Prabodhanm Weekly

Pages

Search

2020 മെയ് 01

3150

1441 റമദാന്‍ 08

മാനസിക സമ്മര്‍ദങ്ങളെ അതിജയിക്കാനുള്ള വഴികള്‍

ഡോ. താജ് ആലുവ

പ്രായ-ദേശ-ലിംഗ ഭേദമന്യേ ഇന്ന് എല്ലാവരും സമ്മര്‍ദത്തിനടിപ്പെട്ടാണ് ജീവിക്കുന്നത്. വ്യക്തിജീവിതത്തിലും ജോലിസ്ഥലത്തും മറ്റു പ്രവര്‍ത്തന മണ്ഡലങ്ങളിലുമൊക്കെ പലവിധ സമ്മര്‍ദങ്ങളിലാണ് ഓരോരുത്തരും. ഒരര്‍ഥത്തില്‍ സമ്മര്‍ദം (stress) നല്ലതാണ്. അത് നമ്മെ പ്രവര്‍ത്തനനിരതരാക്കും. ക്രിയാത്മകമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കും. എന്നാല്‍ വേണ്ട വിധം കൈകാര്യം ചെയ്തില്ലെങ്കില്‍ അത് കാര്യങ്ങള്‍ അവതാളത്തിലാക്കുകയും ചെയ്യും.  മരണത്തിനുവരെ കാരണമാവുകയും ചെയ്തേക്കാം. നമുക്ക് പരിചയമുള്ള പല മരണങ്ങളിലും രോഗങ്ങളേക്കാള്‍ മാനസിക സമ്മര്‍ദമാണ് വില്ലനെന്ന് കാണാം.
നിരന്തരമായി മാനസിക സമ്മര്‍ദത്തിനടിപ്പെടുന്ന ആളുടെ ഏറ്റവും വലിയ പ്രശ്‌നം, അയാള്‍ക്ക് സ്വന്തം കഴിവുകള്‍ പൂര്‍ണമായും ഫലപ്രദമായും പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുന്നു എന്നതാണ്. ഉദാഹരണത്തിന്, പൊതുപ്രഭാഷണം നടത്താന്‍ മുതിരുന്ന ഒരാള്‍ അതേക്കുറിച്ച് വല്ലാതെ മാനസിക സമ്മര്‍ദത്തിനടിപ്പെട്ടാല്‍ പ്രസംഗത്തില്‍ അയാള്‍ ധാരാളം തെറ്റുകള്‍ വരുത്തും. സമ്മര്‍ദത്തെ അതിജീവിച്ച് അതൊരു സാധാരണ സംഭവമായി എടുക്കുന്നയാള്‍ക്ക്  വളരെ ആകര്‍ഷകമായി പ്രഭാഷണം നടത്താനും കഴിയും.  അതിനാല്‍ സമ്മര്‍ദത്തെ അതിജീവിക്കാന്‍ പഠിക്കുകയെന്നത് വളരെ പ്രധാനമാണ്. നമ്മുടെ തലച്ചോറിനെ നന്നായി ഉപയോഗപ്പെടുത്താനും വളരെ ക്രിയാത്മകമായി, ബുദ്ധിപൂര്‍വകമായി പ്രവര്‍ത്തിക്കാനും ഇതുവഴി നമുക്ക് സാധിക്കും. അതിനുതകുന്ന ചില നിര്‍ദേശങ്ങളാണ് ഇനി പറയുന്നത്.

സമ്മര്‍ദം എങ്ങനെയാണ് നമ്മെ ബാധിക്കുന്നത്?

സമ്മര്‍ദത്തെക്കുറിച്ച ഒരു പഠനം പറയുന്നത്, നാല് ജോലിക്കാരില്‍ മൂന്ന് പേരും കഠിനമായ മാനസിക സമ്മര്‍ദത്തിന് വിധേയരാവുന്നുണ്ട് എന്നാണ്. ഇത്രത്തോളം വ്യാപകമായ ഈ വിപത്തിനെ ഇന്ന് പലരും ഒരു പ്രശ്‌നമായിപ്പോലും കാണുന്നില്ല. പലര്‍ക്കും അതൊരു നിരുപദ്രവ സാധാരണ പ്രതിഭാസം മാത്രം. സത്യത്തില്‍, മാനസിക സമ്മര്‍ദം വളരെ ഗൗരവമുള്ള വിഷയമായി പരിഗണിക്കേണ്ട കാലമാണിത്. വളരെയധികം ആരോഗ്യ പ്രശ്‌നങ്ങളാണ് മാനസിക സമ്മര്‍ദം വരുത്തിവെക്കുന്നത്.
നാം സമ്മര്‍ദത്തിലകപ്പെടുമ്പോള്‍, നമ്മുടെ തലച്ചോര്‍ വിഷമയമായ ഒരുതരം ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. അത് തലച്ചോറിന്റെ മുകള്‍ ഭാഗത്തെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും തദ്ഫലമായി നമ്മുടെ മാനസിക വ്യവഹാരങ്ങള്‍ തടസ്സപ്പെടുകയും ചെയ്യുന്നു.  പ്രീഫ്രന്റല്‍ കോര്‍ടെക്‌സ് (Prefrontal Cortex) എന്ന് വിളിക്കുന്ന തലച്ചോറിന്റെ ഈ ഭാഗത്താണ് നമ്മുടെ ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. തലച്ചോറിന്റെ എക്‌സിക്യൂട്ടീവ് ഓഫീസാണ് ഈ ഭാഗം എന്നര്‍ഥം. ഇതിന്റെ സഹായത്തോടെയാണ് നാം വലിയ വലിയ തീരുമാനങ്ങള്‍ എടുക്കുക.  വിമാനത്തിന്റെ കണ്ടുപിടിത്തവും മോണാലിസയുടെ പെയിന്റിംഗും നമ്മെ വിസ്മയിപ്പിക്കുന്ന പ്ലാനുകളുമൊക്കെ ഉണ്ടായി വരുന്നത് ഇവിടെ നിന്നാണ്. എന്നു മാത്രമല്ല, നമ്മുടെ സോഷ്യല്‍ ഇന്റലിജന്‍സ് അഥവാ മറ്റാളുകളുടെ വികാരങ്ങള്‍ മനസ്സിലാക്കാനും അതുവഴി അവരോട് സഹതാപ-കാരുണ്യ മനോഭാവങ്ങളോടെ പെരുമാറാനും നമ്മെ തുണക്കുന്നതും ഈ പ്രീഫ്രന്റല്‍ കോര്‍ട്ടക്‌സാണ്.
മാനസിക സമ്മര്‍ദം കാരണം ഉണ്ടാകുന്ന സ്‌ട്രെസ് ഹോര്‍മോണുകള്‍ തലച്ചോറിന്റെ ഇത്തരം ഉന്നത ധിഷണാ പ്രവര്‍ത്തനങ്ങളെ തളര്‍ത്തിക്കളയും. അങ്ങനെ നാം തെറ്റായ തീരുമാനങ്ങളെടുക്കുന്നു, പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. കൂടാതെ, ഈ ഹോര്‍മോണുകള്‍ നമ്മുടെ തലച്ചോറിലെ കോശങ്ങള്‍ക്കും  നാഡീശൃംഖലകള്‍ക്കുമിടയിലുള്ള ബന്ധം വിഛേദിക്കുന്നു. അതുവഴി പഠിക്കുന്നതില്‍ നിന്നും സര്‍ഗാത്മകമായി ചിന്തിക്കുന്നതില്‍ നിന്നും പുതിയ ബന്ധങ്ങള്‍ സൃഷ് ടിക്കുന്നതില്‍ നിന്നും തലച്ചോറിനെ തടയുകയും ചെയ്യുന്നു.
നമ്മുടെ ശാരീരികാരോഗ്യത്തെയും മാനസിക സമ്മര്‍ദം കുഴപ്പത്തിലാക്കുന്നുണ്ട്.  സ്‌ട്രെസ് ഹോര്‍മോണുകള്‍  ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ ദുര്‍ബലമാക്കുകയും ഹൃദയത്തെ തളര്‍ത്തുകയും ചെയ്യും. തദ്ഫലമായി, ഹൃദ്രോഗം, ഹൃദയാഘാതം, കാന്‍സര്‍, പ്രമേഹം തുടങ്ങി ഒരുപിടി അസുഖങ്ങള്‍ നമ്മെ തേടിയെത്തും. സ്‌ട്രെസുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങളും ചേര്‍ത്തു വെച്ചാല്‍ മിക്കവാറും ഇന്ന് നടക്കുന്ന മരണങ്ങളില്‍ മിക്കതിന്റെയും കാരണം മാനസിക സമ്മര്‍ദവുമായി ബന്ധപ്പെട്ടതാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

എങ്ങനെ അതിജയിക്കാം?

ഒരല്‍പം ശ്രദ്ധകൊടുത്താല്‍ മാനസിക സമ്മര്‍ദങ്ങളെ നേരിടാനുള്ള വഴികളും എളുപ്പമുള്ളതാണെന്ന് കാണാം. മനോഭാവങ്ങളിലുള്ള മാറ്റമാണ് ആദ്യം വേണ്ടത്. പേടി മാറ്റിവെച്ച് തലച്ചോറിനെ ഒന്ന് റീവയര്‍ (പുനഃക്രമീകരണം) ചെയ്യുക. അധിക പേരും അതൊന്നും ചെയ്യാറില്ലെന്നതാണ് ഇതിന്റെ നിഷേധാത്മക വശം. തലച്ചോറിന്റെ 'ന്യൂറോ പ്ലാസ്റ്റിസിറ്റി' (Neuropltsaictiy)  എന്ന അപാരമായ കഴിവിലൂടെ നമ്മുടെ മനോഭാവങ്ങളെയും അതുവഴി സമ്മര്‍ദങ്ങളെയും നന്നായി നിയന്ത്രിക്കാന്‍  സാധിക്കും. നമ്മുടെ തലച്ചോറിന് സ്വയം തന്നെ അതിനെ പുനഃക്രമീകരിക്കാം. പുതിയ നാഡീപഥങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും നിലവിലുള്ള നാഡീ ശൃംഖലകള്‍ വികസിപ്പിച്ചുകൊണ്ടുമാണിത് സാധ്യമാക്കുന്നത്. നാം ചിന്തിക്കുന്ന രീതിയിലും ചിന്തകളെ നാം കാണുന്ന രീതിയിലും മാറ്റം വരുത്തിക്കൊണ്ടാണ് നമുക്കിതില്‍ ഇടപെടാന്‍ സാധിക്കുന്നത്. മനസ്സില്‍ നിഷേധാത്മക ചിന്തകള്‍ ഇടം പിടിക്കുമ്പോഴും സമ്മര്‍ദം ഉരുണ്ടുകൂടുമ്പോഴും അത്തരം സംഗതികള്‍ നാം വിശ്വസിക്കാതിരിക്കുകയെന്നത് വളരെ പ്രധാനമാണ്. അതിന് പകരം മനസ്സിലെപ്പോഴും ശാന്തിയും സമാധാനവും നിറഞ്ഞിരിക്കുന്നുവെന്ന് തലച്ചോറിനെ നാം വിശ്വസിപ്പിക്കുക.
ഉദാഹരണത്തിന്, രാവിലെ ജോലിക്ക് പോകുമ്പോള്‍ നിങ്ങളൊരു ഗതാഗതക്കുരുക്കിലകപ്പെട്ടുവെന്ന് കരുതുക. പലര്‍ക്കുമത് കടുത്ത മാനസിക സമ്മര്‍ദമുണ്ടാക്കും. ചിലരെങ്കിലും ദേഷ്യം പ്രത്യക്ഷമായിത്തന്നെ പ്രകടിപ്പിക്കുകയും അക്രമാസക്തരാവുകയും ചെയ്യും. അവര്‍ സഹ ഡ്രൈവര്‍മാരോട് കയര്‍ക്കും, അല്ലെങ്കില്‍ സ്റ്റിയറിംഗ് വീലില്‍ ഇടിക്കും.  ഇങ്ങനെയൊക്കെ നിലവിട്ട് പെരുമാറിയതുകൊണ്ട്  ഗതാഗതക്കുരുക്കിന് വല്ല മാറ്റവും ഉണ്ടാവുമോ? ഇല്ല. ഇനി തികച്ചും ശാന്തനായി ഇതിനെ അഭിമുഖീകരിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു നോക്കൂ. അതായത്, ഗതാഗതക്കുരുക്കിനെ സമയം കൊല്ലിയായി കാണാതെ, അതൊരു എക്‌സ്ട്രാ ടൈമായി കണ്ടുനോക്കുക.  ജീവിതത്തില്‍ മുമ്പ് ആലോചിക്കാനും ചിന്തിക്കാനും സമയം കിട്ടാത്ത സംഗതികളെക്കുറിച്ച് ഇപ്പോഴൊന്ന് ആലോചിച്ചു നോക്കുക. ഒരുവേള നിങ്ങളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്ന പുതിയ ആശയങ്ങള്‍ കണ്ടെത്താന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗപ്പെട്ടേക്കാം.

മനോഭാവം മാറ്റുക, സമ്മര്‍ദത്തെ കീഴ്‌പ്പെടുത്തുക

നിങ്ങളുടെ കാഴ്ചപ്പാട് മാറ്റുന്നതിനു പുറമെ, മനോഭാവം കൂടി മാറ്റുന്നത് ഭയം ഇല്ലാതാക്കാന്‍ ഉപകരിക്കും. ഒരര്‍ഥത്തില്‍, മാനസിക സമ്മര്‍ദമെന്നത് ഭയത്തിന്റെ പ്രകടനമാണ്. മനുഷ്യകുലത്തിന്റെ ആരംഭകാലത്ത് അപകടത്തെക്കുറിച്ച ഭയം അവരെ ജാഗ്രത്താക്കുകയും ആക്രമണകാരികളില്‍ നിന്ന് അവരെ രക്ഷിക്കുകയും ചെയ്തിരുന്നു.  എന്നാലിന്നത്തെ ലോകം താരതമ്യേന സുരക്ഷിതവും നമ്മുടെ പല പേടികളും അയഥാര്‍ഥവുമായി മാറിയിരിക്കുന്നു. അവ നമ്മുടെ തലക്കുള്ളില്‍ കിടന്നിങ്ങനെ വലുതാവുന്നു എന്നതല്ലാതെ, അവയില്‍ മിക്കതും  ഒരിക്കലും യാഥാര്‍ഥ്യമാകാനുള്ളവയല്ല. സമ്മര്‍ദമേറ്റുന്ന ചിന്തകളെ ദൂരെക്കളയുക.
എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരാണെന്ന് സൂചിപ്പിച്ചല്ലോ. ചിലപ്പോളത് ഭയമായോ മറ്റുചിലപ്പോള്‍ ഉത്കണ്ഠയായോ പ്രത്യക്ഷപ്പെടാം. എന്തുതന്നെയായാലും നാം പലപ്പോഴും ഈ നിഷേധാത്മക ചിന്തകളെ ബാഹ്യഘടകങ്ങളുമായോ നമ്മുടെ സാഹചര്യങ്ങളുമായോ ചുറ്റുപാടുകളുമായോ ഒക്കെ ബന്ധിപ്പിക്കുന്നു. പക്ഷേ, നാമനുഭവിക്കുന്ന സമ്മര്‍ദത്തെക്കുറിച്ച് കൂടുതല്‍ വിശാലമായ അവബോധം നമുക്ക് കൈവരുമ്പോള്‍, അതില്‍ പലതും നാം സ്വയം സൃഷ്ടിച്ചതാണെന്ന് നമുക്ക് ബോധ്യപ്പെടാതിരിക്കില്ല.

ഭയപ്പെടുന്നതെല്ലാം സംഭവിക്കുന്നില്ല

നാം സങ്കടപ്പെടുമ്പോള്‍ വാസ്തവത്തില്‍ നാം ഭയപ്പെടുന്നത് മോശം കാര്യങ്ങള്‍ സംഭവിക്കുമെന്നാണ്. ആ ഭയമാണ് സമ്മര്‍ദമായി മാറുന്നത്. എന്നാല്‍ ഈ സമ്മര്‍ദം അനാവശ്യമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അമേരിക്കയിലെ കോര്‍ണൈല്‍ സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍, ഏതാനും പേരോട് അവരുടെ രണ്ടാഴ്ചക്കാലത്തെ ആശങ്കകള്‍ (സംഭവിക്കുമെന്നവര്‍ ആശങ്കിക്കുന്ന മോശം കാര്യങ്ങള്‍) എഴുതിവെക്കാനാവശ്യപ്പെട്ടു. രണ്ടാഴ്ച കഴിഞ്ഞ് അതിലേതൊക്കെ ശരിക്കും സംഭവിച്ചു എന്നും രേഖപ്പെടുത്താന്‍ പറഞ്ഞു. കൗതുകകരമെന്നു പറയട്ടെ, തുടക്കത്തിലെഴുതിവെച്ച ഭൂരിഭാഗം സംഗതികളും - ഏതാണ്ട് 85 ശതമാനവും - സംഭവിക്കുകയുണ്ടായില്ല. സംഭവിച്ച ബാക്കി 15 ശതമാനത്തിലാകട്ടെ,  കാര്യങ്ങള്‍ അത്ര മോശമായ രീതിയിലുമായിരുന്നില്ല. അതില്‍തന്നെ 79 ശതമാനം സംഗതികളും പ്രതീക്ഷിച്ചതിനേക്കാളും നന്നായി നടന്നുവത്രെ. അതായത്, മൊത്തമെടുത്ത് പരിശോധിച്ചപ്പോള്‍ ഈ പഠനപ്രകാരം, ആ സര്‍വെയില്‍ പങ്കെടുത്തവരുടെ 97 ശതമാനം സങ്കടങ്ങളും ഒന്നുകില്‍ ഊതിവീര്‍പ്പിച്ചതോ, അല്ലെങ്കില്‍ മുഴുവന്‍ കെട്ടിച്ചമച്ചതോ ആണ് എന്ന് ബോധ്യമായി! ഈ കണക്കുകള്‍ മുന്നില്‍ വെച്ചാലോചിക്കുക: നമ്മുടെ ആശങ്കകള്‍  യഥാര്‍ഥവും യുക്തിസഹവുമാണോ? അതോ അവ വെറുതെ ഊതിവീര്‍പ്പിച്ചവയാണോ?

അല്‍പം മാറിനിന്ന് നിരീക്ഷിക്കുക 

ഈ ആശങ്കകളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നുകൂടി നാം ആലോചിക്കണം. എപ്പോഴൊക്കെ നമുക്ക് മാനസിക സമ്മര്‍ദമുളവാക്കുന്ന ചിന്തകളുണ്ടാകുന്നുവോ അപ്പോഴൊക്കെ അവയെ ഒന്ന് മാറിനിന്ന് നിരീക്ഷിക്കുക. അതായത്, ആ നിഷേധാത്മക ചിന്തകളെ തടുത്തുനിര്‍ത്തേണ്ടതില്ല, പകരം അവ നിങ്ങളുടെ തലയില്‍തന്നെ ഇരിക്കട്ടെ. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയാണെന്നിരിക്കട്ടെ. പെട്ടെന്ന് നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരു ക്ലയന്റിനെ നഷ് ടമായെന്ന് വെക്കുക. അതാകട്ടെ വളരെ ഗൗരവതരമായ നഷ് ടവും. അതിനുത്തരവാദി നിങ്ങളാണെന്ന ചിന്ത   നിങ്ങളെ വേട്ടയാടാന്‍ തുടങ്ങുന്നു. ആ നഷ്ടത്തിന് കാരണമായ ഏതൊക്കെ തെറ്റുകളാണ് താന്‍ വരുത്തിവെച്ചതെന്ന് ആലോചിച്ച് നിരന്തരം നിങ്ങള്‍ സമ്മര്‍ദത്തിനടിപ്പെടുന്നു. അപ്പോള്‍ എന്താണ് സംഭവിക്കുക? നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ തെറ്റുകള്‍ വരുത്തിക്കൊണ്ടിരിക്കും.  നേരെമറിച്ച്, ഇത്തരം സങ്കീര്‍ണ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള  കഴിവാണ് തന്നെ ഈ സ്ഥാനത്തെത്തിച്ചതെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും നിങ്ങളുടെ ഊര്‍ജം  ആ വിഷയം പഠിച്ച് പരിഹരിക്കാന്‍ നിങ്ങള്‍ വിനിയോഗിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ ആ വിഷയം എളുപ്പം പരിഹരിക്കാന്‍ സാധിക്കും- അതായത് ഒന്നുകില്‍ ആ പഴയ ക്ലയന്റിനെ തിരിച്ചുകൊണ്ടുവരാം. അല്ലെങ്കില്‍ അവരുടെ സ്ഥാനത്ത് പുതിയ, അതിനേക്കാള്‍ നല്ല കസ്റ്റമറെ നിങ്ങള്‍ക്ക്  കണ്ടെത്താനുമാകും.


മൂന്ന് വഴികളിലൊന്ന് തെരഞ്ഞെടുക്കുക

പ്രയാസകരമായ ഏത് അവസ്ഥാവിശേഷങ്ങളെയും നല്ല തീരുമാനങ്ങളിലൂടെ നമുക്ക് മറികടക്കാം. ഉദാഹരണത്തിന്, സാമ്പത്തിക പ്രതിസന്ധിമൂലം തൊഴിലുടമ നമ്മെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടുവെന്ന് വെക്കുക. അല്ലെങ്കില്‍ നമ്മുടെ അവകാശങ്ങള്‍ കമ്പനി വകവെച്ചുതരുന്നില്ലെന്നിരിക്കട്ടെ. എങ്കിലെന്താണ് പരിഹാരം? ഇത്തരം നിര്‍ണായക സാഹചര്യങ്ങളില്‍ നമുക്ക് മുന്നില്‍ മൂന്ന് വഴികളാണുള്ളത്: ഒന്നാമത്തേത്, ഈ സാഹചര്യത്തെ മാറ്റി അതിനെ അനുകൂലമാക്കാന്‍ നമുക്കെന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് തിരിച്ചറിയുകയും അതുപയോഗപ്പെടുത്തുകയും ചെയ്യുക. രണ്ടാമത്തേത്, അത് വിട്ടേക്കുക. നമുക്ക് സമ്മര്‍ദം സൃഷ്ടിക്കുന്ന ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് തിരിഞ്ഞുനടക്കലാണ് നല്ലതെങ്കില്‍ അത് സ്വീകരിക്കുക. ഇത് വേദനാജനകമാണെങ്കിലും, പലപ്പോഴും അത്യാവശ്യമായി വന്നേക്കാം. മൂന്നാമത്തേത്, അതങ്ങനെത്തന്നെ മാനസികമായി ഉള്‍ക്കൊള്ളുകയെന്നതാണ്. ചില സാഹചര്യങ്ങളില്‍ നമുക്കൊന്നും ചെയ്യാനില്ലാത്ത അവസ്ഥകളുണ്ടാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ പരാതി പറയാന്‍ നില്‍ക്കാതെ, ഒരു തരത്തിലുള്ള വിധികല്‍പനകളും നടത്താതെ മാറ്റം ആവശ്യപ്പെടുകപോലും ചെയ്യാതെ എന്താണോ സംഭവിച്ചത് അതിനെ അപ്പടി സ്വീകരിക്കുക.
മേല്‍പറഞ്ഞ സംഗതി ഒരുദാഹരണത്തിലൂടെ വ്യക്തമാക്കാം. എല്ലാ ദിവസവും ജോലി കഴിഞ്ഞുവരുന്ന ഭര്‍ത്താവ്  നേരെ ടി.വിയുടെ മുമ്പില്‍ പോയിരുന്ന് പന്തുകളി കാണുന്നു. ഇത് ഭാര്യക്ക് ഒട്ടും ഇഷ്ടമല്ല. അയാള്‍ വീട്ടില്‍ വരുമ്പോള്‍ തന്നോട് സംസാരിക്കുന്നതും വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ചറിയുന്നതുമൊക്കെയാണ് അവളുടെ ഇഷ്ടം. പക്ഷേ ഭര്‍ത്താവ് ജോലി കഴിഞ്ഞു വന്നാലുടന്‍ ഒരു കപ്പ് ചായയുമായി ടി.വിയുടെ മുന്നില്‍ ചടഞ്ഞുകൂടുകയായി. പിന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പന്തുകളി തെരഞ്ഞുപിടിച്ച് കാണും. ഇതയാളുടെ ദിനചര്യയാണ്. ഇവിടെ ഭാര്യക്ക് മുന്നിലുള്ള ഈ മൂന്ന് വഴികളില്‍ ആദ്യത്തേത് അയാളെ ബലം പ്രയോഗിച്ച് ഈ ചര്യയില്‍ നിന്ന് മാറ്റുക എന്നതാണ്. പക്ഷേ അത് പലപ്പോഴും ചൂടുപിടിച്ച  വാദപ്രതിവാദങ്ങളിലോ പരസ്പരം പഴിചാരുന്നതിലോ എത്തിയേക്കാം. ഇതവരുടെ സമ്മര്‍ദം  ഏറ്റുകയേയുള്ളൂ. രണ്ടാമത്തെ വഴി, എല്ലാം അവസാനിപ്പിച്ച്  വിവാഹമോചനം തേടി പോവുകയെന്നതാണ്. അതും പക്ഷേ അങ്ങേയറ്റത്തെ നടപടിയാണ്.  മൂന്നാമത്തെ വഴി, ഭര്‍ത്താവിനെ അതേപടി സ്വീകരിക്കുകയെന്നതാണ്. അതയാളുടെ ഇഷ്ടപ്പെട്ട ഹോബിയാണെന്ന് മനസ്സിലാക്കി അതുള്‍ക്കൊള്ളുക എന്നതാണ്. അതായത്, ഒരു കപ്പ് ചായയുമായി അയാളോടൊപ്പം പോയിരിക്കുക. പന്തുകളിയെക്കുറിച്ച് അയാളോട് ചോദിച്ച് മനസ്സിലാക്കുക. ഇതവര്‍ക്കിടയില്‍ നല്ല ആശയവിനിമയത്തിനും ബന്ധം സുദൃഢമാകാനും ഉപകരിക്കും. ഇതുതന്നെ തിരിച്ചും ബാധകമാണ്. ഭാര്യയുടെ ഇഷ്ടങ്ങളോട് രാജിയാകാന്‍ ഭര്‍ത്താവിനും ഇതുപോലെ സാധിച്ചാല്‍ പല കുടുംബ പ്രശ്‌നങ്ങളും മാനസിക സമ്മര്‍ദങ്ങളും ഒഴിവാക്കാന്‍ സാധിക്കും. അവസാനത്തേതും മൂന്നാമത്തേതുമായ വഴി പലപ്പോഴും ഏറ്റവും പ്രയാസകരമായ തെരഞ്ഞെടുപ്പാകും. അതിന് വിശാല മനസ്സും ഉറച്ചതും ശക്തവുമായ തീരുമാനവും ആവശ്യമാണ്. ആ ഒരു തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ നാം ആദ്യം അംഗീകരിക്കേണ്ട യാഥാര്‍ഥ്യം, ജീവിതത്തില്‍ നമുക്ക് പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിക്കാത്ത ചില സംഗതികളുണ്ടെന്നതാണ്. അത്തരമൊരു സാഹചര്യത്തില്‍ - അതായത് പൂര്‍ണമായും നിങ്ങള്‍ അശക്തനാകുന്നു എന്ന തോന്നലുണ്ടാകുമ്പോള്‍ - നിങ്ങള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ഒരു കാര്യമുണ്ടെന്നത് മറക്കരുത്: അത് നിങ്ങളുടെ മനോഭാവമാണ്.

മനസ്സമാധാനം പരിശീലിക്കുക

സമാധാനപൂര്‍ണമായ ഒരു മാനസികാവസ്ഥ പരിശീലനത്തിലൂടെ മാത്രമേ ഉണ്ടായി വരൂ. ഒരു സുപ്രഭാതത്തില്‍ സാധ്യമാകുന്ന ഒന്നല്ല അത്. ചില നല്ല ശീലങ്ങളിലൂടെ അതുണ്ടാക്കിയെടുക്കാം. ഒന്നാമതായി, നിങ്ങളുടെ ദിവസം ശാന്തമായി ആരംഭിക്കുക. എന്തിനും ഏതിനും ധൃതി പിടിച്ചോടുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് മാറ്റി അല്‍പം ശാന്തത വരുത്തുകയും കാര്യങ്ങളെ അവധാനതയോടെ കാണാന്‍ പരിശ്രമിക്കുകയും ചെയ്യുക. ശാന്തമായി ദിവസം ആരംഭിക്കുകവഴി  ദിവസത്തിലെ  മുഴുവന്‍ വെല്ലുവിളികളെയും ശാന്തമായി അഭിമുഖീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
എല്ലാ ദിവസവും നിങ്ങളെഴുന്നേല്‍ക്കുന്നതിലും പത്ത് മിനിറ്റ് നേരത്തേ എഴുന്നേറ്റ്, പ്രശ്‌നങ്ങളൊന്നുമില്ലാത്ത ശാന്തമായൊരു സ്ഥലത്തെത്തുക. കണ്ണുകളടച്ച് നിങ്ങളുടെ ശ്വാസോഛ്വാസം ശ്രദ്ധിക്കുക. ജീവിതത്തില്‍ നിങ്ങള്‍ നന്ദി പ്രകടിപ്പിക്കേണ്ടുന്ന അനുഗ്രഹങ്ങളെക്കുറിച്ചാലോചിക്കുക. നിങ്ങള്‍ സ്‌നേഹിക്കുന്നവര്‍, ലഭിച്ച അവസരങ്ങള്‍, ആരോഗ്യം, വാഹനം, വീട്.. തുടങ്ങിയവയൊക്കെ അതിലുള്‍പ്പെടുത്താം. ഇന്നത്തെ ദിവസം ക്രിയാത്മകവും ഫലപ്രദവുമായിരിക്കുമെന്ന വാഗ്ദാനം സ്വന്തത്തോട് ചെയ്യുക. പ്രഭാതചര്യകളില്‍  ഇവ്വിധം നിങ്ങള്‍ മാറ്റം വരുത്തുമെങ്കില്‍, ഓരോ ദിവസവും ഇതുപോലെ സുന്ദരമായി മുന്നോട്ട് നീക്കാന്‍ നിങ്ങള്‍ക്കാകും, ഒപ്പം മാനസിക സമ്മര്‍ദം ലഘൂകരിക്കാനും.

ഇടക്കൊരു ബ്രേക്ക് ആകാം

ഇതിനനുബന്ധമായി കൈക്കൊള്ളാവുന്ന മറ്റൊരു തന്ത്രമാണ് ദിവസത്തില്‍ ഇടക്കിടെ ഒരു മുപ്പത് സെക്കന്റ്  ബ്രേക്കെടുക്കുകയെന്നത്. എന്താണോ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്, ഏതു തരം ചിന്തകളാണോ നിങ്ങളെ മഥിച്ചുകൊണ്ടിരിക്കുന്നത് അതില്‍ നിന്ന് മാറി സ്വയം തന്നെ അല്‍പം റിലാക്‌സ് ചെയ്യുക. മനസ്സില്‍ നിന്ന് എല്ലാത്തരം ചിന്തകളും അല്‍പ നേരത്തേക്ക് ഒഴിവാക്കി, മനസ്സ് ശുദ്ധമാക്കിവെക്കുക. എന്നിട്ട്, പതുക്കെ  ശ്വാസം വലിച്ചെടുത്ത്, ശരീരത്തെ തഴുകുന്ന സമാധാനത്തിന്റെ സ്വഛന്ദതയില്‍ വിലയം പ്രാപിക്കുക.  ഈയൊരു വ്യായാമം നിങ്ങള്‍ക്ക്  പല സന്ദര്‍ഭങ്ങളിലും ചെയ്യാന്‍ സാധിക്കും. കുളിക്കുമ്പോഴും സുഹൃത്തിനെ കാത്തു നില്‍ക്കുമ്പോഴും ലിഫ്റ്റില്‍ നില്‍ക്കുമ്പോഴുമൊക്കെ. വളരെ എളുപ്പം ചെയ്യാന്‍ പറ്റുന്ന വ്യായാമമായിരിക്കെത്തന്നെ അതിന്റെ ഫലം വളരെ വലുതാണ്. ഹൃദ്രോഗ വിദഗ്ധനായ ഡോ. മെയര്‍ ഫ്രീഡ്മാന്‍ തന്റെയടുക്കല്‍ വരുന്ന ഉയര്‍ന്ന മാനസിക സമ്മര്‍ദമനുഭവിക്കുന്ന രോഗികള്‍ക്ക്  പറഞ്ഞുകൊടുക്കാറുള്ളതാണിത്. തന്റെ രോഗികളോട് അദ്ദേഹം പറയാറുണ്ടത്രെ: 'സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ബില്ലടക്കാനായി പോകുമ്പോള്‍ ഏറ്റവും ദൈര്‍ഘ്യമുള്ള വരി തെരഞ്ഞെടുക്കുക. അതുവഴി നിങ്ങളെത്തന്നെ മെരുക്കാനും അന്തരംഗം ശാന്തമാക്കാനും സാധിക്കും.' ഇത് പ്രാവര്‍ത്തികമാക്കുമ്പോള്‍, ഇതിനെതിരായി മനസ്സില്‍ കടന്നുവരുന്ന ചിന്തകളെ - അതായത് നിങ്ങള്‍ക്ക് തീരെ സമയമില്ലെന്നും പെട്ടെന്ന് പോയേ പറ്റൂ എന്നുമൊക്കെയുള്ള ചിന്തകളെ - കരുതിയിരിക്കണമെന്നും അദ്ദേഹം അവരോട് പറയാറുണ്ട്.
ഇത്തരം ടൂളുകള്‍ നിങ്ങളെത്രത്തോളം ഉപയോഗിക്കുന്നുവോ അത്രയും അതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. സമ്മര്‍ദം കുറക്കുക വഴി നിങ്ങളുടെ മസ്തിഷ്‌കത്തിന്റെ മുഴുവന്‍ സാധ്യതകളെയും നിങ്ങള്‍ക്കുപയോഗപ്പെടുത്താന്‍ സാധിക്കും. നിങ്ങള്‍ കണ്ടെത്തുന്ന ആന്തരിക സമാധാനം വഴി നിങ്ങളിലെ ക്രിയാത്മകതയെ ഉണര്‍ത്താന്‍ സാധിക്കും. നമ്മുടെ ഓരോരുത്തരുടെയും തലച്ചോറിന് അപാരമായ സാധ്യതകളും അത്ഭുതകരമായ ക്രിയേറ്റിവിറ്റിയുമുണ്ട്. അതെങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് അറിഞ്ഞിരുന്നാല്‍ മാത്രം മതിയാകും.

ഒന്നിറങ്ങി നടക്കുക

മനസ്സിലെ ക്രിയാത്മക ചിന്തകളെ ഉണര്‍ത്താന്‍ സമയവും ശാന്തമായൊരന്തരീക്ഷവും ആവശ്യമുണ്ട്. അതിനാല്‍തന്നെ ഇടക്കിടെ ഒന്ന് നടക്കാന്‍ സമയം കണ്ടെത്തേണ്ടത് അനിവാര്യമാണ്. അങ്ങനെയുള്ള നടത്തത്തില്‍ നിങ്ങളുടെ തലച്ചോര്‍ പല പുതിയ ആശയങ്ങളും കൊണ്ടുവന്നു തരും. വാസ്തവത്തില്‍ മനുഷ്യവര്‍ഗം പല നൂതന ആശയങ്ങളും കണ്ടെത്തിയത് ഇത്തരം നടത്തങ്ങളിലൂടെയാണെന്നറിയുന്നത് കൗതുകകരമാണ്. ആവിയന്ത്രം കണ്ടുപിടിച്ച ജെയിംസ് വാട്ടിന് ഒരിക്കല്‍ തന്റെ പരീക്ഷണങ്ങള്‍ക്കിടയില്‍ തടസ്സം നേരിട്ടു. എത്ര ശ്രമിച്ചിട്ടും മുന്നോട്ടുള്ള വഴി കാണാതെ അദ്ദേഹം കുഴഞ്ഞു.  താനകപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ അദ്ദേഹം കണ്ടെത്തിയ വഴി, എല്ലാം നിര്‍ത്തിവെച്ച് ഒരല്‍പം നടക്കാനിറങ്ങാമെന്നതായിരുന്നു. നടത്തത്തിനിടയില്‍ പെട്ടെന്ന് ഒരു ബള്‍ബ് കെട്ടുപോകുന്നത് കണ്ടതില്‍ നിന്നാണ് ആവിയന്ത്രത്തിന്റെ പരിപൂര്‍ണത യാഥാര്‍ഥ്യമാക്കാന്‍ ജെയിംസ് വാട്ടിന് സാധിച്ചത്. ആവിയന്ത്രമാണല്ലോ തുടര്‍ന്ന് വ്യാവസായിക വിപ്ലവത്തിന് വഴിതെളിച്ചത്.
ഇത്തരം നടത്തത്തിനിടയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതി, ഒരൊറ്റ കാര്യത്തില്‍ മാത്രം ശ്രദ്ധയൂന്നിക്കൊണ്ടുള്ളതായിരിക്കരുത് അതെന്നുള്ളതാണ്. മനസ്സിനെ അലയാന്‍ വിടുക. അതുവഴി ക്രിയാത്മകതയും പ്രശ്‌നപരിഹാരവും എളുപ്പമാകും. മനസ്സ് വല്ലാതെ അലഞ്ഞുനടക്കുമ്പോള്‍ പുതിയ പാതകള്‍ വെട്ടിത്തെളിക്കാനും നൂതന ആശയങ്ങള്‍ പൊട്ടിമുളക്കാനുമിടയാകും. മനസ്സ് അയച്ചിടുക മുഖേന വിപ്ലവകരമായ ചിന്തകളുടലെടുക്കും. 3ങ കമ്പനിയുടെ ഉദാഹരണമെടുക്കാം. അവരുടെ എല്ലാ ജോലിക്കാര്‍ക്കും മൊത്തം ജോലി സമയത്തിന്റെ പതിനഞ്ചു ശതമാനം സമയം കമ്പനി അനുവദിച്ചിരിക്കുന്നത് 'ദിവാസ്വപ്‌നം കാണാന്‍' ആണ്. അതേ, ഡേ ഡ്രീമിംഗ്. അതുവഴിയാണത്രെ കമ്പനി ജീവനക്കാര്‍ ആവേശകരമായ പുതിയ ആശയങ്ങളുമായി വരുന്നത്. ഗൂഗിളിലത് 20 ശതമാനമാണത്രെ. എന്നുമാത്രമല്ല, കൃത്യമായ ജോലിസമയം നിശ്ചയിക്കാതെ ഏതു സമയത്തും എവിടെയിരുന്നും ജോലി തീര്‍ക്കാനും ഏല്‍പിക്കാത്ത ജോലി ചെയ്യാനും അനുവദിച്ച കമ്പനികളാണ് ഡിജിറ്റല്‍ യുഗത്തില്‍ വിപ്ലവങ്ങള്‍ കൊണ്ടുവന്നത്.

നല്ല ബന്ധങ്ങള്‍, നല്ല മാനസികാരോഗ്യം

അഗാധവും ആത്മാര്‍ഥവുമായ കുടുംബ-സുഹൃദ് ബന്ധങ്ങളും നമ്മുടെ ആരോഗ്യത്തെ ബലപ്പെടുത്തുന്നതില്‍ നല്ല പങ്ക് വഹിക്കുന്നുണ്ട്. ചിലര്‍ക്കെങ്കിലും മറ്റുള്ളവരുമായുള്ള അവരുടെ ബന്ധങ്ങള്‍ പലപ്പോഴും മാനസിക സമ്മര്‍ദത്തിന് കാരണമാകാറുണ്ട്. എന്നാല്‍ നല്ല ബന്ധങ്ങള്‍ മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നുവെന്ന് മാത്രമല്ല, ദീര്‍ഘായുസ്സിനും അത് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇതിന് കാരണം ബന്ധങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹം, ശരീരത്തില്‍ സ്‌ട്രെസ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിന്റെ നിരക്ക് കുറക്കും എന്നതാണ്. ശക്തമായ ബന്ധങ്ങളുള്ളവന്‍ അതില്ലാത്തവരെ അപേക്ഷിച്ച് 50 ശതമാനം കൂടുതല്‍ ജീവിച്ചിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.  അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത സ്റ്റമാറ്റിസ് എന്ന ഗ്രീക്ക് വംശജന്റെ അനുഭവം ഇത് തെളിയിക്കുന്നുണ്ട്. അമേരിക്കയിലെത്തി അധികം കഴിയുന്നതിന് മുമ്പ് ശ്വാസകോശത്തിന് കാന്‍സറുണ്ടെന്ന് കണ്ടെത്തിയ അയാള്‍ക്ക്  ഡോക്ടര്‍മാര്‍ അനുവദിച്ചത് പരമാവധി 9 മാസം മാത്രം. എന്നാല്‍, ഗ്രീസിലേക്ക് മടങ്ങിയ അയാള്‍ തന്റെ ചെറുപ്പകാലത്തെ കൂട്ടുകാരുമായും കുടുംബക്കാരുമായും പരിചയം പുതുക്കി വീണ്ടും ജീവിച്ചുതുടങ്ങിയപ്പോള്‍ രോഗം അയാളെ തളര്‍ത്തിയില്ല. തന്റെ 98-ാമത്തെ വയസ്സിലാണ് പിന്നീടദ്ദേഹം മരിച്ചത്.
ഏകാന്തത ഇതിന്റെ നേര്‍വിപരീതമാണ്. അത് ആരോഗ്യത്തെ നശിപ്പിക്കും. ശാസ്ത്രം പറയുന്നത് ഏകാന്തതയെന്നത് ദിവസം 15 സിഗരറ്റ് വലിക്കുന്നത്ര ദോഷമുണ്ടാക്കുമെന്നാണ്. നാം പലപ്പോഴും അഗാധമായ ബന്ധങ്ങളുണ്ടാക്കുന്നതില്‍ പിശുക്ക് കാണിക്കുന്നവരാണ്. മറ്റുള്ളവരെക്കുറിച്ച് തെറ്റായ വിധികള്‍ വെച്ചുപുലര്‍ത്തുന്നതിനാലാണിത്. എന്നിട്ട് നാം വിചാരിക്കുന്നത് മറ്റുള്ളവര്‍ക്ക് നാം അവരെക്കുറിച്ച് വെച്ചുപുലര്‍ത്തുന്ന ഈ മുന്‍വിധികളെക്കുറിച്ചറിയില്ലെന്നാണ്. എന്നാല്‍,  നാമറിയാതെ നമ്മുടെ മുഖഭാവത്തിലൂടെയും ശരീരഭാഷയിലൂടെയും പലതരം സിഗ്‌നലുകള്‍ ഈ മനോഭാവത്തെക്കുറിച്ച് നാം അവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. അത് മറ്റുള്ളവര്‍ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. അപ്പോഴാണ് പല ബന്ധങ്ങളും തകരാനിടയാകുന്നത്.

ഉറച്ച ദൈവവിശ്വാസം

നമ്മുടെ മനോഭാവത്തിന്  നമ്മുടെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ പങ്കുണ്ട്. നമ്മുടെ വിശ്വാസങ്ങള്‍ മാനസിക സമ്മര്‍ദത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നതിന് സഹായകമാകുന്നുണ്ട്. എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിക്കാന്‍ ലോകത്ത് ഏറ്റവും കഴിവുള്ളത് അടിയുറച്ച ദൈവവിശ്വാസമുള്ളവര്‍ക്കാണ്. അവര്‍ തങ്ങളുടെ എല്ലാ കാര്യങ്ങളും ദൈവത്തില്‍ ഭരമേല്‍പിക്കും. ഇതിനെ ചോദ്യം ചെയ്യുന്നവരുണ്ടെങ്കിലും, കാലം തെളിയിച്ചിട്ടുള്ള സത്യമാണ് ദൈവവിശ്വാസം മനുഷ്യനെ സന്തുലിതമായ ജീവിതം നയിക്കാന്‍ സഹായിക്കുന്നുവെന്നത്. പരലോക വിശ്വാസം ദൈവവിശ്വാസത്തിന്റെ ഭാഗമായി കരുതുന്നവരെ സംബന്ധിച്ചേടത്തോളം ഇഹലോകത്തെ പ്രശ്‌നങ്ങളെയും പ്രതിന്ധികളെയും സഹിക്കാനും ക്ഷമിക്കാനും നല്ലൊരു നാളേക്കു വേണ്ടി പ്രതീക്ഷയോടെ പണിയെടുക്കാനും കരുത്ത് ലഭിക്കുന്നു. ഈ ബോധം അവരില്‍ ക്രിയാത്മക മനോഭാവം വളര്‍ത്തിയെടുക്കുന്നു. തങ്ങള്‍ക്കുള്ളത് സഹജീവികള്‍ക്ക് പങ്കുവെച്ചും അവരെ സഹായിച്ചും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും അവരത് പരിപോഷിപ്പിക്കുന്നു.
ചുരുക്കത്തില്‍, മാനസിക സമ്മര്‍ദം അതിജയിക്കാവുന്നതേയുള്ളൂ; അതിനോടുള്ള മനോഭാവം മാറ്റിയാല്‍, ജീവിതത്തെ പുതിയ അര്‍ഥതലങ്ങളില്‍ വായിച്ചാല്‍, നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യ സംരക്ഷണവും ഒഴിവു സമയവും
ഫാത്വിമ കോയാകുട്ടി, ആലുവ