവിക്കാനുള്ള വാതിലുകള്‍ തുറന്നിട്ടു തരികയാണ്. റമദാനിനു ശേഷമുള്ള ജീവിതത്തിലേക്കുള്ള ഈമാനിക ഊര്‍ജം സംഭരിക്കാന്‍ ഈ മാസം നമുക്കാകണം. പുതിയ ശീലങ്ങളുണ്ടാക്കിയെടുക്കണം. ആ ശീലങ്ങളില്‍ ചിലതൊക്കെ പതിവാക്കാന്‍ കഴിയണം. നന്മകളുടെ സുഗന്ധവും അനുഭൂതിയും ഭൗതികാലങ്കാരങ്ങളുടെ പൊലിമ കുറക്കുന്ന സമയമാണ്. അല്ലാഹുവോടുള്ള സ്‌നേഹത്തിന്റെയും പ്രതീക്ഷയുടെയും നനവ് ഉള്ളില്‍ കിനിയണം. കരുണയുടെയും വിട്ടുവീഴ്ചയുടെയും തുറന്നിട്ട വാതിലുകള്‍ കടന്ന് അവനോട് ചേര്‍ന്നിരിക്കണം. നന്മകളൊക്കെയും, അതെത്ര ചെറുതാണെങ്കിലും പെറുക്കിയെടുത്ത് കൂട്ടിവെക്കണം. നോമ്പ് തുറക്കുമ്പോള്‍ വരണ്ടുണങ്ങിയ ഞരമ്പുകളെ നനയിക്കുന്ന വെള്ളത്തേക്കാള്‍ കുളിര്‍മയോടെ നാഥന്റെ ഇഷ്ടത്തിനായി ജീവിച്ച ഒരു ദിനത്തിന്റെ നിര്‍വൃതിയുടെ കുളിര്‍മ മനസ്സിലനുഭവിക്കണം. രാത്രിയുടെ അന്ത്യയാമങ്ങളില്‍ അവനു മുന്നില്‍ സുജൂദില്‍ കിടന്ന് ദുആ ഇരക്കണം. ഈമാനിന്റെ ചൈതന്യവും മാധുര്യവും അനുഭവിക്കുന്ന മനസ്സ് നേടിയെടുക്കണം. അതിന്റെ വെളിച്ചം ജീവിതത്തെ നയിച്ചാല്‍ മറ്റൊരു അലങ്കാരത്തിനും നമ്മെ നേര്‍വഴിയില്‍നിന്ന് തെറ്റിക്കാന്‍ ആവില്ല തന്നെ.
ഈമാന്‍ വിശ്വാസമായല്ല, അനുഭൂതിയായി വളര്‍ത്തിയെടുക്കണം. ഭയപ്പെടുത്തുന്ന സാഹചര്യങ്ങളില്‍ നമുക്കത് നിര്‍ഭയത്വമാകണം, പ്രകോപനങ്ങള്‍ക്കു മുന്നില്‍ വിവേകമാകണം, പ്രലോഭനങ്ങള്‍ക്കു മുന്നില്‍ നിശ്ചയദാര്‍ഢ്യമാകണം, അരക്ഷിതാവസ്ഥകളില്‍ ധൈര്യമാകണം, പ്രയാസങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ മനസ്സിന് കുളിര്‍മയേകുന്ന നനവാകണം. ''ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ നേര്‍വഴിയിലാക്കിയ ശേഷം ഞങ്ങളുടെ മനസ്സുകളെ അതില്‍നിന്ന് തെറ്റിച്ചുകളയരുതേ, നിന്റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ നല്‍കേണമേ. നീ അത്യുദാരനല്ലോ'' (3:8).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (38-41)
ടി.കെ ഉബൈദ്‌