Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 24

3149

1441 റമദാന്‍ 01

സ്‌ട്രൈവ് യു.കെയുടെ വനിതാ സമ്മേളനം

അബ്ദുല്‍ അസീസ് പുന്നകത്ത്

ലണ്ടന്‍: ബ്രിട്ടനിലെ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഇതിനകം ശ്രദ്ധേയമായ സ്‌ട്രൈവ് യു.കെയുടെ ആഭിമുഖ്യത്തില്‍ 'ഞാനും എന്റെ ലോകവും: സ്ത്രീത്വം ആഘോഷിക്കുന്നു' എന്ന തലക്കെട്ടില്‍ വിപുലമായ ഒരു വനിതാ സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. 2020 ഫെബ്രുവരി 29-ന് ലണ്ടനിലെ വില്‍സ്ടണ്‍ ഗ്രീനിലുള്ള ബ്രൈന്റ് മോസ്‌ക് ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം.
വിദ്യാഭ്യാസ വിചക്ഷണയും സാമൂഹിക പ്രവര്‍ത്തകയുമായ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി എ. റഹ്മത്തുന്നിസ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം സ്ത്രീകള്‍ അബലകളും അടിച്ചമര്‍ത്തപ്പെട്ടവരുമാണെന്ന പൊതുബോധത്തിന് ശക്തമായ പ്രഹരമേല്‍പിച്ചുകൊണ്ട് ശാഹീന്‍ ബാഗിലും ജാമിഅയിലുമടക്കം ഇന്ത്യയിലുടനീളം മുസ്‌ലിം സ്ത്രീകള്‍ ശക്തവും ധീരോദാത്തവുമായ സമര പരിപാടികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് സ്ത്രീശാക്തീകരണത്തോടൊപ്പം മുസ്‌ലിം സ്ത്രീത്വത്തെ ആഘോഷമാക്കുന്ന ഈ പരിപാടി വളരെ പ്രസക്തമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
വിവിധ തുറകളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച നിരവധി സ്ത്രീകള്‍ സമ്മേളനത്തില്‍ സംസാരിച്ചു.
ബ്രിട്ടനിലെ പ്രമുഖ ഇസ്‌ലാമിക സംഘടനയായ മുസ്‌ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്റെ ആദ്യ വനിതാ പ്രസിഡന്റ് റഗാദ് അല്‍ തിക്‌രീത്തി, അക്കാദമീഷ്യനും സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പിന് പതിറ്റാണ്ടുകളായി നേതൃത്വം നല്‍കുന്ന എഴുത്തുകാരിയുമായ അമൃത് വിത്സണ്‍, പ്രമുഖ ബിസിനസ്സുകാരിയും അക്കാദമീഷ്യനും 2014 -ല്‍ അറബ് ലോകത്തെ ഏറ്റവും ശക്തരായ 100 സ്ത്രീകളില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ശരീഫ ഫദ്ല്‍, ആക്ടിവിസ്റ്റും ഇസ്‌ലാമിക് തിയോളജി, 'ചരിത്രവും ബ്രിട്ടനിലെ സമകാലീന മുസ്‌ലിം ജീവിതവും' എന്നീ വിഷയങ്ങളില്‍ വിദഗ്ധയുമായ ക്ലോടിയാ രാദിവേന്‍, കോവന്‍ട്രി യൂനിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറും പ്രമുഖ സോഷ്യല്‍ ആക്ടിവിസ്റ്റുമായ സാരിയ ചെറുവള്ളില്‍, ബ്രിട്ടനിലെ മുസ്‌ലിം സംഘടനകളുടെ അമ്പ്രല്ലാ ബോഡിയായ മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി റാശിദത്ത് ഹസന്‍, നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും സോഷ്യല്‍ ആക്ടിവിസ്റ്റുമായ മഹേറ റൂബി, സോഷ്യല്‍ ആക് ടിവിസ്റ്റും റിസര്‍ച്ച് സ്‌കോളറുമായ ഫാത്വിമ റജീന, യു.കെ ഇസ്‌ലാമിക് മിഷന്റെ മുന്‍ വനിതാ വിംഗ് പ്രസിഡന്റും യൂറോപ്യന്‍ മുസ്ലിം കൗണ്‍സില്‍ മെമ്പറുമായ നസ്രീന്‍ സയാദ്,  2014-ല്‍ ഫോര്‍ബ്‌സ് മാഗസിന്‍ കായിക രംഗത്തെ ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ സ്ത്രീകളില്‍ 14-മത്തെ ആളായി തെരഞ്ഞെടുത്ത റിംലാ അഖ്തര്‍ തുടങ്ങിയവര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കു വെച്ചു.
'നേട്ടങ്ങളുടെയും അനുഭവങ്ങളുടെയും കഥകള്‍ പങ്കുവെക്കല്‍', 'ഭാവി തലമുറയെ വളര്‍ത്തിയെടുക്കല്‍', 'സമൂഹത്തിന് ദിശാബോധം നല്‍കല്‍' എന്നിങ്ങനെ മൂന്ന് പാനലുകളായിട്ടാണ് പരിപാടികള്‍ നടന്നത്. വിവിധ പാനലുകളില്‍ യഥാക്രമം സറീന, സല്‍മ, നാദിയ എന്നിവര്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ പ്രീ ഇവന്റ് മത്സരങ്ങളില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ധാരാളം പെണ്‍കുട്ടികള്‍ പങ്കെടുത്തു. യു.കെയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിന് വനിതകള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സ്‌ട്രൈവ് യു.കെ വൈസ് പ്രസിഡന്റ് ഖൗലത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ലമ്യ സ്വാഗതവും സല്‍മ നന്ദിയും പറഞ്ഞു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (28-30)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രതിഫലാര്‍ഹമായ നോമ്പ്
സുബൈര്‍ കുന്ദമംഗലം