Prabodhanm Weekly

Pages

Search

2020 മെയ് 15

3152

1441 റമദാന്‍ 22

റമദാന്‍ കാലത്തെ ലോക്ക് ഡൗണും മുസ്‌ലിം ജീവിതവും

അമീന്‍ വി. ചൂനൂര്‍

നമസ്‌കരിക്കാനോ ഹജ്ജ് ചെയ്യാനോ മറ്റു അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനോ സാധിച്ചതുകൊണ്ടു മാത്രം ഒരു മുസ്ലിമിന്റെ മതസ്വാതന്ത്ര്യം പൂര്‍ണമാവുന്നില്ല. നീതിക്കു വേണ്ടി ശബ്ദിക്കാന്‍ കഴിയുമ്പോള്‍ കൂടിയാണ് അവന്റെ മതസ്വാതന്ത്ര്യം പൂര്‍ണമാവുക. കാരണം, ഇസ്ലാമെന്നത് കേവലം ആരാധനകള്‍ മാത്രമല്ല; വിമോചനത്തിനു വേണ്ടിയുള്ള പടയോട്ടം കൂടിയാണ്. നീതിക്കു വേണ്ടി ശബ്ദിക്കുക എന്നതാകട്ടെ കേവലം പ്രതിഷേധ സ്വരങ്ങള്‍ പുറപ്പെടുവിക്കുക മാത്രവുമല്ല. അനീതിയുടെ കാരണങ്ങള്‍ അന്വേഷിക്കുന്നതും ആ കാരണങ്ങളെ കുറിച്ച് സംസാരിക്കുന്നതും അതില്‍ പെടും. ഈ അര്‍ഥത്തില്‍ നോക്കുമ്പോള്‍  മുസ്ലിംകള്‍ ലോകത്ത് അനുഭവിക്കുന്ന മതസ്വാതന്ത്ര്യം വളരെ പരിമിതമാണ്.
കൊളോണിയല്‍ ഭീകരതകളുടെ തുടര്‍ച്ചകളില്‍ മുസ്ലിംകള്‍ ഇന്നും 'ലോക്ക് ഡൗണ്‍' ആയിക്കിടക്കുകയാണ്. അവര്‍ ഒരു വൈറസ് ജീവിതമാണ് നയിക്കുന്നത്. ഏതു നിമിഷവും പടര്‍ന്ന്  മനുഷ്യകുലത്തില്‍ ബഹുഭൂരിപക്ഷത്തെയും ബാധിക്കാവുന്ന ഒരു രോഗവുമായി അവര്‍ ജീവിക്കുന്നു.  അതുകൊണ്ട്, അവരുടെ ശബ്ദങ്ങള്‍ പുറത്തുവരാന്‍ പാടില്ല. അവരുടെ സ്വത്വത്തിനെതിരെ ആജീവനാന്ത കര്‍ഫ്യു ഉണ്ടായിരിക്കും, അവര്‍ തെരുവില്‍ ഇറങ്ങിയാല്‍ പിടിച്ചുകെട്ടിയിരിക്കും, പൊതു ഇടങ്ങളില്‍ വര്‍ത്തമാനം പറഞ്ഞാല്‍ ഭീകരനിയമങ്ങള്‍ ചാര്‍ത്തിയിരിക്കും.... ഇങ്ങനെ എല്ലാ അര്‍ഥത്തിലും വരിഞ്ഞുമുറുക്കപ്പെട്ട ഒരു ജീവിതമാണ് മുസ്ലിംകള്‍ക്ക് കൊളോണിയല്‍ - കുരിശുയുദ്ധ പരമ്പരകളിലൂടെ ഉണ്ടായിട്ടുള്ളത്. ഇന്ന് മുസ്ലിംകള്‍ ജീവിച്ചുപോകുന്ന കാലത്തിന്റെ യഥാര്‍ഥ ചിത്രം.
സല്‍മാന്‍ സയ്യിദ് തന്റെ 'ഫണ്ടമെന്റല്‍ ഫിയര്‍' എന്ന പുസ്തകത്തില്‍ പടിഞ്ഞാറ് മുസ്ലിംകളെ കാണുന്നത് ഒരു പ്രേതം പോലെയാണ് എന്ന് സൂചിപ്പിക്കുന്നുണ്ട്. ഒരു മെറ്റഫര്‍ എന്ന നിലക്ക് പ്രേതവും വൈറസും ചിലപ്പോള്‍ മാത്രം ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്. പ്രേതം എന്നു പറയുന്നത് മരിച്ച ഒന്നിന്റെ സാങ്കല്‍പിക ശേഷിപ്പാണ്. 'വൈറസ്' ജീവിച്ചിരിക്കുന്ന ഒരു റിയല്‍ സാധനമാണ്. കൊന്നു കുഴിച്ചുമൂടിയ ശേഷം ഉയരുന്ന ശബ്ദങ്ങളും പ്രത്യക്ഷപ്പെടലുകളുമാണ് പ്രേതത്തിന്റേത്.  കുരിശുയുദ്ധങ്ങളിലൂടെയും കൊളോണിയലിസത്തിലൂടെയും മുസ്ലിംകളെയും അവരുടെ സ്വത്വത്തെയും തകര്‍ത്തവര്‍ക്കിടയില്‍ വര്‍ത്തമാനകാലത്ത് ജീവിച്ചുകൊണ്ട് ആ പ്രേതം അവരെ നിരന്തരം വേട്ടയാടുന്നുണ്ട്.
പ്രേതങ്ങള്‍ ഏതു സമയത്തും  പ്രത്യക്ഷപ്പെടാം.  അതാണ് ഏറെ ഭീതിപ്പെടുത്തുന്നതും. ദല്‍ഹി യൂനിവേഴ്സിറ്റിയില്‍, ജെ.എന്‍.യുവില്‍,  ശാഹീന്‍ ബാഗില്‍, മേട്ടുപ്പാളയത്ത് ജാതിമതില്‍ തകര്‍ന്ന് ദലിതുകള്‍ മരിക്കാനിടയായതിനു ശേഷമുള്ള കൂട്ട മതപരിവര്‍ത്തനത്തിന്റെ രൂപത്തില്‍, ഹാദിയയുടെയും തോക്കിന്മുനകള്‍ക്കു നേരെ വിരല്‍ ഉയര്‍ത്തിയ ആഇശ റെന്നയുടെയും ലദീദയുടെയും രൂപത്തില്‍, ശര്‍ജീല്‍ ഉസ്മാനിയുടെയും ശര്‍ജീല്‍ ഇമാമിന്റെയും രൂപത്തില്‍,  നജീബിന്റെയും ജുനൈദിന്റെയും സകരിയ്യയുടെയും ഉമ്മമാരുടെ ഉയിരിന്റെ രൂപത്തില്‍....
കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് രസകരമായ ചില താരതമ്യങ്ങള്‍ ഉണ്ട്. ലോകം ഭൗതികാര്‍ഥത്തിലുള്ള ഒരു ലോക്ക് ഡൗണ്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും മറ്റുമുള്ള വ്യഥകളും കഥകളും എല്ലാവരും പങ്കുവെച്ചുകൊണ്ടിരിക്കുന്നു. വര്‍ത്തമാന ലോകത്തിന് ഇത് ആദ്യ അനുഭവമായിരിക്കും. എന്നാല്‍ മുസ്ലിം ജീവിതം  കോവിഡ് 19  വരുന്നതിനു മുമ്പു തന്നെ രണ്ടു തരത്തിലുള്ള ലോക്ക്  ഡൗണിലാണ്.  ഒന്ന്,  സ്വത്വപരമായ ലോക്ക് ഡൗണ്‍,  രണ്ടാമത്തേത് ഭൗതികമായിട്ടുള്ളത്. ഇത് രണ്ടും നിരന്തരം അനുഭവിക്കുന്ന സമൂഹം എന്ന നിലക്ക് കോവിഡ് 19 സമയത്തെ ലോക്ക്  ഡൗണ്‍ ആദ്യത്തേതിനേക്കാള്‍  നിസ്സാരമായി അവര്‍ക്ക് അനുഭവപ്പെട്ടേക്കാം.  കോവിഡിന്റേതല്ലാത്ത ഭൗതിക ലോക്ക്  ഡൗണ്‍ എന്നതു കൊണ്ട് ഉദ്ദേശിച്ചത്,  ഗസ്സയും കശ്മീരും, വിചാരണ പോലും നിഷേധിച്ച് ഭീകര കരിനിയമങ്ങള്‍ വഴി തടവറയില്‍ അയക്കപ്പെടുന്നതും ആള്‍ക്കൂട്ടക്കൊലകള്‍ക്കിരയാവലുമൊക്കെയാണ്. മുസ്ലിംകള്‍ ഒരു ശരീരം പോലെയാണ്. അതിന്റെ ഒരു ഭാഗത്ത് എന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ശരീരത്തെയും അത് ബാധിക്കുന്നുണ്ട്. ഇത് മുസ്ലിംകള്‍ക്ക് ഉണ്ടാകേണ്ട ബോധമാണെന്ന് ഹദീസ് പഠിപ്പിക്കുന്നു. ദേശരാഷ്ട്രങ്ങളാക്കി വിഭജിച്ച് പുതിയ ഐഡന്റിറ്റി ഉണ്ടാക്കി  തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഈ ബോധത്തിന് കാര്യമായ പരിക്കേല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. 
ംംം.ാലൃേീ.രീ.ൗസ എന്ന വെബ്സൈറ്റില്‍,  സണ്‍സെക്‌സ് യൂനിവേഴ്സിറ്റി ഇത്തരമൊരു പഠനം നടത്തിയതായി പറയുന്നുണ്ട്.  യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത്,  മുസ്ലിംകള്‍ 'ഉമ്മത്ത്' എന്ന കൂട്ടായി പങ്കിടുന്ന ഒരു ബോധത്താല്‍ ബന്ധിക്കപ്പെട്ടവരാണ് എന്നാണ്. അതായത് ദേശീയ, അന്തര്‍ദേശീയ, പ്രാദേശിക തലങ്ങളില്‍ മുസ്ലിംകള്‍ ഇരയാക്കപ്പെടുന്നതിനെ കുറിച്ച് വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്ന മുസ്ലിമിന് പരോക്ഷമായെങ്കിലും ഒരു മാനസികാഘാതം അനുഭവപ്പെടുന്നു (https://metro.co.uk/2020/03/02/muslims-experience-shared-suffering-muslims-go-trauma-12222128/).
രണ്ടാമത്തെ കാര്യം, അവരുടെ ശബ്ദത്തെ ലോക്ക് ചെയ്തുവെക്കുന്നതു തന്നെ. തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍  ഉയര്‍ത്താനോ അതോര്‍ത്ത് ഒന്ന് കരയാനോ പോലും കഴിയാത്തവിധം ബന്ധിതരായാണ് മുസ്ലിംകള്‍ പലയിടത്തും അവരുടെ സാധാരണ ജീവിതം ജീവിച്ചുകൊണ്ടിരിക്കുന്നത്.
അനീതി ഉണ്ട് എന്ന് പറയുന്നതു പോലും അത്തരം നാടുകളില്‍ ഭീകരനിയമങ്ങള്‍ ചാര്‍ത്തപ്പെടുന്നതിനും പിന്നീടവര്‍ വെളിച്ചം കാണാതിരിക്കുന്നതിനും കാരണമായിത്തീരുന്നു.
സ്വന്തം കുടുംബത്തിന്റെ പട്ടിണി മാറ്റാനായി വളരെ നേരത്തേ തന്നെ ജോലി ചെയ്ത് തുടങ്ങിയ പരപ്പനങ്ങാടിയിലെ സകരിയ്യയെ പോലീസ് പിടിച്ചുകൊണ്ടുപോയിട്ട് ഒന്നരപ്പതിറ്റാണ്ടിനടുത്തായി. ചെയ്ത കുറ്റമെന്തെന്ന് ഇന്നും സകരിയ്യക്ക് അറിയില്ല; വിചാരണയുമില്ല. പത്ത് വര്‍ഷത്തിനടുത്ത് നിരപരാധിയായി ജയില്‍വാസം അനുഭവിക്കേണ്ടിവന്നിട്ടും മറ്റൊരു കേസില്‍ വിചാരണ ഇല്ലാതെ അബ്ദുന്നാസിര്‍ മഅ്ദനി തടവറയിലാണ്. നിരവധി ചെറുപ്പക്കാര്‍ ഭീകരനിയമങ്ങള്‍ ചാര്‍ത്തപ്പെട്ട് ജയിലിലാണുള്ളത്. മുസ്ലിം സമൂഹം ഇന്ത്യയില്‍ അനുഭവിക്കുന്ന ഭരണകൂട ഭീകരതയുടെയും ലോക്ക് ഡൗണിന്റെയും പ്രതീകമാണ് ഇവര്‍.
ഒന്നുകൂടി കൃത്യമായി പറയുകയാണെങ്കില്‍, തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ  നീതിയെ കുറിച്ചോ അവര്‍ മിണ്ടരുത്. മുസ്ലിം സ്വത്വവുമായി സ്വന്തം വീട്ടിനുള്ളില്‍ കഴിഞ്ഞുകൂടിയാലും അവരെത്തേടി സംഘങ്ങളെത്തും. അങ്ങനെയാണല്ലോ ബല്‍ക്കീസ് ബാനു അടക്കമുള്ള നിരവധി പേര്‍ ആക്രമിക്കപ്പെടുന്നത്. ഗുജറാത്ത്, നെല്ലി, ദല്‍ഹി, ഭാഗല്‍പൂര്‍ വംശഹത്യകള്‍ എല്ലാം വീടകങ്ങളില്‍ അടങ്ങിയൊതുങ്ങി ജീവിക്കുന്ന മുസ്ലിം സ്വത്വങ്ങളെ തേടിവന്ന ഉന്മൂലന പ്രവൃത്തികളാണ്.  കൂനന്‍ പോഷ്‌പോറ ഉണ്ടാകുന്നത് അങ്ങനെയാണല്ലോ. രാവിലെ വന്ന് പുരുഷന്മാരെ മുഴുവന്‍ അവര്‍ പിടിച്ചുകൊണ്ടുപോയി തടവറയിലിടുന്നു. വൈകീട്ട് അതേ വീടുകള്‍ തേടി പട്ടാളക്കാര്‍ വന്നു അവിടെയുള്ള സ്ത്രീകളെ  ബലാത്സംഗം ചെയ്യുന്നു. കാരണം ഒന്നു മാത്രം. അവര്‍ മുസ്ലിം സ്വത്വവുമായി അവരുടെ വീടുകളില്‍ ജീവിച്ചു.
അന്ന് ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട റാബിയ എന്ന സ്ത്രീയുടെ മകന്‍ അലി എഴുതിയ ഒരു കവിതയുണ്ട്. സംഭവം നടക്കുമ്പോള്‍ പത്ത് വയസ്സ് മാത്രമുണ്ടായിരുന്ന മകനോട് റാബിയ ഈ സംഭവം വിവരിച്ചതായിരുന്നു. പത്തുവയസ്സുകാരനായ അലിയെയും വീട്ടിലുള്ള മൊത്തം പുരുഷന്മാരെയും പിടിച്ചുകൊണ്ടുപോയ ശേഷം രാത്രിയില്‍ അവര്‍ തിരിച്ചുവന്ന് 13 വയസ്സ് മുതല്‍ 70 വയസ്സ് വരെയുള്ള സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി. അവര്‍ കോണിപ്പടി കയറിവരുന്ന ശബ്ദം കേട്ടു ഭയന്നുവിറച്ച് റാബിയ അറിയാതെ വിസര്‍ജിച്ചു. അവര്‍ അവരുടെ മലം രണ്ടു കൈകളിലുമെടുത്ത് ശരീരമാകെ പുരട്ടി. ബാക്കി അലിയുടെ കവിതയില്‍നിന്ന്:

'..........എന്തിനാണ് ഞാനങ്ങനെ
ചെയ്യുന്നതെന്ന്
എനിക്കറിയില്ലായിരുന്നു.
കോണിപ്പടി കയറിവന്ന ആ
പട്ടാളക്കാരനും
അവന്റെ പിന്നാലെ വന്ന മറ്റുള്ളവരും
മേലാകെ തീട്ടം പുരണ്ട എന്നെ കണ്ട്
കാര്‍ക്കിച്ചു തുപ്പി മൂക്ക് പൊത്തി
അതിവേഗം ഇറങ്ങിപ്പോയി.
സ്വന്തം മലമായിരുന്നു
അലീ എന്റെ കാവല്‍ക്കാരന്‍.
നൂറുകണക്കിന് സ്ത്രീകള്‍ക്ക്
അവരുടെ മാനം നഷ്ടപ്പെട്ടപ്പോള്‍
നിന്റെ ഉമ്മ രക്ഷപ്പെട്ടുവെന്നതില്‍
അഭിമാനിക്കാന്‍ ഒന്നുമില്ല അലീ,
അഭിമാനിക്കാന്‍ ഒന്നുമില്ല.'
- മുഹമ്മദ് അലി

ഇങ്ങനെ ജീവിക്കുന്ന ഒരു സമൂഹത്തിന് ഏത് ലോക്ക് ഡൗണ്‍ ആയിരിക്കും കൂടുതല്‍ ഭീകരം? അല്ലെങ്കില്‍ ഇപ്പോള്‍ ഉള്ളതൊക്കെ ഒരു ലോക്ക് ഡൗണ്‍ ആയി അനുഭവപ്പെടുമോ? കശ്മീരും ഗസ്സയും അനുഭവിച്ച തരത്തിലുള്ള ലോക്ക് ഡൗണ്‍ ഈ വര്‍ത്തമാനകാലത്ത് ഒരു ജനതയും അനുഭവിച്ചിട്ടുണ്ടാവില്ല. എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വിലക്കപ്പെട്ട് പട്ടാളത്തിന്റെ ബൂട്ടുകള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടുള്ള ജീവിതമാണ് പ്രസ്തുത ലോക്ക്  ഡൗണ്‍. തോക്കിന്‍ മുനമ്പിലുള്ള ജീവിതമാണത്. കോവിഡില്‍നിന്ന് നിങ്ങളെ രക്ഷിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും, നിങ്ങളെ തന്നെ ഒരു വൈറസ് ആയി കണ്ടുകൊണ്ട് നിങ്ങളുടെ സ്വത്വം, ശബ്ദം, ജീവിതം, ആവാസ വ്യവസ്ഥ എന്നിവയെ ഭരണകൂട ഭീകരത പ്രയോഗിച്ച് നശിപ്പിക്കുന്ന ലോക്ക് ഡൗണും, ഏതാണ് ഭീകരം?
കോവിഡ് വൈറസിനെതിരായ പോരാട്ടം പോലും ഇവര്‍ ഒരു സന്ദര്‍ഭമായി ഉപയോഗിക്കുകയാണ്. വലിയ വൈറസ് ആയി കാണുന്ന മുസ്ലിം ജീവിതത്തെ തകര്‍ക്കാനായി കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലും ഉപയോഗിക്കുകയാണിപ്പോള്‍ (ജൂതര്‍ക്കെതിരെ വംശവെറിയന്‍ പ്രയോഗങ്ങള്‍ നടത്തിയ ഹിറ്റ്‌ലര്‍ അവരെ വിളിച്ചത് വൈറസ് എന്നാണ്. രോഗങ്ങള്‍ പരത്തുന്ന വൈറസുകള്‍ നിര്‍മാര്‍ജനം ചെയ്യപ്പെടാതെ രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ല എന്നാണ് അയാള്‍ പറഞ്ഞത്). നേരത്തേ തെരുവില്‍ ശബ്ദമുയര്‍ത്തിയ ആക്ടിവിസ്റ്റുകളില്‍ പലരെയും ഇതിനകം ഭീകരനിയമങ്ങള്‍ ചാര്‍ത്തി അകത്താക്കിക്കഴിഞ്ഞു. കൂട്ടത്തില്‍ മൂന്ന് മാസം ഗര്‍ഭിണിയായ യുവതി പോലുമുണ്ട്. സകല അവകാശങ്ങളും ഹനിച്ചുകൊണ്ടാണ് അവരെ തടവറകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. വലിയ ക്രിമിനലുകളെ പാര്‍പ്പിക്കുന്ന സെല്ലില്‍ വിചാരണ പോലും നിഷേധിച്ച്, സ്വന്തം വീട്ടിലേക്ക് ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും  അനുവദിക്കാതെയാണ് ഗര്‍ഭിണിയോട് പോലും പെരുമാറുന്നത്. ഇഅഅ / ചഞഇ പ്രക്ഷോഭങ്ങളില്‍ മുന്നില്‍ നിന്നവരെയെല്ലാം  ഭീകര നിയമങ്ങള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്യുകയാണ്.
മുസ്ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം റമദാനും പെരുന്നാള്‍ ആഘോഷവും ലോക്ക് ഡൗണിലൂടെ കടന്നുപോകുമ്പോഴും പുതിയ  വിശേഷമായി അത് അനുഭവപ്പെടുന്നില്ല. അവരുടെ ശരീരം കഴിഞ്ഞുപോയ ഓരോ നോമ്പുമെടുത്തത് ഭൗതികവും സ്വത്വപരവുമായ ലോക്ക് ഡൗണില്‍ അകപ്പെട്ടുകൊണ്ടുതന്നെയാണ്. അവരുടെ ഓരോ പെരുന്നാളിനും സന്തോഷത്തോടൊപ്പം ഓര്‍ക്കാനും പ്രാര്‍ഥിക്കാനും അത്തരത്തിലുള്ള  അനുഭവങ്ങളും ഉണ്ടായിരുന്നു. പെരുന്നാള്‍ ദിനത്തില്‍  തൂക്കിലേറ്റപ്പെട്ടു പോലും അത് അനുഭവിച്ച സമൂഹമാണ് മുസ്ലിംകള്‍. ഹാഫിളായതിന്റെ സന്തോഷത്താല്‍ ഉമ്മ നല്‍കിയ 1500 രൂപക്ക് പുത്തന്‍ വസ്ത്രവും വാങ്ങി പെരുന്നാള്‍ ആഘോഷിക്കാന്‍ കൊതിച്ചു വന്ന ജുനൈദിനെ മൃഗീയമായി കൊലപ്പെടുത്തിയ പെരുന്നാളിനേക്കാളും വലിയ ദുഃഖം ഏതായാലും ഈ ലോക്ക് ഡൗണ്‍ പെരുന്നാളിലും മുസ്ലിം സമൂഹത്തിന് അനുഭവിക്കാനില്ല.
പക്ഷേ, ഈ ദുഃഖങ്ങളെല്ലാം കേവലം നഷ്ടങ്ങളായി മാറുകയല്ല ചെയ്യുന്നത്. ഓരോന്നും നേരത്തേ പറഞ്ഞ പ്രേതങ്ങളായി അധികാര കേന്ദ്രങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുക തന്നെയാണ്. അതാണ് നജീബിന്റെയും ജുനൈദിന്റെയും സകരിയ്യയുടെയും ഉമ്മമാരുടെ കരുത്തുറ്റ വാക്കുകളില്‍നിന്ന് പുറപ്പെടുന്നത്, പ്രായാധിക്യത്തിന്റെ പരിഭവങ്ങള്‍ ഇല്ലാതെ പോരാട്ടത്തില്‍ നെടും തൂണു പോലെ ഉറച്ചുനില്‍ക്കുന്ന അസ്മ ഖാത്തൂന്റെ നോട്ടങ്ങളില്‍ നാം കാണുന്നത്. സംഘടനാ നേതാക്കളുടെ വാക്കുകളേക്കാള്‍ മുസ്ലിം ഉമ്മത്ത് ഇപ്പോള്‍ ആവേശപൂര്‍വം ചെവിയോര്‍ക്കുന്നതും ഇപ്പോള്‍ ഈ ഉമ്മമാരുടെ അനക്കങ്ങളിലേക്കാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (38-41)
ടി.കെ ഉബൈദ്‌