Prabodhanm Weekly

Pages

Search

2020 മെയ് 01

3150

1441 റമദാന്‍ 08

മരുത് മുത്തുവിന് കൂട്ടിരിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം

അര്‍ഷദ് ഖാന്‍ ആക്കോട്

ലോക്ക് ഡൗണ്‍ നിയന്ത്രണത്തില്‍ വീട്ടിലിരിക്കുമ്പോഴാണ് വാട്സാപ്പില്‍ ആ മെസേജ് എന്റെ ശ്രദ്ധയില്‍ പെട്ടത്. വാര്‍ത്തയിങ്ങനെ: 'കുറുപ്പത്ത് താമസിച്ചിരുന്ന ഒരു അതിഥി തൊഴിലാളി കുഴഞ്ഞുവീണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ്.
കൂടെ പരിചരിക്കാന്‍ ആരുമില്ല. ആര്‍ക്കെങ്കിലും സഹായിക്കാന്‍ കഴിയുമോ... കഴിയുന്നവര്‍ എം. എല്‍. എ കണ്‍ട്രേള്‍ റൂമുമായി ബന്ധപ്പെട്ടാല്‍ ഉപകാരം.' ഇതായിരുന്നു വാര്‍ത്ത. ഉടനെ നമ്പറില്‍ വിളിച്ച് സന്നദ്ധത അറിയിച്ചു.
തിരിച്ചു വിളിക്കാം എന്നു പറഞ്ഞ് ഫോണ്‍ വെച്ചു. ഒരു മിനിറ്റിനുള്ളില്‍ ഞാന്‍ പ്രതീക്ഷിച്ചതു പോലെ ആ കാള്‍ വന്നു; വാഹനം പുറപ്പെട്ടിട്ടുണ്ട്. റെഡിയായി നില്‍ക്കണം. കുളിച്ച് മാറ്റി നില്‍ക്കുമ്പോള്‍ എം. എല്‍. എയുടെ സ്റ്റാഫ് ഇസ്മാഈലും കൊണ്ടോട്ടിയിലെ പൗരപ്രമുഖന്‍ അബൂബക്കര്‍ കുട്ടിക്കയും വന്നു. അവര്‍ എന്നെയും കൂട്ടി മെഡി. കോളേജിലേക്ക് പുറപ്പെട്ടു. ആശുപത്രിയിലെ അവസ്ഥ അറിയാത്തതു കാരണം മനസ്സിന് വല്ലാത്ത ആധിയുണ്ടായിരുന്നു. ചില കാര്യങ്ങളെല്ലാം യാതക്കിടെ അവര്‍ പറഞ്ഞുതന്നു.
മെഡിക്കല്‍ കോളേജിലെ മുപ്പത്തിയൊന്നാം വാര്‍ഡിലേക്ക് ഞാന്‍ നടന്നു. 65 വയസ്സുകാരനായ മരുത് മുത്തു എന്ന തമിഴ്‌നാട്ടുകാരനെ ആദ്യമായി ഞാന്‍ കാണുകയാണ്. കൂടെയുള്ള അബൂബക്കര്‍ കുട്ടിക്ക എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. മരുന്നിനും ഭക്ഷണത്തിനുമുള്ള പണം എന്റെ കൈയില്‍ ഏല്‍പ്പിച്ച് കൂടെ വന്ന രണ്ടു പേരും തിരിച്ചുപോയി. തമിഴ് ഭാഷ ഒരു വശവുമില്ല എനിക്ക്. മരുത് മുത്തുവിന് മലയാളവും. ആംഗ്യ ഭാഷയും അറിയാവുന്ന തമിഴും വെച്ച് ഞങ്ങള്‍ ഹൃദയബന്ധം സ്ഥാപിച്ചു.
മരുന്നും ഭക്ഷണവും കഴിക്കാന്‍ മടി കാണിക്കുന്നതു കാരണം ഞാനും മുത്തുവും തമ്മില്‍ പിണങ്ങല്‍ പതിവായി. എന്നാലും എന്റെ നിര്‍ബന്ധത്തിനു വഴങ്ങി കഴിച്ചു തുടങ്ങി. അടുത്ത ബെഡിലുള്ളവരെ പരിചയപ്പെട്ടു. വല്ലാത്ത അവസ്ഥയില്‍ ആശുപത്രിയില്‍ ജീവിതം തള്ളിനീക്കുന്നവര്‍, ജീവിക്കാന്‍ വേണ്ടി മരുന്നിനോട് മല്ലിടുന്നവര്‍. കോവിഡ് കാരണം ആശുപത്രി വരാന്തകളും ബെഡുകളും ഏറക്കുറെ കാലിയായിരുന്നു.
ഈ മഹാമാരിയുടെ പേരില്‍ ആര്‍ക്കും കൈത്താങ്ങുകള്‍ നഷ്ടപ്പെടരുത്. നിപ്പയുടെ കാലത്ത്  നഴ്സ് ലിനി സ്വന്തം മരണത്തിലൂടെ നമുക്ക് നല്‍കിയ വലിയ പ്രചോദനമുണ്ട്. അത് കാത്തുസൂക്ഷിക്കുന്നവരാണ് നാം നന്മയുള്ള മലയാളികള്‍.
കരുത്തും കരുതലും നന്മയും സേവനവും മുഖമുദ്രയാക്കിയ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധി എന്ന നിലക്ക് സഹായിക്കേണ്ട ഇടങ്ങളില്‍ നിന്ന് മുഖം തിരിക്കരുത് എന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു.
ഈ പ്രതിസന്ധികാലത്ത് മറ്റുള്ളവര്‍ക്കായി ചെയ്യാന്‍ കഴിയുന്നതു ചെയ്യുക. അതായിരുന്നു ലക്ഷ്യം. ആശുപത്രി തിണ്ണയില്‍ നമസ്‌കാരത്തിനും പ്രാര്‍ഥനക്കും ഉറങ്ങാനും വിരിപ്പൊരുക്കിയ പേരറിയാത്ത എന്റെ അമ്മച്ചിമാര്‍. പിന്നെ എല്ലാ സഹായത്തിനും കൂടെ നിന്ന മറ്റു രോഗികളുടെ കൂട്ടിരിപ്പുകാര്‍. എന്നെ വിളിച്ച് പിന്തുണ അറിയിച്ച പേരും ഊരും അറിയാത്തവര്‍, ആത്മധൈര്യവും പിന്തുണയും നല്‍കിയ നൗഷാദ് ചുള്ളിയന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ്), മറ്റു പ്രവര്‍ത്തകര്‍. ഇവര്‍ നല്‍കിയ ആത്മവിശ്വാസം എന്റെ പോരാട്ടവീര്യത്തിന് കരുത്തായിരുന്നു. ഞാന്‍ തളരാതിരിക്കാന്‍ കാരണമായത് ഇവരുടെയൊക്കെ വാക്കുകളിലെ ആശ്വാസമന്ത്രങ്ങളായിരിക്കാം.
ഞാന്‍ അഗാധമായി പ്രണയിക്കുന്ന എന്റെ റബ്ബിന്റെ മഹത്തായ അനുഗ്രഹങ്ങളും കാവലും. എനിക്ക് പ്രചോദനം നല്‍കിയ എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു.
എഫ്. ഐ. ടി. യു മണ്ഡലം കണ്‍വീനര്‍ ടി. സിദ്ദീഖിനെ പ്രത്യേകം ഓര്‍ക്കുന്നു. തികച്ചും നിസ്വാര്‍ഥമായ സേവനം  ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ച പ്രിയ എം. എല്‍. എയുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുകയാണ്; 'പണവും ജീവന്‍രക്ഷാ മരുന്നുകളും ഭക്ഷണവും സംഭാവന നല്‍കാന്‍ എല്ലാവരുമുണ്ടാകും. ഈ നിര്‍ണായക സമയത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവന് രക്ഷ നല്‍കാന്‍ കുറച്ചു പേരേ കാണുകയുള്ളൂ. അതുകൊണ്ട് നിങ്ങള്‍ ഭാഗ്യവാനാണ്.' അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാനെന്റെ നാഥന് സമര്‍പ്പിക്കുന്നു. എന്റെ റബ്ബിന്റെ കാരുണ്യം കൊണ്ട് മാത്രമാണ് ഈ സേവനം ചെയ്യാന്‍ കഴിഞ്ഞത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യ സംരക്ഷണവും ഒഴിവു സമയവും
ഫാത്വിമ കോയാകുട്ടി, ആലുവ