Prabodhanm Weekly

Pages

Search

2020 മെയ് 15

3152

1441 റമദാന്‍ 22

ബദ്ര്‍ ഒരു ദിവസത്തെ ഓര്‍മ പുതുക്കലല്ല

ബാബുലാല്‍ ബശീര്‍

ചരിത്രം സ്വയം ആവര്‍ത്തിക്കും എന്നത് ശരിയാക്കിയെഴുതിയാല്‍ ചരിത്രം ആവര്‍ത്തിക്കപ്പെടാനുള്ളതു തന്നെയാണ് എന്നെഴുതാം. ചരിത്രം അല്ലെങ്കില്‍ പാരമ്പര്യം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞാല്‍ സൃഷ്ടി ആണ്. മുന്നോട്ടുള്ള ഗമനത്തെ നിര്‍ണയിക്കാന്‍ കെല്‍പുള്ള സൃഷ്ടിപ്പ്. ഓര്‍മകള്‍ എന്നും അത് വിളിക്കപ്പെടാം. ഓര്‍മയുടെ കോശങ്ങള്‍ പ്രോജ്ജ്വലിപ്പിക്കുന്നത് നാം ആരായിരുന്നു എന്നതാണ്. ആരായിരിക്കണം എന്നതും. അപ്പോള്‍ വര്‍ത്തമാനത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യത്തിലേക്ക് വളരെ വേഗം ഊളിയിടാം. എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നത് വര്‍ത്തമാന സമസ്യകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നെങ്കില്‍, എവിടെ എത്തണം എന്നത് ചരിത്രബോധം ചൂണ്ടി തരും. ബദ്‌റിന്റെ പാഠങ്ങള്‍ ഇസ്ലാമിന്റെ  സാമൂഹിക പാഠങ്ങളിലെ ഈടുറ്റ താള് ആകുന്നതും അങ്ങനെയാണ്. ബദ്ര്‍ സ്വയം പാഠപുസ്തകം എന്നതിനോടൊപ്പം, മുസ്ലിം ഉമ്മത്തിന് കാലാതീതമായ ഒരു റഫറന്‍സ് കൂടിയാണ്. മനുഷ്യരാശി അന്നോളം കണ്ടിട്ടില്ലാത്ത ഒരു പോരാട്ടത്തിന്റെ കഥയും.
മനുഷ്യചരിത്രം പോരാട്ടങ്ങളുടേതാണ്. നിലനില്‍പിനും വെട്ടിപ്പിടിക്കാനും മുതല്‍ നിസ്സാര കാര്യങ്ങള്‍ക്കു വരെ. ശക്തിയും ദൗര്‍ബല്യവും മനുഷ്യന്റെ നിലനില്‍പ്പിന്റെ ആധാരമായിത്തീരുന്ന ഘട്ടത്തിലാണ്, കായികശക്തിയേക്കാള്‍ മനുഷ്യന്‍ ആയുധശശക്തിയെ ആശ്രയിച്ചു തുടങ്ങിയത്. നശീകരണത്തിന്റെ തോത് വര്‍ധിക്കുക എന്നതായിരുന്നു ഫലം. എതിരാളിയെ മലര്‍ത്തിയടിക്കുക എന്നതിനപ്പുറം അവന്റെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുകയും ആശ്രിതരെ അടിമകളാക്കുകയും ചെയ്യുക എന്നതിലേക്ക് യുദ്ധചരിത്രം വികസിക്കുന്നതാണ് പാശ്ചാത്യ-പൗരസ്ത്യ ദേശങ്ങളിലെല്ലാം കണ്ടു വന്നത്.  ധാര്‍മികതയോ മതാധ്യാപനങ്ങളോ യുദ്ധവുമായോ രാജ്യതന്ത്രവുമായോ മുഖാമുഖം വരാതെയായി. ദൈവത്തിന്റെ കാര്യം ദൈവം ചാപ്പലുകളിലും സീസര്‍ തന്റെ ഇഷ്ടങ്ങള്‍ രാജ്യത്തും പ്രയോഗിച്ചു തുടങ്ങി. 'ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും'. ഈ കറുത്ത കാലത്തിന്റെ സ്വാധീനം റസൂല്‍ ജനിക്കുന്ന കാലത്ത് അറേബ്യന്‍ ഉപഭൂഖണ്ഡത്തിലുടനീളം പടര്‍ന്നിരുന്നു. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായ കാലത്ത്, നിയതമായ ചില മൂല്യങ്ങളുടെ അടിത്തറയില്‍ സംഭവിച്ച യുദ്ധമായിരുന്ന ബദ്ര്‍.
യുദ്ധം ഒരു പാപമല്ല; അത് നീതിക്കും ന്യായത്തിനുമാണെങ്കില്‍. പലപ്പോഴും അത് ശക്തന്റെ ആയുധമാവുന്നു എന്നിടത്താണ് പ്രതിസന്ധി. ഗതിയില്ലാതെ ദുര്‍ബലന്‍ തിരിച്ചടിക്കുമ്പോള്‍ അത് ചെറുത്തു നില്‍പ്പായി രേഖപ്പെടുത്തപ്പെടും. ബദ്ര്‍ അങ്ങനെയല്ല. അങ്ങനെ പലയിടത്തും രേഖപ്പെടുത്തപ്പെട്ടെങ്കിലും. വിശുദ്ധ ഖുര്‍ആനില്‍ ബദ്ര്‍ വിവരിക്കുന്ന ഇടങ്ങളിലൂടെ സഞ്ചരിച്ചാല്‍ മനസ്സിലാവുന്നത്, അതൊരു അനിവാര്യത ആയിരുന്നു എന്നാണ്. ആ ഒരു കാലത്തിന്റെ മാത്രം അനിവാര്യത അല്ല. ബദ്റിന് മുമ്പും ശേഷവും എന്ന് അടയാളപ്പെടുത്തുമാറ് ഉള്‍ക്കരുത്തുള്ള ഒരു അധ്യായമാണ് ബദ്ര്‍. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍, ബദ്ര്‍ പാഠങ്ങള്‍ കാലാതീതമാണ്. ഭൂതത്തിന്റെ തിന്മകളില്‍ നിന്ന് വര്‍ത്തമാനത്തിലൂടെ ഭാവിയെ രക്ഷിച്ചെടുക്കുക എന്നതായിരുന്നു ബദ്‌റിന്റെ ദൗത്യം. പ്രവാചകന്റെ (സ) പ്രാര്‍ഥനയും അതായിരുന്നല്ലോ; 'നാഥാ, ഇവിടെ തോറ്റാല്‍, നിന്നെ ആരാധിക്കാന്‍ ഈ ഭൂമുഖത്ത് ആരുമുണ്ടാവില്ല. അതിനാല്‍ നീ സഹായിക്കേണമേ.' ബദ്ര്‍ റസൂല്‍ നേടി. അല്ലാഹുവിന്റെ ദീന്‍ പടര്‍ന്നു പന്തലിച്ചു. ബദ്ര്‍ ഭാവിയിലേക്കുള്ള വലിയ ദൈവിക പദ്ധതിയായിരുന്നു.
ബദ്ര്‍ ശാരീരികം എന്നതിനേക്കാള്‍ ആത്മീയമായിരുന്നു. യുദ്ധത്തില്‍ ചെലവഴിച്ചതിനേക്കാളേറെ സമയം റസൂല്‍ (സ) സുജൂദില്‍ ചെലവഴിച്ചു. കണ്ണീരും പ്രാര്‍ഥനയും റസൂല്‍ കൂട്ടാക്കി. തുരുമ്പിച്ച ആയുധങ്ങളിലും ചെറിയൊരു സൈന്യത്തിലും മാത്രം പ്രതീക്ഷ വെക്കാന്‍ കഴിയുമായിരുന്നില്ല.  അല്ലാഹുവിന്റെ തീരുമാനമാണ് നടപ്പായത്. പതിമൂന്നു വര്‍ഷത്തെ മക്കാ പീഡനകാലം വിശ്വാസികളെ അല്ലാഹുവിന്റെ സഹായത്തിനു അര്‍ഹരാക്കിയിരിക്കുന്നു എന്നതാണത്. ഒരു സമൂഹത്തിന് ദൈവ സഹായത്തിന്റെ അര്‍ഹതയും സന്ദര്‍ഭവും എപ്പോള്‍ എന്നത് ഇപ്പോഴത്തെ നമ്മുടെ കൂടി ആലോചനയാണ്. ബദ്ര്‍ ഭാവിയുടെ ചൂണ്ടുപലക ആവുന്നതവിടെയാണ്. അല്ലാഹു സഹായിക്കുക തന്നെയായിരുന്നു. 'നിങ്ങളാണ് അമ്പുകള്‍ എയ്തതെങ്കിലും നിങ്ങളല്ല എയ്തത്, അല്ലാഹുവാണ് എയ്തത്' എന്ന് പറഞ്ഞത് അതുകൊണ്ടാണ്. അതൊരു തിരിച്ചറിവ് ഉണ്ടാക്കലായിരുന്നു. കര്‍മങ്ങളുടെ കര്‍ത്താവ് അല്ലാഹുവാണ്. വിശ്വാസിസമൂഹം മനുഷ്യസാധ്യമായ എല്ലാ പരിശ്രമങ്ങളും ചെയ്യുക എന്നു മാത്രം. 'പ്രതീക്ഷ' വിശ്വാസിയുടെ കരുതിവെപ്പാണ്.  ബദ്ര്‍ അത് പകല്‍പോലെ കാണിച്ചുതരുന്നു.  ഭൗതികമായ അളവുകോലുകള്‍ വെച്ച് ഖുറൈശിപ്പട  യുദ്ധത്തിന് മുന്നേ വിജയാഘോഷം തുടങ്ങിയിരുന്നു. അര്‍ഹതയുള്ളവരുടെ അതിജീവനം പ്രകൃതി നിയമമായതിനാല്‍ ബദ്‌രീങ്ങള്‍ വിജയിച്ചു. അര്‍ഹത പുറം കരുത്തല്ല, ഉള്‍ക്കരുത്താണ് എന്ന് ബദ്ര്‍ പഠിപ്പിക്കുന്നു. ദൈവഭയം മറ്റെല്ലാ ഭയങ്ങളെയും കരിച്ചുകളയും എന്നത് ബദ്‌റിന്റെ അനുഭവപാഠമാണ്. നമ്മുടെ കാലത്തെ ജാഹിലിയാ കൂട്ടങ്ങളുടെ പുളപ്പും നമ്മുടെ അതിജീവനത്തിന്റെയും അര്‍ഹതയുടെയും ഗൃഹപാഠങ്ങളും ഏറ്റവും നന്നായി മനസ്സിലാവുക ബദ്‌റിന്റെ പുതിയ വായനകളിലൂടെ തന്നെയാണ്.
ബദ്‌രീങ്ങള്‍ റസൂലിന്റെ നക്ഷത്ര ശോഭയുള്ള അനുയായികളായിരുന്നു. എല്ലാം ദൈവമാര്‍ഗത്തില്‍ ഇട്ടെറിഞ്ഞു വന്ന മുഹാജിറുകളും ഉള്ളതെല്ലാം പങ്കുവെച്ച് റസൂലിനെ ചങ്കായി കണ്ട അന്‍സ്വാറുകളും. അവരോളം ശോഭ മറ്റൊരു കൂട്ടത്തിനില്ല. തോല്‍ക്കും എന്ന് തോന്നിപ്പിക്കുന്ന ഒരു പോരാട്ടത്തിന് ജയിക്കാനിറങ്ങിയവര്‍. അവരുടെ അഭിപ്രായങ്ങളെ റസൂല്‍ അന്ന് മാനിച്ചു. പിന്നീടും അവരെ പരിഗണിച്ചു. അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു. അവര്‍ മരിച്ചപ്പോള്‍, കടുത്ത ദുഃഖം രേഖപ്പെടുത്തി. അവരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേക സഹായങ്ങള്‍ നല്‍കി. റസൂലിനെ അവരും സ്‌നേഹിച്ചു. ചാണിനു ചാണായും മുഴത്തിനു മുഴമായും ജീവിതത്തില്‍ പകര്‍ത്തി. ബദ്ര്‍ ഒരു ദിനത്തിന്റെ പാഠമല്ല. ഒരു ജീവിതത്തിന്റെ ഊടും പാവുമിട്ട തുടക്കമാണ്. സുഭദ്രമായ ഒരു ഇസ്ലാമിക സമൂഹത്തിനു വളമിടാന്‍ റസൂലിന് ആത്മവിശ്വാസമേകിയ സംഭവം. ഒരു ദിവസത്തെ ഓര്‍മ പുതുക്കലില്‍ നാം ബദ്‌റിനെ തളക്കുന്നുവെങ്കില്‍, നമുക്ക് എന്തോ കാര്യമായ മറവി രോഗം പിടികൂടിയിരിക്കുന്നു. 

 

കോവിഡ് കാലത്തെ കര്‍മശാസ്ത്ര ചര്‍ച്ചകള്‍

കൊറോണാ വൈറസ് ലോകത്തെ വിറപ്പിച്ചുകൊണ്ട് താണ്ഡവമാടുന്നു. ഇതിനെ തളയ്ക്കാനുള്ള ഗവേഷണത്തിലാണ് ശാസ്ത്രലോകം. അതില്‍ ലോകപോലീസ് ചമയുന്ന അമേരിക്കന്‍ ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രിയും  തങ്ങളാലാവുന്നത് ചെയ്തു നോക്കുന്നു. മണ്ണെണ്ണ പ്രയോഗവും കിണ്ണം മുട്ട് പ്രയോഗവും വിളക്കു കത്തിക്കലും ലൈറ്റണക്കലും! എന്നാല്‍ മുസ്ലിം ലോകമോ? അവര്‍ കൊറോണാ വ്യാപന കാലത്തെ ഫിഖ്ഹീ ഗവേഷണത്തിലാണ് മുഴുകിയിരിക്കുന്നത്!  പ്രവാചകന്റെ കാലത്ത് ഇത്തരം മഹാമാരികളുണ്ടാവുമ്പോള്‍ എങ്ങനെയാണവര്‍ ഇബാദത്ത് നടത്തിയത് എന്നിത്യാദി കാര്യങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് പലരും. ഇതിനെ പ്രതിരോധിക്കാനാവശ്യമായ മരുന്നോ വാക്സിനോ കണ്ടത്താനോ വികസിപ്പിച്ചെടുക്കാനോ ഉള്ള ഒരു പ്രവര്‍ത്തനവും ഈ ഉത്തമ സമൂഹം നടത്തുന്നതായി കേള്‍ക്കുന്നില്ല.  ഇതിനു വേണ്ടിയുള്ള സകല ഗവേഷണങ്ങളും പരീക്ഷണങ്ങളും യൂറോപ്പില്‍ നിന്നുണ്ടാവുമെന്ന് കരുതി എല്ലാവരും സമാധാനിച്ചു നടക്കുന്നു. നമുക്കതിലൊന്നും ചെയ്യാനില്ല തന്നെ!
വൈജ്ഞാനിക ചിന്ത പ്രസരിപ്പിക്കുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പോലും ഈ രംഗത്ത് ഗവേഷണം നടത്തി ഈ യജ്ഞത്തില്‍ പങ്ക് ചേരല്‍ മുസ്ലിം ലോകത്തിന്റെ നിര്‍ബന്ധ ബാധ്യതയാണ്, അഥവാ ഫര്‍ദ് കിഫായയാണെന്ന ബോധമുണ്ടാക്കാനെങ്കിലും ആഹ്വാനം ചെയ്യാത്തതെന്ത്? കൊറോണക്കാലത്തെ ഇസ്ലാമിക പ്രബോധനവും പ്രവര്‍ത്തനങ്ങളും എങ്ങനെ നടത്തണമെന്ന് നമുക്ക് അസ്സലായി അറിയാമെന്ന് ഇന്നത്തെ സോഷ്യല്‍ മീഡിയ പറഞ്ഞു തരുന്നു. ഇസ്ലാമിക പ്രസ്ഥാനമെങ്കിലും ഈ രംഗത്ത് എന്തെങ്കിലും സംഭാവനകളര്‍പ്പിക്കാന്‍ പുതിയ കാല്‍വെപ്പുകള്‍ നടത്തിയെങ്കില്‍ എന്നാശിച്ചുപോകുന്നു. അഥവാ അതിനുള്ള വകുപ്പുകള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കേണ്ടതല്ലേ? വല്ല നേട്ടവും മുസ്ലിം ലോകത്തിന് ഇക്കാര്യത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞെങ്കില്‍ ലോകം മുഴുവന്‍  ഇസ്ലാമിന്റെ മഹത്വം വിളംബരം ചെയ്തേനെ. ഇസ്ലാമിക പ്രബോധനമെന്ന മഹത്തായ ഉത്തരവാദിത്തവും ഇതു വഴി നിര്‍വഹിക്കപ്പെടുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവില്ല.  

എന്‍. ഖാലിദ് ചെറിയകുമ്പളം

 

പ്രവര്‍ത്തകരുമായി ഹൃദയബന്ധം സൂക്ഷിച്ച നേതാവ്

സിറാജുല്‍ ഹസന്‍ സാഹിബിനെക്കുറിച്ച് എ. റശീദുദ്ദീന്‍ എഴുതിയ അനുസ്മരണം (ഏപ്രില്‍ 17 )  ഹൃദയസ്പൃക്കായിരുന്നു. സാധാരണ ജനങ്ങളുമായി ഒരു അഖിലേന്ത്യാ നേതാവിനുണ്ടായിരുന്ന ഗാഢമായ ഹൃദയബന്ധം റശീദുദ്ദീന്‍ തന്മയത്വത്തോടെ സ്വന്തം അനുഭവങ്ങളില്‍ നിന്ന് വരച്ചുകാട്ടുന്നു. സിറാജുല്‍ ഹസന്‍ സാഹിബിനെപ്പോലെ,  സാധാരണക്കാരുമായി ഗാഢ ബന്ധം പുലര്‍ത്തുന്ന നേതാക്കള്‍ ഉണ്ടാകുമ്പോഴേ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന് കൂടുതല്‍ ജനകീയമായിത്തീരാന്‍ കഴിയുകയുള്ളൂ. പക്ഷേ, ഇത്തരം നേതാക്കള്‍ അപൂര്‍വമാണ് എന്നതാണ് വാസ്തവം.  

അബ്ദുസ്സമദ്  കൂട്ടിലങ്ങാടി

 

കരുതല്‍ വേണ്ട ഒളിയജണ്ടകള്‍

'കൊറോണക്കൊപ്പം പടരുന്ന വംശീയ വൈറസ്' എന്ന ശീര്‍ഷകത്തില്‍ വന്ന ലേഖനം (ലക്കം 48) പ്രഛന്നമായി സമൂഹ ശരീരത്തിലേക്ക് കടത്തിവിട്ടു കൊണ്ടിരിക്കുന്ന വര്‍ഗീയ വിഷബീജങ്ങളെ പറ്റി വല്ലാത്ത കരുതല്‍ ആവശ്യപ്പെടുന്ന ഒരു കാലത്തിലൂടെയാണ് നാട് കടന്നു പോകുന്നത് എന്ന് ഓര്‍മപ്പെടുത്തുന്നു. നാട് നൊമ്പരക്കാഴ്ചകളിലൂടെ പൊയ്ക്കൊണ്ടിരിക്കുമ്പോഴും, ഒരു കൈ സഹായം എന്ന മാനുഷിക വശം പാടേ മറന്ന് ആസുരമായ മനസ്സോടെ വിദ്വേഷം വളര്‍ത്താനുള്ള വളമായി അതിനെ ഉപയോഗിക്കുന്നവരെ നിരന്തരം തുറന്നു കാട്ടിക്കൊണ്ടിരിക്കുക എന്നതാണ് അല്‍പമെങ്കിലും മനുഷ്യത്വം ബാക്കിയുള്ളവര്‍ ചെയ്യേണ്ടത്. 
ഭരണകൂട സംവിധാനങ്ങളെ അദൃശ്യമായി ഫാഷിസം നിയന്ത്രിക്കുന്നത് മറ്റു സംസ്ഥാനങ്ങളില്‍ പുതുമയുള്ള വര്‍ത്തയല്ലെങ്കിലും കേരളം കൂടി ആ പട്ടികയിലേക്ക് വന്നു കൊണ്ടിരിക്കുന്നു എന്നത് കാര്യഗൗരവത്തില്‍ കാണേണ്ടതാണ്.  

ഇസ്മാഈല്‍ പതിയാരക്കര, ബഹ്‌റൈന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (38-41)
ടി.കെ ഉബൈദ്‌