Prabodhanm Weekly

Pages

Search

2020 മെയ് 08

3151

1441 റമദാന്‍ 15

വിട്ടുനില്‍ക്കുന്നതിലൂടെ പലതും തിരിച്ചുപിടിക്കുകയാണ് വ്രതം

ഡോ. അബ്ദുല്‍ വാസിഅ്

ഖുറൈശികളുടെ ചരിത്രത്തിലെ ഏറ്റവും കനത്ത ആഘാതമായിരുന്നു ബദ്‌റിലെ പരാജയം. തങ്ങളുടെ ദൂതന്‍ ഹൈസുമാനുബ്‌നു അബ്ദില്ലാഹ് പരാജയ വാര്‍ത്തയുമായി മടങ്ങിയെത്തിയപ്പോള്‍ ആ വാര്‍ത്ത വിശ്വസിക്കുന്നതിനു പകരം അദ്ദേഹത്തിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു അവര്‍ ചെയ്തത്. മക്കയില്‍  ഇടിത്തീപോലെ വന്നെത്തിയ പ്രസ്തുത ദുഃഖവാര്‍ത്ത ഒടുവില്‍ അബൂസുഫ് യാന്‍ നേരിട്ട് പറഞ്ഞപ്പോള്‍ മാത്രമേ ഖുറൈശികള്‍ക്ക് വിശ്വാസമായുള്ളൂ. ഇസ്ലാമിക വ്യവസ്ഥിതിയുടെ ഉന്മൂലനത്തിനു വേണ്ടി നടത്തിയ യുദ്ധം അതിന്റെ അവിശ്വസനീയമായ വളര്‍ച്ചക്ക് നിദാനമായി എന്നതായിരുന്നു ബദ്‌റിന്റെ ഫലങ്ങളിലൊന്ന്. ഖുറൈശികളുടെ പ്രതാപത്തിന് മങ്ങലേല്‍ക്കുകയും, ഇതര ഗോത്രങ്ങള്‍ക്കിടയില്‍ അവര്‍ക്കുണ്ടായിരുന്ന ബഹുമാനവും ആദരവും നഷ്ടപ്പെടുകയും ചെയ്തു. ഖുറൈശികളുടെ നടുവൊടിച്ച ബദ്‌റിന്റെ രണാങ്കണത്തില്‍ അവരില്‍നിന്ന് എഴുപതു പേര്‍ വധിക്കപ്പെട്ടു; അത്രയും പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തു. അബൂജഹ്ല്‍, ഉത്ബത്, ശൈബത്, നള്‌റുബ്‌നു ഹാരിസ്, ഉഖ്ബതുബ്‌നു അബീ മുഈത്വ്, ഉമയ്യതു ബ്‌നു ഖലഫ് തുടങ്ങിയ ഖുറൈശി നേതൃനിര ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായത് തീര്‍ത്തും അവിശ്വസനീയമായിരുന്നു.
ബദ്‌റിലെ പരാജയം കേവലം രാഷ്ട്രീയമെന്നതിനേക്കാളുപരി സാമ്പത്തികം കൂടിയായിരുന്നു. മദീന വഴി ശാമിലേക്കുള്ള കച്ചവടയാത്ര മുടങ്ങിയതോടെ ഖുറൈശികളുടെ സാമ്പത്തിക സ്രോതസ്സും വറ്റിവരണ്ടുപോയി.
ബദ്‌റിന്റെ ചരിത്രമോ അപഗ്രഥനമോ അല്ല ഇവിടെ ഉദ്ദേശ്യം. ഖുറൈശികളുടെ ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയത്തെയും, ഭീകരമായ രാഷ്ട്രീയ - സാമ്പത്തിക പ്രതിസന്ധിയെയും അവരെങ്ങനെ മറികടന്നു എന്നത് പ്രസക്തമായ വിശകലനമാണ്. ദുരന്തവാര്‍ത്തയറിഞ്ഞ ഖുറൈശികള്‍ ആദ്യഘട്ടത്തില്‍ താങ്ങാനാവാതെ പൊട്ടിക്കരഞ്ഞുവെങ്കിലും പിന്നീട് കരയുന്നത് വിലക്കിയെന്ന് ചരിത്രഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. പ്രമുഖ ചരിത്രകാരനായ ഇബ്‌നു ഇസ്ഹാഖ് ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്: കൊല്ലപ്പെട്ടവരെയോര്‍ത്ത് ഖുറൈശികള്‍ തേങ്ങിക്കരഞ്ഞു. പിന്നീട് അവര്‍ പറഞ്ഞു; 'നിങ്ങള്‍ കരയുന്നത് മുഹമ്മദും അനുയായികളുമറിഞ്ഞാല്‍ അതവരെ സന്തോഷിപ്പിക്കും. അതിനാലത് ചെയ്യരുത്. നിങ്ങള്‍ ധൃതിപിടിച്ച് ബന്ദികളെ മോചിപ്പിക്കുകയും ചെയ്യരുത്. അതിന് മുതിര്‍ന്നാല്‍ അവര്‍ നിങ്ങളോട് വിലപേശുകയാണ് ചെയ്യുക.'
മക്കളെ നഷ്ടപ്പെട്ടവര്‍, സഹോദരന്മാരെ നഷ്ടപ്പെട്ടവര്‍, പിതാക്കള്‍ കൊല്ലപ്പെട്ടവര്‍, ഉറ്റ ബന്ധുക്കളെ നഷ്ടപ്പെട്ടവര്‍ തുടങ്ങി പ്രതികാരദാഹവുമായി ജീവിക്കുന്ന നിരവധി പേര്‍ മക്കയിലുണ്ടായിരുന്നു. അന്ധനായ അസ് വദു ബ്‌നു മുത്ത്വലിബിന് ബദ്‌റില്‍ മൂന്ന് മക്കളെയാണ് നഷ്ടപ്പെട്ടത്. അവരുടെ പേരില്‍ തേങ്ങിക്കരയാന്‍ വല്ലാതെ വെമ്പല്‍കൊള്ളുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് അര്‍ധരാത്രിയില്‍ അദ്ദേഹം ആരോ പൊട്ടിക്കരയുന്നത് കേട്ടത്. തന്റെ വേലക്കാരനോട് അദ്ദേഹം പറഞ്ഞു; 'ആരാണ് കരയുന്നതെന്ന് നോക്കുക. നഷ്ടപ്പെട്ടവരുടെ പേരില്‍ കരയാന്‍ ഖുറൈശികള്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കില്‍ എന്റെ മക്കള്‍ക്കു വേണ്ടി എനിക്ക് കരയാമായിരുന്നു'. ഭൃത്യന്‍ പുറത്തിറങ്ങി കാര്യമന്വേഷിച്ച് തിരിച്ചുവന്നു പറഞ്ഞുവത്രെ; 'ഒട്ടകം വഴിതെറ്റി നഷ്ടപ്പെട്ടതിന്റെ പേരില്‍ കരയുന്ന സ്ത്രീയാണ് അത്.'
മുസ്ലിംകളോട് പ്രതികാരം ചെയ്യാനും നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനും നേര്‍ച്ച നേര്‍ന്നിരിക്കുകയാണ് ഖുറൈശികള്‍. ഇനിയൊരു യുദ്ധസന്നാഹത്തിന് ആവശ്യമായ ധനം അവരുടെ കൈയിലുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ തിരിച്ചു വന്ന കച്ചവടസംഘത്തിലെ മുഴു നിക്ഷേപവും അമ്പതിനായിരം സ്വര്‍ണനാണയവും സൈനികസജ്ജീകരണത്തിന് ചെലവഴിക്കാനവര്‍ തീരുമാനിച്ചു.
അറബികള്‍ക്കിടയില്‍ പരമ്പരാഗതമായി നിലനിന്നിരുന്ന ഒരു പതിവുണ്ടായിരുന്നു; ശത്രുക്കള്‍ അവരെ പരാജയപ്പെടുത്തിയാല്‍ ആഡംബരവും ധൂര്‍ത്തും ഉപേക്ഷിച്ച്, വിനോദങ്ങളില്‍ നിന്ന് അകന്ന്, സന്തോഷപ്രകടനങ്ങള്‍ മാറ്റിവെച്ച് പ്രതികാരത്തിനൊരുങ്ങുകയെന്നതായിരുന്നു അത്. ബദ്‌റില്‍ പരാജയപ്പെട്ടതിനു ശേഷവും മക്കയിലെ ജനങ്ങള്‍ ആ പതിവ് തെറ്റിച്ചില്ല. മുഹമ്മദിനെ പരാജയപ്പെടുത്തുന്നതു വരെ ഭാര്യാസംസര്‍ഗം പുലര്‍ത്തുകയില്ലെന്ന് അവരുടെ നേതാവ് അബൂസുഫ്‌യാന്‍ പരസ്യമായി ശപഥം ചെയ്തു. ഇത് കേവലം അബൂസുഫ്‌യാന്റെ മാത്രം തീരുമാനമായിരുന്നില്ല, അറേബ്യയില്‍  നിലനിന്നിരുന്ന പതിവിന്റെ ഭാഗമായിരുന്നു എന്ന് കവി പറയുന്നുണ്ട്;
'യുദ്ധത്തിനൊരുങ്ങിയാല്‍ ശുദ്ധികാലത്തു പോലും
ഇണകളില്‍ നിന്ന് മുണ്ട് മുറക്കുന്നവരാണവര്‍.'
ബദ്‌റിന്റെ ശേഷമുള്ള ഖുറൈശികളുടെ ചരിത്രവും, അറേബ്യയില്‍ നിലനിന്നിരുന്ന സമ്പ്രദായവും ലോകം മുഴുക്കെ അംഗീകരിക്കുന്ന ഒരു പൊതുതത്ത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചിലതൊക്കെ ത്യജിച്ചാല്‍ മാത്രമേ, പലതും നേടിയെടുക്കാന്‍ കഴിയുകയുള്ളൂ എന്ന ലളിതമായ തത്ത്വം. ഖുറൈശികള്‍ മുസ്ലിംകളോട് പ്രതികാരം ചെയ്ത ഉഹുദ് യുദ്ധത്തെ നിരൂപണം ചെയ്തവതരിച്ച വചനങ്ങളില്‍ 'ചിലരുടെ ഐഹികമോഹങ്ങളുടെ കനത്ത വിലയാണ്' മുസ്ലിംകളുടെ പരാജയകാരണമെന്ന് വ്യക്തമാക്കുന്നതും ഈ തലത്തില്‍ നിന്ന് തന്നെയാണ്. വലിയ വലിയ സ്വപ്‌നം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് ചിലതൊക്കെ മാറ്റിവെക്കേണ്ടി വരും എന്ന് ചുരുക്കം. ഒന്നും മാറ്റിവെക്കാന്‍ തയാറാകാത്തവര്‍ക്ക് ഒന്നും നേടിയെടുക്കാന്‍ കഴിയുകയില്ലെന്നത് ഇതിന്റെ മറുവായന. ഒരു സമൂഹത്തെ നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടെയുള്ള ധൂര്‍ത്തരും ആഡംബരപ്രിയരും രംഗം കൈയാളുമെന്ന ഖുര്‍ആനിക വചനവും (ഇസ്‌റാഅ് 16) ഈ യാഥാര്‍ഥ്യത്തെ ഊട്ടിയുറപ്പിക്കുന്നതാണ്.
ഇവിടെയാണ് പരിശുദ്ധ റമദാനും, അതിലെ വ്രതവും പ്രസക്തമാവുന്നത്. ചിലതൊക്കെ ഉപേക്ഷിച്ച്, താല്‍ക്കാലികമായി മാറ്റിവെച്ച് മറ്റ് പലതും നേടിയെടുക്കാനുള്ള അതിമനോഹരമായ അനുഷ്ഠാനമാണ് വ്രതം. വ്രതത്തെക്കുറിക്കുന്ന 'സ്വൗം' എന്ന അറബി പ്രയോഗം അര്‍ഥവത്താകുന്നത് ഇവിടെയാണ്. ഉപേക്ഷിക്കുക (തറക), പിടിച്ചുവെക്കുക (അംസക) തുടങ്ങിയ രണ്ട് വിപരീതാര്‍ഥങ്ങളുള്ള അപൂര്‍വം ചില പദങ്ങളിലൊന്നാണത്. ചിലതൊക്കെ ഉപേക്ഷിച്ച് പലതും പിടിച്ചുവെക്കാനാണ് നോമ്പ് പഠിപ്പിക്കുന്നത്/ പഠിപ്പിക്കേണ്ടത്.  റമദാനിന്റെ ചരിത്രം ഉപേക്ഷയുടെ മാത്രം ചരിത്രമല്ല, മറിച്ച് തിരിച്ചുപിടിക്കലിന്റെയും പിടിച്ചുവാങ്ങലിന്റെയും ചരിത്രമാണ്. ഭൗതികവിഭവങ്ങള്‍ ത്യജിച്ച്, ആഡംബരവും ധൂര്‍ത്തും ഉപേക്ഷിച്ച്, ആരാധനകളില്‍ നിന്ന് ഊര്‍ജം സംഭരിച്ച ചരിത്രത്തിലെ മഹത്തായ വീണ്ടെടുപ്പുകളെയാണ് റമദാന്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. ബദ്‌റും മക്കാ വിജയവും ഖാദിസിയ്യയും ഐന്‍ജാലൂത്വും അമൂരിയയുമെല്ലാം പകര്‍ന്നു നല്‍കുന്ന പാഠമാണത്. പിറന്നുവീണ നാടുപേക്ഷിച്ച് ഹിജ്‌റ ചെയ്ത മുഹാജിറുകളും ജീവിതകാലത്തെ മുഴുസമ്പാദ്യവും അവര്‍ക്ക് പകുത്തു നല്‍കിയ അന്‍സ്വാറുകളും ചേര്‍ന്നാണ് ബദ്ര്‍ മുതല്‍ മക്കാ വിമോചനം വരെയുള്ള വിജയങ്ങളുടെ ഘോഷയാത്ര നടത്തിയിട്ടുള്ളത്.
ചുരുക്കത്തില്‍, റമദാന്റെ കണക്ക് ഉപേക്ഷയുടെയോ  മാറ്റിവെപ്പുകളുടെയോ അല്ല; വീണ്ടെടുപ്പിന്റേതും ചരിത്രനിര്‍മിതിയുടേതുമാണ്. വിശുദ്ധ  ഖുര്‍ആന്‍ സവിസ്തരം ഉദ്ധരിക്കുന്ന ഒരു യുദ്ധചരിത്രമുണ്ട്. മൂസാ പ്രവാചകനു ശേഷം ഇസ്രായേലികളോട് യുദ്ധത്തിനൊരുങ്ങിയ ജാലൂത്ത് എന്ന ഭീമാകാരനായ ധിക്കാരിയെ തടയിടുന്നതിന് അല്ലാഹു ത്വാലൂത്ത് എന്ന ദരിദ്രന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സജ്ജീകരിക്കുകയും അവര്‍ രണാങ്കണത്തിലേക്ക് യാത്രയാവുകയും ചെയ്യുന്നതാണ് ആ ചരിത്രശകലത്തിന്റെ ഇതിവൃത്തം. യാത്രക്കിടയില്‍ അല്ലാഹു ത്വാലൂത്തിന്റെ നേതൃത്വത്തിലുള്ള കൊച്ചുസംഘത്തെ പരീക്ഷിക്കുന്നുണ്ട്. യാത്രക്കിടയില്‍ അവര്‍ക്ക് മുറിച്ചുകടക്കേണ്ടി വന്ന നദിയില്‍ നിന്ന് ഒരു കൈക്കുമ്പിളിലധികം വെള്ളം കുടിക്കരുതെന്നായിരുന്നു പരീക്ഷണം. പക്ഷേ, അവരിലധികവും വയറു നിറയെ വെള്ളം കുടിച്ചു. പിന്നീട് ജാലൂത്തിന്റെ ഭീമാകാരമായ സൈന്യത്തെ മുന്നില്‍ കണ്ടപ്പോള്‍ ദൈവത്തെ ധിക്കരിച്ച് വെള്ളം കുടിച്ചവര്‍ മാറിക്കളയുകയും, മറ്റുള്ളവര്‍ പോരാടി വിജയം വരിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. ചില മാറ്റിവെക്കലുകളാണ് ചരിത്രപരമായ മുന്നേറ്റത്തിന്റെ ഇന്ധനമെന്നതാണ് പ്രസ്തുത ചരിത്രം പഠിപ്പിക്കുന്നത്. ആകാശത്തു നിന്ന് അന്നം നല്‍കി ദൈവം ആദരിച്ച സമൂഹമായിരുന്നു ഇസ്രാഈല്യര്‍. എന്നാല്‍ സുഖസൗകര്യങ്ങളില്‍ ആറാടിയ അവരോട് മൂസാ(അ)യുടെ കൂടെ യുദ്ധത്തിനിറങ്ങാന്‍ കല്‍പിച്ചപ്പോള്‍ അവര്‍ പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്. അതേത്തുടര്‍ന്ന് അവര്‍ക്ക് ചില വിഭവങ്ങള്‍ നിഷിദ്ധമാക്കി, അവരുടെ സുഭിക്ഷതക്ക് തടയിടുകയാണ് അല്ലാഹു ചെയ്തത്. ഒരു കൈക്കുമ്പിള്‍ വെള്ളം കൊണ്ട് ജീവിക്കാന്‍ തന്നെയാണ് വ്രതം പഠിപ്പിക്കുന്നത്. പക്ഷേ, പ്രസ്തുത ബഹിഷ്‌കരണം ഐഹിക വിഭവങ്ങളോടുള്ള വെറുപ്പ് കൊണ്ടോ, വിരക്തി കൊണ്ടോ അല്ല. മറിച്ച്, മഹത്തായ വിജയങ്ങള്‍ക്ക് മുന്നോടിയായി നടത്തുന്ന കേവല സന്നാഹം മാത്രമാണത്.
സ്വാതന്ത്ര്യസമരവേളയില്‍ ബ്രിട്ടീഷ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ഗാന്ധിജിയുടെ ആഹ്വാനം ഇവിടെ ഓര്‍ക്കാം. ബ്രിട്ടീഷ് ഉല്‍പന്നങ്ങളില്‍ നിന്ന് ഇന്ത്യന്‍ ജനത നോമ്പെടുത്തതു/ ഉപേക്ഷിച്ചതു വഴി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കാന്‍ ഇന്ത്യന്‍ ജനതക്ക് സാധിച്ചു. അതേക്കുറിച്ച് പ്രശസ്ത അറബി കവി റശീദ് സലീം അല്‍കൂരി പാടിയതിപ്രകാരമാണ്:
'അക്രമികളുടെ കരള്‍ പിളര്‍ക്കാന്‍ ഈ വ്രതത്തിന് കഴിഞ്ഞിട്ടില്ല, ഉറങ്ങിക്കിടക്കുന്നവരെ പിടിച്ചുകുലുക്കാനും അതിന് സാധിച്ചില്ല, ഒരു ഇന്ത്യക്കാരന്‍ വ്രതമെടുത്ത് മറ്റൊരു രാഷ്ട്രത്തെ പഷ്ണിയിലാക്കിയിരിക്കുന്നു, മില്യന്‍ വരുന്ന മുസ്ലിംകള്‍ വ്രതമെടുത്തിട്ട് ഒരു ഉറുമ്പിനു പോലും നഷ്ടമില്ലത്രെ!'
ചിലതൊക്കെ ഉപേക്ഷിച്ചാല്‍ പലതും നേടിയെടുക്കാന്‍ കഴിയുമെന്ന യാഥാര്‍ഥ്യം കോവിഡ് കാലത്തെ മനുഷ്യരെ പ്രത്യേകം പഠിപ്പിക്കേണ്ടതില്ല. സുപ്രധാനമായത് നേടിയെടുക്കാനും സംരക്ഷിക്കാനും പ്രിയപ്പെട്ടതൊക്കെയും മാറ്റിവെക്കാന്‍ ലോകം തയാറായിരിക്കുന്ന വേളയിലാണ് മാറ്റിവെച്ച്  തിരിച്ചുപിടിക്കുകയെന്ന മഹത്തായ ആശയം പകര്‍ന്നു നല്‍കുന്ന റമദാന്‍ കടന്നു വന്നതെന്നത് ചിന്തനീയമാണ്.

Comments

Other Post

ഹദീസ്‌

ഭയവും പ്രതീക്ഷയും
പി. എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (34-37)
ടി.കെ ഉബൈദ്‌