Prabodhanm Weekly

Pages

Search

2020 മെയ് 01

3150

1441 റമദാന്‍ 08

ഈ റമദാനില്‍ നാം പുതിയൊരു ജീവിത ശൈലി ചിട്ടപ്പെടുത്തും

എം.ഐ അബ്ദുല്‍ അസീസ് അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

ലോക പോലീസ് ചമഞ്ഞിരുന്ന അമേരിക്കക്ക് പോലും ലോകത്തിന്റെ നിലവിലുള്ള പ്രതിസന്ധിക്കു മുന്നില്‍ സ്തംഭിച്ചുനില്‍ക്കാനേ കഴിയുന്നുള്ളൂ. മറ്റു രാജ്യങ്ങളുടെ അവസ്ഥയും ഭിന്നമല്ല. പൊതു സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ജാഗ്രത കാരണം തെല്ലൊന്നാശ്വസിക്കാന്‍ കേരളത്തിനായിട്ടുണ്ട്. എന്നാല്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച പോലെ കേരളം ജാഗ്രതയും കരുതലും കൈവിടാറായിട്ടില്ല.
ഈ സാഹചര്യത്തിലാണ് റമദാന്‍ വന്നു ചേരുന്നത്. ഇത് വ്യത്യസ്തമായൊരു റമദാനായിരിക്കുമെന്ന് നമുക്ക് നേരത്തേ തന്നെ ധാരണയുണ്ട്. വ്രതാനുഷ്ഠാനത്തോടൊപ്പം കൂടുതല്‍ സജീവമാകുന്നവയാണ് നമ്മുടെ പള്ളികള്‍.
ഏറെ പുണ്യമുള്ള മാസത്തിലൂടെ കടന്നുപോകുമ്പോള്‍ ഓരോ വിശ്വാസിക്കും ഹൃദയാഹ്ലാദങ്ങള്‍ സ്വാഭാവികമാണ്. വിശ്വാസികള്‍ ഒത്തുചേര്‍ന്നു ജീവിക്കുമ്പോള്‍ അതിന് ആഘോഷപരതയും കൈവരും. ആ ആഘോഷത്തിന്റെ കേന്ദ്രസ്ഥാനം പള്ളികളായിരുന്നു. പക്ഷേ, പള്ളികള്‍ റമദാനില്‍ അടഞ്ഞുകിടക്കട്ടെ എന്നാണ് പണ്ഡിതന്മാരുടെയും നേതാക്കളുടെയും തീരുമാനം. കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ ഏതാണ്ടെല്ലാ വിഭാഗങ്ങളുടെയും സാന്നിധ്യമുണ്ടായിരുന്നു. രാജ്യത്തിന്റെയും രാജ്യനിവാസികളുടെയും ഉത്തമ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പള്ളികള്‍ അടച്ചിടാമെന്ന് സമുദായ നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. മൊത്തം അടച്ചുപൂട്ടലിലായിരിക്കെ മറ്റൊരു സാധ്യതയും മുമ്പിലില്ലാതെ അങ്ങനെയൊരു തീരുമാനത്തിലെത്തിയതല്ല, അവര്‍. ഒരനിവാര്യ സാഹചര്യം എന്നതിലുപരി, ഇസ്‌ലാമിക ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ട് കര്‍മശാസ്ത്രത്തെ അവര്‍ അവ്വിധം മനസ്സിലാക്കിയെടുക്കുകയും പള്ളികള്‍ അടച്ചിടാനുള്ള തീരുമാനം പ്രഖ്യാപിക്കുകയുമായിരുന്നു.
മനുഷ്യനന്മയാണ് ഈ ലോകത്ത് ഇസ്‌ലാം ലക്ഷ്യമിടുന്നത്. ഇസ്‌ലാമിക നിയമങ്ങളെല്ലാം തന്നെ ഉന്മുഖമായിരിക്കുന്നത് ഈ കേന്ദ്രാശയത്തിലേക്കാണ്. ഇസ്‌ലാമിലെ തത്ത്വങ്ങളും കര്‍മങ്ങളും ആരാധനാനുഷ്ഠാനങ്ങളുമെല്ലാം ഒരേ ശരീഅത്തിന്റെ ഭാഗമായിരിക്കെ തന്നെ അവ തുല്യപ്രാധാന്യമുള്ളവയല്ല. അവയില്‍ അത്യാവശ്യങ്ങളും ആവശ്യങ്ങളും അനുപൂരകങ്ങളും കാണും. അവയുടേതായ മുന്‍ഗണനാക്രമങ്ങളുമുണ്ട്. മനുഷ്യജീവന്റെ സുരക്ഷ, സമ്പത്തിന്റെ സുരക്ഷ, അഭിമാനത്തിന്റെ സുരക്ഷ എന്നീ മൂന്ന് അടിസ്ഥാനങ്ങളിലൂന്നിയാണ് ഇസ്‌ലാമിക ശരീഅത്ത് സാമൂഹിക തലത്തില്‍ പ്രവര്‍ത്തനക്ഷമമാവുക. ഇതില്‍ ജീവന്റെ സുരക്ഷയാണ് സുപ്രധാനം. ഇതൊന്നും മനസ്സിലാക്കാതെയുള്ള ഏത് കര്‍മശാസ്ത്ര പ്രയോഗങ്ങളും യാന്ത്രികമായിത്തീരും, ആരാധനാകാര്യങ്ങള്‍ ഉള്‍പ്പെടെ. മേല്‍പ്പറഞ്ഞ തത്ത്വങ്ങള്‍ പ്രയോഗവല്‍ക്കരിച്ചതിന്റെ ധാരാളം ഉദാഹരണങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലുണ്ട്.
'ഒരു നാട്ടില്‍ പകര്‍ച്ചവ്യാധി/ പ്ലേഗ് ഉള്ളതായി നിങ്ങള്‍ കേട്ടാല്‍ നിങ്ങളവിടെ പ്രവേശിക്കരുത്. ഒരു പ്രദേശത്ത് പകര്‍ച്ചവ്യാധി/ പ്ലേഗ്  ഉണ്ടായാല്‍ നിങ്ങളവിടെ നിന്ന് പുറത്തുപോകരുത്' എന്ന പ്രവാചകാധ്യാപനം ഈ തത്ത്വങ്ങളെ വിശദീകരിക്കുകയാണ്. സാമൂഹിക അകലം കാത്തു സൂക്ഷിക്കലാണ് പകര്‍ച്ചവ്യാധികള്‍ക്കെതിരായ മികച്ച പ്രതിരോധമെന്ന് അന്നും ഇന്നും ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. മാത്രമല്ല, 'ഒരു വ്യക്തി പ്ലേഗിന്റെ പിടിയിലകപ്പെട്ട തന്റെ നാട്ടില്‍ ക്ഷമയോടെയും അല്ലാഹുവിന്റെ വിധി മാത്രമേ തന്നെ ബാധിക്കുകയുള്ളൂ എന്ന ദൃഢ ബോധ്യത്തോടെയും കഴിഞ്ഞാല്‍ അയാള്‍ക്ക് രക്തസാക്ഷിയുടേതിന് സമാനമായ പ്രതിഫലം ലഭിക്കുന്നതാണ്' (ബുഖാരി) എന്ന പ്രവാചക വചനം സാമൂഹിക സുരക്ഷക്കു വേണ്ടി വ്യക്തി എത്രമേല്‍ ഉത്സുകനാകണമെന്നും പഠിപ്പിക്കുന്നു.
രണ്ടാം ഖലീഫ ഫാറൂഖ് ഉമറി(റ)ന്റെ ഭരണകാലം. സിറിയയിലേക്കുള്ള യാത്രാമധ്യേ അവിടെ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചതറിഞ്ഞ് ഉമര്‍ (റ) യാത്ര റദ്ദ് ചെയ്ത് മദീനയിലേക്ക് തിരിക്കുന്നു. അല്ലാഹുവിന്റെ ഖദ്‌റി (വിധി)ല്‍ നിന്നാണോ ഈ തിരിച്ചുപോക്കെന്ന ചോദ്യത്തിന് അല്ലാഹുവിന്റെ ഒരു ഖദ്‌റില്‍ നിന്ന് മറ്റൊന്നിലേക്ക് എന്നായിരുന്നു  ഉമറിന്റെ പ്രതികരണം. ഇന്നത്തെ അപേക്ഷിച്ച് ജനസംഖ്യ കുറഞ്ഞ, ചെറിയൊരു ഭൂപ്രദേശത്ത് 25000 പേരെയാണ് ആ മഹാമാരി കവര്‍ന്നെടുത്തത്. ഭരണച്ചുമതലയുണ്ടായിരുന്ന അബൂ ഉബൈദത്തുല്‍ ജര്‍റാഹ് (റ) രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് ഉത്തരവാദിത്തമേല്‍പിക്കപ്പെട്ട മുആദുബ്‌നു ജബലി(റ)ന്റെ വിധിയും മറ്റൊന്നായിരുന്നില്ല. അംറുബ്‌നുല്‍ ആസ്വ്(റ) ആയിരുന്നു തുടര്‍ന്ന് ഭരണനേതൃത്വം ഏറ്റെടുത്തത്. ഒരു വശത്ത് ജനങ്ങള്‍ കൂട്ടം കൂട്ടമായി മരിച്ചു വീഴുമ്പോള്‍ അധികാരത്തിന്റെ മുള്‍ക്കിരീടം അണിയാന്‍ വിധിക്കപ്പെട്ടവന്റെ മന:സംഘര്‍ഷമൊന്നാലോചിച്ചുനോക്കൂ. എന്നാല്‍ വളരെ സമര്‍ഥമായി,  ആസൂത്രിതമായ നടപടികളിലൂടെ പ്രതിസന്ധിയെ അദ്ദേഹം മറികടന്നു. രോഗം ബാധിച്ചവരെ മുഴുവന്‍ നാട്ടുകാരുമായുള്ള സകല ബന്ധങ്ങളില്‍നിന്നും അറുത്തുമാറ്റി മലഞ്ചെരുവില്‍ താമസിപ്പിച്ചു. എത്ര വലിയ ആന്തരിക സംഘര്‍ഷമായിരിക്കും അക്കാലത്ത് ആ ജനത അനുഭവിച്ചിട്ടുണ്ടാവുക!  പക്ഷേ, ആ 'ഐസൊലേഷനാ'ണ് ജനതയെ ദുരന്തത്തില്‍ നിന്ന് കരകയറ്റിയത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജുമുഅകളും ജമാഅത്തുകളും ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യങ്ങളും ഒഴിവാക്കുക എന്നത് ഇസ്‌ലാമിക ശരീഅത്തിന് അനുപൂരകമാണ്. ഇഫ്ത്വാറുകള്‍ അടക്കമുള്ള ജനകീയ പരിപാടികള്‍ക്ക് ഏറെ നന്മകളുണ്ടെങ്കിലും അതിനേക്കാള്‍ നല്ല നന്മക്കായി അവ മാറ്റിവെക്കുക എന്നത് ശരീഅത്തിന്റെ ലക്ഷ്യത്തെ തൊട്ടറിഞ്ഞ സമീപനമാണ്. കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഇഴകീറി ചര്‍ച്ചകള്‍ നടക്കാറുള്ള കേരളത്തില്‍ ഇത്തരമൊരു തീരുമാനത്തിലെത്താനായത് സന്തോഷകരമാണ്. കര്‍മശാസ്ത്ര മദ്ഹബുകളും ചരിത്രത്തില്‍ സ്തംഭിച്ചുനില്‍ക്കാതെ പ്രവര്‍ത്തനക്ഷമമാകുമെന്നും യുക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു. ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോട് ക്രിയാത്മമായി പ്രതികരിക്കാന്‍ മദ്ഹബുകള്‍ക്ക് സാധിക്കുന്നു.
മറ്റൊരര്‍ഥത്തില്‍ നമ്മുടെ വിയോജിപ്പുകള്‍ ശാഖാപരമാണെന്നും മൗലികമായി സമുദായം ഏകമാണെന്നും ഇഴചേര്‍ന്നാണെന്നുമുള്ള വായനക്ക് അടിവരയിടുന്നുണ്ട് നേതാക്കളുടെ നിലപാടുകള്‍. കാലത്തെയും സാഹചര്യത്തെയും വായിച്ചെടുക്കാനുള്ള ഈ ശേഷിയാണ് ഇസ്‌ലാമിന്റെയും മുസ് ലിംകളുടെയും മാറ്റും മാധുര്യവും വര്‍ധിപ്പിക്കുക.
അപ്പോഴും റമദാനിലെ ലക്ഷ്യങ്ങള്‍ നമുക്കാര്‍ജിക്കണം. അല്ലാഹുവിനോടുള്ള ബന്ധം ശക്തിപ്പെടുത്തണം, ജീവിതത്തെ ആത്മപരിശോധനക്ക് വിധേയമാക്കണം, ജീവിതം വിശുദ്ധമാക്കണം - അതിനുള്ള വഴികള്‍ നാം കണ്ടെത്തണം, ബലപ്പെടുത്തണം. നമ്മുടെ വീടുകളെ ഇതിന്റെ കേന്ദ്രങ്ങളാക്കി മാറ്റണം. ആരാധനാലയങ്ങള്‍ അപ്രാപ്യമായപ്പോള്‍ സ്വന്തം വീടുകള്‍ ഖിബ് ലകളാക്കാന്‍ ബനൂ ഇസ്രാഈല്യരോട് നിര്‍ദേശിച്ച ചരിത്രമുണ്ട് ഖുര്‍ആനില്‍. 'നിങ്ങളുടെ വീടുകള്‍ ഖിബ്‌ലകളാക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും ചെയ്യുക' (10: 87). റമദാനില്‍ വീടുകള്‍ ഭക്തിനിര്‍ഭരമാകണം. ഓരോ വഖ്തിന്റെയും ആദ്യ സന്ദര്‍ഭത്തില്‍ തന്നെ കുടുംബാംഗങ്ങള്‍ മുഴുവന്‍ ചേര്‍ന്നുള്ള നമസ്‌കാരങ്ങള്‍ നമ്മുടെ ഭവനങ്ങളില്‍ ഉണ്ടാവണം. ഖിയാമുല്ലൈലില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക. ഖുര്‍ആന്‍ പഠന, പാരായണങ്ങള്‍ക്ക് ധാരാളം സമയം നീക്കിവെക്കുക. ഒന്നിച്ചുള്ള നസ്വീഹത്തുകള്‍ വീടുകളെ സജീവമാക്കണം.
അങ്ങനെ ഇതിലും ഒരുപാട് നന്മകളുണ്ടെന്ന് നമുക്ക് സ്വയം ബോധ്യപ്പെടണം. കുടുംബാംഗങ്ങളോടൊപ്പം ദീനീ വര്‍ത്തമാനം പറയുന്ന ഇത്തരം സാഹചര്യങ്ങള്‍ എത്ര കുറച്ചാണ് കഴിഞ്ഞ കാലങ്ങളില്‍ നമുക്ക് ലഭിച്ചിട്ടുള്ളത്! മറ്റൊരു കാര്യവുമുണ്ട്. ഇന്ന് ഇസ്‌ലാമിക ഉണര്‍വുകളുള്ള രാജ്യങ്ങളിലേക്ക് നോക്കൂ, ഭരണകൂട മുഷ്‌കുകള്‍ പള്ളികള്‍ അടച്ചുപൂട്ടുകയും മത വിദ്യാഭ്യാസം തടയുകയും ചെയ്തപ്പോള്‍ തലമുറകളെ ദീനില്‍ ഉറപ്പിച്ചു നിര്‍ത്തിയതും അവരെ പോരാളികളാക്കി മാറ്റിയതും വീടിനകത്തെ ഇത്തരം കൂട്ടായ്മകളും സമാന്തര വിദ്യാഭ്യാസവുമായിരുന്നു.
വറുതിയുടെ കാലമാണിത്. പിടിച്ചുവെച്ചേ ചെലവഴിക്കാവൂ, അത്യാവശ്യത്തിനു മാത്രം ചെലവഴിക്കുക. അതിനര്‍ഥം ചോദിച്ചു വരുന്നവര്‍ക്കും ആവശ്യക്കാര്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും പൊതു സംരംഭങ്ങള്‍ക്കും ലോക്ക് ഡൗണ്‍ പേരു പറഞ്ഞ് കൊടുക്കുന്നത് കുറക്കണമെന്നല്ല, അതിനൊന്നും ഒരു കുറവും വരുത്തത്. അവര്‍ക്ക് കിട്ടുന്നത് കുറഞ്ഞുപോകാതിരിക്കാന്‍ നമ്മുടെ ദൈനംദിന ചെലവുകളും ആഘോഷച്ചെലവുകളും വെട്ടിക്കുറക്കുക, പുതിയൊരു ജീവിത ശൈലി  നമുക്ക് ഈ റമദാനില്‍ ചിട്ടപ്പെടുത്തണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യ സംരക്ഷണവും ഒഴിവു സമയവും
ഫാത്വിമ കോയാകുട്ടി, ആലുവ